ജോൺ കീറ്റ്സ്
കാല്പനിക യുഗത്തിലെ ഒരു ഇംഗ്ലീഷ് കവിയാണ് ജോൺ കീറ്റ്സ് (ജനനം: 31 ഒക്ടോബർ 1795 മരണം: 23 ഫെബ്രുവരി 1821). കാല്പനിക കവികളിൽ ഏറ്റവും ഒടുവിൽ ജനിച്ചതും ഏറ്റവും ചെറിയ പ്രായത്തിൽ മരിച്ചതും അദ്ദേഹമാണ്.[1] കീറ്റ്സിന്റെ രചനകളെല്ലാം 1817-നും 1820-നും ഇടയ്ക്കുള്ള മൂന്നു വർഷക്കാലത്തിനിടെ വെളിച്ചം കണ്ടവയാണ്. ആദ്യ കവിതകളുടെ പ്രസിദ്ധീകരണത്തിനു വെറും നാലു വർഷത്തിനു ശേഷം, 25-ആമത്തെ വയസ്സിൽ അന്തരിച്ച കീറ്റ്സ്, ഇംഗ്ലീഷ് സാഹിത്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയനായ പ്രതിഭകളിൽ ഒരാളും, ബൈറണും ഷെല്ലിക്കും ഒപ്പം കാല്പനിക പ്രസ്ഥാനത്തിന്റെ നായകസ്ഥാനിയും ആയി വിലയിരുത്തപ്പെടുന്നു. ജീവിതകാലത്ത് ഏറെ അനുഭാവപൂർവ്വമല്ല സാഹിത്യലോകം കീറ്റ്സിനെ സ്വീകരിച്ചത്; എന്നാൽ മരണാനന്തരം അദ്ദേഹത്തിന്റെ പ്രശസ്തി വളരുകയും, അൽഫ്രെഡ് ലോഡ് ടെന്നിസൻ, വിൽഫ്രഡ് അവൻ എന്നിവരടക്കമുള്ള പിൽക്കാലകവികളെ നിർണ്ണായകമായി സ്വാധീനിക്കുകയും ചെയ്തു.[2]
ജോൺ കീറ്റ്സ് | |
---|---|
കീറ്റ്സിന്റെ കവിതകൾ പൊതുവേ, പ്രത്യേകിച്ച് 1819-ൽ പ്രസിദ്ധീകരിച്ച അർച്ചനാകാവ്യങ്ങളുടെ(Odes) പരമ്പര, അവയുടെ ബിംബസമൃദ്ധികൊണ്ട് ശ്രദ്ധിക്കപ്പെട്ടു. അദ്ദേഹത്തിന്റെ കവിതകളും കത്തുകളും അസാമാന്യമായ ജനസമ്മതിയുള്ളവയും ഏറെ ആസ്വദിക്കപ്പെടുന്നവയും ആയി ഇന്നും തുടരുന്നു.
ജീവിതം
തിരുത്തുകതുടക്കം
തിരുത്തുകതോമസ് കീറ്റ്സിന്റേയും ഫ്രാൻസസ് ജെന്നിങ്ങ്സ് കീറ്റ്സിന്റേയും മൂത്ത സന്താനമായി 1795 ഒക്ടോബർ 31-നാണ് ജോൺ കീറ്റ്സ് ജനിച്ചത്. പിന്നീട് മൂന്നു സഹോദരന്മാരും ഒരു സഹോദരിയുമുണ്ടായെങ്കിലും ഏറ്റവും ഇളയ സഹോദരൻ എഡ്‌വേഡ്, ശൈശവത്തിൽ തന്നെ മരിച്ചു. ജോർജ്ജ് (1797–1841), തോമസ് (1799–1818), എന്നീ സഹോദരന്മാരും "ഫാനി" എന്ന വിളിപ്പേർ വീണ ഫ്രാൻസ് മേരി(1803–89) എന്ന സഹോദരിയുമായിരുന്നു മറ്റുള്ളവർ. മദ്ധ്യലണ്ടനിലാണ് ജോൺ കീറ്റ്സ് ജനിച്ചതെന്നു കരുതപ്പെടുന്നെങ്കിലും കൃത്യമായ ജന്മസ്ഥാനം നിശ്ചയമില്ല.[3] മൂത്ത മകനായ ജോണിന്റെ ജന്മകാലത്ത്, പിതാവായ തോമസ് കീറ്റ്സ്, ഹൂപ്പ്ആൻഡ് സ്വാൻ എന്ന മദ്യശാലയിലെ വില്പനക്കാരനായിരുന്നു. പിൽക്കാലത്ത് തന്റെ തന്നെ ഉടമസ്ഥതയിലായ ആ സ്ഥാപനത്തിലാണ് തോമസ് കീറ്റ്സ് കുറേക്കാലം കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. മൂർഗേറ്റ് തീവണ്ടി സ്റ്റേഷനടുത്ത് ഇന്നുള്ള "കീറ്റ്സ് അറ്റ് ദ ഗ്ലോബ്" മദ്യശാല അതിന്റെ പിന്തുടർച്ചയാണ്.
ശൈശവത്തിൽ കുഞ്ഞുകുട്ടികൾക്കുള്ള ഒരു സാധാരണ പാഠശാലയിൽ ജോണിനെ അയച്ചു. 'ഈറ്റണും' 'ഹാരോയും' പോലുള്ള മറ്റു സ്ഥാപനങ്ങളിൽ പഠിക്കാനുള്ള ധനശേഷി ഇല്ലാതിരുന്നതിനാൽ[4][5]1803-ലെ വേനൽക്കാലത്ത് അദ്ദേഹം, മുത്തച്ഛന്റേയും മുത്തച്ഛിയുടേയും വീടിനടുത്ത് എൻഫീൽഡിൽ ജോൺ ക്ലാർക്ക് എന്നൊരാൾ നടത്തിയിരുന്ന "ക്ലാർക്ക് സ്കൂളിൽ" താമസിച്ചു പഠിക്കാൻ തുടങ്ങി. താമസിയാതെ ജോൺ ക്ലാർക്ക്, കീറ്റ്സിന്റെ സുഹൃത്തും അഭ്യുദയകാംക്ഷിയും ആയിത്തീർന്ന് അദ്ദേഹത്തിനു മേൽ വലിയ സ്വാധീനം ചെലുത്തി. ടാസോ, ഏഡ്മണ്ട് സ്പെൻസർ തുടങ്ങിയവർ ഉൾപ്പെടെയുള്ള നവോത്ഥാന നായകന്മാരുടെ രചനകളേയും ജോർജ്ജ് ചാപ്പ്മാന്റെ ഹോമർ പരിഭാഷകളെയും കീറ്റ്സിനു പരിചയപ്പെടുത്തിയത് ക്ലാർക്കാണ്. സ്കൂളിൽ ചേർന്ന് ഒൻപതു മാസം മാത്രം കഴിഞ്ഞ് ഒരു ദിവസം, സ്കൂളിൽ മകനെ സന്ദർശിച്ചു മടങ്ങുകയായിരുന്ന പിതാവ് തോമസ് കീറ്റ്സ് കുതിരപ്പുറത്തു നിന്നു വീണ് തലയോട്ടി തകർന്നു മരിച്ചു. രണ്ടു മാസത്തിനകം അമ്മ വീണ്ടും വിവാഹം കഴിച്ചു. എന്നാൽ താമസിയാതെ ആ വിവാഹബന്ധം തകർന്നു. വില്പത്രം എഴുതാതെ മരിച്ചിരുന്ന കീറ്റ്സിന്റെ പിതാവിന്റെ സ്വത്തെല്ലാം അതോടെ അമ്മയുടെ രണ്ടാം ഭർത്താവിന്റേതായി. തുടർന്ന് അമ്മ, മക്കൾ നാലുപേരുമൊത്ത് അവരുടെ അമ്മ ആലീസ് ജെന്നിങ്ങ്സിനൊപ്പം എഡ്മണ്ടണിൽ താമസമാക്കി.[6] ഇടയ്ക്ക് അമ്മ അലഞ്ഞു തിരിഞ്ഞു നടക്കുകയും പലരോടുമൊപ്പം അവിഹിതബന്ധത്തിൽ ജീവിക്കുകയുമൊക്കെ ചെയ്തതായും പറയപ്പെടുന്നു. ഒടുവിൽ ആരോഗ്യം തകർന്ന അവർ 1810 മാർച്ച് മാസം, കീറ്റ്സിന്റെ പതിനാലാമത്തെ വയസ്സിൽ മരിച്ചു. അതോടെ കീറ്റ്സിന്റേയും സഹോദരങ്ങളുടേയും ചുമതല മുത്തച്ഛിയുടേതായി. അവർ പേരക്കുട്ടികൾക്ക് രണ്ടു രക്ഷാകർത്താക്കളെ നിയമിച്ചു. അടുത്ത ശിശിരകാലത്ത് കീറ്റ്സിനെ ക്ലാർക്ക് സ്കൂളിൽ നിന്നു മാറ്റി ശസ്ത്രക്രിയാവിദഗ്ദ്ധനും അപ്പോത്തിക്കരിയുമായ തോമസ് ഹാമ്മോണ്ടിന്റെ അടുത്ത് വൈദ്യ പരിശീലനത്തിന് ചേർത്തു. അടുത്ത സുഹൃത്തും സഹപാഠിയും ആയിരുന്ന ചാൾസ് കൗഡൺ ക്ലാർക്കിന്റെ അഭിപ്രായത്തിൽ, "കീറ്റ്സിന്റെ ദുരിതപൂർണ്ണമായ ജീവിതത്തിലെ ഏറ്റവും പ്രശാന്തമായ കാലം ഇതായിരുന്നു."[7] ഹാമോണ്ടിനൊപ്പം താമസിച്ച കീറ്റ്സ് അദ്ദേഹത്തിന്റെ ശസ്ത്രക്രിയാശാലയുടെ മച്ചിലാണ് ഉറങ്ങിയിരുന്നത്.
ആദ്യരചനകൾ
തിരുത്തുകകീറ്റ്സിന്റെ ലഭ്യമായതിൽ ഏറ്റവും ആദ്യത്തെ കവിത, "സ്പെൻസറുടെ ഒരനുകരണം"(An Imitation of Spenser) പത്തൊൻപതാമത്തെ വയസ്സിൽ 1814-ൽ എഴുതിയതാണ്. 1815-ൽ അദ്ദേഹം, ഇന്ന് ലണ്ടണിലെ കിങ്ങ്സ് കോളജിന്റെ ഭാഗമായ ഗൈസ് ആശുപത്രിയിൽ, തുടർന്നുള്ള വൈദ്യവിദ്യാഭ്യാസത്തിനായി രജിസ്റ്റർ ചെയ്തു. ഒരുമാസത്തിനകം ആ ആശുപത്രിയിൽ ഏറെ ഉത്തരവാദിത്തവും അദ്ധ്വാനഭാരവും ഉള്ള "ഡ്രെസ്സർ" പദവിയിൽ നിയമിതനായി. എഴുത്തിനുള്ള ഏറെ സമയം അപഹരിച്ച ഈ നിയുക്തി വൈദ്യവൃത്തിയിൽ തുടരുന്നതിനുള്ള അദ്ദേഹത്തിന്റെ വൈമുഖ്യം വർദ്ധിക്കാൻ കാരണമായി.[8] ലീ ഹണ്ടിനേയും ബൈറണേയും പോലെ കവിയായി പേരെടുക്കണമെന്ന തീവ്രമോഹം ഒരുവശത്തും, ആജീവനാന്തം അലട്ടിയ കുടുംബത്തിന്റെ സാമ്പത്തിക പരാധീനത മറുവശത്തുമായതോടെ കീറ്റ്സ് പലപ്പോഴും വിഷാദാവസ്ഥയിലായി. "താൻ ഒരിക്കലും കവി ആവുകയില്ലെന്നും അങ്ങനെയായാൽ അതു തന്റെ നാശമായിരിക്കുമെന്നും" ജോൺ ഭയപ്പെട്ടിരുന്നതായി സഹോദരൻ ജോർജ്ജ് എഴുതിയിട്ടുണ്ട്.[9] 1816-ൽ കീറ്റ്സിന് അപ്പോത്തിക്കരിയുടെ ലൈസൻസ് കിട്ടി. എന്നാൽ ആ വർഷം അവസാനിക്കുന്നതിനു മുൻപ്, തനിക്ക് സർജ്ജനാകേണ്ടെന്നും കവി ആകാനാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം രക്ഷാകർത്താവിനെ അറിയിച്ചു.
