റാശി എന്ന ചുരുക്കപ്പേരിൽ പ്രസിദ്ധനായ റബൈ ഷോളോ യിത്‌സാക്കി(ഫെബ്രുവരി 22, 1040 – ജൂലൈ 13, 1105), എബ്രായ ബൈബിളിന്റേയും യഹൂദരചനാസംഹിതയായ താൽമുദിന്റേയും ആദ്യത്തെ സമഗ്ര വ്യാഖ്യാനത്തിന്റെ പേരിൽ പ്രസിദ്ധനായ ഫ്രാൻസിലെ ഒരു റബൈ ആയിരുന്നു.

റാശി - പതിനാറാം നൂറ്റാണ്ടിലെ ഒരു ചിത്രീകരണത്തിൽ


ഏതുരചനയുടേയും അർത്ഥം ഹ്രസ്വമായും ലളിതമായും അവതരിപ്പിക്കാനുള്ള റാശിയുടെ കഴിവ് ഏറെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്. തുടക്കക്കാരായ വിദ്യാർത്ഥികളും ഉറച്ച പണ്ഡിതന്മാരും അദ്ദേഹത്തെ ഒരുപോലെ ഇഷ്ടപ്പെടുന്നു. ആധുനികകാലത്തും, യഹൂദരചനകളുടെ പഠനത്തിൽ രാശിയുടെ കൃതികൾ അടിസ്ഥാനസഹായികളായി നിൽക്കുന്നു. താൽമുദിന്റെ എല്ലാ പതിപ്പുകളിലും യഹൂദപഞ്ചഗ്രന്ഥിയായ തോറയുടെ മിക്കവാറും പതിപ്പുകളിലും പ്രത്യക്ഷപ്പെടുന്ന അദ്ദേഹത്തിന്റെ വ്യാഖ്യാനങ്ങൾ, യഹൂദമതത്തിന്റെ അടിസ്ഥാനരചനകളെ സമീപിക്കുന്നവർക്കെല്ലാം ഒഴിച്ചുകൂടാനാവാത്തവയാണ്. ബാബിലോണിയൻ താൽമുദ് മുഴുവൻ അടങ്ങുന്ന അദ്ദേഹത്തിന്റെ വ്യാഖ്യാനം 1520-ലെ ഡാനിയേൽ ബോംബെർഗിന്റെ ആദ്യ അച്ചടി തുടങ്ങി താൽമുദിന്റെ എല്ലാ അച്ചടിപ്പതിപ്പുകളിലും ഉൾപ്പെടുത്തപ്പെട്ടിട്ടുണ്ട്.


ജീവിതം തിരുത്തുക

ജനനം തിരുത്തുക

 
ജർമനിയിൽ വേസിലെ റാശി സിനഗോഗ്

റാശിയുടെ പൂർവികന്മാരുടെ പരമ്പര ഇസ്രായേലിലെ ദാവീദുരാജാവുവരെ നീളുന്നതാണെന്ന് പറയപ്പെടുന്നു. എന്നാൽ തന്റെ അനേകമായ രചനകളിൽ റാശി സ്വയം അത്തരം അവകാശവാദങ്ങളൊന്നും നടത്തിയിട്ടില്ല. അദ്ദേഹത്തിന്റെ പൂർവികത്വത്തെ സംബന്ധിക്കുന്ന ആദ്യത്തെ പ്രധാന റാബൈനികരേഖയും അങ്ങനെ അവകാശപ്പെടുന്നില്ല. [1][2] ഉത്തര ഫ്രാൻസിലെ ഷാംപെയിൻ പ്രദേശത്തെ ട്ര്വാ(Troyes) എന്ന സ്ഥലത്ത് ജനിച്ച റാശി മാതാപിതാക്കന്മാരുടെ ഏകസന്താനമായിരുന്നു. പിതാവ് യിത്സാക്ക് ഒരു മുന്തിരികൃഷിക്കാരനും വീഞ്ഞു നിർമ്മാതാവുമായിരുന്നു. മെയിൻസിലെ യഹൂദസമുദായ നേതാവായ റബൈ ശിമയോൻ റാശിയുടെ മാതൃസഹോദരനായിരുന്നു.[3]

ഐതിഹ്യങ്ങൾ തിരുത്തുക

റാശിയുടെ ജനനത്തെ സംബന്ധിച്ച അനേകം കഥകൾ യഹൂദസ്മൃതിസഞ്ചയത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട്.

