വചനം (ചലച്ചിത്രം)
ലെനിൻ രാജേന്ദ്രന്റെ സംവിധാന നിർവഹണത്തിൽ 1989 ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് വചനം. സുരേഷ് ഗോപി, ജയറാം, സിതാര, ചാരുഹാസൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നു.
വചനം | |
---|---|
സംവിധാനം | ലെനിൻ രാജേന്ദ്രൻ |
രചന | ലെനിൻ രാജേന്ദ്രൻ |
അഭിനേതാക്കൾ | സുരേഷ് ഗോപി ജയറാം സിത്താര തിലകൻ നെടുമുടി വേണു മാമുക്കോയ ശ്രീവിദ്യ ശിവജി |
സംഗീതം | മോഹൻ സിത്താര |
റിലീസിങ് തീയതി | 1989 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
കഥ
തിരുത്തുകമഴയുള്ള ഒരു രാത്രിയിൽ രവി (സുരേഷ് ഗോപി) ഒരു കൂട്ടം ആളുകളാൽ ആക്രമിക്കപ്പെടുന്ന രംഗത്തോടെയാണ് ചിത്രത്തിന്റെ ആരംഭം. ആക്രമിക്കപ്പെട്ട് ബോധരഹിതനായി നിരത്തിൽ കിടക്കുന്ന രവിയെ സുഹൃത്ത് ഗോപൻ (ജയറാം) കാണുകയും അദ്ദേഹം ഈ വിവരം പോലീസിൽ അറിയിക്കുകയുമാണ്. പിന്നീട് രവിയെ കാണാനില്ലെന്ന വിവരവുമായാണ് ഗോപൻ വരുന്നത്. രവിയെ പിന്തുടർന്ന് ഗോപൻ ശാന്തിഗിരി ആശ്രമത്തിൽ ഗവേഷണത്തിനായി എത്തുന്ന രംഗത്തോടെ കഥ കുറച്ചു മാസങ്ങൾ പുറകോട്ടു (ഫ്ലാഷ് ബാക്ക്) പോകുന്നു. വിദേശികളുടെ സാമ്പത്തിക സഹായത്താൽ നടത്തപ്പെടുന്ന ആശ്രമത്തിന്റെ മേധാവി വിഷ്ണുജിയാണ് (ചാരുഹാസൻ). രവി വിഷ്ണുജിയെ വല്ലാതെ ആരാധനയോടെ കാണുമ്പോൾ ഗോപൻ വിഷ്ണുജിയിൽ ഒരു വിശ്വാസവഞ്ചകന്റെ മുഖമാണ് ദർശിക്കുന്നത്.
വിഷ്ണുജിയുടെ പ്രൈവറ്റ് സെക്രട്ടറിയായ മായ (സിതാര)യെ രവിയും ഗോപനും പരിചയപ്പെടുകയും രവിയും മായയും പരസ്പരം അടുക്കുകയും ചെയ്യുന്നു. ഇരുവരും തമ്മിലുള്ള സ്നേഹം പരസ്പരം വെളിപ്പെടുത്താൻ ഗോപൻ ഇരുവരേയും സഹായിക്കുന്നു. ശാന്തിഗിരി സന്ദർശിക്കുന്ന മറ്റൊരു ആത്മീയ നേതാവാണ് ആര്യാശ്രമത്തിലെ ആര്യാദേവി (ശ്രീവിദ്യ). രവി ഇവരുടെ വളർത്തുമകനാണെന്ന് വെളിപ്പെടുന്നു. വിഷ്ണുജിയുമായി ബന്ധമുള്ള ആര്യാദേവി, ആശ്രമം തുടങ്ങുന്നതിനായി വിദേശികളിൽ നിന്ന് പണം ലഭിക്കാൻ തന്നെ കൂട്ടികൊടുപ്പുകാരിയാക്കി എന്നും വിഷ്ണുജിയെ കുറിച്ച് ആരോപിക്കുന്നു. രവിയോട് തന്റെ ആശ്രമത്തിലേക്ക് വരാൻ ആര്യദേവി ആവശ്യപ്പെടുന്നുണ്ടെങ്കിലും രവി അതിനു വിസമ്മതിക്കുന്നു.
