ഈജിപ്തിൽ, പുരാതന കെയ്റോ നഗരത്തിലെ ബെൻഎസ്രാ സിനഗോഗിന്റെ സംഭരണമുറി (ഗെനീസാ)-യിൽ സൂക്ഷിച്ചിരുന്ന മൂന്നു ലക്ഷത്തോളം യഹൂദലിഖിതങ്ങളുടെ അമൂല്യശേഖരമാണ് കെയ്റോ ഗെനീസാ. പവിത്രമായ ദൈവനാമം അടങ്ങുന്ന ലിഖിതങ്ങൾ, കേടുവരുകയോ, ഉപയോഗശൂന്യമാവുകയോ ചെയ്താൽ, 'സേവാനിവൃത്തി' കൊടുത്ത്, ബഹുമാനപൂർവം സംസ്കരിക്കുക യഹൂദപാരമ്പര്യത്തിൽ പതിവായിരുന്നു. ആ വിധമുള്ള സംസ്കാരത്തിനു വേണ്ടി ശേഖരിച്ചു വച്ചവയായിരുന്നു ഗെനീസായിലെ രചനകൾ.[1]

കെയ്റോ ഗെനീസായുടെ ഭാഗമായ ഒരു ലിഖിതം; ബാബിലോണിയൻ സ്വരവിന്യാസത്തോടെ എബ്രായഭാഷയിൽ എഴുതിയത്.

പൊതുവർഷം 870 മുതൽ പത്തൊൻപതാം നൂറ്റാണ്ടു വരെയുള്ള ഒരു സഹസ്രാബ്ദത്തിന്റെ നൈരന്തര്യമുള്ള ഈ രേഖാസഞ്ചയം, മദ്ധ്യകാലയഹൂദതയുടേയും, മദ്ധ്യപൂർവദേശങ്ങളുടേയും, ഉത്തരാഫ്രിക്കയുടേയും ചരിത്രങ്ങളുടെ അസാമാന്യസ്രോതസ്സാണ്. മദ്ധ്യയുഗത്തിൽ നിന്നുള്ള ലിഖിതങ്ങളുടെ സഞ്ചയങ്ങളിൽ ഏറ്റവും വലുതും വൈവിദ്ധ്യം നിറഞ്ഞതുമാണിത്. എബ്രായ, അറബി, അരമായ എന്നിവ തുടങ്ങി പല ഭാഷകളിലെ രചനകൾ ഇതിൽ ഉൾപ്പെടുന്നു. തോൽ, കടലാസ്, എന്നിവക്കു പുറമേ പപ്പൈറസിലും തുണിയിലും എഴുതിയ രേഖകളും ഇതിലുണ്ട്. ബൈബിൾ, താൽമുദ്, പിൽക്കാല റബൈനികത എന്നിവയുമായി ബന്ധപ്പെട്ട യഹൂദമതലിഖിതങ്ങളാണ് ഈ ശേഖരത്തിന്റെ വലിയൊരു ഭാഗം. അവയിൽ പലതും, രചയിതാക്കളുടെ തന്നെ കൈപ്പടയിലുള്ളവയാണ്. ഇവക്കു പുറമേ, 10 മുതൽ 13 വരെ നൂറ്റാണ്ടുകളിലെ ഉത്തരാഫ്രിക്കയുടേയും, കിഴക്കൻ മദ്ധ്യധരണിമേഖലയുടേയും സാമ്പത്തിക-സാംസ്കാരിക സ്ഥിതികളിലേക്കു വെളിച്ചം വീശുന്ന രേഖകളും ഇതിന്റെ ഭാഗമാണ്.

ഈ ശേഖരം ഇപ്പോൾ, കേംബ്രിഡ്ജ്, മാഞ്ചെസ്റ്റർ സർവകലാശാലകളുടേതുൾപ്പെടെ ലോകത്തിലെ പല ഗ്രന്ഥശാലകളിലായി സൂക്ഷിക്കപ്പെട്ടിരിക്കുന്നു. ഈ ശേഖരത്തിന്റെ ഏറ്റവും വലിയഭാഗം കേംബ്രിഡ്ജ് സർവകലാശാലയിലാണ്.[2] പുരാതന കെയ്റോയിലെ ബസാത്തിൻ സിമിത്തേരിയിൽ കണ്ടുകിട്ടിയ ചില ലിഖിതങ്ങളും കെയ്റോ ഗെനീസാ സഞ്ചയത്തിന്റെ ഭാഗമാണ്.[3]

