റോമൻ റിപ്പബ്ലിക്ക്

(റോമൻ റിപ്പബ്ലിക് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റെസ് പുബ്ലിക്കാ റൊമാനാ
റോമൻ റിപ്പബ്ലിക്ക്
ദേശിയ ആപ്തവാക്യം:
സെനാതുസ് പോപ്പുലെസ്ക് റൊമാനുസ്
(ലത്തീനിൽ: The Senate and the Roman People)
ഔദ്യോഗിക ഭാഷ ലത്തീൻ
തലസ്ഥാനം റോം
രാഷ്ടങ്ങളുടെ പട്ടിക റിപ്പബ്ലിക്ക്
രാഷ്ടത്തലവൻ രണ്ട് കോൺസുളുകൾ, അടിയന്തര അവസ്ഥകളിൽ രാജാവ്
'ഉപദേശക സമിതി റോമൻ സെനറ്റ്
നിയമനിർമ്മാണം റോമൻ നിയമ നിർമ്മാണ സഭ
സ്ഥാപിത വർഷം ക്രി.മു. 510
ഇല്ലാതായത് ക്രി.മു. 27 ജനുവരി16, മന്ദഗതിയിലുള്ള രാഷ്ട്രീയ ലയനം റോമാ സാമ്രാജ്യത്തിലേയ്ക്ക്
ആദ്യത്തെ കോൺസുൾമാർ ലൂസിയുസ് ജൂനിയുസ് ബ്രൂട്ടുസ്, ലൂസിയുസ് താർക്കീനിയുസ് കൊള്ളാത്തിനുസ് (ക്രി.മു. 509-ക്രി.മു. 508)
അവസാനത്തെ കോൺസുൾമാർ വ്യക്താമായറിയില്ല
മുൻപത്തെ അവസ്ഥ റോമൻ രാജ്യം
പിന്നീടുള്ള അവസ്ഥ റോമാ സാമ്രാജ്യം
ഇതും കാണുക
തിരുത്തുക

പുരാതന റോമൻ സംസ്കാരത്തിലെ ഒരു പ്രത്യേകഘട്ടത്തിലെ ഭരണ കാലമാണ് റോമൻ റിപ്പബ്ലിക്ക് (Roman Republic). റോമുലുസിന്റേയും പിൻ‌ഗാമികളുടേയും എട്രൂസ്കൻ രാജാക്കന്മാരായിരുന്ന ടാർക്വിൻ രാജാക്കന്മാരുടേയും ഏകാധിപത്യത്തിന്റെ അവസാനത്തോടെ (ക്രി.മു. 509)‍ഒരു ചെറിയ രാജ്യം മാത്രമായിരുന്ന റോം അയൽ പ്രദേശങ്ങൾ കീഴടക്കി അതിന്റെ വിസ്തൃതി വർദ്ധിപ്പിക്കുകയും ഇക്കാലമത്രയും ഗണതന്ത്ര വ്യവസ്ഥ പിന്തുടരുകയും പിന്നീട് നിരവധി അഭ്യന്തര ലഹളകളിലൂടെയും ഏകാധിപതികളായ നേതാക്കളുടെ കൈകളിലൂടെ റോമാ സാമ്രാജ്യം ആയിത്തീരുകയും (ക്രി.മു. 27) ചെയ്യുന്നതുവരെയുള്ള കാലഘട്ടത്തെയാണ് റിപ്പബ്ലിക്ക് എന്ന് പറഞ്ഞുവരുന്നത്.

പൂർവ്വ ചരിത്രം

തിരുത്തുക
 
അലക്സാണ്ഡറുടെ സാമ്രാജ്യം ഒരു താരതമ്യത്തിനായി

ലോകത്തിലുണ്ടായിട്ടുള്ള ഏറ്റവും സമർത്ഥനും ധീരനുമായ യുദ്ധവീരന്മാരിലൊരാളായ മഹാനായ അലക്സാണ്ടർ ആണ് ക്രി.മു. നാലാം നൂറ്റാണ്ടിൽ മാസിഡോണിയ ഭരിച്ചിരുന്നത്. അദ്ദേഹത്തിന്റെ മരണശേഷം (ക്രി.മു.320) അദ്ദേഹത്തിന്റെ സേനാനായകന്മാരും പ്രഭുക്കന്മാരും രാജ്യം പങ്കുവക്കാൻ തുടങ്ങി. ഇത് ക്രി.മു.30 വരെ തുടർന്നു. ഈ കാലഘട്ടം ഹെല്ലനിക് സംസ്കാരം (ഹെല്ലനിക് യുഗം) എന്നറിയപ്പെട്ടു. സാംസ്കാരികവും സാമ്പത്തികവുമായി മാനവരാശിക്ക് നിസ്തുലമായ വളരെയധികം സംഭാവനകൾ നൽകിയിട്ടുള്ള നിരവധി തത്ത്വചിന്തകരും ചരിത്രകാരന്മാരും ശാസ്ത്രജ്ഞരും ഗവേഷകരും ഇക്കാലത്ത് ജീവിച്ചിരുന്നു.[1] എന്നാൽ ഹെല്ലനിക് സംസ്കാരം ശക്തി ക്ഷയിച്ചു തുടങ്ങുന്നതിനു മുൻപേ തന്നെ മറ്റൊരു ശക്തി യൂറോപ്പിലുദിച്ചിരുന്നു. ഇറ്റലിയിലെ നദിയായ ടൈബർ തീരത്ത് വളർന്നു വന്ന റോം നഗരമായിരുന്നു അത്. ആദ്യകാലങ്ങളിൽ ഗ്രീക്ക് നഗരരാഷ്ട്രങ്ങളെപ്പോലെയായിരുന്നു റോമും. ഏതാനും നൂറ്റാണ്ടുകൾ കൊണ്ട് അവർ പ്രബലരാവുകയും ഒരു വലിയ സാമ്രാജ്യം രൂപം കൊള്ളുകയും ചെയ്തു. [2]

റോമാ നഗരത്തിന്റെ ആദിമചരിത്രം ഇന്നും അജ്ഞാതമാണ്. പ്രാചീന ശിലായുഗത്തിന്റെ അന്ത്യത്തിൽ ഫ്രാൻസിലെ ക്രോമാഗ്നൻ വർഗക്കാരോട് അടുത്ത ബന്ധമുള്ള ഒരു ജനത ഇറ്റലി കേന്ദ്രമാക്കി ജീവിച്ചിരുന്നതായി തെളിവുകളുണ്ട്. നവീന ശിലായുഗത്തിൽ മെഡിറ്ററേനിയൻ വർഗ്ഗക്കാർ ആഫ്രിക്കയിൽ നിന്നും സ്പെയിൻ, ഗ്വാൾ എന്നിവിടങ്ങളിൽ നിന്നും ഇവിടേയ്ക്ക് കുടിയേറിപ്പാർത്തു തുടങ്ങി. വെങ്കല യുഗത്തിന്റെ ആരംഭത്തിൽ തന്നെ ഹെല്ലൻ വർഗത്തിനോട് സാദൃശ്യമുള്ള ഇൻഡോ-യൂറോപ്യന്മാർ കുടിയേറി. ഇവരിൽ പ്രധാന ഗോത്രക്കാരായ ലത്തീൻകാർ ടൈബർ നദിയുടെ തീരത്ത് താമസമാക്കി. അവർ അധിവസിച്ച പ്രദേശത്തിന് ലാറ്റിയം എന്നു പേര് വന്നു. ലാറ്റിയത്തിലെ ഏറ്റവും പ്രധാന നഗരമായിരുന്നു റോമാ നഗരം ഇത് സ്ഥാപിച്ചത് ഇരട്ട സഹോദര‍ന്മാരായ റോമുസ് റോമുലുസ് എന്നിവരാണ്. ചെറുപ്പത്തിലെ അമ്മ നഷ്ടപ്പെട്ട അവരെ കാട്ടിലെ ഒരു ചെന്നായ ആണ് വളർത്തിയത് എന്ന് ഐതിഹ്യം. റോം പല യുദ്ധങ്ങലിലൂടെ മറ്റു രാജ്യങ്ങളെ അധീനത്തിലാക്കിക്കൊണ്ട് മധ്യധരണ്യാഴിയുടെ തീരം വരെയുള്ള പ്രദേശങ്ങൾ കൂട്ടിച്ചേർത്തു.

 
‌റോമുസും റോമുലുസും ചെന്നായുടെ പാല് ‍കുടിക്കുന്ന ശില്പം റോമാ നഗരത്തിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്ന സ്മാരകം

ലത്തീൻ‍കാരെക്കൂടാതെ, എട്രൂസ്കന്മാർ എന്ന മറ്റൊരു ജനവിഭാഗവും ഇവിടെ പ്രബലമായിരുന്നു. ഇവർ ക്രി.മു. പത്താം ശതകത്തിൽ ടൈബർ നദിയുടെ വടക്കു ഭാഗത്ത് കുടിയേറിപ്പാർത്തു. തെക്കു ഭാഗത്തായാണ് റോമാ നഗരം. എട്രൂസ്കരുടെ നഗരം എട്രൂറിയ എന്നും അറിയപ്പെട്ടു. ക്രി.മു. ഏഴാം നൂറ്റാണ്ടിൽ ലത്തീൻ‍കാരെ തോല്പിച്ച് ഇവർ റോം ഭരിച്ചുവെങ്കിലും അത്യന്തികമായി റോമാക്കാർ ഇവരെ തോല്പിച്ച് തങ്ങളുടെ ആധിപത്യം പുന:സ്ഥാപിച്ചു. എന്നാൽ എട്രൂസ്കന്മാർ റോം ഭരിച്ച ചെറിയ കാലങ്ങളിൽ നിന്ന് ലത്തീൻ‍കാർ പലതും പഠിച്ചു. പൗരാണിക പൗരസ്ത്യ സംസ്കാരങ്ങളേയും റോമിനേയും തമ്മിൽ കൂട്ടിയിണക്കിയ കണ്ണി എട്രൂസ്കന്മാർ ആയിരുന്നു. ക്രി.മു. നാലാം നൂറ്റാണ്ടിൽ ഗ്വാൾ(ഇന്നത്തെ സ്പെയിൻ) വംശക്കാർ റോമാ നഗരം ആക്രമിച്ചെങ്കിലും പരാജയപ്പെട്ടു പിന്മാറി. അതിനുശേഷമാണ് റോമാനഗരത്തിന്റെ നേതൃത്വത്തിൽ വിപുലമായ രാജ്യവിസ്തൃതി ഉണ്ടായത്.

റിപ്പബ്ലിക്കിന്റെ ഉത്ഭവം

തിരുത്തുക
 
റോമും എട്രുസ്കയും ഇടയ്ക്ക് ടൈബർ നദിയും കാണാം

ബി.സി. എഴാം നൂറ്റാണ്ടിൽ എട്രൂസ്കന്മാർ റോമിനെ ആക്രമിച്ച് കുറേക്കാലം സ്വന്തമാക്കി ഭരിച്ചു വന്നു. അവരുടേത് രാജഭരണം ആയിരുന്നു. നാട്ടുകാരായ റോമാക്കാർ വൈദേശികാധിപത്യം വെറുത്തിരുന്നു; എങ്കിലും എട്രൂസ്കന്മാർ റോമിനെ പുരോഗതിയിലേയ്ക്ക് നയിക്കുകയാണ് ഉണ്ടായത്. എന്നാൽ നാട്ടുകാരുടെ വിദ്വേഷം താമസിയാതെ ലഹളയിൽ കലാശിക്കുകയും വിപ്ലവം ജയിച്ച് എട്രൂസ്കന്മാർ പിൻ‍വാങ്ങുകയും ചെയ്തു. അങ്ങനെ ക്രി.പി.510-ഓടെ രാജഭരണം അവസാനിക്കുകയും നാട്ടുകാരുടെ റിപ്പബ്ലിക് ഭരണം ആരംഭിക്കുകയും ചെയ്തു.

