കൊറോണ (ഒപ്റ്റിക്കൽ പ്രതിഭാസം)

അന്തരീക്ഷ വിജ്ഞാനത്തിൽ, അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്ന ചെറിയ വെള്ള തുള്ളികൾ, മേഘത്തിലെ ഈർപ്പ കണങ്ങൾ ഐസ് പരലുകൾ, അല്ലെങ്കിൽ മഞ്ഞ് മൂടിയ ഗ്ലാസ് പ്രതലം എന്നിവ മൂലം സൂര്യപ്രകാശത്തിന് അല്ലെങ്കിൽ ചന്ദ്രപ്രകാശത്തിന് (ചിലപ്പോൾ നക്ഷത്രത്തിളക്കം അല്ലെങ്കിൽ ഗ്രഹത്തിളക്കം)[1] വിഭംഗനം (ഡിഫ്രാക്ഷൻ) സംഭവിക്കുന്നതു മൂലമുണ്ടാകുന്ന ഒരു ഒപ്റ്റിക്കൽ പ്രതിഭാസമാണ് കൊറോണ. അതിന്റെ പൂർണ്ണരൂപത്തിൽ, ഒരു കൊറോണയിൽ, ഖഗോളവസ്തുവിനു ചുറ്റും നിരവധി കേന്ദ്രീകൃതവും പാസ്റ്റൽ നിറമുള്ളതുമായ വളയങ്ങളും ഓറിയോൾ എന്നറിയപ്പെടുന്ന ഒരു ശോഭയുള്ള കേന്ദ്ര പ്രദേശവും അടങ്ങിയിരിക്കുന്നു.[2][3] ഓറിയോൾ പലപ്പോഴും (പ്രത്യേകിച്ച് ചന്ദ്രന്റെ കാര്യത്തിൽ) കൊറോണയുടെ ദൃശ്യമായ ഒരേയൊരു ഭാഗമാണ്, ഇതിന് നീലകലർന്ന വെളുത്ത ഡിസ്കിന്റെ രൂപവുമുണ്ട്, അരികിലേക്ക് മാറുമ്പോൾ അതിന് ചുവപ്പ് കലർന്ന തവിട്ടുനിറമാകും. ഒരു കൊറോണയുടെ കോണീയ വ്യാസം, അതിന് കാരണമാകുന്ന ജലത്തുള്ളികളുടെ വലുപ്പത്തെ ആശ്രയിച്ചിരിക്കുന്നു; ചെറിയ തുള്ളികൾ പക്ഷെ വലിയ കൊറോണയാണ് ഉണ്ടാക്കുന്നത്. അതേ കാരണത്താൽ, തുള്ളികളുടെ വലുപ്പം ഐക്യരൂപ്യമാകുമ്പോൾ കൊറോണ ഏറ്റവും പ്രകടമാകുന്നു.

ഒരു ചാന്ദ്ര കൊറോണ
മുംബൈയിൽ നിന്ന് പകർത്തിയ ഒരു ചാന്ദ്ര ഓറിയോൾ
സൂര്യോദയത്തിനു തൊട്ടുപിന്നാലെയുള്ള ഒരു സോളാർ കൊറോണ

കൊറോണകൾ ഹാലോകളിൽ നിന്ന് വ്യത്യസ്തമാണ്, ഹാലോ താരതമ്യേന വലിയ ഐസ് ക്രിസ്റ്റലുകളിൽ അപവർത്തനം സംഭവിക്കുന്നതു മൂലം ഉണ്ടാകുന്നതാണ്.

പോളൻ കൊറോണ

തിരുത്തുക

വായുവിൽ തങ്ങിനിൽക്കുന്ന പൂമ്പൊടികൾ മൂലവും പ്രകാശത്തിന് വിഭംഗനം സംഭവിച്ച് കൊറോണ ഉണ്ടാകാ, അവ പോളൻ കൊറോണ എന്നറിയപ്പെടുന്നു. പൂമ്പൊടികൾക്ക് ഗോളാകൃതി ഇല്ലാത്തതിനാൽ അതുമൂലം ഉണ്ടാകുന്ന കൊറോണയ്ക്ക് ചിലപ്പോൾ, ദീർഘവൃത്താകൃതിയിൽ കാണാറുണ്ട്, ഒപ്പം അവയിൽ തിളക്കമുള്ള പാടുകളും കാണാറുണ്ട്. പൂക്കാലത്ത്, കാടുകൾ പോലെ, പൂമ്പൊടി ഒരുപാട് ഉണ്ടാകാൻ സാധ്യതയുള്ള ഇടങ്ങളിൽ ഇത് കാണാം. സൂര്യാസ്തമയ സമയത്തും സൂര്യോദയ സമയത്തും സൂര്യപ്രകാശത്തിന് ഗ്ലെയർ കുറവായതിനാലും, പൂമ്പൊടി നിറഞ്ഞ അന്തരീക്ഷത്തിലൂടെയുള്ള പ്രകാശപാത കൂടുതൽ ദൈർഘ്യമുള്ളതിനാലും അവ കൂടുതൽ എളുപ്പത്തിൽ കാണാൻ കഴിയും.

ഇതും കാണുക

തിരുത്തുക

പരാമർശങ്ങൾ

തിരുത്തുക
  1. Cowley, Les (2012). "Jupiter corona from Iran". Atmospheric Optics. Retrieved 2016-05-02.
  2. Calvert, J. B. (2 August 2003). "The Corona". University of Denver. Retrieved 2017-02-11.
  3. Cowley, Les. "Corona". Atmospheric Optics. Retrieved 2017-02-11.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
 
ആൾട്ടോകമുലസ് ഫ്ലോക്കസിനൊപ്പം ചന്ദ്ര കൊറോണ