സമാന്തരസുവിശേഷങ്ങൾ

(സിനോപ്റ്റിക് പ്രശ്നം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബൈബിൾ പുതിയനിയമത്തിലെ നാലു സുവിശേഷങ്ങളിൽ ആദ്യത്തെ മൂന്നെണ്ണമായ മത്തായിയുടേയും മർക്കോസിൻറേയും ലൂക്കായുടെയും സുവിശേഷങ്ങളെ ഒന്നിച്ചു പരാമർശിക്കാൻ ഉപയോഗിക്കുന്ന പേരാണ് സമാന്തര സുവിശേഷങ്ങൾ അല്ലെങ്കിൽസിനോപ്റ്റിക് സുവിശേഷങ്ങൾ(Synoptic Gospels) എന്നത്. ഈ വിശേഷണം, ഘടനയിലും, ശൈലിയിലും, ഉള്ളടക്കത്തിലും ഈ മൂന്നു സുവിശേഷങ്ങൾക്കുള്ള സമാനതകളെ സൂചിപ്പിക്കുന്നതിന് പുറമേ, നാലാമത്തേതായ യോഹന്നാൻറെ സുവിശേഷത്തിൽ നിന്ന് അവക്കുള്ള വ്യതിരിക്തതയേയും എടുത്തുപറയുന്നു. ക്രമീകരിച്ച് ചേർത്തുവച്ചാൽ, ഒറ്റ നോട്ടത്തിൽ അല്ലെങ്കിൽ സിനോപ്സിസിൽ(Synopsis) സമാനതകളും വ്യത്യാസങ്ങളും കണ്ടെത്താൻ പറ്റുന്ന തരം ഘടന പങ്കിടുന്നവയായതുകൊണ്ടാണ് അവ ഈ പേരിൽ അറിയപ്പെടുന്നത്.[1]

ചരിത്രം

തിരുത്തുക

സുവിശേഷങ്ങളെ പൊതുവേ ഭക്ത്യാദരങ്ങളോടെ മാത്രം സമീപിച്ചിരുന്ന പഴയ നൂറ്റാണ്ടുകളിൽ, അവയെ സാധാരണ ഗ്രന്ഥങ്ങളെയെന്നപോലെ വിശകലനം ചെയ്തുള്ള പഠനം പതിവില്ലായിരുന്നു. എങ്കിലും അക്കാലങ്ങളിലും ഈ കൃതികളുടെ ഉല്പത്തിക്കും അവക്കിടയിലുള്ള സമാനതകൾ‍ക്കും വ്യത്യാസങ്ങൾക്കും വിശദീകരണങ്ങൾ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. മർക്കോസ്, അപ്പസ്തോലനായ പത്രോസിന്റെ ശിഷ്യനായിരുന്നു എന്നും അദ്ദേഹത്തിന്റെ സുവിശേഷം പത്രോസിന്റെ പ്രഭാഷണങ്ങളുടെ അടിസ്ഥാനത്തിൽ എഴുതപ്പെട്ടതണെന്നും രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പേപ്പിയസ് സാക്‌ഷ്യപ്പെടുത്തിയതായി കേസറിയായിലെ യൂസീബിയസിന്റെ പ്രസിദ്ധമായ സഭാചരിത്രത്തിൽ പറയുന്നു.[2] മത്തായിയുടെ സുവിശേഷത്തിന്റെ മൂലം, അറമായ ഭാഷയിൽ ആയിരുന്നെന്നും ഓരോരുത്തർ അവരുടെ കഴിവനുസരിച്ച് അത് പരിഭാഷപ്പെടുത്തിയെന്നുമുള്ള പാപ്പിയാസിന്റെ തന്നെ മറ്റൊരു സാക്‌ഷ്യവും യൂസീബിയസ് രേഖപ്പെടുത്തിയിട്ടുണ്ട്.[3] യേശുവിന്റെ വംശാവലി അടങ്ങിയിട്ടുള്ള മത്തായിയുടേയും ലൂക്കോസിന്റേയും സുവിശേഷങ്ങളാണ് ആദ്യം എഴുതപ്പെട്ടതെന്ന് രണ്ടാം നൂട്ടാണ്ടിനൊടുവിൽ അലക്സാണ്ട്രിയയിലെ ക്ലെമന്റ് അഭിപ്രായപ്പെട്ടിരുന്നെങ്കിലും [4] അഞ്ചാം നൂറ്റാണ്ടിൽ അഗസ്റ്റിന്റെ കാലമായപ്പോൾ, സമാന്തരസുവിശേഷങ്ങളുടെ, മത്തായി-മർക്കോസ്-ലൂക്കോസ് എന്ന പരമ്പരാഗതമായ ക്രമീകരണരീതി ഉറച്ചു കഴിഞ്ഞിരുന്നു. ഒരോ സുവിശേഷത്തിനും അതിനു മുൻപ് എഴുതപ്പെട്ട സുവിശേഷങ്ങളോട് കടപ്പാടുണ്ടെന്നും, മർക്കോസിന്റെ സുവിശേഷം മത്തായിയുടേതിന്റെ സംഗ്രഹമാണെന്നും ലൂക്കോസ് മത്തായിയേയും മർക്കോസിനേയും ആശ്രയിച്ചു എന്നും, മറ്റു മൂന്നു സുവിശേഷങ്ങളേയും ആശ്രയിച്ചാണ് യോഹന്നാൻ എഴുതിയതെന്നും അഗസ്റ്റിൻ അഭിപ്രായപ്പെട്ടു.[5]