എന്നാൽ ലിവിയുടെ അഭിപ്രായപ്രകാരം റോമാ രാജ്യത്തിന്റെ അവസാനവും റിപ്പബ്ലിക്കിന്റെ ഉദയവും ലുക്രേത്തിയ എന്ന സാധാരണ സ്ത്രീയുടെ മരണത്തോടെയാണ്. അദ്ദേഹത്തിന്റെ അഭിപ്രയത്തിൽ, അവസാന റോമൻ രാജാവായിരുന്ന ലൂസിയുസ് താർക്കീനിയുസ് സൂപെർബുസിന് സെക്സ്തുസ് താർക്കിനിയുസ് എന്നൊരു ക്രോധാത്മാവായ മകനുണ്ടായിരുന്നു. അയാൾ ലുക്രേത്തിയ എന്ന ഉന്നതകുലജാതയായ സ്ത്രീയെ ബലാത്സംഗം ചെയ്തു. ലുക്രേത്തിയ തന്റെ ബന്ധുക്കളെ ഇതിന് പകരം ചോദിക്കാനായി നിർബന്ധിക്കുകയും ആത്മഹത്യ ചെയ്യുകയും ചെയ്തു. ലൂസിയുസ് ജൂനിയുസ് ബ്രൂട്ടുസ് ജനങ്ങളെ രാജാവിനെതിരായി അണിനിരത്തി. അവളുടെ മൃതശരീരം പ്രദർശിപ്പിച്ചുകോണ്ട് ജാഥ നടത്തി. പിന്നീടുണ്ടായ സംഭവങ്ങളിൽ താർക്കീനുകൾ രാജ്യം വിട്ടോടുകയും എ‍ട്രൂറിയയിൽ അഭയം പ്രാപിക്കുകയും ചെയ്തു. അതിനു ശേഷം ആണ് റോമൻ റിപ്പബ്ലിക്ക് എന്ന ആശയം ഉടലെടുത്തത്. പ്രതികാരം ചോദിച്ചവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന ലുക്രേത്തിയയുടെ ഭർത്താവ് ലൂസിയസ് താർക്കീനിയുസ് കൊള്ളാത്തീനുസ് എന്നയാൾ പിന്നീട് റൊമാ റിപ്പബ്ലിക്കിന്റെ ആദ്യത്തെ കോൻസുൾമാരിൽ ഒരാളായിരുന്നു. ലൂസിയുസ് ജൂനിയുസ് ബ്രൂട്ടുസ് ആയിരുന്നു മറ്റൊരു കോൺസുൾ. [3]

ഭരണരീതി

തിരുത്തുക

ഈ രാഷ്ട്രീയ സം‌വിധാനത്തിന്റെ അടിസ്ഥാന ഘടകം അല്ലെങ്കിൽ അംശം (യൂണിറ്റ്) കുടുംബം ആയിരുന്നു. റോമിലെ മൊത്തം കുടുംബങ്ങളുടെയും കാരണവരാവാൻ യോഗ്യതയുള്ള ആൾ രാജാവായിരുന്നു എന്നു മാത്രം. എല്ലാ കുടുംബത്തിനും ഉണ്ടായിരുന്ന ‘കാരണവർ’ പോലെ മാത്രമായിരുന്നു അത്. ഏതാനും കുടുംബങ്ങളുടെ സമൂഹത്തെ ‘ജെൻസ്’ എന്നാണ് വിളിച്ചിരുന്നത്.(ഉദാ: ജെൻസ് ജൂലിയ- ജൂലിയസ് സീസറിന്റെ വംശം) ഒരോ ജെൻസിനും ഒരോ തലവന്മാർ ഉണ്ടായിരുന്നു. ഇങ്ങനെയുള്ള തലവന്മാരുടെ അല്ലെങ്കിൽ കാരണവന്മാരുടെ സഭയാണ് ‘സെനറ്റ്’. ഇതു കൂടാതെ സാധാരണ ജനങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു സഭയും ഉണ്ടായിരുന്നു. ‘കൊമ്മീസിയാ കൂറിയാറ്റ’ എന്നായിരുന്നു അതിന്റെ പേർ. ഈ രണ്ടു സഭകളോടും കൂടിയാലോചിച്ചാണ് രാജാവ് ഭരണം നടത്തിയിരുന്നത്. എല്ലാ അധികാരങ്ങളും അദ്ദേഹത്തിനായിരുന്നു. പ്രധാന ന്യായാധിപനും സർവ്വ സൈന്യാധിപനും അദ്ദേഹം തന്നെ. എന്നാൽ ഒരിക്കലും ഒരു സ്വേച്ഛാധിപതിയേപ്പോലെയായിരുന്നില്ല മറിച്ച് ഒരു വീട്ടിലെ തലമുതിർന്ന കാരണവരെപ്പോലെയായിരുന്നു അദ്ദേഹം ഭരണം നടത്തിയിരുന്നത്.

 
റോമാ നഗരം ചിത്രകാരന്റെ ഭാവനയിൽ 1889-ല് വരച്ചത്.

റോമാക്കാർ സമീപ ശക്തികളുമായി നിരന്തരം യുദ്ധത്തിൽ ഏർപ്പെട്ടിരുന്നതിനാൽ ജനങ്ങൾ യോദ്ധാക്കൾ ആയാണ് വളർന്നു വന്നത്. ശത്രുക്കളുടെ മധ്യത്തിൽ ജീവിച്ചു വന്നതിനാൽ ജീവൻ നിലനിർത്താൻ ഇത് കൂടിയേ തീരുമായിരുന്നുള്ളൂ. റോമിലെ പട്ടാളക്കാർ ഇക്കാരണത്താൽ തന്നെ വളരെ സഹനശക്തിയുള്ളവരായിരുന്നു. റോമിലെ ജനങ്ങൾ കൃഷിക്കാരായി പാടത്തും പട്ടാളക്കാരായി പടക്കളത്തിലും ഒരു പോലെ പണിയെടുത്തു. ജനപ്പെരുപ്പം അവർക്ക് പുതിയ ആവാസ കേന്ദ്രങ്ങൾ ഉണ്ടാക്കാനുള്ള കാരണമായി മാറി. യുദ്ധങ്ങൾ കൊണ്ട് ഭൂവിസ്തൃതി വർദ്ധിപ്പിക്കലായിരുന്നു പ്രധാന പരിപാടി. കാലക്രമത്തിൽ ജനങ്ങൾ ദുരാഗ്രഹികളും സാമ്രാജ്യ മോഹികളുമായിത്തീർന്നു.

റോമിന്റെ വടക്കുതാമസിച്ചിരുന്ന എട്രൂസ്കന്മാർ എന്നും അവർക്ക് വെല്ലുവിളിയായിരുന്നു. എന്നാൽ തെക്കുള്ള ലത്തീൻ‌കാർ സുഹൃത്തുക്കളായിരുന്നു.

സാമുദായിക വിപ്ലവം

തിരുത്തുക

ഏകദേശം 500 വർഷങ്ങൾ നിലനിന്ന റോമൻ റിപ്പബ്ലിക്കിന് നിരന്തര യുദ്ധങ്ങളും ആഭ്യന്തര കലഹങ്ങളും സാക്ഷ്യം വഹിക്കേണ്ടതായി വന്നു. പെട്രീഷ്യന്മാരും പെബ്ലിയന്മാരും തമ്മിലുള്ള ലഹളകൾ എടുത്തു പറയേണ്ട ഒന്നാണ്. പെട്രീഷ്യന്മാർ റോമിൽ പണ്ടു മുതൽക്കേ ഉണ്ടായിരുന്നവരാണ്. എന്നാൽ പെബ്ലിയന്മാർ പുറമേ നിന്നു വന്നവരും. പെട്രീഷ്യന്മാർ സമൂഹത്തിന്റെ മേലേക്കിടയിൽ സ്ഥാനം ഉറപ്പിച്ചവരായിരുന്നു. ഇവർക്ക് കൂടുതൽ രാഷ്രീയാധികാരവും ഉണ്ടായിരുന്നു. എന്നാൽ പെബ്ലിയന്മാർ അധികവും നിർധനരും തൊഴിലാളികളും ആയിരുന്നു. ഇവർ കാലക്രമേണ അടിമപ്പണിക്കുവരെ വിധേയരാകേണ്ടിവന്നു. മറ്റൊരു പ്രശ്നം വെട്ടിപ്പിടിച്ച ഭൂമിയെ ചൊല്ലിയായിരുന്നു. ആദ്യമൊക്കെ യുദ്ധത്തിൽ നേടുന്ന ഭൂമിയുടെ പങ്ക് പെബ്ലിയന്മാർക്കും കൊടുത്തിരുന്നു, എന്നാൽ കാലക്രമത്തിൽ അതില്ലാതായി. ഭരണം പുരോഗമിച്ച ശേഷം ഇത് നിശ്ശേഷം ഇല്ലാതായി. പെബ്ലിയന്മാർക്ക് നിയമകാര്യങ്ങളിൽ അറിവും ഉണ്ടായിരുന്നില്ല.

ഇങ്ങനെ വിവിധ പരാധീനതകളാൽ വിഷമിച്ച പെബ്ലിയന്മാർ സംഘടിതരായി ഉണർന്നു പ്രവർത്തിക്കാൻ ആരംഭിച്ചു. അവർ ഒത്തു ചേർന്ന് ഒരു കൂട്ടായ്മ ആരംഭിച്ചു. അവരുടെ അവകാശങ്ങൾക്കു വേണ്ടി ജോലി ബഹിഷ്കരണം ആരംഭിച്ചു. എന്നാൽ പെട്രീഷ്യന്മാർ ഇത് കണ്ടതായി ഭാവിച്ചില്ല. ഇതിൽ ക്ഷുഭിതരായ പെബ്ലിയന്മാർ കൂട്ടത്തോടെ റോമാ നഗരം വിട്ട് അടുത്തുള്ള കുന്നിൽ പോയി താവളം ഉറപ്പിച്ച് അവിടെ ഒരു സ്വതന്ത്ര രാഷ്ട്രം സൃഷ്ടിക്കാൻ പോകുന്നു എന്ന് ഭീഷണി മുഴക്കി. പെബ്ലിയന്മാരില്ലാതെ ജീവിക്കാൻ പെട്രീഷ്യന്മാർക്ക് പറ്റുമായിരുന്നില്ല. കാരണം അവരായിരുന്നു അധ്വാനം നടത്തിയിരുന്നത്. കുറച്ച് അധികാരങ്ങൾ തിരികെ കോടുക്കാൻ സമ്മതിക്കുകയും അവർക്ക് മാത്രമായി ഒരു ട്രിബ്യൂൺ (ട്രിബൂണി പ്ലേബിസ്,tribuni plebis) ഉണ്ടാക്കാൻ തീരുമാനിക്കുകയും അങ്ങനെ അവർ തിരിച്ചു വരികയും ചെയ്തു. ഇത് അവരുടെ ‘ആദ്യത്തെ ഇറങ്ങിപ്പോക്ക്’ ആയിരുന്നു. മറ്റധികാരങ്ങളും അവകാശങ്ങളും ലഭിക്കുവാൻ വീണ്ടും പെബ്ലിയന്മാർ‍ക്ക് ഇത്തരത്തിൽ ഇറങ്ങിപ്പോക്കുകൾ നടത്തേണ്ടി വന്നു. ‘കൊമീഷ്യാ പട്രീഷ്യാ’, ‘പന്ത്രണ്ടു ഫലകങ്ങൾ’, ‘വലേറിയൻ നിയമങ്ങൾ’, ‘ലിസീനിയൻ നിയമങ്ങൾ’ തുടങ്ങി ചരിത്രപ്രശസ്തങ്ങളായ ഭരണപരിഷ്കാരങ്ങൾക്കൊടുവിൽ സാമുദായിക സമത്വം നിലവിൽ വന്നു. അവകാശസമ്പാദനമത്സരത്തിന്റെ അവസാന രംഗം ക്രി.മു. 287-ലെ ഇറങ്ങിപ്പോക്കായിരുന്നു. ഇതിന്റെ ഫലമായി ‘ലെക്സ് ഹോർട്ടാൻസാ’ എന്ന നിയമം ആണ് നടപ്പിലായത്. പ്ലിബിയൻ സഭ നിർമ്മിക്കുന്ന സഭ പെട്രീഷ്യന്മാർക്കും ബാധകമാക്കുന്ന വ്യവസ്ഥയായിരുന്നു ഇത്. ഇതോടു കൂടി നിയമത്തിന്റെ മുന്നിൽ എല്ലാ പൗരന്മാർക്കും സമത്വം സ്ഥാപിക്കപ്പെട്ടു. രണ്ടു ശതാബ്ദങ്ങൾ കൊണ്ട് (494 മുതൽ 28വരെ അഞ്ച്‌ ഇറങ്ങിപ്പോക്കുകൾ),(secession) പെബ്ലിയന്മാർ വിജയം നേടിയെടുത്തു. രക്തരഹിതമായിരുന്നു ഈ വിപ്ലവം എന്നത് പ്രത്യേകതയാണ്.

 

റോമൻ രാജ്യം
753 ക്രി.മു.510 ക്രി.മു.
റോമൻ റിപ്പബ്ലിക്ക്
510 ക്രി.മു.27 ക്രി.മു.
റോമാ സാമ്രാജ്യം
27 ക്രി.മു476 ക്രി.വ.

