വടക്കൻ അഫ്ഗാനിസ്ഥാനിലെ ബൽഖ് പ്രവിശ്യയിൽ പൊതുവർഷം ഒൻപതാം നൂറ്റാണ്ടവസാനം ജനിച്ച ബൈബിൾ വ്യാഖ്യാതാവും വിമർശകനുമായിരുന്നു ഹിവി അൽ ബാൽഖി. ഹിവിയുടെ ജീവിതകഥയുടെ വിശദാംശങ്ങൾ ലഭ്യമല്ല. ഖുറാസാനിലെ ബൽഖിൽ ജനിച്ചെങ്കിലും, മദ്ധ്യകാലയഹൂദതയുടെ സാംസ്കാരികകേന്ദ്രമായിരുന്ന ബാബിലോണിയയിലായിരുന്നിരിക്കാം അദ്ദേഹത്തിന്റെ ജീവിതം.[1]

ബൈബിളിനെ വിമർശനബുദ്ധിയോടെ വിലയിരുത്തുകയും അതിന്റെ ദൈവികതയെ സംബന്ധിച്ച് ഇരുനൂറു സന്ദേഹങ്ങൾ ഉന്നയിക്കുകയും ചെയ്ത ഒരു രചനയുടെ പേരിലാണ് ഹിവി അറിയപ്പെടുന്നത്. ഏറെ പ്രചാരം ലഭിച്ച ഹിവിയുടെ വിമർശനം ബാബിലോണിയയിൽ സൂറായിലെ യഹൂദവേദവിദ്യാലയങ്ങളിലെ പാഠപദ്ധതിയെപ്പോലും സ്വാധീനിച്ചു. അവിടെ അദ്ധ്യാപകർ ഹിവിയുടെ നിലപാടുകൾ പിന്തുടരുന്ന പാഠപുസ്തകങ്ങൾ പ്രബോധനത്തിന് ഉപയോഗിക്കുന്നത് സമകാലീനനും യഹൂദസ്കോളാസ്റ്റിക് ചിന്തയുടെ പ്രോത്ഘാടകനുമായിരുന്ന സാദിയാ ഗാവോന്റെ ശ്രദ്ധയിൽ പെട്ടതായി പറയപ്പെടുന്നു. ആ പുസ്തകങ്ങളുടെ ഉപയോഗം വിലക്കിയ സാദിയ, ഹിവിയുടെ വാദങ്ങൾക്ക് ഒരു പ്രത്യാഖ്യാനവും ചമച്ചു. ഏതായാലും, ഹിവിയുടെ കൃതിയോ സാദിയായുടെ പ്രത്യാഖ്യാനമോ സമ്പൂർണ്ണരൂപത്തിൽ നിലവിലില്ല.[2]

വിവിധസ്രോതസ്സുകളിൽ നിന്നായി ഹിവിയുടെ കൃതിയിൽ ഏതാണ്ട് പകുതിയോളം പുനഃസൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. പദ്യശൈലിയിലായിരുന്നു അദ്ദേഹത്തിന്റെ രചന. മദ്ധ്യകാലയഹൂദതയിൽ ഭക്തിസാഹിത്യത്തിനു പുറത്ത് പിറന്ന കാവ്യരചനകളിൽ ആദ്യത്തേതെന്നു അദ്ദേഹത്തിന്റെ കൃതി വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. പുരാതനജൂതരചനകളുടെ വിഖ്യാതശേഖരമായ കെയ്റോ ഗെനീശായിലെ ഒരു ശകലം ഹിവിയുടെ കൃതി പിന്തുടർന്നെഴുതിയതും അതിന്റെ മാതൃക പ്രതിഫലിപ്പിക്കുന്നതുമായി കരുതപ്പെടുന്നു. എബ്രായഭാഷയിലെങ്കിലും മുസ്ലിം വായനക്കാർക്കു പോലും സാമാന്യം പ്രാപ്യമാകും വിധം അറബിലിപിയിലാണ് അതിന്റെ രചന.[3] ഹിവിയുടെ മൂലകൃതിയുടെ ഭാഷ നിശ്ചയമില്ല. ഒരുപക്ഷേ, അത് അറബി ആയിരുന്നിരിക്കാം. പതിനൊന്നാം നൂറ്റാണ്ടുവരെ ബാബിലോണിയയിൽ പ്രചാരത്തിലിരുന്ന അരമായ ഭാഷയിൽ അദ്ദേഹം രചന നിർവഹിച്ചിരിക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല.[4]

സന്ദേഹങ്ങൾ

തിരുത്തുക

യഹൂദപാരമ്പര്യത്തിലെ സന്ദേഹശാഖക്കു ലഭിച്ച മുഖ്യസംഭാവനയായിരുന്നു ഹിവിയുടെ രചന. എങ്കിലും അദ്ദേഹം ഉന്നയിച്ച സംശയങ്ങൾ ഭാഗികമായി മാത്രമേ വിമർശകന്മാരുടെ ഉദ്ധരണികൾ വഴി പരിരക്ഷിക്കപ്പെട്ടിട്ടുള്ളു.

