എബ്രായബൈബിളിലെ ആദ്യഖണ്ഡമായ "പഞ്ചഗ്രന്ഥി" അഥവാ 'തോറ'-യുടെ നിലവിലുള്ള പാഠത്തിന്റെ ഉത്ഭവത്തെ വിശദീകരിക്കാൻ 18, 19 നൂറ്റാണ്ടുകളിലെ പണ്ഡിതന്മാർ നടത്തിയ ശ്രമത്തിന്റെ ഫലമാണ് രേഖാ പരികല്പന (Documentary Hypothesis). മോശെയുടെ പേരിൽ അറിയപ്പെടുന്ന പഞ്ചഗ്രന്ഥിയിലെ പുസ്തകങ്ങൾ, സ്വതന്ത്രവും, അവയിൽ തന്നെ സമ്പൂർണ്ണവും, ഒന്നൊന്നിനു സമാന്തരവുമായിരുന്ന പൂർവരേഖകൾ സമന്വയിപ്പിച്ച്, സംശോധകരുടെ ഒരു പരമ്പര രൂപപ്പെടുത്തിയതാണ് എന്നാണ് ഈ പരികല്പന. മൂലരേഖകളുടെ എണ്ണം നാല് ആയിരുന്നെന്നാണ് സാധാരണ പറയാറ്. എന്നാൽ ഈ സംഖ്യ, രേഖാപരികല്പനയുടെ അവശ്യഘടകമല്ല. ജർമ്മൻ പണ്ഡിതനായ ജൂലിയസ് വെൽഹാവ്സന്റെ പേരു പിന്തുടർന്ന്, "വെൽഹാവ്സൺ പരികല്പന" എന്നു കൂടി ഈ സിദ്ധാന്തത്തിനു പേരുണ്ട്. ഇത് ആദ്യമായി മുന്നോട്ടു വച്ചത് വെൽഹാവ്സൻ ആയിരുന്നില്ലെങ്കിലും ഇതിന്റെ പൊതുവേ സ്വീകാര്യത കിട്ടിയ അന്തിമരൂപം അദ്ദേഹത്തിന്റെ സംഭാവനയാണ്.[1]

രേഖാപരികല്പനയുടെ ചിത്രീകരണം.
* മിക്കവാറും ലേവ്യരുടെ പുസ്തകം മുഴുവൻ ഉൾപ്പെടുന്നു
ആവർത്തനപ്പുസ്തകം ഏതാണ്ട് മുഴുവൻ ഉൾപ്പെടെ
"ആവർത്തനചരിത്രം": ജോഷ്വാ; ന്യായാധിപന്മാർ; 1,2 സാമുവേൽ, 1, 2 രാജാക്കന്മാർ

പരികല്പന

തിരുത്തുക

പഞ്ചഗ്രന്ഥിയുടെ ലഭ്യമായ പാഠത്തിലെ പൊരുത്തക്കേടുകൾക്ക് പരമ്പരാഗതവ്യാഖ്യാനം നൽകിയിരുന്ന വിശദീകരണങ്ങൾ സ്വീകരിക്കാൻ മടിച്ച 18, 19 നൂറ്റാണ്ടുകളിലെ ബൈബിൾ പണ്ഡിതന്മാരിൽ ചിലർ, കൂടുതൽ തൃപ്തികരമായ വിശദീകരണത്തിന് ആധുനികമായ സ്രോതനിരൂപണരീതി (Source criticism) പിന്തുടർന്നു. ഒരേ സംഭവത്തിന്റെ പൂർണ്ണമായും ഒത്തുപോകാത്ത ഒന്നിലേറെ വിവരണങ്ങൾ പഞ്ചഗ്രന്ഥിയിൽ പലയിടങ്ങളിലും ഉള്ളതായി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ലോകസൃഷ്ടിയുടേയും, അബ്രാഹവുമായുള്ള ദൈവത്തിന്റെ ഉടമ്പടിയുടേയും, പത്തുകല്പനകളുടേയും, മരുഭൂമിയിൽ വെള്ളത്തിനായി മോശെ പാറയിൽ അടിക്കുന്നതിന്റെയും മറ്റും സമാന്തരാഖ്യാനങ്ങൾ ഇതിനുദാഹരണമാണ്.[2]

