ശിപായിലഹള ഡെൽഹിയിൽ
1857-ൽ നടന്ന ശിപായിലഹള എന്നും ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യസമരം എന്നും അറിയപ്പെടുന്ന ലഹളയുടെ പ്രധാനപ്പെട്ട കേന്ദ്രമായിരുന്നു ഡെൽഹി. ലഹള ആരംഭിച്ചത് 1857 മേയ് 10-ന് മീറഠിലായിരുന്നെങ്കിലും തുടർന്ന് വടക്കേ ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽനിന്നുള്ള ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ വിമതശിപായിമാർ ഡെൽഹിയെ അവരുടെ കേന്ദ്രമായിക്കരുതി അവിടെ ഒത്തുകൂടി. ഡെൽഹിയിലെ മുഗൾ ചക്രവർത്തി ബഹാദൂർഷാ സഫറിനെ അവരുടെ നേതാവായി അംഗീകരിക്കുകയും ചെയ്തു.
മീറഠിൽ കലാപം നടത്തി അവിടെനിന്നും 1857 മേയ് 11-ന് ശിപായിമാർ ഡെൽഹിയിലേക്കെത്തുന്നതോടെ ആരംഭിച്ച സംഭവങ്ങൾ 1857 സെപ്റ്റംബറിൽ ബ്രിട്ടീഷുകാർ നഗരം പിടിച്ചടക്കുന്നതുവരെ നീണ്ടു.
പശ്ചാത്തലം
തിരുത്തുകഅവധ് പോലുള്ള മറ്റിടങ്ങളിലും ഈ ലഹള നടന്നെങ്കിലും ഡെൽഹിയിലെ ലഹളയുടെ സാഹചര്യം അവയിൽ നിന്ന് വ്യത്യസ്തമായിരുന്നു. ബ്രിട്ടീഷുകാർക്ക് ഇന്ത്യക്കാരോടുള്ള മനോഭാവത്തിലെ മാറ്റം, മതംമാറ്റം ലക്ഷ്യമാക്കിയ ബ്രിട്ടീഷ് മിഷണറിമാരുടെ പ്രവർത്തനങ്ങൾ, മുഗൾ രാജവംശത്തിന്റെ അസ്തമിക്കുന്ന പ്രതാപവുമായിരുന്നു ഡെൽഹിയിലെ ലഹളക്കുപിന്നിലെ പ്രധാനപ്പെട്ട ഘടകങ്ങൾ.
ഡെൽഹിയുടെ ആദ്യത്തെ റെസിഡന്റായിരുന്ന ഡേവിഡ് ഒക്റ്റർലോണിയെപ്പോലെയുള്ളവർ വേഷത്തിലും ജീവിതരീതികളിലുമെല്ലാം മുഗൾ ശൈലി സ്വീകരിച്ചിരുന്നു. എന്നാൽ പിൽക്കാലത്തെ ഉദ്യോസസ്ഥർ ഇന്ത്യൻ രീതികളും വിശ്വാസങ്ങളും അധമമാണെന്ന കാഴ്ചപ്പാടുള്ളവരായിരുന്നു. സ്വാഭാവികമായി ബ്രിട്ടീഷുകാരും നാട്ടുകാരും തമ്മിലുള്ള സമ്പർക്കം തീരെ ഇല്ലാതായി.