ഒരുകഥയനുസരിച്ച് റാശിയുടെ മാതാപിതാക്കന്മാർ വളരെക്കാലം സന്താനരഹിതരായിരുന്നു. ഒരുദിവസം, പാവപ്പെട്ട ഒരു വീഞ്ഞുനിർമ്മാതാവായിരുന്ന അദ്ദേഹത്തിന്റെ പിതാവ് യിത്സാക്കിന്, വിലയേറിയ ഒരു രത്നം കിട്ടി. പള്ളിയിലെ രൂപത്തിന്റെ അലങ്കാരത്തിനുപയോഗിക്കാനായി അത് വാങ്ങാൻ ഒരു മെത്രാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ, അതിഷ്ടമില്ലാതിരുന്ന യിത്സാക്ക് അതിനെ സെയിൻ നദിയിൽ എറിഞ്ഞുകളഞ്ഞു. അതിനുശേഷം വീട്ടിൽ മടങ്ങിയെത്തിയ യിത്സാക്കിനെ ഒരാൾ കാത്തിരിക്കുന്നുണ്ടായിരുന്നു. "വിഗ്രഹാരാധനക്ക് ഉപയോഗിക്കപ്പെടാതിരിക്കാനായി നീ രത്നം നദിയിലെറിഞ്ഞുകളഞ്ഞതുകൊണ്ട്, ദൈവനിയമത്തിന്റെ പ്രകാശം ലോകത്തിൽ പരത്താൻ പോകുന്ന ഒരു പുത്രൻ നിനക്ക് ജനിക്കും" എന്ന് സന്ദർശകൻ യിത്സാക്കിനെ ആറിയിച്ചു. ഈ സന്ദേശവാഹകൻ ഏലിയ പ്രവാചകൻ ആയിരുന്നത്രെ. അടുത്തവർഷം അദ്ദേഹത്തിന് പിറന്ന പുത്രനാണ് റാശി എന്നാണ് കഥ.


മറ്റൊരുകഥയനുസരിച്ച് റാശിയുടെ ജനനത്തിനുകുറേ നാൾ മുൻപ്, യിത്സാക്ക് ഭാര്യാസമേതനായി ജർമ്മനിയിലെ വേംസിലേക്ക് പോയി. അവർ അവിടെയുള്ള ഒരു ചെറിയ സിനഗോഗുമായി സഹകരിച്ച് യഹൂദർവസിക്കുന്ന പ്രദേശത്ത് താമസിച്ച് സന്താനത്തിന്റെ പിറവി കാത്തിരുന്നു. ഒരുദിവസം യിത്സാക്കിന്റെ പത്നി, വീതികുറഞ്ഞ ഒരു വഴിയിലൂടെ സഞ്ചരിക്കുമ്പോൾ, ഇരുവശത്തുനിന്നും ഓരോ വാഹനങ്ങൾ വന്നു. രക്ഷപെടാൻ ഒരുവഴിയും കാണാഞ്ഞ് അവർ വഴിയരികിലെ മതിലിൽ ഉദരം അമർത്തി നിന്നു. അപ്പോൾ കൽഭിത്തി മൃദുത്ത്വം ആർജ്ജിച്ച് അവരെ ഉൾക്കൊണ്ടുവെന്നും അവർക്ക് അപകടമൊന്നും വരുത്താതെ വാഹനങ്ങൾ കടന്നുപോയെന്നുമാണ് കഥ. ഇന്നും വേംസിൽ സന്ദർശകരായെത്തുന്നവർ അവിടത്തെ റാശി ഷുൽ സിനഗോഗിന്റെ ഭിത്തിയിൽ ഒരു ഗർഭിണിയുടെ ഉദരത്തിന്റെ ആകൃതിയിലുള്ള കുഴിവ് കാണാൻ പോകാറുണ്ട്. [4]


ശിശുവായിരുന്ന റാശിയുടെ പരിച്ഛേദനകർമ്മത്തിന് എലിയാ പ്രവാചകൻ സന്നിഹിതനായിരുന്നെന്നും ഒരു ഭിക്ഷക്കാരന്റെ വേഷത്തിൽ എത്തിയ അദ്ദേഹത്തെ റാശിയുടെ പിതാവ് തിരിച്ചറിഞ്ഞെതിനാൽ ശിശുവിനെ കർമ്മത്തിന് കൈകളിൽ വഹിച്ചത് പ്രവാചകൻ തന്നെയായിരുന്നെന്നും മറ്റൊരു കഥയുമുണ്ട്.[5]

