വെറോനിക്ക

യെരുശലേമിലെ ഒരു ഭക്ത
(വേറോനിക്ക എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഏറെ പ്രചാരമുള്ള ഒരു ക്രിസ്തീയപാരമ്പര്യമനുസരിച്ച് യേശുവിന്റെ പീഡാനുഭവനാളുകളിൽ യെരുശലേമിൽ ജീവിച്ചിരുന്ന ഒരു ഭക്തസ്ത്രീയാണ് വെറോനിക്ക. കുരിശുചുമന്നു ഗാഗുലത്തായിലേക്കു പോയിരുന്ന യേശുവിന്റെ അവസ്ഥ കണ്ടു പരിതപിച്ച അവൾ, അദ്ദേഹത്തിന്റെ രക്തം പുരണ്ട മുഖം തന്റെ തൂവാലയാൽ തുടച്ചതായും, അതിൽ യേശുവിന്റെ മുഖഛായ അത്ഭുതകരമായി പതിഞ്ഞതായും ഈ പാരമ്പര്യം പറയുന്നു.

വിശുദ്ധ വെറോനിക്ക

പുതിയനിയമത്തിലെ കാനോനിക സുവിശേഷങ്ങൾ വെറോനിക്കയെക്കുറിച്ച് ഒന്നും പറയുന്നില്ല. യേശുവിന്റെ വസ്ത്രവിളുമ്പിന്റെ സ്പർശനം വഴി രക്തസ്രാവരോഗത്തിൽ നിന്നു മുക്തി നേടിയതായി മത്തായിയുടെ സുവിശേഷത്തിൽ പറയുന്ന സ്ത്രീ[1] പീലിപ്പോസിന്റെ കേസറിയായിൽ (കേസറിയാ ഫിലിപ്പി) നിന്നുള്ളവളായിരുന്നെന്നും, അവിടെ അവളുടെ വീടും അതിനു മുൻപിൽ യേശു ചെയ്ത അത്ഭുതം പശ്ചാത്തലമാക്കിയുള്ള അവളുടെയും യേശുവിന്റേയും പ്രതിമകളും താൻ കണ്ടിട്ടുണ്ടെന്നും നാലാം നൂറ്റാണ്ടിലെ സഭാചരിത്രകാരൻ കേസറിയായിലെ യൂസീബിയസ് രേഖപ്പെടുത്തിയിട്ടുണ്ട്.[2] യൂസീബിയസിന്റെ ചരിത്രത്തിലെ ഈ പരാമർശം പരിണമിച്ചുണ്ടായതാണ് വെറോനിക്കയെക്കുറിച്ചുള്ള പാരമ്പര്യമെന്നു നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്.[3]

കുരിശിന്റെ വഴിയിൽ വെറോനിക്ക

വെറോനിക്ക എന്ന പേരിന്റെ ഉൽപ്പത്തിക്ക് വ്യത്യസ്തമായ വിശദീകരണങ്ങളുണ്ട്. 'ബെരനൈക്', അഥവാ 'ബെറോനൈക്' എന്ന ഗ്രീക്കു പേരിന്റെ ലത്തീനീകരണമാണ് അതെന്നാണ് ഒരു വാദം. യേശുവിന്റെ മുഖഛായാപടങ്ങളിൽ ആധികാരികമായി കരുതപ്പെട്ടവ "വേരാ ഐക്കൺ" (vera icon) അഥവാ 'സത്യഛായ' എന്നറിയപ്പെട്ടിരുന്നെന്നും അവയുമായി ബന്ധപ്പെട്ട കഥകളാണ് പിന്നീട് വെറോനിക്ക എന്ന വ്യക്തിസങ്കല്പമായി പരിണമിച്ചതെന്നും കത്തോലിക്കാ വിജ്ഞാനകോശം വാദിക്കുന്നു.[4] എന്നാൽ വെറോനിക്ക എന്ന പേരിന് പതിമൂന്നാം നൂറ്റാണ്ടിൽ സങ്കല്പിക്കപ്പെട്ട 'ചപലനിഷ്പത്തി' (fanciful derivation) മാത്രമാണിതെന്നും വാദമുണ്ട്.[3]

ഛായാഗ്രാഹകരുടേയും തുണി അലക്കുന്നവരുടേയും മദ്ധ്യസ്ഥയായി വിശുദ്ധ വെറോനിക്ക കണക്കാക്കപ്പെടുന്നു.[5] വലിയ നോയമ്പുകാലത്തെ കത്തോലിക്കാ ഭക്താനുഷ്ഠാനമായ കുരിശിന്റെ വഴിയിൽ ആറാം സ്ഥലം, വെറോനിക്ക നിർവഹിച്ച സ്നേഹകർമ്മത്തിന്റെ അനുസ്മരണമാണ്.[6]

  1. മത്തായി എഴുതിയ സുവിശേഷം 9:20
  2. യൂസീബിയസിന്റെ സഭാചരിത്രം 7:18, ജി.എ. വില്യംസണ്ണിന്റെ ഇംഗ്ലീഷ് പരിഭാഷ, ഡോർസെറ്റ് പ്രസാധനം (പുറങ്ങൾ 301-302)
  3. 3.0 3.1 വിശുദ്ധ വെറോനിക്ക, ബ്രിട്ടാനിക്ക വിജ്ഞാനകോശം
  4. വിശുദ്ധ വെറോനിക്ക, കത്തോലിക്കാ വിജ്ഞാനകോശം
  5. About Saint Veronica, Patron Saint Medals
  6. എറണാകുളം അതിരൂപതയുടെ വേദോപദേശ വിഭാഗം പ്രസിദ്ധീകരിച്ച "കുടുംബപ്രാർത്ഥനകൾ" (പുറങ്ങൾ 165-66)
"https://ml.wikipedia.org/w/index.php?title=വെറോനിക്ക&oldid=3899303" എന്ന താളിൽനിന്ന് ശേഖരിച്ചത്