മ്യൂട്ടിനി പേപ്പേഴ്സ്

1857-ലെ ലഹളക്കാലത്തെ ഡെൽഹിയിലെ സംഭവഗതികളടങ്ങിയ ചരിത്രരേഖകളുടെ സമാഹാരം

1857-ലെ ലഹളക്കാലത്തെ ഡെൽഹിയിലെ സംഭവഗതികളടങ്ങിയ ചരിത്രരേഖകളുടെ സമാഹാരമാണ് മ്യൂട്ടിനി പേപ്പേഴ്സ് (ഇംഗ്ലീഷ്: Mutiny Papers). ശികസ്ത ലിപിയിൽ[1] ഉർദു - പേർഷ്യൻ ഭാഷകളിലുള്ള ഏതാണ്ട് ഇരുപതിനായിത്തോളം രേഖകളടങ്ങിയ ഈ സമാഹാരം ഡെൽഹിയിലെ നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യയിലാണ് സൂക്ഷിച്ചിരിക്കുന്നത്.[2] ലഹളക്കാലത്ത് ബ്രിട്ടീഷുകാർ ശേഖരിച്ച ഈ രേഖകൾ കാലങ്ങളോളം യാതൊരു പഠനത്തിനും വിധേയമാകാതെയിരിക്കുകയായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് ഇതിനെക്കുറിച്ച് പഠനങ്ങൾ ആരംഭിച്ചത്. വില്ല്യം ഡാൽറിമ്പിളിന്റെ ദ ലാസ്റ്റ് മുഗൾ എന്ന ചരിത്രപുസ്തകം പ്രധാനമായും ഈ രേഖകളെ അടിസ്ഥാനമാക്കി എഴുതിയതാണ്.[2]

മ്യൂട്ടിനി പേപ്പേഴ്സിൽ കൂടുതലും അന്നത്തെ സാധാരണജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ടതാണ്. ഇതിൽ മുഗൾ ചക്രവർത്തി ബഹാദൂർഷാ സഫറിനോട് സാധാരണക്കാർ നൽകുന്ന പരാതികളും അപേക്ഷകളും അനവധിയുണ്ട്. കവർച്ചക്ക് വിധേയരായവരുടെ പരാതികൾ, ബ്രിട്ടീഷ് ആക്രമണത്തെ മറയാക്കി തന്റെ ഭർത്താവിൽനിന്ന് രക്ഷപ്പെട്ട് കാമുകനോടൊപ്പം ഒളിച്ചോടുന്ന സ്ത്രീയെപ്പറ്റിയുള്ള വിവരങ്ങൾ, മഹാഭാരതത്തിലെ ഉദാഹരണങ്ങൾ കാണിച്ച് ഹിന്ദുക്കളെ ബ്രിട്ടീഷുകാർക്കെതിരെ പൊരുതാൻ പ്രേരിപ്പിക്കുന്ന പണ്ഡിറ്റ് ഹരിചന്ദ്രയെക്കുറിച്ചുള്ള വിവരങ്ങൾ, ഗോവധം നിരോധിച്ചിരിക്കുന്ന വേളയിൽ ബീഫ് കബാബുണ്ടാക്കി പിടിയിലായ ഹഫീസ് അബ്ദൂർറഹ്മാന്റെ ദായായാചന തുടങ്ങിയ സാധാരണജനജീവിതവുമായി ബന്ധപ്പെട്ട ഏറെ വിവരങ്ങൾ ഇതിലുണ്ട്.[3] ഇതിനുപുറമേ വളരെച്ചെറിയ കടലാസുകളിൽ ചെറുതായി എഴുതിയ ചാരന്മാരുടെ സന്ദേശങ്ങളും ഇക്കൂട്ടത്തിലുണ്ട്.[1]

ലഹളാനന്തരം ദില്ലി പിടിച്ചടക്കിയ ബ്രിട്ടീഷുകാരാണ് കൊട്ടാരത്തിൽ നിന്നും സൈനികക്യാമ്പുകളിൽനിന്നും ഈ രേഖകൾ ശേഖരിച്ചത്. ഇവയിൽ പലതും 1857-ൽ ശേഖരിക്കപ്പെട്ടതിനു ശേഷം ആരും വായിച്ചിട്ടേയിരുന്നില്ല. 1921-ൽ കൽക്കത്തയിൽ നിന്നാണ് പെട്ടികളിലടുക്കിവച്ചിരുന്ന ഇവ കണ്ടെത്തി തരംതിരിച്ചത്.[3]

1857-ലെ ലഹളക്കാലത്ത് ദില്ലിയുടെ നിയന്ത്രണം പിടിച്ചെടുത്ത ശിപായിമാർക്കെതിരെ സാധാരണ ജനങ്ങൾ മുഗൾ ചക്രവർത്തിക്ക് നൽകുന്ന പരാതികളാണ് മ്യൂട്ടിനി പേപ്പേഴ്സിന്റെ സിംഹഭാഗവും. ലഹളയെ ഇന്ത്യൻ ദേശീയവാദികൾ ജനകീയസ്വാതന്ത്ര്യസമരം എന്നു പറയാറുണ്ടെങ്കിലും മ്യൂട്ടിനി പേപ്പേഴ്സിലെ വിവരങ്ങളനുസരിച്ച് വെറും കലാപവും അക്രമവും രക്തച്ചൊരിച്ചിലുമായിരുന്നു ദില്ലിയിൽ നടന്നത്. ആശങ്കകളും, പട്ടിണിയുമായിരുന്നു ദില്ലിയിലെ ജനങ്ങൾക്കിടയിൽ നടമാടിയിരുന്നത്. ദില്ലിയുടെ നിയന്ത്രണത്തിനു വേണ്ടി ബ്രിട്ടീഷുകാരും ശിപായികളും യുദ്ധം ചെയ്യുമ്പോൾ ഇരുകൂട്ടരുടെയും അക്രമങ്ങളിൽ വശംകെട്ട ദില്ലിയിലെ ജനങ്ങൾ മൂന്നാംപക്ഷത്തായിരുന്നു.[4]

അവലംബംതിരുത്തുക

  1. 1.0 1.1 ലാസ്റ്റ് മുഗൾ[൧], താൾ:14
  2. 2.0 2.1 ലാസ്റ്റ് മുഗൾ[൧], താൾ:11
  3. 3.0 3.1 ലാസ്റ്റ് മുഗൾ[൧], താൾ: 12-13
  4. ലാസ്റ്റ് മുഗൾ[൧], താൾ: 19

കുറിപ്പുകൾതിരുത്തുക

  • ^ വില്ല്യം ഡാൽറിമ്പിൾ (2006). ദ ലാസ്റ്റ് മുഗൾ - ദ ഫോൾ ഓഫ് എ ഡൈനസ്റ്റി, ഡെൽഹി 1857 (ഭാഷ: ഇംഗ്ലീഷ്). പെൻഗ്വിൻ ബുക്സ്. ISBN 9780670999255. ശേഖരിച്ചത് 2013 ജൂലൈ 4. {{cite book}}: Check date values in: |accessdate= (help)

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=മ്യൂട്ടിനി_പേപ്പേഴ്സ്&oldid=3807514" എന്ന താളിൽനിന്ന് ശേഖരിച്ചത്