സാധാരണ മയിസ്ത്രാത്തുസ്
അസാധാരണ മയിസ്ത്രാത്തുസ്
സ്വേച്ഛാധിപതി
പേരുകൾ, സ്ഥാനമാനങ്ങൾ
ചക്രവർത്തി
രാഷ്ട്രീയവും നിയമവും

ക്രി.മു. 287 നു ശേഷം പെട്രീഷ്യൻ റീപ്പബ്ലിക്കായിരുന്ന റോം ഒരു ജനകീയ റിപ്പബ്ലിക്കായി രൂപപ്പെട്ടു. ഇവിടെ എല്ലാവർക്കും തുല്യാവകാശങ്ങൾ ഉണ്ടായിരുന്നു. സർക്കാർ (ഗവർണ്മെൻറ്) മൂന്നായി തിരിക്കപ്പെട്ടിരുന്നു. നിർവ്വാഹക ഉദ്യോഗസ്ഥർ, അസംബ്ലികൾ, സെനറ്റ് എന്നിങ്ങനെ. [4]

രണ്ടു കോൺസുൾമാർ, ആറു പ്രീറ്റർമാർ, നാലു ഈഡിൽമാർ, രണ്ടു സെൻസർമാർ, എട്ടു ക്വീസ്റ്റർമാർ, പത്തു ട്രിബൂണ്മാർ എന്നിവരായിരുന്നു നിർവ്വാഹക ഉദ്യോഗസ്ഥർ.[5]

കോൺസുൾമാർ

തിരുത്തുക

(Consuls) കോൺസുൾമാർ സേനാനായകരും വിദേശകാര്യങ്ങൾ നടത്തിയിരുന്നവരും ആയിരുന്നു. പൊതു ഭരണത്തിന്റെ ചുമതലയും അവർക്കായിരുന്നു. അവർ സെനറ്റിൽ അദ്ധ്യക്ഷം വഹിക്കുകയും പുതിയ നിയമങ്ങൾ, ഭരണമാറ്റങ്ങൾ എന്നിവ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. രണ്ടു പേർക്കും തുല്യാവകാശം ഉണ്ടായിരുന്നു, ഒരാളുടെ തീരുമാനം മറ്റേയാൾക്ക് അസാധുവാക്കാനും സാധിക്കുമായിരുന്നു. [6]

പ്രയീത്തോർ (Praetor)

തിരുത്തുക

ഇവരെ ഒരു കൊല്ലത്തേയ്ക്കാണ് തിരഞ്ഞെടുത്തിരുന്നത്. ആറു പേരിൽ രണ്ടുപേർ ന്യായാധിപന്മാരായിരുന്നു. മറ്റു നാലു പേർ റോമൻ പ്രവിശ്യകളിൽ ഗവർണർമാരായി പ്രവർത്തിച്ചിരുന്നു.

ഈഡിൽമാർ

തിരുത്തുക

നഗരഭരണത്തിൽ കോൺസുൾമാരെ സഹായിക്കുക എന്നത് ഈഡിൽമാരുടെ ചുമതലയായിരുന്നു. ക്രമസമാധാനചുമതലകളും ഇവർക്ക് നൽകിയിരുന്നു. നാലു ഈഡിൽമാരിൽ ര്ണ്ടുപേരെ പ്ലീബിയന്മാരും മറ്റുള്ളവരെ പെട്രീഷ്യന്മാരും തിരഞ്ഞെടുക്കുമായിരുന്നു.

ചെൻസർമാർ (censors)

തിരുത്തുക

ഭരണത്തിലെ ധനകാര്യം ഇവർക്കായിരുന്നു. ജനസംഖ്യാ കണക്കെടുക്കുകയും സെനറ്റർമാരുടെ ലിസ്റ്റ് തയ്യാറക്കുകയും മറ്റും ഇവരായിരുന്നു ചെയ്തിരുന്നത്. ചെൻസർമാരുടെ ഔദ്യോഗിക കാലാവധി പതിനെട്ടു മാസമായിരുന്നു.

ക്വയേസ്റ്റർമാർ (Quaestor)

തിരുത്തുക

നികുതി പിരിക്കുക, സൈന്യത്തിന് ശമ്പളം കൊടുക്കുക, ഇവയുടെ രേഖകൾ സൂക്ഷിക്കുക എന്നിവയായിരുന്നു ക്വയേസ്റ്റർമാരുടെ ചുമതല. ഇവരെ എല്ലാവർഷവും തിരഞ്ഞെടുക്കുകയായിരുന്നു പതിവ്.

ട്രിബൂണുകൾ‍

തിരുത്തുക

പ്ലീബിയന്മാർ അവരുടെ അവകാശ സം‍രക്ഷണത്തിനായി നിയോഗിക്കുന്നവരാണ് ട്രീബ്യൂണുകൾ‍. ഇവരെയും വർഷാ വർഷം തിരഞ്ഞെടുത്തിരുന്നു. പെട്രീഷ്യൻ ന്യായാധിപന്മാർ തന്നിഷ്ടപ്രകാരം ന്യായരഹിതവുമായി വിധി പ്രസ്താവിച്ചാൽ അതിൽ നിന്ന്‌ സാധാരണക്കാരായ പൗരന്മാർക്ക് സം‍രക്ഷണം നൽകുക എന്ന കർത്തവ്യം ഇവർക്കായിരുന്നു. ഒരു മജിസ്ട്രേറ്റിന്റെ കല്പന നിരോധിക്കുവാനും എതിർക്കുന്നവരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുവാനുമുള്ള അധികാരം ഇവർക്ക് നല്കപ്പെട്ടു. ട്രൈബൂണ്മാരുടെ അധികാരങ്ങൾ ഏറിക്കൊണ്ടിരുന്നു. അതിന്റെ ഉച്ചകോടിയിൽ സെനറ്റ് വിളിച്കു കൂട്ടാനും ഗോത്രങ്ങളുടെ അസംബ്ലിയിൽ ഔദ്യോഗിക വിഴ്ചകൾക്ക് ഏതൊരുദ്യോഗസ്ഥനേയും വിചാരണ ചെയ്യുവാനുമുള്ള അധികാരം വരെ ലഭിക്കുകയുണ്ടായി. പിന്നീട് അവർക്ക് നിയമ നിർമ്മാണാധികാരവും ലഭിച്ചു.

അസംബ്ലികൾ

തിരുത്തുക

നാല് അസംബ്ലികൾ ഉണ്ടായിരുന്നു. കൊമിഷ്യാ കൂറിയാറ്റാ (കൂറിയകളുടെ സഭ), കൊമിഷ്യാ സെഞ്ചൂറിയാറ്റാ (കമ്പനികളുടെ സഭ), കൊമിഷ്യാ ട്രിബൂട്ടാ (ട്രൈബ് അഥവാ ഗോത്രങ്ങളുടെ സഭ), കൊൺസീലിയം പ്ലേബിസ് (പ്ലേബുകളുടെ സഭ) കൂറിയാറ്റാ ജന്മിമാരുടെ സഭയായിരുന്നു. ഇവർ മുപ്പത് കൂറികൾ അഥവാ സമൂഹമായി വേർതിരിക്കപ്പെട്ടിരുന്നു. സെഞ്ചൂറിയാറ്റാ എന്നത് സൈനിക സഭയായിരുന്നു. സൈന്യം പല സഭകളായി വിഭജിച്ചിരുന്നു. യുദ്ധപ്രഖ്യാപനത്തിന് അവർക്ക് മാത്രമായിരുന്നു അവകാശം. ജനകീയ സഭയായിരുന്നു ട്രിബൂട്ടാ. 35 ട്രൈബുകൾ ഉണ്ടായിരുന്നു. അവർ വേർ തിരിഞ്ഞാണ് ഈ സഭയിൽ വോട്ടു ചെയ്തിരുന്നത്. കോൺസീലിയം പ്ലേബിസ് ഒരു തട്ടിക്കൂട്ടു സഭയായിരുന്നു. പ്ലീബിയന്മാർ മാത്രമായിരുന്നു അതിലെ അംഗങ്ങൾ. ട്രൈബൂണ്മാരെയും ഈഡിൽമാരെയും തിരഞ്ഞെടുക്കുകയായിരുന്നു അവരുടെ മുഖ്യ ജോലി. പിഴ ശിക്ഷക്കെതിരേ അപ്പീൽ കേൾക്കുകയും ചെയ്യുമായിരുന്നു.

സെനറ്റ്

തിരുത്തുക
 
റോമൻ സെനറ്റ് ചിത്രകാരന്റെ ഭാവനയിൽ

മേൽപ്പറഞ്ഞ സഭകൾക്ക് പുതിയ നിയമങ്ങൾ നിർദ്ദേശിക്കുവാനോ ഭേദഗതി വരുത്തുവാനോ സാധിക്കുകയില്ലയിരുന്നു. ഇതിനെല്ലാം സെനറ്റിന്റെ അംഗീകാരം വേണ്ടിയിരുന്നു. ഏറ്റവും കൂടുതൽ അധികാരം സെനറ്റിനായിരുന്നു. റോമിലെ ഏറ്റവും സ്വാധീനശക്തിയുള്ളവരും സെനറ്റ് അംഗങ്ങൾ ആയിരുന്നു. കാലാവധി ആയുഷ്കാലം ആയിരുന്നതിനാൽ ഇവരുടെ ശക്തി ഏറ്റവും ഉച്ചത്തായിരുന്നു. എന്നാൽ തത്ത്വത്തിൽ സെനറ്റ് വെറും ഒരു ഉപദേശക സമിതിയായിരുന്നു, പക്ഷെ അവർക്കില്ലാത്ത അധികാരങ്ങൾ ഒന്നുമില്ല എന്നു തന്നെ പറായാം. എല്ലാ നിയമങ്ങൾക്കും സെനറ്റിന്റെ അംഗീകാരം വേണം, നികുതികൾ നിർണ്ണയിക്കുനതും ചെലവുകൾ നിയന്ത്രിക്കുന്നതും വിദേശനയം നിശ്ചയിക്കുന്നതും എല്ലാം സെനറ്റ് തന്നെ. സെനറ്റ് ഒരു വിദേശ, ധനകാര്യ, അഭ്യന്തര, പ്രതിരോധ മന്ത്രിയെപ്പോലെ പ്രവർത്തിച്ചു. ആദ്യഘട്ടങ്ങളിൽ പെട്രീഷ്യന്മാർ മാത്രമായിരുന്നു സെനറ്റ് അംഗങ്ങൾ എങ്കിലും പിന്നീട് പെബ്ലിയന്മാരും അംഗങ്ങളായിത്തീർന്നു. ഇത്തരം കാര്യങ്ങളാൽ റോമാ റിപ്പബ്ലിക്ക് ഒരു ജനാധിപത്യ വ്യവസ്ഥയായിരുന്നെങ്കിലും ഭരണം യഥാർത്ഥത്തിൽ സമ്പന്നരുടെ കുത്തകയായിരുന്നു. [7]

യുദ്ധങ്ങളും സാമ്രാജ്യ വിസ്തൃതിയും

തിരുത്തുക
 
ക്രി.മു. 200 ലുള്ള ലോകത്തിന്റെ ഭൂപടം. റൊമൻ റിപ്പബ്ലിക്കും അതിന്റെ സാമന്തരാജ്യങ്ങളും ചുവന്ന നിറത്തിൽ

റോമാക്കാർ ശത്രുക്കളുടെ മധ്യത്തിലാണു ജീവിച്ചിരുന്നത്.അതിനാൽ ജീവൻ നിലനിർത്താൻ എന്നും യുദ്ധങ്ങൾ അനിവാര്യമായിരുന്നു. എന്നാൽ അവരുടെ വിജയങ്ങൾ ഗ്രീക്കു വിജയങ്ങൾ പോലെ ക്ഷണഭംഗുരമായിരുന്നില്ല, മറിച്ച് സുദീർഘമായിരുന്നു. ക്രി.മു. 350 മുതൽ 265 വരെ നിരന്തരം യുദ്ധം ചെയ്ത് റൊമാക്കാർ ഇറ്റലിയിൽ റുബിക്കോൺ നദിയുടെ തെക്കു ഭാഗത്തുള്ള ഭൂവിഭാഗം മൊത്തം കൈയ്യടക്കി.

ടൈബർ നദിയുടെ വടക്കുതീരത്ത് താമസിച്ചിരുന്ന എട്രുസ്കന്മാർ എന്നും റോമിന്റെ ശത്രുക്കളായിരുന്നു. കുറേക്കാലം അവർ റോം കീഴ്പ്പെടുത്തി ഭരിക്കുകയും ചെയ്തിരുന്നു. തെക്കുണ്ടായിരുന്ന ലത്തീൻ‍കാർ ബന്ധുക്കളായിരുന്നെങ്കിലും അവർക്കും തെക്ക് വോൾഷ്യന്മാർ, സാംനെറ്റുകൾ, അക്കേയന്മാർ, ഗ്രീക്കുകാർ എന്നിവരും കിഴക്കുഭാഗത്ത് ഉരുത്തിരിഞ്ഞ വർഗ്ഗമായ ആംബ്രിയന്മാരും റോമാക്കാരുമായി മല്ലിട്ടുകോണ്ടിരുന്നു. ഇവരെയെല്ലാം പരസ്പരം ഭിന്നിപ്പിച്ച് ഭരിക്കുന്ന നയമാണ് റോമാക്കാർ സ്വീകരിച്ചത്. തന്മൂലം ഇവരെയെല്ലം കീഴ്പ്പെടുത്താൻ റോമിന് കഴിഞ്ഞു.(ക്രി.മു. 489-266 വരെ)

 
റോമാക്കാരുടെ പ്രധാന ശത്രുക്കളായ എട്രുസ്കന്മാരും മറ്റുള്ളവരും

ക്രി.മു. അഞ്ചാം നൂറ്റാണ്ടിൽ ഗ്വാൾ എന്ന വർഗ്ഗക്കാർ വടക്കു നിന്ന് ആല്പ്സ് പർവ്വതം കടന്നു വന്ന് എട്രുസ്കന്മാരെ തോല്പിച്ചു അവരുടെ പ്രധാനപ്പെട്ട ഭൂവിഭാഗം കൈയടക്കി. ഈ സമയം നോക്കി റോമാക്കാർ എട്രുസ്കന്മാരുടെ തെക്കു കിഴക്കൻ ഭാഗങ്ങൾ കീഴ്പ്പെടുത്തി. (ക്രി.മു.396) താമസിയാതെ ഗ്വാളുകൾ റോമിനു നേരേ തിരിയുകയും എന്നാൽ റൊമാക്കാർ വീരോചിതമായി ചെറുക്കുകയും ചെയ്തു (ക്രി.മു.387)എങ്കിലും ഈ യുദ്ധം അവർക്ക് വൻപിച്ച നാശനഷ്ടങ്ങൾ വരുത്തിവച്ചു. ഇറ്റലിയിൽ നിലനിന്നിരുന്ന മറ്റുശക്തികളെ തോല്പിച്ചതിനു ശേഷം മാത്രമേ അവർക്ക് സാമ്രാജ്യം സ്ഥാപിക്കാൻ സാധിച്ചുള്ളൂ. ഇതിൽ ഏറ്റവും പ്രബലരായിരുന്നത് സാംനെറ്റുകളായിരുന്നു. ക്രി.മു 342-നും 290-നും ഇടയ്ക്ക് മൂന്നു സാംനെറ്റ് യുദ്ധങ്ങൾ നടന്നു. ഇതിൽ ഇറ്റലിയിലെ മറ്റു ശക്തികൾ സാംനെറ്റുകളോട് ചേർന്ന് റോമിനെതിരെ യുദ്ധം ചെയ്തു. ഗ്രീക്കുകാർ മാസിഡോണിയയിൽ നിന്നു വരെ സൈന്യത്തെ അയച്ചു കോടുത്തു. എങ്കിലും വീരോചിതം പോരാടിയ റോം ശത്രുക്കളെയല്ലാം കാൽക്കീഴിലാക്കി.