കഥ വീണ്ടും വർത്തമാനകാലത്തിലേക്ക് വരുന്നു. രവിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് വിഷ്ണുജി ആശ്രമത്തിന്റെ മുൻപിൽ നിരാഹാരം അനുഷ്ഠിക്കുന്നു. ഇതിനിടയിൽ രവിയെ പലരും പലയിടത്തും കണ്ടെത്തിയതായി വ്യാജ വിവരങ്ങൾ പോലീസിനു ലഭിക്കുന്നു. രവിയെ കാണാതായ കേസ് അന്വേഷിക്കുന്ന പോലീസ് സൂപ്രണ്ട് (തിലകൻ) നിരവധി അന്വേഷണങ്ങൾക്കും കണ്ടെത്തലുകൾക്കും ശേഷം, രവിയുടെ കൊലപാതകിയെ തിരിച്ചറിയുന്നു. ആശ്രമത്തിൽ നടക്കുന്ന വേശ്യാവൃത്തി ഉൾപ്പെടെയുള്ള പല അശാസ്യമല്ലാത്ത കാര്യങ്ങളും രവി അറിഞ്ഞിട്ടുണ്ടായിരുന്നു എന്നും അതു നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് രവി വിഷ്ണുജിയെ ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് ഓഫീസർ മനസ്സിലാക്കുന്നു. കുടാതെ രവിയെ കൊലപ്പെടുത്തിയ വിവരം മായയുടെ അച്ഛനോട് വിഷ്ണിജി പറയുന്നത് ഒളിഞ്ഞിരുന്ന് മായകേട്ടിരുന്നു എന്ന് മായ സമ്മതിക്കുന്നു. ഈ സന്ദർഭത്തിൽ വിഷ്ണുജി അറസ്റ്റു ചെയ്യപ്പെടുന്നു. പക്ഷേ അദ്ദേഹത്തിന്റെ വക്കീൽ (നെടുമുടി വേണു) കോടതിയിൽ, രവി ജീവിച്ചിരിക്കുന്നതായും അദ്ദേഹം എവിടെയോ ഒളിവിലാണെന്നും രവിയുടെ സുഹൃത്ത് ഗോപൻ ഒരു മാനസിക രോഗിയായതിനാൽ അദ്ദേഹം പറയുന്നത് വിശ്വസിക്കാനാകില്ല എന്നും കോടതിയിൽ വാദിച്ചു സമർഥിക്കുകയും കോടതി വിഷ്ണുജിയെ വെറുതെ വിടുകയും ചെയ്യുന്നു. വെറുതെ വിട്ട വിഷ്ണുജിക്ക് അനുയായികൾ വീരോചിത വരവേൽപ്പ് നൽകുന്നു.
നീതിന്യായ സംവിധാനത്തോട് അതൃപ്തി തോന്നിയ ഗോപൻ ഒരു പദ്ധതി തയ്യാറാക്കി വിഷ്ണുജിയെ വധിക്കുന്നു. പക്ഷെ വിഷ്ണുജിയെ വധിച്ചത് രവിയാണെന്നുള്ള വ്യാജ തെളിവുണ്ടാക്കുന്നു അദ്ദേഹം. മാനസിക രോഗിയായതിനാലും മതിയായ തെളിവില്ലാത്തതിനാലും ഗോപനെ കോടതി വെറുതെവിടുകയും രവിയെ കണ്ടെത്താൻ പോലീസിനോട് ആവശ്യപ്പെട്ടുകൊണ്ട് ഉത്തരവിടുകയും ചെയുന്നു.
സംഗീതം
തിരുത്തുകഒ.എൻ.വി. കുറുപ്പ് രചിച്ച ഒരു ഗാനം മാത്രമാണ് ചിത്രത്തിലുള്ളത്. മോഹൻ സിത്താര സംഗീതം നൽകിയിരിക്കുന്നു.
- നീൾമിഴിപ്പീലിയിൽ - കെ.ജെ. യേശുദാസ്