സൂം ലെൻസ്
ഒരു നിശ്ചിത ഫോക്കൽ ലെങ്ത് ലെൻസുകളിൽ (പ്രൈം ലെൻസ് കാണുക) നിന്ന് വിപരീതമായി ഫോക്കൽ ലെങ്ത് (അതിലൂടെ വീക്ഷണകോണും) വ്യത്യാസപ്പെടുത്താൻ കഴിയുന്ന ലെൻസുകളാണ് സൂം ലെൻസുകൾ എന്ന് അറിയപ്പെടുന്നത്.
ഫോക്കൽ ലെങ്ത് മാറ്റിയാലും ഫോക്കസ് നിലനിർത്തുന്ന സൂം ലെൻസുകൾ പാർഫോക്കൽ ലെൻസ് എന്ന് അറിയപ്പെടുന്നു.[1] വിപണിയിൽ ലഭ്യമായ മിക്ക സൂം ലെൻസുകളും ഫോക്കൽ ലെങ്ത് മാറ്റിയാൽ മികച്ച ഫോക്കസ് നിലനിർത്തുന്നില്ല, എന്നാലും അവ പാർഫോക്കൽ ഡിസൈനുകളാണ്.
ഫോക്കൽ മാറ്റാൻ കഴിയുന്നതിന് അനുസരിച്ച് ലെൻസ് ഡിസൈൻ കൂടുതൽ സങ്കീർണ്ണമാവും. കൂടുതൽ ലെൻസ് എലമെന്റുകൾ വരുന്നത് ചിത്രത്തിന്റെ ഗുണനിലവാരം, ലെൻസിന്റെ ഭാരം, വലുപ്പം, അപ്പർച്ചർ, ഓട്ടോഫോക്കസ് പ്രകടനം, ചെലവ് എന്നിവയിലെ ചില വിട്ടുവീഴ്ചകൾക്ക് കാരണമാകും. ഒരു സൂം ലെൻസ് വാഗ്ദാനം ചെയ്യുന്ന ഫോക്കൽ ലെങ്ത് വ്യത്യാസപ്പെടുത്തൽ എത്രത്തോളം വലുതാണോ അത്രത്തോളം സങ്കീർണ്ണമാകും അത് മൂലമുള്ള പ്രശ്നങ്ങളും.[2]
പ്രത്യേകതകൾതിരുത്തുക
സൂം ലെൻസുകളെ അവയുടെ കുറഞ്ഞതുമായ ഫോക്കൽ ലെങ്ത് അനുപാതത്തിൽ വിശേഷിപ്പിക്കാറുണ്ട്. ഉദാഹരണത്തിന്, 100 മി.മീ. മുതൽ 400 മി.മീ. വരെ ഫോക്കൽ ദൈർഘ്യമുള്ള ഒരു സൂം ലെൻസിനെ 4:1 അല്ലെങ്കിൽ "4×" സൂം ലെൻസ് എന്ന് വിശേഷിപ്പിക്കാം. സൂപ്പർസൂം അല്ലെങ്കിൽ ഹൈപ്പർസൂം എന്ന് വിളിക്കുന്നത് സാധാരണയായി 5x ൽ കൂടുതൽ ഫോക്കൽ ദൂര ഘടകങ്ങൾ ലെൻസുകളെ വിശേഷിപ്പിക്കാനാണ്. ഇത്തരം ലെൻസുകൾ എസ്.എൽ.ആർ ക്യാമറകളിൽ 19x വരെയും, അമച്വർ ഡിജിറ്റൽ ക്യാമറകളിൽ 22× വരെയും വരാം. പ്രൊഫഷണൽ ടെലിവിഷൻ ക്യാമറ ലെൻസുകളിൽ ഈ അനുപാതം 300x വരെ ഉയർന്നേക്കാം.