വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/29-08-2018
കേരളത്തിൽ കാണപ്പെടുന്ന ഒരു കത്രികപക്ഷിയാണ് കമ്പിവാലൻ കത്രിക (ഇംഗ്ലീഷ്:Wire-tailed Swallow, (ശാസ്ത്രീയനാമം: Hirundo smithii)). 1816-ൽ കോംഗോ നദിയിൽ പര്യവേക്ഷണം നടത്തിയ ബ്രിട്ടീഷ് സംഘത്തിലെ നോർവീജിയൻ ജീവശാസ്ത്രജ്ഞനായിരുന്ന പ്രൊ. ചെതിയൻ സ്മിത്തിന്റെ പേരിനോട് സാമ്യമുള്ളതാണ് ശാസ്ത്രീയനാമം. ഈ പക്ഷിയുടെ വാലിന്റെ അറ്റത്ത് കമ്പിപോലെയുള്ള നാരുകളുണ്ട്. ആൺകിളിയും പെൺകിളിയും കാഴ്ചക്ക് ഒരുപോലെയാണെങ്കിലും പെൺകിളിയുടെ വാലിലെ കമ്പിക്ക് നീളക്കുറവുണ്ട്. പറക്കുന്ന പ്രാണികളാണ് ഇവയുടെ ഭക്ഷണം. ഉയർന്ന പാറകളിലും, കെട്ടിടങ്ങളിലും, പാലങ്ങളിലും ഈ പക്ഷികൾ കൂടുണ്ടാക്കാറുണ്ട്. ഉൾവശം മണ്ണുകൊണ്ട് പൂശിയതും കോപ്പയുടെ ആകൃതിയുള്ളതുമായ കൂടാണ് ഇവ നിർമ്മിക്കുന്നത്. ആഫ്രിക്കയിൽ സഹാറയുടെ തെക്കുഭാഗത്തും ഏഷ്യയിൽ ഇന്ത്യൻ ഉപഭൂഖണ്ഡം മുതൽ തെക്കുകിഴക്കൻ ഏഷ്യവരെയുള്ള തെക്കൻ ഏഷ്യയിലുമാണ് ഈ പക്ഷികളെ കണ്ടുവരുന്നത്.
ഛായാഗ്രഹണം:മനോജ് ഇരിട്ടി