ഗൊൽഗോഥാ
Golgotha, or Calvary (Biblical Greek പുരാതന യെരുശലേം നഗരത്തിന് പുറത്തുള്ള ഒരു പ്രദേശമായിരുന്നു ഗൊൽഗോഥാ (Golgotha). ഗോഗുൽത്താ, ഗാഗുൽത്താ തുടങ്ങിയ ഉച്ചാരണഭേദങ്ങളും മലയാളത്തിൽ നിലവിലുണ്ട്. തലയോടിടം എന്നാണ് ഈ അറമായ പദത്തിന്റെ അർത്ഥം. ലത്തീൻ ഭാഷയിൽ ഈ സ്ഥലം കാൽവറി എന്നും യവനഭാഷയിൽ ക്രാനിയോൻ എന്നും അറിയപ്പെടുന്നു. യേശുക്രിസ്തുവിന്റെ ക്രൂശീകരണം നടന്നത് ഇവിടെ വെച്ചാണ് എന്നു വിശ്വസിക്കപ്പെടുന്നു.
ബൈബിൾ പരാമർശങ്ങളും സ്ഥലനാമോല്പത്തിയും
തിരുത്തുകഗൊൽഗോഥായെ ഒരു പാറയായും ഒരു മലയായും വിശേഷിപ്പിക്കാറുണ്ടെങ്കിലും[1] ബൈബിളിൽ ഒരു സ്ഥലം എന്നു മാത്രമേ സൂചിപ്പിക്കുന്നുള്ളൂ. പുതിയ നിയമത്തിലെ നാലു സുവിശേഷങ്ങളിലും ഗൊൽഗോഥായെക്കുറിച്ചുള്ള പരാമർശങ്ങളുണ്ട്.
മത്തായി എഴുതിയ സുവിശേഷം:
തലയോടിടം എന്നർത്ഥമുള്ള ഗൊല്ഗോഥാ എന്ന സ്ഥലത്തു എത്തിയപ്പോൾ അവന്നു കൈപ്പു കലക്കിയ വീഞ്ഞു കുടിപ്പാൻ കൊടുത്തു;അതു രുചിനോക്കിയാറെ അവന്നു കുടിപ്പാൻ മനസായില്ല. അവനെ ക്രൂശിൽ തറെച്ചശേഷം അവർ ചീട്ടിട്ടു അവന്റെ വസ്ത്രം പകുത്തെടുത്തു. [2]
മർക്കോസ് എഴുതിയ സുവിശേഷം:
തലയോടിടം എന്നർത്ഥമുള്ള ഗൊല്ഗോഥാ എന്ന സ്ഥലത്തേക്കു അവനെ കൊണ്ടുപോയി; കണ്ടിവെണ്ണ കലർത്തിയ വീഞ്ഞു അവന്നു കൊടുത്തു; അവനോ വാങ്ങിയില്ല. അവനെ ക്രൂശിച്ചശേഷം അവന്റെ വസ്ത്രം ഇന്നവന്നു ഇന്നതു കിട്ടേണം എന്നു ചീട്ടിട്ടു പകുതി ചെയ്തു.[3]
ലൂക്കോസ് എഴുതിയ സുവിശേഷം:
തലയോടിടം എന്ന സ്ഥലത്തു എത്തിയപ്പോൾ അവർ അവിടെ അവനെയും ദുഷ്പ്രവർത്തിക്കാരെയും, ഒരുത്തനെ വലത്തും ഒരുത്തനെ ഇടത്തുമായി, ക്രൂശിച്ചു.[4]
യോഹന്നാൻ എഴുതിയ സുവിശേഷം:
അവർ യേശുവിനെ കയ്യേറ്റു; അവൻ താൻ തന്നേ ക്രൂശിനെ ചുമന്നുകൊണ്ടു എബ്രായഭാഷയിൽ ഗൊല്ഗൊഥാ എന്നു പേരുള്ള തലയോടിടം എന്ന സ്ഥലത്തേക്കു പോയി. അവിടെ അവർ അവനെയും അവനോടു കൂടെ വേറെ രണ്ടു ആളുകളെയും ഒരുത്തനെ അപ്പുറത്തും ഒരുത്തനെ ഇപ്പുറത്തും യേശുവിനെ നടുവിലുമായി ക്രൂശിച്ചു.[5]
എന്നാൽ എന്തുകൊണ്ട് ഈ സ്ഥലത്തിന് തലയോടിടം എന്ന് പേരുണ്ടായി എന്നതിനെപ്പറ്റി വ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ നിലവിലുണ്ട്.
