സി.കെ. മറ്റം
മലയാള സാഹിത്യകാരനായിരുന്നു വൈദികനായ സാഹിത്യതിലകൻ ഷെവലിയർ ഫാദർ സി.കെ. മറ്റം(16 ജൂലൈ 1888 - 19 നവംബർ 1966). തിരുവനന്തപുരം രൂപതയുടെ വികാരി ജനറൽ ആയി പ്രവർത്തിച്ചു. ക്രൈസ്തവ സാഹിത്യ കൃതികളുൾപ്പെടെ ശ്രദ്ധയമായ നാൽപ്പതോളം കൃതികൾ രചിച്ചു. വിവർത്തകനെന്ന നിലയിലും ശ്രദ്ധേയനായിരുന്നു. തിരുവിതാംകൂർ ടെക്സ്റ്റ് ബുക് കമ്മിറ്റി, സർവ്വകലാശാലാ പരീക്ഷകൻ, കലാമണ്ഡലം ഭരണസമിതി അംഗം എന്നീ നിലകളിലും സേവനം അനുഷ്‌ഠിച്ചു. കൊച്ചി മഹാരാജാവ് പരീക്ഷിത്തു തമ്പുരാനിൽ നിന്ന് സാഹിത്യതിലകൻ ബഹുമതിയും മാർപ്പാപ്പ ഷെവലിയർ സ്ഥാനവും നൽകി ആദരിച്ചു.[1] "പാറേമ്മാക്കലച്ചൻ, ചാവറ അച്ചൻ, മാണിക്കത്തനാർ മുതലായവരുടെ പാരമ്പര്യത്തെ കാലാനുരൂപമാവണ്ണം നിലനിർത്തിയ ഒരാളാണ് മറ്റം കത്തനാർ", എന്നാണ് മഹാകവി വള്ളത്തോൾ ഇദ്ദേഹത്തെ വിശേഷിപ്പിച്ചത്.
സി.കെ. മറ്റം | |
---|---|
ജനനം | |
മരണം | 1966 നവംബർ 19 |
ദേശീയത | ഇന്ത്യൻ |
മറ്റ് പേരുകൾ | മറ്റം കത്തനാർ |
തൊഴിൽ | സാഹിത്യകാരൻ, വൈദികൻ |
അറിയപ്പെടുന്നത് | ക്രൈസ്തവ സാഹിത്യം |
ജീവിതരേഖ
തിരുത്തുക1888 ജൂലൈ 16 നു കുറവിലങ്ങാട് മറ്റത്തിൽ കുടുംബത്തിൽ ജനിച്ച ഫാദർ സി കെ മറ്റം, 1908 മുതൽ കാണ്ടിയിലെ പേപ്പൽ സെമിനാരിയിൽ വൈദികപഠനം നടത്തി 1915 ജൂൺ 30 നു പുരോഹിതനായി. ളാലം, മാൻവെട്ടം, മുട്ടാർ പള്ളികളിൽ വികാരി ആയിരുന്നു. തിരുവനന്തപുരം മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ സെക്രട്ടറിയും രൂപതയുടെ വികാരി ജനറലും ആയിരുന്നു. കുറവിലങ്ങാട് സെന്റ് മേരിസ് ബോയ്സ് ഹൈസ്‌കൂൾ, മാന്നാനം ഹൈസ്‌കൂൾ, ചങ്ങനാശ്ശേരി എസ്.ബി. ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ അദ്ധ്യാപകനായിരുന്ന അദ്ദേഹം പിന്നീട് എസ്.ബി കോളേജിൽ മലയാളം പണ്ഡിറ്റായി. പന്ത്രണ്ടാം വയസ്സിൽ "മഹാപിള്ളമാർ" എന്ന തലക്കെട്ടിൽ നസ്രാണി ദീപികയിൽ ആദ്യ ലേഖനം പ്രസിദ്ധീകരിച്ചു. മറ്റത്തിൽ കുര്യൻ മാപ്പിള, കുര്യൻ കത്തനാർ എന്നീ പേരുകളിൽ പ്രമുഖ പത്രമാസികകളിൽ സാഹിത്യ ലേഖനങ്ങൾ എഴുതിയ അദ്ദേഹം ഇംഗ്ലീഷും മലയാളവും കൂടാതെ സംസ്കൃതം, ലാറ്റിൻ, സുറിയാനി എന്നീ ഭാഷകളിലും പാണ്ഡിത്യം നേടി.
ഉള്ളൂർ, വള്ളത്തോൾ, പൂത്തേഴത്ത് രാമൻ മേനോൻ എന്നിവർ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾക്കു അവതാരിക എഴുതിയിട്ടുള്ള പ്രമുഖരാണ്.
കൃതികൾ
തിരുത്തുക- സ്മരണാ കിരണങ്ങൾ
- വിശുദ്ധ ശവരിയാർ (1923)
- അർണോസ് പാതിരി (1957)
- ഇരുളും വെളിച്ചവും
- ഉപന്യാസ പ്രവേശിക(രണ്ടു ഭാഗം) (1952)
- കരയുന്ന മതിൽ (1956)
- കാളിദാസ മഹാകവി
- ക്രിസ്തു ഭഗവാൻ (1952)
- ഗുരുഗീത
- ചരിത്ര ചർച്ച
- ചിത്രവേദി
- നസ്രേത്തിലെ യോഗി
- നിരൂപണ സാഹിത്യം
- പരിത്യാഗ പരമകോഷ്ട
- പുതിയ ഉടമ്പടി (ബൈബിൾ പരിഭാഷ)
- പൂവും കായും (1952)
- ബാലസാഹിത്യം
- ഫ്രെഡറിക് ഒസ്സാനം
- മനുഷ്യ ജന്മം
- മഹാപിതാ
- ഒരു മാതൃകായുവാവ് (1952)
- യേശു ക്രിസ്തു
- വിമർശനവിഹാരം
- സന്മാതൃകാഫലം
- സാഹിത്യസുധ(1954)
- Cardinal Eugene Tisserant
പുരസ്കാരങ്ങൾ
തിരുത്തുക- സാഹിത്യതിലകൻ ബഹുമതി
- ഷെവലിയർ സ്ഥാനം