സെബാസ്റ്റ്യൻ മങ്കുഴിക്കരി

താമരശ്ശേരി രൂപതയുടെ ആദ്യ മെത്രാനായിരുന്നു മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരി (1929, മാർച്ച് 2 - 1994, ജൂൺ 11). എറണാകുളം-അങ്കമാലി അതിരൂപതയുടെ സഹായമെത്രാനായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്[1]. സീറോമലബാർ കത്തോലിക്കാസഭയുടെ ആരാധാനാക്രമം ചിട്ടപ്പെടുത്താൻ നിയോഗിക്കപ്പെട്ട ലിറ്റർജിക്കൽ കമ്മീഷന്റെ അദ്ധ്യക്ഷനായി ഏറെക്കാലം പ്രവർത്തിച്ച അദ്ദേഹം ഒരു പ്രഭാഷകനെന്ന നിലയിൽ ഏറെ ശ്രദ്ധ നേടി.

മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരി
താമരശ്ശേരി രൂപതയുടെ ആദ്യ മെത്രാൻ
സ്ഥാനാരോഹണം1986 ജൂലൈ 3
മുൻഗാമിഇല്ല
പിൻഗാമിമാർ റെമിജിയോസ് ഇഞ്ചനാനിക്കൽ
പട്ടത്ത്വം1955, മാർച്ച് 12
മറ്റുള്ളവഎറണാകുളം - അങ്കമാലി അതിരൂപതാ സഹായ മെത്രാൻ (1984-1985)
വ്യക്തി വിവരങ്ങൾ
ജനനം(1929-03-09)മാർച്ച് 9, 1929
തണ്ണീർമുക്കം, ആലപ്പുഴ, കേരളം
മരണംജൂൺ 11, 1994(1994-06-11) (പ്രായം 65)
തിരുവമ്പാടി, കേരളം, ഇന്ത്യ
ദേശീയത ഇന്ത്യ
വിഭാഗംസീറോ മലബാർ കത്തോലിക്കാ സഭ

ജീവിതരേഖതിരുത്തുക

ബാല്യംതിരുത്തുക

1929 മാർച്ച് 2 -ന് ആലപ്പുഴ ജില്ലയിലെ ചേർത്തലക്കു സമീപമുള്ള തണ്ണീർമുക്കത്ത് ജനിച്ചു. ജോസഫും റോസമ്മയും ആയിരുന്നു മാതാപിതാക്കൾ. ഒരു സഹോദരനും അഞ്ചു സഹോദരിമാരും അദ്ദേഹത്തിനുണ്ടായിരുന്നു. തണ്ണീർമുക്കത്തെ സർക്കാർ ലോവർ പ്രൈമറി സ്കൂളിലായിരുന്നു പ്രാഥമികവിദ്യാഭ്യാസം. തുടർന്ന് സെന്റ് മാത്യൂസ് മിഡിൽ സ്കൂളിലും ചേർത്തല സർക്കാർ ഹൈസ്കൂളിലുമായി അദ്ദേഹം സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. വേമ്പനാട്ടു കായൽക്കരയിൽ വളർന്ന അദ്ദേഹത്തിന്റെ ചെറുപ്പത്തിലെ ഇഷ്ടവിനോദം ചൂണ്ടയിട്ടുള്ള മീൻപിടിത്തം ആയിരുന്നു.[2]

പൗരോഹിത്യംതിരുത്തുക

പുരോഹിത-സന്യസ്ഥപശ്ചാത്തലമുള്ള കുടുംബമായിരുന്നു മങ്കുഴിക്കരിയുടേത്. അദ്ദേഹത്തിന്റെ പിതൃസഹോദരൻ മാത്യു മങ്കുഴിക്കരി കേരളകത്തോലിക്കാസഭയിൽ ധ്യാനഗുരു, ആദ്ധ്യാത്മികാചാര്യൻ, ലേഖകൻ എന്നീ നിലകളിൽ പേരെടുത്ത വൈദികനായിരുന്നു. അദ്ദേഹത്തിന്റെ അഞ്ചു സഹോദരിമാരിൽ മൂന്നുപേർ കന്യാസ്ത്രീകളായി. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയായപ്പോൾ പുരോഹിതനാകാൻ തീരുമാനിച്ച മങ്കുഴിക്കരി 1945-ൽ ആലുവായിലെ മൈനർ സെമിനാരിയിൽ ചേർന്നെങ്കിലും ഗുരുതരമായ മലേറിയ രോഗം പിടിപെട്ടതോടെ വീട്ടിലേക്കു മടങ്ങി. രോഗം ഭേദമായ ശേഷം മനർ സെമിനാരിയിൽ തിരിച്ചെത്തിയ അദ്ദേഹം അവിടത്തെ പരിശീലനം പൂർത്തിയാക്കിയ ശേഷം 1948-ൽ ആലുവ സെന്റ് ജോസഫ് മേജർ സെമിനാരിയിൽ ചേർന്നു.[2]

