രാഷ്ട്രീയ ബാൽ സ്വാസ്ഥ്യ കാര്യക്രമം (RBSK)

ദേശീയ ആരോഗ്യ മിഷൻ‍ നടപ്പാക്കുന്ന പദ്ധതിയാണ് രാഷ്ട്രീയ ബാല സ്വാസ്ഥ്യ കാര്യക്രം. കേരളത്തിൽ ഇത് വിദ്യാലയ ആരോഗ്യപദ്ധതിയുടെ വിപുലീകരിച്ച രൂപമായി നടപ്പാക്കുന്നു. 18 വയസ്സിന് താഴെയുള്ള കുട്ടികളിൽ സാധാരണയായി കണ്ടുവരുന്ന 30 ആരോഗ്യപ്രശ്‌നങ്ങളെ കാലേകൂട്ടി കണ്ടുപിടിക്കുന്നതിനുളള വിദഗ്ദ്ധ പരിശോധനയും തുടക്കത്തിൽ തന്നെയുള്ള ചികിത്സയും പരിചരണവും നൽകുന്നതിനുളള നൂതനമായ പദ്ധതിയാണിത്. നവജാത ശിശുക്കളിൽ ജൻമനാൽ ഉണ്ടാകുന്ന ജനനവൈകല്യങ്ങൾക്ക് ശസ്ത്രക്രിയ ഉൾപ്പെടെയുളള വിവിധ ചികിത്സകൾ ഇതിന്റെ ഭാഗമാണ്. ആരോഗ്യപ്രശ്നത്തിന്റെ സ്വഭാവമനുസരിച്ച് പൊതുജനാരോഗ്യ കേന്ദ്രങ്ങളിലേക്കും ജില്ലാതല ആശുപത്രികളിൽ പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന ഡിസ്ട്രിക്ട് ഏർളി ഇന്റർവെൻഷൻ സെന്ററുകളിലേയ്ക്കും അസുഖത്തിന്റെ സ്ഥിരീകരണത്തിനും തുടർചികിത്സയ്ക്കുമായി റെഫർ ചെയ്യുന്നു. ഈ കേന്ദ്രങ്ങളിൽനിന്ന് ആവശ്യമെങ്കിൽ വിദഗ്ദ്ധചികിത്സാകേന്ദ്രങ്ങളിലേക്കും റെഫർ ചെയ്യുന്നു.[1]

ഈ പദ്ധതി പ്രകാരം സൗജന്യചികിത്സയും തുടർനടപടികളും ലഭിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ

തിരുത്തുക

ജനനവൈകല്യങ്ങൾ (Defects at Birth)

തിരുത്തുക
  1. ന്യൂറൽ ട്യൂബ് ഡിഫക്ട് (Neural Tube Defect)
  2. ഡൗൺ സിൻഡ്രോം (Down Syndrome)
  3. മുറിച്ചുണ്ട് (Cleft lip)
  4. .അണ്ണാക്കിലെ വിടവുകൾ (Palate/Cleft Palate alone)
  5. കാല്പാദവൈകല്യങ്ങൾ – Talipes (Club foot)
  6. അരക്കെട്ടിനുണ്ടാകുന്ന വികാസവൈകല്യം (Developmental Pysplasia of the Hip)
  7. .ജന്മനാ ഉള്ള തിമിരം (Congenital Cataract)
  8. ജന്മനാ ഉള്ള കേൾവിക്കുറവ് (Congenital Deafness)
  9. ജന്മനാ ഉള്ള ഹൃദ്രോഗം (Congenital Heart Diseases)
  10. Retinopathy of Pre maturity (മാസം തികയാതെ പ്രസവിക്കുന്നതുകൊണ്ട് കണ്ണിലെ റെറ്റിനയ്ക്കുണ്ടാകുന്ന തകരാറുകൾ)

ന്യൂനതകൾ (Deficiencies)

തിരുത്തുക
  1. വിളർച്ചയും ഗുരുതരമായ അനീമിയയും
  2. വൈറ്റമിൻ എ-യുടെ കുറവ് (Bitot Spot)
  3. വൈറ്റമിൻ ഡി-യുടെ കുറവ് (Rickets)
  4. ഗുരുതരമായ പോഷകാഹാരക്കുറവ്
  5. തൊണ്ടവീക്കം (Goiter)

ശൈശവരോഗങ്ങൾ (Childhood Diseases)

തിരുത്തുക
  1. ത്വഗ്രോഗങ്ങൾ (Scabies, Fungal Infection and Eczema)
  2. ചെവിക്കുള്ളിലെ അണുബാധ (Otitis Media)
  3. റുമാറ്റിക്ക് ഹൃദ്രോഗം (Rhumatic Heart Disease)
  4. പല്ലിലെ പോട് (Dental caries)
  5. ജന്നിരോഗങ്ങൾ (Convulsive Disorders)

വളർച്ചയിലെ കാലതാമസവും വൈകല്യങ്ങളും (Developmental delays and Disabilities)