[3] 3x ന് മുകളിൽ സൂം ഉള്ള സാധാരണ ലെൻസുകളുടെ ഇമേജ് നിലവാരം കുറവായിരിക്കും. പ്രൈം ലെൻസുകൾക്ക് തുല്യമായ ഇമേജിംഗ് ഗുണനിലവാരം അപ്പർച്ചറും (സാധാരണയായി f 2.8 അല്ലെങ്കിൽ f 2.0) ഉള്ള സൂം ലെൻസുകൾക്ക് വലിയ വില നൽകേണ്ടി വരും. വലിയ സൂം ഉള്ള വീഡിയോ ക്യാമറകളിൽ, കുറഞ്ഞ റെസല്യൂഷനിൽ ചലിക്കുന്ന ഇമേജുകൾ റെക്കോർഡുചെയ്യുമ്പോൾ ഗുണനിലവാരം കുറയുന്നത് ദൃശ്യമാകണമെന്നില്ല. അതിനാലാണ് പ്രൊഫഷണൽ വീഡിയോ, ടിവി ലെൻസുകൾക്ക് ഉയർന്ന സൂം അനുപാതങ്ങൾ അവതരിപ്പിക്കാൻ കഴിയുന്നത്. ഉയർന്ന സൂം അനുപാതം മൂലം ടിവി ലെൻസുകൾ സങ്കീർണ്ണമാണ്. ഡസൻ കണക്കിന് ഒപ്റ്റിക്കൽ ഘടകങ്ങളും, പലപ്പോഴും 25 കി.ഗ്രാമിൽ കൂടുതൽ ഭാരവും ഇത്തരം ലെൻസുകൾക്കുണ്ടാകാം.[4] ഇൻ-ക്യാമറ പ്രോസസ്സറുകളിലും പോസ്റ്റ്-പ്രൊഡക്ഷൻ സോഫ്റ്റ്വെയറിലും ഒപ്റ്റിക്കൽ ന്യൂനതകൾ പരിഹരിക്കുന്ന അൽഗോരിതം ഉൾക്കൊള്ളാൻ ഡിജിറ്റൽ ഫോട്ടോഗ്രഫിക്ക് കഴിയും.
ചില ഫോട്ടോഗ്രാഫിക് സൂം ലെൻസുകൾ നോർമൽ ലെൻസിനെക്കാൾ ഫോക്കൽ ദൂരം കൂടിയ ലോംഗ്-ഫോക്കസ് ലെൻസുകളാണ്, മറ്റ് ചിലത് വലിയ ദൃശ്യ കോൺ ഉള്ള വൈഡ് ആംഗിൾ ലെൻസുകൾ ആണ്. ചില ലെൻസുകളിൽ വൈഡ് ആംഗിൾ മുതൽ ലോംഗ്-ഫോക്കസ് വരെയുള്ള ശ്രേണി ഉൾക്കൊള്ളുന്നുണ്ട്.
ഫോക്കൽ ദൂരം കൂടിയ സൂം ലെൻസിന്റെ പ്രഭാവം അനുകരിക്കുന്നതിന് ചില ഡിജിറ്റൽ ക്യാമറകൾ ക്യാപ്‌ചർ ചെയ്ത ചിത്രം ക്രോപ്പ് ചെയ്യാറുണ്ട്. ഇത് സാധാരണയായി ഡിജിറ്റൽ സൂം എന്നറിയപ്പെടുന്നു. ഡിജിറ്റൽ സൂമിന്, ഒപ്റ്റിക്കൽ സൂമിനേക്കാൾ താഴ്ന്ന ഒപ്റ്റിക്കൽ റെസല്യൂഷൻ മാത്രമേ ഉണ്ടാവുകയുള്ളൂ. ഒരു കമ്പ്യൂട്ടറിലെ ഡിജിറ്റൽ ഇമേജ് പ്രോസസ്സിംഗ് സോഫ്റ്റ്വെയർ ഉപയോഗിച്ച് ഡിജിറ്റൽ ഇമേജ് ക്രോപ്പ് ചെയ്ത് വലുതാക്കിയാലും ഡിജിറ്റൽ സൂമിന്റെ അതേ ഫലം ലഭിക്കും. പല ഡിജിറ്റൽ ക്യാമറകൾക്കും ഒപ്റ്റിക്കൽ സൂമും ഡിജിറ്റൽ സൂമും ഉണ്ട്, ആദ്യം ഒപ്റ്റിക്കൽ, തുടർന്ന് ഡിജിറ്റൽ സൂം എന്നിങ്ങനെയാവും സൂമിങ്ങ്.