'സിനോപ്റ്റിക് പ്രശ്നം'

തിരുത്തുക

പരമ്പരാഗതമായി അവതരിപ്പിക്കപ്പെട്ടിട്ടുള്ള വിശദീകരണങ്ങളുമായി ഒത്തുപോകാത്ത തരം സങ്കീർണമായ പരസ്പരബന്ധമാണ് സമാന്തര സുവിശേഷങ്ങളുടെ സൂക്ഷ്മമായ വിശകലനം വെളിവാക്കുന്നത്. ഇവയിൽ ഏറ്റവും ചെറുതായ മർക്കോസിന്റെ സുവിശേഷത്തിൽ ആകെയുള്ള 661 വാക്യങ്ങളിൽ 630-നും സമാന്തരമായ ഭാഗങ്ങൾ മറ്റു രണ്ടു സുവിശേഷങ്ങളിൽ ഒന്നിലെങ്കിലും ഉണ്ട് എന്ന് കണ്ടെത്തിയിട്ടുണ്ട്. മത്തായിയുടെ സുവിശേഷം മർക്കോസിന്റെ 600-ലേറെ വാക്യങ്ങൾക്ക് സമാനമായ ഭാഗങ്ങളും, ലൂക്കോസിൻറെ സുവിശേഷം മർക്കോസിന്റെ 350 വാക്യങ്ങൾക്കെങ്കിലും സമാനമായ ഭാഗങ്ങളും ഉൾ‍ക്കൊള്ളുന്നു. മർക്കോസിന്റെ സുവിശേഷത്തിന്റെ ഉള്ളടക്കം ഏതാണ്ട് പൂർണമായിത്തന്നെ മത്തായിയും, മൂന്നിൽ രണ്ട് ലൂക്കോസും ആവർത്തിച്ചിട്ടുണ്ട്.[6] അതേസമയം മർക്കോസിൻറെ സുവിശേഷത്തിലില്ലാത്ത 200-ഓളം വാക്യങ്ങൾ മത്തായിയുടേയും ലൂക്കോസിൻറേയും സുവിശേഷങ്ങൾക്ക് പൊതുവായുണ്ട്. [7]ഇതിനും പുറമേ മർക്കോസിൻറേയും ലൂക്കോസിന്റേയും സുവിശേഷങ്ങളിലില്ലാത്ത ചില ഭാഗങ്ങൾ മത്തായിയുടെ സുവിശേഷത്തിലും, മർക്കോസിന്റേയും മത്തായിയുടേയും സുവിശേഷങ്ങളിൽ ഇല്ലാത്ത ചില ഭാഗങ്ങൾ ലൂക്കോസിന്റെ സുവിശേഷത്തിലും കാണപ്പെടുന്നു. സങ്കീർ‍ണമായ ഈ പരസ്പരബന്ധത്തിന്റെ പിന്നിലുള്ള സാഹിത്യബന്ധം (Literary connection) എന്തെന്ന ചോദ്യം സിനോപ്റ്റിക് പ്രശ്നം എന്ന പേരിൽ അറിയപ്പെടുന്നു.


ഈ ഗ്രന്ഥങ്ങളുടെ വിചിത്രമായ കൂട്ടായ്മക്ക് പല വിശദീകരണങ്ങളും അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. സമാന്തരസുവിശേഷങ്ങൾ‍ തമ്മിലുള്ള ബന്ധത്തിന്റെ സങ്കീർണതകളുടെ ആഴത്തിലുള്ള അന്വേഷണം പതിനെട്ടാം നൂറ്റാണ്ടിൽ ജർമ്മനിയിൽ തുടങ്ങിയതിന് ശേഷമാണ് ഈ വിശദീകരണങ്ങളിലേറെയും അവതരിക്കപ്പെട്ടത്.

വിശദീകരണങ്ങൾ

തിരുത്തുക

ക്രിസ്തുവിന്റെ കാലത്തിനുശേഷം, അറമായ ഭാഷയിൽ പ്രചരിച്ച്, ആവർത്തനം കൊണ്ട് ഉറച്ചരൂപം കൈവന്ന പൊതുവായ ഒരു വാമൊഴി പാരമ്പര്യത്തെ (Oral tradition) ആശ്രയിച്ചതാണ് ഈ സുവിശേഷങ്ങൾ എഴുതപ്പെട്ടതെന്നും അതാണ് അവയുടെ സമാനതക്ക് കാരണമെന്നും വാദിക്കപ്പെട്ടിട്ടുണ്ട്. വിവിധസ്ഥലങ്ങളിലെ പ്രബോധകന്മാർ ഈ പൊതു പാരമ്പര്യത്തെ അവരുടെ സാഹചര്യങ്ങൾക്ക് ചേരുംപടി ചിട്ടപ്പെടുത്തി അവതരിപ്പിച്ചതാണ് ഈ സുവിശേഷങ്ങൾ തമ്മിലുള്ള വ്യത്യാസത്തിന് കാരണമായതെന്നും ഈ വാദം വിശദീകരിക്കുന്നു.

വാമൊഴി പാരമ്പര്യത്തെ അടിസ്ഥാനമാക്കിയുള്ള വാദം ഈ മൂന്നു സുവിശേഷങ്ങൾക്ക് ഘടനയിലും, ഉള്ളടക്കത്തിലും, ശൈലിയിലും ഉള്ള അസാമാന്യമായ സമാനത വിശദീകരിക്കാൻ മതിയാവുകയില്ല എന്ന് മറുവാദമുണ്ട്. അതിന് പുറമേ, അത്തരം പാരമ്പര്യം അപ്പസ്തോലന്മാരുടെ പ്രവർത്തനകേന്ദ്രമായിരുന്ന ജറുസലേമിനെ കേന്ദ്രമാക്കിയാണ് രൂപപ്പെട്ടിരിക്കുക എന്നിരിക്കെ, യോഹന്നാന്റെ സുവിശേഷത്തിൽനിന്ന് ഭിന്നമായി, സമാന്തരസുവിശേഷങ്ങൾ ക്രിസ്തുവിന്റെ ജറുസലേമിലെ പ്രവർത്തനങ്ങൾക്ക് വളരെ കുറച്ച് പ്രാധാന്യം മാത്രം കല്പിക്കുന്നതെന്ത് എന്നതിന് ഉത്തരം അന്വേഷിക്കേണ്ടി വരും എന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.[8]

