വട്ടമേശസമ്മേളനങ്ങൾ

ബ്രിട്ടീഷ് സര്‍ക്കാര്‍ നടത്തിയ സമ്മേളനം

ഇന്ത്യയിലെ ഭരണഘടനാപരമായ പരിഷ്കരണങ്ങൾ ചർച്ച ചെയ്യുന്നതിനായി 1930 മുതൽ 1932 വരെയുള്ള കാലയളവിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ കൂടി ചേർത്തുകൊണ്ട് ബ്രിട്ടീഷ് സർക്കാർ നടത്തിയ സമ്മേളനങ്ങളാണ് വട്ടമേശ സമ്മേളനങ്ങൾ. 1930 നവംബറിൽ ആരംഭിച്ച വട്ടമേശ സമ്മേളനങ്ങൾ 1932 ഡിസംബറിൽ അവസാനിച്ചു. മുഹമ്മദലി ജിന്ന, അന്നത്തെ വൈസ്രോയിയായിരുന്ന ഇർവിൻ പ്രരഭുവിനോടും പ്രധാനമന്ത്രി റംസെ മക്ഡൊണാൾഡിനോടും അഭ്യർത്ഥിച്ചതിന്റെയും, [1][2] 1930 മേയിൽ സൈമൺ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചതിന്റെയും അടിസ്ഥാനത്തിലാണ് വട്ടമേശ സമ്മേളനങ്ങൾ നടത്താൻ ബ്രിട്ടീഷ് സർക്കാർ തീരുമാനിച്ചത്. ഈ കാലയളവിൽ ഇന്ത്യയിൽ സ്വരാജ് അഥവാ സ്വയംഭരണത്തിനായുള്ള ആവശ്യം ശക്തിപ്പെട്ടിരുന്നു. മഹാത്മാ ഗാന്ധി, സർ തേജ് ബഹദൂർ സപ്രു, ശ്രീനിവാസ, സർ മുഹമ്മദ് സഫറുള്ള ഖാൻ മീരാബെൻ എന്നിവരായിരുന്നു ഇന്ത്യയിൽ നിന്നുള്ള പ്രധാനപ്പെട്ട പ്രതിനിധികൾ. 1930-കളോടെ ധാരാളം ബ്രിട്ടീഷ് രാഷ്ട്രീയനിരീക്ഷകർ, ഇന്ത്യയ്ക്ക് സ്വയംഭരണം നൽകേണ്ടതുണ്ടെന്ന് വിശ്വസിച്ചിരുന്നു. എന്നാൽ ഇന്ത്യൻ, ബ്രിട്ടീഷ് രാഷ്ട്രീയ പാർട്ടികൾ തമ്മിൽ യോഗങ്ങൾകൊണ്ട് തീർക്കാൻ സാധിക്കാത്ത വിരോധങ്ങൾ 1930-കളിൽ നിലനിന്നിരുന്നു. ഇന്ത്യയുടെ ഭരണഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു വട്ടമേശ സമ്മേളനങ്ങളിൽ ചർച്ച ചെയ്ത മുഖ്യ വിഷയം.

ഒന്നാം വട്ടമേശ സമ്മേളനം (നവംബർ 1930 – ജനുവരി 1931) തിരുത്തുക

1930 നവംബർ 12-ന് ലണ്ടനിലെ ഹൗസ് ഓഫ് ലോർഡ്സ് എന്ന റോയൽ ഗാലറിയിൽ വച്ച് അന്നത്തെ ബ്രിട്ടീഷ് ചക്രവർത്തിയായിരുന്ന ജോർജ് അഞ്ചാമനായിരുന്നു ഒന്നാം വട്ടമേശ സമ്മേളനം ഉദ്ഘാടനം ചെയ്തത്. [1] ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന റംസേ മക്ഡൊണാൾഡ് ആയിരുന്നു ഈ ചടങ്ങിലെ അധ്യക്ഷൻ.