റോമാക്കാർ പിന്നീട് ഗ്രീക്കുകാരുമായി ഏറ്റുമുട്ടി. ഇതിന് കാർത്തേജിന്റെ സഹായം റോമിനുണ്ടായിരുന്നു. ഗ്രീസിലെ ടാറന്റം എന്ന പട്ടണത്തോടാണ് ആദ്യ ഏറ്റുമുട്ടൽ നടന്നത്. ഗതിയില്ലാതായ ടാറന്റം, ഗ്രീസിലെ ഏപ്പിറസ് രാജ്യം ഭരിച്ചിരുന്ന പീർഹസ് എന്ന രാജാവിന്റെ സഹായം തേടി. ശക്തനും സമർത്ഥനുമായ പീർഹസ് രാജാവിനോട് കഠിനമായി യുദ്ധം ചെയ്ത റോമാക്കാർ അവരുടെ അച്ചടക്കത്തിന്റെയും ശിക്ഷണത്തിന്റെയും കാർത്തേജിന്റെ സഹായത്തിന്റെയും മികവിൽ വിജയം നേടി.

പൂണിക് യുദ്ധങ്ങൾ

തിരുത്തുക

റോമും കാർത്തേജും തമ്മിലുണ്ടായ നീണ്ട കാല യുദ്ധങ്ങൾ ആണ് പൂണിക് യുദ്ധങ്ങൾ. കാർത്തേജ് യഥാർത്ഥത്തിൽ ഒരു ഫിനീഷ്യൻ കോളനി ആയിരുന്നു. ഫിനീഷ്യയെ ലത്തീൻ ഭാഷയിൽ പോയിനസ് എന്നാണ് പറയുക. കാർത്തേജുകാരെ പോയിൺ (പ്യൂൺ) എന്നാണ് വിളിച്ചിരുന്നത്. (ഫിനീഷ്യൻ എന്നതിന്റെ ലോപിച്ച രൂപമാണിത്) അങ്ങനെയാണ് പൂണിക് യുദ്ധം എന്ന പേർ വന്നത്. റോമും കാർത്തേജും ആദ്യം രമ്യതയിലായിരുന്നു, അവരുടെ സഹായത്താലാണ് ഗ്രീസിൽ വരെ റോം ചെന്നെത്തിയതും വിജയം കൈവരിച്ചതും. എന്നാൽ ഇത് അധികകാലം നീണ്ടു നിന്നില്ല. ഭയങ്കരമായ പൂണിക് യുദ്ധങ്ങളിലാണ് ഇത് കലാശിച്ചത്. കാർത്തേജുകരുടെയും റോമാക്കാരുടേയും സാമ്രാജ്യവിസ്തരിപ്പിക്കുന്നതിലുള്ള അമിതാഭിനിവേശം ആണ് ഇതിന് പ്രധാന കാരണം

ഒന്നാം പൂണിക് യുദ്ധം

തിരുത്തുക

(ക്രി.മു264 - ക്രി.മു241) 23 വർഷങ്ങൾ നീണ്ടു നിന്ന ഈ യുദ്ധം പ്രധാനമായും കടൽ മാർഗ്ഗമായിരുന്നു. സിസിലി യിലൂടെ മീഡിറ്ററേനിയൻ ഭാഗത്തേയ്ക്ക് സാമ്രാജ്യം വികസിപ്പിക്കാൻ ആയിരുന്നു റോമിന്റെ ആദ്യ ശ്രമങ്ങൾ. സിസിലി കാർത്തേജിനു കീഴിലുമായിരുന്നു. എന്നാൽ റോമിനെപോലെ സ്വന്തമായ ഒരു നാവിക ശക്തി അവർക്കില്ലായിരുന്നു. കാർത്തേജിയൻ രാജാവായ ഹാമിൽക്കർ അവരുടെ സമ്പത്ത് ഉപയോഗിച്ച് കൂലിപ്പട്ടാളത്തെ ഉപയോഗിച്ചാണ് യുദ്ധം നടത്തിയത്. ക്രി.മു 238 ഓടെ റോമാക്കാർ വ്യക്തമായ ആധിപത്യം നേടുകയും കൂലിപ്പട്ടാളം പട്ടാളക്കാരോട് അഭ്യന്തര യുദ്ധത്തിലേർപ്പെടുകയും ചെയ്തതോടെ യുദ്ധം വഴിത്തിരിവിലെത്തി. അവസാനമായപ്പോഴേക്കും കൂലിപ്പട്ടാളം പകുതിയും പിൻ‍വാങ്ങിയിരുന്നു.

രണ്ടാം പൂണിക് യുദ്ധം

തിരുത്തുക
 
ഹാനിബാളിന്റെ റൊമാ ആക്രമണ പാത

(ക്രി.മു.218 - 202)രണ്ടാം പൂണിക് യുദ്ധം എന്നാൽ റൊമാക്കാർക്ക് ഒരു തിരിച്ചടിയായിരുന്നു. അതിസമർത്ഥനും ലോകം ഇന്നും ആദരിക്കുന്ന യുദ്ധതന്ത്രജ്ഞനുമായ ഹാനിബാൾ എന്ന കാർത്തീജിയൻ രാജാവ് കഠിനമായ ആല്പ്സ് പർവ്വതനിരകൾ താണ്ടി ഇറ്റലിയെയും റോമിനേയും കീഴടക്കി. നിരവധി ഇടങ്ങളിൽ വച്ച് റോമാ സൈന്യവുമായി ഏറ്റുമുട്ടലുകൾ ഉണ്ടായെങ്കിലും അവർക്ക് പിടിച്ച് നിൽകാനായില്ല. അത്രയ്ക്കു തന്ത്രപരമായാണ് ഹാനിബാൾ ഒരോ നീക്കങ്ങളും ആസൂത്രണം ചെയ്തത്. എന്നാൽ റൊമിന്റെ സഖ്യത്തെ അവർക്ക് നശിപ്പിക്കാനായില്ല. മാത്രവുമല്ല ആല്പ്സ് കാർത്തീജിയന്മമരുടെ സൈന്യത്തിന്റെ ശക്തി ക്ഷയിപ്പിക്കുന്ന ഒന്നായിരുന്നു. അവസാനം റോം തിരിച്ചടിക്കുകയും ഹാനിബാൾ പിൻ‍വാങ്ങുകയും ചെയ്തു. പിന്നീടുള്ള വർഷങ്ങൾ ഹാനിബാൾ ധനസ്ഥിതി വർദ്ധിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. അവർ ഹിസ്പാനിക് (ഇന്നത്തെ സ്പെയിൻ) ഭൂമിയിലേയ്ക്ക് സാമ്രാജ്യം വ്യാപിപ്പിച്ചു. ഇതേ സമയം റോം ഇല്ലൈറിക് യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു (ഇന്നത്തെ ബോസ്നിയ. ഒരു ഘട്ടത്തിൽ കാർത്തേജിന്റെ സൈന്യത്തേക്കാൾ മുപ്പത്തിമൂന്നിരട്ടി വലിപ്പം റോമിനുണ്ടായിരുന്നിട്ടും ഹാനിബാളിനെ കാര്യ്മയി വിഷമിപ്പിക്കാൻ അവർക്കകയില്ല. എന്നാൽ ഫേബിയുസ് എന്ന സേനാ നായകന്റെ നേതൃത്വത്തിൽ റോമൻ സൈന്യം ഒളിപ്പോർ തുടങ്ങിയതോടെ ഹാനിബാളിന്റെ സൈന്യം ക്ഷീണിക്കാൻ തുടങ്ങി. ഇതേ സമയം മറ്റൊരു സൈന്യത്തിന്റെ മേധാവിയായ സീപ്പിയോ കടൽ മാർഗ്ഗം കാർത്തേജിനെ ആക്രമിക്കാൻ തുടങ്ങി. സ്പെയിനിൽ വച്ച് അദ്ദേഹം ഹാനിബാളിന്റെ സഹോദരനായ അസ്ദ്രുബാളിനെ പരാജയപ്പെടുത്തുകയും വധിക്കുകയും ചെയ്തു. ഗതിയില്ലാതെ പിൻ‍വാങ്ങിയ ഹാനിബാളിനെ റോമാക്കാർ പിന്തുടർന്ന് തോല്പിച്ചു. നഷ്ടപരിഹാരം വസൂലാക്കി.

മുന്നാം പൂണിക് യുദ്ധം

തിരുത്തുക

പുബ്ലിയുസ് കോർണേലിയുസ് സീപ്പിയോ ആഫ്രിക്കയിൽ പോയി കാർത്തേജിനെ പരാജയപ്പെടുത്തിയെങ്കിലും അദ്ദേഹം മഹാമനസ്കത കാണിച്ചു. അവർക്കു തന്നെ ഭൂമി വിട്ടുകൊടുത്തു തിരിച്ചു വന്നു. എന്നാൽ കാർത്തേജ് പഴയ പ്രതാപവും സമ്പത്തും പെട്ടെന്നു തന്നെ തിരിച്ചെടുത്തു. ഇത് റോമാക്കാരെ ചൊടിപ്പിക്കുകയും അസൂയാലുക്കളാക്കുകയും ചെയ്തു. മാർക്കുസ് പോർസിയുസ് കേറ്റോ എന്ന സൈന്യാധിപൻ കാർത്തേജ് സന്ദർശിച്ച് അവിടത്തെ വ്യാപാരാഭിവൃദ്ധി കണ്ട് അത്ഭുതപരതന്ത്രനായി. അദ്ദേഹം കാർത്തേജിനെ നശിപ്പിക്കുക എന്ന ഉദ്ദേശത്തോടെ കടൽത്തീരത്തു നിന്നും എല്ലാ ജനങ്ങളും 10 മൈൽ അകലെ പുതിയ ആവാസസ്ഥലത്തേയ്ക്ക് മാറിത്താമസിക്കാൻ നിർദ്ദേശിച്ചു. ഇത് കാർത്തേജുകാർക്ക് സ്വീകാര്യമായിരുന്നില്ല. അതോടെ മൂന്നാം പൂണിക് യുദ്ധത്തിന് കളം ഒരുങ്ങി. റൊമാക്കാരെ ധീരതയോടെ നേരിട്ടെങ്കിലും കാർത്തേജ് തർന്നു തരിപ്പണമാക്കിയിട്ടേ റോമക്കാർ അവിടം വിട്ടു പോയുള്ളൂ. റോമാക്കാർ നഗരം തച്ചുടച്ച് കലപ്പ കൊണ്ട് ഉഴുതു മെതിച്ചു. റോമിന്റെ മേൽ ഒരിക്കലും മായ്കാനാവാത്ത കളങ്കമായി ആ സംഭവം നിലകൊണ്ടു.

പൗരസ്ത്യ യുദ്ധങ്ങൾ

തിരുത്തുക

കാർത്തേജിന്റെ പതനത്തോടെ റൊമാക്കാർ കിഴക്കോട്ട്‌ തിരിയാൻ തുടങ്ങി. മധ്യധരണ്യാഴിയുടെ പൂർവ്വപാർശ്വങ്ങളിൽ അലക്സാണ്ടർ ചക്രവർത്തിയുടെ സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങൾ നിലനിന്നിരുന്ന മാസിഡോണിയ, സിറീയ, ഈജിപ്ത്‌ എന്നീ രാജ്യങ്ങളിൽ അവർ കൈവക്കാൻ തുടങ്ങി. ഇവിടങ്ങളിലെല്ലം രാജഭരണമായിരുന്നു നിലനിന്നിരുന്നത്. ഇവയല്ലാതെ പല ചെറിയ രാജ്യങ്ങളും ഏഷ്യാ മൈനറിൽ‍ ഉണ്ടായിരുന്നു. ഗ്രീസിലാവട്ടെ നഗര രാഷ്ട്രങ്ങളുടെ പ്രഭാവം അസ്തമിച്ച്‌ ലീഗു ഭരണം തുടങ്ങിയിരുന്നു. വടക്ക്‌ ഈറ്റോളിയൻ ലീഗും തെക്ക്‌ അക്കേയൻ ലീഗും ഭരിച്ചു പോന്നു.