വിദ്യാഭ്യാസം, സഞ്ചാരം തിരുത്തുക

അഞ്ചുവയസ്സുള്ളപ്പോൾ, യഹൂദന്മാരുടെ വിളവെടുപ്പുൽസവമായ ഷിവലോട്ടിന്റെ സമയത്ത് പിതാവുതന്നെയാണ് പുത്രന്റെ വേദപഠനത്തിന് തുടക്കം കുറിച്ചത് എന്നു കരുതപ്പെടുന്നു. റാശിയുടെ യൗവനാരംഭത്തിൽ പിതാവ് മരിക്കുന്നതുവരെ അദ്ദേഹം തന്നെയായിരുന്നു ഗുരു. അക്കാലത്തെ യഹൂദവേദവിദ്യാർത്ഥികളുടെ പതിവനുസരിച്ച്, പതിനേഴാമത്തെ വയസ്സിൽ റാശി വിവാഹിതനായി. താമസിയാതെ അദ്ദേഹം ജർമ്മനിയിൽ വേംസിലെ റബൈ യാക്കോവ് ബെൻ യാക്കാറിന്റെ യഹൂദപാഠശാലയിൽ പഠനത്തിനായി പോയി. വർഷത്തിൽ മൂന്നു പ്രാവശ്യം, തിരുനാളുകളുടെ അവസരങ്ങളിൽ ട്ര്വായിലെ കുടുംബം സന്ദർശിച്ചിരുന്നു. 1064-ൽ റബൈ യാക്കോവിന്റെ മരണത്തിനു ശേഷം അദ്ദേഹം വേംസിൽ തന്നെ ബന്ധുവും അവിടത്തെ മുഖ്യറബൈയും ആയിരുന്ന ഐസക്ക് ബെൻ എലയാസർ ഹലേവിയുടെ കീഴിൽ ഒരു വർഷം പഠിച്ചു. തുടർന്ന് സമീപനഗരമായ മെയിൻസിലേക്ക് നീങ്ങിയ റാശി, മറ്റൊരുബന്ധുവായ റബൈ ഐസക്ക് ബെൻ ജൂഡായുടെ കീഴിൽ പഠനം തുടർന്നു. റബൈ ജൂഡാ മെയിൻസിലെ റബൈമാരിൽ പ്രധാനിയും ജർമ്മയിയുടേയും ഫ്രാൻസിന്റേയും ഇടക്കുള്ള ലൊറെയിൻ പ്രദേശത്തെ അറിയപ്പെടുന്ന ദൈവജ്ഞാനികളിൽ ഒരാളുമായിരുന്നു. ഈ പഠനം ഇരുപത്തഞ്ചു വയസ്സിനപ്പുറം വരെ നീണ്ടു എന്നു കരുതപ്പെടുന്നു.


റാശി ഒട്ടേറെ യാത്രചെയ്തിരുന്നതായും യൂറോപ്പും, ഏഷ്യയും, ആഫ്രിക്കയും എല്ലാം ചുറ്റിക്കറങ്ങിയതായും ഒക്കെ കഥകളുണ്ട്. യാത്രകൾക്കിടയിൽ അദ്ദേഹം പ്രഖ്യാതയഹൂദചിന്തകനായ മൈമോനിഡിസിനെ കാണുകയും [ക] യൂറോപ്പിലെ പ്രാഗ് നഗരത്തിൽ വച്ച് വിവാഹിതനാവുകയും ചെയ്തത്രെ.[6] എന്നാൽ റാശിയുടെ യാത്രകൾ ഉത്തര ഫ്രാൻസിലെ സെയിൻ നദിക്കും തെക്കൻ ജർമ്മനിയലെ റൈൻ നദിക്കും ഇടയിലുള്ള പ്രദേശത്ത് ഒതുങ്ങി എന്നാണ് പണ്ഡിതമതം.[7]

