ഡെൽഹിയിൽനിന്ന് ആദ്യമായി പുറത്തിറങ്ങിയ തദ്ദേശീയഭാഷാപത്രമായിരുന്ന ദെഹ്ലി ഉർദു അഖ്ബാറിന്റെ പത്രാധിപരായിരുന്നു മൗലവി മുഹമ്മദ് ബഖർ. (ജനനം: ഉദ്ദേശം 1810, മരണം: 1857). പ്രശസ്ത ഉർദു കവിയും നിരൂപകനുമായിരുന്ന മുഹമ്മദ് ഹുസൈൻ ആസാദിന്റെ പിതാവുമാണ്.

ഒരു ശിയാ നേതാവായിരുന്ന ബഖറിന്റെ പത്രം ഡെൽഹിയിലെ ബ്രിട്ടീഷ് വിരുദ്ധചേരിയിലായിരുന്നു നിലകൊണ്ടിരുന്നത്. മുഗൾ ചക്രവർത്തിയായ ബഹാദൂർഷാ സഫറിനോട് ഏറെ വിധേയത്വം പുലർത്തുകയും ചെയ്തു.[1] ശിപായിലഹളക്കാലത്തെ റിപ്പോർട്ടുകളുടെ പേരിലാണ് ബഖർ കൂടുതലായും അറിയപ്പെടുന്നത്. ലഹള പുരോഗമിക്കുമ്പോൾ അതിനോടുള്ള ഡെൽഹിയിലെ ജനങ്ങളുടെ മനോഭാവം, ബഖറിന്റെ പത്രറിപ്പോർട്ടുകളിൽനിന്ന് മനസ്സിലാക്കാം. തുടക്കത്തിൽ ലഹളയെയും ശിപായികളെയും അനുകൂലിച്ചിരുന്ന ബഖർ പിന്നീടവരെ എതിർത്ത് ബ്രിട്ടീഷ് അനുകൂലിയായി മാറുകയായിരുന്നു.

പൊതുജീവിതം

തിരുത്തുക

ഡെൽഹി കോളേജിലെ വിദ്യാർത്ഥിയായിരുന്ന ബഖർ അവിടെത്തന്നെ കുറച്ചുനാൾ അദ്ധ്യാപകനുമായും പ്രവർത്തിച്ചിരുന്നു. ശമ്പളം കുറവാണെന്നതിന്റെ പേരിൽ അവിടെനിന്നും പിരിഞ്ഞു. കുറച്ചുകാലം ബ്രിട്ടീഷുകാർക്കു കീഴിലും ജോലി ചെയ്തു. പിന്നീട് വിദേശവ്യാപാരികൾക്കായി ഡെൽഹിയിൽ ഒരു ബാസാർ സ്ഥാപിച്ചു. ഇതിൽ അദ്ദേഹത്തിന് നല്ല ലാഭമുണ്ടാക്കിയ അദ്ദേഹം ഇമാംബര എന്ന ഒരു ഷിയാ മതമണ്ഡപം നിർമ്മിച്ചു. ഇവിടെ അദ്ദേഹം ഇടക്കിടെ പ്രഭാഷണങ്ങളും നടത്തുമായിരുന്നു.[1] 1836-ലാണ് ഡെൽഹി ഉർദു അഖ്ബാർ ആരംഭിക്കുന്നത്.