ചെറുപ്പത്തിൽ തന്നെ വായനയിലും സാഹിത്യത്തിലും താത്പര്യം കാട്ടിയിരുന്ന മങ്കുഴിക്കരി മേജർ സെമിനാരി വിദ്യാർത്ഥിയായിരിക്കെ 'ശോകാംബികാദാസ്' എന്ന തൂലികാനാമത്തിൽ സാഹിത്യസംബന്ധിയായ ലേഖനങ്ങൾ എഴുതിയിരുന്നു. എന്നാൽ പൗരോഹിത്യത്തിനുള്ള തയ്യാറെടുപ്പിനു തടസ്സമാകുമെന്നു കരുതിയ പലിശീലകർ നിരുത്സാഹപ്പെടുത്തിയതിനാൽ താമസിയാതെ അദ്ദേഹം എഴുത്തിൽ നിന്നു പിൻവാങ്ങി. മേജർ സെമിനാരിയിലെ പഠനത്തിനിടെ മങ്കുഴിക്കരി തത്ത്വചിന്തയിലും തത്പരനായി.[2]

പുരോഹിതപരിശീലനം പൂർത്തിയാക്കിയ അദ്ദേഹം, 1955 മാർച്ച് 12-ന് പൗരോഹിത്യം സീകരിച്ചു. എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ സഹവികാരിയായി പ്രവർത്തിച്ചിരുന്നു.

ഉപരിപഠനംതിരുത്തുക

സമർത്ഥരായ യുവവൈദികരെ ഉപരിപഠനത്തിനായി തെരഞ്ഞെടുത്തിരുന്ന സഭാധികാരികൾ മങ്കുഴിക്കരിയെ റോമിലെ പൊന്തിഫിക്കൽ ഗ്രിഗോരിയൻ കോളേജിൽ പഠനത്തിനയച്ചു. അവിടെ തത്ത്വശാസ്ത്രത്തിൽ ഗവേഷണം നടത്തിയ അദ്ദേഹം ഗവേഷണവിഷയമായി തെരഞ്ഞെടുത്തത്. രബീന്ദ്രനാഥ് ടാഗോറിന്റെ സത്താദർശനമായിരുന്നു (The Metaphysical vision of Rabindranath Tagore) അദ്ദേഹത്തിന്റെ ഗവേഷണവിഷയം. ടാഗോറിന്റെ ചിന്തയെ ബഹുമാനിച്ചപ്പോഴും ആ കവിയുടെ ദൈവദർശനം മങ്കുഴിക്കരിക്കു സ്വീകാര്യമായില്ല. "ദൈവനാമം വൃഥാപ്രയോഗിക്കുന്ന നിരീശ്വരമായ മാനവവാദം"[൧] ആണ് ടാഗോറിന്റെ ദർശനം എന്നായിരുന്നു മങ്കുഴിക്കരിയുടെ കണ്ടെത്തൽ.[2] പഠനം പൂർത്തിയാക്കി കേരളത്തിൽ മടങ്ങിയെത്തിയ മങ്കുഴിക്കരി, ആലുവ സെമിനാരിയിൽ തത്ത്വശാസ്ത്രത്തിൽ പ്രഫസറായി സേവനമനുഷ്ഠിച്ചു.

