ഇടുക്കി ജില്ലയിലെ മൂന്നാർ മേഖലയിൽ വിതരണം ചെയ്യപ്പെട്ടിട്ടുള്ളതായി കണ്ടെത്തിയ ഒരു കൂട്ടം പട്ടയങ്ങളെ വിളിക്കുന്ന പേരാണ് രവീന്ദ്രൻ പട്ടയം. ദേവികുളം താലൂക്കിൽ അഡീഷണൽ തഹസിൽദാരായിരുന്ന എം.ഐ. രവീന്ദ്രൻ ഒപ്പിട്ടു നൽകിയ പട്ടയങ്ങളെയാണ്‌ ഇങ്ങനെ അറിയപ്പെടുന്നത്. ഇവ മുഴുവൻ വ്യാജപ്പട്ടയങ്ങളാണെന്നും, അല്ലെന്നും, ഭാഗികമായി വ്യാജപ്പട്ടയങ്ങളാണെന്നും ഒക്കെ പറയപ്പെടാറുണ്ട്. മൂന്നാർ കൈയ്യേറ്റം ഒഴിപ്പിക്കാനെത്തിയ ദൗത്യസംഘത്തിന് ഈ പട്ടയങ്ങളിൽ ഒന്നുപോലും അസാധുവാക്കാനുമായിരുന്നില്ല[1].

പശ്ചാത്തലം തിരുത്തുക

കേരളത്തിലെ സർക്കാരുകൾ പട്ടയവിതരണം പ്രധാന തിരഞ്ഞെടുപ്പ് പ്രചരണായുധമാക്കാറുണ്ട്. സർക്കാർ ഭൂമി വ്യക്തികളുടെ കൈവശത്തിലിരിക്കുന്നത്‌ നിശ്‌ചിത തറവില വാങ്ങി എഴുതിക്കൊടുക്കുക എന്നതു മാത്രമാണ്‌ പട്ടയവിതരണത്തിന്റെ നടപടിക്രമം. എങ്കിലും വിവിധയിടങ്ങളിൽ നൽകുന്ന പട്ടയങ്ങൾക്കു വ്യത്യാസമുണ്ട്‌.

ഉദാഹരണമായി കാഞ്ഞിരപ്പള്ളിയിൽ നൂറു വർഷത്തിലധികമായി ഭൂമി കൈവശം വച്ചിരിക്കുന്നവർക്ക്‌ ഇപ്പോഴും പട്ടയം നൽകുന്നുണ്ട്‌. എന്നാൽ ഉടുമ്പഞ്ചോല താലൂക്കിലാകട്ടെ അമ്പതു വർഷത്തോളമായി, ഭൂമി കൈവശം വച്ചനുഭവിക്കുന്നവർക്ക്‌ പട്ടയം കിട്ടുക അത്ര എളുപ്പമല്ല. 1964-ലെ വനസംരക്ഷണനിയമപ്രകാരം ഇത്‌ ചട്ടവിരുദ്ധമാണെന്ന പരാതി സുപ്രീംകോടതിയുടെ പരിഗണനയിലുള്ളതിനാൽ ഉടുമ്പഞ്ചോലയിൽ വിതരണം ചെയ്യുന്ന പട്ടയങ്ങൾക്കു പിന്നിൽ സുപ്രീംകോടതിയുടെ അന്തിമവിധിക്കുവിധേയം എന്നൊരു സീൽകൂടി കാണും. ഇതുമൂലം ഈ പട്ടയഭൂമികൾ വിൽക്കാനോ ബാങ്കിൽ പണയപ്പെടുത്തി വായ്‌പ എടുക്കാനോ കർഷകർക്കാകില്ല.

ഇതു പോലെ കണ്ണൻദേവൻ ഹിൽസ്‌ (കെഡിഎച്ച്‌) വീണ്ടെടുപ്പു ചട്ടപ്രകാരം മൂന്നാറിൽ പട്ടയം നൽകാൻ കളക്‌ടർക്കു മാത്രമാണധികാരം.

പട്ടയവിതരണം തിരുത്തുക

1999-ൽ ഇ.കെ. നായനാർ മന്ത്രിസഭയുടെ കാലത്താണ്‌ ദേവികുളം അഡീഷനൽ തഹസിൽദാർ ആയിരുന്ന എം.ഐ. രവീന്ദ്രൻ പട്ടയങ്ങൾ നൽകുന്നത്‌. രാഷ്ട്രീയസമ്മർദ്ദങ്ങൾ മൂലമാണ്‌ അഡീഷണൽ തഹസീൽദാർ പട്ടയം നൽകാൻ നിർബന്ധിതനായതെന്നു കരുതുന്നു.