പരസ്പരാശ്രയം

തിരുത്തുക

സമാന്തരസുവിശേഷങ്ങൾ അവയുടെ ഉള്ളടക്കത്തിന് പരസ്പരം കടപ്പെട്ടിരിക്കുന്നതാണ് അവ തമ്മിലുള്ള പ്രത്യേകബന്ധത്തിന് കാരണം എന്നാണ് മറ്റൊരു വാദം. ഇതനുസരിച്ച് ഈ സുവിശേഷങ്ങളിൽ ആദ്യം എഴുതപ്പെട്ടവയെ ആശ്രയിച്ചാണ് പിന്നീടുണ്ടായവ രൂപമെടുത്തത്. ഈ വാദത്തിന്റെ ഏറ്റവും പഴയ രൂപം, മർക്കോസിന്റെ സുവിശേഷം മത്തായിയുടേതിന്റെ സംഗ്രഹമാണെന്നും ലൂക്കോസ് മത്തായിയേയും മർക്കോസിനേയും ആശ്രയിച്ചു എന്നുമുള്ള അഗസ്റ്റിന്റെ നിലപാടാണ്. മത്തായി-ലൂക്കോസ്-മർക്കോസ് എന്ന ക്രമത്തിലും മർക്കോസ്-മത്തായി-ലൂക്കോസ് എന്ന ക്രമത്തിലുമൊക്കെ അവ എഴുതപ്പെട്ടതായും വാദങ്ങളുണ്ട്.

പരസ്പരാശ്രയവാദവും ഈ കൃതികളുടെ വിശേഷബന്ധത്തെ തൃപ്തികരമായി വിവരിക്കാൻ പര്യാപ്തമല്ല. നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ഏത് മുൻ‌ഗണനാക്രമം പിന്തുടർ‍ന്നാലും ഈ സുവിശേഷങ്ങളിൽ ഒന്നിലെ ആഖ്യാനം അത് അവലംബമാക്കിയെന്നു പറയുന്ന സുവിശേഷത്തിലേതിനേക്കാൾ മൗലികവും സമഗ്രമായിരിക്കുന്നതിന് ഉദാഹരണങ്ങൾ കണ്ടെത്താൻ കഴിയും.

പൂർ‍‌വലിഖിതങ്ങൾ

തിരുത്തുക

സമാന്തരസുവിശേഷങ്ങൾക്കു മുൻപേ എഴുതപ്പെട്ടിരുന്നതും ഇന്നു ലഭ്യമല്ലാത്തതുമായ ചില രേഖകളെ ആശ്രയിച്ചാണ് മൂന്നു സുവിശേഷകന്മാരും അവരുടെ ഗ്രന്ഥങ്ങൾ എഴുതിയതെന്നാണ് ഇന്ന് ഏറെപ്പേർ സ്വീകാര്യമായി കരുതുന്ന ഒരു വാദം. ഇത് പല രൂപങ്ങളിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. സുവിശേഷകന്മാർ ആശ്രയിച്ചത് സെമെറ്റിക് ഭാഷകളായ ഹീബ്രൂ, അറമായ എന്നിവയിൽ ഒന്നിലുള്ള ഒരു പൂർ‌വലിഖിതം ആണെന്നാണ് ഒരു വാദം. സമാന്തര സുവിശേഷങ്ങളുടെ ഇന്ന് ലഭ്യമായ ഗ്രീക്ക് പാഠങ്ങളിലെ പല ആശയങ്ങളുടേയും പ്രയോഗങ്ങളുടേയും മൂലം സെമെറ്റിക് ആണെന്നും, സെമെറ്റിക് ഭാഷകളിലൊന്നിലുള്ള ഒരു രേഖയെ ആധാരമാക്കി എഴുതിയതാണ് അതിന് കാരണമെന്നും ആണ് വാദം. എന്നാൽ, യേശുവിന്റെ ദൗത്യത്തിന്റെ ഹെബ്രായ/അറമായ പശ്ചാത്തലം എല്ലാവരും സമ്മതിക്കുന്നതാണെങ്കിലും സമാന്തരസുവിശേഷങ്ങൾ മൂന്നും ഒരു സെമെറ്റിക് മൂലത്തിൽ നിന്ന് പലതരത്തിലുള്ള മൊഴിമാറ്റം വഴി രൂപംകൊണ്ടവയാണെന്ന വാദത്തിന് സ്വീകാര്യത കുറവാണ്. ഈ കൃതികൾ തമ്മിലുള്ള സാമ്യ-വ്യത്യാസങ്ങളുടെ പഠനം പലപ്പോഴും വിരൽ ചൂണ്ടുന്നത്, അവക്ക് പൊതു അവലംബമായി നിൽക്കുന്ന ഗ്രീക്ക് ലിഖിതങ്ങളിലേക്കാണ് എന്നതും ഈ വാദത്തെ ദുർബ്ബലമാക്കുന്നു.

