വല്ലകം

കോട്ടയം‍ ജില്ലയിലെ ഗ്രാമം

ദക്ഷിണ ഭാരതത്തിലെ കേരളത്തിൽ, കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ പെടുന്ന ഒരു ഗ്രാമമാണ് വല്ലകം. 1990കളുടെ തുടക്കം വരെ വല്ലകത്തിന്റെ സമ്പദ്ഘടന നെല്ല്‌, നാളികേരം എന്നിവയുടെ കൃഷിയെ ആശ്രയിച്ചായിരുന്നു. പിന്നീട് ആ സ്ഥിതി മാറി. നെൽകൃഷിയുടെ തകർച്ചയും, വിലയിടിവും രോഗങ്ങളും ചേർന്ന്‌ തെങ്ങ് കൃഷിയുടെ ആകർഷണീയത കളഞ്ഞതും ആണ് ഈ മാറ്റത്തിനു പിന്നിൽ. ഈ വിളവുകളുടെ സ്ഥാനത്ത് പലരും ജാതി, കൊക്കോ തുടങ്ങിയ കൃഷികൾ തുടങ്ങി. ഇവക്കൊക്കെ പുറമേ, സംസ്ഥാനത്തിനു പുറത്തും വിദേശത്തും ജോലി ചെയ്യുന്ന ഗ്രാമവാസികളിൽ നിന്ന് ലഭിക്കുന്ന വരുമാനവും ഇന്ന് വല്ലകത്തിന്റെ സമ്പദ് വ്യവസ്ഥയെ താങ്ങുന്നുണ്ട്.

വല്ലകത്തെ ജനങ്ങളിൽ ഭൂരിഭാഗവും ഹിന്ദുമത വിശ്വാസികളാണ്‌. പിന്നെയുള്ളരിൽ ഏറെയും ക്രിസ്ത്യാനികളും ഒരു ചെറിയ ശതമാനം മുസ്ലിങ്ങളും ആണ്. ഹിന്ദുക്കളിൽ ഈഴവരും, നായന്മാരും പുലയർ തുടങ്ങിയ ദളിത വിഭാഗങ്ങളിൽ പെടുന്നവരും ഉണ്ട്. പ്രധാന ആരാധനാലയങ്ങൾ വല്ലകം സെന്റ് മേരീസ് പള്ളി, അരീക്കുളങ്ങര ഭഗവതീ ക്ഷേത്രം, തുറുവേലിക്കുന്ന് ധൃവക്ഷേത്രം എന്നിവയാണ്. വല്ലകം സെന്റ് മേരീസ് സ്കൂൾ, സെന്റ് മേരീസ് പള്ളീയുടെ നടത്തിപ്പിലുള്ളതാണ്.

വൈക്കം-ഏറ്റുമാനൂർ റോഡ് വല്ലകത്തിന്റെ ജീവനാഡിയാണ്. വല്ലകത്തെ പടിഞ്ഞാറു വശത്തുള്ള വൈക്കം പട്ടണവുമായും കിഴക്കുള്ള തലയോലപ്പറമ്പ്, കുറുപ്പന്തറ തുടങ്ങിയ ചന്തകളുമായും ബന്ധിപ്പിക്കുന്നത് ഈ റോഡ് ആണ്. ഗ്രാമത്തിനു നെടുകെയും കുറുകെയും ഉണ്ടായിരുന്ന തോടുകളും ഗതാഗതത്തിൽ വലിയ പങ്ക് വഹിച്ചിരുന്നു. എന്നാൽ തോടുകൾ മിക്കവയും കെട്ടിട നിർമ്മിതിക്കും മറ്റുമായി നികർത്തപ്പെടുകയും അല്ലാത്തവയിൽ ആഫ്രിക്കൻ പായൽ വളർന്ന് നിറയുകയും ചെയ്തതുമൂലം അവയെ ആശ്രയിച്ചുള്ള ഗതാഗതം ഇപ്പോൾ മിക്കവാറും ഇല്ലാതായിരിക്കുന്നു.

വല്ലകം എന്ന സ്ഥലനാമത്തിന്റെ ഉല്പത്തി അജ്ഞാതമായിരിക്കുന്നു. [അവലംബം ആവശ്യമാണ്]


"https://ml.wikipedia.org/w/index.php?title=വല്ലകം&oldid=4286744" എന്ന താളിൽനിന്ന് ശേഖരിച്ചത്