ഇന്ത്യക്കാരെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യിക്കുന്നത് ബ്രിട്ടീഷുകാരിൽ പലരുടെയും ലക്ഷ്യമായി. മിഷണറി പ്രവർത്തനങ്ങളെ അവർ പ്രോത്സാഹിപ്പിച്ചു. ഈസ്റ്റ് ഇന്ത്യ കമ്പനി അവരുടെ അധികാരം മതപരിവർത്തനത്തിനായി ഉപയോഗിക്കണം എന്ന അഭിപ്രായമുള്ള തീവ്ര നിലപാടുകാരനായ ജോൺ ജെന്നിങ്സാണ് ഇക്കാലത്ത് ഡെൽഹിയിലെ ചാപ്ലൈൻ ആയിരുന്നത്.[1] ബ്രിട്ടീഷുകാരുടെ ഈ നിലപാട് ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും അവരോട് എതിരായ നിലപാട് സ്വീകരിക്കാനുള്ള കാരണമായി. ഇതുമൂലം ഡെൽഹിയിലെ ഉപരിവർഗ്ഗം പിന്തുടർന്നിരുന്ന സൂഫി മാർഗ്ഗം ക്ഷയിച്ച് ആ സ്ഥാനത്ത് മതപരിവർത്തനശ്രമങ്ങളെ പ്രതിരോധിക്കാനെന്നവണ്ണം മുസ്ലീങ്ങൾക്കിടയിൽ മൗലിക ഇസ്ലാമികവാദത്തിന് ശക്തി വർദ്ധിച്ചു. ആദ്യകാലങ്ങളിൽ ഡെൽഹിയിലെ മുസ്ലീം പണ്ഡിതരായിരുന്ന ഷാ അബ്ദുൽ അസീസ്, ആസുർദാ തുടങ്ങിയവർ ബ്രിട്ടീഷുകാരുമായി രമ്യതയിൽ പോകണമെന്ന് ആഹ്വാനം ചെയ്തിരുന്നിടത്ത്, കാഫിറുകളായ അവർക്കെതിരെ ആയുധമെടുത്ത് പോരാടി വിശ്വാസം കാത്തുസൂക്ഷീക്കണമെന്ന വാദത്തിന് ശക്തിയേറി.[2]
1850-കളുടെ തുടക്കത്തിൽ നിരവധി ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്ക് ഡെൽഹിയിലെ മുഗൾ രാജസഭയെ ഇല്ലായ്മ ചെയ്യാനും മുഗളരെ ചെങ്കോട്ടയിൽ നിന്ന് ഒഴിപ്പിക്കാനും പദ്ധതികളുണ്ടായിരുന്നു.[3] അന്നത്തെ ചക്രവർത്തിയായിരുന്ന ബഹദൂർഷാ സഫറിന്റെ പിൻഗാമിയായി ബ്രിട്ടീഷുകാർ അംഗീകരിച്ചിരുന്ന മിർസ ഫഖ്രുവിന്റെ മരണശേഷം ആരെയും ആ സ്ഥാനത്തേക്ക് അംഗീകരിക്കാതിരുന്നത് മുഗൾ കുടുംബാംഗങ്ങളിൽ ബ്രിട്ടീഷുകാർക്കെതിരെ രോഷമുയർത്തി. ചാൾസ് കാനിങ് ആയിരുന്നു ലഹളക്കാലത്തെ ബ്രിട്ടീഷ് ഗവർണർ ജനറൽ. ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്രാജ്യം ഏറെ ശക്തമായിരിക്കുന്ന ഇക്കാലത്ത് ഹിന്ദുസ്ഥാന്റെ രാജാവ് എന്ന നിലയിലുള്ള മുഗൾ ചക്രവർത്തിയുടെ സ്ഥാനം പൊരുത്തക്കേടാണെന്നും അതുകൊണ്ട് സഫറിന്റെ പിൻഗാമിയായി ആരെയും അംഗീകരിക്കേണ്ടതില്ലെന്നുമായിരുന്നു കാനിങ്ങിന്റെ തീരുമാനം.[4] എന്നാൽ കാനിങ്ങിന്റെ ഈ തീരുമാനം ഇന്ത്യൻ പ്രജകളുടെ അഭിപ്രായങ്ങളെയും യഥാർത്ഥസ്ഥിതിഗതികളെയും മനസ്സിലാക്കാതെയുള്ളതാണെന്ന് വിലയിരുത്തപ്പെടുന്നു. ഇത്, മുഗൾ രാജകുമാരൻമാരെ, ഒന്നും നഷ്ടപ്പെടാനില്ലാത്തവരും അതേസമയം അവർക്ക് നഷ്ടപ്പെടാവുന്ന സ്ഥാനമാനങ്ങൾ ഏതെങ്കിലും വിധത്തിൽ തിരികെപ്പിടിക്കാൻ ശ്രമിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചു.[5] 1856-ൽ ബ്രിട്ടീഷുകാർ അവധ് പിടിച്ചെടുത്തതോടെ ഡെൽഹിയുടെ ഭാവിയും അതുപോലെത്തന്നെയാകുമെന്ന് ഏതാണ്ട് ഉറപ്പായി. മുഗൾ രാജവംശത്തെയും ചെങ്കോട്ടയെയും ആശ്രയിച്ചുകഴിഞ്ഞിരുന്ന ഡെൽഹിയിലെ ഭൂരിപക്ഷം ജനങ്ങളും അരക്ഷിതാവസ്ഥ മുന്നിൽക്കണ്ടു. കൊട്ടാരം ജോലിക്കാർ, ആഭരണക്കച്ചവടക്കാരും നിർമ്മാതാക്കളും, പാചകക്കാർ, പല്ലക്കേന്തുന്നവർ, കാവൽക്കാർ, അന്തഃപുരജോലിക്കാർ, കലാകാരൻമാർ തുടങ്ങിയവരെല്ലാം തൊഴിൽരഹിതരാകുമായിരുന്നു. ഭാവിയിൽ, ഡെൽഹിയിൽ നിന്ന് 150 മൈൽ ദൂരെയായുള്ള ആഗ്ര കേന്ദ്രീകരിച്ച് ഭരിക്കുന്ന ബ്രിട്ടീഷുകാരുടെ കീഴിൽ ഇവർക്ക് ജോലി ലഭിക്കുന്നതിനും യാതൊരു സാധ്യതയുമില്ലായിരുന്നു. [6] ഇത്തരത്തിൽ അതൃപ്തരായിരുന്ന ഡെൽഹിയിലെ ജനങ്ങൾക്കിടയിലേക്ക്, കാർട്രിഡ്ജ് പ്രശ്നം മൂലം പൊട്ടിപ്പുറപ്പെട്ട ലഹളക്കുപിന്നാലെ വിമതശിപായിമാർ 1857 മേയ് 11-ന് എത്തിച്ചേർന്ന് ലഹളയിലേക്ക് നീങ്ങുകയായിരുന്നു.
1857-ന്റെ തുടക്കത്തിൽ മുതലേ ഡെൽഹിയുടെ പരിസരങ്ങളിൽ ശിപായിമാർക്കിടയിൽ അസ്വാരസ്യം ഉടലെടുത്തിരുന്നു. 1856 ഫെബ്രുവരി 7-ന് ബ്രിട്ടീഷുകാർ ഏകപക്ഷീയമായി അവധ് പിടിച്ചെടുത്തതിനെത്തുടർന്നാണ് ഇതാരംഭിച്ചത്.[7] 1857 മാർച്ച് 18-ന് ജുമാ മസ്ജിദിന്റെ പിൻമതിലിൽ ഒരു വാളും പരിചയുടെയും ചിഹ്നമടങ്ങിയ ഒരു സന്ദേശം പതിക്കപ്പെട്ടു. ഇറാനിലെ ഷായുടേതെന്ന പേരിലുള്ള സന്ദേശമായിരുന്നു ഇത്. ഒരു ബ്രിട്ടീഷ് സംഘം പേർഷ്യയിൽ വച്ച് വൻ തേൽവി നേരിട്ടുവെന്നും പേർഷ്യൻ സേന അഫ്ഗാൻ അതിർത്തി കടന്ന് ഹെറാത്തിലൂടെ ഡെൽഹി ലക്ഷ്യമാക്കി തിരിച്ചിരിക്കുന്നുവെന്നും ഡെൽഹിയെ ക്രിസ്ത്യൻ ഭരണത്തിൽനിന്ന് മോചിപ്പിക്കുമെന്നുമായിരുന്നു സന്ദേശം.