22° ഹാലോ
ഐസ്-ക്രിസ്റ്റൽ ഹാലോസിന്റെ കുടുംബത്തിൽ പെടുന്ന ഒപ്റ്റിക്കൽ പ്രതിഭാസമാണ് 22° ഹാലോ. സൂര്യനോ ചന്ദ്രനോ ചുറ്റും ഏകദേശം 22° കോണീയ ദൂരം വരുന്ന ഒരു വളയത്തിന്റെ രൂപമാണ് ഇതിന്. ചന്ദ്രനുചുറ്റും ദൃശ്യമാകുമ്പോൾ അതിനെ ചാന്ദ്ര വളയം അല്ലെങ്കിൽ വിന്റർ ഹാലോ എന്ന് വിളിക്കുന്നു. നേരിട്ടുള്ള സൂര്യപ്രകാശം അല്ലെങ്കിൽ ചന്ദ്രപ്രകാശം, അന്തരീക്ഷത്തിൽ താൽക്കാലികമായി തങ്ങിനിൽക്കുന്ന ദശലക്ഷക്കണക്കിന് ഷഡ്ഭുജ ഐസ് പരലുകളിൽ റിഫ്രാക്റ്റ് ചെയ്യുന്നത് മൂലം ആണ് ഇത് രൂപം കൊള്ളുന്നത്.[1] ഈ ഹാലോ വളരെ വലുതായി കാണപ്പെടുന്നു; ഇതിന്റെ ഏകദേശ വ്യാസം നിവർത്തിപ്പിടിച്ച കൈയുടെ അത്ര വരും.[2] 22° ഹാലോ പ്രതിവർഷം 100-ഓളം ദിവസങ്ങളിൽ ദൃശ്യമാകാം, അതായത് മഴവില്ലുകളേക്കാൾ വളരെ കൂടുതൽ. [3]
രൂപീകരണം
തിരുത്തുകഇത് ഏറ്റവും സാധാരണമായ ഹാലോകളിലൊന്നാണെങ്കിലും, 22° ഹാലോയ്ക്ക് കാരണമായ ഐസ് ക്രിസ്റ്റലുകളുടെ കൃത്യമായ ആകൃതിയും ക്രമീകരണവും ഇപ്പോഴും ചർച്ചാവിഷയമാണ്. ഷഡ്ഭുജാകൃതിയിലുള്ള, റാൻഡംലി ഓറിയന്റഡ് ക്രിസ്റ്റൽ നിരകൾ സാധാരണയായി, ഇതിന്റെ ഏറ്റവും സാധ്യതയുള്ള കാരണമായി മുന്നോട്ട് വയ്ക്കുന്നു, എന്നാൽ ഈ വിശദീകരണത്തിന് നിരവധി പ്രശ്നങ്ങൾ ഉണ്ട്, അത്തരം പരലുകളുടെ എയറോഡൈനാമിക് സവിശേഷതകൾ ക്രമരഹിതമായിട്ടുള്ളതിന് പകരം തിരശ്ചീനമായ ഓറിയന്റേഷനിലേക്ക് നയിക്കുന്നു. ബുള്ളറ്റ് ആകൃതിയിലുള്ള ഐസ് നിരകളുടെ ക്ലസ്റ്ററുകളുടെ പങ്കാളിത്തം ഇതര വിശദീകരണങ്ങളിൽ ഉൾപ്പെടുന്നു.[4] [5]
ഷഡ്ഭുജ ഐസ് പ്രിസങ്ങളുടെ 60° അഗ്രകോണിലൂടെ പ്രകാശം കടന്നുപോകുമ്പോൾ അത് രണ്ടുതവണ വ്യതിചലിപ്പിക്കപ്പെടുന്നു, അതിന്റെ ഫലമായി 22° മുതൽ 50° വരെയുള്ള ഡീവിയേഷൻ കോണുകൾ ഉണ്ടാകുന്നു. മിനിമം ഡീവിയേഷന്റെ കോൺ ഏകദേശം 22° ആണ് (അല്ലെങ്കിൽ കൂടുതൽ വ്യക്തമായി ശരാശരി 21.84°; ചുവന്ന വെളിച്ചത്തിന് 21.54°, നീല വെളിച്ചത്തിന് 22.37°). റിഫ്രാക്ഷനിലെ ഈ തരംഗദൈർഘ്യത്തെ ആശ്രയിച്ചുള്ള വ്യത്യാസം മൂലം സർക്കിളിന്റെ ആന്തരിക അറ്റം ചുവപ്പുനിറമാകുമ്പോൾ പുറം അറ്റം നീല കലർന്നതായിരിക്കും.
