സർദാർ അജിത് സിങ്
ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിൽ ജീവിച്ചിരുന്ന ഒരു വിപ്ലവകാരിയാണ് സർദാർ അജിത് സിങ് (1881–1947). ഇദ്ദേഹം ഭഗത് സിംഗിന്റെ അമ്മാവനായിരുന്നു. 1906-ൽ വെള്ളത്തിനു വില വർദ്ധിപ്പിച്ചുകൊണ്ട് ബ്രിട്ടീഷുകാർ പാസാക്കിയ പഞ്ചാബ് കോളനൈസേഷൻ ഭേദഗതി നിയമം കർഷകരെ എല്ലാവിധത്തിലും ദ്രോഹിക്കുന്നതായിരുന്നു. ഇത്തരത്തിൽ കർഷകദ്രോഹപരമായ എല്ലാ നിയമങ്ങൾക്കുമെതിരെ പഞ്ചാബിലെ കർഷകരെ സംഘടിപ്പിച്ചുകൊണ്ട് അജിത് സിംഗ് പ്രക്ഷോഭം ആരംഭിച്ചു. പഞ്ചാബ് മേഖലയിൽ ബ്രിട്ടീഷുകാർക്കെതിരെ നടക്കുന്ന ആദ്യകാല പ്രക്ഷോഭങ്ങളിലൊന്നായിരുന്നു ഇത്. 1907-ൽ ബ്രിട്ടീഷുകാർ ലാലാ ലജ്പത് റായിയെയും അജിത് സിംഗിനെയും ബർമ്മയിലെ മണ്ഡലൈ ജയിലിലേക്കു നാടുകടത്തി. ഇതിനെതിരെ ജനരോഷം ശക്തമായതിനെത്തുടർന്ന് രണ്ടുപേരെയും ജയിലിൽ നിന്നു സ്വതന്ത്രരാക്കി. ബ്രിട്ടീഷുകാരിൽ നിന്നുള്ള നിരന്തരമായ ഭീഷണിയെത്തുടർന്ന് 1909-ൽ അജിത് സിംഗും കൂട്ടരും ഇറാനിലേക്കു പലായനം ചെയ്തു. പല സ്ഥലങ്ങളിലായി 38 വർഷത്തോളം ഒളിവിൽ കഴിഞ്ഞു. 1947 മാർച്ചിൽ അജിത്ത് സിംഗ് ഇന്ത്യയിലേക്കു മടങ്ങിയെത്തി. 1947 ഓഗസ്റ്റ് 15-ന് ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ച ദിനത്തിൽ ഡെൽഹൗസിയിൽ വച്ച് അജിത് സിംഗ് അന്തരിച്ചു.
ആദ്യകാല ജീവിതം
തിരുത്തുക1881 ഫെബ്രുവരി 23-ന് പഞ്ചാബിലെ ജലന്ധർ ജില്ലയിലുള്ള ഖട്കർ കാലൻ ഗ്രാമത്തിലാണ് സർദാർ അജിത് സിങ് സന്ധുവിന്റെ ജനനം. അജിത് സിംഗിന്റെ ജന്മഗ്രാമം ഇന്ന് പാകിസ്താനിലെ ഷഹീദ് ഭഗത് സിംഗ് ജില്ലയിലാണ്. ജലന്ധറിലെ സെയിൻദാസ് ആംഗ്ലോ സംസ്കൃത സ്കൂളിലെ പഠനത്തിനു ശേഷം അദ്ദേഹം ഉത്തർ പ്രദേശിലെ ബറെയ്ലിയിലുള്ള ലോ കോളേജിൽ നിയമപഠനത്തിനു ചേർന്നു. നിയമപഠനം പൂർത്തിയാക്കും മുമ്പ് അദ്ദേഹം സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിൽ പ്രവർത്തിക്കുവാൻ തുടങ്ങി.
സ്വാതന്ത്ര്യസമരം
തിരുത്തുകസർദാർ അജിത് സിംഗിന്റെ ആശയങ്ങൾ കർഷകരെയും സൈനികരെയും ഒരുപോലെ സ്വാധീനിച്ചിട്ടുണ്ട്. മണ്ഡലൈ ജയിലിൽ നിന്നു മോചിതനായ ശേഷവും ബ്രിട്ടീഷുകാർക്കെതിരെയുള്ള അജിത് സിംഗിന്റെ പോരാട്ടങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. അദ്ദേഹത്തെ ആജീവനാന്തം ജയിലിലടയ്ക്കുവാനുള്ള പദ്ധതികൾ ബ്രിട്ടീഷുകാർ ആസൂത്രണം ചെയ്തുവന്നു. അജിത് സിംഗിനെ സഹായിക്കുവാൻ അദ്ദേഹത്തിന്റെ സഹോദരൻമാരായ കിഷൻ സിംഗ്, സ്വരൺ സിംഗ് എന്നിവരും സൂഫി അംബ പ്രസാദും ഉണ്ടായിരുന്നു. ബ്രിട്ടീഷുകാരുടെ പദ്ധതികൾ മനസ്സിലാക്കിയ അജിത് സിംഗും അംബ പ്രസാദും 1909-ൽ ഇറാനിലേക്കു പലായനം ചെയ്തു.