സഹായമെത്രാൻതിരുത്തുക

1969 നവംബർ 15-ന് ജോസഫ് പാറേക്കാട്ടിൽ മെത്രാപോലീത്തയായിരുന്നു ഏറണാകുളം അതിരൂപതയിൽ സഹായ മെത്രാനായി നാമനിർദ്ദേശം ചെയ്യപ്പെട്ട മങ്കുഴിക്കരി 1970 ജനുവരി 6-ന് ചുമതലയേറ്റു. ഇക്കാലത്തും തുടർന്നും അദ്ദേഹം, സീറോ മലബാർ കത്തോലിക്കാസഭയുടെ ആരാധനാക്രമം പരിഷ്കരിച്ചു ചിട്ടപ്പെടുത്താൻ ചുമതലപ്പെട്ട ലിറ്റർജിക്കൽ കമ്മീഷന്റെ അദ്ധ്യക്ഷൻ എന്ന നിലക്കും ശ്രദ്ധേയമായ സംഭാവന നൽകി. ആരാധനാക്രമത്തിന്റെ കാര്യത്തിൽ സീറോമലബാർ സഭയിൽ നിലവിലിരുന്ന അഭിപ്രായഭേദങ്ങൾക്കിടയിൽ തീവ്രപക്ഷങ്ങളെ സമന്വയിപ്പിക്കുന്ന സമീപനമാണ് അദ്ദേഹം സ്വീകരിച്ചത്. ചിന്തകൻ, സാമൂഹ്യവിമർശകൻ എന്നീ നിലകളിലും അദ്ദേഹം ഇക്കാലത്ത് ശ്രദ്ധിക്കപ്പെട്ടു. അസാധാരണമായ പ്രസംഗപാടവം ഉണ്ടായിരുന്ന മങ്കുഴിക്കരിയുടെ പ്രഭാഷണങ്ങൾ വലിയ മതിപ്പു നേടി. 1984 ഏപ്രിൽ 1-ന് ജോസഫ് പാറേക്കാട്ടിൽ അതിരൂപതാഭരണത്തിൽ നിന്നു വിരമിക്കും വരെ മങ്കുഴിക്കരി സഹായമെത്രാന്റെ ചുമതലകൾ നിർവഹിച്ചിരുന്നു.[3] പാറേക്കാട്ടിലിന്റെ രാജിക്കും പുതിയ മെത്രാപോലീത്താ നിയമിതനാകുന്നതിനും ഇടക്കുള്ള കാലം അദ്ദേഹം അതിരൂപതയുടെ അപ്പസ്തോലിക ഭരണാധികാരിയായും പ്രവർത്തിച്ചു.

മെത്രാൻതിരുത്തുക

1986 ഏപ്രിൽ 28-ന്, കുടിയേറ്റക്കാരായ ക്രിസ്ത്യാനികൾ നിറഞ്ഞ ഉത്തരകേരളത്തിൽ പുതിയതായി സ്ഥാപിക്കപ്പെട്ട താമരശ്ശേരി രൂപതയുടെ മെത്രാനായി നാമനിർദ്ദേശം ചെയ്യപ്പെട്ട മങ്കുഴിക്കരി 1986 ജൂലൈ 3-ന് സ്ഥാനമേറ്റു.[4]. പുതിയരൂപതയ്ക്ക് വിവിധമേഖലകളിൽ ശക്തമായ അടിത്തറയുണ്ടാക്കാൻ അദ്ദേഹം അക്ഷീണം പ്രയത്നിച്ചു. ഇക്കാര്യത്തിൽ അദ്ദേഹം, ആർഭാടരാഹിത്യത്തിനും ക്രിസ്തീയമായ കാരുണ്യത്തിനും പ്രാധാന്യം കല്പിച്ച തന്റെ ആശയങ്ങൾ പിന്തുടർന്നു. വലിയ ദേവാലയങ്ങളും മെത്രാസനമന്ദിരവും നിർമ്മിക്കുന്നതിൽ അദ്ദേഹം വിമുഖനായിരുന്നു. വൈദികപരിശീലനത്തിനുള്ള ഒരു മൈനർ സെമിനാരി, വികലാംഗരായ കുട്ടികളെ പരിപാലിക്കാനുള്ള കരുണാഭവൻ എന്നീ സ്ഥാപനങ്ങൾ രൂപതയിൽ തുടങ്ങിയത് അദ്ദേഹമാണ്.[2]

ജീവിതാന്ത്യംതിരുത്തുക

1989-ൽ മങ്കുഴിക്കരിക്ക് അറുപതു വയസ്സുതികഞ്ഞ അവസരത്തിൽ അദ്ദേഹത്തിന്റെ സുഹൃത്തുക്കളായിരുന്ന കെ.എം. തരകൻ, പോൾ തേലേക്കാട്ട്, ചെറിയാൻ കുനിയന്തോടത്ത് എന്നിവർ ഒരു സ്മാരകഗ്രന്ഥം പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു. അദ്ദേഹവുമായി നടത്തിയ സുഹൃദ്സംവാദങ്ങളുടെ സമാഹാരമായി കെ.എം. തരകൻ എഡിറ്റു ചെയ്തു 1991-ൽ പ്രസിദ്ധീകരിച്ച ആ കൃതിക്ക് "ഉണ്മയുടെ ദർശനം" എന്നായിരുന്നു പേര്.

