കഴിവുറ്റ ഒരു ശാസ്‌ത്രജ്‌ഞനെന്നതിനൊപ്പം തന്നെ ഭാരതത്തിലെ ശാസ്‌ത്ര-സാങ്കേതിക സ്ഥാപനങ്ങളുടെ ആസൂത്രണം, സംഘാടനം എന്നിവയിൽ മികവ്‌ തെളിയിച്ച പ്രതിഭാശാലിയായിരുന്നു ശാന്തി സ്വരൂപ്‌ ഭട്‌നഗർ (ഫെബ്രുവരി 21, 1894 - ജനുവരി 1, 1955). അക്കാദമിക്‌ ഗവേഷണങ്ങൾക്കൊപ്പം തന്നെ വ്യാവസായികശാലകളുടെ പ്രശ്‌നങ്ങൾ പഠിക്കാനും അവയ്‌ക്കുള്ള പ്രായോഗിക പരിഹാരം കണ്ടുപിടിക്കാനും ഭഗ്‌നഗർ ഉൽസാഹം കാട്ടിയിരുന്നു. ഇന്ത്യൻ 'ശാസ്‌ത്ര സാങ്കേതിക ഗവേഷണശാലകളുടെ പിതാവ്‌' എന്നാണ്‌ ഇദ്ദേഹത്തെ അറിയപ്പെടുന്നത്‌.[അവലംബം ആവശ്യമാണ്]

ശാന്തി സ്വരൂപ്‌ ഭട്‌നഗർ
ശാന്തി സ്വരൂപ്‌ ഭട്‌നഗർ
ജനനം(1894-02-21)21 ഫെബ്രുവരി 1894
മരണം1 ജനുവരി 1955(1955-01-01) (പ്രായം 60)
ദേശീയത ഇന്ത്യൻ
കലാലയംPunjab University
University College London
അറിയപ്പെടുന്നത്ഇന്ത്യയുടെ ബഹിരാകാശ ഗവേഷണം
പുരസ്കാരങ്ങൾപത്മവിഭൂഷൺ (1954), OBE (1936), Knighthood (1941)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംരസതന്ത്രം
സ്ഥാപനങ്ങൾCouncil of Scientific and Industrial Research
ഡോക്ടർ ബിരുദ ഉപദേശകൻഫ്രെഡറിക് ജി. ഡണ്ണൻ

ജീവിതരേഖ

തിരുത്തുക

ഇപ്പോൾ പാകിസ്താനിൽ സ്ഥിതി ചെയ്യുന്ന പഞ്ചാബ്‌ പ്രദേശത്തെ ഷാപുർ ജില്ലയിലെ ഭേര എന്ന സ്ഥലത്ത്‌ 1894 ഫെബ്രുവരി 21-ന്‌ ജനിച്ചു. പഞ്ചാബ്‌ സർവകലാശാലയിൽ നിന്ന്‌ ബിരുദം നേടിയശേഷം അദ്ധ്യാപകനായി ജോലിയെടുത്തു വന്ന അച്ഛൻ പരമേശ്വര സഹായി ഭട്‌നഗറും അമ്മ പാർവ്വതിയും മികച്ച അക്കാദമിക പാരമ്പര്യം ഉള്ളകുടുംബത്തിൽ നിന്നായിരുന്നു എന്നത്‌ ഭട്‌നഗറിന്റെ ശാസ്‌ത്രഭിരുചി വളർത്താൻ തുടക്കത്തിലേ സഹായകമായി. വളരെ ചെറുപ്പകാലത്തുതന്നെ യന്ത്രകളിപ്പാട്ടം, ചരടുകെട്ടിയുണ്ടാക്കുന്ന ഫോൺ എന്നിവ ഉണ്ടാക്കുന്നതിൽ അതീവ തൽപരനായിരുന്നു ശാന്തി സ്വരൂപ്‌.

