മതങ്ങളുടെ താരതമ്യപഠനം, മതാന്തരസം‌വാദം എന്നീ മേഖലകളിലെ സംഭാവനകളുടെ പേരിൽ ശ്രദ്ധേയനായ റോമൻ കത്തോലിക്കാ പുരോഹിതനും ദാർശനികനുമായിരുന്നു റെയ്‌മൺ പണിക്കർ (1918 നവംബർ 3 - 2010 ഓഗസ്റ്റ് 26). സ്പെയിനിലെ ബാർസലോണയിലാണ്‌ പണിക്കർ ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് മലബാറിൽ നിന്നു സ്പെയിനിൽ കുടിയേറിയ മലയാളിയായ രാമുണ്ണി പണിക്കരും മാതാവ് കാർമെൻ പണിക്കർ, സ്പെയിനിലെ കാറ്റലൻ ബൂർഷ്വാസി വർഗ്ഗത്തിൽ പെട്ടവളും ആയിരുന്നു. ക്രിസ്തീയവും ഭാരതീയവുമായ ആദ്ധ്യാത്മികതകൾക്കിടയിൽ സമാനതകളും സൗഹൃദത്തിന്റെ അവസരങ്ങളും കണ്ടെത്തുന്നതിൽ പണിക്കർ പ്രത്യേകം താത്പര്യം കാട്ടി.

റെയ്‌മൺ പണിക്കർ
ജനനം
റെയ്‌മണ്ടോ പണിക്കർ അലമനി

(1918-11-03)നവംബർ 3, 1918
ബാർസലോണ, കറ്റലോനിയ, സ്പെയിൻ
മരണം2010 ഓഗസ്റ്റ് 26 (aged 91)
ടാവേർറ്ററ്റ്, കറ്റലോനിയ, സ്പെയിൻ
തൊഴിൽറോമൻ കത്തോലിക്കാ പുരോഹിതൻ, ദൈവശാസ്ത്രജ്ഞൻ, പണ്ഡിതൻ

വിദ്യാഭ്യാസം തിരുത്തുക

ഈശോസഭക്കാരുടെ ഒരു സ്കൂളിലായിരുന്നു പണിക്കരുടെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് ബാർസലോണ സർ‌വകലാശാലയിൽ ഉപരിപഠനത്തിനു ചേർന്ന അദ്ദേഹം സ്പെയിനിൽ ആഭ്യന്തരകലഹം പൊട്ടിപ്പുറപ്പെട്ടപ്പോൾ പഠനം തുടരാനായി ജർമ്മനിയിലെ ബോണിലേയ്ക്കു പോയി. എന്നാൽ പഠനത്തിനിടെ നാട്ടിൽ അവധിയിലെത്തിയപ്പോൾ, രണ്ടാം ലോകമഹായുദ്ധത്തിനു തുടക്കം കുറിച്ചുകൊണ്ട്, ജർമ്മനി പോളണ്ടിനെ ആക്രമിച്ചു. ബോണിലേക്കു മടങ്ങാൻ നിവൃത്തിയില്ലാതായതിനാൽ മാഡ്രിഡ് സർ‌വകലാശാലയിൽ ചേർന്നു പഠനം പുനരാരംഭിച്ച പണിക്കർ, 1946-ൽ തത്ത്വശാസ്ത്രത്തിലും 1958-ൽ രസതന്ത്രത്തിലും ഗവേഷണബിരുദങ്ങൾ നേടി. 1961-ൽ റോമിലെ പൊന്തിഫിക്കൽ ലാറ്ററൻ സർ‌വകലാശാലയിൽ നിന്ന് അദ്ദേഹം ദൈവശാസ്ത്രത്തിലും ഗവേഷണബിരുദം നേടി. തോമസ് അക്വീനാസിന്റെ ദൈവശാസ്ത്രത്തെ ആദിശങ്കരന്റെ ബ്രഹ്മസൂത്രവ്യാഖ്യാനവുമായി താരതമ്യം ചെയ്തു പഠിക്കുകയായിരുന്നു ഈ ഗവേഷണത്തിൽ പണിക്കർ ചെയ്തത്. ദൈവമനുഷ്യസം‌യോഗത്തിന്റെ സാർ‌വലൗകികപ്രതീകമായ ക്രിസ്തു, ക്രിസ്തുമതത്തിന്റേതു മാത്രമായിരിക്കാതെ മുഴുവൻ ലോകത്തിനും അവകാശപ്പെട്ടതാണെന്നും, ക്രൈസ്തവേതരമതങ്ങളിൽ പോലും മറ്റു പേരുകളിൽ അവനെ കണ്ടെത്താമെന്നുമാണ്‌ തന്റെ ഗവേഷണപ്രബന്ധത്തിൽ പണിക്കർ വാദിച്ചത്. 1981-ൽ ഈ പ്രബന്ധം "ഹിന്ദുമതത്തിലെ അറിയപ്പെടാത്ത ക്രിസ്തു" എന്ന പേരിൽ പുസ്തകമായി പ്രസിദ്ധീകരിച്ചു.