ഗൈസ് ആശുപത്രിയിൽ ജോലിയും പ്രവൃത്തി പരിശീലനവും തുടർന്നെങ്കിലും, ഏറെ സമയം അദ്ദേഹം സാഹിത്യപഠനത്തിനു നീക്കിവച്ചിരുന്നു. 1816-ൽ, കീറ്റ്സ് ഏറെ ബഹുമാനിച്ചിരുന്ന കവി ലീ ഹണ്ട്, അദ്ദേഹത്തിന്റെ പത്രാധിപത്യത്തിലുള്ള "എക്സാമിനർ" എന്ന മുൻകിട സ്വതന്ത്രമാസികയിൽ, "ഓ ഏകാന്തതേ"(O Solitude) എന്ന കീറ്റ്സിന്റെ കവിത പ്രസിദ്ധീകരിക്കാൻ സമ്മതിച്ചു.[10] അദ്ദേഹത്തിന്റെ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട കവിത അതായിരുന്നു. അത് കീറ്റ്സിന്റെ സുവർണ്ണദിനം ആയിരുന്നെന്ന് സുഹൃത്ത് ചാൾസ് കൗഡൺ ക്ലാർക്ക് പറയുന്നു.[11] അദ്ദേഹത്തിന്റെ കവിത്വമോഹം പരിഹാസ്യമായിരുന്നില്ലെന്നതിന്റെ ആദ്യത്തെ തെളിവായിരുന്നു അത്. ഹണ്ട് കീറ്റ്സിന്റെ കവിത പ്രസിദ്ധപ്പെടുത്തിയെങ്കിലും അവർ അപ്പോഴും കണ്ടുമുട്ടിയിരുന്നില്ല. ആ വർഷം വേനൽക്കാലത്ത് അദ്ദേഹം എഴുതാനായി ക്ലാർക്കിനൊപ്പം, തീരദേശനഗരമായ മർഗേറ്റിലേയ്ക്ക് പോയി. അവിടെ കീറ്റ്സ് "കാലിഡോർ"(calidore) എന്ന കവിത എഴുതി തുടങ്ങുകയും പലരുമായുള്ള ദീർഘമായ കത്തിടപാടുകളിലൂടെ തന്റെ ആശയങ്ങൾ പ്രകടിപ്പിക്കുന്ന പതിവ് തുടങ്ങുകയും ചെയ്തു.
ഒക്ടോബർ മാസത്തിൽ ക്ലാർക്ക് കീറ്റ്സിനെ, ബൈറണേയും ഷെല്ലിയേയും പോലുള്ളവരുടെ സുഹൃത്തും പിടിപാടുള്ളവനുമായ കവി ലീ ഹണ്ടിനെ നേരിട്ടു പരിചയപ്പെടുത്തി. അഞ്ചുമാസത്തിനകം കീറ്റ്സിന്റെ ആദ്യത്തെ സമാഹാരം "കവിതകൾ" എന്ന പേരിൽ പ്രസിദ്ധീകരിച്ചു.[10] ആ സമാഹാരം നിരൂപകരുടെ അംഗീകാരം നേടുന്നതിൽ പരാജയപ്പെട്ടു. എങ്കിലും കീറ്റ്സിനേയും ഷെല്ലി, ജോൺ ഹാമിൽട്ടൺ റെയ്‌നോൾഡ്സ് എന്നിവരേയും കുറിച്ച് "മൂന്നു യുവകവികൾ" എന്ന പ്രബന്ധത്തിന്റെ പ്രസിദ്ധീകരണവുമായി ഹണ്ട് മുന്നോട്ടുപോയി. "ചാപ്പ്മാന്റെ ഹോമർ ആദ്യം കണ്ടപ്പോൾ"(on First seeing Chapman's Homer) എന്ന കീറ്റ്സിന്റെ കവിത ലേഖനത്തിനൊപ്പം ചേർത്ത അദ്ദേഹം കീറ്റ്സിൽ നിന്ന് ഇനിയും കൂടുതൽ പ്രതീക്ഷിക്കാം എന്ന ഉറപ്പും കൊടുത്തിരുന്നു. [12] തന്റെ സുഹൃത്തുക്കളായ പല പ്രധാനികളേയും ഹണ്ട് കീറ്റ്സിനു പരിചയപ്പെടുത്തി. "ദ ടൈംസ്" പത്രത്തിന്റെ പത്രാധിപർ തോമസ് ബാൺസ്, പ്രഖ്യാതലേഖകൻ ചാൾസ് ലാമ്പ്, സംഗീതജ്ഞൻ വിൻസന്റെ നോവെല്ലോ, കവി ജോൺ ഹാമിൽട്ടൻ റെയ്നോൾഡ്സ് എന്നിവർ അവരിൽ ചിലരായിരുന്നു. റെയ്നോൾഡ്സ് കീറ്റ്സിന്റെ അടുത്ത സുഹൃത്തായി.[13] കവിയുടെ ജീവിതത്തിലെ ഒരു നിർണ്ണായകഘട്ടമായിരുന്നു അത്. ഒരു "പുതിയ കവിതാപ്രസ്ഥാനത്തിന്റെ" പ്രതിനിധിയായി അദ്ദേഹം കണക്കാക്കപ്പെടാൻ തുടങ്ങി.[14] ഇക്കാലത്ത് കീറ്റ്സ് സുഹൃത്തായിരുന്ന ബെയ്‌ലിക്ക് ഇങ്ങനെ എഴുതി: "ഹൃദയാഭിലാഷങ്ങളുടെ വിശുദ്ധിയിലും ഭാവനയുടെ സത്യത്തിലും അല്ലാതെ മറ്റൊന്നിലും എനിക്കു വിശ്വാസമില്ല — ഭാവന കണ്ടെത്തുന്ന സൗന്ദര്യം സത്യമല്ലാതാവുക വയ്യ."[15][1] ഈ വരികളാണ് പിന്നീട്, "യവനകലശത്തിന് അർച്ചനാകാവ്യം" (Ode on a Grecian Urn) എന്ന കവിതയുടെ അവസാനഭാഗത്തെ 'സൗന്ദര്യം സത്യമാണ്, സത്യം സൗന്ദര്യവുമാണ്' – അതുമാത്രമാണ് / ഭൂമിയിൽ അറിയാവുന്നതും, അറിയേണ്ടതും" എന്ന പ്രസിദ്ധമായ വരികളായി പരിണമിച്ചത്.
എൻഡിമിയൻ
തിരുത്തുകഅക്കാലത്ത് എഴുതി പ്രസിദ്ധീകരിച്ച "എൻഡിമിയൻ" (Endymion) എന്ന കവിതയെ നിരൂപകന്മാർ നിശിതമായി വിമർശിച്ചു. ഒരു ലേഖനമാണ് കീറ്റ്സിനെ തല്ലിക്കെടുത്തിയതെന്ന(snuffed out) ബൈറന്റെ പ്രസിദ്ധമായ നിരീക്ഷണത്തിനു[൧] കാരണം ഇതാണ്. അങ്ങേയറ്റം രൂക്ഷമായ നിരൂപണങ്ങളിലൊന്ന്, ജോൺ വിൽസൻ ക്രോക്കറുടേതായി ക്വാർട്ടർലി റിവ്യൂ എന്ന പ്രസിദ്ധീകരണത്തിൽ 1818 ഏപ്രിൽ മാസം വന്നതാണ്.
[...] ഈ എഴുത്തുകാരനിൽ ഭാഷാപരമായ കഴിവും, ഭാവനയുടെ കിരണങ്ങളും, പ്രതിഭയുടെ ശകലങ്ങളും ഇല്ലെന്ന് നാം പറയില്ല – അയാളിൽ അതെല്ലാമുണ്ട്; എന്നാൽ അയാൾ, "പൊങ്ങച്ചക്കവിത" എന്ന് മറ്റാരോ വിളിച്ച പ്രസ്ഥാനത്തിന്റെ അനുയായി ആണെന്നതാണ് ദുഃഖകരമായ സത്യം'; തീർത്തും അപ്രസക്തമായ ആശയങ്ങളെ തീർത്തും അസംസ്കൃതമായ ഭാഷയിൽ അവതരിപ്പിക്കുകയാണ് അതിന്റെ രീതി[...] കൃതി മുഴുവൻ എടുത്താലും, പൂർണ്ണമായ ഒരാശയം ഉൾക്കൊള്ളുന്ന തികവുറ്റ രണ്ടു വരികൾ പോലും കണ്ടു കിട്ടില്ല. ഒരു വിഷയത്തിൽ നിന്ന് മറ്റൊന്നിലേയ്ക്ക് അയാൾ ഓടിനടക്കുന്നു, ആശയക്കൂട്ടങ്ങളെയെന്നതിനു പകരം സ്വരക്കൂട്ടങ്ങളെ പിന്തുടരുന്നു."[16]
"ബ്ലാക്ക് വുഡ്സ്" മാസികയിൽ ജോൺ ഗിബ്സൻ ലോക്കാർട്ട് ഇങ്ങനെ എഴുതി.
മനുഷ്യബോധത്തിന്റെ രോഗം എത്ര നിസാരമണെങ്കിലും, കാണുന്നവരെ വിഷമിപ്പിക്കുന്നു; എന്നാൽ കഴിവുള്ളൊരു മനസ്സ് ഭ്രാന്തിലേയ്ക്ക് വഴുതി വീണിരിക്കുന്നതു കാണുമ്പോൾ ഉണ്ടാകുന്ന ദുഃഖം പത്തിരട്ടിയാണ്. മിസ്റ്റർ ജോൺ കീറ്റ്സിന്റെ കാര്യം നാം പരിഗണിക്കുന്നത് വലിയ ദുഃഖത്തോടെയാണ്. [...] പട്ടണത്തിലെ കൊള്ളാവുന്ന ഒരു വൈദ്യന്റെ കീഴിൽ കുറേ വർഷങ്ങൾക്കു മുൻപ് അയാൾ പരിശീലനത്തിനു ചേർന്നതായിരുന്നു. എന്നാൽ പെട്ടെന്നുണ്ടായ ഒരു രോഗം എല്ലാം നശിപ്പിച്ചു. [...] ഒന്നോ രണ്ടോ പ്രാവശ്യം അലട്ടിയ ശേഷം അത് അയാളെ വിട്ടുപോകുമെന്ന പ്രതീക്ഷയിലായിരുന്നു കുറേക്കാലമായി നാം; എന്നാൽ അടുത്തകാലത്തായി രോഗം മൂർച്ഛിച്ചിരിക്കുന്നു. നേരത്തേ കണ്ട "കവിതകൾ" (എന്ന പുസ്തകത്തിന്റെ) ഉന്മാദം തന്നെ വല്ലാത്തതായിരുന്നു; എന്നാൽ "എൻഡിമിയൻ" പ്രകടിപ്പിക്കുന്ന ശാന്തവും സ്ഥിരവും, മാറാത്തതുമായ ഭ്രാന്തിനെപ്പോലെ അതു നമ്മെ ഭയപ്പെടുത്തിയില്ല". [...] "പട്ടിണിക്കവി" ആയിരിക്കുന്നതിൽ ബുദ്ധിയും നല്ലതും "പട്ടിണിവൈദ്യൻ" ആയിരിക്കുന്നതാണ്; അതു കൊണ്ട് മിസ്റ്റർ ജോൺ, അപ്പോത്തിക്കിരിക്കടയിലേയ്ക്കും അവിടത്തെ വച്ചുകെട്ടുകളിലേയ്ക്കും, ഗുളികകളിലേയ്ക്കും, ലേപനങ്ങളിലേയ്ക്കും മരുന്നുപെട്ടികളിലേയ്ക്കും മടങ്ങിപ്പോവുക.[17]
ഹണ്ടിന്റേയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന വില്യം ഹാസ്ലിറ്റിന്റേയും, പ്രത്യേകിച്ച് കീറ്റ്സിന്റേയും കവിതകളെ പരാമർശിക്കാൻ "പൊങ്ങച്ചക്കവിത" എന്ന പ്രയോഗം കണ്ടെത്തിയത് ബ്ലാക്ക് വുഡ്സ് മാസികയിലെ ഈ ലോക്കാർട്ട് ആയിരുന്നു. അവരെ ഇങ്ങനെ പരിഹസിച്ചതിനു പിന്നിൽ സാഹിത്യപരമായ കാരണങ്ങളേക്കാൾ രാഷ്ട്രീയമായിരുന്നു—വിദ്യാഭ്യാസവും അഭിജാതപശ്ചത്തലവും കുറഞ്ഞ യുവസാഹിത്യകാരന്മാരെയാണ് ആ വിമർശനം ലക്ഷ്യമാക്കിയത്. ഈറ്റൺ, ഹാരോ, ഓക്സ്ബ്രിഡ്ജ് പശ്ചാത്തലങ്ങളുള്ളവരോ ഉപരിവർഗ്ഗസന്തതികളോ അല്ലായിരുന്നു ഈ കവികൾ.
അനാരോഗ്യവും ലണ്ടൻ ജീവിതത്തിലെ അസന്തുഷ്ടിയും കൊണ്ടു വലഞ്ഞ കീറ്റ്സ് 1817 ഏപ്രിൽ മാസം, സഹോദരന്മാർക്കൊപ്പം വെൽ വാക്ക് എന്ന സ്ഥലത്തേയ്ക്ക് താമസം മാറ്റി. ക്ഷയരോഗബാധിതനായിരുന്ന സഹോദരൻ ടോമിനെ, കീറ്റ്സും സഹോദരൻ ജോർജ്ജും ചേർന്നു പരിചരിച്ചു. ഹണ്ടിന്റേയും അദ്ദേഹത്തിന്റെ കൂട്ടത്തിലുള്ള മറ്റുള്ളവരുടേയും വീടുകൾക്കും പ്രസിദ്ധ കവി കോളറിഡ്ജ് താമസിച്ചിരുന്ന ഹൈഗേറ്റിനും അടുത്തായിരുന്നു ഈ താമസസ്ഥലം.[18]
1818 ജൂണിൽ കീറ്റ്സ്, സുഹൃത്ത് ചാൾസ് ആർമിറ്റേജ് ബ്രൗണിനൊപ്പം സ്കോട്ട്ലണ്ട്, അയർലണ്ട്, തടാകജില്ല(Lake District) എന്നിവിടങ്ങളിൽ കാൽനടയായി ചുറ്റിക്കറങ്ങാൻ തുടങ്ങി. സഹോദരൻ ജോർജ്ജും അയാളുടെ ഭാര്യ ജോർജിയാനയും ലാങ്കാഷയർ വരെ അവരെ അനുഗമിക്കുകയും അവിടന്ന് ലിവർപൂളിലേയ്ക്കു പോവുകയും ചെയ്തു. ലിവർപൂളിൽ നിന്ന് ആ ദമ്പതികൾ അമേരിക്കയിലേയ്ക്ക് കപ്പൽ കയറി.[19] [20][21] ജൂലൈ മാസത്തിൽ മുൾ ദ്വീപിൽ കാൽ നടയായി സഞ്ചരിക്കുമ്പോൾ, കീറ്റ്സിന് കടുത്ത ജലദോഷം പിടിപെട്ടു. "പനിച്ചും മെലിഞ്ഞും ഇരുന്ന ശരീരം യാത്ര തുടരാവുന്ന അവസ്ഥയിൽ അല്ലായിരുന്നു".[22] തിരികെ എത്തിയ കീറ്റ്സ് ടോമിനെ ശുശ്രൂഷിക്കുന്നതു തുടർന്നു, സ്വയം രോഗത്തിന്റെ അപകടത്തിൽ പെടുത്തുകയും ചെയ്തു. "കുടുംബരോഗം" എന്നു പറയാവുന്ന ക്ഷയം അദ്ദേഹത്തെ പിടികൂടിയത് ഈ ഘട്ടത്തിലാണെന്ന് ചില ജീവചരിത്രകാരന്മാർ കരുതുന്നു.[23] [24] 1818 ഡിസംബർ ഒന്നാം തിയതി ടോം കീറ്റ്സ് മരിച്ചു.
