പ്രാപ്തനാക്കുക

Wiktionary
Wiktionary
വാചകം എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

ആധുനിക ഭാഷാശാസ്ത്രപ്രകാരം ഒരുമിച്ചുനിന്നു് വ്യക്തമായ അർത്ഥബോധം ഉളവാക്കുന്ന ഒന്നോ അതിലധികമോ പദങ്ങളുടെ ഒരു കൂട്ടമാണു് വാചകം (Phrase). എന്നാൽ സാധാരണക്കാരുടെ ഭാഷാവ്യവഹാരത്തിൽ ഉദ്ദേശിക്കുന്നതനുസരിച്ചു് വാക്യം (Sentence) എന്നതിനു സമാനമാണു് വാചകം. എന്നിരുന്നാലും വാചകം വാക്യങ്ങളെപ്പോലെ ആഖ്യ ആഖ്യാത യോഗത്താൽ നിർമ്മിതമല്ല.

പ്രധാന ലേഖനം: വാക്യം

ആകാംക്ഷയ്‌ക്കെല്ലാം പൂർത്തിവരുന്ന വിധത്തിൽ ചേർത്ത് ഒരു സംഗതിയെ പൂർണ്ണമായി വിവരിക്കുന്ന പദക്കൂട്ടമാണ് വാക്യം (Sentence). ഒരുവാക്യത്തെ അഴിച്ചു നോക്കിയാൽ സർവ്വസാധാരണമായിട്ട് രണ്ടുഭാഗം കാണും ആഖ്യയും ആഖ്യാതവും അതിനാൽ ഇവയുടെ യോഗം വാക്യമെന്നും പറയപ്പെടുന്നു. പരസ്പരം ബന്ധമുള്ള പദങ്ങളെ ഒരു പൂർണ്ണമായ ആശയം വിശദമാക്കത്തക്കവണ്ണം പ്രയോഗിക്കുന്നതിനാണ് വാക്യം എന്നു പറയുന്നത്.

വാചകം: കേരളപാണിനീയം അനുസരിച്ചു്

തിരുത്തുക

കേരളപാണിനിയുടെ അഭിപ്രായത്തിൽ ആകെ പദസർവ്വസ്വത്തെ (ശബ്ദസർവ്വസ്വത്തെ) വാചകം, ദ്യോതകം എന്നിങ്ങനെ രണ്ടായി തരം തിരിക്കാം. ഒറ്റയ്ക്കു നിൽക്കുമ്പോൾ തന്നെ സ്വതന്ത്രമായ അർത്ഥം അല്ലെങ്കിൽ ആശയം ധ്വനിപ്പിക്കാൻ കഴിയുന്ന യാഥാസ്ഥിതികമായതോ സംസ്കരിക്കപ്പെട്ടതോ ആയ പദങ്ങൾ എല്ലാം വാചകങ്ങളാണു്. അതിനു സാദ്ധ്യമല്ലാതെ, അതായതു് കേവലം ഒരു വാക്കുകൊണ്ടുമാത്രം വ്യക്തമായ യാതൊരു അർത്ഥവും വ്യഞ്ജിപ്പിക്കാൻ കഴിയാതെ വരുന്ന ശബ്ദങ്ങളൊക്കെ ദ്യോതകങ്ങൾ.

വാചകം: സംസ്കൃതനിയമങ്ങളനുസരിച്ചു്

തിരുത്തുക

മലയാളത്തിൽ വാക്കു് എന്നു നാം സാധാരണ ഉദ്ദേശിക്കുന്നതിനു സമാനമായ അർത്ഥത്തിലാണു് സംസ്കൃതത്തിൽ വാചകം എന്ന പദം ഉപയോഗിക്കുന്നതു്. ('വാക്' എന്ന പദത്തിന്റെ തന്നെ അർത്ഥം സംസ്കൃതത്തിൽ വ്യത്യസ്തമാണു്.) സ്വതന്ത്രാർത്ഥം ധ്വനിപ്പിക്കാവുന്ന ലഘുവായതോ അത്തരം ലഘുക്കളെ സന്ധിസമാസങ്ങൾ കൊണ്ടു് യോജിപ്പിച്ചു് സങ്കീർണ്ണമായതോ ആയ എല്ലാ അക്ഷരയോഗങ്ങളും സംസ്കൃതത്തിൽ വാചകങ്ങളാണു്.