ഇന്ത്യ, അമേരിക്ക തിരുത്തുക

1946-ൽ കത്തോലിക്കാപുരോഹിതനായി അഭിഷിക്തനായിരുന്ന പണിക്കർ മാഡ്രിഡ് സർ‌വകലാശാലയിൽ തത്ത്വശാസ്ത്രത്തിന്റെ പ്രൊഫസർ പദവിയും വഹിച്ചിരുന്നു. തുടക്കത്തിൽ അതിതീവ്രകത്തോലിക്കാ യാഥാസ്ഥിതിക ആദർശങ്ങൾ പിന്തുടർന്നിരുന്ന "ഓപ്പസ് ദേയി" (Opus Dei) എന്ന പ്രസ്ഥാനത്തിന്റെ സ്വാധീനത്തിൽ പെട്ടിരുന്ന അദ്ദേഹം പിന്നീട് അതിൽ നിന്ന് മുക്തനായി. 1954-ൽ, തന്റെ വേരുകൾ തേടി ഇന്ത്യയിലെത്തിയ അദ്ദേഹം, മൈസൂർ സർ‌വകലാശാലയിലും ബെനാറസ് ഹിന്ദു സർ‌വകലാശാലയിലും ഭാരതീയ തത്ത്വചിന്ത പഠിച്ചു. ബെനാറസിൽ അദ്ദേഹം, ക്രിസ്തീയ വിശ്വാസത്തിന്റെ പൗരസ്ത്യ മാനങ്ങൾ തേടിയിത്തിയ മറ്റു പല പാശ്ചാത്യസന്യാസിമാരെയും കണ്ടുമുട്ടി. "യൂറോപ്പിൽ നിന്ന് ക്രിസ്ത്യാനിയായി ഇന്ത്യയിലെത്തി, ഹിന്ദുവായി സ്വയം തിരിച്ചറിഞ്ഞ്, ബുദ്ധമതക്കാരനായി തിരിച്ചുപോകുമ്പോഴും തന്റെ ക്രിസ്തീയത ഒട്ടും നഷ്ടപ്പെട്ടില്ല"[൧] എന്നു അദ്ദേഹം പിന്നീട് എഴുതി. 1966-ൽ അദ്ദേഹം ഹാർ‌വാർഡ് ദൈവശാസ്ത്രവിദ്യാലയത്തിൽ വിസിറ്റിങ്ങ് പ്രൊഫസറും 1972-ൽ കാലിഫോർണിയ സർ‌വകലാശാലയിൽ മതപഠനത്തിന്റെ പ്രൊഫസറുമായി. വർഷങ്ങളോളം പണിക്കർ വസന്തകാലം അമേരിക്കയിൽ അദ്ധ്യാപനത്തിലും വർഷത്തിന്റെ ബാക്കി ഭാഗം ഇന്ത്യയിൽ ഗവേഷണത്തിലും കഴിച്ചു.

ടാവേർറ്ററ്റ്, ജീവിതാന്ത്യം തിരുത്തുക

1987-ൽ പണിക്കർ ബാർസലോണയ്ക്കു വടക്കുള്ള മലകളിലെ ടാവേർറ്ററ്റ് എന്ന സ്ഥലത്ത് സംസ്കാരാന്തരപഠനങ്ങൾക്കു വേണ്ടിയുള്ള റെയ്‌മൺ പണിക്കർ വിവേറിയം ഫൗണ്ടേഷൻ എന്ന സ്ഥാപനം തുടങ്ങി. തന്റെ അവശേഷിച്ച ജീവിതകാലം പണിക്കർ ചെലവഴിച്ചത് ടാവേർറ്ററ്റിലാണ്‌. നാല്പതോളം ഗ്രന്ഥങ്ങളും 900-ത്തിലധികം ലേഖനങ്ങളും അദ്ദേഹം രചിച്ചു.

മരിക്കുന്നതിനു ഏതാനും മാസം മുൻപ് സുഹൃത്തുക്കൾക്കയച്ച വിടവാങ്ങൽ സന്ദേശത്തിൽ പണിക്കർ ഇങ്ങനെ എഴുതി:

2010 ജനുവരി മാസത്തിലായിരുന്നു അദ്ദേഹം ഈ സന്ദേശം നൽകിയത്. 2010 ആഗസ്റ്റ് 26-നു റെയ്‌മൺ പണിക്കർ അന്തരിച്ചു.

വിവാഹം തിരുത്തുക

ബ്രഹ്മചര്യനിഷ്ഠയ്ക്കു വിധേയനായിരിക്കേണ്ട കത്തോലിക്കാ പുരോഹിതനായിരുന്നെങ്കിലും റെയ്‌മൺ പണിക്കർ വിവാഹിതനായിരുന്നു. 70 വയസ്സുള്ളപ്പോൾ ഒരു സിവിൽ ചടങ്ങായി നടത്തിയതായി പറയപ്പെടുന്ന ഈ വിവാഹത്തിന്റെ പശ്ചാത്തലവും, പത്നി ആരെന്നതുൾപ്പെടെയുള്ള മറ്റു വിശദാംശങ്ങളും ലഭ്യമല്ല. പൗരോഹിത്യത്തെ ബ്രഹ്മചര്യവുമായി കൂട്ടിക്കുഴയ്ക്കുന്ന സഭാനിയമത്തോടുള്ള പ്രതിക്ഷേധം മാത്രമായിരുന്നു ഈ വിവാഹമെന്ന വിശദീകരണവും ചിലർ മുന്നോട്ടു വച്ചിട്ടുണ്ട്. വിവാഹത്തിനു ശേഷവും പണിക്കർ പുരോഹിതവൃത്തിയിൽ തുടർന്നു.

കുറിപ്പുകൾ തിരുത്തുക

^ "I left Europe as a Christian, I discovered I was a Hindu and returned as a Buddhist without ever having ceased to be Christian."

അവലംബം തിരുത്തുക

  1. "റെയ്‌മൺ പണിക്കർ: സംസ്കാര സമന്വയത്തിന്റെ ദൈവശാസ്ത്രജ്ഞൻ", 2010 സെപ്തംബർ 15-ലെ "സത്യദീപം" വാരികയിലെ കവർ സ്റ്റോറി
  2. "ന്യൂ യോർക്ക് ടൈംസ്" ദിനപത്രം, സെപ്തംബർ 4, 2010, Raimon Panikkar, Catholic Theologian, Is Dead at 91
  3. "ടൈം മാസിക" , സെപ്തംബർ 20, 2010, പുറം.26.
  4. വത്തിക്കാൻ റേഡിയോയിൽ റെയ്‌മൺ പണിക്കരുടെ മരണവാർത്ത[പ്രവർത്തിക്കാത്ത കണ്ണി]
  5. ചില പേരുകൾ; വേരുകളും: ഡോ.റയ്മുണ്ടോ പണിക്കർ, മെഴ്സിഡീസ് പണിക്കർ Archived 2010-10-28 at the Wayback Machine., മലയാള മനോരമ ദിനപത്രത്തിൽ തോമസ് ജേക്കബിന്റെ റിപ്പോർട്ട്.
  6. Panikkar's marriage, അമേരിക്കയിലെ നാഷനൽ കാത്തലിക്ക് റിപ്പോർട്ടറിലെ ലേഖനം
"https://ml.wikipedia.org/w/index.php?title=റെയ്‌മൺ_പണിക്കർ&oldid=3643358" എന്ന താളിൽനിന്ന് ശേഖരിച്ചത്