ഇവയെ അടിസ്ഥാനമാക്കിയുള്ള അന്വേഷണം, സ്വതന്ത്രവും, അവയിൽ തന്നെ സമ്പൂർണ്ണവും, പലപ്പോഴും പരസ്പരം പൊരുത്തപ്പെടാത്തവയുമായ ഒന്നിലേറെ രേഖകളിൽ നിന്നുള്ള തെരഞ്ഞെടുപ്പുകൾ തുന്നിച്ചേർത്ത് രൂപെപ്പെടുത്തിയതാണ് പഞ്ചഗ്രന്ഥിയുടെ നിലവിലുള്ള പാഠം എന്ന നിഗമനത്തിലാണ് എത്തിച്ചേർന്നത്. ഇന്നു ലഭ്യമായ പാഠത്തെ, അതു രൂപപ്പെടുന്നതിനു നൂറ്റാണ്ടുകൾ മുൻപ് എഴുതപ്പെട്ടതും തിരിച്ചറിയാവുന്നതുമായ മൂലരേഖകളായി വിഭജിക്കാമെന്ന് അവർ വാദിച്ചു. പത്തൊൻപതാം നൂറ്റാണ്ടിലുടനീളം നടന്ന ഈ ആശയത്തിന്റെ വികാസത്തിനൊടുവിൽ, മൂലസ്രോതസ്സുകൾ നാലായിരുന്നെന്നും അവയെ സംശോധകന്മാരുടെ ഒരു പരമ്പര ഇന്നത്തെ രൂപത്തിൽ സമന്വയിപ്പിക്കുകയായിരുന്നെന്നും ഉള്ള നിലപാട് പൊതുവേ സ്വീകാര്യമായി.[3] നാലു രേഖകളിൽ ഏറ്റവും പഴയതായ യഹോവീയ (Jahwist) രേഖയുടെ കാലം ക്രി.മു. പത്താം നൂറ്റാണ്ടായിരിക്കുമ്പോൾ, ഇലോഹീയ (Elohist), നിയമാവർത്തക (Deuteronomist), പുരോഹിത (Priestly) രേഖകൾ ക്രി.മു. 8 മുതൽ 6 വരെ നൂറ്റാണ്ടുകളിലേതായി കരുതപ്പെടുന്നു. ഇവയുടെ അന്തിമസമന്വയത്തിലൂടെ ഇപ്പോൾ നിലവിലുള്ള പാഠം രൂപപ്പെട്ടത് ക്രി.മു. ആറാം നൂറ്റാണ്ടിലോ അഞ്ചാം നൂറ്റാണ്ടിലോ ആയിരിക്കാം. ഈ രേഖകൾ അവയുടെ ജർമ്മൻ പേരുകളുടെ ആദ്യാക്ഷരങ്ങൾ അനുസരിച്ച് J, E, D, P എന്നിങ്ങനെയാണ് സാധാരണ പരാമർശിക്കപ്പെടാറ്.

നാലു രേഖകൾ

തിരുത്തുക

യഹോവീയം

തിരുത്തുക

പഞ്ചഗ്രന്ഥിയിൽ ആദ്യത്തേതായ ഉല്പത്തിപ്പുസ്തകം യഹോവ, ഇലോഹിം എന്നിങ്ങനെ രണ്ടു ദൈവനാമങ്ങൾ ഉപയോഗിക്കുന്നു എന്ന കണ്ടെത്തലിനെ തുടർന്നുള്ള അന്വേഷണത്തിലാണ് യഹോവീയ, ഇലോഹീയ പാരമ്പര്യങ്ങൾ തിരിച്ചറിഞ്ഞത്. തുടർന്ന് യഹോവീയ രേഖയുടെ ഖണ്ഡങ്ങൾ പഞ്ചഗ്രന്ഥിയിലെ പുറപ്പാട്, സംഖ്യ എന്നീ പുസ്തകങ്ങളിലും കണ്ടെത്തി. ദൈവത്തിന്റെ മാനവീകരണം(anthropomorphism), വിശ്വസ്തർക്ക് ഭൂമിയും, സന്താനസമൃദ്ധിയും, അനുഗ്രഹങ്ങളും വാഗ്ദാനം ചെയ്യുന്ന ദൈവം, യൂദയാ രാജ്യത്തെ കേന്ദ്രീകരിച്ചുള്ള പുരാവൃത്തം എന്നിവ ഈ രേഖയിലെ ആഖ്യാനത്തിന്റെ സവിശേഷതകളാണ്.[4]