ട്ര്വായിൽ തിരികെ തിരുത്തുക

1067-ൽ പഠനം പൂർത്തിയാക്കി ട്ര്വായിൽ മടങ്ങിയെത്തിയ റാശി, അവിടത്തെ റബൈകളുടെ സമൂഹവുമായി സഹകരിച്ചു പ്രവർത്തിച്ച് യഹൂദനിയമസംബന്ധമായ ചോദ്യങ്ങൾ ഉന്നയിക്കുന്നവർക്ക് മറുപടി നൽകാൻ തുടങ്ങി. മുഖ്യറബൈ ആയിരുന്ന സെരാക്ക് ബെൻ അബ്രാഹം മരിച്ചപ്പോൾ, ആ സ്ഥാനത്ത് അവരോധിക്കപ്പെട്ട അദ്ദേഹം താമസിയാതെ ട്ര്വായിൽ ഒരു വേദപാഠശാല തുടങ്ങി. അത്തരം പാഠശാലകൾ 'യെശിവ'കൾ(Yeshiva) എന്നാണ് അറിയപ്പെട്ടിരുന്നത്. റാശിയുടെ പാണ്ഡിത്യവും വ്യാഖ്യാനപാടവവും മൂലം ട്ര്വാ, ലൊറേയിൻ പ്രദേശത്തെ യഹൂദപഠനത്തിന്റെ മുഖ്യകേന്ദ്രമായി മാറി. 'യെശിവ'യിൽ ശിഷ്യന്മാർക്കുമുൻപിൽ നടത്തിയ നടത്തിയ പ്രഭാഷണങ്ങളിൽ നിന്നും അവരുടെ ചോദ്യങ്ങൾക്ക് നൽകിയ മറുപടികളിൽ നിന്നുമാണ് റാശിയുടെ വ്യാഖ്യാനരചനകൾ വികസിച്ചുവന്നതെന്നാണ് പണ്ഡിതന്മാർ കരുതുന്നത്. ആയുഷ്കാലമത്രയും റാശി രചനകളിൽ മുഴുകി.

അദ്ധ്യാപനത്തിനും രചനക്കുമൊപ്പം, പിതാവിനെ പിന്തുടർന്ന്, റാശിയും മുന്തിരികൃഷിയിലും വീഞ്ഞുനിർമ്മാണത്തിലും ഏർപ്പെട്ടിരുന്നെന്നും അതായിരുന്നു അദ്ദേഹത്തിന്റെ ഉപജീവനമാർഗ്ഗം എന്നും കരുതപ്പെടുന്നു. വീഞ്ഞു നിർമ്മാണത്തിൽ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളെപ്പറ്റിയുള്ള വിപുലമായ അറിവ് അദ്ദേഹത്തിന്റെ രചനകളിൽ പ്രകടമാണ്.

കുടുംബം തിരുത്തുക

റാശിക്ക് സന്താനങ്ങളായുണ്ടായിരുന്നത് മൂന്നു പെൺമക്കളായിരുന്നു. യോച്ചെവെദ്, മിറിയം, റേച്ചൽ എന്നീ പേരുകളായിരുന്നു അവർക്ക്. താൽമുദ് പണ്ഡിതന്മാരായി പേരെടുത്ത യുവാക്കളെ വിവാഹം കഴിച്ച അവരിൽ നിന്ന് റാശിയുടെ വിപുലമായ ഒരു വംശപരമ്പര തന്നെയുണ്ടായി. സ്ത്രീകൾക്ക് വിദ്യാഭ്യാസം നിഷിദ്ധമായിരുന്ന അക്കാലത്ത് റാശിയുടെ പെൺമക്കൾ രഹസ്യമായി വേദജ്ഞാനം നേടിയിരുന്നു എന്ന് പറയപ്പെടുന്നു. അമേരിക്കൻ എഴുത്തുകാരി മാഗി ആന്റന്റെ "റാശിയുടെ പെണ്മക്കൾ" എന്ന നോവൽ പരമ്പരയിലെ നായികമാരാണവർ.[8]

