സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതർ

ഇന്ത്യന്‍ ചലച്ചിത്ര അഭിനേതാവ്

ഒരു മലയാളചലച്ചിത്ര-നാടക നടനും ഗായകനും എഴുത്തുകാരനുമായിരുന്നു സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതർ(1901 – 1985). മലയാള സംഗീതനാടക ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഇദ്ദേഹം മലയാളചലച്ചിത്ര ലോകത്തെ ആദ്യകാല നടന്മാരിലൊരാളാണ്.[1]

സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതർ
ജനനം1901 ഫെബ്രുവരി 9
മരണം1985 ജനുവരി 19
തൊഴിൽചലച്ചിത്ര-നാടക നടൻ, എഴുത്തുകാരൻ, ഗായകൻ
ജീവിതപങ്കാളി(കൾ)മേരിക്കുട്ടി
മാതാപിതാക്ക(ൾ)വിൻസെന്റ്, മാർഗറീത്ത

ജീവിതരേഖ

തിരുത്തുക
  • 1901 ജനനം
  • 1923 വിവാഹം
  • 1928 ഓച്ചിറ വേലുക്കുട്ടിയുമായി ഒന്നിക്കുന്നു
  • 1932 'കരുണ'യുടെ അരങ്ങേറ്റം
  • 1962 ഭാര്യയുടെ മരണം; അരങ്ങിൽ നിന്ന് പിന്മടക്കം
  • 1964 'നടന്റെ ആത്മകഥ'
  • 1967 'കലാവേദിയിൽ'
  • 1982 ഷെവലിയർ ബഹുമതി
  • 1985 മരണം

ബാല്യം, വിദ്യാഭ്യാസം

തിരുത്തുക

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ കാഞ്ഞിരംചിറയിൽ പോളയിൽ വിൻസെന്റിന്റെയും മാർഗറീത്തയുടെയും മകനായി 1901 ഫെബ്രുവരി 9-ന് ജനനം. സ്വന്തം ഗ്രാമത്തിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം കുഞ്ഞുകുഞ്ഞിനെ ആലപ്പുഴയിലെ ലിയോ തേർട്ടീന്ത് സ്കൂളിൽ ചേർത്തു. അവിടെ വെച്ച് ഹാർമോണിയം വായിക്കുവാൻ ഇദ്ദേഹം പഠിച്ചു. പഠനത്തേക്കാളേറെ സംഗീതത്തിനു പ്രാധാന്യം നൽകിയിരുന്നതിനാൽ ഒൻപതാം ക്ലാസിൽ പരാജയപ്പെട്ടു. തുടർന്ന് മാതാപിതാക്കൾ അദ്ദേഹത്തെ എറണാകുളം സെന്റ് ആൽബർട്സ് സ്കൂളിലേക്ക് മാറ്റി. സെന്റ് ആൽബർട്സിലെ പഠനകാലത്ത് നിരവധി നാടകങ്ങളിലൂടെ സഹപാഠികളുടെയും അദ്ധ്യാപകരുടെയും ശ്രദ്ധ പിടിച്ചു പറ്റുന്നതിൽ കുഞ്ഞുകുഞ്ഞ് വിജയിച്ചുവെങ്കിലും പഠനനിലവാരത്തിൽ കാര്യമായ പുരോഗതി നേടിയില്ല. അക്കാലത്ത് മൊയ്തീൻ സാഹിബ് എന്ന നടൻ പ്രധാന വേഷത്തിൽ അഭിനയിച്ചിരുന്ന തമിഴ് സംഗീത നാടകങ്ങൾ എറണാകുളത്ത് സ്ഥിരമായി അരങ്ങേറിയിരുന്നു. ഒരു സുഹൃത്ത് മുഖേനേ കുഞ്ഞുകുഞ്ഞ് ഇവരുമായി ബന്ധം സ്ഥാപിച്ചു. ഏറെ വെകാതെ നാടകട്രൂപ്പിലെ സ്ഥിരാംഗമായി മാറിയ ഇദ്ദേഹം നാടകത്തിലെ ഹാർമ്മോണിസ്റ്റ് ആയി മാറി. ഹാർമ്മോണിയം നാടകത്തിന്റെ അകമ്പടി സംഗീതത്തിലെ അവിഭാജ്യഘടകമായിരുന്ന അക്കാലത്ത് നാടകസംഘത്തോടൊപ്പം തമിഴ്നാട്ടിലെ പല സ്ഥലങ്ങളിലും ചുറ്റി സഞ്ചരിച്ചു. നാലുമാസങ്ങൾക്ക് ശേഷം അദ്ദേഹം സംഘത്തോട് വിടപറഞ്ഞ് നാട്ടിലെത്തി.