ബ്രിട്ടനിലുണ്ടായിരുന്ന മൂന്ന് രാഷ്ട്രീയ പാർട്ടികളിൽനിന്നും ആകെ 16 പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. ബ്രിട്ടീഷ് ഇന്ത്യയിൽനിന്നും 58 രാഷ്ട്രീയ നേതാക്കളും രാജഭരണത്തിലുള്ള സംസ്ഥാനങ്ങളിൽനിന്നും 16 പേരും പ്രതിനിധികളായി പങ്കെടുത്തിരുന്നു. എന്നാൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാക്കളും ഇന്ത്യയിലെ സാമ്പത്തിക നേതാക്കളും ഒന്നാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്തില്ല. ഇന്ത്യയിലെ നേതാക്കളിൽ ധാരാളം പേർ ഈ സമയത്ത് സിവിൽ നിയമലംഘന പ്രസ്ഥാനത്തിന്റെ പേരിൽ ജയിലിലടയ്ക്കപ്പെട്ടിരിക്കുകയായിരുന്നു. [3]

പങ്കെടുത്തവർ തിരുത്തുക

പ്രവർത്തനങ്ങൾ തിരുത്തുക

ആറ് പ്ലീനറി യോഗങ്ങളോടുകൂടിയാണ് വട്ടമേശസമ്മേളനം ആരംഭിച്ചത്. ഈ യോഗത്തിൽ പ്രതിനിധികൾ അവരുടെ പ്രശ്നങഅങൾ അവതരിപ്പിക്കുകയും ഫെഡറൽ ഘടന, പ്രൊവിൻസൽ ഭരണഘടന, സിന്ധ്, എൻ.ഡബ്ല്യു.എഫ്.പി എന്നിവയുടെ പ്രൊവിൻസ്, പ്രതിരോധ സേവനങ്ങൾ, ന്യൂനപക്ഷങ്ങൾ എന്നിവയ്ക്കുൾപ്പെടെ ആകെ 9 സബ്കമ്മിറ്റികൾ ഇതിനെത്തുടർന്ന് രൂപീകരിക്കുകയും ചെയ്തു. [4] ഇതിനുശേഷം ഫെഡറൽ ഘടന, പ്രൊവിൻസൽ ഭരണഘടന, ന്യൂനപക്ഷങ്ങൾ, ബർമ, വിവിധ ഫ്രാഞ്ചൈസികൾ, പ്രതിരോധ പ്രവർത്തനങ്ങൾ എന്നീ വിഷയങ്ങളെക്കുറിച്ച് സബ്കമ്മിറ്റികൾ നൽകിയ റിപ്പോർട്ടിനെ ആധാരമാക്കി ചർച്ചകൾ നടത്തുകയും ചെയ്തു. തുടർന്ന് രണ്ട പ്ലീനറി യോഗങ്ങൾ കൂടി നടന്നശേഷം സമാപനയോഗത്തോടുകൂടി ഒന്നാം വട്ടമേശസമ്മേളനം അവസാനിച്ചു. [3] യോഗത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പങ്കെടുക്കാത്തത് വ്യക്തമായ തീരുമാനങ്ങൾ എടുക്കുന്നതിന് ബുദ്ധിമുട്ടായിരുന്നു.

യോഗത്തിൽ വച്ച് തേജ് ബഹദൂർ സപ്രു, ഓൾ - ഇന്ത്യാ ഫെഡറേഷൻ എന്ന ആശയം ചർച്ചയ്ക്ക് വച്ചു. [5] സമ്മേളനത്തിൽ പങ്കെടുത്ത എല്ലാ ഗ്രൂപ്പുകളും ഈ ആശയത്തെ അനുകൂലിച്ചു. രാജഭരണത്തിലുള്ള പ്രദേശങ്ങൾക്കും സ്വയം ഭരണം നൽകുമെന്നായതോടെ അവരും ഈ ആശയത്തെ അംഗീകരിച്ചു. മുസ്ലിം ലീഗും പുതിയ ഫെഡറേഷനെ അംഗീകരിക്കുകയുണ്ടായി. എന്നാൽ പ്രൊവിൻസ് തലത്തിൽ പ്രാതിനിധ്യ സർക്കാർ രീതി ആദ്യം നടപ്പിലാക്കണമെന്ന് ബ്രിട്ടീഷുകാർ ആവശ്യപ്പെട്ടു.

ലെജിസ്ലേറ്റീവ് കൗൺസിലിന്റെ എക്സിക്യൂട്ടീവുമായി ബന്ധപ്പെട്ടും ഡോ. ബി.ആർ. അംബേദ്കറിന്റെ ആവശ്യപ്രകാരം ദളിതർക്ക് പ്രത്യേക വോട്ടവകാശം നൽകുന്നതിനെക്കുറിച്ചും സമ്മേളനത്തിൽ ചർച്ചകൾ നടന്നു.

