ലീപ് സെക്കന്റ്
ഭൂമി സ്വന്തം അച്യുതണ്ടിൽ ഒരു തവണ കറങ്ങുവാൻ (ഭ്രമണം) 24 മണിക്കൂറിനേക്കാൾ ഒരല്പം സമയം(സെക്കന്റിന്റെ 1 /2000 അംശം) കൂടുതൽ എടുക്കുന്നുണ്ട്.ഭ്രമണ വേഗതയിലുണ്ടാകുന്ന ഒരു ചെറിയ കുറവാണ് ഇതിനുകാരണം.ഇത്തരത്തിലുള്ള നേരിയ വ്യത്യാസങ്ങൾ കൂടിച്ചേർന്ന് ഒരു സെക്കന്റ് പൂർത്തിയാകുമ്പോൾ അഥവാ ഭൂമിക്ക് ഒരു ഭ്രമണം പൂർത്തിയാക്കുവാൻ 24 മണിക്കൂറിനേക്കാൾ ഒരു സെക്കന്റ് സമയം കൂടുതൽ എടുക്കുന്നുവെന്ന് സങ്കൽപ്പിച്ചാൽ ആ അധിക സെക്കന്റിനെ ലീപ് സെക്കന്റ്(Leap Second) അല്ലെങ്കിൽ അധിക നിമിഷം എന്നുപറയുന്നു.[1][2][3].ചില വർഷങ്ങളിൽ ജൂൺ 30-നോ ഡിസംബർ 31-നോ അർദ്ധരാത്രിയിൽ ഈ അധിക സെക്കന്റിനെ കൂട്ടിച്ചേർക്കാറുണ്ട്.(അധിവർഷം വരുമ്പോൾ ഫെബ്രുവരിയിൽ 29-ആം ദിവസം ചേർക്കുന്നതു പോലെ).ഭൂമിയുടെ ഭ്രമണത്തിനെടുക്കുന്ന യഥാർത്ഥ സമയത്തോടൊപ്പം പ്രവർത്തിക്കുന്നതിനായി അറ്റോമിക് ക്ലോക്കുകളിൽ ഒരു സെക്കന്റ് അധികമായി ചേർക്കുകയാണു ചെയ്യുന്നത്.
അന്താരാഷ്ട്രസമയക്രമം അനുസരിച്ച് സാധാരണ ഒരു ദിവസം എന്നത് 86,400 സെക്കന്റാണ്.എന്നാൽ ലീപ് സെക്കന്റ് ചേർക്കുന്ന ദിവസം 86,401 സെക്കന്റുകളുണ്ടാകും.[1] 1972-ലാണ് ആദ്യമായി ലീപ് സെക്കന്റ് ചേർത്തത്.[1] ഏറ്റവുമൊടുവിൽ 2016 ഡിസംബർ 30-നു ചേർത്തത് 27-ആമത്തെ ലീപ് സെക്കന്റായിരുന്നു [1].പാരീസിലെ ഇന്റർനാഷണൽ എർത്ത് റൊട്ടേഷൻ എന്ന സ്ഥാപനത്തിനാണ് ലീപ് സെക്കന്റ് ചേർക്കുന്നതിനുള്ള ചുമതലയുള്ളത്.[1] ലീപ് സെക്കന്റ് ചേർക്കുന്നത് കമ്പ്യൂട്ടറുകളുടെയും ഇന്റർനെറ്റിനെയും പ്രതികൂലമായി ബാധിക്കാറുണ്ട്. 2012-ൽ അധിക നിമിഷം ചേർത്തത് പല ഇന്റർനെറ്റ് സേവനങ്ങളെയും തകരാറിലാക്കിയിരുന്നു.[1][4]
വിശദീകരണം