അത്ഭുതവർഷം
തിരുത്തുകതാൻ നേരത്തേ താമസിച്ചിരുന്ന വെൽ വാക്കിൽ നിന്ന് പത്തുമിനിറ്റു മാത്രം ദൂരത്ത് സുഹൃത്ത് ചാൾസ് ആർമിറ്റേജ് ബ്രൗൺ പുതുതായി പണികഴിപ്പിച്ച വെന്റ്‌വർത്ത് പ്ലേസ് എന്ന വീട്ടിലേയ്ക്ക് കീറ്റ്സ് താമസം മാറ്റി. 1818-ലെ ശൈത്യകാലം ബുദ്ധിമുട്ടുകൾ നിറഞ്ഞതെങ്കിലും അദ്ദേഹത്തിന്റെ ഏറ്റവും പക്വമായ രചനകൾ ജനിച്ച അത്ഭുതവർഷത്തിന്റെ(annus mirabilis) തുടക്കം കൂടിയായിരുന്നു.[1] ഇംഗ്ലീഷ് കവികളേയും കവിത്വസ്വത്വത്തേയും കുറിച്ച് വില്യം ഹാസ്ലിറ്റ് നടത്തിയ ഒരു പ്രസംഗപരമ്പര കീറ്റ്സിനെ ആഴത്തിൽ സ്വാധീനിച്ചു.[25] പുതിയ വീട്ടിൽ 1819 ഏപ്രിൽ-മേയ് മാസങ്ങളിലാണ് അദ്ദേഹത്തിന്റെ ആറു അർച്ചനാകാവ്യങ്ങളിൽ(Odes) അഞ്ചും പിറന്നത്. "ആത്മാവിനുള്ള അർച്ചനാകാവ്യം"(Ode To Psyche) എന്ന കവിതയിലായിരുന്നു ആ പരമ്പരയുടെ തുടക്കം എന്നല്ലാതെ ഏതു ക്രമത്തിലാണ് അതു പിറന്നതെന്ന് നിശ്ചയമില്ല. തോട്ടത്തിലെ ഒരു മൾബെറിച്ചെടിയുടെ കീഴിലിരുന്നാണ് "രാപ്പാടിയോടുള്ള അർച്ചന"(Ode to Nightingale) കീറ്റ്സ് എഴുതിയതെന്ന് ബ്രൗൺ പറയുന്നു.[26][27]
ബ്രൗൺ എഴുതി,
1819-ലെ വസന്തകാലത്ത് ഒരു രാപ്പാടി എന്റെ വീടിനടുത്ത് കൂടുവെച്ചിരുന്നു. അവളുടെ പാട്ട് കീറ്റ്സിന് ശാന്തിയും സന്തുഷ്ടിയും നൽകി; ഒരു പ്രഭാതത്തിൽ അദ്ദേഹം ഭക്ഷണമേശയിൽ നിന്ന് തന്റെ കസേരയെടുത്ത് പുൽത്തകിടിയിലെ പ്ലം മരത്തിന്റെ ചുവട്ടിലെത്തി. അവിടെ അദ്ദേഹം രണ്ടുമൂന്നു മണിക്കൂർ ഇരുന്നു. തിരികെ വന്നപ്പോൾ കയ്യിലുണ്ടായിരുന്ന കടലാസു തുണ്ടുകൾ അദ്ദേഹം പുസ്തകങ്ങൾക്കു പുറകിൽ ഒളിച്ചു വയ്ക്കുന്നതും ഞാൻ ശ്രദ്ധിച്ചു. അന്വേഷിച്ചപ്പോൾ ആ നാലഞ്ചു കടലാസു തുണ്ടുകളിൽ രാപ്പാടിയുടെ പാട്ടിനോടുള്ള അദ്ദേഹത്തിലെ കവിയുടെ പ്രതികരണമാണ് ഉണ്ടായിരുന്നതെന്ന് മനസ്സിലായി.[28]
ബ്രൗണിനൊപ്പം വീടിന്റെ കൂട്ടുടമസ്ഥനായിരുന്ന ദിൽക്ക്, 1848 -ൽ ഇറങ്ങിയ കീറ്റ്സിന്റെ ജീവചരിത്രത്തിൽ കൊടുത്തിരുന്ന ഈ കഥയെ ശക്തിയായി നിഷേധിക്കുന്നു. വെറും പകൽക്കിനാവെന്ന് അതിനെ അദ്ദേഹം വിശേഷിപ്പിച്ചു. 1819-ൽ തന്നെ കീറ്റ്സ് "വിശുദ്ധ ആഗ്നസിന്റെ പൂർവസന്ധ്യ"(The Eve of St. Agnes), "ദയയില്ലാത്ത പെൺകൊടി"(La Belle Dame Sans Merci), "ഹൈപ്പെറിയൺ"(Hyperion), "ലാമിയ"(Lamia), "ഓഥോ"(Otho) എന്നീ കവിതകളും എഴുതി. "ഫാൻസി"(Fancy), "ആവേശത്തിന്റേയും ഉത്സാഹത്തിമിർപ്പിന്റേയും ഗായകർ"(Bards of passion and of mirth) എന്നീ കവിതകൾക്കു പ്രേരണയായത് ഉദ്യാനങ്ങളായിരുന്നു. സെപ്തംബർ മാസത്തിൽ, സാമ്പത്തിക പരാധീനതയിലായിരുന്ന അദ്ദേഹം, ഒരു പുതിയ കവിതാസമാഹാരവുമായി തന്റെ പ്രസാധകരെ സമീപിച്ചു. എന്നാൽ അവരെ ബോദ്ധ്യപ്പെടുത്താൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. "ലാമിയ"-യിൽ ചിന്താക്കുഴപ്പം നിറഞ്ഞിരിക്കുന്നതായി അവർക്കു തോന്നി. "സെയിന്റ് ആഗ്നസ്" തരം താണ മടുപ്പിന്റെ സൃഷ്ടിയും പെണ്ണുങ്ങൾക്കു വായിക്കാൻ പറ്റാത്തതും ആണെന്നും അവർ നിരീക്ഷിച്ചു.[29] കീറ്റ്സിന്റെ ജീവിതകാലത്ത് അവസാനമായി പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ കവിതകൾ, —ലാമിയാ, ഇസബെല്ലാ, വിശുദ്ധ ആഗ്നസിന്റെ പൂർവസന്ധ്യ, മറ്റു കവിതകൾ—എന്ന 1820 ജൂലൈ മാസത്തിലെ സമാഹാരമായിരുന്നു. "കവിതകൾ" "എൻഡിമിയൺ" എന്നീ മുൻസമാഹാരങ്ങൾക്കു കിട്ടിയതിനേക്കാൾ മെച്ചപ്പെട്ട സ്വീകരണം അതിനു ലഭിച്ചു. "എക്സാമിനർ", "എഡിൻബറോ സമീക്ഷ" എന്നീ പ്രസിദ്ധീകരണങ്ങൾ അതിനെ അനുകൂലമായി പരിഗണിച്ചു. അക്കാലത്ത് കീറ്റ്സ് താമസിച്ചിരുന്ന വെന്റ്‌വർത്ത് ഹൗസ് ഇപ്പോൾ കീറ്റ്സിന്റെ പേരിൽ മ്യൂസിയമാണ്.[30]
ഫാനി ബ്രാൺ, ഇസബെല്ലാ
തിരുത്തുകകത്തുകളിലൂടെയും കവിതകളുടെ ആദ്യരൂപങ്ങളിലൂടെയും ഫാനി എന്നറിയപ്പെട്ടിരുന്ന ഫ്രാൻസസ് ബ്രാണിനെ കീറ്റ്സ് ആദ്യം കണ്ടുമുട്ടിയത് 1818-ൽ സെപ്തംബറിനും നവംബറിനും ഇടയ്ക്കായിരുന്നെന്ന് അനുമാനിക്കാം.[31] 18 വയസ്സുണ്ടായിരുന്ന ഫാനി, വെന്റ്‌വർത്ത് പ്ലേസിലെ ദിൽക്കെ കുടുംബത്തോടൊപ്പം താമസിക്കാൻ തുടങ്ങുന്നതിനു മുൻപ് അവരെ സന്ദർശിക്കുക പതിവുണ്ടായിരുന്നിരിക്കാം. കീറ്റ്സിനെപ്പോലെ ഫാനിയും ലണ്ടൺകാരി ആയിരുന്നു. – 1800 ആഗസ്റ്റ് 9-ന് ഹാമ്പ്സ്റ്റീഡിനടുത്തുള്ള വെസ്റ്റ് എൻഡ് ഗ്രാമത്തിലായിരുന്നു അവരുടെ ജനനം. കീറ്റ്സിന്റെ പിതാവിനെപ്പോലെ അവളുടെ മുത്തച്ഛനും ഒരു ഭോജനശാല നടത്തിയിരുന്നു. അവളുടെ കുടുംബത്തിലും പലർക്കും ക്ഷയരോഗം പിടിച്ചിരുന്നു. കീറ്റ്സിന്റെ അമ്മയുടേയും സഹോദരിയുടേയും ആദ്യനാമം തന്നെയായിരുന്നു അവൾക്കും. തുന്നൽ വേലയിലും ഭാഷകളിലും, ചടുലമായ സംഭാഷണത്തിലും സമർത്ഥയായിരുന്നു അവൾ. അവൾ തന്നെക്കുറിച്ചു തന്നെ എഴുതിയത് ഇതാണ്: "ഞാൻ ഒരു വലിയ കവിതവായനക്കാരിയല്ല" എന്നാൽ "നാടകീയതകളെ ഇഷ്ടപ്പെടുന്നു".[32] 1818 നവംബറിൽ കീറ്റ്സിനും ഫാനിക്കുമിടയിൽ അടുപ്പം വളർന്നെങ്കിലും[33] അപ്പോൾ കീറ്റ്സിന്റെ ശുശ്രൂഷയിൽ ഇരുന്ന ടോം കീറ്റ്സിന്റെ ആസന്നമായിരുന്ന മരണത്തിന്റെ നിഴൽ വീണപ്രേമമായിരുന്നു അവരുടേത്.