നാട്ടിലെത്തിയെങ്കിലും നാടകത്തോടും സംഗീതത്തോടുമുള്ള അഭിനിവേശം കുഞ്ഞുകുഞ്ഞിനെ വിട്ടുമാറിയിരുന്നില്ല. അക്കാലത്ത് ഇദ്ദേഹത്തിന്റെ വീടിനടുത്ത് ഒരു നാടകട്രൂപ്പ് പ്രവർത്തനം ആരംഭിച്ചിരുന്നു. നാടകം കാണുവാൻ പല രാത്രികളിലും കുഞ്ഞ്കുഞ്ഞ് ഒളിച്ചു പോകുന്നുവെന്നു മനസ്സിലാക്കിയ വീട്ടുകാർ ഇതിൽ നിന്ന് പിന്തിരിപ്പിക്കുവാൻ ഇദ്ദേഹത്തെ വിവാഹം കഴിപ്പിക്കുവാൻ തീരുമാനിച്ചു. അങ്ങനെ തന്റെ 22-ആം വയസ്സിൽ കുഞ്ഞ്കുഞ്ഞ് മേരിക്കുട്ടിയെ വിവാഹം ചെയ്തു. എന്നാൽ മാതാപിതാക്കളുടെ പ്രതീക്ഷകൾക്ക് വിരുദ്ധമായി മേരിക്കുട്ടി തന്റെ ഭർത്താവിന്റെ കലാജീവിതത്തിന് പൂർണ്ണ പിന്തുണ നൽകി.

നാടക ജീവിതം

തിരുത്തുക

ഭാര്യാസഹോദരനായിരുന്ന പീറ്ററും ബന്ധുവായിരുന്ന ആന്റണിയും ആർത്തുങ്കലിൽ ഒരു നാടകസംഘം ആരംഭിച്ചിരുന്നു. ജ്ഞാനസുന്ദരി എന്ന തമിഴ് നാടകത്തിന്റെ മലയാള പരിഭാഷയായിരുന്നു ഈ സംഘം ആദ്യമായി അരങ്ങിലെത്തിച്ചത്. രാജകുമാരൻ പ്ലേന്ത്രന്റെയും രാജകുമാരി ജ്ഞാനസുന്ദരിയുടെയും കഥ പറയുന്ന ഈ നാടകം മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയത് പ്രശസ്ത നാടകകൃത്തായ വി.എസ്. ആൻഡ്രൂസായിരുന്നു. ഈ നാടകത്തിൽ രാജകുമാരന്റെ വേഷം കൈകാര്യം ചെയ്തത് കുഞ്ഞ്കുഞ്ഞായിരുന്നു. എന്നാൽ ഈ സംഘത്തിന്റെ പ്രവർത്തനങ്ങൾ അധികകാലം നീണ്ടുനിന്നില്ല.

1929-ൽ വി.എസ്. ആൻഡ്രൂസിന്റെ നാടകങ്ങൾ അരങ്ങിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ പി.ജെ. ചെറിയാന്റെ ഉടമസ്ഥതയിൽ റോയൽ സിനിമാ ആന്റ് ഡ്രാമാറ്റിക് കമ്പനി രൂപം കൊണ്ടിരുന്നു. ജോൺ മിൽട്ടന്റെ ഇതിഹാസ്യകാവ്യമായ പാരഡൈസ് ലോസ്റ്റിന്റെ മലയാള പരിഭാഷയായ പറുദീസാ നഷ്ടം ആയിരുന്നു ഈ സംഘത്തിന്റെ ആദ്യനാടകം. ഈ നാടകത്തിൽ ആദത്തിന്റെ വേഷം അവതരിപ്പിച്ചത് കുഞ്ഞ്കുഞ്ഞായിരുന്നു. ഹവ്വയെ അവതരിപ്പിച്ചത് ഓച്ചിറ വേലുക്കുട്ടിയായിരുന്നു. അക്കാലങ്ങളിൽ സ്തീ വേഷങ്ങളും പുരുഷന്മാർ തന്നെ കൈകാര്യം ചെയ്യുന്ന പതിവുണ്ടായിരുന്നു. സത്യവാൻ സാവിത്രി, അല്ലിയാർജുന, കോവിലൻ ചരിതം, നല്ലതങ്ക, ഹരിശ്ചന്ദ്ര തുടങ്ങി മറ്റനേകം നാടകങ്ങളും റോയൽ കമ്പനിയിലൂടെ പുറത്തു വന്നു. അവയിലൊക്കെയും കുഞ്ഞുകുഞ്ഞും വേലുക്കുട്ടിയുമായിരുന്നു മുഖ്യവേഷങ്ങളിൽ അരങ്ങത്തെത്തിയിരുന്നത്. ഒരു നടൻ എന്ന നിലയിൽ കുഞ്ഞുകുഞ്ഞ് പ്രശസ്തനാവാൻ തുടങ്ങി. ഇക്കാലത്താണ് ഇദ്ദേഹം തന്റെ പേര് സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതർ എന്നാക്കിയത് .