ജീവിതാന്ത്യം തിരുത്തുക

റാശിയുടെ ജീവിതത്തിന്റെ അവസാനകാലം അദ്ദേഹത്തിന്റെ നാട്ടിലെ യഹൂദർക്ക് കഷ്ടതയുടെ നാളുകളായിരുന്നു. 1096-ൽ ലൊറേയിനിലൂടെ കടന്നുപോയ ഒന്നാം കുരിശുയുദ്ധത്തിന്റെ സൈന്യം അനേകം യഹൂദരെ കൊന്നൊടുക്കുകയും യഹൂദസമൂഹങ്ങളെ ഒന്നോടെ പിഴുതെറിയുകയും ചെയ്തു. വേംസിൽ കുരിശുയോദ്ധാക്കൾ കൊന്നവരിൽ റാശിയുടെ ഗുരു റബൈ ഐസക്ക് ബെൻ എലയാസർ ഹലേവിയുടെ മൂന്നു മക്കളും ഉൾപ്പെട്ടു.[ഖ] ഈ കൊലകളിലും, കയ്യേറ്റങ്ങളിലും, ലൊറേയിനിലെ പേരുകേട്ട യഹൂദവേദപാഠശാലകളുടെ നാശത്തിലും മനംനൊന്ത് റാശി അനേകം വിലാപഗാനങ്ങൾ എഴുതി. അവയിൽ ചിലതൊക്കെ യഹൂദർ പ്രത്യേക അവസരങ്ങളിൽ ഇന്നും ആലപിക്കാറുണ്ട്.


ഏതായാലും, ആ കാലഘട്ടം കൊടുത്ത ദുരിതങ്ങൾ റാശിയുടെ വ്യാഖ്യാനരചനകളിൽ നിഴൽവീഴ്ത്തിയിട്ടില്ല. ദുരിതപൂർണ്ണമായ ആ നാളുകളിൽ ഇത്രയേറെ രചനകൾ റാശിയിൽ നിന്നുണ്ടായി എന്നതുതന്നെ ഒരത്ഭുതമായി ചൂണ്ടിക്കാണിക്കപ്പെടാറുണ്ട്.[9]


1105-ൽ റാശി സമാധാനമായി മരിച്ചു.

സംഭാവനകൾ തിരുത്തുക

ഗ്രന്ഥഭാഗങ്ങളെ പുനരാഖ്യാനം ചെയ്യാൻ ശ്രമിക്കുന്നതിനുപകരം ഓരോ ഭാഗത്തിന്റേയും യുക്തിഘടനയും വാക്കുകളുടെ അർത്ഥവും ക്ഷമാപൂർവം വിശദീകരിക്കുന്ന വ്യാഖ്യാനരീതിയാണ് റാശി സ്വീകരിച്ചത്. ബാബിലോണിയൻ താൽമുദ് ഏതാണ്ട് മുഴുവനായി അദ്ദേഹം ഈ രീതിയിൽ വ്യാഖ്യാനിച്ചു. ദുർഗ്രഹമായ ഭാഗങ്ങളുടെ അർത്ഥം നിത്യജീവിതത്തിൽ നിന്നുള്ള ഉദാഹരണങ്ങൾ സഹിതം അദ്ദേഹം വിശദീകരിച്ചു. ബുദ്ധിമുട്ടുള്ള വാക്കുകളുടേയും പ്രയോഗങ്ങളുടേയും അർത്ഥം റാശി, ഫ്രഞ്ച് ഭാഷയിൽ കൊടുത്തുവെന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. തന്റെ വ്യാഖ്യാനങ്ങളിൽ ഏതാണ്ട് മൂവ്വായിരത്തിലേറെ തവണ അദ്ദേഹം ഇങ്ങനെ ചെയ്തിട്ടുണ്ടെന്നും ആ ഭാഗങ്ങൾ പഴയ ഫ്രഞ്ച് ഭാഷയിലെ രണ്ടായിരത്തോളം വാക്കുകൾ ഉൾക്കൊള്ളുന്നുവെന്നും കണക്കാക്കപ്പെട്ടിരിക്കുന്നു. പിൽക്കാല പണ്ഡിതന്മാർക്ക് പഴയ ഫ്രഞ്ച് ഭാഷയുടെ പദസമ്പത്തിലേക്കും ഉച്ചാരണത്തിലേക്കും ഒരു ജാലകം തുറന്നിടുകയാണ് അതുവഴി റാശി ചെയ്തത്.[6]

 
റാശിയുടെ പഞ്ചഗ്രന്ഥി വ്യാഖ്യാനത്തിന്റെ ഒരു ആധുനികപരിഭാഷയുടെ വാല്യങ്ങൾ


ദിനവൃത്താന്തത്തിലെ ഗ്രന്ഥങ്ങളൊഴിച്ച് എബ്രായബൈബിളിലെ മറ്റെല്ലാ ഗ്രന്ഥങ്ങളുടേയും വ്യാഖ്യാനവും റാശി നിർവഹിച്ചിട്ടുണ്ട്. ഇവയുടെ ശൈലി അതീവലളിതമാണ്. ഗ്രന്ഥഭാഗത്തിന്റെ സാമാന്യമായ അർത്ഥം ബുദ്ധിയുള്ള ഒരു അഞ്ചുവയസ്സുകാരൻ കുട്ടിക്കുപോലും മനസ്സിലാകുന്ന വിധമാണ് അദ്ദേഹം വ്യാഖ്യാനം നിർവഹിച്ചത് എന്ന് പറയപ്പെടുന്നു.[10]