സ്റ്റിൽ, വീഡിയോ, മോഷൻ പിക്ചർ ക്യാമറകൾ, പ്രൊജക്ടറുകൾ, ചില ബൈനോക്കുലറുകൾ, മൈക്രോസ്കോപ്പുകൾ, ദൂരദർശിനി, ദൂരദർശിനി കാഴ്ചകൾ, മറ്റ് ഒപ്റ്റിക്കൽ ഉപകരണങ്ങൾ എന്നിവയിൽ സൂം, സൂപ്പർസൂം ലെൻസുകൾ സാധാരണയായി ഉപയോഗിക്കുന്നു. അത് കൂടാതെ, ഒരു സൂം ലെൻസിന്റെ അഫോക്കൽ ഭാഗം ക്രമീകരിക്കാവുന്ന ബീം എക്സ്പാൻഡർ (ഉദാഹരണത്തിന്, ലേസർ ബീമുകളുടെ വലുപ്പം മാറ്റുന്നതിന്) ആക്കുന്നതിന് വേരിയബിൾ മാഗ്നിഫിക്കേഷൻ ദൂരദർശിനി ആയി ഉപയോഗിക്കാൻ കഴിയും.
ചരിത്രംതിരുത്തുക
ഒപ്റ്റിക്കൽ ടെലിസ്‌കോപ്പുകളിൽ ആണ് ആദ്യകാല സൂം ലെൻസുകൾ ഉപയോഗിച്ചിരുന്നത്, 1834 ൽ റോയൽ സൊസൈറ്റിയുടെ നടപടികളിൽ ഈ ഉപയോഗം ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടു. ടെലിഫോട്ടോ ലെൻസുകളുടെ ആദ്യകാല പേറ്റന്റുകളിൽ, ലെൻസിന്റെ മൊത്തത്തിലുള്ള ഫോക്കൽ ലെങ്ത് മാറ്റുന്നതിനായുള്ള ചലിക്കുന്ന ലെൻസ് ഘടകങ്ങളും ഉൾപ്പെടുന്നു. ഇത്തരത്തിലുള്ള ലെൻസുകളെ ഇപ്പോൾ വേരിഫോക്കൽ ലെൻസുകൾ എന്നാണ് വിളിക്കുന്നത്, ഇതിന് കാരണം ഫോക്കൽ ലെങ്ത് മാറ്റുമ്പോൾ, ഫോക്കൽ പ്ലെയിനിന്റെ സ്ഥാനവും നീങ്ങുന്നതിനാൽ ഓരോ മാറ്റത്തിനും ശേഷം ലെൻസ് വീണ്ടും ഫോക്കസ് ചെയ്യേണ്ടതായി വരും എന്നതാണ്.
ഫോക്കൽ ലെങ്ത് മാറ്റുന്നതിനിടയിൽ മൂർച്ചയേറിയ ഫോക്കസ് നിലനിർത്തുന്ന ആദ്യത്തെ യഥാർത്ഥ സൂം ലെൻസിന് 1902 ൽ ക്ലൈൽ സി. അല്ലൻ പേറ്റന്റ് (U.S. Patent 696,788) നേടി. 1927 മുതൽ ക്ലാര ബോ അഭിനയിച്ച "ഇറ്റ്" എന്ന സിനിമയുടെ ഓപ്പണിംഗ് ഷോട്ടിൽ, സിനിമയിലെ സൂം ലെൻസിന്റെ ആദ്യകാല ഉപയോഗം കാണാം. ആദ്യത്തെ വ്യാവസായിക ഉത്പാദനം ബെൽ, ഹോവൽ കുക്ക് 1932 ൽ മൂവി ക്യാമറകൾക്കു വേണ്ടി അവതരിപ്പിച്ച "വേരോ" 40–120 ലെൻസ് ആയിരുന്നു. ആദ്യകാല ടിവി സൂം ലെൻസ് 1953 ൽ നിർമ്മിച്ച യുകെയിൽ നിന്നുള്ള റാങ്ക് ടെയ്‌ലർ ഹോബ്സന്റെ VAROTAL III ആയിരുന്നു. 1959 ൽ അവതരിപ്പിച്ച ദി കിൽഫിറ്റ് 36–82 mm / 2.8 സൂമർ, 35 മില്ലീമീറ്റർ ഫോട്ടോഗ്രാഫിക്കായി ഉൽപാദിപ്പിച്ച ആദ്യത്തെ വേരിഫോക്കൽ ലെൻസാണ്. ആദ്യത്തെ ആധുനിക ഫിലിം സൂം ലെൻസ്, ഫ്രഞ്ച് എഞ്ചിനീയറായ റോജർ കുവിലിയർ 1950 ൽ രൂപകൽപ്പന ചെയ്ത പാൻ-സിനോർ ആണ്. ഇതിന് ഒപ്റ്റിക്കൽ കോമ്പൻസേഷൻ സൂം സിസ്റ്റം ഉണ്ടായിരുന്നു. 1956 ൽ പിയറി ആംഗെനിയക്സ്, അദ്ദേഹത്തിന്റെ 16 മി.മീ. ക്യാമറയ്ക്കുള്ള 16-68 മി.മീ ലെൻസിൽ, സൂം ചെയ്യുമ്പോൾ കൃത്യമായ ഫോക്കസ് പ്രാപ്തമാക്കുന്ന മെക്കാനിക്കൽ കോമ്പൻസേഷൻ സംവിധാനം അവതരിപ്പിച്ചു. അതേ വർഷം ആംഗെനിയക്സ് 4x സൂമിന്റെ 35 എംഎം പ്രോട്ടോടൈപ്പ് (35-140 mi.mee.) ആദ്യമായി ഛായാഗ്രാഹകൻ റോജർ ഫെല്ലസ് ജൂലി ലാ റൂസിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചു. 16 മി.മീ. ഫിലിം ക്യാമറകൾക്കുള്ള 12-120 മി.മീ. ലെൻസ്, 35 മി.മീ. ഫിലിം ക്യാമറകൾക്കുള്ള 25-250 മി.മീ ലെൻസ് എന്നിവയുൾപ്പടെ 10 മുതൽ 1 വരെയുള്ള സൂം ലെൻസുകൾ രൂപകൽപ്പന ചെയ്തതിന് ആഞ്ചീനിയക്സിന് 1964 ൽ അക്കാദമി ഓഫ് മോഷൻ പിക്ചറിൽ നിന്ന് സാങ്കേതിക അവാർഡ് ലഭിച്ചു.
അതിനുശേഷം ഒപ്റ്റിക്കൽ ഡിസൈനിലെ പുരോഗതി, പ്രത്യേകിച്ച് ഒപ്റ്റിക്കൽ റേ ട്രേസിംഗിനായി കമ്പ്യൂട്ടറുകളുടെ ഉപയോഗം, സൂം ലെൻസുകളുടെ രൂപകൽപ്പനയും നിർമ്മാണവും വളരെ എളുപ്പമാക്കി.
ഡിസൈൻതിരുത്തുക
സൂം ലെൻസുകൾക്കായി സാധ്യമായ നിരവധി ഡിസൈനുകൾ ഉണ്ട്, ഏറ്റവും സങ്കീർണ്ണമായവയിൽ മുപ്പത് വ്യക്തിഗത ലെൻസ് ഘടകങ്ങളും ഒന്നിലധികം ചലിക്കുന്ന ഭാഗങ്ങളുമുണ്ട്. എന്നിരുന്നാലും, മിക്കവയും ഒരേ അടിസ്ഥാന രൂപകൽപ്പനയാണ് പിന്തുടരുന്നത്. സാധാരണയായി അവയിൽ നിരവധി വ്യക്തിഗത ലെൻസുകൾ അടങ്ങിയിരിക്കുന്നു, അവ സ്ഥിരമായി അനങ്ങാത്തവയോ അല്ലെങ്കിൽ ലെൻസിന്റെ ബോഡിക്കൊപ്പം അക്ഷത്തിൽ നീങ്ങുന്നവയോ ആകാം. ഒരു സൂം ലെൻസിന്റെ മാഗ്‌നിഫിക്കേഷൻ മാറുമ്പോൾ, മെക്കാനിക്കൽ മാർഗ്ഗങ്ങളിലൂടെയോ ഒപ്റ്റിക്കലായോ ഫോക്കസ് ചെയ്ത ചിത്രം മൂർച്ചയുള്ളതാക്കുന്നു.
