ഋഷിരാജ് സിങ്

(ഋഷിരാജ്‌ സിങ്‌ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളാ കേഡറിൽ ജോലിചെയ്തിരുന്ന ഒരു ഇന്ത്യൻ ഐ‌പീഎസ് (IPS) ഉദ്യോഗസ്ഥനാണ് ഋഷിരാജ് സിങ് (Rishiraj Singh) (ജനനം 23 ജൂലൈ 1961). ജയിൽ വകുപ്പ് മേധാവിയായിരുന്ന അദ്ദേഹം 2021 ജൂലൈ 31 ന് സർവീസിൽ നിന്ന് വിരമിച്ചു.

ഋഷിരാജ് സിങ്

ഐ.പി.എസ്.
ജനനം (1961-07-23) 23 ജൂലൈ 1961  (63 വയസ്സ്)
പുഗൽ, ബിക്കാനേർ
മറ്റ് പേരുകൾസിങ്കം,പുലി, മൂന്നാറിലെ പൂച്ച
കലാലയം
Police career
നിലവിലെ സ്ഥിതിറിട്ടയേർഡ് ഡി ജി പി.
വകുപ്പ്പോലീസ് വകുപ്പ്, കേരളം
ബാഡ്ജ് നമ്പർ19851069[1]
കൂറ്Indian Police Service
രാജ്യംഇന്ത്യ
സർവീസിലിരുന്നത്1985-2021
റാങ്ക്DGP/Jail DGP

ജീവിതരേഖ

തിരുത്തുക

1961 ജൂലൈ 23ന് രാജസ്ഥാനിൽ ഇന്ദ്രജിത് സിങ്–ശോഭ കൺവാർ ദമ്പതികളുടെ മകനായി ജനിച്ചു.[2]. രാജസ്‌ഥാൻ ബിക്കാനീറിലെ പുഗൽ എന്ന ഗ്രാമത്തിലാണ് ജനനം [3] അച്ഛനും അമ്മയുടെ അച്ഛനും രാജസ്ഥാൻ പോലീസിലായിരുന്നു.[4] അച്ഛൻ രാജസ്‌ഥാനിൽ എസ്‌ഐ ആയി തുടങ്ങി അഡീഷനൽ എസ്‌പിയായി വിരമിച്ചു. കുട്ടിക്കാലത്ത് അച്ഛൻ ഋഷിരാജ് സിംഗിനെ പൊലീസ് സ്‌റ്റേഷനിൽകൊണ്ടു കൊണ്ടുപോകുമായിരുന്നു. അച്ഛന്റെയും അമ്മയുടെയും കുടുംബത്തിൽ ഏറെയും പൊലീസുകാരായിരുന്നു.[5] കുട്ടിക്കാലം മുതൽ ക്രിക്കറ്റായിരുന്നു ഋഷിരാജ് സിംഗിന്റെ മനസ്സിൽ. കോളജിൽ ഋഷിരാജ് സിംഗ് ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്നു. ക്രിക്കറ്റ് കളിച്ചു നടന്നാൽ ഒരിടത്തുമെത്തില്ലെന്ന് ഋഷിരാജ് സിംഗിനു തോന്നി ബാറ്റും ബോളും സ്റ്റംപും അടങ്ങിയ കിറ്റ് അധ്യാപകനു തിരിച്ചേൽപ്പിച്ചു ഋഷിരാജ് സിംഗ് ക്രിക്കറ്റ് ടീമിനോട് വിടപറഞ്ഞു. [6]