തിരുത്തുകഭൂമിയുടെ ഭ്രമണവേഗത കുറയുന്നതാണ് ലീപ് സെക്കന്റുണ്ടാകാനുള്ള കാരണം.[1] എല്ലാ ദിവസവും ഭൂമിയുടെ ഭ്രമണ വേഗതയിൽ നേരിയ കുറവു സംഭവിക്കുന്നുണ്ട്.24 മണിക്കൂറിനേക്കാൾ ഏകദേശം 2 മില്ലിസെക്കന്റ് (ഒരു സെക്കന്റിന്റെ 2000-ൽ ഒരംശം) കൂടുതൽ സമയമെടുത്താണ് ഭൂമി ഒരു ഭ്രമണം പൂർത്തിയാക്കുന്നത് [1][2]. വളരെ കൃത്യതയാർന്ന സീസിയം അറ്റോമിക് ക്ലോക്കുകളിൽ ഈ വ്യത്യാസം അറിയുവാൻ സാധിക്കും [2]. അന്താരാഷ്ട്ര സമയക്രമം(UTC) പ്രകാരം ഒരു ദിവസം 86,400 സെക്കന്റ് ഉണ്ട് [2].എന്നാൽ യഥാർത്ഥത്തിൽ ഒരു ദിവസം 86400.02 സെക്കന്റുകളുണ്ട് [2] ഈ 2 മില്ലിസെക്കന്റ് ഇമചിമ്മുന്ന സമയത്തെക്കാൾ ചെറുതാണ് [2]. ഇങ്ങനെ എല്ലാ ദിവസവും സംഭവിക്കുന്നതിനാൽ ഏതാനും വർഷങ്ങൾ കൊണ്ട് വലിയൊരു സമയ വ്യത്യാസമുണ്ടാകുന്നു.അതുകൊണ്ടുതന്നെ ഭൂമിയുടെ ഭ്രമണത്തിനനുസരിച്ച് പ്രവർത്തിക്കുന്ന ഘടികാരങ്ങളിൽ സമയമാറ്റം വരുത്തേണ്ടതുണ്ട് [1][5].
കാരണങ്ങൾ
തിരുത്തുകലീപ് സെക്കന്റ് എന്ന പ്രതിഭാസത്തിനു കാരണം ഭൂമിയുടെ ഭ്രമണവേഗതയിലെ നേരിയ കുറവാണ് [1].കാലാവസ്ഥ,ശക്തമായ തിരമാലകൾ ഭൂമികുലുക്കം എന്നിവയെല്ലാം ഭൂമിയുടെ ഭ്രമണത്തെ സ്വാധീനിക്കുന്നുണ്ട്.[6]
മൂൺ ഡ്രാഗ്(Moon Drag) എന്ന പ്രതിഭാസവും ഭൂഭ്രമണത്തെ സ്വാധീനിക്കുന്നതായി പറയപ്പെടുന്നു [7]. ചന്ദ്രന്റെ ഗുരുത്വാകർഷണം സമുദ്രത്തിലെ തിരമാലകളെ സ്വാധീനിക്കാറുണ്ട്.ഈ ഗുരുത്വാകർഷണം മൂലം തിരമാലകൾ ഭൗമോപരിതലത്തിൽ നിന്നും മുകളിലേക്ക് അൽപ്പം ഉന്തി നിൽക്കാറുണ്ട്.ഭൂമി കറങ്ങുമ്പോൾ ഈ തിരമാലകൾക്ക് സ്ഥാനമാറ്റം സംഭവിക്കുന്നുണ്ടെങ്കിലും ജഡത്വം മൂലം ഇവ പിറകിലേക്ക് നീങ്ങുവാൻ ശ്രമിക്കുന്നു.തൽഫലമായി ജലത്തിനും തറയ്ക്കുമിടയിലായി ഘർഷണബലം ഉണ്ടാകുന്നു.ദശലക്ഷക്കണക്കിനു വർഷങ്ങളായി സംഭവിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ ഭൂമിയുടെ കറക്കത്തിന്റെ വേഗത കുറയ്ക്കുന്ന 'ബ്രേക്ക്' സംവിധാനമായി വർത്തിക്കുന്നു.ഈ പ്രതിഭാസമാണ് മൂൺ ഡ്രാഗ് എന്നറിയപ്പെടുന്നത് [7].
വർഷം | ജൂൺ 30 | ഡിസംബർ 31 |
---|---|---|
1972 | +1 | +1 |
1973 | 0 | +1 |
1974 | 0 | +1 |
1975 | 0 | +1 |
1976 | 0 | +1 |
1977 | 0 | +1 |
1978 | 0 | +1 |
1979 | 0 | +1 |
1980 | 0 | 0 |
1981 | +1 | 0 |
1982 | +1 | 0 |
1983 | +1 | 0 |
1984 | 0 | 0 |
1985 | +1 | 0 |
1986 | 0 | 0 |
1987 | 0 | +1 |
1988 | 0 | 0 |
1989 | 0 | +1 |
1990 | 0 | +1 |
1991 | 0 | 0 |
1992 | +1 | 0 |
1993 | +1 | 0 |
1994 | +1 | 0 |
1995 | 0 | +1 |
1996 | 0 | 0 |
1997 | +1 | 0 |
1998 | 0 | +1 |
1999 | 0 | 0 |
2000 | 0 | 0 |
2001 | 0 | 0 |
2002 | 0 | 0 |
2003 | 0 | 0 |
2004 | 0 | 0 |
2005 | 0 | +1 |
2006 | 0 | 0 |
2007 | 0 | 0 |
2008 | 0 | +1 |
2009 | 0 | 0 |
2010 | 0 | 0 |
2011 | 0 | 0 |
2012 | +1 | 0 |
2013 | 0 | 0 |
2014 | 0 | 0 |
2015 | +1 | 0 |
2016 | 0 | +1 |
2017 | 0 | 0 |
2018 | 0 | 0 |
2019 | 0 | 0 |
2020 | 0 | 0 |
2021 | 0 | |
വർഷം | ജൂൺ 30 | ഡിസംബർ 31 |
ആകെ | 11 | 16 |
27 |
അറ്റോമിക് ക്ലോക്കുകൾ
തിരുത്തുകഏറ്റവും കൃത്യമായി സമയം കാണിക്കുന്ന ഘടികാരങ്ങളാണ് അറ്റോമിക് ക്ലോക്കുകൾ.ഇവയിൽ തന്നെ സീസിയം ക്ലോക്കുകൾക്ക് കൃത്യത വളരെ കൂടുതലാണ് [2]. അന്താരാഷ്ട്രസമയക്രമം (UTC) പാലിക്കുന്നവയാണ് ഇത്തരം ക്ലോക്കുകൾ. അറ്റോമിക് ക്ലോക്കുകളിൽ രാത്രി 11:59:59 നു ശേഷം 0:00:00 എന്നായിരിക്കും കാണിക്കുക.ഇത് അർദ്ധരാത്രി 12 മണിയാണ്.അടുത്ത ദിവസത്തിൻറെ ആരംഭവുമാണ്.ലീപ് സെക്കന്റ് ചേർക്കുന്ന ദിവസം അറ്റോമിക് ക്ലോക്കുകളിൽ 11:59:59നു ശേഷം കാണിക്കുന്ന സമയം 11:59:60 എന്നായിരിക്കും.അതായത് ഇതുവരെയും അടുത്ത ദിവസം ആരംഭിച്ചിട്ടില്ല.തൊട്ടടുത്ത നിമിഷം 0:00:00 എന്നു കാണിക്കുകയും അടുത്ത ദിവസം ആരംഭിക്കുകയും ചെയ്യുന്നു [3].അതിനാൽ തന്നെ ലീപ് സെക്കന്റ് ചേർക്കുന്ന ദിവസത്തെ അവസാന മിനിറ്റിൽ 61 സെക്കന്റുകളുണ്ടായിരിക്കും.!! ഇത്തരത്തിൽ അറ്റോമിക് ക്ലോക്കുകളിൽ അധിക സെക്കന്റുകൾ ചേർക്കാനുള്ള ചുമതല പാരീസിലെ ഇന്റർനാഷണൽ എർത്ത് റൊട്ടേഷൻ എന്ന സ്ഥാപനത്തിലെ ഗവേഷകർക്കാണ് [1].