ടാഗോർ ചിന്തയെക്കുറിച്ചുള്ള തന്റെ ഗവേഷണപ്രബന്ധം പ്രസിദ്ധീകരിക്കാനും, അസ്തിത്വചിന്തക്ക് ഒരു ക്രൈസ്തവവ്യാഖ്യാനം എഴുതാനും, ക്രിസ്തീയാരാധനാക്രമം, കേരളസഭാചരിത്രം എന്നീ വിഷയങ്ങളിൽ ഓരോ ഗ്രന്ഥങ്ങൾ രചിക്കാനും മങ്കുഴിക്കരി കരുതിയിരുന്നെങ്കിലും ഈ ആഗ്രഹങ്ങൾ സഫലമായില്ല.[2]

1994 ജൂൺ 11-ന് അദ്ദേഹം അന്തരിച്ചു. ഹൃദ്രോഗമായിരുന്നു മരണകാരണം. 1994 ജൂൺ 13 ന് തിരുവാമ്പാടി കത്തീഡ്രലിൽ കബറടക്കം ചെയ്തു.

മങ്കുഴിക്കരിയുടെ ഇളയസഹോദരി ഗ്രേസ് മങ്കുഴിക്കരി തേറാട്ടിൽ, സഹോദരനെക്കുറിച്ചുള്ള സ്മരണകൾ ചേർത്ത്, "കൊച്ചാങ്ങളയും കൊച്ചുപിതാവും" എന്ന പേരിൽ ഒരു പുസ്തകം 2008-ൽ പ്രസിദ്ധീകരിച്ചു.

വിലയിരുത്തൽതിരുത്തുക

അറിവും കർമ്മശേഷിയും കൊണ്ട് കേരളത്തിലെ വൈദികമേലദ്ധ്യക്ഷന്മാർക്കിടയിൽ മികവുകാട്ടിയ മങ്കുഴിക്കരിയെ കത്തോലിക്കാ സഭാനേതൃത്വം പാർശ്വവൽക്കരിച്ചു എന്നു കരുതുന്നവരുണ്ട്. അവരുടെ അഭിപ്രായത്തിൽ, പാറേക്കാട്ടിലിനെ പിന്തുടർന്ന് മങ്കുഴിക്കരി എറണാകുളം അതിരൂപതയുടെ മെത്രാപ്പോലീത്തയായി നിയമിതനാകുമെന്ന് കരുതിയിരുന്നെങ്കിലും അതു സംഭവിച്ചില്ല. പുതിയ മെത്രാപ്പോലീത്തയായി നിയമിതനായത് ആന്റണി പടിയറ ആണ്. ഇടക്ക് അവർക്കിടയിൽ ഉണ്ടായ അഭിപ്രായ ഭിന്നതകൾ മൂലം പാറേക്കാട്ടിൽ തന്റെ പിന്ഗാമിയായി മങ്കുഴിക്കരിയെ മനഃപൂർവം നിർദ്ദേശിക്കാതിരുന്നതാണെന്ന് ചിലർ അനുമാനിക്കുന്നു. മങ്കുഴിക്കരിയുടെ ഏറ്റവും വലിയ ബലമായിരുന്ന പ്രഭാഷണചാതുരി അദ്ദേഹത്തിനു വിനയായെന്നു ജീവചരിത്രകാരൻ ജോസ് ഫിലിപ്പ് ഓലിക്കൻ അഭിപ്രായപ്പെടുന്നു. പ്രസംഗങ്ങളിലെ നിശിത വിമർശനങ്ങൾ സൃഷ്ടിച്ച ശത്രുക്കളുടെ കൈകൾ ഈ "സ്ഥാനനിഷേധ"-ത്തിനു പിന്നിൽ അദ്ദേഹം കാണുന്നു. പ്രമുഖ കത്തോലിക്കാ ലേഖകനും കത്തോലിക്കാവാരികയായ സത്യദീപത്തിന്റെ മുന്പത്രാധിപരുമായ പോൾ തേലേക്കാട്ട് മങ്കുഴിക്കരിയെ "വാക്കിന്റെ കുരിശു ചുമന്നവൻ" എന്നു വിശേഷിപ്പിച്ചിട്ടുണ്ട്.[2]

കുറിപ്പുകൾതിരുത്തുക

^ "An atheistic humanism which loosely uses God"

മുൻഗാമി
മാർ ജോസഫ് പാറേക്കാട്ടിൽ
എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പൊലീത്ത
1984–1985
പിൻഗാമി
മാർ ആന്റണി പടിയറ

അവലംബംതിരുത്തുക

  1. Prelates From The Archdiocese
  2. 2.0 2.1 2.2 2.3 2.4 2.5 2.6 ജോസ് ഫിലിപ്പ് ഓലിക്കൻ എഴുതിയ "ബിഷപ് മങ്കുഴിക്കരി: മനുഷ്യസ്നേഹിയും ദാർശനികനും" എന്ന പുസ്തകം
  3. "Archdiocese of Ernakulam". മൂലതാളിൽ നിന്നും 2011-04-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-02-14.
  4. "Thamarassery Diocese". മൂലതാളിൽ നിന്നും 2012-01-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-02-13.