കണ്ടെത്തൽ

തിരുത്തുക
 
കേംബ്രിഡ്ജിലെ റബൈനിക പണ്ഡിതൻ സോളമൻ ഷെച്ച്റ്റർ, ഗെനീസാ ലിഖിതങ്ങൾക്കൊപ്പം 1898-ൽ
 
കെയ്റോയിലെ ബെൻ എസ്രാ സിനഗോഗ്

ഗെനീസായിലെ പവിത്രരചനകളെ സ്പർശിക്കുന്നതു ഭാഗ്യക്കേടിനു കാരണമാകുമെന്ന വിശ്വാസം മൂലം, ഈ രേഖാസഞ്ചയവുമായുള്ള സമ്പർക്കം പരിമിതപ്പെട്ടിരുന്നതിനാൽ അതിന്റെ മൂല്യത്തെക്കുറിച്ച് ബാഹ്യലോകത്തിനു വലിയ അറിവുണ്ടായിരുന്നില്ല. എങ്കിലും, ഇടക്കിടെ ചില താളുകൾ മോഷ്ടിക്കപ്പെടുകയോ, വിൽക്കപ്പെടുകയോ ചെയ്തിരുന്നു.

1896-ൽ, സ്കോട്ട്ലണ്ടിൽ നിന്നുള്ള ഇരട്ടസഹോദരികളായ ആഗ്നസ് ലൂവീസ്, മാർഗരറ്റ് ഗിബ്സെൻ എന്നിവർ ഗെനീസ സന്ദർശിച്ച്, ചില ലിഖിതങ്ങളുമായി മടങ്ങി. കേംബ്രിഡ്ജിൽ അവ കാണാനിടയായ റബൈനികപണ്ഡിതൻ സോളമൻ ഷെച്ച്റ്റർ, ബൈബിൾ അപ്പോക്രിഫയുടെ ഭാഗമായ സിറാക്കിന്റെ (Ecclesiasticus - ബെൻ സിറാക്ക്) എബ്രായമൂലമാണ് അവയെന്നറിഞ്ഞു. ഗ്രീക്കു പരിഭാഷയിൽ മാത്രം ലഭ്യമായിരുന്ന്, ഓർത്തഡോക്സ്, കത്തോലിക്കാ ക്രിസ്തീയതകളിൽ ബൈബിൾ സഞ്ചയത്തിന്റെ ഭാഗമായി തീർന്ന ആ കൃതിക്ക് എബ്രായമൂലം ഇല്ലെന്നോ, തീരുത്തും നഷ്ടമായെന്നോ കരുതപ്പെട്ടിരുന്നു.[4] ഗെനീസാ സഞ്ചയത്തിന്റെ മൂല്യം അങ്ങനെ തിരിച്ചറിഞ്ഞ ഷെച്ച്റ്റർ കേംബ്രിഡ്ജിലെ സഹപ്രവർത്തകനും സുഹൃത്തുമായ ചാൾസ് ടെയ്ലറുടെ സാമ്പത്തിക സഹായത്തോടെ ഈജിപ്ത് സന്ദർശിച്ചു. അവിടെ സിനഗോഗിലെ മുഖ്യ റബൈയുടെ സഹായത്തോടെ ഗെനീസായിലെ ലിഖിതങ്ങൾ തരംതിരിച്ച അദ്ദേഹം അതിന്റെ വലിയഭാഗം കേംബ്രിഡിജിലേക്കു കൊണ്ടുപോയി.[1][5]

പ്രാധാന്യം

തിരുത്തുക

കെയ്റോ ഗെനീസായിലെ ലിഖിതങ്ങളുടെ തിരിച്ചറിയലിനെ, ഇരുപതാം നൂറ്റാണ്ടിലെ ചാവുകടൽ ചുരുളുകളുടെ കണ്ടെത്തലിനോടു താരതമ്യപ്പെടുത്താറുണ്ട്. ഫാത്തിമീയ സുൽത്താൻ ഭരണത്തിന്റെ തകർച്ചയുടേയും അയൂബിയഭരണത്തിന്റേയും കാലമായിരുന്ന 10-13 നൂറ്റാണ്ടുകളിലെ മത-ലൗകിക രേഖകളുടെ ഇത്രവലിയൊരു സഞ്ചയം വേറേയില്ല. റബൈനികന്യായപീഠങ്ങളുടെ തീരുമാനങ്ങളും, വാടകച്ചീട്ടുകളും, ഉടമസ്ഥതാപ്രമാണങ്ങളും, ഉടമ്പടിപ്പത്രങ്ങളും കടച്ചീട്ടുകളും, വിവാഹ ഉടമ്പടികളും, സ്വകാര്യകത്തുകളും ഉൾപ്പെടെയുള്ള ഗെനീസാ ലിഖിതങ്ങൾ, മദ്ധ്യപൂർവദേശത്തെ ജനജീവിതത്തിൽ യഹൂദർ വഹിച്ച പങ്കിലേക്കും, യഹൂദരും അറബികളുമായുണ്ടായിരുന്ന ഊഷ്മളമായ സാമൂഹ്യബന്ധങ്ങളിലേക്കും വെളിച്ചം വീശുന്നു.