ആദിമസഭകളിൽ പലയിടങ്ങളിലായി ചിതറിക്കിടന്ന അനേകം ഗ്രീക്ക്-അറമായ നുറുങ്ങു സുവിശേഷങ്ങളെ ആശ്രയിച്ചാണ് സമാന്തരസുവിശേഷങ്ങൾ എഴുതപ്പെട്ടതെന്നാണ് ഈ വാദത്തിന്റെ മറ്റൊരു രൂപം. എന്നാൽ പല നുറുങ്ങുലിഖിതങ്ങൾ കൂട്ടിയിണക്കിയതാണ് ഈ സുവിശേഷങ്ങൾ എന്ന ഈ വാദത്തെ ഇവയുടെ സൂക്ഷ്മപരിശോധന തെളിയിക്കുന്നില്ല എന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.

രണ്ടു കൃതികൾ

തിരുത്തുക

പൂർ‌വ്വലിഖിതങ്ങളിലേക്കുതന്നെ വിരൽചൂണ്ടുന്ന മറ്റൊരു വാദം, നേരത്തേ ഉണ്ടായിരുന്ന രണ്ടു വലിയ കൃതികളെ(Two documents) പ്രധാനമായും ആശ്രയിച്ചാണ് സമാന്തരസുവിശേഷങ്ങൾ എഴുതപ്പെട്ടതെന്നാണ്. ഇന്നും സജീവ പരിഗണനയിലിരിക്കുന്നതും, വ്യാപകമായി സ്വീകാര്യത കിട്ടിയതുമായ ഒരു വാദമെന്ന നിലക്ക്, പൂർ‌വലിഖിതങ്ങളെ ആധാരമാക്കുന്ന മറ്റു വാദങ്ങൾക്കൊപ്പമല്ലാതെ, പ്രത്യേകമായാണ് അത് മിക്കവാറും പരിഗണിക്കപ്പെടാറ്.

സമാന്തരസുവിശേഷങ്ങളെ ഒന്നായെടുത്താൽ അവയുടെ ഉള്ളടക്കത്തിന്റെ പ്രധാനഭാഗം രണ്ടു വിഭാഗങ്ങളായി തിരിക്കാം എന്ന ബോദ്ധ്യമാണ് ഈ വാദത്തിന് അടിസ്ഥാനം. ഇതിൽ ആദ്യത്തെ വിഭാഗം ഉള്ളടക്കം മൂന്നു സുവിശേഷങ്ങളും പങ്കിടുന്ന ഒരു പാരമ്പര്യത്തിൽ നിന്ന് വന്നതായതുകൊണ്ട് ഇതിനെ ത്രിമുഖ പാരമ്പര്യം (Triple Tradition) എന്നു വിളിക്കുന്നു. മർക്കോസിന്റെ സുവിശേഷത്തിൽ ഇല്ലാത്തതും മത്തായിയുടേയും ലൂക്കോസിന്റേയും സുവിശേഷങ്ങൾക്കു പൊതുവായുള്ളതുമായ ഉള്ളടക്കം മറ്റൊരു പാരമ്പര്യത്തിലേക്ക് വിരൽ ചൂണ്ടുന്നു. മത്തായിയും ലൂക്കോസും മാത്രം ആശ്രയിച്ച ഈ പാരമ്പര്യത്തെ ദ്വിമുഖപാരമ്പര്യം (Double Tradition) എന്നു വിളിക്കുന്നു. യേശുവിന്റെ വചനങ്ങളാണ് ഈ പാരമ്പര്യത്തിന്റെ പ്രധാന ഉള്ളടക്കം.