 
"റാശി-ലിപിയിൽ" എബ്രായ അക്ഷരമാല മുഴുവൻ[വലത്തുനിന്ന് ഇടത്തോട്ട്]

റാശിയുടെ വ്യാഖ്യാനങ്ങളുമായി ബന്ധപ്പെട്ട് പിൽക്കാലങ്ങളിൽ റാശി ലിപി എന്നൊരു എബ്രായ അച്ചടി ലിപി തന്നെ ജനസമ്മതി നേടി. ഈ ലിപി റാശിയുടെ സൃഷ്ടിയൊന്നുമല്ല. ഇതുപയോഗിച്ച് അച്ചടിക്കപ്പെട്ട റാശിയുടെ കൃതികളുടെ പ്രചാരം ആ ലിപിക്കുതന്നെ പ്രചാരം നേടിക്കൊടുത്തതുകൊണ്ടാണ് അതിന് ആ പേരു കിട്ടിയത്.


യഹൂദപണ്ഡിതനായ റാശിയുടെ ബൈബിൾ വ്യാഖ്യാനങ്ങൾ ക്രൈസ്തവലോകത്തേയും സ്വാധീനിച്ചിട്ടുണ്ട്. മദ്ധ്യയുഗങ്ങളുടെ അവസാനകാലത്തെ പ്രമുഖ ക്രൈസ്തവവേദപുസ്തകവ്യാഖ്യാതാക്കളിൽ ഒരാളായിരുന്ന ഫ്രാൻസിസ്കൻ സന്യാസി, ലൈരായിലെ നിക്കോളാസ് റാശിയുടെ വ്യാഖ്യാനങ്ങളെ ഗണ്യമായ ആശ്രയിച്ചുട്ടുണ്ട്. നവോത്ഥാനകാലത്ത് ജർമ്മൻ ഭാഷയിലേക്കുള്ള തന്റെ ബൈബിൾ പരിഭാഷയിൽ മാർട്ടിൻ ലൂഥർ നിക്കോളാസിനെ ആശ്രയിക്കുകമൂലം, ആധുനിക ക്രിസ്തീയ ബൈബിളുകളിലും റാശിയുടെ സ്വാധീനം കടന്നുവന്നിട്ടുണ്ട് എന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. [6]

തൽ‌മൂദിനെക്കുറിച്ചുള്ള വിവരണം തിരുത്തുക

തൽ‌മൂദിനെക്കുറിച്ച് സമഗ്രമായ ആദ്യത്തെ വ്യാഖ്യാനം റാശി എഴുതി. തൽ‌മൂദിലെ മുഴുവൻ ഉള്ളടക്കങ്ങളെയും കുറിച്ചുള്ള തന്റെ അറിവ് രേഖപ്പെടുത്തിയ റാശിയുടെ വ്യാഖ്യാനം, ഓരോ തൽ‌മൂദിക് ഭാഗങ്ങളുടെയും വാക്കുകളെക്കുറിച്ചും യുക്തിസഹമായ ഘടനയെക്കുറിച്ചും പൂർണ്ണമായ വിശദീകരണം നൽകാൻ ശ്രമിക്കുന്നു. മറ്റ് വ്യാഖ്യാതാക്കളിൽ നിന്ന് വ്യത്യസ്തമായി, റാശി വാചകത്തിന്റെ ഏതെങ്കിലും ഭാഗം ഖണ്ഡികയിലാക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നില്ല, പക്ഷേ വാചകം ഉപയോഗിച്ച് വാചകം വ്യക്തമാക്കുന്നു. മിക്കപ്പോഴും അദ്ദേഹം കൃത്യതയില്ലാത്ത വാചകത്തിൽ വിരാമചിഹ്നം ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, "ഇത് ഒരു ചോദ്യമാണ്"; "അദ്ദേഹം ഇത് ആശ്ചര്യത്തോടെയാണ് പറയുന്നത്", "അദ്ദേഹം ഇത് ഉടമ്പടിയിൽ ആവർത്തിക്കുന്നു."

