വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/24-04-2018
കഥകളിയെ അടിസ്ഥാനമാക്കി ഗുരു ഗോപിനാഥ് ചിട്ടപ്പെടുത്തിയ ഒരു നാട്യരൂപമാണ് കേരളനടനം. ഒരേ സമയം ശാസ്ത്രീയവും സർഗ്ഗാത്മകവുമായ നൃത്തരൂപമാണിത്. ആധുനിക സംവിധാനങ്ങളും ദീപവിതാനങ്ങളും ഉള്ള സ്റ്റേജിൽ അവതരിപ്പിക്കുവാൻ പാകത്തിലാണ് ഇതിന്റെ അവതരണ ശൈലി. ഹിന്ദു പുരാണേതിഹാസങ്ങൾ മാത്രമല്ല; ക്രിസ്തീയവും, ഇസ്ലാമികവും, സാമൂഹികവും, കാലികവുമായ എല്ലാ വിഷയങ്ങളും കേരള നടനത്തിൽ ഉൾക്കൊള്ളിക്കുവാൻ കഴിയും. പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുപോലെ അഭ്യസിക്കാവുന്ന നൃത്തരൂപമാണിത്. കഥാപാത്രത്തിന് ഇണങ്ങുന്ന വേഷമാണ് കേരളനടനത്തിൽ ഉപയോഗിക്കുക - ശ്രീകൃഷ്ണനും ക്രിസ്തുവിനും രാജാവിനും ശിവനും രാക്ഷസിക്കും വേടനും മയിലിനും എല്ലാം അവരവർക്കിണങ്ങുന്ന വേഷം തന്നെയാണ് ഇതിൽ ഉപയോഗിക്കുന്നത്. ഈ നൃത്തം ജനകീയമാവാനുള്ള പ്രധാന കാരണം വേഷത്തിലുള്ള ഈ മാറ്റമാണ്. നൃത്തം അറിയാവുന്നവർക്കും പഠിച്ചവർക്കും മാത്രമല്ല സാധാരണക്കാരനും ആസ്വദിക്കാൻ കഴിയും എന്നതാണ് കേരളനടനത്തിന്റെ മറ്റൊരു സവിശേഷത.
ഛായാഗ്രഹണം: ഷഗിൽ കണ്ണൂർ