അതേ വർഷം തന്നെ കണ്ടുമുട്ടിയ മറ്റൊരു പെൺകുട്ടിയും കീറ്റ്സിനെ ആകർഷിച്ചു – ഇസബല്ലാ ജോൺസ് എന്നായിരുന്നു അവളുടെ പേര് – "സൗന്ദര്യവും, പ്രതിഭയും, ബുദ്ധിയും" തികഞ്ഞവളായിരുന്നു ഇസബല്ലാ.[34] ജൂൺ മാസത്തിൽ ഹേസ്റ്റിങ്ങ്സ് സന്ദർശിച്ചപ്പോളാണ് അവളെ അദ്ദേഹം കണ്ടുമുട്ടിയത്. കീറ്റ്സ് 1818-19-ലെ ശൈത്യകാലത്ത് "അവളുടെ മുറിയിൽ പതിവു സന്ദർശകനായി". അവളുമായി ഊഷ്മളബന്ധം സ്ഥാപിച്ചെന്നും ചുംബിച്ചെന്നും ഒക്കെ കീറ്റ്സ് ജോർജ്ജിനുള്ള കത്തിൽ പറയുന്നുണ്ടെങ്കിലും അവരുടെ അടുപ്പം എത്രമാത്രം പുരോഗമിച്ചിരുന്നു എന്നു വ്യക്തമല്ല.[35] കീറ്റ്സിന്റെ രചനകളെ അവൾ എത്രത്തോളം സ്വാധീനിച്ചിരുന്നു എന്നത് ജീവചരിത്രരചയിതാക്കൾ ഇപ്പോഴും ചർച്ച ചെയ്യുന്നു. "വിശുദ്ധ ആഗ്നസിന്റെ പൂർവസന്ധ്യ"-യും, "മാർക്കിന്റെ പൂർവസന്ധ്യ"-യും ഇസബല്ലായുടെ സ്വാധീനത്തിൽ എഴുതിയതാണെന്നു കരുതുന്നവരുണ്ട്. "ഹഷ് ഹഷ് ഓ സ്വീറ്റ് ഇസബെൽ" എന്ന വരികൾ അവളെക്കുറിച്ചാണെന്നും, "വെള്ളിനക്ഷത്രം"(Bright Star) എന്ന കവിതയുടെ ആദ്യരൂപം അവൾക്കുവേണ്ടി എഴുതിയതാണെന്നും പറയപ്പെടുന്നു.[36] [37]
1819 ഏപ്രിൽ 3-ആം തിയതി ഫാനിയും അവളുടെ വിധവയായ അമ്മയും, വെന്റ്‌വർത്ത് ഹൗസിന്റെ ഒരു പകുതിയിലേയ്ക്കു താമസം മാറി വന്നതോടെ കീറ്റ്സിനും ഫാനിക്കും എന്നും കണ്ടുമുട്ടാൻ അവസരമായി. ഡാന്റേയുടെ "തീനരകം" (Inferno) പോലുള്ള പുസ്തകങ്ങൾ കീറ്റ്സ് അവൾക്ക് വായിക്കാൻ കൊടുക്കുകയും അവർ ഒരുമിച്ച് വായിക്കുകയും ചെയ്തു. "വെള്ളിനക്ഷത്രം" എന്ന പ്രേമഗീതം, അവൾക്കായി തിരുത്തി എഴുതിയ ശേഷമായിരിക്കാം, അദ്ദേഹം അവൾക്കു സമ്മാനിച്ചു. അത് അപ്പോഴും പൂർത്തിയാകാത്ത കവിതയായിരുന്നു. ജീവിതത്തിന്റെ അവസാന മാസങ്ങൾ വരെ അദ്ദേഹം ആ കവിത തിരുത്തിക്കൊണ്ടിരുന്നു. അത് അവരുടെ പ്രേമവുമായി ബന്ധപ്പെട്ടാണ് അറിയപ്പെടുന്നതു തന്നെ. "വെള്ളിനക്ഷത്രം" അദ്ദേഹത്തിന്റെ പ്രേമപ്രഖ്യാപനമായിരുന്നെന്നു ഒരു ജീവചരിത്രകാരൻ നിരീക്ഷിച്ചിട്ടുണ്ട്. കീറ്റ്സിന്റെ എല്ലാ മോഹങ്ങളും ഫാനിയിൽ കേന്ദ്രീകരിച്ചിരുന്നു എന്നും ആ ജീവചരിത്രകാരൻ കരുതി.[38] ഇക്കാലം തുടങ്ങി, ഇസബല്ലായെക്കുറിച്ചുള്ള പരാമർശം ഒരിടത്തുമില്ല.[38] ജൂൺ അവസാനിക്കുന്നതിനു മുൻപെങ്ങോ കീറ്റ്സ് ഫാനിയുമായി ഏതോതരം ധാരണയിൽ എത്തിച്ചേർന്നു. ഔപചാരികമായൊരു വിവാഹസമ്മതം എന്ന് അതിനെ വിളിക്കുന്നത് ശരിയാവില്ല; കാരണം, അവൾക്ക് കൊടുക്കാൻ അദ്ദേഹത്തിന് ഒന്നും ഇല്ലായിരുന്നു.[39] കവിത്വമോഹത്തിന്റെ പേരിലുള്ള തന്റെ സമരങ്ങൾക്കും സാമ്പത്തിക ഞെരുക്കത്തിനും ഇടയിൽ ഫാനിയുമായുള്ള വിവാഹം അസാദ്ധ്യമാണെന്ന അറിവ് കീറ്റ്സിന് വല്ലാതെ മനോവിഷമമുണ്ടാക്കി. അവരുടെ പ്രേമം അസഫലമായി അവസാനിച്ചു; എന്നാൽ തനിക്കു സ്വന്തമാക്കാനാകാത്ത "നക്ഷത്രത്തെ" ഓർത്തുള്ള വേദന അദ്ദേഹത്തെ ശോഷിപ്പിച്ചു. ചുറ്റുപാടും ഇരുട്ടും രോഗവും വിഷാദവും ആണ് അദ്ദേഹം കണ്ടത്. അക്കാലത്തെ "വിശുദ്ധ ആഗ്നസിന്റെ പൂർവസന്ധ്യ", "കരുണയില്ലാത്ത പെൺകൊടി" തുടങ്ങിയ കവിതകളിൽ പ്രേമവും മരണവും ഒരേസമയം ചിത്രീകരിക്കപ്പെടുന്നതിന് കാരണമിതാണ്. "എന്റെ സവാരികളിൽ എനിക്ക് രണ്ട് ആഡംബരങ്ങളെക്കുറിച്ച് ചിന്തിക്കാനുണ്ട്" എന്ന് അദ്ദേഹം ഫാനിക്കെഴുതി: "നിന്റെ സൗന്ദര്യവും, എന്റെ മരണനിമിഷവുമാണ്" ചിന്തയുടെ ആ വിഷയങ്ങൾ ആയിരുന്നത്.[39] തന്റെ നൂറുകണക്കിനുള്ള കത്തുകളിൽ മറ്റൊന്നിൽ കീറ്റ്സ് ഫാനിക്ക് ഇങ്ങനെ എഴുതി:
പ്രേമം എന്നെ സ്വാർത്ഥനാക്കി. നിന്നെക്കൂടാതെ എനിക്ക് നിലനിൽക്കുക വയ്യ — നിന്നെ വീണ്ടും കാണുന്നതൊഴിച്ചുള്ള കാര്യങ്ങളൊക്കെ ഞാൻ മറക്കുന്നു — എന്റെ ജീവിതം ആ ചിന്തയിൽ അവസാനിക്കുന്നതായി തോന്നിപ്പോകുന്നു — അതിനപ്പുറം ഞാൻ കാണുന്നില്ല. നീ എന്നെ സ്വാംശീകരിച്ചിക്കുന്നു. ഈ നിമിഷം ഞാൻ അലിഞ്ഞു പോകുന്നതായി എനിക്കനുഭവപ്പെടുന്നു — നിന്നെ താമസിയാതെ വീണ്ടും കാണുമെന്ന പ്രതീക്ഷയില്ലെങ്കിൽ എന്റെ സ്ഥിതി അങ്ങേയറ്റം ദുഃഖകരമായിരിക്കും. [...] മനുഷ്യർക്ക് മതത്തിന്റെ പേരിൽ രക്തസാക്ഷികളാകാൻ കഴിയുന്നത് എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. — അതോർത്ത് ഞാൻ ഞെട്ടിയിട്ടുണ്ട്. — ഇപ്പോൾ എനിക്ക് ഞെട്ടലില്ല — എന്റെ മതത്തിനു വേണ്ടി ഞാനും രക്തസാക്ഷിയായേക്കാം — പ്രേമമാണ് എന്റെ മതം. — അതിനുവേണ്ടി മരിക്കാൻ എനിക്കാവും — നിനക്കുവേണ്ടി ഞാൻ മരിച്ചേക്കാം. (1819 ഒക്ടോബർ 13-ലെ കത്ത്).
ക്ഷയം മൂത്തതോടെ ചൂടുകാലാവസ്ഥയുള്ള ഏതെങ്കിലും സ്ഥലത്തേയ്ക്ക് പോകാൻ ഡോക്ടർമാർ കീറ്റ്സിനെ ഉപദേശിച്ചു. 1820 സെപ്തംബർ മാസം കീറ്റ്സും ഫാനിയും അവസാനമായി പിരിഞ്ഞു. കീറ്റ്സ് റോമിലേയ്ക്കു പോയപ്പോൾ, ഇനി തങ്ങൾ കണ്ടുമുട്ടാൻ സാധ്യത കുറവാണെന്ന് അവരിരുവരും മനസ്സിലാക്കിയിരുന്നിരിക്കണം. അഞ്ചുമാസത്തിനകം കീറ്റ്സ് റോമിൽ മരിച്ചു. ഫാനി കീറ്റ്സിനയച്ച കത്തുകളൊന്നും ലഭ്യമല്ല. കീറ്റ്സിന്റെ കത്തുകളെല്ലാം ഉണ്ടു താനും. കവി ആഗ്രഹിച്ചതനുസരിച്ച്, ഫാനി അദ്ദേഹത്തിനെഴുതിയ കത്തുകളെല്ലാം അദ്ദേഹത്തിന്റെ മരണശേഷം നശിപ്പിച്ചുകളഞ്ഞു. കീറ്റ്സിന്റെ മരണശേഷം ഫാനി ആറുവർഷം വിലാപാവസ്ഥയിൽ കഴിഞ്ഞു. 1833-ൽ കീറ്റ്സ് മരിച്ച് 12 വർഷത്തിനു ശേഷം അവർ വിവാഹിതയായി മൂന്നു മക്കളുടെ അമ്മയായി. കീറ്റ്സിനെ അവർ 40 വർഷം അതിജീവിച്ചു.[30] [40][൨]
മരണം
തിരുത്തുക1920-ൽ കീറ്റ്സിന്റെ ക്ഷയരോഗം അടിക്കടി വഷളാകാൻ തുടങ്ങി. ഫെബ്രുവരിയുടെ ആദ്യദിവസങ്ങളിൽ തന്നെ അദ്ദേഹത്തിനു അടുത്തടുത്തായി രണ്ടു വട്ടം രക്തസ്രാവമുണ്ടായി.[41][42] അങ്ങനെ ഏറെ രക്തം നഷ്ടപ്പെട്ട അദ്ദേഹത്തെ ചികിത്സയുടെ ഭാഗമായി വീണ്ടും രക്തമൂറ്റലിനു വിധേയനാക്കി. വേനൽക്കാലത്ത് ലണ്ടണിൻ ഹണ്ടായിരുന്നു അദ്ദേഹത്തെ മിക്കവാറും ശുശ്രൂഷിച്ചിരുന്നത്. വൈദ്യന്മാർ നിർദ്ദേശിച്ചതനുസരിച്ച് സുഹൃത്ത് ജോസഫ് സെവേണിനൊപ്പം റോമിലേയ്ക്കു പോകാൻ കീറ്റ്സ് സമ്മതിച്ചു. സെപ്തംബർ 13-ആം തിയതി അവർ കെന്റിലെ ഗ്രേവ്സ്എൻഡ് തുറമുഖത്തേക്കു തിരിച്ചു. നാലുദിവസം കഴിഞ്ഞ് മരിയാ ക്രൗത്തർ എന്ന കപ്പലിൽ കയറി. "വെള്ളിനക്ഷത്രം" എന്ന കവിതയുടെ അവസാനത്തെ തിരുത്തലുകൾ കീറ്റ്സ് നടത്തിയത് ഈ കപ്പൽ യാത്രയ്ക്കിടെയായിരുന്നു. യാത്ര ഒരു ചെറിയ ദുരന്തമായിരുന്നു – ആദ്യം ഒരു കൊടുങ്കാറ്റും തുടർന്ന് കപ്പലിന്റെ വേഗത ഇല്ലാതാക്കിയ പ്രശാന്തതയും ഉണ്ടായി. ഒടുവിൽ നേപ്പിൾസിൽ നങ്കൂരമിട്ട കപ്പലിലെ യാത്രക്കാർക്ക്, ബ്രിട്ടണിൽ കോളറ ബാധ പൊട്ടിപ്പടർന്നിരുന്നു എന്ന വാർത്തയുടെ അടിസ്ഥാനത്തിൽ പന്ത്രണ്ടു ദിവസം ക്വാറന്റൈനിൽ കഴിയേണ്ടി വന്നു. അതിനാൽ കീറ്റ്സ് റോമിലെത്തിയത് ശൈത്യാരംഭത്തിൽ നവംബർ 14-നായിരുന്നു. അപ്പോഴേയ്ക്ക് ഊഷ്മളമായ കാലാവസ്ഥ ആശിക്കാൻ വൈകിയിരുന്നു.[43]
റോമിലെത്തിയ കീറ്റ്സ് അവിടത്തെ സ്പാനിഷ് മേഖലയിലെ ഒരു വീട്ടിൽ താമസമാക്കി – ഇപ്പോൾ ആ വീട് റോമിലെ കീറ്റ്സ്-ഷെല്ലി മ്യൂസിയമാണ്. സുഹൃത്ത് സെവേണിന്റേയും ഡോക്ടർ ജോൺ ക്ലാർക്കിന്റേയും ശുശ്രൂഷ ഉണ്ടായിരുന്നിട്ടും അദ്ദേഹത്തിന്റെ ആരോഗ്യം അടിക്കടി വഷളായി. കീറ്റ്സിനു ലഭിച്ച ചികിത്സ അദ്ദേഹത്തിന്റെ സുഖപ്രാപ്തിയെ സഹായിക്കുന്നതിനു പകരം മരണം ത്വരിതപ്പെടുത്തുകയായിരുന്നിരിക്കാമെന്നും പറയപ്പെടുന്നു. [44] 1820 നവമ്പറിൽ, കീറ്റ്സിന്റെ രോഗത്തിന്റെ കാരണം മാനസിക തളർച്ചയാണെന്നും അതിന്റെ സ്രോതസ്സ് ഉദരമാണെന്നും ഡോക്ടർ ക്ലാർക്ക് അഭിപ്രായപ്പെട്ടു. എന്നാൽ പിന്നീട് രോഗം ക്ഷയമാണെന്നു തീരുമാനിച്ച ക്ലാർക്ക് അദ്ദേഹത്തെ ദിവസം ഒരു കഷണം ബ്രെഡും ഇത്തിരി കൊഴുവ മത്സ്യവും മാത്രമായ ഉപവാസഭക്ഷണത്തിലാക്കി. – ഇത് ഉദരത്തിലേയ്ക്കുള്ള രക്തസഞ്ചാരം കുറയ്ക്കുമെന്നായിരുന്നു അദ്ദേഹം കരുതിയത്. ഡോക്ടർ രോഗിയെ രക്തം വാറ്റലിനും വിധേയനാക്കി; അക്കാലത്ത് നടപ്പുള്ള ചികിത്സയായിരുന്നെങ്കിലും ഇതും കീറ്റ്സിന്റെ ബലഹീനത വർദ്ധിപ്പിച്ചിരിക്കാം.[45] കീറ്റ്സിന്റെ സുഹൃത്ത് ചാൾസ് ആർമിറ്റേജ് ബ്രൗൺ പറയുന്നു:
ചികിത്സയിൽ അവർക്ക് ചെറിയ അളവിൽ കറുപ്പ് ഉപയോഗിക്കാമായിരുന്നു. യാത്രതിരിക്കുന്നതിനു മുൻപ്, ഒരു കുപ്പി കറുപ്പ് വാങ്ങാൻ കീറ്റ്സ് സെവേണിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ എപ്പോഴെങ്കിലും ആത്മഹത്യചെയ്യണമെന്നു തോന്നിയാൽ അതിനുപകരിക്കാൻ വേണ്ടിക്കൂടിയാണ് കീറ്റ്സ് ഇതാവശ്യപ്പെട്ടതെന്ന് സെവേണ് തോന്നി. യാത്രക്കിടെ കുപ്പി സെവേണിൽ നിന്നു മേടിച്ചെടുക്കാൻ കീറ്റ്സ് ശ്രമിച്ചെങ്കിലും സെവേൺ കൊടുത്തില്ല. റോമിൽ അദ്ദേഹം വീണ്ടും ശ്രമിച്ചു. [...] സെവേൺ ആകെ വിഷമത്തിലായി. എന്തുചെയ്യണമെന്നറിയാതെ അദ്ദേഹം ഡോക്ടറോടു കാര്യം പറഞ്ഞു. ഡോക്ടർ കുപ്പി വാങ്ങിക്കൊണ്ടുപോയി. അതിനാൽ, കഠിനമായ വേദനയിൽ, ആശ്വാസത്തിനു കീറ്റ്സിനു വഴിയില്ലെന്നായി.[45]
ഈ കല്ലറയിൽ യുവാവായ ഒരു ഇംഗ്ലീഷ് കവിയുടെ ഭൗതികശരീരമാണ്. മരണശയ്യയിൽ, ശത്രുക്കളുടെ ദുഷ്ടശക്തി ഓർത്തുള്ള കയ്പിൽ, ഈ വാക്കുകൾ തന്റെ ചരമഫലകത്തിൽ എഴുതി വയ്ക്കാൻ അദ്ദേഹം നിർദ്ദേശിച്ചു: ജലത്തിൽ പേരെഴുതപ്പെട്ടവൻ ഇവിടെ ശയിക്കുന്നു.
