പെഴ്സി ബിഷ് ഷെല്ലി

(ഷെല്ലി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കാല്പനിക യുഗത്തിലെ പ്രമുഖ ആംഗലകവികളിൽ ഒരാളായിരുന്നു പെഴ്സി ബിഷ് ഷെല്ലി (ജനനം: ആഗസ്റ്റ് 4 1792 – മരണം: ജൂലൈ 8 1822). ഇംഗ്ലീഷ് ഭാഷയിലെ മുൻ‌നിര ഭാവകവികളിൽ ഒരാളായിരുന്നു അദ്ദേഹമെന്നാണ് നിരൂപകമതം. ഷെല്ലിയും, കീറ്റ്സും ബൈറണും ചേരുന്നതാണ് കാല്പനികയുഗത്തിലെ പേരുകേട്ട കവിത്രയം. പ്രമുഖ ആഖ്യായികാകാരി മേരി ഷെല്ലി അദ്ദേഹത്തിന്റെ രണ്ടാമത്തെ പത്നിയായിരുന്നു.

പെഴ്സി ബിഷ് ഷെല്ലി
പെഴ്സി ഷെല്ലി
പെഴ്സി ഷെല്ലി
ജനനം(1792-08-04)4 ഓഗസ്റ്റ് 1792
ഫീൽഡ് പ്ലേസ്, ഹോർഷാം, ഇംഗ്ലണ്ട്[1]
മരണം8 ജൂലൈ 1822(1822-07-08) (പ്രായം 29)
വിയാരെജ്ജിയോ, ടസ്കനി, ഇറ്റലി
തൊഴിൽകവി, നാടകകൃത്ത്, പ്രബന്ധകാരൻ, നോവലിസ്റ്റ്
സാഹിത്യ പ്രസ്ഥാനംകാല്പനികത്വം
കയ്യൊപ്പ്

ഇംഗ്ലണ്ടിലെ രാഷ്ട്രീയ-സാഹിത്യ മേഖലകളിൽ പേരെടുത്തിരുന്ന കുലീനകുടുംബങ്ങളിൽ നിന്നുള്ള മാതാപിതാക്കളുടെ മൂത്ത സന്താനമായി സസക്സിൽ ഹോർഷാം എന്ന സ്ഥലത്തിനടുത്തുള്ള ഫീൽഡ് പ്ലേസിലാണ് ഷെല്ലി ജനിച്ചത്. തൊട്ടു താഴെയായി നാലു സഹോദരിമാരും ഏറ്റവും ഇളയ ഒരു സഹോദരനുമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. കുട്ടിക്കാലം മുതൽ ഷെല്ലി ജീവിച്ചത് ഒരുതരം സങ്കല്പലോകത്തിലായിരുന്നു. പഠനത്തിൽ വളരെ സമർത്ഥനായിരുന്ന അദ്ദേഹം ക്ലാസിക്കുകൾ പെട്ടെന്ന് ഹൃദിസ്ഥമാക്കി. സ്കോട്ട്‌ലൻഡ് സ്വദേശിയായ ഒരു കണിശക്കാരൻ അദ്ധ്യാപകൻ നടത്തിയിരുന്ന വിദ്യാലയത്തിലായിരുന്നു അദ്ദേഹത്തിന്റെ ഔപചാരികവിദ്യാഭ്യാസത്തിന്റെ തുടക്കം. നരകവും ജെയിലും ഒത്തുചേർന്നതുപോലെയാണ് ആ സ്ഥാപനം അദ്ദേഹത്തിന് അനുഭവപ്പെട്ടത്. തുടർന്ന് 12-ആമത്തെ വയസ്സിൽ ചേർന്ന പ്രസിദ്ധമായ ഈറ്റൺ വിദ്യാലയത്തിലെ അനുഭവങ്ങളും മെച്ചപ്പെട്ടതായിരുന്നില്ല. മുതിർന്ന വിദ്യാർത്ഥികൾ ചെറിയ കുട്ടികളെക്കൊണ്ട് ദാസ്യവൃത്തി ചെയ്യിക്കുന്ന "ഫാഗിങ്ങ്" സമ്പ്രദായത്തെ എതിർത്ത ഷെല്ലി സ്കൂളിൽ "ഭ്രാന്തൻ ഷെല്ലി" എന്നറിയപ്പെട്ടു.[2]

സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ഓക്സ്ഫോർഡിലെ കലാശാലാ വിദ്യാഭ്യാസവും പഴയ അനുഭവങ്ങളുടെ ആവർത്തനമായാണ് ഷെല്ലിയ്ക്ക് അനുഭവപ്പെട്ടത്. ഇക്കാലത്ത് ഡേവിഡ് ഹ്യൂമിന്റെ രചനകളുടെ ശകലങ്ങളുമായി പരിചയപ്പെട്ട ഷെല്ലി അവയുടെ സ്വാധീനത്തിൽ "നിരീശ്വരവാദത്തിന്റെ അനിവാര്യത" (The necessity of Atheism) എന്ന പേരിൽ ഒരു ലഘുലേഖ പ്രസിദ്ധീകരിച്ചു. മെത്രാന്മാർ ഉൾപ്പെടെ, ആർക്കൊക്കെ അലോസരമുണ്ടാക്കാൻ സാദ്ധ്യതയുണ്ടോ അവർക്കൊക്കെ അതിന്റെ പ്രതികൾ അയച്ചുകൊടുക്കുക കൂടി ചെയ്തു അദ്ദേഹം. ലഘുലേഖയുടെ പ്രസിദ്ധീകരണത്തിനു സർവകലാശാല ആവശ്യപ്പെട്ട വിശദീകരണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് ഷെല്ലി 1811-ൽ ഓക്സ്ഫോർഡിൽ നിന്നു പുറത്താക്കപ്പെട്ടു.

അധികാരസ്ഥാനങ്ങളോടും പിതാവിനോടും ഇടഞ്ഞ് ഉപജീവനമാർഗ്ഗമൊന്നുമില്ലാതെ, അനുജത്തിമാർ അവരുടെ പോക്കറ്റുമണിയിൽ നിന്നു കനിഞ്ഞു കൊടുത്തിരുന്ന സഹായത്തെ മാത്രം ആശ്രയിച്ച് അദ്ദേഹം ലണ്ടണിൽ കഴിഞ്ഞു. അക്കാലത്ത്, തന്റെ ആശയങ്ങളുടെ അസാധാരണതയിൽ ആകൃഷ്ടയായ ഹാരിയറ്റ് വെസ്റ്റ്ബ്രൂക്ക് എന്ന സ്കൂൾ വിദ്യാർത്ഥിനിയുമായി പരിചയപ്പെട്ട ഷെല്ലി അവളോടൊത്തു താമസിക്കാൻ തുടങ്ങി. രണ്ടു വർഷം അവർ ഒരുമിച്ചു ജീവിച്ചു. അവർക്ക് ഒരു കുട്ടി ജനിച്ചു. അതിനിടെ അരാജകത്വവാദിയായ വില്യം ഗോൾഡ്വിനുമായി ഷെല്ലി പരിചയപ്പെട്ടിരുന്നു. ഹാരിയറ്റ് രണ്ടാമതും ഗർഭിണിയായിരിക്കെ ഷെല്ലി, ഗോൾഡ്വിന്റെ 16 വയസ്സുള്ള മകൾ മേരിയുമായി ഒളിച്ചോടി.[൨] ഇറ്റലിയിലെ അലഞ്ഞുതിരിയലിനു ശേഷം അദ്ദേഹം പിസാ നഗരത്തിൽ താമസമാക്കി. അവിടെ പ്രമുഖ ഇംഗ്ലീഷ് കാല്പനികകവി ബൈറന്റെ സാമീപ്യവും സൗഹൃദവും ഷെല്ലിയ്ക്ക് അനുഗ്രഹമായി.[2]