തിരുത്തുക
  1. കാഴ്ചക്കുറവ്
  2. കേൾവിക്കുറവ്
  3. ചലനവൈകല്യങ്ങൾ (Neuro-Motor impairment, Motor delay)
  4. ബുദ്ധിപരമായ വികാസത്തിലുള്ള കാലതാമസം (Cognitive Delay)
  5. ഭാഷാപരമായ വികാസത്തിലുള്ള കാലതാമസം (Language Delay)
  6. ഓട്ടിസം
  7. പഠനവൈകല്യം (Learning Disorder)
  8. എ.ഡി.എച്ച്.ഡി (Attention Deficit Hyperactivity Disorder)
  9. Congenital Hypothyroidism, സിക്കിൾ സെൽ അനീമിയ, ബീറ്റാ തലസീമിയ

സർക്കാർമേഖലയിൽ പ്രവർത്തിക്കുന്ന ആശുപത്രികൾവഴിയും മെഡിക്കൽ കോളേജുകളും ശ്രീ ചിത്ര അടക്കമുളള ആശുപത്രികളും വഴിയും ഇത്തരത്തിൽ കുട്ടികൾക്ക് ശസ്തക്രിയ ഉൾപ്പെടെയുളള വലിയ ചെലവേറിയ വിവിധ ചികിത്സാസേവനങ്ങൾ തികച്ചും സൗജന്യമാണ്. നവജാതശിശുക്കളിൽ ജൻമനാ ഉണ്ടാകുന്ന ജനിതകരോഗങ്ങൾക്ക് ശസ്ത്രക്രിയ ഉൾപ്പെടെയുളള വിവിധ ചികിത്സകൾ സൗജന്യമാണ്.

നവജാതശിശുക്കളെ ഡോക്ടർമാരും അനുബന്ധ ആരോഗ്യപ്രവർത്തകരും പൊതുജനാരോഗ്യകേന്ദ്രങ്ങളിലും ആറ് ആഴ്ചവരെ പ്രായമായ കുഞ്ഞുങ്ങളെ ജൂനിയർ പബ്ലിൿ ഹെൽത്ത് നഴ്സ് (JPHN), ജൂനിയർ ഹെൽത്ത് ഇൻസ്പെക്റ്റർ (JHI) മുതലായവർ വീടുകളിൽ വന്നും ആറ് ആഴ്ച മുതൽ 18 വയസ്സ് വരെ പ്രായമുളള കുട്ടികളെ സ്‌കൂൾ ഹെൽത്ത് നഴ്സു‌മാർ അങ്കണവാടിയിൽവച്ചും സ്‌കൂളിൽവച്ചും പരിശോധിക്കുന്നു. ആരോഗ്യപ്രശ്‌നം കണ്ടെത്തുന്ന കുട്ടികളെ വിവിധ ആരോഗ്യകേന്ദ്രങ്ങളിലേയ്ക്കും ആവശ്യമെങ്കിൽ അവിടെനിന്നും വിദഗ്ദചികിത്സ ലഭ്യമാകുന്ന കേന്ദ്രങ്ങളിലേയ്ക്കും റഫർ ചെയ്യുന്നു.

ആർ.ബി.എസ്.കെ. പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്ന, വളർച്ചയും വികാസവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളും വൈകല്യങ്ങളുമുളള, ജനനം മുതൽ 18 വയസ്സുവരെയുളള കുട്ടികളെ പരിശോധിക്കാനും സമയാധിഷ്ഠിതമായി മെച്ചപ്പെട്ട ചികിത്സ നൽകാനും ജില്ലാതല ആശുപത്രിയിൽ പ്രവർത്തിക്കുന്ന നൂതനമായ സ്ഥാപനമാണ് ഡിസ്ട്രിക്ട് ഏർളി ഇന്റർവെൻഷൻ സെന്റർ(1/ജില്ലയിൽ ഒന്നുവീതം).

ഡിസ്ട്രിക്ട് ഏർളി ഇന്റർവെൻഷൻ സെന്റർ (DEIC)

തിരുത്തുക

കുട്ടികളുടെ വളർച്ചയും വികാസവുമായി സംബന്ധിക്കുന്ന ആരോഗ്യപ്രശ്നങ്ങളെയും വൈകല്യങ്ങളെയും കാലേകൂട്ടി തിരിച്ചറിയാനും ഫലപ്രദമായ ചികിത്സയും സേവനങ്ങളും ലഭ്യമാക്കാനുമായി എല്ലാ ജില്ലയിലും ആർ.ബി.എസ്.കെ. പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ നൂതന സംവിധാനമാണ് ഡിസ്ട്രിക്റ്റ് ഏർളി ഇന്റർവെൻഷൻ സെന്റർ (ഡി.ഇ.ഐ.സി). സ്‌പെഷ്യലിസ്റ്റുകളായ ശിശുരോഗവിദഗ്ദ്ധർ, ഡെന്റൽ സർജൻ, ഫിസിയോതെറാപ്പിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഓഡിയോളജിസ്റ്റ്, സ്‌പെഷ്യൽ എഡ്യൂക്കേറ്റർ, ഒപ്റ്റോമെട്രിസ്റ്റ്, ഡെന്റൽ ഹൈജിനിസ്റ്റ് തുടങ്ങിയ വിദഗ്ദ്ധരായ ജീവനക്കാരെ ഓരോ ഡി.ഇ.ഐ.സി. യിലും നിയമിച്ചിട്ടുണ്ട്.