ബാല്യകാലത്തു തന്നെ അച്ഛൻ മരിച്ചു. മുത്തച്ഛനാണ്‌ പീന്നീട്‌ ഭട്‌നഗറിനെ വളർത്തിയത്‌. റൂർക്കി എൻജിനീയറിംഗ്‌ കോളേജിൽ നിന്ന്‌ ബിരുദമെടുത്ത ആളായിരുന്നു മുത്തച്ഛനെന്നത്‌ യന്ത്രങ്ങളോടും സാങ്കേതിക വിദ്യയോടുമുള്ള ചങ്ങാത്തം കൂടാൻ ഭട്‌നഗറിന്‌ സഹായമായി. സ്വന്തം നിലയിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം തുടർന്ന്‌ സെക്കന്തരാബാദിലുള്ള എ.വി. ഹൈസ്‌ക്കൂളിലും ചേർന്നു. 1913-ൽ പഞ്ചാബ്‌ സർവ്വകലാശാലയിൽ നിന്നും ഇന്റർമീഡിയറ്റ്‌ പാസായി. [അവലംബം ആവശ്യമാണ്]

ഭൗതികശാസ്‌ത്രവും രസതന്ത്രവുമായിരുന്നു പിന്നീടങ്ങോട്ട്‌ ഇഷ്‌ട പഠന വിഷയങ്ങൾ 1919-ൽ രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയശേഷം സ്‌കോളർഷിപ്പോടെ ഉപരിപഠനത്തിനായി ലണ്ടനിലെത്തി. പ്രശസ്‌ത ശാസ്‌ത്രജ്ഞനായ പ്രൊഫ. ഡണ്ണന്റെ മേൽനോട്ടത്തിലാണ്‌ ഗവേഷണപഠനം നടത്തിയത്‌. 1921-ൽ ലണ്ടൻ സർവ്വകലാശാലയിൽ നിന്ന്‌ ഡോക്‌ടറേറ്റും കരസ്ഥമാക്കി.[അവലംബം ആവശ്യമാണ്]

ഭാരതത്തിലെത്തിയ ശേഷം ബനാറസ്‌ ഹിന്ദു സർവ്വകലാശാലയിൽ പ്രൊഫസറായി ചേർന്നു. 1924 - ൽ യൂണിവേഴ്‌സിറ്റി കെമിക്കൽ ലബോറട്ടറി ഡയറക്‌ടറായി പ്രവേശിച്ചു. 1928-ൽ കാന്തികസ്വഭാവം അളക്കുന്നതിനുള്ള ഉപകരണം ബി.എൻ. മാത്തറുമായി ചേർന്ന്‌ വികസിപ്പിച്ചെടുത്തു. ഈ ഉപകരണം 'ഭട്‌നഗർ-മാഗൂർ മാഗ്നെറ്റിക്‌ ഇന്റർഫറൻസ്‌ ബാലൻസ്‌' എന്നാണറിയപ്പെടുന്നത്‌.

1940-ൽ ബ്രിട്ടീഷ്‌ സർക്കാർ രൂപവത്കരിച്ച ശാസ്‌ത്ര വ്യവസായ ഗവേഷണ ബോർഡിന്റെ (BSIR) ഡയറക്‌ടറായി. ഇതിനെ തുടർന്ന്‌ ഭട്‌നഗറിന്റെ നേതൃത്വത്തിൽ കൗൺസിൽ ഫോർ സയന്റിഫിക്‌ ആന്റ്‌ ഇൻഡസ്‌ട്രിയൽ റിസർച്ചെന്ന (CSIR) സ്ഥാപനം രൂപീകൃതമായി. തുടർന്ന്‌ CSIR ന്റെ കീഴിൽ ശാസ്‌ത്രഗവേഷണ സ്ഥാപനങ്ങളുടെ ഒരു ശൃംഖല തന്നെ സ്ഥാപിക്കപ്പെട്ടു.[അവലംബം ആവശ്യമാണ്]

ജവഹർലാൽ നെഹ്‌റുവുമായുണ്ടായിരുന്ന സൗഹൃദം ഈ ഗവേഷണശാലാ ശൃംഖലയെ കരുത്താർജ്ജിപ്പാക്കാനായി ഉപയോഗിക്കാൻ സാധിച്ചു. നെഹ്‌റുവുമായുള്ള ചങ്ങാത്തത്തെ സി.വി.രാമൻ വിശേഷിപ്പിച്ചതിങ്ങനെയായിരുന്നു. `നെഹ്‌റു -ഭട്‌നഗർ പ്രഭാവം'.[അവലംബം ആവശ്യമാണ്] 1947-ൽ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിൽ ഗവേഷണ വിഭാഗം സെക്രട്ടറിയായി.