24 ഫെബ്രുവരി 1821
കീറ്റ്സിന്റെ ഔദ്യോഗികരേഖകളിലുള്ള മരണദിനവും ചരമഫലകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന തിയതിയും തമ്മിൽ ഒരു ദിവസത്തിന്റെ വ്യത്യാസമുണ്ട്. ചരമഫലകത്തിൽ സെവേണും ബ്രൗണും കൂട്ടിച്ചേർത്ത വരികൾ, കീറ്റ്സിന്റെ കവിതകളോട് നിരൂപകർ സ്വീകരിച്ച പ്രതികൂലമനോഭാവത്തിന്റെ വിമർശനമായിരുന്നു. മരണത്തിനു കാരണമായി ഹണ്ട് പറഞ്ഞത് എൻഡിമിയണിനെതിരെ "ക്വാർട്ടർലി റിവ്യൂ" നടത്തിയ ആക്രമണമായിരുന്നു. കീറ്റ്സിന്റെ മരണത്തിനു ഏഴാഴ്ചകൾക്കു ശേഷം ഷെല്ലി അദ്ദേഹത്തിന്റെ ഓർമ്മക്കായി അഡോണിസ് എന്ന കവിത എഴുതി.[46] കീറ്റ്സിന് ഇഷ്ടപ്പെടുമായിരുന്നു എന്നു പറഞ്ഞ് ക്ലാർക്ക് സംസ്കാരസ്ഥാനത്തിനു ചുറ്റും ഡെയിസിച്ചെടികൾ വച്ചു പിടിപ്പിക്കാൻ ഏർപ്പാടാക്കി. ശുചിത്വസംബന്ധമായ കാരണങ്ങൾ പറഞ്ഞ് ഇറ്റാലിയൻ ആരോഗ്യവകുപ്പധികൃതർ കീറ്റ്സിന്റെ റോമിലെ മുറിയിലെ ഫർണിച്ചറും മറ്റും കത്തിച്ചുകളയുകയും, ഭിത്തി ഉരച്ചുവെളുപ്പിക്കയും, പുതിയ ജനാലകളും വാതിലുകളും തറയോടുകളും പിടിപ്പിക്കുകയും ചെയ്തു.[47] 2009 മാർച്ചിൽ മാർഷ് ഇങ്ങനെ എഴുതി: "കീറ്റ്സിന്റെ സംസ്കാരസമയത്ത് ഒരു വയൽ മാത്രമായിരുന്ന സിമിത്തേരിയുടെ പഴയ ഭാഗത്ത് ഇപ്പോൾ, കുടപ്പൈനുകളും, മിർട്ടിലുകളും, റോസുകളും, വയലറ്റുകളും നിറഞ്ഞിരിക്കുന്നു. [...] കീറ്റ്സിനെ ഏറ്റവും ശക്തിയായി പിന്തുണച്ചിരുന്ന ഷെല്ലിയേയും അവിടെയാണ് സംസ്കരിച്ചിരിക്കുന്നത്" താൻ അവസാനം വരെ ശുശ്രൂഷിച്ച സുഹൃത്തിനടുത്തു തന്നെ സെവേണും അന്ത്യവിശ്രമം കൊള്ളുന്നു.[48][43]
കീറ്റ്സിന്റെ കവിത
തിരുത്തുക25-ആമത്തെ വയസ്സിൽ കീറ്റ്സ് മരിക്കുമ്പോൾ, അദ്ദേഹം കവിതയെ ഗൗരവമായെടുത്ത് എഴുതിത്തുടങ്ങിയിട്ട് ആറു വർഷം മാത്രമേ കഴിഞ്ഞിരുന്നുള്ളൂ — 1814 മുതൽ മരിക്കുന്നതിനു തൊട്ടുമുൻപ്, 1820-ലെ വേനൽക്കാലം വരെ – ആദ്യകവിത പ്രസിദ്ധപ്പെടുത്തിയിട്ട് നാലു വർഷവും. അദ്ദേഹത്തിന്റെ "ഓ ഏകാന്തതേ"(O Solitude) എന്ന ഭാവഗീതം എക്സാമിനർ മാസികയിൽ വന്നത് 1816 മേയ് മാസത്തിലും, അവസാന സമാഹാരമായ "ലാമിയ, ഇസബെല്ലാ, ആഗ്നസ് പുണ്യവതിയുടെ പൂർവസന്ധ്യ, മറ്റു കവിതകൾ" പ്രസിദ്ധീകരിച്ചത് റോമിലേയ്ക്കുള്ള അന്ത്യയാത്രയ്ക്ക് തൊട്ടുമുൻപ് 1820 ജൂലൈ മാസത്തിലും ആയിരുന്നു. കവിത്വപരിശീലനത്തിന്റേയും പക്വതയുടേയും കാലത്തിന്റെ ഈ ഹ്രസ്വത കീറ്റ്സിന്റെ രചനാജീവിതത്തിന്റെ പല പ്രത്യേകതകളിൽ ഒന്നു മാത്രമാണ്.[1] ഹ്ര്വസ്വമായ ഈ രചനാകാലം രചനാസമൃദ്ധിയുടേതായിരുന്നെങ്കിലും, ഇംഗ്ലീഷ് ഭാഷയിൽ ഏറ്റവുമേറെ വിലമതിക്കപ്പെടുന്ന കവികളിൽ ഒരാളെന്ന അദ്ദേഹത്തിന്റെ യശസ്സിനു വഴിയൊരുക്കിയത് 1819-ലെ അർച്ചനാകാവ്യങ്ങൾ(Odes) ഉൾപ്പെടെയുള്ള ഒരു ചെറിയ കൂട്ടം കവിതകളാണ്. [49]
കവിത കീറ്റ്സിന് വഴങ്ങിയത് എളുപ്പമല്ല. അദ്ദേഹത്തിന്റെ ആദ്യരചനകൾ ശരാശരി നിലവാരം മാത്രമുള്ളവയായിരുന്നു. സുഹൃത്തുക്കളുടെ ഔദാര്യം കൊണ്ടുമാത്രം വെളിച്ചം കണ്ടവയെന്ന നിലയിൽ വിമർശകർ അവയെ എഴുതിത്തള്ളി. കീറ്റ്സിന്റെ ഏറ്റവും വിജയിച്ച കവിതകൾ പിറന്നത്, പുരാതന സാഹിത്യത്തിൽ, ദീർഘവും ബോധപൂർവവുമായ സ്വപ്രയത്നം വഴി അഗാധമായ അറിവു സമ്പാദിച്ചതിൽ പിന്നെയാണ്. "വൃക്ഷത്തിൽ തളിരെന്ന പോലെ സ്വാഭാവികമായല്ലാതെ പിറക്കുന്ന കവിത പിറക്കാതിരിക്കുന്നതാണ് ഭേദം" എന്നു പറഞ്ഞ കീറ്റ്സിനെ നൈസർഗ്ഗികമായ പ്രതിഭ അനുഗ്രഹിച്ചിരുന്നെങ്കിലും, അദ്ദേഹത്തിന്റെ ആദ്യകവിതകൾ എഴുതി പഠിക്കുന്ന ഒരു കവിയുടേതു മാത്രമായിരുന്നു. സാഹിത്യചരിത്രകാരൻ വില്യം വാൽഷ് ആ കവിതകളെ അവ്യക്തം, "നേർ കാഴ്ചയ്ക്കു മങ്ങലേല്പിക്കുന്ന മയക്കത്തിൽ പിറന്നവ" എന്നൊക്കെ വിശേഷിപ്പിച്ചു. ഹ്രസ്വമായ ജീവിതത്തിന്റെ അവസാനഘട്ടത്തിൽ ഉണ്ടായ പ്രതിഭയുടെ കുത്തൊഴുക്കിലാണ്, തന്റെ ഭാവനയുടെ തീവ്രത കലയുടെ മാദ്ധ്യമത്തിലൂടെ പ്രകടിപ്പിച്ച് എക്കാലത്തേയ്ക്കും യശസ്സുറപ്പിക്കുന്നതിൽ കവി വിജയിച്ചത്.[50] എന്നിട്ടും, തനിക്ക് ഒന്നും അവശേഷിപ്പിക്കാതെ പോകേണ്ടി വന്നതായി കീറ്റ്സ് ദുഃഖിച്ചിരുന്നു. താൻ മരിക്കുകയാണെന്ന അറിവോടെ 1820 ഫെബ്രുവരിയിൽ അദ്ദേഹം ഫാനി ബ്രാണിന് ഇങ്ങനെ എഴുതി, "ശാശ്വതമൂല്യമുള്ള ഒരു സൃഷ്ടിയും, എന്നെക്കുറിച്ചഭിമാനിക്കാൻ എന്റെ സുഹൃത്തുക്കളെ സഹായിക്കുന്നതൊന്നും, അവശേഷിപ്പിക്കാൻ എനിക്കു കഴിഞ്ഞില്ല. എല്ലാത്തിലും സൗന്ദര്യാംശത്തെ സ്നേഹിച്ച ഞാൻ, സമയം അനുവദിച്ചെങ്കിൽ അനശ്വരത നേടുമായിരുന്നു."
കീറ്റ്സിന്റെ ജീവിതകാലത്ത് അദ്ദേഹത്തിന്റെ മൂന്നു കവിതാസമാഹാരങ്ങളുടെ ആകെ വില്പന 200-നപ്പുറം പോയില്ലെന്ന് പറയപ്പെടുന്നു.[51] എങ്കിലും മോഷൻ ചൂണ്ടിക്കാണിക്കുന്നതുപോലെ: "ദാരുണമാം വിധം അകാലത്തിൽ 25-ആമത്തെ വയസ്സിൽ അദ്ദേഹം മരിച്ചപ്പോൾ, ആരാധകർ അദ്ദേഹത്തെ "സ്വന്തം ഹൃദയമിടിപ്പിനൊപ്പം ചിന്തിക്കുന്നവൻ" എന്നു പുകഴ്ത്തി "എല്ലാ വിടവുകളേയും ഖനിജങ്ങൾ കൊണ്ടു നിറയ്ക്കാൻ ശ്രമിച്ചവൻ" എന്ന് കീറ്റ്സ് സ്വയം വിശേഷിപ്പിച്ചിട്ടുണ്ട്. [52] ജീവിതകാലത്തു തന്നെ കീറ്റ്സിന്റ് പ്രതിഭയെ, ഷെല്ലിയേയും ഹണ്ടിനേയും പോലുള്ള പ്രധാനികളും ഒരളവു വരെ ബൈറണും അംഗീകരിച്ചിരുന്നു.[51] എന്നാൽ നിരൂപകന്മാരും പ്രസാധകരും അദ്ദേഹത്തെ നിശിതമായി വിലയിരുത്തി. റോമിൽ രോഗാവസ്ഥയിൽ കഴിഞ്ഞ കീറ്റ്സുമായി ഷെല്ലി കത്തിടപാടുകൾ നടത്തിയിരുന്നു. കീറ്റ്സിന്റെ മരണം ത്വരിതപ്പെടുത്തിയത് "ക്വാർട്ടർലി റിവ്യൂ"-വിന്റെ പരുക്കൻ നിരൂപണമാണെന്ന് പിന്നീട് ഷെല്ലി പരാതിപ്പെട്ടു. കീറ്റ്സ് മരിച്ച് ഏഴാഴ്ച കഴിഞ്ഞ് അദ്ദേഹം, "അഡോണിയാ" എന്ന പേരിൽ, 55 സ്പെൻസേറിയൻ ഖണ്ഡങ്ങളിലായി 495 വരികളുള്ള ഒരു കാവ്യം എഴുതി. അടുത്ത ജൂലൈ മാസത്തിൽ പ്രസിദ്ധീകരിച്ച ആ കവിതയെ തന്റെ ഏറ്റവും കുറ്റമറ്റ രചനയായി അദ്ദേഹം വിലയിരുത്തി. കീറ്റ്സിന്റെ അകാലമൃത്യുവിനെ തനിക്ക് വ്യക്തിപരമായും ലോകത്തിനു പൊതുവായും സംഭവിച്ച ദുരന്തമായി ഷെല്ലി അതിൽ ചിത്രീകരിച്ചു.