ജന്മനാ ഉള്ള വൈകല്യത്തെ മറികടക്കൽ

തിരുത്തുക

ജൻമനാ ഋഷിരാജ് സിംഗിനു മുറിച്ചുണ്ടായിരുന്നു (മുച്ചുണ്ട്). അമ്മയ്ക്കു മാത്രമേ ഋഷിരാജ് സിംഗ് പറയുന്നത് മനസ്സിലാക്കാൻ കഴിയുമായിരുന്നുള്ളൂ. ജന്മനാ ഉള്ള വൈകല്യത്തിന്റെ പേരിൽ ഋഷിരാജ് സിംഗിനു പലരും അപമാനിച്ചു കളിയാക്കിച്ചിരിച്ചു. വിക്കി വിക്കി പറയുമ്പോൾ ക്ലാസിൽ കൂട്ടച്ചിരി മുഴങ്ങും. [7] പക്ഷേ, തോൽക്കാൻ ഋഷിരാജ് സിംഗ് തയാറായിരുന്നില്ല. ഋഷിരാജ് സിംഗിന്റെ നാട്ടിൽ മുറിച്ചുണ്ട് മാറ്റാനുള്ള ചികിത്സാ സൗകര്യങ്ങൾ ഇല്ലായിരുന്നു. 18–ാം വയസ്സിൽ ഋഷിരാജ് സിംഗിന്റെ അമ്മാവൻ ഡോ. കുമർ സിങ് ആണ് ചണ്ഡീഗഡിലെ ആശുപത്രിയിൽ ഋഷിരാജ് സിംഗിനെ കൊണ്ടുപോയത്. പല തടസ്സങ്ങളും ആശുപത്രി അധികൃതർ പറഞ്ഞു. [8]മുറിച്ചുണ്ടിന്റെ പേരിൽ ഇനിയും അപമാനിതനാകാൻ വയ്യെന്നായിരുന്നു ഋഷിരാജ് സിംഗിന്റെ ഉറച്ച നിലപാട്. 5 മണിക്കൂർ നേരത്തെ പ്ലാസ്റ്റിക് സർജറിക്കൊടുവിൽ ഋഷിരാജ് സിംഗിന്റെ മൗനം മുറിഞ്ഞു. ജീവിതത്തിലാദ്യമായി ഋഷിരാജ് സിംഗ് സ്ഫുടമായി സംസാരിച്ചു തുടങ്ങി. [9]

പഠനം, സിവിൽ സർവീസ് പരീക്ഷ വിജയം

തിരുത്തുക

ബിരുദാനന്തര ബിരുദ പരീക്ഷയിൽ ഋഷിരാജ് സിംഗ് സ്വർണമെഡലോടെ പാസായി.[10] സിവിൽ സർവീസ് പരീക്ഷ എഴുതാൻ ഉള്ള മോഹം തന്റെ ചരിത്ര അധ്യാപകനായ അമിനുദ്ദീൻ പ്രോത്സാഹിപ്പിച്ചു. വൈകുന്നേരങ്ങളിൽ അമിനുദ്ദീന്റെ വീട്ടിലെത്തി, സിവിൽ സർവീസസ് പരീക്ഷയ്‌ക്കായി ചരിത്രപഠനം തുടങ്ങി. ഓരോ ചാപ്‌റ്ററിനും ഓരോ ചോദ്യത്തിനും ഓരോ പുസ്‌തകംവീതം ഋഷിരാജ് സിംഗ് വായിച്ചു. ഒരു കോളജിൽ ലീവ് വേക്കൻസിയിൽ ഋഷിരാജ് സിംഗ് ലക്ചററായി. അധ്യാപകനായ അമിനുദ്ദിന്റെ വീട്ടിലേക്ക് 4 വർഷം മുടക്കമില്ലാതെ ഋഷിരാജ് സിംഗ് തുടർന്ന യാത്ര ഫലംകണ്ടേ അവസാനിപ്പിച്ചുള്ളൂ. [11] സിവിൽ സർവീസ് പരീക്ഷയ്ക്കും ഇന്റർവ്യുവിനും പരിശീലിപ്പിച്ചതും അമീനുദ്ദീൻ തന്നെ.[12] ജീവിതത്തിൽ 2 പരീക്ഷകളേ ഋഷിരാജ് സിംഗ് എഴുതിയിട്ടുള്ളൂ. രാജസ്‌ഥാൻ അഡ്‌മിനിസ്‌ട്രേഷൻ അഡ്‌മിനിസ്‌ട്രേഷൻ സർവീസിലേക്കുള്ള ആദ്യ പരീക്ഷയിൽ ഋഷിരാജ് സിംഗ് പരാജയപ്പെട്ടു. സിവിൽ സർവീസസ് പരീക്ഷയായിരുന്നു ഋഷിരാജ് സിംഗ് രണ്ടാമതെഴുതിയത്. 1985ൽ, തന്റെ ഇരുപത്തിനാലാം വയസ്സിൽ ആദ്യ ശ്രമത്തിൽ തന്നെ ഋഷിരാജ് സിംഗ് സിവിൽ സർവീസസ് പരീക്ഷ പാസായി. 120 പേരെയാണ് അന്ന് ഐപിഎസിലേക്കു തിരഞ്ഞെടുത്തത്. 20–ാമത്തെ റാങ്കായിരുന്നു ഋഷിരാജ് സിംഗിന് . [13]

പരിശീലന കാലം

തിരുത്തുക

1985 ലെ ഐ.പി.എസ് ബാച്ച് ആണ് അദ്ദേഹം. മസ്സൂറിയിലെ ഐ.പി.എസ് അക്കാഡമിയിലായിരുന്നു പരിശീലനം. ഋഷിരാജ് സിംഗും മുൻ ഡിജിപിമാരായ ലോക്നാഥ് ബെഹ്റ, ജേക്കബ് തോമസ് എന്നിവരും ഒരുമിച്ചാണ് മസൂറിയിൽ പരിശീലനത്തിനു ചേർന്നത്.

ഐ.പി.എസ്. കരിയർ

തിരുത്തുക

പുനലൂർ എ.എസ്.പിയായി ഔദ്യോഗിക ജീവിതമാരംഭിച്ച ഋഷിരാജ് സിംഗ് നെടുമങ്ങാട് എഎസ്പി, റെയിൽവേ എസ്പി, കണ്ണൂർ എസ്പി, എംഎസ്പി കമൻഡാന്റ്, തിരുവനന്തപുരം സിറ്റി ഡപ്യുട്ടി പൊലീസ് കമ്മിഷണർ, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിൽ കമ്മിഷണർ, കോട്ടയം എസ്പി, 1999 മുതൽ 2004 വരെ പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുമായി ബന്ധപ്പെട്ട് എസ്പിജിയിൽ, 2004 ൽ ഐജി (ബറ്റാലിയൻ), കെഎസ്ഇബിയിൽ ചീഫ് വിജിലൻസ് ഓഫിസർ, ക്രൈംബ്രാഞ്ച് ഐജി, 2008 മുതൽ 2013 വരെ സിബിഐയിൽ ജോയിന്റ് ഡയറക്ടർ, തുടർന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ, എക്സൈസ് കമ്മിഷണർ. 2019 മേയ് മുതൽ ജയിൽ മേധാവി. 2021 ജൂലൈ 31 ന് സർവീസിൽ നിന്ന് വിരമിച്ചു.