റോയൽ കമ്പനിയുടെ നാടകങ്ങൾക്കു പുറമേ ഓച്ചിറ പരബ്രഹ്മോദയ നടനസഭയുടെ കരുണ എറണാകുളം കൈരളി നടനകലാസമിതിയുടെ അനാർക്കലി തുടങ്ങി പല നാടകങ്ങളിലും വേഷമിട്ടിട്ടുണ്ട്. കെ.ജെ. യേശുദാസിന്റെ പിതാവും അക്കാലത്തെ മറ്റൊരു പ്രമുഖ നാടകനടനുമായ അഗസ്റ്റിൻ ജോസഫ് ഭാഗവതരോടൊപ്പവും സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു വേഷമിട്ടിട്ടുണ്ട്. വിജയകുമാർ എന്ന നാടകത്തിലൂടെയാണ് രണ്ടു ഭാഗവതന്മാരും ആദ്യമായി ഒന്നിച്ച് അരങ്ങിലെത്തിയത്.

'കൈരളി കലാകുസുമം' എന്ന പേരിൽ സ്വന്തമായി ഒരു നാടകക്കമ്പനിയും സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ആരംഭിക്കുകയുണ്ടായി. അമൃതപുളിനം, കുമാരി കമല തുടങ്ങിയവയായിരുന്നു ഈ സംഘത്തിന്റെ ആദ്യ നാടകങ്ങൾ. പൊൻകുന്നം വർക്കിയുടെ പൂജയായിരുന്നു മറ്റൊരു പ്രമുഖ നാടകം. എന്നാൽ ഈ.എം. കോവൂരിന്റെ ഇനിയും കാണാം എന്ന നാടകം പരാജയപ്പെട്ടതോടെ കൈരളി കലാകുസുമത്തിന്റെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കേണ്ടി വന്നു.

ചലച്ചിത്രനടൻ, പിന്നണിഗായകൻ

തിരുത്തുക

1940-ൽ അണ്ണാമല ചെട്ടിയാർ നിർമ്മിച്ച് എസ്. നൊട്ടാണി സംവിധാനം ചെയ്ത ജ്ഞാനാംബിക എന്ന സിനിമയിലൂടെയാണ് സെബാസ്റ്റ്യൻ ഭാഗവതർ സിനിമയിലെത്തിയത്. ചിത്രത്തിലെ നായകവേഷത്തോടൊപ്പം ഗാനങ്ങളിൽ ചിലത് ആലപിച്ചതും ഇദ്ദേഹമായിരുന്നു. മലയാളത്തിലെ ആദ്യകാല ഹിറ്റുചിത്രമായ ജീവിത നൗകയിൽ (1951) പ്രധാനവേഷം ചെയ്തതോടൊപ്പം 'ആനത്തലയോളം വെണ്ണതരാമെടോ' എന്ന പ്രശസ്ത ഗാനവും ആലപിച്ചു. ഈ ഗാനത്തിൽ ഭാഗവതർക്കൊപ്പം മകൾ പുഷ്പയും പാടിയിട്ടുണ്ട്. അച്ഛൻ എന്ന സിനിമയിലാണ് ഭാഗവതർ തന്റെ ഹാസ്യാഭിനയം പുറത്തെടുത്തത്. വിജയചിത്രമായി മാറിയ അച്ഛൻ തമിഴിലും തെലുങ്കിലും നിർമ്മിച്ചപ്പോൾ ഭാഗവതർ തന്നെയാണ് താൻ മലയളത്തിലഭിനയിച്ച റോൾ അവിടെയയും കൈകാര്യം ചെയ്തത്. നവലോകം, ശരിയോ തെറ്റോ, ബാല്യസഖി, മിന്നൽ പടയാളി, വിധി തന്ന വിളക്ക് എന്നിവയാണ് ഇദ്ദേഹം അഭിനയിച്ച മറ്റ് ചിത്രങ്ങൾ.

  • ഒരു നടന്റെ ആത്മകഥ
  • കലാവേദിയിൽ
  • നാടകസ്മരണയിൽ

ഒരു നടൻ എന്ന നിലയിൽ

തിരുത്തുക
  • വിധി തന്ന വിളക്ക് (1962)
  • മിന്നൽപടയാളി (1959)
  • ബാല്യസഖി (1954)
  • ശരിയോ തെറ്റോ (1953)
  • അച്ഛൻ (1952)
  • നവലോകം(1951)
  • ജീവിതനൗക(1951)
  • ജ്ഞാനാംബിക(1940)

പുറത്തേക്കുള്ള കണ്ണി

തിരുത്തുക
  1. സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതർ, മലയാളസംഗീതം.ഇൻ[പ്രവർത്തിക്കാത്ത കണ്ണി]