വാചകം: ചോംസ്കിയൻ അർത്ഥശാസ്ത്രമനുസരിച്ചു്

തിരുത്തുക

ഒന്നിലധികം ശബ്ദങ്ങൾ ചേർത്ത വാചകങ്ങൾക്കു് കേരളപാണിനീയത്തിൽ നേരിട്ട് മാതൃകകളൊന്നും നൽകുന്നില്ല. ഇതുമൂലം കേരളപാണിനി വാചകം എന്നുദ്ദേശിച്ചിരിക്കുന്നതു് കേവലം പദങ്ങളെ മാത്രമാണെന്നും ഒന്നിലധികം ശബ്ദങ്ങളോ പദങ്ങളോ ഉള്ള അവയുടെ യോഗങ്ങളെ പ്രത്യേകമായി വാചകങ്ങൾ എന്നുദ്ദേശിച്ചിട്ടില്ലെന്നും ധരിച്ചേക്കാം. പക്ഷേ, ദ്യോതകമല്ലാത്തതെല്ലാം വാചകം എന്നും വാച്യമായ അർത്ഥമുള്ളതു് വാചകം എന്നും സംസ്കരിക്കപ്പെട്ട ശബ്ദങ്ങളാണു് പദങ്ങൾ എന്നും പരാമർശിച്ചിട്ടുള്ളതുകൊണ്ടു് ഒന്നിലധികം പദങ്ങളുടെ അർത്ഥപൂർണ്ണമായ യോഗത്തേയും പദങ്ങളാക്കിത്തന്നെ കണക്കാക്കാം. ബ്ലൂംഫീൽഡ് നിർവ്വചനം അനുസരിച്ചുള്ള സ്വതന്ത്രഭാഷായൂണിറ്റാണു് (ഇംഗ്ലീഷ്:  minimal free formപദം)പദം എന്നു കണക്കാക്കാനാണെങ്കിൽ, മലയാളം അടക്കം സമസ്തപദബാഹുല്യമുള്ള ഭാഷകളിൽ ആ നിർവ്വചനം കൃത്യവും ഫലവത്തും അല്ല എന്നതും ഓർക്കണം. കൂടുതൽ വിവരങ്ങൾക്കു് പദം, രൂപിമം ഇവ കാണുക)


നോം ചോംസ്കിയുടെ അർത്ഥശാസ്ത്രവാദങ്ങളെ ആസ്പദമാക്കി വികസിച്ചുവന്ന ആധുനികഭാഷാശാസ്ത്രം അനുസരിച്ചു നോക്കിയാലും, അർത്ഥസമ്പുഷ്ടതയുള്ള പദയോഗങ്ങളേയും വാചകങ്ങളായി കണക്കാക്കാം. ക്രിയയും അതിനോടനുബന്ധിച്ച് കർത്താവും അടങ്ങുന്ന ശബ്ദയോഗങ്ങളെല്ലാം വാചകങ്ങളാണു്. ചിലപ്പോൾ ക്രിയയ്ക്കും കർത്താവിനും ഒപ്പം വാചകങ്ങളിൽ അവയെ കൂടുതൽ അലങ്കരിക്കുകയോ വിശേഷിപ്പിക്കുകയോ വിശദീകരിക്കുകയോ ചെയ്യുന്ന (കർമ്മം, വിശേഷണങ്ങൾ തുടങ്ങിയ) അധികപദങ്ങളും ഉണ്ടാവാം.

മേൽപ്പറഞ്ഞ ആശയങ്ങൾ ക്രോഡീകരിച്ച് വാചകം എന്നതു് ഇംഗ്ലീഷിലെ clause എന്ന ഭാഷാഘടകത്തിനു സമാനമായി കണക്കാക്കാം. (phrase എന്ന ഘടകവും സമാനമാണെങ്കിലും, എല്ലാ phraseകളും ഉത്ഭവിക്കുന്നതു് അവയിൽ അന്തർലീനമായ ഒരു clauseൽ നിന്നാണു് എന്നു് ചോംസ്കി.)

ചോംസ്കിയൻ നിർവ്വചനമനുസരിച്ചു് വാചകങ്ങളിൽ ഒരു ക്രിയയും കർത്താവും അവാച്യമായിട്ടെങ്കിലും അടങ്ങിയിരിക്കണം.

വാചകങ്ങൾക്കു് ഉദാഹരണങ്ങൾ

തിരുത്തുക
  1. അമ്മ: ഈ ഒറ്റവാക്കു തന്നെ ഒരു വാചകമായി കണക്കാക്കാം. ഇരുന്നു, മധുരം, ഒറ്റയ്ക്കു്, ചെറിയ ഇവയും വാചകങ്ങൾ തന്നെ.
  2. അമ്മ അറിയാൻ: ഈ രണ്ടു വാചകങ്ങളും കൂടി ഒരു വാചകമായി കണക്കാക്കാം. ഇവയിലെ ഓരോ വാക്കുകളും ഓരോ വാചകങ്ങൾ കൂടിയാണു്.
  3. അമ്മയെ കാണാഞ്ഞു് കുഞ്ഞു കരഞ്ഞു : ഇതും ഒരു വാചകം തന്നെ. ഇവയിലേയും ഓരോ വാക്കുകളോ ഒരുമിച്ചു നിൽക്കുന്ന ജോഡികളോ ("അമ്മയെ കാണാഞ്ഞു്", "കാണാഞ്ഞു് കുഞ്ഞ്", "കുഞ്ഞു കരഞ്ഞു"), കൂട്ടങ്ങളോ("അമ്മയെ കാണാഞ്ഞ് കുഞ്ഞ്") അർത്ഥസംപുഷ്ടമായ വാചകങ്ങളായി കണക്കാക്കാം. (അതേ സമയം "അമ്മയെ കുഞ്ഞു" എന്നോ "അമ്മയെ കുഞ്ഞു കരഞ്ഞു" എന്നിവ അർത്ഥവികലമായ വാചകങ്ങളാണു്.) (ഒരു വാചകത്തിന്റെ കൂട്ടായ അർത്ഥവൈകല്യം നിശ്ചയിക്കുന്നതു് വ്യാകരണത്തിന്റെയും അർത്ഥശാസ്ത്രത്തിന്റേയും ധർമ്മമാണു്.)


ദ്യോതകങ്ങൾക്കു ചില ഉദാഹരണങ്ങൾ:

  1. ഉം, ഓ, അയ്യോ, ച്ചേ!
  2. കൊണ്ട്, എങ്കിൽ, എങ്കിലും
  3. ഒട്ടും, അല്ലോ, ഉള്ളൂ.

ഒരു വാചകവും മറ്റൊരു വാചകവും ചേർന്നു് കൂടുതൽ വലിയൊരു വാചകമാവാം. ഒരു വാചകവും ഒരു ദ്യോതകവും ചേർന്നും ഒരു വാചകമായിത്തീരാം. പക്ഷേ, ദ്യോതകങ്ങൾ മാത്രം ഒരുമിച്ചു ചേർന്നു് വാചകങ്ങളായി മാറുന്നതു് അപൂർവ്വമാണു്.

അതായതു്, അർത്ഥനിബദ്ധമായ ഫലം ലഭിയ്ക്കുമെങ്കിൽ, താഴെക്കാണുന്ന സമവാക്യങ്ങൾ സാധുവാണു്. (വാ.=വാചകം, ദ്യോ.=ദ്യോതകം)

സംയോജനക്രിയ ഉദാഹരണം
വാ. + വാ. = വാ. 1. ചെറിയ പാത്രം
2. കുട്ടി ചിരിച്ചു.
വാ. + ദ്യോ. = വാ. 1. അത്രയേ ഉള്ളൂ.
2. അതുകൊണ്ട്
ദ്യോ+വാ. = വാ. 1. ഒട്ടും ഇല്ല
2. എങ്കിൽ വരൂ

വാചകത്തെക്കുറിച്ചു മനസ്സിലാക്കുമ്പോൾ താഴെപ്പറയുന്ന സംഗതികൾ പരിഗണിക്കണം:

  1. വ്യാകരണശാസ്ത്രത്തിൽ വാചകം എന്നാൽ വാക്യം എന്നർത്ഥമില്ല. ആകാംക്ഷ (വ്യാകരണം) എന്ന വികാരം മുഴുമിക്കുന്ന വാചകങ്ങളേ വാക്യങ്ങൾ ആവൂ.
  2. എല്ലാ വാക്യങ്ങളും വാചകങ്ങളാണു്. എന്നാൽ എല്ലാ വാചകങ്ങളും വാക്യങ്ങളല്ല.
  3. കേരളപാണിനിയുടെ ശബ്ദവർഗ്ഗീകരണപദ്ധതിയനുസരിച്ച് ഒരു വാചകം ഒരു ഒറ്റപ്പദമാണെന്നു പ്രത്യക്ഷത്തിൽ തോന്നാമെങ്കിലും യഥാർത്ഥത്തിൽ അദ്ദേഹത്തിന്റെ നിർവ്വചനം അനുസരിക്കുന്ന പദയോഗങ്ങൾ കൂടി വാചകങ്ങളാണു്. ആധുനിക ഭാഷാശാസ്ത്രവും ഇത്തരത്തിലുള്ള നിർവ്വചനം ശരിവെയ്ക്കുന്നു.
  4. എല്ലാ വാചകങ്ങളിലും അന്തർലീനമായിട്ടെങ്കിലും, ഒരു ക്രിയയും കർത്താവും ഉണ്ടായിരിക്കും.


വാചകങ്ങളുടെ വർഗ്ഗീകരണം

തിരുത്തുക

കേരളപാണിനീയം അനുസരിച്ചു് വാചകങ്ങളെത്തന്നെ മൂന്നു തരമായി തിരിക്കാം: നാമം, കൃതി, ഭേദകം.

അർത്ഥധ്വനിയുള്ള ഏതു ശബ്ദവും ഏതെങ്കിലും ഒരു ദ്രവ്യത്തെയോ ക്രിയയേയോ ഗുണത്തേയോ സൂചിപ്പിക്കുന്നതായിരിക്കണമല്ലോ. ഇവയിൽ ദ്രവ്യത്തെ സൂചിപ്പിക്കുന്ന വാക്കുകൾ/ വാചകങ്ങൾ നാമം, ക്രിയയെ സൂചിപ്പിക്കുന്നതു് കൃതി, ഗുണത്തെ സൂചിപ്പിക്കുന്നതു് ഭേദകം.

(ഇങ്ങനെ വിഭജിക്കുമ്പോൾ ഇവയോരോന്നും ഒറ്റ വാക്കുകൾ തന്നെയായിരിക്കണമെന്നില്ല. കൂടുതൽ വാക്കുകളുണ്ടെങ്കിൽ അവയെല്ലാം ചേർന്നു് ഒരുമിച്ച് ഫലിപ്പിക്കുന്ന അർത്ഥത്തിന്റെ സ്വഭാവമാണു് നാമം, കൃതി, ഭേദകം എന്നിങ്ങനെ അവയെ തരം തിരിക്കുന്നതു്.)

ഉദാ:

ഉദാഹരണം
നാമം 1. കുട്ടി
2. (വലിയ കുട്ടി)
3. (ആ ഇരിക്കുന്നതിൽ വലിയ കുട്ടി)
കൃതി 1. ചിരിച്ചു
2.(ഊറിയൂറിച്ചിരിച്ചു)
3. (തലേന്നു കണ്ട സ്വപ്നത്തിലെ തമാശയോർത്ത് അയാൾ ഊറിയൂറിച്ചിരിച്ചു)
ഭേദകം 1.വലിയ
2.(കൂട്ടത്തിൽ വെച്ചേറ്റവും വലിയ)
3. (എങ്ങനെയൊക്കെ പരിഗണിച്ചാലും അക്കൂട്ടത്തിൽ വെച്ചേറ്റവും വലിയ)


ഇതും കാണുക

തിരുത്തുക

"https://ml.wikipedia.org/w/index.php?title=വാചകം&oldid=3758118" എന്ന താളിൽനിന്ന് ശേഖരിച്ചത്