ഇറാനിൽ ഒളിവിൽ കഴിയുന്ന സമയത്ത് അംബ പ്രസാദുമായി ചേർന്ന് അജിത്ത് സിംഗ് വിപ്ലവത്തിനു നേതൃത്വം നൽകിയിരുന്നു.[1] ഋഷികേശ് ലത, സിയാ-ഉൾ-ഹഖ്, താക്കൂർ ദാസ് ദൂരി എന്നിങ്ങനെ നിരവധി യുവ വിപ്ലവകാരികൾ അജിത് സിംഗിന്റെ ആശയങ്ങളിൽ ആകൃഷ്ടരായി മുന്നോട്ടുവന്നു. ഇവരുടെ പ്രവർത്തനങ്ങളും ദ ഹയാത്ത് എന്ന മുഖപത്രത്തിന്റെ പ്രസിദ്ധീകരണവും 1910-ൽ ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി.[2] തുർക്കിയെയും പേർഷ്യയെയും സംഘടിപ്പിച്ചുകൊണ്ട് അഫ്ഗാനിസ്ഥാനിലൂടെ ബ്രിട്ടീഷ് ഇന്ത്യയെ ആക്രമിക്കുവാൻ ജർമ്മനി പദ്ധതിയിട്ടിരുന്നതിനെപ്പറ്റിയുള്ള രേഖകളും അതിലുണ്ടായിരുന്നു.[2] എന്നാൽ ബ്രിട്ടീഷുകാർ വളരെ തന്ത്രപൂർവ്വം പേർഷ്യയെ ഒപ്പം നിർത്തിക്കൊണ്ട് ഈ പദ്ധതി തകർത്തു. അതോടെ 1911-ൽ അജിത് സിംഗ് അവിടെ നിന്നും പലായനം ചെയ്യുകയും വിപ്ലവപ്രവർത്തനങ്ങൾക്കു ശക്തി കുറയുകയും ചെയ്തു.[2] ഈ കാലയളവിൽ റോം, ജനീവ, പാരീസ്, റിയോ ഡി ജനീറോ എന്നിവിടങ്ങളിലും അദ്ദേഹം ഒളിവിൽ കഴിഞ്ഞു.
1918-ൽ അജിത്ത് സിങ് സാൻഫ്രാൻസിസ്കോയിലെത്തുകയും ഗദ്ദർ പാർട്ടിയിൽ പ്രവർത്തനം തുടങ്ങുകയും ചെയ്തു. 1939-ൽ യൂറോപ്പിൽ മടങ്ങിയെത്തിയ അദ്ദേഹം സുഭാഷ് ചന്ദ്ര ബോസിന്റെ ഇറ്റാലിയൻ ദൗത്യത്തിൽ പങ്കാളിയായി. 1946-ൽ ജവഹർ ലാൽ നെഹ്റുവിന്റെ ക്ഷണം സ്വീകരിച്ച് ഇന്ത്യയിൽ തിരിച്ചെത്തി. ഡെൽഹിയിൽ കുറച്ചുകാലം കഴിഞ്ഞതിനു ശേഷം അജിത് സിംഗ് ഡൽഹൗസിയിലേക്കു പോയി. 1947 ഓഗസ്റ്റ് 15-ന് ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ച ദിവസം അദ്ദേഹം അന്തരിച്ചു. '"ദൈവത്തിനു നന്ദി, എന്റെ ദൗത്യം സഫലമായിരിക്കുന്നു" എന്നതായിരുന്നു അദ്ദേഹത്തിന്റെ അവസാന വാക്കുകൾ. ഡെൽഹൗസിയിലെ പഞ്ച്പുല എന്ന സ്ഥലത്ത് അജിത് സിംഗിന്റെ സ്മാരകം സ്ഥിതിചെയ്യുന്നു.
അവലംബം
തിരുത്തുക- ↑ Yadav 1992, p. 29
- ↑ 2.0 2.1 2.2 Yadav 1992, p. 30
- Yadav, B.D (1992), M.P.T. Acharya, Reminiscences of an Indian Revolutionary, Anmol Publications Pvt ltd, ISBN 81-7041-470-9.