സാർ അലക്സാണ്ടർ മൂന്നാമൻ
റഷ്യയിലെ സാർചക്രവർത്തിയായിരുന്നു അലക്സാണ്ടർ III. അലക്സാണ്ടർ II ന്റെയും മരിയ അലക്സാണ്ട്രോവ്നയുടെയും പുത്രനായി അലക്സാണ്ടർ അലക്സാന്ത്രോവിച്ച് 1845 മാർച്ച് 10-ന് സെന്റ് പീറ്റേഴ്സ്ബർഗിൽ ജനിച്ചു. സഹോദരൻ നിക്കോളാസ് 1865 ഏപ്രിൽ 24-ന് നിര്യാതനായതിനെത്തുടർന്ന് അലക്സാണ്ടർ ചക്രവർത്തിപദത്തിന് അവകാശിയായി. നിയമവും ഭരണനടത്തിപ്പും സംബന്ധിച്ച പരിശീലനം പൊബിഡൊനൊസ്റ്റ്സേവി (1827-1907) ൽനിന്ന് ഈ കാലത്ത് ഇദ്ദേഹത്തിന് ലഭിച്ചു. 1866 നവംബർ ഒൻപതിനു ഇദ്ദേഹം ഡെൻമാർക്കിലെ സോഫിയ ഫ്രഡറിക്ക് ഡാഗ്മർ രാജകുമാരി (മരിയ ഫെദറോവ്ന ചക്രവർത്തിനി)യെ വിവാഹം ചെയ്തു. റൂസ്സോ-തുർക്കി യുദ്ധക്കാലത്ത് ഇദ്ദേഹം ബൾഗേറിയൻ പ്രദേശത്ത് യുദ്ധത്തിലേർപ്പെട്ടു; ഇക്കാലത്ത് സംഘടിപ്പിക്കപ്പെട്ടതാണ് റഷ്യൻ വളണ്ടിയർ ഫ്ലീറ്റ്. ഇത് പിന്നീട് റഷ്യൻ നാവിക വാണിജ്യപ്പടയുടെ കേന്ദ്രബിന്ദുവായിത്തീർന്നു. പിതാവായ അലക്സാണ്ടർ II ന്റെ വധത്തെത്തുടർന്ന് 1881 മാർച്ച് 13-ന് അലക്സാണ്ടർ III റഷ്യൻ ചക്രവർത്തിയായി.
ദേശീയവാദിയും യാഥാസ്ഥിതികനും
തിരുത്തുകഒരു തികഞ്ഞ ദേശീയവാദിയും യാഥാസ്ഥിതികനുമായിരുന്ന അലക്സാണ്ടർ പ്രാദേശീയ സ്വയംഭരണത്തിന് എതിരായിരുന്നു. എന്നാൽ റഷ്യയെ സാമ്പത്തികമായി ഉയർത്താൻ ഇദ്ദേഹം അക്ഷീണം പ്രയത്നിച്ചിരുന്നു. കർഷകരുടെ അഭ്യുന്നതിക്കുവേണ്ടി ഒരു ബാങ്കും ഇദ്ദേഹം സ്ഥാപിച്ചു. എല്ലാ പ്രവർത്തനങ്ങളിലും റഷ്യാവത്കരണം ഇദ്ദേഹത്തിന്റെ നയമായിരുന്നു. ഈ നയം പോളണ്ടുകാർക്കും ഫിൻലണ്ടുകാർക്കും ബാൾട്ടിക്ക് പ്രോവിൻസുകാർക്കും ഹിതകരമായിരുന്നില്ല. ബിസ്മാർക്കിന്റെ പതനത്തോടെ റഷ്യയും ജർമനിയും തമ്മിലുള്ള സൗഹൃദം അവസാനിച്ചു. തുടർന്ന് റഷ്യ റിപ്പബ്ലിക്കൻ ഫ്രാൻസുമായി യോജിപ്പിലായി. ഭീകരവാദികൾ പലപ്പോഴും ഇദ്ദേഹത്തിന്റെ ജീവൻ അപകടപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. 1894 നവംബർ. 1-ന് ക്രീമിയയിലെ ലിവൊദിയയിൽവച്ച് ഇദ്ദേഹം അന്തരിച്ചു.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- http://www.memidex.com/czar-alexander-iii[പ്രവർത്തിക്കാത്ത കണ്ണി]
- http://www.answers.com/topic/alexander-iii-1
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അലക്സാണ്ടർ III (1845 - 94) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |