ഴെറാർ ദേസാർഗ്
ഴെറാർ ദേസാർഗ് (French: [dezaʁg]; ഫെബ്രുവരി 21, 1591–സെപ്റ്റംബർ 1661)ഫ്രഞ്ച് ഗണിതവിജ്ഞാനി. ആധുനിക ശുദ്ധ ജ്യാമിതിയുടെ പ്രധാന ശാഖകളിലൊന്നായ പ്രക്ഷേപ ജ്യാമിതിയുടെ [1](Projective Geometry) ഉപജ്ഞാതാക്കളിലൊരാളാണ് ദേസാർഗ്. 1591 മാർച്ച് 2-ന് ഫ്രാൻസിലെ ലിയോണിൽ ജനിച്ചു. 1620 മുതൽ 50 വരെ പാരിസിൽ ഗണിതാധ്യാപകനായിരുന്ന ദേസാർഗ് എൻജിനീയർ, വാസ്തുശില്പ വിദഗ്ദ്ധൻ, സാങ്കേതികോപദേഷ്ടാവ് എന്നീ നിലകളിലും പ്രശസ്തനാണ്.
പ്രക്ഷേപ ജ്യാമിതി, കോണിക പരിച്ഛേദങ്ങൾ
തിരുത്തുകപ്രക്ഷേപ ജ്യാമിതി, കോണിക പരിച്ഛേദങ്ങൾ എന്നീ മേഖലകളിലായിരുന്നു ദേസാർഗിന്റെ പഠനങ്ങളധികവും. ജ്യാമിതീയ രൂപങ്ങളുടെ സവിശേഷതകൾക്ക് പ്രക്ഷേപം മൂലം മാറ്റം സംഭവിക്കുന്നില്ല എന്ന് ഇദ്ദേഹം കണ്ടെത്തി (1639). പ്രക്ഷേപ ജ്യാമിതിയുടെ അടിസ്ഥാന തത്ത്വമാണിത്. പ്രക്ഷേപ ജ്യാമിതീയ ആശയങ്ങളായ ഹാർമോണിക അംശബന്ധം, അൻഹാർമോണിക അംശബന്ധം, അനന്തബിന്ദു തുടങ്ങിയവ ആദ്യമായി ആവിഷ്കരിച്ചതും ഇദ്ദേഹമാണ്. രണ്ട് ത്രികോണങ്ങളുടെ സംഗതശീർഷങ്ങൾ യോജിപ്പിക്കുന്ന രേഖകൾ ഒരു ബിന്ദുവിൽക്കൂടി കടന്നുപോവുകയാണെങ്കിൽ, ത്രികോണങ്ങളുടെ സംഗതവശങ്ങൾ കൂട്ടിമുട്ടുന്ന ബിന്ദുക്കൾ ഒരു രേഖയിൽത്തന്നെ സ്ഥിതിചെയ്യും എന്ന പ്രമേയം ദേസാർഗിന്റേതാണ്. ഈ പ്രമേയത്തിന്റെ വിപരീതഫലവും ഇദ്ദേഹം തെളിയിച്ചിട്ടുണ്ട്. കൂടാതെ, ഒരു കോണികത്തിനകത്ത് ഉൾ ക്കൊള്ളിക്കാവുന്ന ചതുർഭുജത്തിന്റെ പ്രത്യേകതകളെ സംബന്ധിച്ച പ്രമേയവും ദേസാർഗ് കണ്ടുപിടിച്ചു.
കൃതികൾ
തിരുത്തുക1639-ൽ പ്രസിദ്ധീകരിച്ച ട്രീറ്റീസ് ഓൺ കോണിക് സെക്ഷൻസ് ആണ് ദേസാർഗിന്റെ ഏറ്റവും പ്രശസ്തമായ കൃതി. ട്രീറ്റി ദി ലാ സെക്ഷൻ പെഴ്സ്പെക്റ്റീവ് (1636), ലാ കൂ ദെ പിയറെ എൽ ആർക്കിടെക്ചർ ലെസ്സൺസ് സുർ റ്റെനബ്റെസ് എന്നിവയാണ് മറ്റു കൃതികൾ. 1661-ൽ ലിയോണിൽ ഇദ്ദേഹം അന്തരിച്ചു.
അവലംബം
തിരുത്തുക- ↑ http://www.nct.anth.org.uk/ Archived 2014-10-24 at the Wayback Machine. Projective geometry is a beautiful subject which has some remarkable applications beyond those in standard textbooks.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- http://www.britannica.com/EBchecked/topic/158756/Girard-Desargues
- http://scienceworld.wolfram.com/biography/Desargues.html
- http://www-history.mcs.st-andrews.ac.uk/Biographies/Desargues.html
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ദേസാർഗ്, ഴെറാർ (1591 - 1661) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |