അന്ത്യതിരുവത്താഴം (ലിയനാർഡോ ഡാ വിഞ്ചി)

(ലാസ്റ്റ് സപ്പർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ക്രിസ്തുവിന്റെ അവസാന അത്താഴത്തെ പ്രമേയമാക്കി രചിക്കപ്പെട്ട ചിത്രമാണ് അന്ത്യതിരുവത്താഴം(The Last Supper). ലിയൊനാർഡോ ഡാവിഞ്ചി (1452-1519) ഡൊമിനിക്കൻ സന്ന്യാസി സമൂഹത്തിനുവേണ്ടി ഇറ്റലിയിലെ മിലാൻ നഗരത്തിൽ സാന്താമാറിയാ ഡെൽഗ്രാസിയിൽ രചിച്ച ചുവർ ചിത്രമാണിത്. ഞാൻ സത്യമായി നിങ്ങളോടു പറയുന്നു, നിങ്ങളിൽ ഒരുവൻ എന്നെ ഒറ്റിക്കൊടുക്കും എന്നു ക്രിസ്തു പ്രഖ്യാപിക്കുന്ന സന്ദർഭമാണ് ഇതിൽ ചിത്രീകരിച്ചിരിക്കുന്നത്. ആഹാരത്തിലേക്കു നീട്ടിയ കൈ അപരാധബോധം കൊണ്ടെന്നപോലെ പിൻവലിക്കുന്ന യൂദായുടെ ഇരുണ്ട രൂപം ക്രിസ്തുവിന്റെ വലതുഭാഗത്ത് മൂന്നാമതായി കാണാം. യൂദായുടെ പിന്നിൽ ക്രിസ്തുവിന്റെ തൊട്ടു വലതുവശത്തിരിക്കുന്ന യോഹന്നാനുമായി സംസാരിക്കുന്ന പത്രോസും ഇടതുവശത്ത് എഴുന്നേറ്റുനിന്ന് നെഞ്ചിൽ കൈവച്ചുകൊണ്ട് കർത്താവേ, അതു ഞാനല്ല എന്നു നീ അറിയുന്നുവല്ലോ എന്നു പ്രസ്താവിക്കുന്ന ഭാവത്തോടുകൂടിയ ഫിലിപ്പും ചിത്രത്തിലുണ്ട്. യൂദാ ഒഴികെയുള്ള മറ്റു ശിഷ്യന്മാർ ഉത്കണ്ഠാപൂർവം ക്രിസ്തുവിന്റെ പ്രഖ്യാപനം ചർച്ച ചെയ്യുന്നു. തീൻമേശയുടെ മധ്യത്തിലിരിക്കുന്ന ക്രിസ്തുവിന്റെ പുറകിലുള്ള തുറസ്സായ ഭാഗത്തുനിന്നുവരുന്ന വെളിച്ചം ക്രിസ്തുവിനു ചുറ്റും ഒരു പ്രഭാവലയം സൃഷ്ടിക്കുന്നു. മേശയുടെ ഒരു വശത്തു മാത്രമായിട്ടാണ് ആളുകൾ നിരന്നിരിക്കുന്നത്. എല്ലാവരേയും ഒരേ നിരയിൽ കേന്ദ്രീകരിച്ച് അവരുടെ ഭിന്നങ്ങളായ മാനസികാവസ്ഥകളും സ്വഭാവ വൈചിത്ര്യങ്ങളും ഓരോ ശിഷ്യനും ഗുരുവിനോടുള്ള ബന്ധത്തിന്റെ സവിശേഷതകളും ഒരേ സമയം ധ്വനിപ്പിക്കുക കൂടിയാണ് ഡാവിഞ്ചി ചെയ്തിരിക്കുന്നത്. ക്രിസ്തുവിന്റെ മുഖത്തു നിഴലിടുന്ന വിധേയത്വഭാവം ദൈവഹിതത്തിന് താൻ സ്വയം സമർപ്പിക്കുന്നു എന്ന പ്രതീതി വളർത്തുന്നു. അപ്പത്തെ സ്വന്തം ശരീരമായും വീഞ്ഞിനെ രക്തമായും വിഭാവനം ചെയ്യുന്ന തിരുവത്താഴത്തിന്റെ സന്ദേശവും ചിത്രത്തിൽ നിഴലിടുന്നു. മനുഷ്യന്റെ ആത്മാവിലെ ഉദ്ദേശ്യങ്ങളെ അംഗവിക്ഷേപാദികളിലൂടെ ചിത്രീകരിക്കുകയാണ് ചിത്രകലയുടെ പരമോന്നതവും ഏറ്റവും ക്ലേശകരവുമായ ധർമം എന്ന സ്വന്തം സിദ്ധാന്തത്തെ ഡാവിഞ്ചി ഈ ചിത്രത്തിലൂടെ ഉദാഹരിക്കുന്നു.

The Last Supper
Il Cenacolo
Artistലിയനാർഡോ ഡാ വിഞ്ചി Edit this on Wikidata
Year1490s (Julian)
Mediumടെമ്പറ, gesso
MovementHigh Renaissance Edit this on Wikidata
Dimensions700 സെ.മീ (280 ഇഞ്ച്) × 880 സെ.മീ (350 ഇഞ്ച്)
LocationConvent of Santa Maria delle Grazie in Milan
Coordinates45°28′00″N 9°10′15″E / 45.466666666667°N 9.1708333333333°E / 45.466666666667; 9.1708333333333
Websitecenacolovinciano.org
അന്ത്യതിരുവത്താഴം ലിയൊനാർഡോ ഡാവിഞ്ചി രചിച്ച ചിത്രം

റിക്കാർഡോ മഗ്നാനി നടത്തിയ വിശ്ലേഷണം റെസെഗോണെ തളിരുകൾക്കുള്ള ഫോർമുകളും കോമോ തടാകത്തിൽ ലെക്കോയിൽ ഉള്ളതും ലിയോണാർഡോ ഡാ വിൻചിയോടുള്ള ചിത്രങ്ങളിലെ കഥികളുമായി സംഘടിപ്പിക്കുന്നു.

റിക്കാർഡോ മഗ്നാനിയുടെ വിശ്ലേഷണം റെസെഗോണെ ലിയോണാർഡോയുടെ അവതരണംകൾക്കും അവസാനവിയാദി കവിതകൾക്കും തടസ്സമാണെന്ന് സൂചിപ്പിക്കുന്നു.

ചിത്രരചന

തിരുത്തുക

1493-ൽ മിലാൻ ഡ്യൂക്കായ ലുഡോവിക്കോ സ്ഫോർസായുടെ ക്ഷണപ്രകാരം മിലാനിൽ താമസിക്കുമ്പോഴാണ് ഡാവിഞ്ചി ഈ ചിത്രം രചിച്ചത്. 1495-ൽ തുടങ്ങിയ പ്രസ്തുത ചിത്രം 1498-ൽ പൂർണമാക്കി. ചിത്രരചന വൈകുന്നതിൽ അക്ഷമനായ പ്രധാന പുരോഹിതൻ ഡ്യൂക്കിനോടു പരാതിപ്പെട്ടുവെന്നും യൂദായുടെ ശിരസ്സിനുപോന്ന ഒരു മാതൃക കണ്ടെത്തുവാൻ തനിക്കു കഴിയാതെപോയതാണ് താമസത്തിനു കാരണമെന്ന് ഡാവിഞ്ചി സമാധാനം നല്കിയെന്നും പുരോഹിതൻ അത്രയേറെ അക്ഷമനാണെങ്കിൽ അദ്ദേഹത്തിന്റെ (പുരോഹിതന്റെ) ശിരസ്സു തന്നെ വരച്ചു ചേർത്തേക്കാമെന്ന് കലാകാരൻ തുടർന്നു പ്രസ്താവിച്ചു എന്നും ഒരു കഥയുണ്ട്. ചിത്രം ഡാവിഞ്ചിയുടെ കാലത്തുതന്നെ മങ്ങിത്തുടങ്ങി. പരീക്ഷണ തത്പരനായ കലാകാരൻ ചുവർചിത്ര ചായങ്ങൾക്കു പകരം എണ്ണച്ചായ മിശ്രിതങ്ങൾ ഉപയോഗിച്ചതാണ് കാരണം. പലരും അതു പുനരുദ്ധരിക്കുവാൻ ശ്രമിച്ചുവെങ്കിലും അപ്പോഴേക്കും അത് തീരെ മങ്ങിപ്പോയിരുന്നു.

മറ്റുചിത്രകാരന്മാർ

തിരുത്തുക

അവസാന അത്താഴത്തെ ആസ്പദമാക്കി ഡാവിഞ്ചിക്കു മുൻപ് കാസ്താഞ്ഞോ എന്ന ഫ്ലോറൻസ് ചിത്രകാര(1423-57)നും പിന്നീട് വെനീസിലെ ടിന്റോറെറ്റോ(1518-94)യും ജർമൻ എക്സ്പ്രഷനിസ്റ്റ് ചിത്രകാരനായ എവിൽ നോർഡെ(1867-1956)യും രചിച്ച ചിത്രങ്ങൾ പ്രസിദ്ധങ്ങളാണ്. കാസ്താഞ്ഞോയുടെ ചിത്രത്തിൽ യൂദാ മാത്രം ഒറ്റപ്പെട്ടവനെപ്പോലെ ക്രിസ്തുവിന് എതിരായി ഇരിക്കുന്നു. മധ്യകാല കലയിൽ യൂദായെ വേർതിരിച്ചിരുത്തുക പതിവാണ്. ടിന്റോറെറ്റോയുടെ ചിത്രത്തിൽ ക്രിസ്തുവിന്റെ ശിരസ്സിനു ചുറ്റും ഒരു പ്രഭാവലയുമുണ്ട്. നോൽഡെയുടെ ചിത്രം അനലംകൃതവും ഭാവപ്രകാശനസമർഥവും തെല്ലുപ്രാകൃതവുമാണ്.

പുറംകണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്ത്യതിരുവത്താഴം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.