ചാരക്കേസിന്റെ ആരംഭം

തിരുത്തുക

തിരുവനന്തപുരത്ത് 1994ൽ ഡപ്യൂട്ടി കമ്മിഷണറായിരുന്ന ഋഷിരാജ് സിങ്ങിന് പൊലീസ് ക്വാർട്ടഴ്സോ വാടകവീടോ ലഭിക്കാഞ്ഞ സാഹചര്യം ഉണ്ടായി. [14]അക്കാലത്ത് തിരുവനന്തപുരത്ത് കൊള്ളാവുന്ന വീടൊക്കെ മാലിക്കാർ വാടകയ്ക്ക് എടുത്തിരിക്കുകയാണെന്നു കണ്ട് ഇതെങ്ങനെ സംഭവിക്കുന്നു എന്ന് അന്വേഷിക്കാൻ സ്പെഷൽ ബ്രാഞ്ചിൽ ഇൻസ്പെക്ടറായിരുന്ന വിജയനോട് ഋഷിരാജ് സിങ് ആവശ്യപ്പെട്ടു. വിജയന്റെ അന്വേഷണത്തിനിടെ മറിയം റഷീദ താമസിച്ചിരുന്ന സ്ഥലത്തെത്തുകയും പാസ്പോർട്ടിൽ ചട്ടലംഘനമുണ്ടെന്നു കണ്ടെത്തുകയും ചെയ്തു. അങ്ങനെയാണ് വഞ്ചിയൂർ പൊലീസ് സ്റ്റേഷനിൽ 225/94 എന്ന കേസ് റജിസ്റ്റർ ചെയ്തത്. [15]

പ്രശസ്തമായ വ്യാജ സിഡി റെയ്ഡ്

തിരുത്തുക

ആൻറി പൈറസി സെല്ലിൻറെ തലവൻ ആയിരുന്നപ്പോൾ വ്യാജ സി. ഡി. വിഷയത്തിൽ എടുത്ത നിലപാടാണ് ഇദ്ദേഹത്തെ പൊതു സമൂഹത്തിന് പരിചിതനാക്കുന്നത്. 2006 ഡിസംബറിൽ തിരുവനന്തപുരത്തായിരുന്നു റെയ്ഡിനു തുടക്കം. പ്രമുഖ സിഡി വിതരണക്കാരിൽനിന്നാണ് ഇതു പിടിച്ചത്. [16] പിടിച്ചെടുത്ത സിഡികൾ ലഭിച്ചതു കൊച്ചിയിലെ സ്റ്റുഡിയോയിൽനിന്നാണെന്നും ധൈര്യമുണ്ടെങ്കിൽ അവിടെ റെയ്ഡ് നടത്താനും വിതരണക്കമ്പനിയുടെ ഉടമ ഋഷിരാജ് സിങിനെ വെല്ലുവിളിച്ചു. അന്ന് രാത്രി തന്നെ ഋഷിരാജ് സിങ് കൊച്ചിക്കു തിരിച്ചു. [17] സ്റ്റുഡിയോ ജീവനക്കാർ ഗേറ്റിൽ തടഞ്ഞതോടെ പരിശോധന മുടങ്ങി. ഒപ്പം സംരക്ഷണത്തിനു പോയ പൊലീസ് സംഘം മുങ്ങി. ഇതിനിടെ, റെയ്‌ഡിൽനിന്നു പിന്മാറാൻ ഋഷിരാജ് സിങ്ങിനോട് അന്നത്തെ ഡിജിപി രമൺ ശ്രീവാസ്‌തവ ആവശ്യപ്പെട്ടു. രേഖാമൂലം നിർദേശം നൽകാനായിരുന്നു ഋഷിരാജ് സിങ്ങിന്റെ മറുപടി. [18] തൊട്ടുപിന്നാലെ ഋഷിരാജ് സിങ്ങിനെ ആന്റി പൈറസി സെല്ലിന്റെ ചുമതലയിൽനിന്ന് ഒഴിവാക്കിയുള്ള ഫാക്‌സ് സന്ദേശമെത്തി. [19] അക്കാലത്തെ സംസ്ഥാന മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനായിരുന്നു. ഡിജിപിയെ വിളിച്ച വിഎസ് സിങ്ങിനെ തിരികെ നിയമിക്കാൻ നിർദേശിച്ചു. ഡിജിപിയെ വിളിച്ചുവരുത്തി ശാസിക്കുകയും ചെയ്തു. [20] 2007ൽ മാത്രം സംസ്‌ഥാനത്തൊട്ടാകെ 5714 റെയ്‌ഡുകളിലൂടെ 834 പേരെയാണ് സിങ്ങിന്റെ നേതൃത്വത്തിൽ ആന്റി പൈറസി സെൽ അറസ്‌റ്റ് ചെയ്‌തത്. രണ്ടു ലക്ഷത്തിലേറെ സിഡികൾ പിടിച്ചെടുത്തു. 944 കേസുകൾ റജിസ്‌റ്റർ ചെയ്‌തു. [21]

