വിദ്വാൻ വാമനപുരം പി. കേശവൻ

മലയാളകവിയും സംസ്കൃതപണ്ഡിതനും പ്രഭാഷകനും സാമൂഹ്യപ്രവർത്തകനും അധ്യാപകനുമായിരുന്നു വിദ്വാൻ വാമനപുരം പി. കേശവൻ.

വിദ്വാൻ വാമനപുരം പി. കേശവൻ

ജീവിതരേഖതിരുത്തുക

1901 മെയ് 25 ന് തിരുവനന്തപുരം, വാമനപുരത്തിനടുത്തുള്ള ആനച്ചൽ എന്ന ഗ്രാമത്തിൽ കല്ലുകുന്നുവിള വീട്ടിൽ പദ്മനാഭന്റെയും അപ്പിപെണ്ണിന്റെയും പുത്രനായി അദ്ദേഹം ജനിച്ചു. ആറ്റിങ്ങൽ സ്കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം മലയാളം വിദ്വാൻ പരീക്ഷ പാസ്സാവുകയും സംസ്കൃതത്തിൽ ബി.എ. ബിരുദമെടുക്കുകയും ചെയ്തു. ഭാര്യ കളമച്ചൽ അഴുക്കോട്ടു വീട്ടിൽ ലക്ഷ്മി. 1924 മുതൽ 1956 വരെ ഏകദേശം 32 വർഷക്കാലം വിവിധ സർക്കാർ സ്കൂളുകളിൽ അധ്യാപകനായിരുന്ന അദ്ദേഹം 1982-ൽ അന്തരിച്ചു.

സാഹിത്യസാമൂഹ്യജീവിതംതിരുത്തുക

പതിനഞ്ചാം വയസ്സ് മുതൽ സർഗ്ഗശേഷി പ്രകടമാക്കിയ കേശവന്റെ ആദ്യകാലകവിതകൾ കോട്ടയം പത്രിക, കേരളൻ, സഹോദരൻ, നവജീവൻ തുടങ്ങിയ മാസികകളിലും ആഴ്ചപ്പതിപ്പുകളിലും അച്ചടിച്ച് വന്നിരുന്നു. പ്രേമകൗടില്യം എന്ന ഖണ്ഡകാവ്യമാണ് അദ്ദേഹത്തിന്റെ ആദ്യകൃതി. വള്ളത്തോൾ നാരായണമേനോൻ അവതാരിക എഴുതിയ കമലയാണ് കാവ്യലോകത്ത് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. എം.പി. അപ്പൻ അവതാരിക എഴുതിയ വ്യാകരണദീപിക ഭാഷാവിദ്യാർത്ഥികൾക്കു ഏറെ സഹായകരമായ ഗ്രന്ഥമാണ്. കുട്ടികൃഷ്ണമാരാരും കെ.കെ. വാധ്യാരും തമ്മിൽ നടന്ന വൃത്തവാദത്തിൽ പങ്കെടുത്തു കൊണ്ട് സഹോദരൻ മാസികയിലും ജനയുഗം വാരികയിലും എഴുതിയ ലേഖനങ്ങൾ ശ്രദ്ധേയമാണ്. വള്ളത്തോൾ നാരായണമേനോൻ, ഉള്ളൂർ എസ് പരമേശ്വര അയ്യർ, കൊട്ടാരത്തിൽ ശങ്കുണ്ണി എന്നിവർ അദ്ദേഹത്തിന്റെ കവിതകളെ പ്രശംസിച്ചു കൊണ്ട് കത്തുകളയയ്ക്കുകയും തിരുവിതാംകൂർ രാജകീയവിവാഹമംഗളാശംസകൾ തയ്യാറാക്കുന്നതിൽ തുല്യസ്ഥാനം നൽകുകയും ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസപരമായി പിന്നാക്കമായിരുന്ന ആനച്ചൽ പ്രദേശത്തെ ജനങ്ങളുടെ ഉയർച്ചക്കായി ശ്രീ നാരായണവിലാസം എന്ന പേരിൽ ഒരു വിദ്യാലയം അദ്ദേഹം സ്ഥാപിച്ചു. 1924 ൽ ഉദ്‌ഘാടനം നടന്ന ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചത് മുൻ തിരുകൊച്ചി മുഖ്യമന്ത്രിയായിരുന്ന സി .കേശവനാണ്. പിൽക്കാലത്ത് സ്കൂൾ സർക്കാരിന് കൈമാറുകയുണ്ടായി. കാഥികൻമാർക്കുള്ള കഥകളും ഭാഗവതർമാർക്കുള്ള ഹരികഥകളും തയ്യാറാക്കികൊടുത്തിരുന്ന കേശവന് മരിക്കുമ്പോൾ സർക്കാരിന്റെ അവശകലാകാരന്മാർക്കുള്ള പെൻഷൻ ലഭിച്ചിരുന്നു.

കൃതികൾതിരുത്തുക

Header cell കൃതികൾ Header cell
1. പ്രേമകൗടില്യം ഖണ്ഡകാവ്യം
2. കമല ഖണ്ഡകാവ്യം
3. തിരുവായ്മൊഴി ഖണ്ഡകാവ്യം
4. രഘു വംശം 13 ആം സർഗം വ്യാഖ്യാനം
5. കുമാരസംഭവം 5 ,6 സർഗം വ്യാഖ്യാനം
6. ചമ്പൂ രാമായണം സുന്ദരകാണ്ഡം വ്യാഖ്യാനം
7. മാധ്യമവ്യായോഗം
8. വ്യാകരണദീപിക
9. അംബിക
10. ശ്രീ ഭൂതനാഥ സ്തവം

അവലംബംതിരുത്തുക

1. നെടുമങ്ങാടിന്റെ സർഗലാവണ്യം ...ഉത്തരംകോട് ശശി ,തനിമ പബ്ലിഷേഴ്സ് ,ഒന്നാം എഡിഷൻ , പേജ് 89

2. കളമച്ചലിന്റെ ഉള്ളെഴുത്തുകൾ --നേതാജി ഗ്രന്ഥശാല, ഓറഞ്ച് പ്രിന്റേഴ്‌സ് ,പേജ് 87