 
തൽ‌മൂദിന്റെ ആദ്യകാല അച്ചടി (തഅനിത് 9 ബി); വലത് നിരയുടെ ചുവടെയുള്ള റാശിയുടെ വ്യാഖ്യാനം ഇടത് നിരയിലേക്ക് കുറച്ച് വരികൾ തുടരുന്നു.

തനാഖിനെക്കുറിച്ചുള്ള തന്റെ വ്യാഖ്യാനത്തിലെന്നപോലെ, റാശി തന്റെ കാലത്തെ തൊഴിലുകൾ, കരകൗശലങ്ങൾ, കായികം എന്നിവയുമായി സാമ്യമുള്ള വാചകത്തിന്റെ അർത്ഥം പതിവായി ചിത്രീകരിക്കുന്നു. തന്റെ കാലത്തെ സംസാരിക്കുന്ന ഫ്രഞ്ച് ഭാഷയിലേക്ക് ബുദ്ധിമുട്ടുള്ള എബ്രായ അല്ലെങ്കിൽ അരാമിക് വാക്കുകൾ അദ്ദേഹം വിവർത്തനം ചെയ്യുന്നു. പിൽക്കാല പണ്ഡിതന്മാർക്ക് പഴയ ഫ്രഞ്ചിന്റെ പദാവലിയിലും ഉച്ചാരണത്തിലും ഒരു ജാലകം നൽകി.

തൽ‌മൂദിന്റെ ശരിയായ പാഠം സ്ഥാപിക്കുന്നതിൽ റാശി നിർണ്ണായക സ്വാധീനം ചെലുത്തി. അദ്ദേഹത്തിന്റെ പ്രായം വരെ, ഓരോ തൽ‌മൂദിക് ലഘുലേഖയുടെയും പാഠങ്ങൾ കൈകൊണ്ട് പകർത്തി യെശിവകളിൽ പ്രചരിപ്പിച്ചു. ചിലപ്പോൾ ഒരു പകർപ്പവകാശക്കാരൻ വാക്കുകൾ മാറ്റും, മറ്റ് സമയങ്ങളിൽ ഒരു വിദ്യാർത്ഥിയുടെ നാമമാത്ര കുറിപ്പുകൾ പ്രധാന വാചകത്തിൽ ഉൾപ്പെടുത്തും. തുടങ്ങിയ പിശകുകൾ പലപ്പോഴും സംഭവിച്ചിരുന്നു. ട്രോയിസിലെ മഹത്തായ മേളകളിൽ പങ്കെടുക്കാൻ യഹൂദ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ധാരാളം വ്യാപാര-പണ്ഡിതന്മാർ ഉള്ളതിനാൽ, ടോസെഫ്റ്റ, ജറുസലേം തൽ‌മൂദ്, മിഡ്രാഷ്, താർഗും, ജിയോണിമിന്റെ രചനകൾ എന്നിവയിലെ വ്യത്യസ്ത കൈയെഴുത്തുപ്രതികളും വായനകളും താരതമ്യം ചെയ്യാനും ഏതൊക്കെ വായനകളാണ് മുൻഗണന നൽകേണ്ടതെന്ന് നിർണ്ണയിക്കാനും റാഷിക്ക് കഴിഞ്ഞു. എന്നിരുന്നാലും, തന്റെ വിനയത്തിൽ, തന്നോട് വിയോജിച്ച പണ്ഡിതന്മാരെ അദ്ദേഹം മാറ്റി നിർത്തി. ഉദാഹരണത്തിന്, ചുലിൻ 4 എ യിൽ, ഒരു വാക്യത്തെക്കുറിച്ച് അദ്ദേഹം അഭിപ്രായപ്പെടുന്നു. "ഞങ്ങൾ ഇത് വായിക്കുന്നില്ല. എന്നാൽ ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം ഇതാണ് വിശദീകരണം ..."

വിലയിരുത്തൽ തിരുത്തുക

റാശിയെ തുടർന്നുവന്ന നൂറ്റാണ്ടിൽ അരിസ്റ്റോട്ടിലിന്റെ തത്ത്വചിന്തയെ മോശെയുടെ നിയമങ്ങളുമായി സമന്വയിപ്പിച്ച് യഹൂദചിന്തക്ക് പുതിയ വഴിത്തിരിവ് കൊടുത്ത മൈമോനിഡിസിനെപ്പോലെ റാശി തത്ത്വചിന്തയിൽ അഭിരമിച്ചില്ല. ഒരുതരത്തിലും അദ്ദേഹം ദാർശനികനായിരുന്നില്ല. [7]നൂറ്റാണ്ടുകൾ കൊണ്ട് സ്വരുക്കൂട്ടിയ സിനഗോഗിന്റെ വിജ്ഞാനമായിരുന്നു അദ്ദേഹത്തിന്റെ ബലം. ആധുനികയഹൂദരചനകളിൽ റാശി പരാമർശിക്കപ്പെടുന്നത്, പേരെടുത്തുപറയേണ്ട ആവശ്യമില്ലാത്തതിനാൽ, കേവലം 'വ്യാഖ്യാതാവ്' എന്ന പേരിലാണ്.[7]

ആധുനികബൈബിൾ വിമർശനത്തിന്റെ അംഗീകൃത മാനങ്ങൾ വച്ചുനോക്കിയാൽ താൻ പരിഗണിച്ച കൃതികളോടുള്ള റാശിയുടെ സമീപനം അശാസ്ത്രീയമായിരുന്നു എന്ന് തോന്നിയേക്കാം. എന്നാൽ വളച്ചുകെട്ടില്ലാതെ വ്യക്തതയോടെയുള്ള റാശിയുടെ രചനകൾ അദ്ദേഹത്തെ റാബൈനികസാഹിത്യത്തിലെ മഹാപ്രതിഭയും എല്ലാ വിഭാഗം യഹൂദർക്കും പ്രിയപ്പെട്ടവനുമാക്കി. അദ്ദേഹത്തിന്റെ രചനകളുടെ നിസ്സംശയമായ യഹൂദത്വമാണ് അവയുടെ മങ്ങാത്ത യശസ്സിന്റെ രഹസ്യം.[6]

കുറിപ്പുകൾ തിരുത്തുക

ക.^ 1105-ൽ റാശി മരിച്ച് മുപ്പതുകൊല്ലം കഴിഞ്ഞ് 1135-ലാണ് മൈമോനിഡിസ് ജനിച്ചതുതന്നെ.

ഖ.^ കുരിശുയോദ്ധാക്കളുടെ നേതാവായിരുന്ന ബുളിയനിലെ ഗോഡ്ഫ്രൈ റാശിയുടെ സുഹൃത്തായിരുന്നെന്ന് പറയപ്പെടുന്നു. [7]

അവലംബം തിരുത്തുക

  1. Hurwitz, Simon (1938). The Responsa of Solomon Luria. New York, New York. pp. 146–151. {{cite book}}: Cite has empty unknown parameter: |coauthors= (help)CS1 maint: location missing publisher (link)
  2. Einsiedler, David (1992). "Can We Prove Descent from King David?". Avotaynu: The International Review of Jewish Genealogy. VIII (3(Fall)): 29. Retrieved 2008-06-11. {{cite journal}}: Cite has empty unknown parameter: |coauthors= (help)
  3. "Index to Articles on Rabbinic Genealogy in Avotaynu: The International Review of Jewish Genealogy". Avotaynu: The International Review of Jewish Genealogy. Retrieved 2008-06-11.
  4. Liber, pages 38-39
  5. Rashi, The King of Jewish Bible Commentators - http:///www.jewishmag.com/18MAG/RASHI/rashi.htm
  6. 6.0 6.1 6.2 6.3 Rashi, Jewish Encyclopedia - http://www.jewishencyclopedia.com/view.jsp?letter=R&artid=121
  7. 7.0 7.1 7.2 7.3 Encyclopedia, Britanica 1911-ലെ പതിപ്പ് - http://www.bible-researcher.com/rashi.html
  8. Rashi's Daughters - http://www.rashisdaughters.com/
  9. Jewish America - RASHI: Year 4800, 1040 Common Era - http://www.jewishamerica.com/ja/timeline/rashi.cfm Archived 2009-02-17 at the Wayback Machine.
  10. Mordechai Menashe Laufer. "רבן של ישראל (Hebrew)".

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

 
വിക്കിചൊല്ലുകളിലെ റാശി എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=റാശി&oldid=3808000" എന്ന താളിൽനിന്ന് ശേഖരിച്ചത്