രണ്ടാം വട്ടമേശ സമ്മേളനം (സെപ്റ്റംബർ – ഡിസംബർ 1931) തിരുത്തുക

ആദ്യത്തെ വട്ടമേശസമ്മേളനം കോൺഗ്രസ് ബഹിഷ്കരിച്ചെങ്കിലും പ്രശ്നം പരിഹരിക്കാനായി സപ്രു, എം. ആർ. ജയക്കർ, വി.എസ്. ശ്രീനിവാസ ശാസ്ത്രി എന്നിവർ കോൺഗ്രസിനെ ക്ഷണിച്ചു. മഹാത്മാഗാന്ധിയും അന്നത്തെ വൈസ്രോയിയായിരുന്ന ഇർവിൻ പ്രഭുവും തമ്മിൽ ഒപ്പിട്ട ഗാന്ധി - ഇർവിൻ സന്ധി ഫലവത്താവുകയും രണ്ടാം വട്ടമേശസമ്മേളനത്തിലേക്കുള്ള കോൺഗ്രസിന്റെ പ്രധാന പ്രതിനിധി ഗാന്ധിജിയാവുകയും ചെയ്തു. മക്ഡൊണാൾഡോ ബ്രിട്ടന്റെ പ്രധാനമന്ത്രിയായിരുന്നെങ്കിലും കൺസർവേറ്റീവ് പാർട്ടിയോടൊപ്പം ചേർന്ന് ഒരു സഖ്യ സർക്കാരിനെയാണ് മക്ഡൊണാൾഡ് നയിച്ചിരുന്നത്. 1931 സെപ്റ്റംബറിൽ ലണ്ടനിൽ വച്ച് രണ്ടാം വട്ടമേശസമ്മേളനം ആരംഭിച്ചു. ഈ യോഗത്തിൽ വച്ചു നടന്ന ചർച്ചകളാണ് പിന്നീട് 1935-ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ നിയമം പാസാക്കുന്നതിന് പ്രേരകമായത്.

പങ്കെടുത്തവർ തിരുത്തുക

[6]

പ്രവർത്തനങ്ങൾ തിരുത്തുക

രണ്ടാം സമ്മേളനം 1931 സെപ്റ്റംബർ 7-ന് ആരംഭിച്ചു. മൂന്ന് പ്രധാനപ്പെട്ട വ്യത്യാസങ്ങൾ ഒന്നാമത്തേയും രണ്ടാമത്തേയും വട്ടമേശസമ്മേളനങ്ങൾ തമ്മിൽ ഉണ്ടായിരുന്നു. അവ:

 
The Second Round Table Conference (September 7, 1931)
  • കോൺഗ്രസിന്റെ പ്രാതിനിധ്യം — മഹാത്മാഗാന്ധിയും ഇർവിൻ പ്രഭുവും ഒപ്പിട്ട ഗാന്ധി - ഇർവിൻ സന്ധി രണ്ടാം വട്ടമേശസമ്മേളനത്തിൽ കോൺഗ്രസിന്റെ പങ്കാളിത്തത്തിന് കാരണമായി. മഹാത്മാഗാന്ധി സമ്മേളനത്തിലേക്ക് മുഖ്യ പ്രതിനിധിയായി ക്ഷണിക്കപ്പെടുകയും മറ്റ് കോൺഗ്രസ് പ്രതിനിധികളായി സരോജിനി നായിഡു, മദൻ മോഹൻ മാളവ്യ, ഘൻശ്യാം ദാസ് ബിർള, മുഹമ്മദ് ഇഖ്ബാൽ, സർ മിർസ ഇസ്മയിൽ, മൈസൂരിന്റെ ദിവാൻ, എസ്.കെ. ദത്ത, സർ സെയ്ദ് അലി ഇമാം എന്നിവർ പങ്കെടുക്കുകയും ചെയ്തു. ഇന്ത്യൻ രാഷ്ട്രീയത്തെ പ്രതിനിധീകരിക്കുന്ന ഒരേയൊരു സംഘടന കോൺഗ്രസാണെന്നും ദളിത് വിഭാഗങ്ങൾക്കും മുസ്ലിം വിഭാഗങ്ങൾക്കും പ്രത്യേകം പ്രത്യേകം വോട്ടവകാശം നൽകേണ്ടതില്ലെന്നും ഗാന്ധിജി അഭിപ്രായപ്പെട്ടു. എന്നാൽ ഇന്ത്യയിൽ നിന്നുള്ള മറ്റ് പ്രതിനിധികൾ ഈ കാര്യത്തെ എതിർക്കുകയുണ്ടായി. ഈ സമയത്ത് ഗാന്ധിജി സിവിൽ നിയമലംഘന പ്രസ്ഥാനത്തിന് ആഹ്വാനം ചെയ്തിരുന്നു. തുടർന്ന് ബ്രിട്ടീഷ് സർക്കാരിന്റെ ജയിലിൽ കഴിഞ്ഞിരുന്ന കുറ്റവാളികളെ കുറ്റവിമുക്തരാക്കുകയുണ്ടായി (ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ വധിച്ചവരെയൊഴികെ).
  • നാഷണൽ ഗവൺമെന്റ് — സമ്മേളനത്തിൽ രണ്ട് ആഴ്ചകൾക്ക് മുൻപ് ലേബർ പാർട്ടിയുടെ സർക്കാർ പതിച്ചു. തുടർന്ന് റംസെ മക്ഡൊണാൾഡ്, കൺസർവേറ്റീവ് പാർട്ടിയോടൊത്ത് സഖ്യ സർക്കാർ രൂപീകരിച്ചു.