 
"ഷെല്ലിയുടെ ദേഹസംസ്കാരം", ലൂയി എഡ്വേർഡ് ഫോർണിയറുടെ ചിത്രം

മുപ്പതാം ജന്മദിനത്തിന് ഒരു മാസം മുൻപ്, 1822 ജൂലൈ മാസം 8-ആം തിയതി, ഇറ്റലിയിൽ ലിവോർണോയിൽ നിന്ന് ലെറിസിയിലേക്ക് ഡോൺ ഹുവാൻ എന്ന തന്റെ പായ്ക്കപ്പലിൽ മടങ്ങുകയായിരുന്ന ഷെല്ലി, പെട്ടെന്നുണ്ടായ ഒരു കൊടുങ്കാറ്റിൽ കപ്പൽ മുങ്ങി മരിച്ചു. പിന്നീട് കരയ്ക്കടിഞ്ഞ അദ്ദേഹത്തിന്റെ മൃതദേഹം ക്വാറന്റൈൻ വ്യവസ്ഥകൾ പിന്തുടർന്ന് കടൽത്തീരത്തു തന്നെ ദഹിപ്പിക്കപ്പെട്ടു. അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടം റോമിലെ ഇംഗ്ലീഷ് സിമിത്തേരിയിൽ കീറ്റ്സിന്റെ അന്ത്യവിശ്രമസ്ഥാനത്തിനടുത്ത് സംസ്കരിക്കപ്പെട്ടു.

"ഒസിമാൻഡിയസ്", "ഓഡ് ടു ദ വെസ്റ്റ് വിൻഡ്" "വാനമ്പാടിയോട്", "സംഗീതം", "മൃദുസ്വരങ്ങൾ മരിക്കുമ്പോൾ", "മേഘം" "അരാജകത്വത്തിന്റെ പ്രച്ഛന്നനൃത്തം" എന്നീ കവിതാസമാഹാരങ്ങളുടെ പേരിലാണ് ഷെല്ലി ഏറെ അറിയപ്പെടുന്നത്. ഇംഗ്ലീഷ് ഭാഷയിൽ ഏറ്റവും പ്രസിദ്ധിയും നിരൂപകശ്രദ്ധയും നേടിയിട്ടുള്ള കവിതകളിൽ പെടുന്നവയാണിവ. എങ്കിലും ഷെല്ലിയുടെ പ്രധാന രചനകളായിരിക്കുന്നത് "മാബിലെ രാജ്ഞി" "അലാസ്റ്റർ", "ഇസ്ലാമിന്റെ കലാപം", "അഡോണിയാ" എന്നീ ദീർഘ കാല്പനികകവിതകളും പൂർത്തിയാക്കപ്പെടാതിരുന്ന "ജീവന്റെ വിജയം" എന്ന രചനയുമാണ്. "സെൻസി", "കെട്ടഴിഞ്ഞ പ്രോമിഥിയസ്" എന്നിവ അഞ്ചും നാലും അംഗങ്ങളുള്ള നാടകീയ രചനകളായിരുന്നു. ഷെല്ലി നാടകരചനയിൽ വിമുഖനായിരുന്നു എന്നു പറയാറുണ്ടെങ്കിലും, നാടകവേദിയോട് അദ്ദേഹത്തിന് തീവ്രമായ മമതയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നാടകങ്ങൾ ഇക്കാലത്തും അവതരിപ്പിക്കപ്പെടാറുണ്ട്.[3] ഗോത്തുകളെ സംബന്ധിച്ച "സസ്ട്രോസി", "വിശുദ്ധ ഇർവിൻ" എന്നിവ അദ്ദേഹത്തിന്റെ നോവലുകളാണ്. "ദ അസാസിൻസ്", "കൊളീസിയം" "ഊനാ ഫവോള" എന്നീ ലഘുഗദ്യരചനകളും അദ്ദേഹത്തിന്റേതായുണ്ട്. പത്നി മേരി ഷെല്ലിയുടെ രചനയായി ഇതേവരെ അറിയപ്പെടുന്ന "ഫ്രാങ്കെൻസ്റ്റീൻ" എന്ന പ്രഖ്യാതകൃതിയുടെ രചനയിൽ ഷെല്ലിയും പങ്കാളിയായിരുന്നെന്ന് അടുത്തകാലത്ത് വാദിക്കപ്പെട്ടിട്ടുണ്ട്.[4][5][6]