[...] ഏറ്റവും സുന്ദരവും അവസാനത്തേതുമായ പൂമൊട്ട്,
വിരിയുന്നതിനു മുൻപേ ദളങ്ങൾ മുറിക്കപ്പെട്ട്
ഫലത്തിന്റെ വാഗ്ദാനം മാത്രം അവശേഷിപ്പിച്ച് യാത്രയായി.
[53][54]
മരിച്ച് മുപ്പതു വർഷങ്ങൾ കഴിഞ്ഞപ്പോൾ, കീറ്റ്സിന്റെ പ്രതിച്ഛായ പൊതുജനങ്ങൾക്കിടയിൽ മാറിത്തുടങ്ങി. 1848-ൽ റിച്ചാർഡ് മോൺക്ടൺ മിൽനസ് എഴുതിയ ആദ്യത്തെ സമ്പൂർണ്ണ ജീവചരിത്രവും വിക്ടോറിയൻ കവി ടെന്നിസന്റെ പിന്തുണയും, ഇംഗ്ലീഷ് സാഹിത്യത്തിലെ ഉന്നതസ്ഥാനീയർക്കിടയിൽ അദ്ദേഹത്തെ പ്രതിഷ്ഠിക്കുന്നതിൽ സഹായിച്ചു. 1882-ൽ ബ്രിട്ടാണിക്കാ വിജ്ഞാനകോശത്തിൽ എഴുതിയ ലേഖനത്തിൽ ചാൾസ് സ്വിൻബേൺ, "രാപ്പാടിയോടുള്ള അർച്ചനാകാവ്യം" എന്ന കവിതയെ, "എല്ലാക്കാലത്തേയും, എല്ലാ യുഗങ്ങളിലേയും മനുഷ്യഭാവനയുടെ അത്യുന്നത നായകശില്പങ്ങളിൽ ഒന്ന്" എന്നു വിശേഷിപ്പിച്ചു.[55] "ഇംഗ്ലീഷ് ഭാഷ അതിന്റെ അന്തിമസാഫല്യം കണ്ടെത്തുന്ന ഒരു കൂട്ടം രചനകൾ" എന്നു അർച്ചനാകാവ്യങ്ങളെ ഹെലൻ വെണ്ട്‌ലറും വിശേഷിപ്പിച്ചു.[56] "ശരത്കാലത്തിനോട്"(To Autumn) എന്ന കവിതയെ ജോനാഥൻ ബേറ്റ് വിശേഷിപ്പിച്ചത്, "ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും തികവുറ്റ കവിതയായി ഓരോ തലമുറയും തിരിച്ചറിയുന്ന രചന" എന്നാണ്.[57]ആ അർച്ചനാകാവ്യത്തെ "ഇംഗ്ലീഷ് ഭാഷയിലെ കവിതകളിൽ ഏറ്റവും കുറ്റമറ്റതും സുന്ദരവും" എന്ന് എം.ആർ റിഡ്‌ലിയും വിശേഷിപ്പിച്ചു.[58]
കത്തുകൾ
തിരുത്തുകകീറ്റ്സും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ഉത്സാഹികളായ കത്തെഴുത്തുകാരായിരുന്നു. സഹോദരൻ ജോർജ്ജ് അമേരിക്കയിലേയ്ക്ക് കുടിയേറിയതിനെ തുടർന്ന് കീറ്റ്സ് പതിവായി അയാൾക്ക് ദീർഘമായ കത്തുകൾ എഴുതാൻ തുടങ്ങി. ആ കത്തുകൾ കീറ്റ്സിന്റെ ജീവിതത്തിന്റെ ദിനവൃത്താന്തം തന്നെ ആയിരിക്കുന്നു. കീറ്റ്സിന്റെ ദർശനവും, ഹൃദയഭാവങ്ങളും, കവിതകളുടെ ആദ്യരൂപങ്ങളും എല്ലാം ചേർന്ന ആ കത്തുകൾ അദ്ദേഹത്തിന്റെ വിലപ്പെട്ട രചനകളാണ്.[59]"കീറ്റ്സിന്റെ വിനോദവും വിജ്ഞാനവും നിറഞ്ഞ കത്തുകൾ "ഇംഗ്ലീഷ് ഭാഷയിലെ സാഹിത്യസംബന്ധിയായ കത്തിടപാടുകളുടെ മുൻനിരയിൽ പെടുന്നു" എന്ന് സ്ട്രാച്ചൻ അഭിപ്രായപ്പെട്ടിട്ടുണ്ട്.[60] ഈ കത്തുകളിൽ കീറ്റ്സ് "ഋണകുശലത"(Negative capability), "മരയോന്തുകവി"(Chameleon Poet), "ഏറെ വീടുകളുള്ള ഹർമ്മ്യം"(Mansion of Many Apartments) തുടങ്ങിയ കൗതുകകരമായ ആശയങ്ങൾ അവതരിപ്പിക്കുന്നു. കീറ്റ്സിന്റെ കത്തുകളിൽ വല്ലപ്പോഴും ഒരിക്കൽ മാത്രം പ്രത്യക്ഷപ്പെട്ട ഈ പ്രയോഗങ്ങൾക്ക് പിന്നീട് വലിയ പ്രചാരം കിട്ടി.[61] "എന്റെ ഭാവന ഒരു സന്യാസഭവനവും ഞാൻ അവിടത്തെ സന്യാസിയുമാണ്" എന്നദ്ദേഹം ഷെല്ലിയ്ക്ക് എഴുതി. സഹോദരൻ ജോർജ്ജിനെഴുതിയ ഒരു കത്തിൽ കീറ്റ്സ് ലോകത്തെ "ആത്മനിർമ്മിതിയുടെ താഴ്‌വര"(the vale of Soul-making") എന്നു വിളിച്ചു. [62] കവിയായിരിക്കുക എന്നതിന്റെ അർത്ഥമെന്താണെന്ന വിഷയത്തിലേയ്ക്ക് ഈ കത്തുകളിൽ അദ്ദേഹം വീണ്ടും വീണ്ടും മടങ്ങിച്ചെല്ലുന്നുണ്ട്.[63] ജോർജ്ജിനെഴുതിയ ഒരു കത്തിൽ കാവിത്വാനുഭവത്തിന്റെ ഒരവസ്ഥയായി താൻ കണ്ട "ഋണകുശലത" എന്ന ആശയത്തെ കീറ്റ്സ് ഇങ്ങനെ വിശദീകരിക്കുന്നു: "വസ്തുതകളുടേയും യുക്തിയുടേയും പുറകേയുള്ള അലോസരമുണ്ടാക്കുന്ന പരക്കം പാച്ചിൽ ഇല്ലാതെ, അനിശ്ചിതത്ത്വത്തിലും, രഹസ്യാത്മകതയിലും, സംശയങ്ങളിലും സംതൃപ്തിയോടെ കഴിയുന്ന അവസ്ഥയാണത്". "അർത്ഥജ്ഞാനത്തിലെ ആ സംതൃപ്തിയിൽ" നാം ഹൃദയത്തിന്റെ തോന്നലുകളെ വിശ്വസിക്കുന്നു.[64] പിന്നീട് അദ്ദേഹം എഴുതി:"ഹൃദയത്തിന്റെ മമതകളുടെ വിശുദ്ധിയിലും ഭാവനയുടെ സത്യത്തിലും അല്ലാതെ മറ്റൊന്നിലും എനിക്കു വിശ്വാസമില്ല – ഭാവന സൗന്ദര്യമായി തിരിച്ചറിയുന്നത്, അസ്തിത്വമുള്ളവയോ ഇല്ലാത്തവയോ ആകട്ടെ, സത്യമാകാതെ വയ്യ. പ്രേമമെന്നപോലെ തന്നെ നമ്മുടെ എല്ലാ അഭിനിവേശങ്ങളും(Passions) അവയുടെ ശുദ്ധരൂപത്തിൽ സൗന്ദര്യത്തെ സൃഷ്ടിക്കാൻ കഴിവു ള്ളവയാണെന്ന് ഞാൻ കരുതുന്നു." [65] റിച്ചാർഡ് വുഡ്‌ഹൗസിനെഴുതിയ കത്തിൽ കവിത്വസ്വഭാവത്തിന്റെ ശൂന്യാവസ്ഥയെക്കുറിച്ചുള്ള കീറ്റ്സിന്റെ നിരീക്ഷണം പ്രസിദ്ധമാണ്:
[കവിത്വസ്വഭാവത്തിന്] സ്വത്വം എന്നൊന്നില്ല – അത് എല്ലാമായും ഒന്നുമല്ലാതെയും ഇരിക്കുന്നു – അതിന് സ്വഭാവം ഇല്ല – അത് വെളിച്ചത്തിലും നിഴലിലും രസിക്കുന്നു; [...] പുണ്യവാനായ ദാർശനികന് ഞെട്ടലുണ്ടാക്കുന്നത്, മരയോന്തായ കവിയെ സന്തോഷിപ്പിക്കുന്നു. കറുപ്പിനോടുള്ള അതിന്റെ പ്രേമം വെളുപ്പിനോടുള്ള പ്രേമം പോലെ തന്നെ നിരുപദ്രവമാണ്; അവ രണ്ടും ചെന്നെത്തുന്നത് മനോരാജ്യത്തിലാണ്. ഏറ്റവും കുറവ് കാവ്യഭാവം ഉള്ളയാളാണ് കവി; സ്വത്വം എന്നൊന്നില്ലാത്ത അയാൾ, മറ്റെന്തിനെയെങ്കിലും നിറയ്ക്കുന്നു. സൂര്യനോ, ചന്ദ്രനോ, കടലോ, സ്ത്രീപുരുഷന്മാരോ ഒക്കെയെടുത്താലും അവയിലെല്ലാം കാവ്യഭാവവും മാറാത്ത പ്രകൃതികളുമുണ്ട് – കവിയ്ക്ക് അങ്ങനെയൊന്നില്ല; സ്വത്വമേയില്ല – ദൈവത്തിന്റെ സൃഷ്ടികളിൽ ഏറ്റവും കാവ്യഗുണമില്ലാത്തത് കവിയാണ്.
സെപ്തംബർ 21-ന് കീറ്റ്സ് ജോൺ ഹാമിൽട്ടൺ റെയ്നോൾസിന് ഇങ്ങനെ എഴുതി:
"ഋതു ഇപ്പോൾ എത്ര സുന്ദരവും അന്തരീക്ഷം എത്ര സ്വച്ഛവും ആയിരിക്കുന്നു. ഒതുക്കമുള്ള ഒരു തീക്ഷ്ണത അതിനെ പൊതിഞ്ഞു നിൽക്കുന്നു ... കൊയ്ത്തുകഴിഞ്ഞ കുറ്റിപ്പാടങ്ങളെ ഞാൻ മുൻപെങ്ങും ഇത്ര സ്നേഹിച്ചിരുന്നില്ല — ഹേ! വസന്തത്തിന്റെ തണുത്ത ഹരിതത്തേക്കാൾ ഭേദമാണത് - എന്തുകൊണ്ടെന്നറിഞ്ഞില്ല, കുറ്റിപ്പാടങ്ങൾ ഊഷ്മളമായി കാണപ്പെടുന്നു — ചില ചിത്രങ്ങൾ ഊഷ്മളമായി കാണപ്പെടുന്നതു പോലെ - ഈ ഞായറാഴ്ച നടക്കാൻ പോയ എന്നെ [ഈ തോന്നൽ] വല്ലാതെ സ്പർശിച്ചതിനാൽ ഞാൻ അതിനെക്കുറിച്ച് കവിത എഴുതി".[66]
കീറ്റ്സിന്റെ "ശരൽക്കാലത്തോട്" എന്ന പ്രഖ്യാതമായ അർച്ചനാകാവ്യത്തിന്റെ അവസാനഖണ്ഡത്തിന്റെ തുടക്കം ഈ കത്തിലെ ആശയത്തിന്റെ ആവർത്തനമാണ്:
വസന്തത്തിന്റെ സംഗീതമെവിടെ? ഹേ! അതെവിടെ?
അതിനെക്കുറിച്ചു ചിന്തിക്കേണ്ട കാര്യമില്ല, നിനക്കും നിന്റെ സംഗീതമുണ്ട്,-
മെല്ലെ മരിക്കുന്ന പകലിനെ സുന്ദരമാക്കുന്ന വരയൻ മേഘങ്ങൾ,
കുറ്റിപ്പാടങ്ങളെ ചെഞ്ചായം തൊടുവിക്കുമ്പോൾ; [...]