യഹോവീയരേഖയുടെ കർത്താവ് ക്രി.മു. പത്താം നൂറ്റാണ്ടിൽ യെരുശലേമിൽ കൊട്ടാരത്തിലെ പരിജനങ്ങൾക്കിടയിലെ ഒരു വനിത ആയിരുന്നിരിക്കാമെന്ന് പ്രഖ്യാത സാഹിത്യവിമർശകൻ ഹാരോൾഡ് ബ്ലൂം വാദിച്ചിട്ടുണ്ട്. സാറാ, റെബേക്കാ, റാഹേൽ, താമാർ തുടങ്ങിയ സ്ത്രീകഥാപാത്രങ്ങളുടെ ചിത്രീകരണത്തിൽ യഹോവീയരേഖ കാട്ടുന്ന ഉദാത്തസംവേദനവും ആ നായികമാർക്ക് നൽകിയിരിക്കുന്ന പ്രാധാന്യവുമാണ് അദ്ദേഹത്തെ ഈ നിഗമനത്തിലേക്കു നയിച്ചത്.[൧] ഈ രേഖ മതപരമോ, ചരിത്രപരമോ ആയ ലക്ഷ്യങ്ങളോടെ എഴുതപ്പെട്ടതല്ലെന്നും സാഹിത്യഭാവനയാണ് അതിനു പിന്നിൽ പ്രവർത്തിച്ചതെന്നും ബ്ലൂം കരുതി. സാഹിത്യസൃഷ്ടി എന്ന നിലയിൽ യഹോവീയ രേഖ ഹോമറുടേയും, ഷേയ്ക്ക്സ്പിയറുടേയും, ടോൾസ്റ്റോയ്‌യുടേയും രചനകൾക്ക് ഒപ്പം നിൽക്കുമെന്നും, ഈ രേഖയ്ക്കു മാത്രമായി ഡേവിഡ് റോസൻബർഗ്ഗ് നിർവഹിച്ച പരിഭാഷയോടൊപ്പം പ്രസിദ്ധീകരിച്ച പഠനത്തിൽ ബ്ലൂം വാദിച്ചു.[5]

ഇലോഹീയം

തിരുത്തുക

യഹോവീയ പാരമ്പര്യത്തോടൊപ്പം ഉല്പത്തിപ്പുസ്തകത്തിൽ തന്നെയാണ് ഇതും ആദ്യം തിരിച്ചറിയപ്പെട്ടത്. ഉല്പത്തിയിൽ 'ഇലോഹിം' എന്ന ദൈവനാമം ഉപയോഗിക്കുന്ന ചില ഭാഗങ്ങൾ ഇലോഹീയ സ്രോതസ്സിൽ പെട്ടതല്ലെന്നും, ഇലോഹീയ പാരമ്പര്യം പഞ്ചഗ്രന്ഥിയിലെ ഇതരഗ്രന്ഥങ്ങളിലും ഉണ്ടെന്നും പിന്നീടു വ്യക്തമായി. ഉത്തര ഇസ്രായേലിൽ ഉത്ഭവിച്ചതായി കരുതപ്പെടുന്ന ഈ രേഖയിലെ ആഖ്യാനത്തിന്റെ പശ്ചാത്തലം മിക്കവാറും ഉത്തരദേശമാണ്. മനുഷ്യരുമായുള്ള സമ്പർക്കത്തിൽ ഇതിലെ ദൈവം സ്വപ്നങ്ങളും സന്ദേശങ്ങളും ഉപയോഗിക്കുന്നു. പ്രവചനങ്ങൾക്കും ഇതിൽ പ്രാധാന്യമുണ്ട്.[6] യഹൂദായേക്കാൾ ഇസ്രായേലിനും, അഹറോനിയ പൗരോഹിത്യത്തിനുപരി ലേവായപുരോഹിതർക്കും ഈ രചന പ്രാധാന്യം കല്പിക്കുന്നു. ഇസഹാക്കിനെ ബലികഴിക്കാനായുള്ള അബ്രാഹമിന്റെ യാത്ര,[൨] മോശെ ഈജിപ്തിനുമേൽ വരുത്തുന്ന ബാധകൾ, അഹറോനും സ്വർണ്ണം കൊണ്ടുള്ള കാളക്കുട്ടിയും, സ്വപ്നങ്ങളെ വ്യാഖ്യാനിക്കുന്ന ജോസഫ് എന്നിവ ഇലോഹീയ പാരമ്പര്യത്തിന്റെ ഭാഗമാണ്.[7]