[5] നിലവിൽ അഞ്ഞൂറോളം പേർഷ്യൻ പട്ടാളക്കാർ ഡെൽഹിയിൽ വേഷപ്രച്ഛന്നരായി വസിക്കുന്നുണ്ടെന്നും ഈ സന്ദേശത്തിലുണ്ടായിരുന്നു. മുസ്ലിങ്ങൾ, ക്രിസ്ത്യാനികളെ സഹായിക്കുന്നതിൽ നിന്നും പിന്തുണക്കുന്നതിൽ നിന്നും പിന്തിരിഞ്ഞുനിൽക്കണമെന്നും ആവശ്യമെങ്കിൽ മുസ്ലീം സഹോദരങ്ങളെ ആവുംവിധം സഹായിക്കണമെന്നും അവരോട് കൂറുപുലർത്തണമെന്നും ഈ സന്ദേശത്തിൽ സൂചിപ്പിക്കപ്പെട്ടിരുന്നു. മൂന്നു മണിക്കൂറോളം ഈ സന്ദേശം പ്രദർശിപ്പിക്കപ്പെട്ടിരുന്നു. ഇതുവഴി പോയ തിയോ മെറ്റ്കാഫ് ഇത് നീക്കം ചെയ്യുകയായിരുന്നു. എന്നാൽ തൊട്ടടുത്തദിവസം സഭയുടെ പത്രമായ സിറാജുൾ അഖ്ബാറിൽ ഈ സന്ദേശം അതേപടി പ്രസിദ്ധീകരിച്ചു. സന്ദേശത്തിന്റെ നിജസ്ഥിതിയെപ്പറ്റിയും ബ്രിട്ടീഷുകാർക്കെതിരെയുള്ള പേർഷ്യൻ വിജയത്തിന്റെ സത്യാവസ്ഥയെക്കുറിച്ച് പത്രം സംശയം പ്രകടിപ്പിക്കുകയും ചെയ്തു. എന്തായാലും ഇക്കാലത്ത് ഡെൽഹിയുടെ പരിസരപ്രദേശങ്ങളിൽ അവിശ്വാസികളായ ക്രിസ്ത്യാനികൾക്കെതിരെ പോരാടാനാഹ്വാനം ചെയ്തുകൊണ്ടും റഷ്യക്കാരുടെയോ പേർഷ്യക്കാരുടെയോ രണ്ടു കൂട്ടരുടെയുമോ സൈന്യം ഡെൽഹിയെ ലക്ഷ്യമാക്കിയെത്തുന്നു എന്നുള്ള കിംവദന്തികൾ പരന്നിരുന്നു.[8]
ആരംഭം
തിരുത്തുക1857 മേയ് പത്തിന് മീറഠിൽ വൻതോതിലുള്ള കലാപം നടന്നു. ശിപായികൾ കന്റോൺമെന്റ് തകർക്കുകയും കുറഞ്ഞത് 50 യൂറോപ്യന്മാരെ കൊലപ്പെടുത്തുകയും ചെയ്തു.[9] തുടർന്ന് മുന്നൂറോളം പേരടങ്ങുന്ന ഇവർ മേയ് 11 ഡെൽഹിയിലേക്കെത്തി, മുഗൾ ചക്രവർത്തി ബഹദൂർഷാ സഫറിന് പിന്തുണ പ്രഖ്യാപിച്ചു. അവർ കണ്ണിൽക്കണ്ട സ്ത്രീകളും പുരുഷൻമാരും കുട്ടികളുമായ എല്ലാ ക്രിസ്ത്യാനികളെയും കൊലപ്പെടുത്തി.[10] ഭരണനിർവഹണം നടത്തിയിരുന്ന ബ്രിട്ടീഷുകാരുടെ അഭാവം മൂലം ഡെൽഹിയിലെ ക്രമസമാധാനനില താറുമാറായി. തുടർന്ന് ചുറ്റുവട്ടത്തുള്ള സേനാത്താവളങ്ങളിൽനിന്നെത്തിയ വിമതഭടന്മാരുടെ കേന്ദ്രമായി ഡെൽഹി മാറി.[9]