കീറ്റ്സ് മരിച്ച് വർഷങ്ങൾക്കുശേഷം, "ശരൽക്കാലത്തോട്" എന്ന അർച്ചനാകാവ്യം ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും വിലമതിക്കപ്പെടുന്ന കവിതകളിലൊന്നായി അംഗീകരിക്കപ്പെട്ടു.[67][68]
ജീവചരിത്രങ്ങൾ
തിരുത്തുകകീറ്റ്സിനെ നേരിട്ടറിയാവുന്നവരാരും അദ്ദേഹത്തിന്റെ ജീവചരിത്രം എഴുതിയിട്ടില്ല.[69] 182-ൽ കീറ്റ്സിന്റെ മരണത്തിനു തൊട്ടുപിന്നാലെ, അദ്ദേഹത്തിന്റെ പ്രസാധകരായിരുന്ന ടെയ്ലർ ആൻഡ് ഹെസ്സി, ഒരു ജീവചരിത്രം എത്രയും പെട്ടെന്ന് പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്നതായി അറിയിച്ചെങ്കിലും കീറ്റ്സിന്റെ സുഹൃത്തുക്കൾ അതുമായി സഹകരിക്കാൻ വിസമ്മതിച്ചതോടെ ആ പദ്ധതി ഉപേക്ഷിക്കപ്പെട്ടു. എന്നാൽ പല നിലപാടുകളിൽ നിന്നുള്ളവയും പല തരം പ്രസക്തികൾ ഉള്ളവയുമായ[69] ഒട്ടേറെ ജീവചരിത്രക്കുറിപ്പുകൾ കലയുടെ ലോകത്ത് ഒരു ബിംബമായിത്തീർന്ന അദ്ദേഹത്തെക്കുറിച്ച് പലരും എഴുതിയിട്ടുണ്ട് – ദീർഘമായ സ്മരണകളും, പൂർണ്ണ അദ്ധ്യായങ്ങൾ തന്നെയും, കലാകാരന്മാർക്കും എഴുത്തുകാർക്കുമിടയിൽ അദ്ദേഹത്തിനുണ്ടായിരുന്നു ഒട്ടേറെ സുഹൃത്തുക്കളുടെ കത്തുകളും എല്ലാം അവയുടെ ഭാഗമാണ്. എന്നാൽ ഇവ മിക്കപ്പോഴും സംഭവങ്ങളുടെ പരസ്പരവിരുദ്ധവും പക്ഷപാതപരവുമായ ചിത്രങ്ങൾ തരികയും കലഹങ്ങൾക്കും ചേരിതിരിവിനും കാരണമാവുകയും ചെയ്തു.[69]
കീറ്റ്സിന്റെ സുഹൃത്തുക്കളായ ബ്രൗൺ, സെവേൺ, ദിൽക്കെ, ഷെല്ലി, ഹണ്ട്, രക്ഷാകർത്താവ് റിച്ചാർഡ് ആബി, പ്രസാധകൻ ടെയ്‌ലർ, ഫാനി ബ്രാൺ എന്നിവരും മറ്റു പലരും കീറ്റ്സിന്റെ മരണശേഷം കുറിപ്പുകൾ എഴുതി. ഈ ആദ്യകാലലിഖിതങ്ങളാണ് പിന്നീട് രൂപപ്പെട്ടുവന്ന കീറ്റ്സ് ഇതിഹാസത്തിന്റെ അടിസ്ഥാനമായിത്തീർന്നത്. [70] ഷെല്ലി കീറ്റ്സിനെ കണക്കാക്കിയത്, സഹനത്തിൽ നിന്നു വേർതിരിച്ചു കാണാനാകാത്ത തരം നേട്ടങ്ങൾ ഉള്ള ഒരാളായാണ്. സഹനത്തിലൂടെ ആത്മീയവൽക്കരിക്കപ്പെട്ടവനും, ലോകത്തിന്റെ രീതികൾക്കൊത്തു പോകാനാകാത്ത വിധം ഉദാത്തപ്രകൃതിയും ആയി അദ്ദേഹം കീറ്റ്സിനെ ചിത്രീകരിച്ചു. വേദനിക്കുന്നവനും ക്ഷയരോഗിയുമായ കവിയെക്കുറിച്ചുള്ള ഈ ചിത്രം ഇപ്പോഴും ജനകീയസംസ്കൃതിയിൽ പ്രചാരത്തിലുണ്ട്.[71]
1848-ൽ ഏറെ മാറ്റിവയ്ക്കലുകൾക്കു ശേഷം റിച്ചാർഡ് മോനിക്ടൺ മിൽനസ് എഴുതിയ കീറ്റ്സിന്റെ ആദ്യത്തെ സമ്പൂർണ്ണ ജീവചരിത്രം പ്രസിദ്ധീകരിക്കപ്പെട്ടു. പിന്നീടെഴുതപ്പെട്ട ജീവചരിത്രങ്ങളിൽ പ്രസിദ്ധമായവ സിഡ്‌നി കോൾവിൻ(1845-1927), റോബർട്ട് ഗിട്ടിങ്ങ്സ്(1911-927), വാൾട്ടർ ജാക്സൺ ബേറ്റ്സ്(1918-1999) ആൻഡ്രൂ മോഷൻ(ജനനം:1952) എന്നിവരുടേതാണ്.
കുറിപ്പുകൾ
തിരുത്തുക൧ ^ കീറ്റ്സിന്റെ കവിതയോട് ഷെല്ലിയ്ക്കുണ്ടായിരുന്നതിൽ വളരെക്കുറച്ചു മതിപ്പു മാത്രമേ ബൈറണുണ്ടയിരുന്നുള്ളു. ആ കവിതയെ നേരത്തെ അദ്ദേഹം "കിടന്നുമുള്ളുന്ന കവിത" (Piss a bed poetry), "ഒരു തരം മാനസിക സ്വയംഭോഗം(a sort of mental masturbation) എന്നൊക്കെ പരിഹസിച്ചിരുന്നു.[72] "ഒരു ലേഖനം കീറ്റ്സിനെ തല്ലിക്കെടുത്തി" എന്നെഴുതിയതിൽ കീറ്റ്സിന്റെ വിമർശകരെ കുറ്റപ്പെടുത്തുന്നതിനൊപ്പം അദ്ദേഹത്തിന്റെ അകാലചരമത്തിന് ഷെല്ലി കൊടുത്ത വ്യാഖ്യാനത്തെ പരിഹസിക്കുക എന്ന ലക്ഷ്യം കൂടി ഉണ്ടായിരുന്നിരിക്കാം.
൨ ^ ജേൻ ക്യാംപിയോൻ കഥാരചനയും സംവിധാനവും നിർവഹിച്ച് 2009-ൽ നിർമ്മിക്കപ്പെട്ട "ബ്രൈറ്റ് സ്റ്റാർ" എന്ന ചലച്ചിത്രം കീറ്റ്സിന്റേയും ഫാനിയുടേയും പ്രേമത്തിന്റെ കഥയാണ്.
Ode on a grecian Urn
(John keats)
ജോൺ കീറ്റ്സിന്റെ
ചിതാക്കുടചിത്രവികലവർണനകാവ്യം Shibu cheruvadi
ജോൺ കീറ്റ്സ് നീ വെറുമൊരു സൗന്ദര്യപ്രേമി!
കാലത്തിന്റെ വിളിയാളങ്ങൾക്കു ചരമഗീതം പോഴിഞ്ഞ വരേണ്യ വധു..
നിന്റെ ഭാവനക്കു നിറം പകരുന്നതല്ല സത്യം, സത്യത്തിനു നിറം പകരുന്നതല്ല നിന്റെ ഭാവനയും!
നീയും കാലത്തിന്റെ കൂട്ടുകാരൻ നിനക്കെന്തുണ്ട് ന്യായം?
നീ നെയ്തെടുത്ത ഭാവനക്കു മുൻപിൽ തകർന്നടിഞ്ഞ സ്വപ്നമുണ്ട് നിന്റെ കണ്ണുകൾ മൂടിവെച്ച, തൂലിക യജമാനക്കൂറു പുലർത്തി ഭാവനക്കു തളം കെട്ടിയിട്ടും നിറം പകരാൻ നീ വിസമ്മതിച്ച അബലന്റെ സ്വപ്നം !
കാലം മറച്ചു വെക്കും ചിതയിലൊടുങ്ങുന്ന നേരമെങ്കിലും ചിത്രകാരൻ കൊത്തിവെക്കും തന്റെ പച്ചയായ ജീവിതം!
അവിടെയും കാർന്നെടുത്തു നിനക്കാവശ്യമുള്ള അവയവങ്ങളും
നീ മാറ്റിവച്ചു കണ്ണീരു വാർക്കുന്ന കാഴ്ചകൾ
പകരം നീ പകർന്നു കൊടുത്ത പദവി മാത്രം നിന്റെ തോന്നിവാസ കവിതയിലെ 'ചിത്രകാരൻ'!
മണ്ണടിഞ്ഞാൽ വരേണ്യം ചാർത്തി കൊടുക്കുന്ന മേലങ്കി!
വർണപ്പകിട്ടാർന്ന ജീവിതം ഒരുവഴിക്ക് മറ്റൊരു തലക്കൽ മുഖ്യധാരയുടെ ആട്ടിതൊഴിച്ചിൽ.
നീ വർണ പ്പകിട്ടു ചാർത്തി നിന്റെ വരേണ്യ ചിന്ത തലമുറക്കു പകുക്കുവാൻ ഭംഗിയായി നെയ്തെടുത്തു നിന്റെ കിരാത ലക്ഷ്യം .
സത്യം നെയ്തെടുക്കും തൂലികയെങ്കിലും എന്നവസാന സ്വപ്നം ഞാനും കണ്ടിരുന്നു..
കാലത്തിന്റെ സീമന്തപുത്രാ നിന്റെ എഴുത്താണിയും കുത്തിനോവിച്ചു
ഒടുവിൽ നീ പറയുന്നു സൗന്ദര്യമാണ് സത്യം, സത്യമാണ് സൗന്ദര്യമെന്നും..
നീ കുറിച്ചിട്ട വരികൾക്കു ജീവനുണ്ട് പക്ഷേ അധസ്ഥിതന്റെ യാതനക്കുനേരെ നിന്റെ തൂലികക്കു മൗനം . കലയുടെ
- നിത്യതയിൽ*
സൗന്ദര്യത്തെ വാഴ്ത്തി പാടുമ്പോൾ അബലകൾക്കു മുൻപിൽ നിന്റെ നാവരിഞ്ഞു പോയോ?
കിരാത വർഗം എക്കാലവും ചോരകുടിച്ച ജീവിതം , സ്ത്രീകളും ദരിദ്രരും നിരാലംബരായി ഓടിയൊളിക്കേണ്ടവരോ ഇവിടെ എവിടെയാണു സൗന്ദര്യം?
നശ്വരതക്കു മുൻപിൽ കലാ നിത്യതക്കു തീർത്ത നിന്റെ ആവലാതിക്കു മുൻപിലും നീ കാണാതെ പോയതിൽ ഇന്നും എന്നും അലമുറയിട്ട് കാലത്തിന്റെ ചേഷ്ടകളിൽ നിന്ന് ഓടിയൊളിക്കുകയാണ് നിരാലംബരൊക്കെ തന്നെയും!
നിന്റെ തൂലികയിലല്ല കാലം സമ്മാനിച്ച വർഗവെറിയുടെ കച്ചി തുരുമ്പെങ്കിലും നിദ്രക്കു കൂടു കൂട്ടിയ നിന്നിലെ ഹൃദയത്തളത്തിൽ പിറവി കൊണ്ട വെറിയുടെ കിരാത കാവ്യമാണ് നിന്റെ ഈ താരാട്ട് പാട്ട്!
'സത്യത്തിനു സൗന്ദര്യമില്ല സൗന്ദര്യത്തിനു സത്യവുമില്ല' അതാണു സത്യം!
നീയും പഠിപ്പിക്കാതെ പഠിപ്പിച്ച 'സത്യം'!
കാലമേ നിന്റെ മാറിൽ ഞാൻ കുറിച്ചിടുന്നു
വൈകല്യമാണ് സത്യം സത്യമാണ് വൈകല്യം!
സമർപ്പണം
ജോൺ കീറ്റ്സിന്റെ
വരേണ്യചിന്താ
പാതകർക്കു സമക്ഷം
അരികു
വൽക്കരിക്കപ്പെടുന്ന
എന്റെ സഹോദരങ്ങൾക്കു മുൻപിൽ
ഗ്രന്ഥസൂചി
തിരുത്തുക- Bate, Walter Jackson (1964). John Keats. Cambridge, Mass.: Harvard University Press.
- Brown, Charles Armitage (1937). The Life of John Keats, ed. London: Oxford University Press.
- Brown, Sue (2009). Joseph Severn, A Life: The Rewards of Friendship. Oxford University Press. ISBN 978-0-19-956502-3
- Colvin, Sidney (1917). John Keats: His Life and Poetry, His Friends Critics and After-Fame. London: Macmillan.
- Colvin, Sidney (1970). John Keats: His Life and Poetry, His Friends, Critics, and After-Fame. New York: Octagon Books.
- Coote, Stephen (1995). John Keats. A Life. London: Hodder & Stoughton.
- De Almeida, Hermione. Romantic Medicine and John Keats. New York: Oxford University Press, 1991. ISBN 0-19-506307-4
- Gittings, Robert (1954). John Keats: The Living Year. 21 September 1818 to 21 September 1819. London: Heinemann.
- Gittings, Robert (1964). The Keats Inheritance. London: Heinemann.
- Gittings, Robert (1968). John Keats. London: Heinemann.
- Goslee, Nancy (1985). Uriel's Eye: Miltonic Stationing and Statuary in Blake, Keats and Shelley. University of Alabama Press. ISBN 0-8173-0243-3
- Hewlett, Dorothy (3rd rev. ed. 1970). A life of John Keats. London: Hutchinson.