മേല്പ്പറഞ്ഞ വസ്തുതകളെ മുൻനിർത്തി, സമാന്തരസുവിശേഷങ്ങളുടെ സമാനതകൾക്കു പിന്നിൽ, അവയുടെ രചനക്ക് ആധാരമായ രണ്ട് രേഖകളാണെന്ന് വാദിക്കപ്പെട്ടു. ഈ വാദമനുസരിച്ച്, ഈ സുവിശേഷങ്ങളിൽ മർക്കോസിന്റേതാണ് ആദ്യം എഴുതപ്പെട്ടത്. ത്രിമുഖ പാരമ്പര്യത്തിന്റെ ഉറവിടം ആ സുവിശേഷമോ അതിന്റെ ഒരു പൂർ‌വരൂപമോ ആണ്. ആ പാരമ്പര്യം മർക്കോസിൽ നിന്നാണ് മത്തായിയും ലൂക്കോസും കൈക്കൊണടത്. മത്തായിയും ലൂക്കോസും മാത്രം ആശ്രയിച്ച ദ്വിമുഖപാരമ്പര്യത്തിന്റെ ഉറവിടം, ഇന്ന് ലഭ്യമല്ലാത്തതും, യേശുവിന്റെ വചനങ്ങൾ സമാഹരിച്ചിരുന്നതുമായ മറ്റൊരു ഗ്രന്ഥമാണ്. പത്തൊൻപതാം നൂറ്റാണ്ടു മുതൽ ഈ ഗ്രന്ഥത്തെ സൂചിപ്പിക്കാൻ റോമൻ ലിപിയിലെ Q (ക്യൂ) എന്ന അക്ഷരം ഉപയോഗിക്കാറുണ്ട്. ഉറവിടം (Source) എന്ന് അർത്ഥം വരുന്ന ജർമ്മൻ ഭാഷയിലെ Quelle എന്ന വാക്കിനെ ഉദ്ദേശിച്ചാണിത്. മത്തായിയുടേയും ലൂക്കോസിന്റേയും സുവിശേഷങ്ങളിൽ ചിതറിക്കിടക്കുന്ന അതിന്റെ ഖണ്ഡങ്ങൾ കൂട്ടിച്ചേർത്ത് ക്യൂ-വിനെ പുന:സൃഷ്ടിക്കാനും ശ്രമങ്ങൾ നടന്നിട്ടുണ്ട്. യേശുവിന്റെ വചനങ്ങൾ അടങ്ങിയ അത്തരം ഒരു രേഖ എന്ന ആശയത്തിന്, കോപ്റ്റിക് ഭാഷയിൽ എഴുതപ്പെട്ട തോമസിന്റെ സുവിശേഷം എന്ന ഗ്രന്ഥം ഈ നൂറ്റാണ്ടിൽ ഈജിപ്തിലെ നാഗ് ഹമാദിയിലെ ജ്ഞാനവാദ ഗ്രന്ഥശേഖരത്തിൽ കണ്ടുകിട്ടിയതിനു ശേഷം കൂടുതൽ പിൻബലവും കിട്ടിയിട്ടുണ്ട്. മറ്റു സുവിശേഷങ്ങളിൽ ഭാഗികമായി മാത്രം ഉള്ള യേശുവിന്റെ 140 വചനങ്ങളാണ് തോമസിന്റെ സുവിശേഷത്തിന്റെ ഉള്ളടക്കം.