അധിക നിമിഷം ചേർക്കേണ്ടതിന്റെ ആവശ്യകത
തിരുത്തുകപ്രപഞ്ചത്തിലെ ഓരോ ചലനവും സമയത്തെ ആസ്പദമാക്കിയുള്ളതാണ്.ഭൂമിയിലെ കാലാവസ്ഥയ്ക്കും ഋതുഭേദങ്ങൾക്കുമനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തുവാൻ മനുഷ്യരെ പ്രാപ്തരാക്കുന്ന അളവുകോലാണ് സമയം.അതുകൊണ്ടു തന്നെ സമയമെന്നത് ഏറ്റവും കൃത്യമായിരിക്കേണ്ടത് അത്യാവശ്യമാണ്.ഭൂമിയുടെ ഭ്രമണത്തിനു തുല്യമായി ചിട്ടപ്പെടുത്തിയിരിക്കുന്ന ഒരു മാനകമാണ്(Unit) സമയം.അതിനാൽ ഭൂഭ്രമണത്തിലെ നേരിയ വ്യത്യാസം പോലും സമയത്തിൽ പ്രതിഫലിക്കും.എല്ലാ ദിവസവും ഭൂഭ്രമണവേഗതയ്ക്കു കുറവു സംഭവിക്കുന്നുണ്ട്.ഈ വ്യത്യാസത്തിനനുസരിച്ച് ഘടികാരങ്ങളിൽ സമയമാറ്റം വരുത്തേണ്ടതുണ്ട്.
സാധാരണയായി പകൽ 12 മണി സമയത്തെയാണ് നട്ടുച്ചയായി(Noon) കണക്കാക്കുന്നത്.സൂര്യൻ ആകാശത്ത് ഏറ്റവും ഉയർന്ന ബിന്ദുവിൽ വരുന്ന സമയം [4].ഈ സങ്കൽപ്പത്തിലാണ് ഗ്രീനിച്ച് സമയത്തെ ലോകത്തിൻറെ അടിസ്ഥാന സമയമായി കണക്കാക്കുന്നത്.ഗ്രീനിച്ച് സമയം 12 മണിയായി സങ്കൽപ്പിച്ചാണ് മറ്റു രാജ്യങ്ങളിലെ സമയവ്യത്യാസം നിർണയിക്കുന്നത്. ഭൂമിയുടെ വൈകിയുള്ള ഭ്രമണത്തെ സന്തുലനം ചെയ്തു ലീപ് സെക്കന്റ് കൂട്ടിച്ചേർത്തില്ലെങ്കിൽ ഘടികാരങ്ങൾ ഭൂമിയെക്കാൾ വേഗത്തിൽ ഓടിക്കൊണ്ടിരിക്കും.അങ്ങനെയായാൽ ഏകദേശം 800 വർഷങ്ങൾ കഴിയുമ്പോൾ നട്ടുച്ചസമയത്ത് ഘടികാരങ്ങളിൽ കാണിക്കുന്നത് 1 മണി എന്നായിരിക്കും [7].ഗ്രീനിച്ച് സമയത്തിന്റെ അടിസ്ഥാനം തന്നെ മാറുകയും സമയമെന്ന സങ്കല്പം തന്നെ തെറ്റുകയും ചെയ്യുന്നു . സമയം തെറ്റിയാൽ സമയബന്ധിതമായ തിയറികളും തെറ്റുന്നു. അതിനാൽ സമയക്രമത്തിലുണ്ടാകുന്ന നേരിയ വ്യത്യാസങ്ങൾ പോലും പ്രാധാന്യമർഹിക്കുന്നവയാണ്.