പരിശുദ്ധരായ മാലാഖാമാരോടെന്നതിനു പകരം അശുദ്ധിനിറഞ്ഞ മനുഷ്യവർഗ്ഗത്തോടു സഹവസിക്കാൻ ദൈവം തീരുമാനിച്ചതെന്ത്; ഭക്ഷണപാനീയങ്ങൾ ആവശ്യമില്ലാതിരിക്കെ ബലികളും കാഴ്ചയപ്പവും, വെളിച്ചം വേണ്ടെന്നിരിക്കെ മെഴുകുതിരികളും ദൈവം ആവശ്യപ്പെടുന്നതെന്ത്; എന്നിവ അദ്ദേഹത്തിന്റെ സന്ദേഹങ്ങളിൽ ചിലതായിരുന്നു. മനുഷ്യരോട് ചെയ്ത പ്രതിജ്ഞകൾ ദൈവം ലംഘിക്കുന്നതായി കരുതിയ ഹിവി, അതിനുള്ള ന്യായവും തിരക്കി. സാദിയായുടെ പ്രത്യാഖ്യാനത്തിൽ പരാമർശിക്കപ്പെട്ട ഈ സന്ദേഹങ്ങൾ, സാദിയായെ ആശ്രയിച്ച ഇതരവിമർശകന്മാരുടെ ഉദ്ധരണികളിൽ നിലനിന്നു. ബൈബിളിൽ പൊരുത്തക്കേടുകൾ കണ്ടെത്തി അതിന്റെ ദൈവികതയെ നിഷേധിക്കുകയായിരുന്നു ഹിവിയുടെ വിമർശനരീതി. പഞ്ചഗ്രന്ഥിയുടെ ഭാഗമായ നിയമാവർത്തനപ്പുസ്തകത്തിലെ "കർത്താവിന്റെ പങ്ക് അവന്റെ ജനമാണ്; യാക്കോബ് അവന്റെ അവന് അവകാശപ്പെട്ടതാണ്" എന്ന വചനം ഉദ്ധരിക്കുന്ന ഹിവി, അത്, ദൈവത്തിന്റെ ഏകത്വത്തെ സംബന്ധിച്ച യഹൂദവിശ്വാസത്തിനു നിരക്കാത്തതാണെന്നു വാദിച്ചു. ഹിവിയുടെ ഈ വാദങ്ങളെല്ലാം സാദിയായുടെ പ്രത്യാഖ്യാനത്തിൽ തിരസ്കരിക്കപ്പെടുന്നു. ഹിവിയുടെ ഇരുനൂറു സന്ദേഹങ്ങളിൽ നാല്പതോളമെണ്ണം സാദിയായുടെ മറുപടിയിൽ കണ്ടെത്താനായിട്ടുണ്ട്.[5]

ഹിവിയുടെ മറ്റു ചില വാദങ്ങൾ തന്റെ പഞ്ചഗ്രന്ഥി വ്യാഖ്യാനത്തിൽ ഉദ്ധരിക്കുന്ന പന്ത്രണ്ടാം നൂറ്റാണ്ടിലെ യഹൂദചിന്തകൻ അബ്രഹാം ഇബിൻ എസ്രാ, അവയെ തീവ്രഭാഷയിൽ ശപിച്ചു തള്ളുന്നു. ഈജിപ്തിൽ നിന്നുള്ള പലായനത്തിൽ ഇസ്രായേൽ ജനതക്കു കടന്നു പോകാൻ ചെങ്കടൽ അത്ഭുതകരമായി പിളർന്നു എന്ന ബൈബിൾ സാക്ഷ്യം സംശയിച്ച ഹിവി, പ്രകൃതിയിൽ സ്വാഭാവികമായി നടക്കുന്ന കടലിന്റെ കയറ്റിറക്കങ്ങളാകാം അതിനു പിന്നിലുള്ളതെന്നു കരുതിയതായി ഇബിൻ എസ്രാ പറയുന്നു. ദൈവദർശനത്തിനു ശേഷം സീനായ് മലയിറങ്ങിവന്ന മോശെയുടെ മുഖത്തു കാണപ്പെട്ടതായി പറയുന്ന തിളക്കം, ദീർഘദിവസങ്ങളിലെ ഉപവാസത്തെ തുടർന്നു മുഖചർമ്മത്തിനുണ്ടായ വരൾച്ചയാവില്ലേ എന്ന ഹിവിയുടെ സന്ദേഹവും ഇബിൻ എസ്രാ രേഖപ്പെടുത്തുന്നു. വാഗ്ദത്തഭൂമിയിലേക്കുള്ള പ്രയാണത്തിൽ ഇസ്രായേൽ ജനത്തിനു മരുഭൂമിയിൽ വീണുകിട്ടിയതായി പറയപ്പെടുന്ന മന്നായെക്കുറിച്ചുള്ള ബൈബിൾ കഥയും ഹിവിയുടെ സംശയത്തിനു വിഷമായതായി ഇബിൻ എസ്രാ പറയുന്നു.[2]

ഹിവിയുടെ വിശ്വാസം

തിരുത്തുക

ഇസ്ലാമികവിഭാഗങ്ങൾക്കൊപ്പം, സൊരാസ്ട്രിയനിസവും, ബുദ്ധമതവും, മനിക്കേയവാദവും നിലനിന്ന മദ്ധ്യേഷ്യയിൽ ജനിച്ച ഹിവി യഹൂദപശ്ചാത്തലത്തിൽ നിന്നുള്ളവനായിരുന്നെങ്കിലും യഹൂദതയിലെ റബൈനിക, കാരാരിയ വിഭാഗങ്ങൾക്കു പുറത്തുള്ളവനായിരുന്നിരിക്കണം. യഹൂദ, സൊരാസ്ട്രിയൻ, മനിക്കേയൻ വിശ്വാസങ്ങളുടേയും ജ്ഞാനവാദക്രിസ്തീയതയുടേയും വിരുദ്ധാകർഷണങ്ങൾ മൂലം ബുദ്ധിപരമായ സംഘർഷത്തിനടിപ്പെട്ട മനുഷ്യനായി ചില പണ്ഡിതന്മാർ അദ്ദേഹത്തെ കാണുന്നു.[4] അദ്ദേഹം വിശ്വാസം ത്യജിച്ച ജൂതനോ ക്രിസ്ത്യാനിയോ സൊരാസ്ട്രിയനോ ആയിരുന്നിരിക്കാമെന്നു വാദമുണ്ട്. ലഭ്യമായ വിവരങ്ങൾ കണക്കിലെടുക്കുമ്പോൾ, ഹിവിയുടെ വിമർശനം ബൈബിളിനെ കേന്ദ്രീകരിച്ചുള്ളതായിരുന്നു. ബൈബിളിനു ശേഷമുള്ള കാലത്ത് രൂപപ്പെട്ട് യഹൂദതയിൽ മാന്യത നേടിയ റബൈനികലിഖിതങ്ങളെ അദ്ദേഹം പരിഗണിക്കുന്നതേയില്ല. ജൂത, ഇസ്ലാം മതങ്ങൾക്കെതിരെയുള്ള സൊരാസ്ട്രിയൻ വിമർശനത്തെ അനുസ്മരിപ്പിക്കുന്നവയാണ് ഹിവിയുടെ സന്ദേഹങ്ങളെന്നതും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.[6]

വിമർശനം

തിരുത്തുക

ഇബിൻ എസ്രായേപ്പോലുള്ള വിമർശകരുടെ തീവ്രശാപങ്ങൾ, അവരുടെ വേദപുസ്തകവ്യാഖ്യാനങ്ങൾ വായിക്കപ്പെടുന്ന കാലത്തോളം ഹിവിയുടെ സന്ദേഹങ്ങളും ഓർമ്മിക്കപ്പെടും എന്ന അവസ്ഥയുണ്ടാക്കിയതായി ക്രിസ്റ്റഫർ ഹിച്ചൻസ് നിരീക്ഷിക്കുന്നു. പാഷണ്ഡിയായ ഹിവി (Hiwi the Heretic), ഹിവി എന്ന നായ് (Hiwi the Dog), എന്നീ നിന്ദാനാമങ്ങളിലാണ്, യാഥാസ്ഥിതികവിമർശകർ ഹിവിയെ പരാമർശിക്കുന്നത്.[7] പഹലവിഭാഷയിലെ ജൂതവിരുദ്ധ സംവാദസാഹിത്യത്തിലാകാം, ഹിവിയുടെ സന്ദേഹങ്ങളുടെ സ്രോതസ്സെന്നു കരുതുന്നവരുണ്ട്. ഹിവിയുടെ നിലപാടുകളുടെ തിരസ്കാരത്തിൽ, യഹൂദതയിലെ റബൈനിക, കാരാരിയ ശാഖകൾ ഒത്തുചേരുന്നു.[2][3][4]

  1. Samuel Ben Ḥofni Gaon and His Cultural World: Texts and Studies, By David Eric Sklare, Samuel Ben Hophni )പുറം 127
  2. 2.0 2.1 2.2 ഹിവി അൽ ബാൽഖി, യഹൂദവിജ്ഞാനകോശത്തിലെ ലേഖനം
  3. 3.0 3.1 Hiwi Al Balkhi, Memim Encyclopedia Archived 2015-12-06 at the Wayback Machine.
  4. 4.0 4.1 4.2 Judah Rosenthal: Hiwi Al-Balkhi, A Comparative Study by Manticora Veneranda - College of Jewish Studies Chicago, The Jewish Quarterly Review 38-39 (1947-48; 1948-49): 317-42, 419-30
  5. John H. Choi: Traditions at Odds - The Reception of the Pentateuch in Biblical and Second Temple period literature (പുറങ്ങൾ 1-2)
  6. James T Robinson Reading Other Peoples' Scripture: The influence of Religious Polemic on Jewish Biblical Exegesis
  7. Quotes about Hiwi Al Balkhi [1]
"https://ml.wikipedia.org/w/index.php?title=ഹിവി_അൽ_ബൽഖി&oldid=3826370" എന്ന താളിൽനിന്ന് ശേഖരിച്ചത്