ഹാനിബാളിനെ പൂണിക്‌ യുദ്ധത്തിൽ സഹായിച്ചു എന്നാരോപിച്ച്‌ മാസിഡോനിയയിലെ ഫിലിപ്പ്‌ രാജാവിനെ റോമാക്കർ ആക്രമിച്ചു. ഈജിപ്തിലെ രാജാവ്‌ മാസിഡോണിയയുടെ ആക്രമണത്തിൽ നിന്ന് റോമിനോട് സഹായം അഭ്യർത്ഥിച്ചത്‌ അവർക്ക് ഒരു പഴുതുമായി. എന്നാൽ ക്രി.മു. 197-ൽ മാസിഡോണിയ ആക്രമിച്ചു കീഴ്പ്പെടുത്തിയെങ്കിലും ഗ്രീക്ക്‌ നഗരരാഷ്ട്രങ്ങൾ ഒഴിച്ച്‌ മറ്റെല്ലാം ഫിലിപ്പിനു തന്നെ വിട്ട് കൊടുക്കേണ്ടതായി വന്നു. ഗ്രീക്ക്‌ രാഷ്ട്രങ്ങൾക്ക്‌ സ്വാതന്ത്ര്യവും നൽകി. (എന്നാൽ ഇത്‌ അധിക കാലം നിലനിന്നില്ല).

മൂന്നാം പൂണിക് യുദ്ധത്തിൽ തോറ്റോടിയ ഹാനിബാൾ, സിറിയ രാജാവായ അന്തിയോക്കസിന്റെ ഉപദേഷ്ടാവായി പ്രവർത്തിക്കുന്നു എന്നറിഞ്ഞ റോമാക്കാർ സിറിയയുടെ നേർക്ക്‌ തിരിഞ്ഞു. സ്കിപ്പിയൊവും സഹോദരൻ ലൂസിയുസും ചേർന്ന് ക്രി.മു. 190-ൽ മഗ്നീഷ്യ എന്ന സ്ഥലത്തു വച്ച്‌ അന്തിയോക്കസിനെ തോൽപിച്ചു. പിന്നെ ഇറ്റോളിയൻ ലീഗിനെയും തോൽപിച്ച്‌ രാജ്യങ്ങൾ റോമാക്കാരുടെ ബന്ധുക്കളായി വർത്തിച്ചിരുന്ന പെർഗാമസിലേയും റോഡ്സിലേയും രാജാക്കന്മാർക്ക്‌ വീതിച്ചു കൊടുത്തു.

മാസിഡോണിയയിലെ ഫിലിപ്പ്‌ രാജാവിന്റെ പിൻഗാമിയായ പെർസെയുസ്‌, റോമിന്റെ മേൽക്കോയ്മ നിരസിച്ചു. ഇത്‌ റോമിനെ ചൊടിപ്പിച്ചു. പെർസെയൂസ്‌ ഒരു റോമൻ ബന്ധുരാജാവിന്റെ കൊലപാതകത്തിൽ ഉൾപ്പെട്ടത്‌ ആരോപിച്ച്‌ റോം വീണ്ടും യുദ്ധത്തിൽ ഏർപ്പെട്ടു. ആദ്യത്തെ പരാജയത്തിനുശേഷം ബി.സി. 146-ൽ മാസിഡോണിയയെ റോമിനോട്‌ കൂട്ടിച്ചേർത്തു. റോമൻ ഗവർണർ ഭരണം ഏർപ്പെടുത്തി. പിന്നീട്‌ അക്കേയൻ ലീഗും തകർക്കപ്പെട്ടു. ലീഗും സ്പാർട്ടയും തമ്മിൽ യുദ്ധമായ സമയത്ത്‌ റോം സ്പാർട്ടയുടെ കൂടേ ചേർന്ന് പ്രധാന നഗരമായ കോറിന്ത്‌ കാർത്തേജിനെ അനുസ്മരിപ്പിക്കുന്ന വിധം ചുട്ടുകരിച്ചു.

പശ്ചിമ യൂറോപ്പിലെ യുദ്ധങ്ങൾ

തിരുത്തുക

ക്രി.മു. 224 മുതൽ 219 വരെ ആൽപ്സ്‌ പർവ്വതത്തിന്‌ വടക്കുള്ള ഗ്വാൾ (സ്വിസ്‌ ആൽപൈൻ ഗ്വാൾ) ഉൾപ്പെടെ ഇറ്റലി മുഴുവൻ പിടിച്ചടക്കി. ട്രാൻസ്‌ ആൽപൈൻ ഗ്വാൾ (ഇന്നത്തെ ഫ്രാൻസ്‌) അടുത്ത ഘട്ടമായി റോമക്കാർ പിടിച്ചെടുത്തു. ക്രി.മു. 133-ൽ കുറേ കാലത്തെ സമരത്തിനു ശേഷം സ്പെയിനെയും റോമൻ പ്രവിശ്യയാക്കി മാറ്റി.

റോമൻ റിപ്പബ്ലിക്ക്‌ അതിന്റെ പ്രഭാവത്തിന്റെ പരമകാഷ്ഠയിൽ മധ്യധരണ്യാഴിയുടെ നാഥയായി മാറി. കടൽ ഒരു റോമൻ തടാകമായി മാറി എന്നു പറയാവുന്ന തരത്തിൽ അതിനു ചുറ്റുമുള്ള പ്രദേശങ്ങൾ എല്ലാം റോമിനു കീഴിലായിത്തീർന്നു.

യുദ്ധ വിജയ കാരണങ്ങൾ

തിരുത്തുക
 
റൊമാക്കാർ പണിത വീഥികൾ ഇന്നും ഉപയോഗത്തിലിരിക്കുന്നു- അപ്പിയ ആൻറികാ വീഥി

റോമാക്കാരുടെ വിജയങ്ങൾ സുദീർഘമായ കാലയളവിൽ നിലനിന്നിരുന്നു. ഇത് രാജാക്കന്മാരുടെയോ സേനാ നായകന്മാരുടേയോ മാത്രം നേട്ടമായി കരുതാനാവില്ല. മറിച്ച് ഒട്ടനവധി യുദ്ധ തന്ത്രങ്ങളുടെയും അച്ചടക്കത്തിന്റെയും പരിശീലനത്തിന്റെയും ഒക്കെ ഫലങ്ങൾ ആണ്. പ്രധാനകാരണങ്ങൾ ഇങ്ങനെ പ്രതിപാധിക്കാം:-

  • ലീജിയൺ - റോമൻ പട്ടാളക്കാരുടെ അത്ര അച്ചടക്കമുള്ള ഒരു സൈന്യം ലോകത്തു തന്നെ അത്യപൂർവ്വമായിരുന്നു. ഇവരുടെ കാലാൾപ്പടയെ ലീജിയൺ എന്നാണ് വിളിച്ചിരുന്നത്. 27-ൽ പരം ലീജിയണുകൾ ഒരോ സേനാധിപന്മാരുടെ കീഴിൽ ഉണ്ടായിരുന്നു. ഇവർക്കെല്ലം മികച്ച പരിശീലനം ലഭ്യമായിരുന്നു. മറീനുസിന്റെ കാലത്ത് പാവപ്പെട്ട പ്ലീബിയന്മാരെ ധാരാളമായി ഉൾക്കൊള്ളിച്ചു. ഇവർക്കെല്ലം നല്ല ശമ്പളവും 20 വർഷ സേവനവും നൽകി. പിരിഞ്ഞു പോകുന്ന സമയത്ത് നല്ല പ്രതിഫലവും, മരിക്കുന്നവരുടെ ആശ്രിതർക്ക് സ്ഥലവും പണവും നൽകിയിരുന്നു. ഇതെല്ലാം അവരുടെ ആത്മവീര്യം കൂട്ടുന്ന സംഗതികളായിരുന്നു.
  • പാതകൾ - റോമാക്കാർ കീഴടക്കുന്ന സ്ഥലങ്ങളിലെല്ലാം സുഗമമായി ഗതാഗതം ചെയ്യത്തക്കവിധം പാതകളും ഓവുചാലുകളും നിർമ്മിച്ചു. ഇവരുടേ നിർമ്മാണ രീതി കിടയറ്റതാകയാൽ ഇത് വളരെക്കാലം കേടുകൂടാതെ നിലനിന്നിരുന്നു. വലയുടെ കണ്ണികൾ പോലെ കാണുന്ന ഇത്തരം പാതകൾ ഇന്നും പാത നിർമ്മാണത്തിന് മാതൃകയാണ്. ഇത് സുശക്തമായ ഒരു സേനാവിന്യാസത്തിന് വളരെയധികം സഹായിച്ചു. സൈന്യത്തെ പെട്ടെന്ന് ഒരിടത്തേയ്ക്ക് എത്തിക്കാനും ഭീഷണികളെ ചെറുക്കാനും ഇത് സജ്ജമാക്കി. ഈ പാതകളിലെ‍ സഞ്ചാര സ്വാതന്ത്ര്യം വർദ്ധിപ്പിക്കുക വഴി വ്യാപാരം, വാണിജ്യം എന്നീ മേഖലകൾ പെട്ടെന്ന് പുരോഗമിച്ചു. ഇത് നാട്ടുകാരെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു ഘടകം കൂടിയായി. ജനതകൾ പരസ്പരം ബന്ധപ്പെടുവാൻ തുടങ്ങിയത് അവർക്കിടയിലുള്ള അസ്വാരസ്യങ്ങൾ കുറച്ചു അഭ്യന്തര ലഹളകൾ ഫലത്തിൽ ഉടലെടുത്തില്ല.
  • കോളനികൾ - പാതകളിലൂടെ ശത്രുക്കൾക്കും എളുപ്പം കയറിവരാൻ പറ്റുമായിരുന്നു, ഇതിന് പ്രതിവിധിയായി അവർ കോളനികൾ സ്ഥാപിച്ചു. ഇത് ഇന്നത്തെ കോളനികൾ പോലെയല്ല മറിച്ച് കോട്ടകളാൽ സം‍രക്ഷിക്കപ്പെട്ട ആവാസ വ്യവസ്ഥയായിരുന്നു. ഇടക്കെല്ലാം സൈനികരുടെ താവളങ്ങൾ ഉണ്ടായിരുന്നതും പുതുതായി വരുന്നവരെ പരിശോധനകൾക്ക് വിധേയമാക്കിയിരുന്നതും സുരക്ഷ വർദ്ധിപ്പിച്ചു.
  • സൈനികരുടെ പെരുമാറ്റം - സൈനികർ അവർ കീഴടക്കിയ പ്രദേശങ്ങളിലെ ജനങ്ങളോട് അനുഭാവപൂർണ്ണമായി പെരുമാറിയിരുന്നു.(അപവാദങ്ങൾ ഉണ്ട്) അവരെ ബന്ധുക്കളാക്കുകയും ചെയ്തു. അടിച്ചമർത്തൽ ഒരിക്കലും ഉണ്ടായിരുന്ന്നില്ല. ഇക്കാരണത്താൽ‍ അഭ്യന്തര ലഹളകൾ ഉടലെടുത്തതുമില്ല. പരാജിതരെ അടിമകളാക്കാതിരിക്കാൻ പരമാവധി ശ്രദ്ധിച്ചിരുന്നു.
  • ഭിന്നിപ്പിച്ച് ഭരിക്കുക - ഈ തന്ത്രം ലോക പ്രശസ്തമാണ്. ചന്ദ്രഗുപ്ത മൗര്യന്റെ കാലത്തും നെപ്പോളിയൻ, ഈസ്റ്റ് ഇന്ത്യാ കമ്പനി തുടങ്ങിയവരും അനുവർത്തിച്ചിരുന്നതാണീ നയം. ശത്രുക്കൾ മാത്രമല്ല ബന്ധുക്കൾ പോലും ഒന്നിക്കാതിരിക്കാനുള്ള നയതന്ത്രം റോമാക്കാർക്ക് വശമായിരുന്നു. വലിയ രാഷ്ട്രങ്ങളെ ചെറിയ ഭാഗങ്ങളാക്കി ഭിന്നിച്ച് ഒരോന്നായി മെല്ലെ കീഴടക്കുകയായിരുന്നു അവരുടെ പദ്ധതികൾ.