പ്രശ്നങ്ങൾ
തിരുത്തുകലീപ് സെക്കന്റ് ചേർക്കുന്നത് കമ്പ്യൂട്ടറുകൾ പോലുള്ള ഉപകരണങ്ങളെ പ്രതികൂലമായി ബാധിക്കാറുണ്ട് [1].ഒരു സെക്കന്റ് അധികമായി ചേർക്കുന്നത് കമ്പ്യൂട്ടറുകളെ ആശയക്കുഴപ്പത്തിലാക്കുന്നു.അതു പരിഹരിക്കുവാൻ അവ ശ്രമിക്കുകയും പ്രവർത്തനം തകരാറിലാവുകയും ചെയ്യുന്നു [1].കമ്പ്യൂട്ടറുകൾ തകരാറിലാകുന്നത് ഇന്റർനെറ്റിനെയും ദോഷകരമായി ബാധിക്കും.കൃത്യസമയത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന എല്ലാ സംവിധാനങ്ങളും നിശ്ചലമാകുവാൻ ലീപ് സെക്കന്റിന്റെ കൂട്ടിച്ചേർക്കലുകൾ നിമിത്തമാകുന്നു [4]. 2012-ൽ ലീപ് സെക്കന്റ് ചേർത്തത് ഇന്റർനെറ്റിൽ പ്രശ്നങ്ങളുണ്ടാക്കിയിരുന്നു.മോസില്ല, ലിങ്ക്ഡിൻ, യെൽപ്പ് തുടങ്ങീ ഒട്ടെറെ ഇന്റർനെറ്റ് സേവനങ്ങൾ നിശ്ചലമായിരുന്നു [1]. ഓസ്ട്രേലിയൻ എയർലൈൻസായ ക്വാണ്ടാസിന്റെ (Qantas) കമ്പ്യൂട്ടറുകൾ തകരാറിലായത് വ്യോമഗതാഗതത്തെ നിശ്ചലമാക്കിയിരുന്നു.[3]ഇത്തരം പ്രശ്നങ്ങൾ പൂർണ്ണമായും ഒഴിവാക്കുവാൻ കഴിഞ്ഞിട്ടില്ല. കമ്പ്യൂട്ടറുകളിലും സോഫ്റ്റ്വെയറുകളിലും ലീപ് സെക്കന്റ് പ്രോഗ്രാം ചെയ്തുവയ്ക്കുവാൻ കഴിയില്ല.അതു കാലക്രമേണ കൂട്ടിച്ചേർക്കുവാൻ മാത്രമേ കഴിയൂ.[4]
ലീപ് സ്മിയർ
തിരുത്തുകലീപ് സെക്കന്റ് കൂട്ടിച്ചേർക്കുന്നത് ഇന്റർനെറ്റ് സംവിധാനങ്ങളെ ബാധിക്കാതിരിക്കുവാൻ ഗൂഗിൾ ഏർപ്പെടുത്തിയ ഒരു സംവിധാനമാണ് ലീപ് സ്മിയർ.സിസ്റ്റം ക്ലോക്കുകളിലേക്ക് മില്ലിസെക്കന്റുകൾ ഘട്ടം ഘട്ടമായി ചേർക്കുന്നതാണീ സംവിധാനം.ലീപ് സെക്കന്റ് ചേർക്കുന്നതിനെ ഉൾക്കൊള്ളുവാൻ കമ്പ്യൂട്ടറുകളെ സജ്ജമാക്കുവാൻ ഈ സംവിധാനത്തിലൂടെ കഴിയുന്നു.
അവലംബം
തിരുത്തുക- ↑ 1.00 1.01 1.02 1.03 1.04 1.05 1.06 1.07 1.08 1.09 1.10 1.11 1.12 1.13 'ഇന്ന് ഘടികാരങ്ങൾ നിലയ്ക്കും;ഒരു സെക്കന്റ്', മാതൃഭൂമി,കൊല്ലം, 2015-06-30,പേജ്-5
- ↑ 2.0 2.1 2.2 2.3 2.4 2.5 2.6 'Live a second longer today', The Hindu, Trivandrum, 2015-06-30,പേജ്-7
- ↑ 3.0 3.1 3.2 "'ഇന്ന് 24 മണിക്കൂറല്ല ഒരു സെക്കന്റ് അധികം', ഏഷ്യാനെറ്റ് ന്യൂസ്,2015-06-30,ശേഖരിച്ചത് 2015-07-19". Archived from the original on 2016-03-05. Retrieved 2015-07-21.
- ↑ 4.0 4.1 4.2 4.3 "Leap second added for the first time in three years". BBC. 2015-06-30. Archived from the original on 2015-06-30. Retrieved 2015-07-19.
- ↑ 'ജൂൺ 30ൽ 24 മണിക്കൂറിനേക്കാൾ ഒരു സെക്കന്റ് അധികം ലഭിക്കുമെന്ന് നാസ, മംഗളം,ശേഖരിച്ചത് 2015-07-19
- ↑ "'ഇന്ന് ദിവസം അവസാനിക്കുന്നത് ഒരു സെക്കന്റ് വൈകി', അന്വേഷണം, 2015-06-30, ശേഖരിച്ചത് 2015-07-19". Archived from the original on 2015-07-05. Retrieved 2015-07-21.
- ↑ 7.0 7.1 7.2 "Leap Second to pause clocks at midnight as entire planet gains a second". The guardian. 2015-06-30. Archived from the original on 2015-06-30. Retrieved 2015-07-19.