മേഘങ്ങളിലെ ഐസ് പരലുകൾ എല്ലാം ഒരേപോലെ പ്രകാശത്തെ വ്യതിചലിപ്പിക്കുന്നു, എന്നാൽ നിർദ്ദിഷ്ട വളയത്തിൽ നിന്ന് 22 ഡിഗ്രിയിൽ നിന്നുള്ളവ മാത്രം ഒരു നിശ്ചിത അകലത്തിൽ ഒരു നിരീക്ഷകനെ സ്വാധീനിക്കുന്നു. 22 നേക്കാൾ ചെറിയ കോണുകളിൽ ഒരു പ്രകാശവും റിഫ്രാക്റ്റ് ചെയ്യപ്പെടാത്തതിനാൽ, പ്രകാശവലയത്തിനുള്ളിൽ ആകാശം ഇരുണ്ടതായികാണപ്പെടും.[6]
സൂര്യനോ ചന്ദ്രനോ ചുറ്റുമുള്ള ഒരു വളയത്തിന് കാരണമാകുന്ന മറ്റൊരു പ്രതിഭാസം കൊറോണയാണ്, ഇത് ചിലപ്പോൾ 22° ഹാലോയുമായി ആശയക്കുഴപ്പത്തിലാകാറുണ്ട് . 22° ഹാലോയിൽ നിന്ന് വ്യത്യസ്തമായി, ഐസ് ക്രിസ്റ്റലുകൾക്ക് പകരം ജലത്തുള്ളികളാണ് കൊറോണ നിർമ്മിക്കുന്നത്, ഇത് വളരെ ചെറുതും വർണ്ണാഭമായതുമാണ്.[2]
കാലാവസ്ഥാ ബന്ധം
തിരുത്തുകനാടോടിക്കഥകളിൽ, ചാന്ദ്ര വളയങ്ങൾ കൊടുങ്കാറ്റുകളുടെ മുന്നറിയിപ്പ് നൽകുന്നു.[7] മറ്റ് ഐസ് ഹാലോകളെപ്പോലെ, 22° ഹാലോകൾ, ആകാശം നേർത്ത സിറസ് അല്ലെങ്കിൽ സിറോസ്ട്രാറ്റസ് മേഘങ്ങളാൽ മൂടുമ്പോൾ പ്രത്യക്ഷപ്പെടുന്നു, ഈ മേഘങ്ങൾ ഒരു വലിയ കൊടുങ്കാറ്റിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ചിലപ്പോൾ കാണപ്പെടാറുണ്ട്. എന്നിരുന്നാലും, കാലാവസ്ഥാ വ്യതിയാനങ്ങളൊന്നുമില്ലാതെയും സമാന മേഘങ്ങൾ ഉണ്ടാകാം, അതിനാൽ മോശം കാലാവസ്ഥയുടെ അടയാളമായി 22° ഹാലോയെ കരുതുന്നത് വിശ്വസനീയമല്ല.
ചിത്ര ശാല
തിരുത്തുക-
22° സോളാർ ഹാലോ 2019 ഏപ്രിൽ 28 ന് ഫിലിപ്പൈൻസിലെ ടാർലാക്കിൽ നിന്ന് പകർത്തിയത്
-
വൃത്താകൃതിയിലുള്ള 22° ചാന്ദ്ര ഹാലോ - സ്പ്രിംഗ്ഫീൽഡ് എൻഎസ്ഡബ്ല്യു - ഓസ്ട്രേലിയ - 27/05/18
-
വൃത്താകൃതിയിലുള്ള 22° സോളാർ ഹാലോ 2020 മാർച്ച് 19 ന് ബംഗ്ലാദേശിൽ കണ്ടത്.
ഇതും കാണുക
തിരുത്തുകപരാമർശങ്ങൾ
തിരുത്തുക- ↑ ""Disk with a hole" in the sky". atoptics.co.uk.
- ↑ 2.0 2.1 Les Cowley. "22° Circular halo". Atmospheric Optics. Retrieved 2007-04-15.
- ↑ Pretor-Pinney, Gavin (2011). The Cloud Collector's Handbook. San Francisco: Chronicle Books. p. 120. ISBN 978-0-8118-7542-4.
- ↑ Tape, Walter; Moilanen, Jarmo (2006). Atmospheric Halos and the Search for Angle x. Washington, DC: American Geophysical Union. p. 15. ISBN 0-87590-727-X.
- ↑ Cowley, Les (April 2016). "Bullet Rosettes & 22° Halos". Atmospheric Optics. Retrieved 2016-04-30.
- ↑ Les Cowley. "22° Halo Formation". Atmospheric Optics. Retrieved 2007-04-15. (Including excellent illustrations and animations.)
- ↑ "Why a halo around the sun or moon?". earthsky.org. EarthSky. Retrieved 3 August 2016.
Lunar halos are signs that storms are nearby.