പിടിച്ചെടുത്ത പ്രദേശങ്ങളിലെ ഭരണം

തിരുത്തുക

ഈ പ്രദേശങ്ങൾ എല്ലാം പ്രവിശ്യകളായി തിരിച്ചു. പടിഞ്ഞാറെ അറ്റത്ത്‌ സ്പെയിൻ എസ്പാനിയ, തെക്ക്‌ ആഫ്രിക്ക, മെഡിറ്ററേനിയൻ കടലിൽ കോഴ്സിക്ക, സാൻഡീനിയ, സിസിലി സിസീലിയ, വടക്ക്‌ ഇറ്റലി ഇറ്റാലിയ, ഇല്ലീറിയ, കിഴക്ക്‌ മാസിഡോണിയ, അക്കേയ, ഏഷ്യാ മൈനർ എന്നിവയായിരുന്നു ക്രി.മു. 130-ലെ പ്രധാന പ്രവിശ്യകൾ. ഗവർണർ പ്രവിശ്യകൾ ഭരിച്ചു പോന്നു. ആദ്യമെല്ലാം വർഷം തോറും മാറിയിരുന്ന ഗവർണർ പിന്നീട്‌ മൂന്നു കൊല്ലത്തേക്ക്‌ കാലാവധി ദൈർഘ്യപ്പെടുത്തുകയായിരുന്നു. ഭരണം ആത്യന്തികമായി ഖജനാവ്‌ നിറക്കുക എന്ന ലക്ഷ്യത്തോടെ മാത്രമായിരുന്നു. ഗവർണർമാർ അവരുടെ നിലക്ക്‌ പണക്കാരാവാനും ശ്രമം നടത്തി വന്നു. ഗവർണ്മാരുടെ അഴിമതി വർദ്ധിച്ചപ്പോൾ അതിന്‌ തടയിടാൻ വിചാരണ കോടതികൾ സ്ഥാപിക്കുകയും എന്നാൽ ന്യായാധിപന്മാർ ഉൾപ്പെടെ അഴിമതിക്കാരായിത്തീരുകയും ചെയ്തു. നികുതി പിരിവ്‌ മറ്റുള്ള വ്യവസ്ഥക്കാരെ ഏൽപിച്ചിരുന്നു, അവർ ഇഷ്ടം പോലെ നികുതി പിരിക്കുകയും ഗവർണറെ സന്തോഷിപ്പിക്കുമാറ്‌ ഖജനാവിലേയ്ക്ക്‌ അടയ്ക്കുകയും ചെയ്തു. ഫലത്തിൽ ഗവർണ്ണർമാർ എല്ലാവരും കൊള്ളക്കാരായി തീർന്നു.

എന്നിരുന്നാലും റോമൻഭരണത്തിന്‌ ചില നല്ല വശങ്ങൾ ഉണ്ടായിരുന്നു. പരസ്പരം കലഹിച്ചു സമ്പാദ്യങ്ങൾ ചെലവാക്കിയിരുന്ന രാജ്യങ്ങളെ അവയിൽ നിന്നെല്ലാം മുക്തമാക്കി ഒരേ ഭരണത്തിൻ കീഴിൽ കൊണ്ടുവന്നു. യുദ്ധച്ചെലവുകളും, നാട്ടുകാരുടെ സമയവും രാജ്യ പുരോഗതിക്കായി തിരിച്ചുവിട്ടു. കടൽകൊള്ളക്കാരുടെ ശല്യങ്ങൾക്ക് അറുതി വരുത്തി. നല്ല പാതകളും തുറമുഖങ്ങളും നിർമ്മിച്ചു. കൃഷിയും വ്യവസായവും പുരോഗമിച്ചു. ഗ്രീക്കുകാർക്ക്‌ സ്വയം ഭരണാവകാശം ലഭിക്കുക വഴി അവരുടെ വ്യക്തിത്വം നിലനിർത്താൻ സഹായിച്ചു. മൊത്തത്തിൽ സമാധാനപരമായ അന്തരീക്ഷം സ്ഥാപിക്കപ്പെട്ടു.

റിപ്പബ്ലിക്കിന്റെ പതനവും സാമ്രാജ്യത്തിന്റെ ഉദയവും

തിരുത്തുക
പ്രമാണം:Lazicaandersen.jpg
ഏഷ്യാമൈനറും രാജ്യങ്ങളും റോമൻ റിപ്പബ്ലിക്കിന്റെ പടയോട്ടക്കാലത്ത്

റോമായുദ്ധങ്ങൾ രാഷ്ട്രീയമായി വലിയ പരിവർത്തനങ്ങൾ സൃഷ്ടിച്ചു എങ്കിലും വിശാലമായ ഈ സാമ്രാജ്യം നോക്കി നടത്തുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. ഇതിനു പുറമേ അഴിമതിയും സ്വാർത്ഥതയും ഏറി വന്നു. സാമ്രാജ്യ തലസ്ഥാനമായ റോമാ നഗരം സ്വാർത്ഥതയുടെയും അമിത ഭോഗത്തിന്റെയും ആസ്ഥാനം കൂടിയായിത്തീർന്നു. ചൂഷണവും അഴിമതിയും എല്ലായിടത്തും വിളയാടി. യുദ്ധങ്ങളിൽ സമ്പാദ്യം മുഴുവനും ഹോമിക്കുന്നത്‌ ഇറ്റലിക്കാരും അതിന്റെ ഗുണങ്ങൾ അനുഭവിക്കുന്നത്‌ റോമാക്കാരും ആണെന്നു വന്നതോടെ ഇറ്റലിക്കാരുടെ രോഷം വർദ്ധിച്ചു. റോമാക്കാർ സുഖലോലുപന്മാരായി മറ്റുള്ളവരുടെ പൗരാവകാശങ്ങൾ ഹനിക്കാൻ തുടങ്ങിയതും അവരെ ചൊടിപ്പിച്ചു. റോമൻ പൗരാവാകാശം ഇറ്റാലിയന്മാർക്കും മറ്റുള്ളവർക്കും കൂടി ലഭിക്കുന്നതിനായി അവർ പ്രക്ഷോഭം തുടങ്ങി. റോമാ നഗരത്തിൽ സാമാന്യ ജനങ്ങളും പ്രഭുക്കന്മാരും തമ്മിൽ സംഘർഷമുണ്ടായി. അടിമകളും സമരത്തിൽ പങ്കു ചേർന്നു. ഇത്തരം സമരങ്ങൾ ക്രി.മു 104-ൽ സിസിലിയിൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കി. ക്രി.മു. 73-ൽ സ്പാർട്ടക്കുസ്‌ എന്ന ഒരു അടിമയുടെ നേതൃത്വത്തിൽ എഴുപതിനായിരം അടിമകൾ ലഹള തുടങ്ങി. [8]ഒരു വർഷക്കാലം കോൺസുൾമാരുടെ ഭരണം സ്തംഭിച്ചു. താമസിയാതെ സേനാ നായകന്മാരുടെ ഏകാധിപത്യഭരണം തുടങ്ങി

ഏകാധിപത്യ ഭരണങ്ങൾ

തിരുത്തുക

യുദ്ധങ്ങൾ സർവസാധാരണമായതിനാൽ സൈനികർക്ക് എന്നും ജോലിയുണ്ടായിരുന്നു. സൈനിക സേവനം ഏറ്റവും ശ്രേഷഠവും എല്ലാവരും കാംക്ഷിക്കുന്ന ഒന്നുമായിത്തീർന്നു. റോമൻ സൈന്യത്തിന്‌ എങ്ങുമില്ലാത്ത പ്രാധാന്യം കൈവന്നു. സൈന്യാധിപന്മാർക്ക് കൂടുതൽ ഭരണാധികാരങ്ങളും സിദ്ധിച്ചു. ഇങ്ങനെ ഭരണം സൈന്യാധിപന്മാർ പിടിച്ചടക്കാൻ തുടങ്ങി.

ഗ്രാക്ചുസ് സഹോദരന്മാർ

തിരുത്തുക

എല്ലാ സൈന്യാധിപന്മാരും കൊള്ളരുതാത്തവർ ആയിരുന്നില്ല. ചിലർ സദ്ഗുണ സമ്പന്നന്മാരായിരുന്നു. ഇത്തരത്തിലുള്ളവരിൽ പ്രമുഖരായിരുന്നു ഗ്രാക്ചുസ് സഹോദരന്മാർ (ഗ്രാക്കുസ്). ഇവരുടെ പ്രവേശനം റിപ്പബ്ലിക്കിൽ തരംഗങ്ങൾ സൃഷ്ടിച്ചുവെന്നും അത് തലമുറകൾ നിലനിന്നുവെന്നു പറയപ്പെടുന്നു. [1] ഇവരിൽ മൂത്ത സഹോദരനായ ടൈബീരിയസ് ഗ്രാക്ചുസ് ക്രി.വ. 133-ൽ ട്രിബൂൺ ആയി. പ്രഭുക്കന്മാർ അനാവശ്യമായി കൈയാളിയിരുന്ന ഭൂമി സാമാന്യ ജനങ്ങൾക്ക് വീതിച്ചു കൊടുക്കാൻ അദ്ദേഹം നിയമനിർമ്മാണം നടത്തി. എന്നാൽ റോമൻ സെനറ്റ് ജനങ്ങളെ കയ്യിലെടുത്ത് ടൈബീരിയസിനെതിരെ തിരിച്ചു. താമസിയാതെ അവർ അദ്ദേഹത്തെ വധിച്ചു. എന്നാൽ അദ്ദേഹത്തിന്റെ സഹൂദരൻ ഗയൂസ് ഗ്രാക്ചുസ് ട്രിബൂൺ സ്ഥാനം കൈക്കലാക്കി. ലത്തീൻ വർഗ്ഗത്തിൽ പെട്ട എല്ലാവർക്കും പരിപൂർണ്ണ റോമൻ പൗരാവകാശം നൽകാൻ അദ്ദേഹം പരിശ്രമിച്ചു. വോട്ടവകാശം എല്ലാ പൗരന്മാർക്കും നൽകി. പക്ഷേ റോമൻ സെനറ്റിന് ഇത് നോക്കിയിരുക്കാൻ സാധിച്ചില്ല. ജ്യേഷഠനേപ്പോലെ അനുജനും വധിക്കപ്പെട്ടു.

ഗൈയുസ് മാരിയുസ്

തിരുത്തുക
 
ഗൈയുസ് മാരിയുസ്

താമസിയാതെ റോമാ റിപ്പബ്ലിക്കിന് യുദ്ധത്തെ അഭിമുഖീകരിക്കേണ്ടി വന്നു. ക്രി.മു. 118-ൽ മീഡിയയുടെ രാജാവ് മിശിപസ് മരണമടഞ്ഞപ്പോൾ തക്കം നോക്കി അനന്തരവനും റോമൻ സൈന്യത്തിലെ ഒരു ശക്തനായ യോദ്ധാവുമായ ജുഗുർത്താ അങ്ങോട്ട് കടന്ന് രാജവിന്റെ പുത്രന്മാരെ നിഷ്കാസനം ചെയ്ത് രാജാവായി. പുത്രന്മാർ റോമിന്റെ സഹായം തേടി. ക്രി.മു. 112 മുതൽ 106 വരെ റോമാക്കാർ ജുഗുർത്തായുമായ് യുദ്ധം ചെയ്തെങ്കിലും കൌശലക്കാരനായ ജുഗുർത്താ റോമൻ സൈന്യാധിപന്മാരെ കൈക്കൂലി കൊടുത്ത് പാട്ടിലാക്കി, അങ്ങനെ കാര്യമായ വികാസമൊന്നും യുദ്ധം കൊണ്ടുണ്ടായില്ല. ഇതിന് അറുതി വരുത്തിയത് ഗൈയുസ് മാരിയുസ് എന്ന സൈന്യാധിപൻ ആയിരുന്നു. കൈക്കൂലിക്ക് വശംവദനാകാതെ അദ്ദേഹം ജുഗുർത്തയെ പിടിച്ച് തടങ്കലിലാക്കി. ഇത് അദ്ദേഹത്തെ കോൺസുൾ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കുന്നതിന് സഹായിച്ചു. റോമിൽ തിരിച്ചെത്തുന്നതിനു മുൻപേ ക്രി.മു. 104 -ൽ അദ്ദേഹം കോൺസുളായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് അദ്ദേഹം ഏഴു പ്രാവശ്യം കോൺസുൾ സ്ഥഥനത്തേയ്ക്ക് തിർഞ്ഞെടുക്കപ്പെട്ടു. ഇതോടേ അദ്ദേഹം വർ‍ഷം തോറും കോൺസുൾമാരെ തിരഞ്ഞെടുക്കുന്ന ഏർപ്പാട് നിർത്തലാക്കി. യുദ്ധ രംഗത്ത് മികച്ച നേട്ടങ്ങൾ മാരിയുസ് നേടി. ബാർബേറിയൻ വർഗ്ഗക്കാരായ ടൂട്ടൺ, സിമ്പ്രിയൻ എന്നീ രാജ്യക്കാരെ തോല്പിച്ചു. ഇവർ റോമിന്റെ ഉത്തരപശ്ചിമപ്രദേശങ്ങൾ കൈയടക്കിയിരുന്നു. ആദ്യം വീഴ്ച പറ്റിയ റോമാക്കാർക്ക് മാരിയുസ് ആണ് വിജയം കണ്ടെത്തിക്കൊടുത്തത്. ക്രി.മു. 102-ൽ ടൂട്ടണ്മാരേയും 101-ൽ സിമ്പ്രിയന്മാരേയും തറ പറ്റിച്ചു. സിമ്പ്രിയന്മാർ വൻ ചെറുത്തുനില്പ് നടത്തിൽ. സിമ്പ്രിയന്മാരിലെ വനിതകളും യുദ്ധ രംഗത്തുണ്ടായിരുന്നു. റോമൻ പട്ടാളക്കാരാൽ മാനഹാനി ഭയന്ന് യുദ്ധം തോറ്റപ്പോൾ വനിതകൾ ആത്മാഹുതി ചെയ്യുകയായിരുന്നു.