ശാസ്‌ത്രം, സാങ്കേതികവിദ്യ എന്നീ വിഭാഗങ്ങളിൽ പ്രായോഗിക ഗവേഷണങ്ങൾക്കും ഇദ്ദേഹം നേതൃത്വം നൽകി. മെഴുകിന്റെ നിറം നിർവ്വീര്യമാക്കാനുള്ളതും, മണ്ണെണ്ണ വിളക്കിന്റെ ജ്വാല ഉയർത്തുന്നതുമായ ചെറുനീക്കങ്ങൾക്കൊപ്പം എണ്ണശുദ്ധീകരണശാലയിലെ സങ്കീർണമായ പ്രശ്‌നങ്ങൾ വരെ പരിഹരിക്കുന്നതിലും ഇദ്ദേഹം വ്യാപൃതമായി. ശാസ്‌ത്രപ്രവർത്തനങ്ങൾക്കൊപ്പം തന്നെ കലാസാഹിത്യ സംരംഭങ്ങളിലും ഭട്‌നഗർ താത്‌പര്യം കാട്ടിയിരുന്നു. സ്‌കൂൾ-കോളേജ്‌ പഠനസമയത്ത്‌ നാടകത്തിൽ അഭിനയിച്ചിരുന്നു.[അവലംബം ആവശ്യമാണ്] സർവകാലാശാലയിലെ ഔദ്യോഗിക ഗീതം (കുലഗീതം-യൂണിവേഴ്‌സിറ്റി സോംഗ്‌) ചിട്ടപെടുത്തിയതും ഇദ്ദേഹമായിരുന്നു.

ഭാരതത്തിലെ ഉന്നതവിദ്യാഭ്യാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ഗുണനിലവാരം ഉയർത്തുന്നതിനുമായി തുടങ്ങിയ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ്‌ കമ്മീഷന്റെ (യു.ജി.സി.) ആദ്യ അധ്യക്ഷനും പ്രൊഫസർ ശാന്തി സ്വരൂപ്‌ ഭട്‌നഗറായിരുന്നു. 1955 ജനുവരി ഒന്നിന്‌ ഇദ്ദേഹം അന്തരിച്ചു.

അംഗീകാരങ്ങൾ

തിരുത്തുക

1941 ൽ സർ ബഹുമതി, 1943 ൽ റോയൽ സൊസൈറ്റിയിൽ അംഗത്വം, 1954-ൽ പത്മഭൂഷൺ. മികച്ച ശാസ്‌ത്രജ്ഞർക്ക്‌ കേന്ദ്രസർക്കാർ വർഷം തോറും നൽകുന്ന പുരസ്‌കാരം ശാന്തി സ്വരൂപ്‌ ഭട്‌നഗർ അവാർഡ്‌ എന്നാണ്‌ അറിയപ്പെടുന്നത്‌.

പ്രശസ്തർ ഇദ്ദേഹത്തെക്കുറിച്ച്

തിരുത്തുക

`നിരവധി പ്രഗല്ഭമതികളുമായി ഞാൻ നിരവധി തവണ ബന്ധപ്പെട്ടിട്ടുണ്ട്‌. എന്നാൽ ലക്ഷ്യപൂർത്തിക്കുള്ള ഊർജസ്വലമായ പ്രവർത്തനത്തിനുപരിയായി മറ്റുപല കഴിവുകളും ഒത്തുചേർന്ന സവിശേഷ ചേരുവയാണ്‌ ഡോ. ശാന്തി സ്വരൂപ്‌ ഭട്‌നഗർ... ഇന്നു കാണുന്ന ദേശീയ ശാസ്‌ത്രപരീക്ഷണശാലകളുടെ ശൃംഖല ഭട്‌നഗർ ഇല്ലായിരുന്നെങ്കിൽ നമുക്ക്‌ കാണാൻ സാധിക്കുമായിരുന്നില്ല എന്നു ഞാൻ ഉറപ്പു പറയുന്നു' - ജവഹർലാൽ നെഹ്‌റു.[അവലംബം ആവശ്യമാണ്]