വിവാദം തിരുത്തുക

മൂന്നാർ മേഖലയിൽ ഭൂമി കയ്യേറ്റം വ്യാപകമാണെന്ന റിപ്പോർട്ടുകളെ തുടർന്ന്‌ 2007 മെയ്‌ മാസത്തിൽ അന്നത്തെ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദൻ ഒരു പ്രത്യേക ദൗത്യസംഘത്തെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനായി നിയോഗിച്ചു. കെ. സുരേഷ്‌കുമാർ ഐ.എ.എസ്‌., ഋഷിരാജ്‌ സിങ്‌ ഐ.പി.എസ്‌., രാജു നാരായണസ്വാമി ഐ.എ.എസ്‌. എന്നിവരായിരുന്നു ഈ സംഘത്തിലുണ്ടായിരുന്നത്‌. ഇതിൽ സുരേഷ്‌കുമാറാണ്‌ രവീന്ദ്രന്‌ പട്ടയം നൽകാൻ അധികാരമില്ലെന്നും അദ്ദേഹം നൽകിയ പട്ടയങ്ങൾ വ്യാജമെന്ന ഗണത്തിൽപെടുത്തണമെന്നും വാദിച്ചത്‌. തുടർന്ന് രവീന്ദ്രൻ പട്ടയം എന്ന പദത്തിനു വ്യാപകപ്രസിദ്ധി ലഭിക്കുകയുണ്ടായി. എന്നാൽ അക്കാലത്തെ ഭരണ മുന്നണിയായ എൽ.ഡി.എഫിലെ പ്രധാന കക്ഷികളായിരുന്ന [സി.പി.എം.]], സി.പി.ഐ. കക്ഷികളുടേതുൾപ്പെടെയുള്ളവരുടെ ഓഫീസുകളടക്കമുള്ള സ്ഥലങ്ങളുടെ പട്ടയങ്ങൾ രവീന്ദ്രൻ ഒപ്പിട്ടതായതിനാൽ അവയ്‌ക്ക്‌ ഭാഗികമായി സാധൂകരണം നൽകാൻ സർക്കാർ തീരുമാനിച്ചു. വി.എസ്. അച്ചുതാനന്ദൻ രവീന്ദ്രൻ നൽകിയ പട്ടയങ്ങൾ ഭാഗികമായി അകൃത്രിമമാണെന്ന് അവകാശപ്പെട്ടതും എതിർപ്പിനു കാരണമായിരുന്നു[2]. ഇത്‌ കോടതിയുടെ വരെ പ്രതികൂലപരാമർശത്തിനു വഴിതെളിക്കുകയും ചെയ്‌തു. 530 പട്ടയങ്ങളാണു താൻ നൽകിയതെന്നും ഇവയെല്ലാം നിയമാനുസരണമാണു കൊടുത്തതെന്നും രവീന്ദ്രൻ വിശദീകരിക്കുകയുണ്ടായി. 4251 ഹെക്ടർ ഭൂമിയാണ് ഇത്തരത്തിൽ വിതരണം ചെയ്യപ്പെട്ടത്[1].

ദേവികുളം താലൂക്കിൽ കെഡി.എച്ച്‌ വില്ലേജിൽ 127 പട്ടയങ്ങളാണ്‌ എം.ഐ.രവീന്ദ്രൻ ഒപ്പിട്ടു നൽകിയത്‌. തനിക്ക്‌ പട്ടയം നൽകാൻ അന്നത്തെ കളക്‌ടറാണ്‌ അധികാരം നൽകിയതെന്നു രവീന്ദ്രൻ പറയുകയുണ്ടായി. അന്നു കളക്‌ടറായിരുന്ന വി.ആർ. പദ്‌മനാഭനെ ഇതുവരെ ചർച്ചകളിൽ പങ്കെടുപ്പിക്കാനോ, ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ അഭിപ്രായം ആരായാനോ സാധിച്ചിട്ടില്ല.