നേരത്തേ അജ്ഞാതരായിരുന്ന പല വ്യക്തികളേയും വെളിച്ചത്തു കൊണ്ടുവന്ന ഈ രേഖാസഞ്ചയം, ദൈവവിജ്ഞാനിയും ഭാഷാശാസ്ത്രജ്ഞനുമായ യോസെഫ് അൽ ഫയൂമിയെപ്പോലുള്ള പ്രശസ്തരെപ്പറ്റി പുതിയ അറിവുകൾ നൽകുന്നു. 12-ആം നൂറ്റാണ്ടിലെ കവി യഹൂദാ ഹലേവിയുടെ അറിയപ്പെടാത്ത 200-ഓളം കവിതകൾ ഗെനീസാ സഞ്ചയത്തിന്റെ ഭാഗമാണ്. ഈ ശേഖരത്തിലെ ഏറ്റവും പ്രധാന രേഖകളിൽ ചിലത് മദ്ധ്യയുഗത്തിലെ പ്രശസ്തയഹൂദചിന്തകൻ മോസസ് മൈമോനിഡിസിനെ സംബന്ധിച്ചവയാണ്. മൈമോനിഡിസിന്റെ മുപ്പതോളം രചനകൾ ഗെനീസാശേഖരത്തിലുണ്ട്. മതപരമായ നിരൂപണങ്ങളും, സ്വകാര്യക്കത്തുകളും അവയിൽ പെടുന്നു. മൈമോനിഡിസിന്റെ മൂലരചനകളുടെ കേവലം ചെറുശകലങ്ങൾ മാത്രമാണ് ഈ കണ്ടെത്തലിനു മുൻപ് ലഭ്യമായിരുന്നത്.[1]

പരിരക്ഷണം

തിരുത്തുക

കണ്ടെത്തലിനെ തുടർന്ന് ഈജിപ്തിൽ നിന്നു കടത്തപ്പെട്ട കെയ്റോ ഗെനീസശകലങ്ങൾ ഇപ്പോൾ ലോകത്തിന്റെ വിവിധഭാഗങ്ങളിലെ ഗ്രന്ഥാലയങ്ങളിൽ സൂക്ഷിക്കപ്പെടുന്നു. അവയുടെ 137,000 ലിഖിതങ്ങളടങ്ങിയ മുഖ്യഭാഗം കേംബ്രിഡ്ജ് സർവകലാശാലയിലാണ്. 31,000 ശകലങ്ങളടങ്ങിയ മറ്റൊരു ശേഖരം അമേരിക്കയിലെ യഹൂദ-ദൈവശാസ്ത്രസെമിനാരിയിലുണ്ട്. മാഞ്ചെസ്റ്ററിലെ ജോൺ റൈലാൻഡ്സ് സർവകലാശാലാ ലൈബ്രറിയിൽ 11,000 ശകലങ്ങൾ സൂക്ഷിച്ചിരിക്കുന്നു. ഈ ശേഖരത്തിന്റെ 25,000 പുറങ്ങളടങ്ങിയ ഒരു ഭാഗം ഓക്സ്ഫോർഡിലെ ബോദെലിയൻ ഗ്രന്ഥശാലയിലുമുണ്ട്.[6]

  1. 1.0 1.1 1.2 The Cairo Geniza, Jewish Virtual Library-യിലെ ലേഖനം
  2. Cairo Geniza, University of Cambridge, Cambridge Digital Library
  3. Goitein, Shelomo Dov. A Mediterranean Society: The Jewish Communities of the Arab World as Portrayed in the Documents of the Cairo Geniza. 6 vols. Berkeley: University of California Press, 1967-1993. ISBN 0-5202-2158-3.
  4. Sirach (Ecclesiasticus), ഓക്സ്ഫോർഡ് കമ്പാനിയൻ ടു ദ് ബൈബിൾ - Alexander A Lella എഴുതിയ ലേഖനം (പുറങ്ങൾ 697-99)
  5. Treasures in the Wall, 2013 മാർച്ച് 1-ലെ ന്യൂയോർക്കർ പത്രത്തിൽ എമിലി ഗ്രീൻ ഹൗസ് എഴുതിയ ലേഖനം
  6. The Cairo Geniza Collection of the Bodelian Libraries
"https://ml.wikipedia.org/w/index.php?title=കെയ്റോ_ഗെനീസാ&oldid=2413538" എന്ന താളിൽനിന്ന് ശേഖരിച്ചത്