ബഹാദൂർഷാ സഫർ, ഈ ലഹളയെ തുടക്കത്തിൽ സംശയത്തോടെയാണ് കണ്ടത്. എന്നാൽ ശിപായിമാരുടെ ഭീഷണിമൂലം അദ്ദേഹത്തിന് ലഹളയെ പിന്തുണക്കേണ്ടി വരുകയും അവരുടെ ഔപചാരികനേതൃസ്ഥാനത്ത് അവരോധിക്കപ്പെടുകയും ചെയ്തു. എന്നാൽ ബ്രിട്ടീഷ് നിയന്ത്രണത്തിൽനിന്ന് മോചിതമായി, അന്ത്യം ഉറപ്പായിക്കഴിഞ്ഞിരുന്ന തന്റെ രാജവംശത്തിന് പുതുജീവനേകാൻ ഈ ലഹളമൂലം സാധിക്കുമെന്ന വിശ്വാസം, അതിനെ പിന്തുണക്കുന്നതിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ നീതീകരണവുമായി. തുടർന്ന് മുഗൾ രാജകുമാരനായ മിർസ മുഗൾ ശിപായിസൈന്യത്തിന്റെ സർവസേനാധിപനായി പ്രഖ്യാപിക്കപ്പെടുകയും ഡെൽഹി ഭരണത്തിന്റെ അമരക്കാരനാകുകയും ചെയ്തു.
മുഗളരെ അധികാരത്തിൽ പുനഃസ്ഥാപിക്കാനും കാഫിർ അധിനിവേശകരെ തുരത്തുന്നതിനുമുള്ള ശിപായിമാരുടെ ലക്ഷ്യത്തിന്റെ പേരിൽ, ദില്ലിയിലെ കുറേപേരും ശിപായികളുടെ വരവിനെ തുടക്കത്തിൽ സ്വാഗതം ചെയ്തിരുന്നു. ബിഹാറിൽ നിന്നും കിഴക്കൻ ഉത്തർപ്രദേശിൽനിന്നുമുള്ള അപരിഷ്കൃതരും അക്രമാസക്തരുമായ കൃഷിക്കാരുടെ വൻസംഘമായ ഈ സേനയെക്കൊണ്ട് ഏറെത്താമസിയാതെതന്നെ ദില്ലിയിലെ ജനങ്ങൾ പൊറുതിമുട്ടി. നാട്ടുകാരിൽനിന്ന് വ്യത്യസ്തമായ ഭാഷക്കാരും, ഭാഷാശൈലിക്കാരും, വ്യത്യസ്ത ആചാരരീതിക്കാരുമായ വരുത്തൻമാരായ ശിപായിമാർ ദില്ലിക്കാർക്ക് അപരിചിതരായിത്തുടർന്നു. ദില്ലിയിലെ എഴുത്തുകാർ ഇവരെ വരുത്തൻമാർ എന്നു സൂചിപ്പിക്കുന്ന വിധം തിലംഗകൾ എന്നും പൂർബിയകൾ എന്നുമായിരുന്നു വിളിച്ചിരുന്നത്.[11] ശിപായിമാരെക്കൊണ്ട് പൊറുതിമുട്ടിയതിനെത്തുടർന്ന്, തുടക്കത്തിൽ ലഹളയെ പിന്തുണച്ചിരുന്നവർ പോലും ശിപായികൾക്കെതിരായ നിലപാടുകളെടുത്തു. അന്നത്തെ ദില്ലിയിലെ പ്രമുഖ ഉർദു പത്രമായിരുന്ന ദെഹ്ലി ഉർദു അഖ്ബാറിന്റെ പത്രാധിപരായിരുന്ന മൗലവി മുഹമ്മദ് ബഖർ ഇതിനുദാഹരണമാണ്. പ്രമുഖ ഉർദു കവിയായിരുന്ന മിർസ ഗാലിബും ശിപായികളെ വിമർശിച്ചെഴുതിയിട്ടുണ്ട്. അക്കാലത്തെ ഔദ്യോഗികരേഖകളുടെ ശേഖരമായ മ്യൂട്ടിനി പേപ്പേഴ്സിലെ വിവരങ്ങളനുസരിച്ച് ദില്ലിയിലെ ലഹളക്ക് ഒരു സ്വാതന്ത്ര്യസമരത്തിന്റെ സ്വഭാവമുണ്ടായിരുന്നില്ല. ബ്രിട്ടീഷുകാരും ശിപായികളും യുദ്ധം ചെയ്യുമ്പോൾ ഇരുകൂട്ടരുടെയും അക്രമങ്ങളിൽ വശംകെട്ട ദില്ലിയിലെ ജനങ്ങൾ മൂന്നാംപക്ഷത്തായിരുന്നു.[12]
അന്ത്യം
തിരുത്തുകദില്ലി കലാപകാരികളുടെ കേന്ദ്രസ്ഥാനമായും മുഗൾ ചക്രവർത്തിയായ ബഹദൂർഷാ സഫറിനെ കലാപകാരികൾ ഇന്ത്യയുടെ യഥാർത്ഥഭരണാധികാരിയായും അംഗീകരിക്കുകയും ലഹളക്ക് സഫറിന്റെ മൗനാനുവാദം ലഭിക്കുകയും ചെയ്തതോടെ വെറും പട്ടാളലഹളയായിത്തുടങ്ങിയ ഈ സംഭവത്തിന് വലിയ രാഷ്ട്രീയമാനം കൈവന്നു. ഇന്ത്യയിലെ ബ്രിട്ടീഷ് അധീശത്വത്തിന് ഇതൊരു രാഷ്ട്രീയവെല്ലുവിളിയായി മാറി.[12] അങ്ങനെ, ദില്ലി പിടിച്ചടക്കുക എന്നത് ബ്രിട്ടീഷുകാർക്ക് ജീവൻമരണപ്പോരാട്ടമായി. അല്ലെങ്കിൽ ഇന്ത്യൻ സാമ്രാജ്യം തന്നെ നഷ്ടപ്പെട്ടേക്കാമെന്ന് അവർ ആശങ്കപ്പെട്ടു. സാധ്യമായിടത്തോളം ബ്രിട്ടീഷ് പട്ടാളക്കാരെ അവർ ദില്ലി റിഡ്ജിലേക്കയച്ചു.[3] നാലുമാസത്തെ പോരാട്ടത്തിനു ശേഷം 1857 സെപ്റ്റംബറിൽ ശിപായിമാരിൽ നിന്ന് ദില്ലി പിടിച്ചെടുത്തു. പിടിച്ചടക്കിയ ദില്ലിയിൽ കൊള്ളയടിയും കൂട്ടക്കൊലയും ഭീമമായ തോതിൽ നടത്തുകയും ചെയ്തു. നഗരവും ചെങ്കോട്ടയുടെ ഭാഗങ്ങളും നശിപ്പിക്കപ്പെട്ടു. ബഹാദൂർഷാ സഫറിനെ മ്യാൻമറിലേക്ക് നാടുകടത്തുകയും അദ്ദേഹത്തിന്റെ മക്കളെ വധിക്കുകയും ചെയ്തു. പ്രധാനപ്പെട്ട നഗരവാസികൾ - കവികൾ, രാജകുമാരൻമാർ, മുല്ലമാർ, കച്ചവടക്കാർ, സൂഫികൾ, പണ്ഡിതർ - തുടങ്ങിയവരിൽ ബഹുഭൂരിപക്ഷവും ഇക്കാലത്ത് വേട്ടയാടപ്പെടുകയും തൂക്കിലേറ്റപ്പെടുകയോ നാടുകടത്തപ്പെടുകയോ ചെയ്തു.[13] അവശേഷിച്ച ദില്ലി നിവാസികൾ ദരിദ്രരായി മാറി. ലഹളക്കുശേഷം ദില്ലിയുടെ ഭരണം പഞ്ചാബിലെ ചീഫ് കമ്മീഷണറുടെ മേൽനോട്ടത്തിലായിരുന്നു നടത്തിയിരുന്നത്.[14]
അവലംബം
തിരുത്തുക- ↑ ലാസ്റ്റ് മുഗൾ,[൧] താൾ: 61
- ↑ ലാസ്റ്റ് മുഗൾ[൧], താൾ: 75