- Hirsch, Edward (Ed). (2001). Complete Poems and Selected Letters of John Keats. Random House Publishing. ISBN 0-375-75669-8
- Houghton, Richard (Ed). (2008). The Life and Letters of John Keats. Read Books.
- Jones, Michael (1984). "Twilight of the Gods: The Greeks in Schiller and Lukacs". Germanic Review 59 (2): 49–56.
- Lachman, Lilach (1988). "History and Temporalization of Space: Keats' Hyperion Poems". Proceedings of the XII Congress of the International Comparative Literature Association, edited by Roger Bauer and Douwe Fokkema (Munich, Germany): 159–164.
- G. M. Matthews, ed. (1995). "John Keats: The Critical Heritage". London: Routledge. ISBN 0-415-13447-1
- Richard Monckton Milnes, 1st Baron Houghton|Monckton Milnes, Richard, ed. (Lord Houghton) (1848). Life, Letters and Literary Remains of John Keats. 2 vols. London: Edward Moxon.
- Motion, Andrew (1997). Keats. London: Faber.
- O'Neill, Michael & Mahoney Charles (ed.s) (2007). Romantic Poetry: An Annotated Anthology. Blackwell. ISBN 0-631-21317-1
- Ridley, M. and R. Clarendon (1933). Keats' craftsmanship: a study in poetic development ASIN: B00085UM2I (Out of Print in 2010).
- Scott, Grant F. (1994). The Sculpted Word: Keats, Ekphrasis, and the Visual Arts. Hanover, NH: University Press of New England. ISBN 0-87451-679-X
- Stillinger, Jack (1982). Complete Poems. Cambridge, Massachusetts: Belknap Press of Harvard University Press. ISBN 0-674-15430-4
- Strachan, John (Ed) (2003). A Routledge Literary Sourcebook on the Poems of John Keats. New York: Routledge. ISBN 0-415-23478-6
- Vendler, Helen, (1983). The Odes of John Keats. Belknap Press ISBN 0-674-63076-9
- Walsh, John Evangelist (1999). Darkling I Listen: The Last Days and Death of John Keats. New York: St. Martin's Press.
- Walsh, William (1957). "John Keats", in From Blake to Byron. Middlesex: Penguin.
- Ward, Aileen (1963). John Keats: The Making of a Poet. London: Secker & Warburg.
- Wolfson, Susan J. (1986). The Questioning Presence. Ithaca, New York: Cornell University Press. ISBN 0-8014-1909-3
കൂടുതൽ വായനയ്ക്ക്
തിരുത്തുക- Kirkland, John (2008). Love Letters of Great Men, Vol. 1. CreateSpace Publishing.
- Amy Lowell|Lowell, Amy (1925). John Keats. 2 vols. Boston: Houghton Mifflin.
- Parson, Donald (1954). Portraits of Keats. Cleveland: World Publishing Co.
- Plumly, Stanley (2008). Posthumous Keats. New York: W.W. Norton & Co.
- Richardson, Joanna (1963). The Everlasting Spell. A Study of Keats and His Friends. London: Cape
- Richardson, Joanna (1980). Keats and His Circle. An Album of Portraits. London: Cassell.
- Rossetti, William Michael (1887). The Life and Writings of John Keats. London: Walter Scott.
- Turley, Richard Marggraf (2004). Keats' Boyish Imagination. London: Routledge, ISBN 978-0-415-28882-8
- ↑ 1.0 1.1 1.2 1.3 O'Neill and Mahoney (1988), 418.
- ↑ വില്യം ജെ. ലോങ്ങ്, English Literature, Its History and its Significance for the Life of the English Speaking World
- ↑ Motion (1997), 10
- ↑ Harrow. Motion (1998), 22
- ↑ Milnes (1848)
- ↑ Monckton Milnes (1848) pxiii
- ↑ Motion (1997), 46
- ↑ Motion (1998), 98
- ↑ Motion (1997), 94
- ↑ 10.0 10.1 Hirsch, Edward (2001)
- ↑ Colvin (2006), 35
- ↑ Gittings (1968), 155
- ↑ Motion (1997), 116–120
- ↑ Motion (1997), 130
- ↑ Keats letter to Benjamin Bailey, November 22nd, 1817
- ↑ The Quarterly Review. April 1818. 204–08
- ↑ "Extracts from Blackwood's Edinburgh Magazine, 3 (1818) 519-24". Nineteenth Century Literary Manuscripts, Part 4. Retrieved 29 January 2010.
- ↑ 1819 ഏപ്രിൽ 11ന് താൻ കോളറിഡ്ജിനൊപ്പം ദീർഘമായൊരു നടത്തത്തിൽ പങ്കുചേർന്നെന്നും, രാപ്പാടികളും, കവിതയും, കവിത്വസംവേദനവും, തത്ത്വജ്ഞാനവും ഉൾപ്പെടെ ഒരായിരം വിഷയങ്ങൾ തങ്ങൾ ചർച്ച ചെയ്തെന്നും കീറ്റ്സ്, സഹോദരൻ ജോർജ്ജിനെഴുതിയൊരു കത്തിൽ പറയുന്നു. Motion (1997), 365–66
- ↑ ജോർജ്ജും ഭാര്യയും അമേരിക്കയിൽ, ഒഹായോവിലും കെന്റക്കിയിലെ ലൂയീസ് വില്ലയിലും ജീവിച്ചു. 1841-ൽ ജോർജ്ജിന്റെ ഓഹരിനിക്ഷേപം പൊളിഞ്ഞതോടെ അവർ നിർദ്ധനരാവുകയും മറ്റു രണ്ടു കീറ്റ്സ് സഹോദരന്മാരെപ്പോലെ ക്ഷയരോഗബാധിതരായി മരിക്കുകയും ചെയ്തു. ക്ഷയത്തിനു ഫലപ്രദമായ ചികിത്സ കണ്ടെത്തിയത് 1921-ൽ മാത്രമായിരുന്നു.
- ↑ ന്യൂ യോർക്ക് ടൈംസ് പത്രത്തിലെ ലേഖനം: അമേരിക്കയിൽ കീറ്റ്സ് കുടുംബത്തെ പിന്തുടർന്ന്; Koch 30 July 1922.). Retrieved 29 January 2010.
- ↑ Motion (1997) p494
- ↑ 1818 ആഗസ്റ്റ് 7-ആം തിയതിലെ കത്ത്; Brown (1937)
- ↑ Motion (1997), 290
- ↑ ക്ഷയം 1820 വരെ ഒരൊറ്റ രോഗമായി തിരിച്ചറിയപ്പെട്ടിട്ടില്ലായിരുന്നു. നാണക്കേടുണ്ടാക്കുന്ന രോഗമായി അതു കരുതപ്പെട്ടിരുന്നു, ബലഹീനതയിലും, അടിച്ചമർത്തപ്പെട്ട വികാരങ്ങളിലും, സ്വയംഭോഗത്തിലും നിന്നുണ്ടാകുന്നതാണ് അതെന്നുപോലും കരുതപ്പെട്ടിരുന്നു. തന്റെ കത്തുകളിൽ കീറ്റ്സ് ആ രോഗത്തെ "പേരുചൊല്ലി വിളിക്കാൻ വിസമ്മതിക്കുന്നു" De Almeida (1991), 206–07; Motion (1997), 500–01
- ↑ O'Neill and Mahoney(1988), 419
- ↑ ആ മൾബെറിച്ചെടി ഇന്നില്ല. അതിന്റെ സ്ഥാനത്ത് വേറെ ചെടി നട്ടിരിക്കുന്നു.
- ↑ Hart, Christopher. (2 August 2009.) "ജോൺ കീറ്റ്സിനെ അദ്ദേഹം എഴുതിയ തോട്ടത്തിലിരുന്നു വായിക്കുക Archived 2020-05-31 at the Wayback Machine.". ദ സൻഡേ ടൈംസ്.
- ↑ Bate (1963), 63
- ↑ Gittings (1968), 504
- ↑ 30.0 30.1 Kennedy, Maev. "Keats's London home reopens after major refurbishment". ദ ഗാർഡിയൻ, 22 July 2009.
- ↑ Gittings (1968), 262
- ↑ Gittings (1968), 268
- ↑ Gittings (1968), 264
- ↑ Gittings (1968), 139
- ↑ Gittings (1968), 139
- ↑ Walsh William (1981) Introduction to Keats Law Book Co of Australasia p81
- ↑ Gittings, R, (1956) Mask of Keats. Heinmann P45
- ↑ 38.0 38.1 Gittings (1968), 293–8
- ↑ 39.0 39.1 Gittings (1968), 327–331
- ↑ Richardson, 1952, p. 112
- ↑ Bate (1964), 636
- ↑ Motion (1997), 496
- ↑ 43.0 43.1 Marsh, Stefanie. "കീറ്റ്സിന്റെ ആത്മാവിലേയ്ക്ക് ഒരു ജാലകം Archived 2011-05-17 at the Wayback Machine.". ദ ടൈംസ്, 2 November 2009.
- ↑ Brown, Sue, 2009
- ↑ 45.0 45.1 Flood, Alison. "ഡോക്ടർമാരുടെ തെറ്റുകളാണ് കീറ്റ്സിന്റെ ദാരുണമായ അന്ത്യത്തിനു കാരണമെന്ന് ഒരു പുതിയ ജീവചരിത്രം പറയുന്നു". ദ ഗാർഡിയൻ, 26 ഒക്ടോബർ 2009.
- ↑ "അഡോണിസ്: ജോൺ കീറ്റ്സിന്റെ മരണത്തിൽ ഒരു വിലാപം Archived 2011-05-01 at the Wayback Machine.". Representative Poetry Online.
- ↑ Richardson, 1952, p. 89.
- ↑ Motion, Andrew. "Keats's keeper". ദ ഗാർഡിയൻ, 7 May 2005.
- ↑ Strachan (2003), 2
- ↑ Walsh (1957), 220–221
- ↑ 51.0 51.1 Andrew Motion (23 January 2010). "Article 23 January 2010 ജോൺ കീറ്റ്സിന്റെ കവിതയ്ക്ക് ഒരാമുഖം". London: Guardian. Retrieved 2010-02-15.
- ↑ ഷെല്ലിയ്ക്ക് 1820 ആഗസ്റ്റ് 16-ന് എഴുതിയ കത്തിൽ
- ↑ അഡോണിയാ: (അഡോണിയാ: എൻഡിമിയൺ, ഹപ്പറിയൺ മുതലായവയുടെ കർത്താവായ ജോൺ കീറ്റ്സിന്റെ മരണത്തിൽ ഒരു വിലാപം) ഷെല്ലി, പ്രസിദ്ധീകരിച്ചത്, 1821-ൽ
- ↑ "ടൊറോണ്ടോ സർവകലാശാല– ഷെല്ലിയുടെ അഡോണിയാ". Archived from the original on 2011-05-01. Retrieved 2010-08-03.
- ↑ "കീറ്റ്സ്, ജോൺ". ബ്രിട്ടാണിക്കാ വിജ്ഞാനകോശം, ഒൻപതാം പതിപ്പ്, വാല്യം XIV. കേംബ്രിഡ്ജ്: കേംബ്രിഡ്ജ് സർവകലാശാലാ പ്രെസ്, 1882. 22–24
- ↑ Vendler (1933)
- ↑ Bate (1963)
- ↑ Ridley & Clarendon (1933)
- ↑ Gittings (1968), 266
- ↑ Strachan (2003), 12
- ↑ Scott, Grant (ed.), ജോൺ കീറ്റ്സിന്റെ തെരഞ്ഞെടുത്ത കത്തുകൾ, ഹാർവാർഡ് സർവകലാശാലാ പ്രെസ്സ്(2002)
- ↑ ഫെബ്രുവരി 14 ഞായറാഴ്ച ജോർജ്ജ് കീറ്റ്സിനെഴുതിയ കത്ത്
- ↑ O'Neill and Mahoney (1988), 419
- ↑ Wu, Duncan (2005) Romanticism: an anthology: Edition: 3, illustrated. Blackwell, 2005 p.1351. citing Letter to George Keats. Sunday, 21 December 1817
- ↑ Keats letter to Benjamin Bailey, Saturday 22 November, 1817
- ↑ Houghton (2008), 184
- ↑ Bate, 581: "[...] ഓരോ തലമുറയും അതിനെ ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും തികവുറ്റ കാവ്യങ്ങളിലൊന്നായി തിരിച്ചറിഞ്ഞു."
- ↑ 1888-ൽ ബ്രിട്ടാണിക്കാ വിജ്ഞാനകോശം ഇങ്ങനെ അഭിപ്രായപ്പെട്ടു:"അർച്ചനാകാവ്യങ്ങളിൽ പൂർണ്ണമായ തികവിനോടടുത്തു നിൽക്കുന്നതും വാക്കുകൾ കൊണ്ട് മനുഷ്യനു എത്താവുന്ന സൗന്ദര്യത്തികവിനടുത്തു നിൽക്കുന്നതുമായ രണ്ടെണ്ണം "ശരൽക്കാലത്തോട്", "യവനകലശത്തിന്"(On a Grecian Urn) എന്നിവയാണ്. Baynes, Thomas (Ed.). ബ്രിട്ടാണിക്കാ വിജ്ഞാനകോശം Vol XIV. കേംബ്രിഡ്ജ്: കേംബ്രിഡ്ജ് സർവകലാശാലാ പ്രെസ്, 1888. OCLC 1387837. 23
- ↑ 69.0 69.1 69.2 Gittings (1968), 3
- ↑ Gittings (1968), 5
- ↑ Motion (1997), 499
- ↑ James Fenton, the Strength of Poetry, Oxford University Press(പുറങ്ങൾ 11-12)