ശിപായിലഹളക്കാലത്ത്

തിരുത്തുക

ശിപായികളോടുള്ള മനോഭാവത്തിൽ ബഖറിനുണ്ടായ മാറ്റം ലഹള തുടങ്ങുന്നതുമുതൽ അവസാനിക്കുംവരെയുള്ള അദ്ദേഹത്തിന്റെ എഴുത്തുകളിലെ മാറ്റങ്ങളിലൂടെ വീക്ഷിക്കാനനാകും. മേയ് മാസത്തിൽ ലഹളയാരംഭിച്ചയുടനെ അദ്ദേഹം വളരെ താൽപര്യത്തോടെ അതിനെ അനുകൂലിച്ചെഴുതി. ഇന്ത്യയിലെ മതങ്ങളെ തുടച്ചുനീക്കാൻ പദ്ധതിയിട്ട കാഫിറുകളെ ശിക്ഷിക്കാൻ ദൈവമയച്ചതാണ് ഈ ലഹള എന്ന് അദ്ദേഹം എഴുതി. ലഹള തുടങ്ങി ശിപായിമാർ നഗരത്തിൽ ആധിപത്യം സ്ഥാപിച്ചതിനുശേഷം, ഒരു വരുമാനവുമില്ലാതിരുന്ന അവർ ദില്ലിയിലെ മിക്ക ബാസാറുകളും കൊള്ളയടിക്കുകയും ഡെൽഹി കോളേജിന്റെ ലൈബ്രറി നശിപ്പിക്കുകയും, ബഖറിന്റെ തന്നെ സുഹൃത്തുക്കളുടെ ഹവേലികൾ ആക്രമിക്കുകയും, നഗരത്തിലെ ഏറ്റവും വേണ്ടപ്പെട്ട വേശ്യകളെ അവർക്കുമാത്രം സ്വന്തമാക്കിവക്കുകയും ചെയ്തതോടെ ബഖറിന്റെ ഭാവം മാറി. ശിപായിമാരുടെ കൊള്ളയടി മൂലം ദില്ലി നിവാസികൾ പൊറുതിമുട്ടിയിരിക്കുകയാണെന്നും നഗരം വലിയൊരു അപകടത്തെയാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്നും നാശത്തിലേക്ക് നയിക്കപ്പെടുകയാണെന്നും അദ്ദേഹം ലഹളതുടങ്ങി വെറും രണ്ടാഴ്ചക്കുശേഷം മേയ് 24-ന് എഴുതി. ദില്ലിയിലെ സുഖസൌകര്യങ്ങളും ജീവിതരീതികളിലും മതിമറന്ന് അലസൻമാരായി മാറിയ ബിഹാറി ശിപായിമാരുടെ വിവരണങ്ങൾകൊണ്ട് നിറക്കുകയായിരുന്നു ഓഗസ്റ്റിൽ അദ്ദേഹം. ദില്ലിയിലെ സുഖലോലുപതയിൽ ലയിച്ച അവർക്ക് ശത്രുവിനെതിരെ പോരാടാനുള്ള മനോഭാവവും ശക്തിയും നഷ്ടപ്പെട്ടു എന്നദ്ദേഹം എഴുതി. വേശ്യകളോടൊപ്പം രാത്രി ചെലവഴിച്ചതിനു ശേഷം കുളിക്കാതെയാണ് ശിപായിമാർ യുദ്ധത്തിനുപോകുന്നതെന്ന് നിരവധിയാൾക്കാർക്ക് പരാതിയുണ്ടെന്നും അദ്ദേഹം എഴുതി. ശിപായിമാർക്ക് ബ്രിട്ടീഷുകാരിൽ നിന്ന് ലഭിക്കുന്ന തിരിച്ചടികൾക്കും പൊതുവിലുള്ള അസ്വാരസ്യത്തിനും കാരണം ഇത്തരത്തിലുള്ള നിന്ദാപരമായ നടപടികൾ കാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.[2]

ഈ സമയത്തോടെ ബഖർ ഒരു ബ്രിട്ടീഷ് അനുഭാവിയായും ചാരനായും മാറിക്കഴിഞ്ഞിരുന്നു. ദില്ലി റിഡ്ജിലെ ബ്രിട്ടീഷ് യുദ്ധക്യാമ്പിലേക്ക് ഒളിച്ചുകടത്തിയിരുന്ന അദ്ദേഹത്തിന്റെ രഹസ്യറിപ്പോർട്ടുകൾ ദില്ലിയിലെ മെഹ്റോളിയിലുള്ള കമ്മീഷണർ ഓഫീസ് ആർക്കൈവിലുണ്ട്.[2]

  1. 1.0 1.1 ലാസ്റ്റ് മുഗൾ[൧], താൾ: 86
  2. 2.0 2.1 ലാസ്റ്റ് മുഗൾ[൧], താൾ: 18-19

ഗ്രന്ഥങ്ങൾ

തിരുത്തുക
  • ^ വില്ല്യം ഡാൽറിമ്പിൾ (2006). ദ ലാസ്റ്റ് മുഗൾ - ദ ഫോൾ ഓഫ് എ ഡൈനസ്റ്റി, ഡെൽഹി 1857 (in ഇംഗ്ലീഷ്). പെൻഗ്വിൻ ബുക്സ്. ISBN 9780670999255. Retrieved 2013 ജൂലൈ 4. {{cite book}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=മൗലവി_മുഹമ്മദ്_ബഖർ&oldid=2285319" എന്ന താളിൽനിന്ന് ശേഖരിച്ചത്