സൂം ലെൻസിന്റെ ഒരു ലളിതമായ സ്കീം, ലെൻസ് അസംബ്ലിയെ രണ്ട് ഭാഗങ്ങളായി വിഭജിക്കുന്നു. ഒന്നാമത്തേത് ചലിക്കുന്ന ലെൻസ് ഘടകങ്ങളാണ്. ഇവ പ്രകാശം ഫോക്കസ് ചെയ്യുന്നതിന് പകരം (എഫോക്കൽ സൂം സിസ്റ്റം) പ്രകാശകിരണത്തിന്റെ വലുപ്പത്തെ മാറ്റുന്നു, അങ്ങനെ ലെൻസ് സിസ്റ്റത്തിന്റെ മൊത്തത്തിലുള്ള മാഗ്‌നിഫിക്കേഷൻ വ്യത്യാസപ്പെടുത്തുന്നു. ചലിക്കാത്ത ലെൻസ് ഘടകം പ്രകാശം ഫോക്കസ് ചെയ്യുന്നതിനുള്ളതാണ്.
ഒപ്റ്റിക്കൽ സൂം ലെൻസിലെ ഒരു സാധാരണ എഫോക്കൽ സിസ്റ്റത്തിൽ തുല്യമായ ഫോക്കൽ ലെങ്ത് ഉള്ള രണ്ട് പോസിറ്റീവ് (കൺവേർജിംഗ്) ലെൻസുകൾ (എൽ1, എൽ3) അടങ്ങിയിരിക്കുന്നു, അവയ്ക്കിടയിൽ പോസിറ്റീവ് ലെൻസുകളുടെ പകുതിയിൽ താഴെ ഫോക്കൽ ലെങ്ത് ഉള്ള ഒരു നെഗറ്റീവ് (ഡൈവേർജിംഗ്) ലെൻസ് (എൽ2) ഉണ്ട്. എൽ3 അനങ്ങില്ല, എന്നാൽ എൽ1, എൽ2 എന്നിവയെ മുന്നോട്ടും പിന്നോട്ടും നീക്കാൻ കഴിയും. ഈ രണ്ട് ലെൻസുകൾ മുന്നോട്ടും പിന്നോട്ടും നീങ്ങുമ്പോൾ, സിസ്റ്റത്തിന്റെ മൊത്തത്തിലുള്ള കോണീയ മാഗ്‌നിഫിക്കേഷൻ വ്യത്യാസപ്പെടുന്നു, ഇത് സൂം ലെൻസിന്റെ ഫോക്കൽ ദൈർഘ്യം മാറ്റുന്നു. ലെൻസ് ഹൌസിംഗിലെ ഗിയറുകളുടെയും ക്യാമുകളുടെയും സങ്കീർണ്ണമായ ക്രമീകരണമാണ് സാധാരണയായി ഈ ചലനം നടത്തുന്നത്. ചില ആധുനിക സൂം ലെൻസുകളിൽ കമ്പ്യൂട്ടർ നിയന്ത്രിത സെർവോകളാണ് ഈ സ്ഥാനനിർണ്ണയം നടത്താൻ ഉപയോഗിക്കുന്നത്.
സൂം ലെൻസ് രൂപകൽപ്പനയിലെ ഒരു പ്രധാന പ്രശ്നം ലെൻസിന്റെ മുഴുവൻ ഓപ്പറേറ്റിംഗ് ശ്രേണിയിലുടനീളമുള്ള വർണ്ണവിപഥനം പോലെയുള്ള ഒപ്റ്റിക്കൽ വ്യതിയാനങ്ങളുടെ തിരുത്തലാണ്. ഒരു ഫിക്സഡ് ഫോക്കസ് ലെൻസിനേക്കാൾ സൂം ലെൻസിൽ ഇത് വളരെ ബുദ്ധിമുട്ടാണ്. ഇത് മൂലം ആദ്യകാല സൂം ലെൻസ് ഡിസൈനുകൾ ഫിക്സഡ് ലെൻസുകളേക്കാൾ വളരെ താഴ്ന്ന ഒപ്റ്റിക്കൽ നിലവാരം ഉള്ളവയായിരുന്നു. ആധുനിക ഒപ്റ്റിക്കൽ ഡിസൈൻ ടെക്നിക്കുകൾ സൂം ലെൻസുകളുടെ നിലവാരം ഒരുപാട് മെച്ചപ്പെടാൻ കാരണമായിട്ടുണ്ട്.