- ↑ 3.0 3.1 ലാസ്റ്റ് മുഗൾ[൧],താൾ:9-10 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്; "LM-9" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു - ↑ ലാസ്റ്റ് മുഗൾ,[൧] താൾ: 123
- ↑ 5.0 5.1 ലാസ്റ്റ് മുഗൾ,[൧] താൾ: 124
- ↑ ലാസ്റ്റ് മുഗൾ,[൧] താൾ: 128 - 129
- ↑ ലാസ്റ്റ് മുഗൾ,[൧] താൾ: 126
- ↑ ലാസ്റ്റ് മുഗൾ,[൧] താൾ: 125
- ↑ 9.0 9.1 ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "14 - ലാസ്റ്റ് പോസ്റ്റ്, ലക്നോ (Last Post), 1857". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (in ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. pp. 340–342. ISBN 019579415 X. Retrieved 2012 നവംബർ 17.
{{cite book}}
: Check date values in:|accessdate=
and|year=
(help)CS1 maint: year (link) - ↑ ലാസ്റ്റ് മുഗൾ[൧], താൾ: 3
- ↑ ലാസ്റ്റ് മുഗൾ[൧], താൾ: 17
- ↑ 12.0 12.1 ലാസ്റ്റ് മുഗൾ[൧], താൾ: 19-20
- ↑ ലാസ്റ്റ് മുഗൾ[൧], താൾ: 5
- ↑ ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "15 - 'എ കൈൻഡ് ഓഫ് മാഡ്നെസ്സ്' - ഡെൽഹി, ഇംപീരിയൽ പഞ്ചാബ് ആൻഡ് ദ റീസ്റ്റോറേഷൻ ഓഫ് ബ്രിട്ടീഷ് റൂൾ ('A Kind of Madness' - Delhi, Imperial Punjab, and the Restoration of British Rule) 1857 - 1858". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (in ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. pp. 354, 370. ISBN 019579415 X. Retrieved 2012 നവംബർ 17.
{{cite book}}
: Check date values in:|accessdate=
and|year=
(help)CS1 maint: year (link)
ഗ്രന്ഥങ്ങൾ
തിരുത്തുക- ൧ ^ വില്ല്യം ഡാൽറിമ്പിൾ (2006). ദ ലാസ്റ്റ് മുഗൾ - ദ ഫോൾ ഓഫ് എ ഡൈനസ്റ്റി, ഡെൽഹി 1857 (in ഇംഗ്ലീഷ്). പെൻഗ്വിൻ ബുക്സ്. ISBN 9780670999255. Retrieved 2013 ജൂലൈ 4.
{{cite book}}
: Check date values in:|accessdate=
(help)