നിയമാവർത്തകം

തിരുത്തുക

പഞ്ചഗ്രന്ഥിയിലെ അന്തിമഗ്രന്ഥമായ നിയമാവർത്തനം ആണ് ഈ പാരമ്പര്യത്തിൽ പ്രധാനമായും ഉൾപ്പെടുന്നത്. യൂദയായിൽ ക്രി.മു. ഏഴാം നൂറ്റാണ്ടിന്റെ അന്തിമപാദത്തിൽ യഹോവപക്ഷീയമായ മതനവീകരണത്തിനു നേതൃത്വം കൊടുത്ത ജോസിയാ രാജാവിന്റെ കാലത്ത്, ദേവാലയത്തിന്റെ അറ്റകുറ്റപ്പണികൾക്കിടയിൽ ക്രി.മു. 622-ൽ കണ്ടുകിട്ടിയതായി രാജാക്കന്മാരുടെ രണ്ടാം പുസ്തകത്തിൽ പറയുന്ന "നിയമഗ്രന്ഥം", ഈ രേഖയുടെ പൂർവരൂപം ആയിരുന്നിരിക്കാം. യെരുശലേം ഒഴിച്ചുള്ള സ്ഥലങ്ങളെ കേന്ദ്രീകരിച്ചുള്ള ദൈവാരാധനയുടെ നിരോധനം നിയമാവർത്തക പാരമ്പര്യത്തിന്റെ ഒരു മുഖ്യസ്വഭാവമാണ്. അബ്രാമും യാക്കോബും സെച്ചെമിലും, ബെഥേലിലും മാമ്രേയിലും ബലിവേദികൾ നിർമ്മിക്കുന്നതായി ഇതരപാരമ്പര്യങ്ങളിലെ പെട്ട ആഖ്യാനങ്ങൾ പറയുന്നതിനാൽ, മുൻപാരമ്പര്യങ്ങളിൽ ഈ വിലക്ക് ഉണ്ടായിരുന്നില്ല എന്നു വ്യക്തമാണ്.[1]

എബ്രായബൈബിളിൽ, നിയമാവർത്തക പാരമ്പര്യത്തിന്റെ സ്വാധീനം പഞ്ചഗ്രന്ഥിയിൽ മാത്രമല്ല ഉള്ളത്. പഞ്ചഗ്രന്ഥിയിലെ അവസാനത്തേതായ നിയമാവർത്തനപ്പുസ്തകത്തെ തുടർന്നു വരുന്ന ഗ്രന്ഥങ്ങളിലെ യഹൂദചരിത്രത്തിലും നിയമാവർത്തനപാരമ്പര്യത്തിലെ ചരിത്രവീക്ഷണം (Deuteronomist History) കാണാം.