യുദ്ധങ്ങൾക്കു ശേഷം പിടിക്കപ്പെട്ട രാജ്യം റോമുമായി ചേർക്കുമായിരുന്നെങ്കിലും പൗരന്മാരെ, റോമാക്കാരായി കണക്കാക്കിയിരുന്നില്ല. അവർ ഗ്രാക്ചുസ് സഹോദരന്മാർ ഉയർത്തിവിട്ട പ്രത്യാശകളിൽ അള്ളിപ്പിടിച്ച് പ്രക്ഷോഭം ആരംഭിച്ചു. സാംനെറ്റുകൾ ആണ് ആദ്യം സമരം തുടങ്ങിയത്. ഇറ്റാലിയന്മാരും മറ്റും ഇവരോട് ചേർന്നു. ക്രി.വ. 90 മുതൽ 86 വരെ ഈ പ്രക്ഷോഭം തുടർന്നു. ഇറ്റാലിയന്മാരും ഇതിൽ പങ്കു ചേർന്നു. അവർക്കെല്ലാം റോമൻ പൗരാവകാശം അനുവദിച്ചാണ് സമരം അവസാനിപ്പിച്ചത്.

ലൂസിയുസ് കോർണേലിയുസ് സുള്ള

തിരുത്തുക

ലൂസിയുസ് കോർണേലിയുസ് സുള്ള റോമിന്റെ തന്നെ സൈന്യത്തെ റോമിനെതിരെ ഉപയോഗിച്ച ആദ്യത്തെയാളാണ്. മാരിയുസിനെപ്പോലെ തന്നെ സുള്ളയും റോമിന്റെ പതനത്തിന് ആക്കം കൂട്ടി. ക്രി.വ. 88-ൽ പോണ്ടൂസീലെ മിത്രിദാത്തസ് എന്ന രാജാവ് റോമിന്റെ ഏഷ്യൻ ഭാഗങ്ങൾ ആക്രമിച്ച് 80,000-ത്തോളം പേരെ കൂട്ടക്കൊല ചെയ്തു. അന്ന് സുള്ളയായിരുന്നു കോൺസുൾ. അദ്ദേഹം യുദ്ധത്തിന് ഒരുമ്പെടുമ്പോൾ മാരിയുസും യുദ്ധനേതൃത്വം അവകാശപ്പെട്ടു എന്നാൽ സെനറ്റ് സുള്ളയെയാണ് ഈ ചുമതല ഏല്പിച്ചത്. എന്നാൽ പ്ലീബിയൻ ട്രിബൂണായ സുല്പീസിയുസ് റൂഫുസ് എന്നയാൾ തന്റെ സുഹൃത്തായ മാരിയുസിനെ ഈ ജോലി ഏല്പിക്കണം എന്ന് ശഢിക്കുകയും മാരിയുസിനെ യുദ്ധത്തിനായി അയക്കുകയും ചെയ്തു. സമാധാനപരമായിരുന്നു ഈ പ്രക്രിയകൾ എന്ന് തോന്നാമെങ്കിലും ഒരു പാട് രക്തം അതിനായി ചിന്തപ്പെട്ടു. ഇതിനെത്തുടർന്ന് സുള്ള റോമിലെ ആറ് ലീജിയൺ സേനകളെ തന്നോട് കൂറുള്ളതാക്കി മാറ്റുകയും റോമിലെ നഗരങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. ട്രിബൂൺ സുല്പീസിയുസിനെ വധിച്ചു. എന്നാൽ മാരിയുസ് രക്ഷപ്പെട്ടു. അങ്ങനെ റോം സുള്ളക്കു കീഴിലായി. സുള്ള സൈന്യങ്ങളുടെ സഭയായ കൊമ്മീഷ്യാ സെഞ്ചൂറിയാറ്റയ്ക്ക് അധികാരം കൂടുതൽ നൽകുകയും ട്രിബൂണിന്റേയും മറ്റു സഭകളുടേയും അധികാരം കുറക്കുകയും ചെയ്തു.

ലൂസിയുസ് കോർണേലിയുസ് ചിന്ന

തിരുത്തുക

എന്നാൽ അടുത്ത കോൺസുളായി തിരഞ്ഞെടുക്കപ്പെട്ട ലൂസിയുസ് കോർണേലിയുസ് ചിന്ന മാരിയുസിനോട് സന്ധി ചെയ്തു. മാരിയുസ് തന്റെ ഒളിവ് ജീവിതം അവസാനിപ്പിച്ച് ഒരു വർഷത്തിനു ശേഷം റോമിലേക്ക് വൻ സൈന്യത്തോടെ എത്തിച്ചേർന്നു, വീണ്ടു രക്തരൂക്ഷിതമായ സമരത്തിനു ശേഷം ചിന്നയേയും സഖ്യത്തേയും അധിക്ഷേപിക്കുകയും ചെയ്ത്, തിര‍ഞ്ഞെടുപ്പില്ലാതെ തന്നെ എഴാം പ്രാവശ്യം കോൺസുൾ ആയി സ്ഥാനമേറ്റു. എന്നാൽ രണ്ടാഴ്ചക്കുള്ളിൽ മാരിയുസ് മരണമടഞ്ഞു (ക്രി.മു. 98, ജനുവരി മാസം). [9] സുള്ളയാകട്ടേ മിതിദാത്തസുമായുള്ള യുദ്ധത്തിന് ഗ്രീസിലയിരുന്നു. അതോടേ ചിന്നയായി റോമിന്റെ ഏക കോൺസുൾ. ക്രി.വ. 84 അഭ്യന്തര ലഹളയിൽ ചിന്നയും കൊല്ലപ്പെട്ടു. അതിനു ശേഷം അദ്ദേഹത്തിന്റെ കൂട്ടാളിയായ കോർണേലിയുസ് പീറിയുസ് കാർബോ റോമിന്റെ ഭരണം ഏറ്റെടുത്തു.

സുള്ളയുടെ ഏകാധിപത്യം

തിരുത്തുക

ക്രി.വ 83-ല് മിത്രിദാത്തസിനെ തോൽ‍പിച്ച് സുള്ള മടങ്ങിയെത്തി എന്നാൽ കാർബോ അവരെ റോമിലേയ്ക്ക് അടുക്കാൻ അനുവദിച്ചില്ല. ദീർഘനാളത്തെ യുദ്ധത്തിന്റെ ഫലമായി സുള്ളയുടെ സൈന്യം ശക്തി ക്ഷയിച്ചതിനാൽ ആദ്യം കാര്യമായി ആക്രമിക്കാൻ പറ്റിയില്ല. എന്നാൽ ഒരു വർഷത്തിനുള്ളിൽ റോമിന്റെ സൈന്യത്തെത്തന്നെ ഉപയോഗിച്ച് സുള്ള റോമിനെ കീഴ്പ്പെടുത്തി. 50,000 ത്തോളം പേർക്ക് ജീവഹാനി സംഭവിച്ചു. അങ്ങനെ സുള്ള തന്റെ മുൻ‍ഗാമിയായ മാരിയുസിനേക്കാൾ‍ രക്തച്ചൊരിച്ചിലിൽ ഒട്ടും പിറകിലല്ല എന്ന് തെളിയിച്ചു.

സുള്ള അദ്ദേഹത്തിന് ഇഷ്ടമുള്ളിടത്തോളം രാജ്യം ഭരിക്കാനുള്ള അധികാരം കൈക്കലാക്കി. അദ്ദേഹം ക്രി.മു. 81-ൽ ഭരണം ഏറ്റെടുത്തു. കോൺസുൾമരെ തിരഞ്ഞെടുക്കുന്നത് അവസാനിപ്പിച്ചു, അവർക്ക് സൈന്യത്തിന്റെ മേലുള്ള അധികാരം നിർത്തലാക്കി. മറ്റു സഭകൾക്കും ട്രിബൂണിനുമുള്ള അധികാരങ്ങൾ വെട്ടിക്കുറച്ചു. ക്രി.മു.78-ൽ സുള്ള അന്തരിക്കുന്നതു വരെ റോം സുള്ളയുടെ ഏകാധിപത്യത്തിലായിരുന്നു. സാങ്കേതികമായി റോമൻ റിപ്പബ്ലിക്ക് 50 വർഷത്തോളം കൂടി നിലനിന്നുവെങ്കിലും ഈ സമയം സുള്ള ഔദ്യോഗികമായി അതിന്റെ ചരമക്കുറിപ്പ് എഴുതുകയായിരുന്നു.

 
മഹാനായ പോം‍പേയ്

സുള്ളയ്ക്കു ശേഷം (ത്രിയും‍വരാത്തേ)

തിരുത്തുക

സുള്ളയ്ക്കു ശേഷം മൂന്നു പ്രധാനികൾ റോമിൽ ഉദിച്ചു, ‎ആദ്യത്തെ ത്രിമൂർത്തി ഭരണടം റോമാ നഗരത്തിന്റെ സ്രഷ്ടാവായ റോമുലുസ് ചെന്നായുടെ പാൽ കുടിച്ചാണ് വളർന്നതാ‍യി ആണ് കഥയെങ്കിൽ, ഈ മൂന്നു പേരും ചെന്നായുടെ സ്വഭാവമുള്ളവരായിരുന്നു എന്നാണ് പറയപ്പെടുന്നത്.[2] ഗ്നായേയുസ് പോം‍പേയുസ് മാഗ്നുസ്| (106-48) , ക്രാസ്സുസ് (മ. ക്രി.വ. 53), ഗൈയുസ് ജൂലിയുസ് കേയ്സർ (102-44) എന്നിവരായിരുന്നു അവർ. നാലാമനായി പറയപ്പെടുന്ന ചിചേറോ (106-43) റോമിലെ എക്കാലത്തേയും പ്രശസ്തനായ വാഗ്മി എന്ന നിലയ്ക്കാണ് അറിയപ്പെടുന്നത്. ഇവരെല്ലം തന്നെ റോമിനെ തികച്ചുംഏകാധിപത്യരീതിയിൽ ആണ് ഭരിച്ചത് ഇവർ മൂന്നുപേരും 10 വർഷങ്ങൾ ഇടവിട്ട് കൊല്ലപ്പെടുകയായിരുന്നു. ഈ ത്രിമൂർത്തികളിൽ ഏറ്റവും ശ്രദ്ധേയനായത് ജൂലിയസ് സീസർ ആയിരുന്നു.

പോം‍പേയെ മഹാനായ പോം‍പേയ് എന്നാണ് വിശേഷിപ്പിച്ചിരുന്നത്. അദ്ദേഹം കൂടുതലും ഒരു ഭരണതന്ത്രജ്ഞനായിരുന്നു. അദ്ദേഹത്തിന്റെ കാലത്താണ് അടിമകൾ സ്പാർട്ടക്കുസിന്റെ നേതൃത്വത്തിൽ സമരം ആരംഭിച്ചത്. അത് അടിച്ചമർത്തുന്നതിൽ അദ്ദേഹം വിജയിച്ചു. ക്രി.മു. 82-73 കാലഘട്ടത്തിൽ സ്പെയിനിൽ നേടിയ യുദ്ധവിജയമാണ് അദ്ദേഹത്തിന്റെ കിരീടത്തിലെ ഏറ്റവും ശോഭയുള്ള പൊൻ‍‌തൂവൽ.