ആശുപത്രിയിൽനിന്നു റഫർ ചെയ്ത കുഞ്ഞുങ്ങൾക്കു ഡി.ഇ.ഐ.സി. യിൽനിന്നു വേണ്ട ചികിത്സ നൽകി പരിചരിക്കുന്നു. ഈ കുഞ്ഞുങ്ങളെ തുടർനിരീക്ഷണം നടത്തുന്നു. ആവശ്യമെങ്കിൽ സ്‌പെഷ്യാലിറ്റി ഹെൽത്ത് സെന്ററിലേയ്ക്ക് റെഫർ ചെയ്യുന്നു.

സേവനങ്ങൾ

തിരുത്തുക
  1. ജനനം മുതൽ 18 വയസ്സുവരെയുളള, വൈകല്യങ്ങളുളള കുട്ടികളെ ഈ സ്ഥാപനങ്ങളിലേക്കു റെഫർ ചെയ്യുമ്പോൾ വിദഗ്ദ്ധപീഡിയാട്രീഷ്യനും മെഡിക്കൽ ഓഫീസറും സമഗ്രമായ പരിശോധന നടത്തുന്നു. തുടർന്ന് ആവശ്യാനുസരണം സ്ഥാപനത്തിലെ വിദഗ്ദ്ധരുടെ സമീപത്തേക്കു ചികിത്സയ്ക്കായി അയയ്ക്കുന്നു.
  2. കേൾവിക്കുറവുളള കുഞ്ഞുങ്ങൾക്ക് ഓഡിയോളജിസ്റ്റിന്റെയും സ്പെഷ്യൽ എഡ്യൂക്കേറ്ററുടെയും സേവനം ലഭ്യമാക്കുന്നു. ഈ കുട്ടികൾക്ക് ആഴ്ചതോറുമോ മാസംതോറുമോ തുടർചികിത്സ വേണ്ടിവരും. ഈ ചികിത്സ എല്ലാംതന്നെ പരിപൂർണ്ണമായി സൗജന്യമാണ്.
  3. ജന്മനാ കാല്പാദം ഉള്ളിലേക്കു വളഞ്ഞിരിക്കുന്ന അവസ്ഥ (Talipes) ഉള്ള കുഞ്ഞുങ്ങൾക്ക് ഓർത്തോസിസ് ലഭ്യമാക്കുന്നു. ഇതിനായി ആശുപത്രിയിൽത്തന്നെ പ്രവർത്തിച്ചുവരുന്ന പി.എം.ആർ.ഡിപ്പാർട്ട്‌മെന്റിന്റെ സഹായം ലഭ്യമാണ്. സെറിബ്രൽ പാൽസി, മോട്ടോർ ന്യൂറോൺ ഡിസോഡേഴ്‌സ് തുടങ്ങിയ വൈകല്യങ്ങൾക്കു സ്ഥാപനത്തിലെ ഫിസിയോതെറാപ്പിസ്റ്റിന്റെ സേവനം ലഭ്യമാണ്.
  4. കേൾവിക്കുറവും കാഴ്ചക്കുറവുമുളള കുട്ടികൾക്കു വേണ്ട നിർദ്ദേശം നൽകുകയും ആവശ്യമെങ്കിൽ കണ്ണടയും ശ്രവണസഹായിയും ലഭ്യമാക്കുന്നതിനുവേണ്ട നടപടി സ്വീകരിക്കുകയും ചെയ്യുന്നു. ഡി.ഐ.ഇ.സി.യിൽ ഒപ്‌റ്റോമെട്രിസ്റ്റ്, ഓഡിയോളജിസ്റ്റ് എന്നിവർക്കാണ് ഈ പ്രവർത്തനങ്ങളുടെ ചുമതല.
  5. ഡി.ഐ.ഇ.സി.യിൽ വളർച്ചയും വികാസവുമായി ബന്ധപ്പെട്ട പ്രശ്നമുള്ള കുട്ടികൾക്ക് തുടർചികിത്സ അത്യന്താപേക്ഷിതമാണ്. ഒരു കുഞ്ഞ് ഈ തുടർചികിത്സയ്ക്കായി മാസംതോറുമോ ആഴ്ചതോറുമോ സ്ഥാപനത്തിൽ സ്‌പെഷ്യൽ എഡ്യൂക്കേറ്ററിന്റെയോ സ്പീച്ച് തെറാപ്പിസ്റ്റിന്റെയോ ഫിസിയോതെറാപ്പിസ്റ്റിന്റെയോ അടുക്കൽ വരണം. സ്വകാര്യസ്ഥാപനങ്ങളിൽ വലിയ ചെലവുവരുന്ന ഇത്തരം ചികിത്സകൾ ഡി.ഐ.ഇ.സി.യിൽ തികച്ചും സൗജന്യമായാണ് ചെയ്തുവരുന്നത് എന്നതാണ് ഇതിന്റെ സവിശേഷത.
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-08-17. Retrieved 2018-06-14.