സൂപ്പർസൂം ലെൻസ്തിരുത്തുക
ഫോക്കൽ ലെങ്ത് വ്യത്യാസം (കുറഞ്ഞ ഫോക്കൽ ദൂരം മുതൽ കൂടിയത് വരെ) വളരെ കൂടിയ ഫോട്ടോഗ്രാഫിക് സൂം ലെൻസുകളാണ് സൂപ്പർസൂം അല്ലെങ്കിൽ ഹൈപ്പർസൂം ലെൻസ് എന്ന് അറിയപ്പെടുന്നത്. ഇത്തരം ലെൻസിൽ സാധാരണയായി വൈഡ് ആംഗിൾ മുതൽ എക്‌സ്ട്രീം ലോംഗ് ഫോക്കൽ ലെങ്ത് വരെ ഉണ്ടാവും.[5][6] ഒരു സൂപ്പർ സൂം ലെൻസിന് വ്യക്തമായ നിർവചനമൊന്നുമില്ല. 3× അല്ലെങ്കിൽ 4x സൂം ഉള്ള ലെൻസുകൾ, സാധാരണ സൂം ലെൻസുകൾ എന്നും. അതിന് മുകളിൽ, അതായത് 10×, 12×, 18×, പോലെയുള്ള സൂം ഉള്ളവ സൂപ്പർസൂം ആയും കണക്കാക്കപ്പെടുന്നു.[5]
ഇതും കാണുകതിരുത്തുക
- ഫോക്കൽ ലെങ്ത് പ്രകാരം
പരാമർശങ്ങൾതിരുത്തുക
പൊതുവായ പരാമർശങ്ങൾതിരുത്തുക
- കിംഗ്സ്ലേക്ക്, ആർ. (1960), "ദി ഡെവലപ്മെന്റ് ഓഫ് സൂം ലെൻസ്". SMPTE 69, 534 ന്റെ ജേണൽ
- ക്ലാർക്ക്, എ.ഡി (1973), സൂം ലെൻസുകൾ, മോണോഗ്രാഫുകൾ ഓൺ അപ്ലൈഡ് ഒപ്റ്റിക്സ് നമ്പർ 7 . ആദം ഹിൽഡ്‌ജർ (ലണ്ടൻ).
- മലകര, ഡാനിയേൽ, മലക്കര, സക്കറിയാസ് (1994), ഹാൻഡ്‌ബുക്ക് ഓഫ് ലെൻസ് ഡിസൈൻ . മാർസെൽ ഡെക്കർ, Inc. ISBN 0-8247-9225-4
- "സൂം ലെൻസിനുള്ളിൽ എന്താണ്?" . അഡാപ്റ്റാൽ-2.കോം. 2005.
ഇൻലൈൻ അവലംബങ്ങൾതിരുത്തുക
- ↑ Cavanagh, Roger (2003-05-29). "Parfrocal Lenses". മൂലതാളിൽ നിന്നും 2007-10-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-11-18.
- ↑ "Tamron 18-270mm f/3.5-6.3 Di II VC LD Lens Review". മൂലതാളിൽ നിന്നും January 16, 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് March 20, 2013.
- ↑ LetsGoDigital. "Panavision debuts the 300x Digital Zoom lens – LetsGoDigital". www.letsgodigital.org. മൂലതാളിൽ നിന്നും 5 September 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 1 May 2018.
- ↑ "Broadcast camera lenses at the Olympics can cost as much as a Lamborghini". Popular Science (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-02-01.
- ↑ 5.0 5.1 Grimm, Tom; Grimm, Michele (2009). "4". The Basic Book of Digital Photography: How to Shoot, Enhance, and Share Your Digital Pictures. Penguin Books.
- ↑ J. Dennis Thomas, Nikon D3300 Digital Field Guide, John Wiley & Sons - 2014, page 124