പുരോഹിതം

തിരുത്തുക

ബാബിലോണിലെ പ്രവാസത്തിലും പ്രവാസാനന്തരവും രൂപപ്പെട്ടതായി കരുതപ്പെടുന്ന ഈ രേഖ ഇസ്രായേല്യരുടെ ആരാധനാവിധികൾക്കും അനുഷ്ടാനങ്ങൾക്കും പ്രാധാന്യം കല്പിക്കുന്നു. അതിനാൽ, ഈ രേഖയിൽ പെട്ട് ഉല്പത്തിയിലും മറ്റും കാണുന്ന ആഖ്യാനങ്ങളിൽ, സാബത്ത്, അഗ്രചർമ്മഛേദനം, പാനഭോജനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിഷ്ഠകളുടെ വിശദീകരണങ്ങൾ കാണാം. പെസഹാ ആചരണം, പുരോഹിതന്മാരുടെ അഭിഷേകവും വസ്ത്രവിധികളും, ദൈവകൂടാരവും അതിന്റെ ചമയങ്ങളും എന്നിവയൊക്കെ ഇതിൽ വിശദീകരിക്കപ്പെടുന്നു. ജനനേതാവായ മോശെയ്ക്ക് ഇതര രേഖകൾ കൊടുക്കുന്ന പ്രാധാന്യം ഇതിൽ നൽകിയിരിക്കുന്നത് പുരോഹിതനായ അഹറോനാണ്. ഇതിലെ ദൈവം മാനവീകരിക്കപ്പെടാത്ത അതീതശക്തിയാണ്. പഞ്ചഗ്രന്ഥിയിൽ ഏറ്റവും അധികമുള്ളത് പുരോഹിതപാരമ്പര്യത്തിൽ പെട്ട ആഖ്യാനമാണ്. പൗരോഹിത്യവും ആരാധനാവിധിയുമായി ബന്ധപ്പെട്ട പഞ്ചഗ്രന്ഥിയിലെ ലേവ്യരുടെ പുസ്തകം ഏതാണ്ട് മുഴുവനായി പുരോഹിതപാരമ്പര്യത്തിൽ പെട്ടതാണ്. പഞ്ചഗ്രന്ഥിയുടെ തുടക്കം തന്നെ ഉല്പത്തിപ്പുസ്തകത്തിൽ പുരോഹിതപാരമ്പര്യത്തിൽ പെട്ട സൃഷ്ടിവിവരണവുമായാണ്. വ്യത്യസ്തനിലപാടുകളിൽ നിന്നുള്ള ഉൽപ്പത്തിയിലെ രണ്ടു സൃഷ്ടിവിവരണങ്ങളിൽ ആദ്യത്തേതാണിത്. രണ്ടാമത്തെ വിവരണം യഹോവീയ പാരമ്പര്യത്തിൽ നിന്നുള്ളതാണ്.[8]

അന്തിമസമന്വയം

തിരുത്തുക

മൂലരേഖകളുടെ അന്തിമസമന്വയത്തിലൂടെ പഞ്ചഗ്രന്ഥിയ്ക്ക് ഇന്നു നിലവിലുള്ള രൂപം നൽകിയതും പുരോഹിതപാരമ്പര്യമാണ്. ആ പാരമ്പര്യത്തിൽ പെട്ട സൃഷ്ടിവിവരണവുമായി ഉല്പത്തിപ്പുസ്തകത്തിൽ തുടങ്ങുന്ന പഞ്ചഗ്രന്ഥി, അതേ പാരമ്പര്യത്തിന്റെ ആശ്രയത്തിൽ മോശെയുടെ മരണാഖ്യാനത്തോടെ നിയമാവർത്തനത്തിൽ സമാപിക്കുന്നത് ഇതിനു തെളിവാണ്.

നാലു മൂലരേഖകൾക്ക് യഹോവീയം, ഇലോഹീയം, നിയമാവർത്തകം, പുരോഹിതം എന്ന 'JEDP' പൂർവാപരക്രമം നിർദ്ദേശിച്ചത് ജൂലിയസ് വെൽഹാവ്സൻ ആയിരുന്നു. ഇസ്രായേലിയ ധാർമ്മികതയുടെ വികാസത്തിന്റെ മുഖ്യസ്വഭാവമായി അദ്ദേഹം കരുതിയ പൗരോഹിത്യാധികാരത്തിന്റെ വളർച്ചയുടെ ഭൂമികയിൽ പഞ്ചഗ്രന്ഥിയെ പ്രതിഷ്ഠിക്കുകയാണ് അതുവഴി വെൽഹാവ്സൻ ചെയ്തത്. മൂലരേഖകൾക്ക് വെൽഹാവ്സൻ നിർദ്ദേശിച്ച പശ്ചാത്തലം ഏതാണ്ട് ഇപ്രകാരമായിരുന്നു:

