മാത്യു മങ്കുഴിക്കരി
കേരളകത്തോലിക്കാസഭയിൽ ധ്യാനഗുരു, ഗ്രന്ഥകാരൻ എന്നീ നിലകളിൽ പേരെടുത്ത മോൺസിഞ്ഞോർ പദവിയുള്ള വൈദികനായിരുന്നു മാത്യു മങ്കുഴിക്കരി. ആദ്ധ്യാത്മികാചാര്യൻ എന്ന നിലയിൽ ചെയ്ത സേവനങ്ങളുടേയും ജീവിതവിശുദ്ധിയുടേയും പേരിൽ അദ്ദേഹം ബഹുമാനിക്കപ്പെട്ടു.[1] സീറോ മലബാർ കത്തോലിക്കാ സഭയിൽ ഏറണാകുളം അതിരൂപതയുടെ സഹായമെത്രാനും താമരശേരി രൂപതയുടെ ആദ്യമെത്രാനുമായിരുന്ന സെബാസ്റ്റ്യൻ മങ്കുഴിക്കരിയുടെ പിതൃസഹോദരനായിരുന്നു അദ്ദേഹം.[2]
ആലപ്പൂഴ ജില്ലയിലെ കോക്കമംഗലത്ത് ജനിച്ച് എറണാകുളം അതിരൂപതയിൽ പുരോഹിതനായി മാറിയ മങ്കുഴിക്കരി, ഇടവകവികാരി ആയാണ് സേവനം ആരംഭിച്ചത്. അസാമാന്യമായ പ്രബോധന വൈഭവത്തിന്റെ ബലത്തിൽ താമസിയാതെ ധ്യാനപ്രസംഗകനായി മാറിയ അദ്ദേഹം, തുടർന്ന് വടവാതൂർ സെമിനാരിയിൽ വൈദികവിദ്യാർത്ഥികളുടെ ആദ്ധ്യാത്മികഗുരുവായി നിയമിക്കപ്പെട്ടു. ആ പദവിയിൽ മങ്കുഴിക്കരി 31 വർഷം സേവനമനുഷ്ടിച്ചു. ആദ്ധ്യാത്മികജീവിതം, അജപാലനധർമ്മം, ധ്യാനപ്രസംഗങ്ങൾ, പ്രവാചകധർമ്മം, ആദ്ധ്യാത്മികപാഠങ്ങൾ എന്നീപുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.[3]
അവലംബം
തിരുത്തുക- ↑ മോൺസിഞ്ഞോർ മാത്യൂ മങ്കുഴിക്കരി വിശുദ്ധിയുടെ മാതൃക, മാർ ജോസഫ് പൗവ്വത്തിൽ, ദീപിക ദിനപത്രത്തിലെ വാർത്ത[പ്രവർത്തിക്കാത്ത കണ്ണി]
- ↑ ജോസ് ഫിലിപ്പ് ഓലിക്കൻ എഴുതിയ "ബിഷപ് മങ്കുഴിക്കരി: മനുഷ്യസ്നേഹിയും ദാർശനികനും" എന്ന പുസ്തകം
- ↑ മോൺസിഞ്ഞോർ മാത്യൂ മങ്കുഴിക്കരി ജന്മശതാബ്ദി കോക്കമംഗലത്ത്, ദീപിക ദിനപത്രത്തിലെ വാർത്ത[പ്രവർത്തിക്കാത്ത കണ്ണി]