- അല്പം ഉയർന്നതായ ഈ ഭൂപ്രദേശത്തിന്റെ ആകൃതി ഒരു തലയോട്ടിയോട് സാദൃശ്യം ഉള്ളതായിരുന്നു എന്നൊരു അഭിപ്രായമുണ്ട്.
- കുറ്റവാളികളുടെ വധശിക്ഷ നടത്താനുള്ള പൊതുസ്ഥലമായിരുന്നതിനാൽ ശിക്ഷ നടപ്പാക്കിയ ശേഷം ഉപേക്ഷിക്കപ്പെടുന്ന മൃതശരീരങ്ങളുടെ തലയോടുകളും അസ്ഥികളും ചിതറിക്കിടന്നതിനാലാണ് ഈ പേരുണ്ടായെതെന്നാണ് മറ്റൊരു അഭിപ്രായം.
- എന്നാൽ ആദിപിതാവായ ആദാമിന്റെ തലയോട്ടി ഈ പ്രദേശത്തെവിടെയോ നിക്ഷേപിക്കപ്പെട്ടിരുന്നുവെന്നുള്ള ഒരു പരമ്പരാഗത യഹൂദാ വിശ്വാസവും നിലവിലിരുന്നു. അതിനാലാവാം സുവിശേഷങ്ങളിൽ ഈ സ്ഥലത്തെ 'തലയോട്ടികളുടെ ഇടം' എന്നതിന് പകരം ഒരു തലയോട്ടിയുടെ ഇടം (place of' a skull) എന്നർത്ഥത്തിൽ 'തലയോടിടം' എന്നു വിശേഷിപ്പിച്ചിരിക്കുന്നത്. ഏതായാലും ഈ വിശ്വാസം മറ്റ് ചില ക്രിസ്തീയ പാരമ്പര്യവിശ്വാസങ്ങൾക്കും അടിസ്ഥാനമായിട്ടുണ്ട്. യേശുവിന്റെ കുരിശ് നാട്ടിയപ്പോൾ ഇളകാതിരിക്കുവാൻ കല്ലിന് പകരമായി ഉപയോഗിച്ചിരുന്നത് ഒരു തലയോട്ടിയായിരുന്നുവെന്നും അത് ആദമിന്റേതാമായിരുന്നുവെന്നും യേശുവിന്റെ രക്തം ആ തലയോട്ടിയിലേക്ക് ഒലിച്ചിറങ്ങിയപ്പോൾ ആദമിന് സ്വർഗ്ഗപ്രാപ്തി ലഭിച്ചുവെന്നുമാണ് അത്തരത്തിലൊരു കഥ.[6]
- ഇതിനെല്ലാം പുറമേ ഗൊൽഗോഥാ എന്നുള്ള സുവിശേഷങ്ങളിലെ സ്ഥലനാമം തെറ്റാണെന്നും ശരിയായ അറമായ പദം മരണശിക്ഷയുടെ കൊടുമുടി എന്നർത്ഥമുള്ള ഗൊൽ ഗൊആത്ത (Gol Goatha) ആണെന്നും അഭിപ്രായപ്പെടുന്നവരുമുണ്ട്. ഈ സ്ഥലം യെരമ്യാവിന്റെ പുസ്തകത്തിൽ പരാമർശിക്കപ്പെട്ടിട്ടുള്ള ഗോവഹ് [7] (Goath[8]) ആണെന്ന് യെറുശലേമിന്റെ ഭൂപ്രകൃതിയെ അടിസ്ഥാനമാക്കി ഇവർ വിശദീകരിക്കുന്നു.
അവലംബം
തിരുത്തുക- ↑ മൗണ്ട് കാൽവറി, കത്തോലിക്കാ വിജ്ഞാനകോശം
- ↑ മത്തായി 27:33-35, സത്യവേദപുസ്തകം
- ↑ മർക്കോസ് 15:22-24, സത്യവേദപുസ്തകം
- ↑ ലൂക്കോസ് 23:33, സത്യവേദപുസ്തകം
- ↑ യോഹന്നാൻ 19:17-18, സത്യവേദപുസ്തകം
- ↑ "മാനുവേൽ ജോർജ്ജ്, കാൽവരിക്കുന്നിലെ കാരുണ്യം, മനോരമ ഓൺലൈൻ". Archived from the original on 2011-04-24. Retrieved 2011-04-24.
- ↑ യെരമ്യാവ് 31:39, സത്യവേദപുസ്തകം
- ↑ Jeremiah 31:39, Holy Bible, The New King James Version