എതിർപ്പുകൾ

തിരുത്തുക

ഷെല്ലിയുടെ അസാമ്പ്രദായികമായ ജീവിതരീതിയും ആശയങ്ങളുടെ അയാഥാസ്ഥിതികത്വവും, അദ്ദേഹത്തെ ജീവിതകാലത്തും മരണശേഷവും, ഒരേസമയം എതിർപ്പിന്റെ ആധികാരികസ്വരവും വിമർശനങ്ങളുടെ[൧] ലക്ഷ്യവുമാക്കി. "ഹാരിയറ്റ് ഷെല്ലിയുടെ പക്ഷം" എന്ന കൃതിയിൽ മാർക് ട്വയിൻ, ഗർഭിണിയായിരുന്ന ആദ്യപത്നി ഹാരിയറ്റിനേയും ആദ്യസന്താനത്തേയും ഉപേക്ഷിച്ച് 16 വയസ്സുള്ള മേരി ഗോഡ്വിനോടൊപ്പം ഒളിച്ചോടിയ ഷെല്ലിയെ നിശിതമായി വിമർശിക്കുന്നു. [7] തന്റെ വിജയത്തിന്റേയും സ്വാധീനത്തിന്റേയും തികവ് കാണാൻ ഷെല്ലി ജീവിച്ചിരുന്നില്ല; പല കൃതികളും ജീവിതകാലത്തു തന്നെ വെളിച്ചം കണ്ടെങ്കിലും, പ്രസിദ്ധീകരണത്തിനു ശേഷം അവയിൽ പലതും വിലക്കപ്പെട്ടു.

സ്വാധീനം

തിരുത്തുക

വിക്ടോറിയൻ, പൂർവ-റാഫേലിയ(pre-Raphaelite) യുഗങ്ങളിലെ മുഖ്യന്മാരടക്കം, അടുത്ത മൂന്നോ നാലോ തലമുറകളിലെ കവികളുടെ അരാധനാമൂർത്തിയായിത്തീർന്നു ഷെല്ലി. കാറൽ മാർക്സ്, ഓസ്കാർ വൈൽഡ്, തോമസ് ഹാർഡി, ജോർജ്ജ് ബർണാർഡ് ഷാ, ബെർട്രാൻഡ് റസ്സൽ, വില്യം ബട്ട്‌ളർ യേറ്റ്സ്, അപ്ടൻ സിംക്ലേയർ, ഇസിദൊര ഡങ്കൺ തുടങ്ങിയവരെ അദ്ദേഹം സ്വാധീനിച്ചു.[8] ഹേൻറി ഡേവിഡ് തോറോയുടെ നിയമലംഘന പ്രസ്ഥാനത്തിലും, മഹാത്മഗാന്ധിയുടെ അഹിംസാത്മക സമരത്തിലും, പ്രതിഷേധത്തിന്റേയും രാഷ്ട്രീയപ്രവർത്തനത്തിന്റേയും അക്രമരഹിത മാർഗ്ഗത്തെക്കുറിച്ചുള്ള ഷെല്ലിയുടെ ആശയങ്ങളുടെ സ്വാധീനം ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. എങ്കിലും തന്നെ സ്വാധീനിച്ചവരിൽ ഒരാളായി ഗാന്ധി ഷെല്ലിയെ എടുത്തു പറഞ്ഞിട്ടില്ല.[9]

കുറിപ്പുകൾ

തിരുത്തുക

^ ഷെല്ലിയുടെ മരണവാർത്ത ഇംഗ്ലണ്ടിലെത്തിയതിനടുത്ത ദിവസം, യാഥാസ്ഥിതിക കക്ഷിയെ പിന്തുണച്ചിരുന്ന "ക്യൂരിയർ" ദിനപത്രം വാർത്ത ഘോഷിച്ചത് ഇങ്ങനെയാണ്: "വിശ്വാസവഞ്ചനയുടെ കുറേ കവിതകൾ എഴുതിയ ഷെല്ലി മുങ്ങിച്ചത്തു; ദൈവം ഉണ്ടോ ഇല്ലയോ എന്ന് ഇപ്പോൾ അയാൾക്ക് മനസ്സിലായിക്കാണണം."[10]

^ "അരാജകത്വവാദിയായ ഗോൾഡ്വിനുമായി ഗാഢസൗഹൃദത്തിലായ ഷെല്ലി, ഗോൾഡ്വിന്റെ മകൾ മേരിയുമായി ഒളിച്ചോടിക്കൊണ്ട് അയാളുടെ സിദ്ധാന്തങ്ങളിലുള്ള വിശ്വാസം പ്രകടമാക്കി" എന്നു വില്യ ലോങ്ങ്[2]