സമ്മേളനത്തിടയിൽ ഗാന്ധി മുസ്ലിങ്ങളുമായി മുസ്ലിം പ്രാതിനിധ്യത്തിന്റെ കാര്യത്തിൽ ധാരണയിലെത്തിയില്ല.

രണ്ടാം വട്ടമേശസമ്മേളനത്തിൽ വച്ച് പ്രത്യേക വോട്ടവകാശവുമായി ബന്ധപ്പെട്ട് ദളിത് വിഭാഗത്തിന്റെ പ്രതിനിധിയായിരുന്ന ഡോ. ബി.ആർ. അംബേദ്കറുമായി ഗാന്ധി വിരോധത്തിലാവുകയുണ്ടായി. എന്നാൽ ഈ പ്രശ്നം 1932-ലെ പൂന സന്ധിയിലൂടെ പരിഹരിക്കപ്പെട്ടു.

മൂന്നാം വട്ടമേശസമ്മേളനം (നവംബർ – ഡിസംബർ 1932) തിരുത്തുക

മൂന്നാമത്തേതും അവസാനത്തേതുമായ വട്ടമേശസമ്മേളനം, 1932 നവംബർ 17-ന് ആരംഭിച്ചു. 46 പ്രതിനിധികൾ മാത്രമാണ് ഈ യോഗത്തിൽ പങ്കെടുത്തിരുന്നത്. ഇന്ത്യയിൽനിന്നുള്ള പ്രധാന രാഷ്ട്രീയ നേതാക്കളാരും മൂന്നാം വട്ടമേശസമ്മേളനത്തിൽ പങ്കെടുത്തിരുന്നില്ല. ബ്രിട്ടനിൽ നിന്നുള്ള ലേബർ പാർട്ടിയും ഇന്ത്യൻ നാഷണൽ കോൺഗ്രസും സമ്മേളനത്തിൽ പങ്കെടുത്തില്ല.

1931 സെപ്റ്റംബർ മുതൽ 1933 മാർച്ച് വരെ ഇന്ത്യയുടെ സംസ്ഥാന സെക്രട്ടറിയായ സാമുവൽ ഹോയറിന്റെ മേൽനോട്ടത്തിൽ ശേഖരിക്കപ്പെട്ട ആശയങ്ങൾ പിന്നീട് 1935-ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ നിയമത്തിലും ഉപയോഗിക്കപ്പെട്ടു.

പങ്കെടുത്തവർ തിരുത്തുക

[7]

അവലംബം തിരുത്തുക

  1. 1.0 1.1 Wolpert, Stanley (2013). Jinnah of Pakistan (15 ed.). Karachi, Pakistan: University Press. p. 107. ISBN 978-0-19-577389-7.
  2. Wolpert, Stanley (2012). Shameful Flight (1st ed.). Karachi, Pakistan: Oxford University Press. p. 5. ISBN 978-0-19-906606-3.
  3. 3.0 3.1 Indian Round Table Conference Proceedings. Government of India. 1931.
  4. 4.0 4.1 Prof M. Ikram, Rabbani. Pakistan studies (2nd ed.). Lahore, Pakistan: Caravan book house. pp. 100–101. {{cite book}}: |access-date= requires |url= (help)
  5. Menon, V.P. (1957). Transfer of Power in India. Orient Longman Limited. p. 44. Retrieved 29 May 2015.
  6. Indian Round Table Conference (Second Session) Proceedings of the Plenary Sessions (PDF). 1932. Archived from the original (PDF) on 2017-10-19. Retrieved 2018-08-16.
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-09-28. Retrieved 2018-08-16.

അധിക വായനയ്ക്ക് തിരുത്തുക

"https://ml.wikipedia.org/w/index.php?title=വട്ടമേശസമ്മേളനങ്ങൾ&oldid=3960456" എന്ന താളിൽനിന്ന് ശേഖരിച്ചത്