മൂന്നാർ ഒഴിപ്പിക്കൽ നടക്കുമ്പോൾ രവീന്ദ്രൻ പട്ടയങ്ങളുടെ സാധുത ആദ്യമൊന്നും ചോദ്യം ചെയ്‌പ്പെട്ടിരുന്നില്ല. രവീന്ദ്രൻ പട്ടയമനുസരിച്ചുള്ള ഭൂമിയിൽ പണിത ധന്യശ്രീ റിസോർട്ട് പൊളിക്കാനൊരുങ്ങിയപ്പോഴാണ് ഈ പ്രശ്നം ഗൗരവമായത്. രവീന്ദ്രൻ പട്ടയങ്ങൾ ഏറെയും നൽകിയിരിക്കുന്നത്‌ അഞ്ചും പത്തും സെന്റിനാണെന്നിരിക്കെ ചെറുകിടക്കാരെ ഒഴിപ്പിക്കരുതെന്ന വാദവുമായി പിന്നീട് പലരും രംഗത്തെത്തി. പക്ഷേ വിസ്‌തീർണം അഞ്ചു സെന്റാണെങ്കിലും കോടികളുടെ ബഹുനില മന്ദിരം അവിടെ ഉയർത്തിയാൽ മുഖം തിരിച്ചുനിൽക്കാനാകില്ലെന്ന നിലപാട്‌ ദൗത്യസംഘത്തലവൻ കെ.സുരേഷ്‌കുമാർ കൈക്കൊണ്ടതോടെ ഈ ആവശ്യവും നിലനിൽക്കില്ലെന്നു വന്നു.

രവീന്ദ്രൻ 530 പട്ടയങ്ങളാണ് കൊടുത്തിട്ടുള്ളതെങ്കിലും, ആയിരക്കണക്കിനു പട്ടയങ്ങൾ രവീന്ദ്രന്റെ കള്ളയൊപ്പിട്ട്‌ ദേവികുളം താലൂക്കിൽ വിതരണം ചെയ്‌തിരുന്നതായി വിജിലൻസ്‌ കണ്ടെത്തുകയും ചെയ്‌തു.

വിരമിക്കലിനു ശേഷമുള്ള രവീന്ദ്രന്റെ ജീവിതം തിരുത്തുക

2003-ൽ ഔദ്യോഗികസേവനത്തിൽ നിന്ന് വിരമിച്ച പട്ടയം രവീന്ദ്രൻ, പിന്നീട് 2013-ൽ ബി.ജെ.പി.യുടെ സംസ്ഥാനക്കമ്മറ്റിയംഗവുകയും, ഇടുക്കിയിൽ ബി.ജെ.പി. നടത്തുന്ന പട്ടയസമരത്തിന്റെ നേതൃത്വമേറ്റെടുക്കുകയും ചെയ്തിരുന്നു[3]. രവീന്ദ്രൻ തന്നെയും സ്വന്തം സ്ഥലത്തിന് പട്ടയം ലഭിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയുമാണ്[1]. 2007-ൽ വിവാദമുണ്ടായ അവസരത്തിൽ താൻ നൽകിയ പട്ടയങ്ങളെല്ലാം നിയമാനുസൃതമാണെന്നായിരുന്നു എന്ന് രവീന്ദ്രൻ വാദിച്ചു. ഒന്നുകിൽ എല്ലാ പട്ടയവും റദ്ദാക്കുകയും തന്നെ ജയിലിലടയ്ക്കുകയും ചെയ്യണം അല്ലെങ്കിൽ, പട്ടയത്തിന്റെ സാധുത പരസ്യമായി വെളിപ്പെടുത്തണം എന്ന് രവീന്ദ്രൻ ആവശ്യപ്പെട്ടിരുന്നു.

അവലംബം തിരുത്തുക

  1. 1.0 1.1 1.2 എബി പി. ജോയി (2013 ഒക്ടോബർ 25). "TOP STORIES TODAY Oct 25, 2013 'രവീന്ദ്രൻപട്ടയങ്ങൾ ' നൽകിയ രവീന്ദ്രൻ , പട്ടയത്തിനായി അലയുന്നു". മാതൃഭൂമി. Archived from the original on 2013-11-02. Retrieved 2013 ഒക്ടോബർ 25. {{cite news}}: Check date values in: |accessdate= and |date= (help)
  2. "'Ravindran pattayams not partially genuine'". ദി ഹിന്ദു. 2007 ജൂൺ 16. Archived from the original on 2011-09-15. Retrieved 2013 ഒക്ടോബർ 25. {{cite news}}: Check date values in: |accessdate= and |date= (help)
  3. "ഹൈറേഞ്ചിൽ ബി.ജെ.പിയുടെ പട്ടയസമരം നയിക്കാൻ 'പട്ടയം രവീന്ദ്രൻ'". മംഗളം. 2013 സെപ്റ്റംബർ 3. Retrieved 2013 ഒക്ടോബർ 25. {{cite news}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=രവീന്ദ്രൻ_പട്ടയം&oldid=3789543" എന്ന താളിൽനിന്ന് ശേഖരിച്ചത്