  1. The Life of Percy Bysshe Shelley, Thomas Medwin (London, 1847), p. 323
  2. 2.0 2.1 2.2 വില്യം ജെ. ലോങ്ങ്, ആംഗല സാഹിത്യം: അതിന്റെ ചരിത്രവും ആംഗല ഭാഷസംസാരിക്കുന്ന ജനതകളുടെ ജീവിതത്തിൽ അതിനുള്ള സ്ഥാനവും (പുറങ്ങൾ 410-18)
  3. Mulhallen, Jacqueline. The Theatre of Shelley. Cambridge: Open Book Publishers, 2011.
  4. Shelley, Mary, with Percy Shelley. ഫ്രാങ്കെൻസ്റ്റീന്റെ മൂലം. ചാൾസ് ഇ. റോബിൻസൺ അവതാരികയോടുകൂടി സംശോധനചെയ്ത് ഓക്സ്ഫോർഡിലെ ബോഡെലിയൻ ഗ്രന്ഥശാല പ്രസിദ്ധീകരിച്ചത്, 2008. ISBN 978-1851243969
  5. "പെഴ്സി ബിഷ് ഷെല്ലി, പത്നി മേരി ഷെല്ലിയെ ഫ്രാങ്കെൻസ്റ്റീന്റെ രചനയിൽ സഹായിച്ചു" എന്നു പ്രൊഫസറുടെ അവകാശവാദം. "ഫ്രാങ്കൻസ്റ്റീന്റെ രചനയിൽ മേരി ഷെല്ലിയ്ക്ക് ഭർത്താവ് പെഴ്സി ബിഷ് ഷെല്ലിയിൽ നിന്ന് വിപുലമായ സഹായം ലഭിച്ചതായി ഒരു പ്രമുഖ അക്കദമിക് അവകാശപ്പെട്ടിരിക്കുന്നു." 2008 ആഗസ്റ്റ് 24-ലെ ടെലഗ്രാഫ് ദിനപത്രത്തിൽ സ്റ്റീഫൻ ആഡംസ് എഴുതിയ ലേഖനം. ചാൾസ് ഇ. റോബിൻസൻ ഇങ്ങനെ എഴുതി: "വാക്കുകളിലും ഉള്ളടക്കത്തിലും, ശൈലിയിലും അദ്ദേഹം സുപ്രധാനമായ മാറ്റങ്ങൾ വരുത്തി. മേരി ഷെല്ലിയും പെഴ്സി ഷെല്ലിയും ചേർന്നെഴുതിയ ഗ്രന്ഥം എന്നാണ് അതിനെ വിളിക്കേണ്ടത്."
  6. മേരി ഷെല്ലിയും പെഴ്സി ഷെല്ലിയും ചേർന്ന്. "ഫ്രാങ്കെൻസ്റ്റീന്റെ മൂലം. ചാൾസ് ഇ. റോബിൻസൺ അവതാരികയോടു കൂടി സംശോധന ചെയ്തത്. NY: Random House Vintage Classics, 2008. ISBN 978-0-307-47442-1
  7. മാർക് ട്വയിൻ, ഹാരിയറ്റ് ഷെല്ലിയുടെ പക്ഷം
  8. Isadora Duncan, "My Life ", W. W. Norton & Co.,1996, pp. 15, 134.
  9. തോമസ് വെബർ, "ശിഷ്യനും ഗുരുവുമായ ഗാന്ധി," കേംബ്രിഡ്ജ് സർവകലാശാലാ പ്രെസ്, 2004, pp. 28–29. Print.
  10. എഡ്മൻഡ് ബ്ലൻഡൻ, ഷെല്ലി, ഒരു ജീവിതകഥ, ഓക്സ്ഫോർഡ് സർവകലാശാല പ്രെസ്, 1965.
"https://ml.wikipedia.org/w/index.php?title=പെഴ്സി_ബിഷ്_ഷെല്ലി&oldid=3963904" എന്ന താളിൽനിന്ന് ശേഖരിച്ചത്