(ലത്തീനിലെ ഉച്ചാരണം [ˈgaːjus ˈjuːlius ˈkaɪsar]) ഉന്നതകുലജാതനായ സീസർ (കെയ്സർ), ക്രാസ്സുസും പോം‍പേയുമായി യോജിച്ച് പ്രവർത്തിച്ച് പ്രശസ്തിയിലേക്കു വന്നയാളാണ്. ഈ മൂന്നു പേരും ചേർന്നതാണ് ത്രിയും‍വരാത്തേ (ട്രയം‍വരേറ്റ്) Triumvarate) എന്നറിയപ്പെട്ടിരുന്ന ശക്തികൾ. ഇവരെ നിരസിക്കുവാനുള്ള ശക്തി സെനറ്റിനുണ്ടായില്ല. ജൂലിയുസ് ക്രി.മു. 59-ൽ കോൺസുൾ ആയി തിരഞ്ഞെടുക്കപ്പേട്ടു. നാലു ലീജിയൺ, ഇല്ലിറിക്കം, ഗ്വാൾ എന്നിവയുടെ ഗവർണർ ആയി, പോം‍പേയ് റോമിലെ സെനറ്റിനെ ഭരിച്ചു. ക്രാസ്സുസ് ഏഷ്യയിലെ റോമൻ പ്രവിശ്യയിലും ഭരണം നടത്തി. കെയ്സർ ഗ്വാളിൽ ഉണ്ടായ യുദ്ധങ്ങളിൽ വിജയിച്ചു പ്രശസ്തി നേടി. എന്നാൽ ക്രാസ്സുസ് മറ്റൊരു യുദ്ധത്തിൽ വധിക്കപ്പെട്ടു. പോം‍പേയാകട്ടെ കെയ്സറിന്റെ പ്രശസ്തിയിൽ ഭയന്ന് റോമൻ നാടിവാഴികളുമായിച്ചേർന്ന് അദ്ദേഹത്തിനെതിരായി കരുക്കൾ നീക്കി. ഇതറിഞ്ഞ കെയ്സർ തിരിച്ചു വന്ന്‌ പോം‍പേയെ തോല്പിച്ചോടിച്ചു.ഫർസാലുസ് എന്ന സ്ഥലത്ത് വച്ച് പോം‍പേയുടെ റിപ്പബ്ലിക്കൻ സൈന്യത്തെ സ്പാനിഷ് സൈന്യത്തിന്റെ സഹായത്തോടേ തോൽ‍പിച്ചു. പോം‍പേ ഗ്രീസിൽ അഭയം പ്രാപിച്ചെങ്കിലും അജ്ഞാതനായ ഒരാൾ അദ്ദേഹത്തെ വധിച്ചു. ഫർസാലുസ് യുദ്ധം അന്തിമമായി റോമൻ റിപ്പബ്ലിക്കിന്റെ അവസാനമായി കരുതാം. ഇവിടന്നങ്ങോട്ട് ജൂലിയുസ് കെയ്സറിന്റേയും പിന്നീടങ്ങോട്ട് സ്വേച്ഛാധിപതിമാരുടേയും കാലം അഥവാ രാജാക്കന്മാരുടെ, സാമ്രാജ്യത്വത്തിന്റെ കാലമായിരുന്നു.

സീസർ പ്രതിയോഗികളെയെല്ലാം നിഷ്കരുണം തുടച്ചു നീക്കി കുറേക്കാലം ഭരണം കൈയാളി. ക്ലിയോപാട്രയെ ഈജിപ്തിന്റെ രാജ്ഞിയാക്കി. എന്നാൽ ഇത് സെനറ്റിലെ ചിലരിൽ മുമുറുപ്പ് ഉണ്ടാക്കി. കെയ്സർ റോമിലെ ജനങ്ങൾക്കു വേണ്ടിയല്ല പ്രവർത്തിക്കുന്നത് എന്ന് അവർ പറഞ്ഞു പരത്തി. അവസാനം ഒരു ഗൂഢാലോചനയുടെ ഫലമായി ബ്രൂട്ടസ് എന്ന അദ്ദേഹത്തിന്റെ സുഹൃത്ത് ജൂലിയുസിനെ കുത്തിക്കൊന്നു. [10]

സാമ്രാജ്യത്വത്തിന്റെ ഉദയം

തിരുത്തുക

ത്രിമൂർത്തികളുടെ ഭരണം തന്നെ ഏതാണ് സാമ്രാജ്യത്വരീതിയിലായിരുന്നെങ്കിലും ഒക്റ്റാവിയന്റെ ഭരണം മുതൽക്കാണ് ചരിത്രകാരന്മാർ സാമ്രാജ്യത്വ കാലമായി കണക്കാക്കുന്നത്. ഗൈയുസ് മാരിയുസ്, പോം‍പേ, ജൂലിയുസ് കെയ്സർ എന്നിവർ സെനറ്റിന്റെ അധികാരം ഉപയോഗിച്ച് സ്വേച്ഛാധിപത്യ ഭരണം നടത്തുകയായിരുന്നു എങ്കിൽ ഒക്ടേവിയൻ സെനറ്റിൽ നിന്ന് അധികാരം പൂർണമായ അർത്ഥത്തിൽ പിടിച്ചെടുക്കുകയായിരുന്നു.

ജൂലിയുസ് സീസർ മരിച്ചതോടു കൂടി ഒക്റ്റാവിയൻ ഉടൻ റോമിലെത്തുകയും മാർക്ക് ആൻറണിയും ലെപ്പിഡസുമായി ചേർന്ന് ത്രിമൂർത്തിഭരണത്തിലേർപ്പെട്ടു (Triumvarate). എന്നാൽ ഈ മൂന്നംഗഭരണം തികച്ചും മൃഗീയവും അരാജകത്വം നിറഞ്ഞതുമായിരുന്നു. നിരവധി സെനറ്റ് അംഗങ്ങളും കച്ചവടപ്രമാണിമാരും വധിക്കപ്പെട്ടു. പ്രമുഖ വാഗ്മിയായിരുന്ന സിസെറോയും വധിക്കപ്പെട്ടു. ബ്രൂട്ടസും കാഷ്യസും അടുത്തുള്ള സ്ഥലത്തു നിന്ന് ഒരു റിപ്പബ്ലിക്കൻ സൈന്യത്തെ സംഘടിപ്പിച്ചുകൊണ്ട് റോമിനെതിരെ പോരിനു വന്നെങ്കിലും പ്രസിദ്ധമായ ഫിലിപ്പി യുദ്ധത്തിൽ പരാജയം നേരിട്ട(ക്രി.മു. 42) അവർ ഹതാശരായി അത്മഹത്യ ചെയ്തു.

പിന്നീട് സാമ്രാജ്യം മൂന്നു പേരായി പങ്കിട്ടു ഭരിച്ചു. ഒരു രാഷ്ട്രീയ പ്രതിസന്ധി ഉണ്ടാക്കി എന്നാരോപിച്ച് ലെപ്പിഡസിനെക്കോണ്ട് ഒക്റ്റാവിയൻ രാജി വയ്പ്പിച്ചു. അതോടെ ഒക്ടേവിയന് ആ സ്ഥലങ്ങളുടെ നിയന്ത്രണാധികാരവും കൈവന്നു. മാർക്ക് ആന്റണി, മുൻപ് ജൂലിയസ് സീസറിനെ വശീകരിച്ച ക്ലിയോപാട്രയുടെ വലയിൽ വീണു. റോമിലെ ജനങ്ങൾ ഇതിൽ അതൃപ്തരായി. ഈ ആശങ്കയെ മുതലെടുത്ത ഒക്റ്റാവിയൻ സെനറ്റിനെ പാട്ടിലാക്കി ആൻറണിയെ കോൺസുൾ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു, ക്ലിയോപാട്രയെ ശത്രുവായി പ്രഖ്യാപിച്ച് അവരുമായി യുദ്ധത്തിന് പുറപ്പെട്ടു. ക്രി.മു. 31-ൽ ആക്റ്റിയം എന്ന സ്ഥലത്ത് വച്ച് നടന്ന ചരിത്ര പ്രസിദ്ധമായ യുദ്ധത്തിൽ ഒക്റ്റാവിയൻ ക്ലിയോപാട്രയുടേയും ആൻറണിയുടേയും സേനയെ തോല്പിച്ചു. ഭയന്ന ആൻറണി ആത്മഹത്യ ചെയ്തു. ക്ലിയോപാട്രയാകട്ടേ ആദ്യം ഒക്ടേവിയനെ വശീകരിക്കാൻ ശ്രമം നടത്തുകയും എന്നാൽ പരാജയപ്പെട്ടപ്പോൾ വിഷപ്പാമ്പിനെ പുണർന്ന് മരണം വരിച്ചു.

തിരിച്ചു വന്ന ഒക്റ്റാവിയൻ ക്രി.മു. 29-ൽ റോമാ സാമ്രാജ്യത്തിന്റെ സർവ്വാധിപനായിത്തീർന്നു. റോമാക്കാർ അദ്ദേഹത്തിന് ഇം‍പറാത്തോർ (ഇമ്പറേറ്റർ) (വിജയിയായ സർവ്വസൈന്യാധിപൻ എന്നർത്ഥം എന്നും അഗസ്തുസ് (അഗസ്റ്റസ്) (രാജകീയ പ്രൌഡിയുള്ളവൻ എന്നർത്ഥം) എന്നും സ്ഥാനപ്പേരുകൾ നല്കി. അദ്ദേഹം ചരിത്രകാരന്മാർക്കിടയിൽ അഗസ്റ്റസ് ചക്രവർത്തി എന്നാണ് അറിയപ്പെടുന്നത്. എന്നാൽ അദ്ദേഹം കെയ്സർ (സീസർ) എന്ന തന്റെ കുടുംബപ്പേർ ചേർത്ത് വിളിക്കാനാണ് ഇഷ്ടപ്പെട്ടത്. ജുലിയോ-ക്ലൌഡിയൻ വംശം ഏകദേശം ഒരു നൂറ്റാണ്ടോളം നിലനിന്നു. നീറോവിന്റെ കാലം വരെ അത് കുടുംബപ്പേരായി ഉപയോഗിക്കപ്പെട്ടിരുന്നു എങ്കിലും അതിനുശേഷവും ആ പേർ സ്ഥാനപ്പേരിന്റെ രൂപത്തിൽ ഉപയോഗിക്കാൻ തുടങ്ങി.

ഈ സമയത്ത് സെനറ്റിലെ എല്ലാ അംഗങ്ങളും ഒക്റ്റാവിയന്റ്റെ അണികളായിരുന്നു. എതിർത്ത് ശബ്ദമുയർത്തിയവരെ തത്സമയം തന്നെ കശാപ്പ് ചെയ്തിരുന്നു. അദ്ദേഹം പിന്നീട് പല തവണ രാജി വയ്ക്കുകയും മറ്റൊരു ഭരണാധികാരി ഇല്ലാതെ ഭയന്ന സെനറ്റ് അധികാരങ്ങൾ വാരിക്കോരിക്കൊടുക്കുകയും താമസിയാതെ സെനറ്റ് ഒരു കളിപ്പാവയാകുകയും എല്ലാ അധികാരങ്ങളും എല്ലാ അർത്ഥത്തിലും അഗസ്റ്റസ് സീസർ കൈക്കലാക്കുകയും ചെയ്തു. [11] ചരിത്രത്തിൽ എല്ലാ രാജ്യങ്ങളിലും കണ്ടു വരുന്ന ആവർത്തനം ഇവിടേയും ആവർത്തിക്കപ്പെട്ടു. പിന്നീടുള്ള അഞ്ച് നൂറ്റാണ്ടുകൾ സീസർമാർ റോമിനെ ഭരിച്ചു.

  1. പി.എസ്. വേലായുധൻ. ലോകചരിത്രം-ഒന്നാം ഭാഗം. പത്താം പതിപ്പ്. ഏടുകൾ 130-131; കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, കേരള 1985.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-01-25. Retrieved 2007-02-08.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-01-28. Retrieved 2007-02-08.
  4. "റോമിന്റെ ഭരണ ഷടനയെപറ്റി". Archived from the original on 2011-05-14. Retrieved 2007-02-08.
  5. "റോമൻ ഭരണ സമ്പ്രദായം". Archived from the original on 2008-12-25. Retrieved 2007-02-08.
  6. കോൺസുൾമാരെക്കുറിച്ച് ആൽബെർട്ടാ സർവ്വകലാശാലയിലെ ഓൺ ലൈൻ ലേഖനം
  7. "ടെക്സാസ് സർവ്വകലാശാലയുടെ റോമിനെ പറ്റിയുള്ള വെബ് താൾ". Archived from the original on 2012-01-28. Retrieved 2007-02-08.
  8. സ്പാർട്ടക്കസും അടിമത്തത്തിന്റെ അവസാനവും
  9. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-01-28. Retrieved 2007-02-08.
  10. ജൂനിയുസ് ബ്രൂട്ടുസിന്റെ ജീവ കഥ, ശേഖരിച്ച തിയ്യതി 2007 മാർച്ച് 12
  11. റെസ് ഗെസ്റ്റായെ ഡിവി അഗസ്തി എന്ന താമ്രശാസനങ്ങൾ

കുറിപ്പുകൾ

തിരുത്തുക
  • ^ The twenty years following Sulla's death saw the rise of three men who, if Rome's founders were truly suckled by a she-wolf, surely had within them the stuff of wolves. http://www.roman-empire.net/republic/rep-index.html Archived 2007-01-28 at the Wayback Machine. ശേഖരിച്ച തിയ്യതി 2007 മാർച്ച് 12.
  • ^ The brief emergence and demise of each of the brothers Gracchus (Tiberius in 133 BC, Gaius in 120 BC) onto the scene of Roman politics should send shock waves through the entire structure of the Roman state of such magnitude that their effects would be felt for generations. One believes that around the time of the Gracchus brothers Rome began to think in terms of political right and left, dividing the two factions into optimates and populares. http://www.roman-empire.net/republic/rep-index.html Archived 2007-01-28 at the Wayback Machine. ശേഖരിച്ച തിയ്യതി 2007 മാർച്ച് 12

കൂടുതൽ വിവരങ്ങൾക്ക്

തിരുത്തുക
പുരാതന റോമിന്റെ ചരിത്രം edit
Founding | Roman Kingdom | റോമൻ റിപ്പബ്ലിക്ക് | റോമാ സാമ്രാജ്യം | Western Roman Empire | Byzantine (Eastern Roman) Empire | Decline
"https://ml.wikipedia.org/w/index.php?title=റോമൻ_റിപ്പബ്ലിക്ക്&oldid=4106807" എന്ന താളിൽനിന്ന് ശേഖരിച്ചത്