രേഖാനാമം ചുരുക്കപ്പേര് ഉത്ഭവപശ്ചാത്തലം
യഹോവീയം J ക്രി.മു. 950-നടുത്ത് തെക്ക്, യൂദയാ രാജ്യത്ത്
ഇലോഹീയം E ക്രി.മു. 850-നടുത്ത് വടക്കൻ ഇസ്രായേൽ രാജ്യത്തെ സമരിയായിൽ
നിയമാവർത്തകം D ക്രി.മു. 600-നടുത്ത്, മതനവീകരണങ്ങളുടെ കാലത്ത് യെരുശലേമിൽ
പുരോഹിതം P ക്രി.മു. 500-നടുത്ത്, ബാബിലോണിൽ പ്രവാസികളായിരുന്ന യഹൂദപുരോഹിതർ എഴുതി
സമന്വയം(Redaction) R
  • യഹോവീയ-ഇലോഹീയ (JE) സമന്വയം;
  • യഹോവീയ-ഇലോഹീയ-നിയമാവർത്തക (JED) സമന്വയം;
  • യഹോവീയ-ഇലോഹീയ-നിയമാവർത്തക-പുരോഹിത (JEDP) സമന്വയത്തിൽ ക്രി.മു. 450നടുത്ത് അന്തിമപാഠത്തിന്റെ പിറവി

സ്വീകാര്യത

തിരുത്തുക

ഇരുപതാം നൂറ്റാണ്ടിൽ പൊതുവേ സ്വീകാര്യത നിലനിർത്തിയ ഈ പരികല്പനയ്ക്ക്, നൂറ്റാണ്ടറുതിക്കാലത്ത് മറ്റു മാതൃകകളുടെ വെല്ലുവിളിയിൽ ബലക്ഷയം സംഭവിച്ചെങ്കിലും, അതിന്റെ പദാവലികളും ഉൾക്കാഴ്ചകളും, പഞ്ചഗ്രന്ഥിയുടെ ഉല്പത്തിയെ സംബന്ധിച്ച പുതുസിദ്ധാന്തങ്ങളുടെ പോലും ചട്ടക്കൂടായി തുടരുന്നു.[9]

കുറിപ്പുകൾ

തിരുത്തുക

^ ആദത്തിന്റെ സൃഷ്ടിവിവരണത്തിന്റെ ആറിരട്ടി ദൈർഘ്യത്തിൽ ഹവ്വായുടെ സൃഷ്ടി വിവരിക്കുന്നത് ഇതിനുദാഹരണമായി ബ്ലൂം ചൂണ്ടിക്കാട്ടുന്നു.[10] യഹോവീയരേഖയിൽ നായികമാരല്ലാതെ നായകന്മാരില്ല എന്നും അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. ദൈവത്തിനു പോലും ഇതിൽ നായകസ്ഥാനമില്ല.

^ ബലിയുടെ കഥയ്ക്കു ശേഷം ഈലോഹിയ ആഖ്യാനത്തിൽ അബ്രാഹമിന്റെ പുത്രൻ ഇസഹാക്ക് പ്രത്യക്ഷപ്പെടുന്നില്ല. ഇസഹാക്ക് ബലികഴിക്കപ്പെടുക തന്നെ ചെയ്തു എന്നാണ് ഇലോഹീയ പാരമ്പര്യത്തിലെ സൂചന. വള്ളിച്ചെടികൾക്കിടയിൽ നിന്നു കിട്ടിയ ആട്ടിൻകുട്ടിയെ ഇസഹാക്കിനു പകരം ബലിചെയ്തതായുള്ള വിശദാംശം പുരോഹിതരേഖയിലേതാണ്.[7]

  1. 1.0 1.1 The Cambridge Companion to the Bible (പുറങ്ങൾ 36-38)
  2. "Who wrote the 5 books of Moses". Archived from the original on 2011-06-04. Retrieved 2011-06-12.
  3. "A Basic Vocabulary of Biblical Studies For Beginning Students: A Work in Progress, Fred L. Horton, Kenneth G. Hoglund, and Mary F. Foskett, Wake Forest University, 2007". Archived from the original on 2010-04-07. Retrieved 2011-06-11.
  4. "J", Oxford Companion to the Bible (പുറം 338)
  5. The Book of 'J', Harold Bloom & David Rosenberg
  6. "E", Oxford Companion to the Bible (പുറം 173)
  7. 7.0 7.1 "Elohist". Archived from the original on 2016-03-10. Retrieved 2011-06-12.
  8. Paths of Faith, John A Hutchinson (പുറം 334)
  9. Wenham, Gordon "Pentateuchal Studies Today", Themelios 22.1 (October 1996)
  10. The Satirist, Genesis Is Good Literature – Bloom’s Book of J
"https://ml.wikipedia.org/w/index.php?title=രേഖാപരികല്പന&oldid=3827697" എന്ന താളിൽനിന്ന് ശേഖരിച്ചത്