ഇന്നത്തെ വീക്ഷണം

തിരുത്തുക

സമാന്തരസുവിശേഷങ്ങളെക്കുറിച്ച് ഇതുവരെ മുന്നോട്ടു വയ്ക്കപ്പെട്ടിട്ടുള്ള വിശദീകരണങ്ങളിൽ ഇന്ന് ഏറ്റവും അധികം പിന്തുണയുള്ളത് ഇവയിൽ ആദ്യം എഴുതപ്പെട്ടത് മർക്കോസിന്റെ സുവിശേഷമാണെന്നും അതിനേയും, ഇന്ന് ലഭ്യമല്ലാത്ത മറ്റൊരു ഗ്രന്ഥത്തേയും പ്രധാന ആധാരമാക്കി മത്തായിയുടേയും ലൂക്കോസിന്റേയും സുവിശേഷങ്ങൾ എഴുതപ്പെട്ടു എന്നും ഉള്ള (Two documents) വാദമാണ്. ഭൂരിഭാഗം പ്രൊട്ടസ്റ്റന്റ് പണ്ഡിതന്മാരും കത്തോലിക്കാ പണ്ഡിതന്മാരിൽ ഒരു വലിയ വിഭാഗവും ഇതിനെ ഉപാധികളോടെയാണെങ്കിലും പിന്തുണക്കുന്നു. എന്നാൽ ഈ വാദം തന്നെ എപ്പോഴും അവതരിപ്പിക്കപ്പെടുന്നത് ഒരേ രൂപത്തിലല്ല എന്ന് പറയേണ്ടതുണ്ട്. അതിന്റെ പല വകഭേദങ്ങൾ നിലവിലുണ്ട്. മത്തായിയും ലൂക്കോസും, മർക്കോസിന്റെ സുവിശേഷത്തിനും, ക്യൂ എന്നറിയപ്പെടുന്ന രേഖക്കും പുറമേ വേറേ ഓരോ രേഖയെ കൂടി ആശ്രയിച്ചു എന്ന വാദമാണ് അതിലൊന്ന്. അതിൽ മത്തായി ആശ്രയിച്ച രേഖ 'M' എന്നും ലൂക്കോസ് ആശ്രയിച്ചത് 'L' എന്നും സുചിപ്പിക്കപ്പെടുന്നു. ഈ വാദം പിന്തുടർന്നാൽ ഈ സുവിശേഷങ്ങളുടെ രചനക്ക് പിന്നിലുണ്ടായിരുന്നത് രണ്ടിനു പകരം നാലു രേഖകളാണ്.


സമാന്തരസുവിശേഷങ്ങളുടെ സമാനതാ-വ്യത്യാസങ്ങൾക്ക് കുറ്റമറ്റ ഒരു വിശദീകരണം ഇതുവരെ ലഭ്യമല്ലെന്നതാണ് അവയുടെ ആഴത്തിലുള്ള താരതമ്യ പഠനം തരുന്ന അറിവ്.


  1. The Synoptic Problem, Literary Relationship between Mathew, Mark and Luke - http://www.textexcavation.com/synopticproblem.html Archived 2008-05-13 at the Wayback Machine.
  2. Eusebius - The History of the Church - G.A. Williamson-ന്റെ ഇംഗ്ലീഷ് പരിഭാഷ - Book 2:15, 3:39
  3. Eusebius - The History of the Church - Book 3:39
  4. Eusebius - The History of the Church - Book 6:14
  5. The Synoptic Problem - Literary Interrelationship of the synoptic Gospels - http://www.abu.nb.ca/Courses/NTIntro/synoptic.htm Archived 2011-07-24 at the Wayback Machine.
  6. The Synoptic Problem FAQ - http://www.mindspring.com/~scarlson/synopt/faq.htm Archived 2008-05-15 at the Wayback Machine.
  7. The Oxford Companion to the Bible-ലെ Synoptic Problem എന്ന ലേഖനം
  8. കത്തോലിക്കാ വിജ്ഞാനകോശത്തിലെ ലേഖനം - Synoptics - http://www.newadvent.org/cathen/14389b.htm
"https://ml.wikipedia.org/w/index.php?title=സമാന്തരസുവിശേഷങ്ങൾ&oldid=3950078" എന്ന താളിൽനിന്ന് ശേഖരിച്ചത്