വിദ്യാർത്ഥികളെ തല്ലിയ പോലീസുകാരനെ ശകാരിച്ച ഐ.ജി ടി.പി. സെൻകുമാറിന്റെ പ്രവർത്തികളെ വിമർശിച്ച് ഐ.പി.എസ്. അസ്സൊസിയേഷൻ സെക്രട്ടറി ബി. സന്ധ്യയ്ക്ക് അയച്ച കത്തും വിവാദമായിരുന്നു. [22]

മൂന്നാർ കൈയ്യേറ്റം ഒഴിപ്പിക്കൽ

തിരുത്തുക

പിന്നീട് മൂന്നാർ കയ്യേറ്റഭൂമി ഒഴിപ്പിക്കാൻ വി.എസ്. സർക്കാർ രൂപീകരിച്ച മൂന്നാർ ഓപറേഷൻ മൂന്നംഗ ടീമിൽ ഇദ്ദേഹം ഉണ്ടായിരുന്നു. പിന്നീട് കേന്ദ്ര ഡെപ്യൂറ്റെഷനിൽ പോയി വന്ന ഇദ്ദേഹം ട്രാൻസ്പോർട്ട്‌ കമ്മീഷണറായി നിയമിപ്പിക്കപ്പെട്ടു. അഴിമതിയിൽ കുളിച്ചു കിടന്ന വകുപ്പിനെ നന്നാക്കിയെടുക്കാൻ ഇദ്ദേഹം പ്രവർത്തനം തുടങ്ങി. ഗതാഗത നിയമപാലനം നടപ്പാക്കാൻ ഇദ്ദേഹം എടുത്ത നിലപാടുകൾ ഇദ്ദേഹത്തെ പ്രശസ്തനാക്കി. ട്രാഫിക് വകുപ്പിലായിരുന്ന കാലത്ത് വേഷപ്രച്ഛന്നനായി കൈക്കൂലി വാങ്ങുന്ന പോലീസുകാരെ പിടിച്ച സംഭവം വാർത്ത സൃഷ്ട്ടിച്ചിരുന്നു. സർക്കാറിന് തലവേദനയായതോടെ അദ്ദേഹത്തെ സ്ഥാനം മാറ്റി.

കെ.എസ്.ഇ.ബി ചീഫ് വിജിലൻസ് ഓഫീസർ

തിരുത്തുക

ഇദ്ദേഹം പിന്നീട് കെ.എസ്.ഇ.ബി. യുടെ ചീഫ് വിജിലൻസ് ഓഫീസറായി നിയമിതനായി. സംസ്ഥാനത്തെ നിരവധി വ്യവസായ യൂണിറ്റുകളുടെ വൈദ്യുതി മോഷണം ഇദ്ദേഹം പിടിച്ചു പിഴ ചുമത്തി. രാഷ്ട്രീയ നേതാക്കളുടെയും സിനിമാ താരങ്ങളുടെയും വീടുകളിലേക്കും വിജിലൻസ് ടീം റെയ്ഡ് നടത്തി പിഴയിട്ടു. അതിൽ പല പ്രമുഖരും ഉൾപ്പെട്ടിരുന്നു.[23]കെ. കരുണാകരന്റെ പുത്രി പത്മജയും വൈദ്യുതി മോഷണത്തിനു പിഴയൊടുക്കിയവരുടെ കൂട്ടത്തിൽ പെടുന്നു. വൈദ്യുത ഇൻറലിജൻസ് മേധാവിയായി ഇരുന്ന കാലത്ത് നേതൃത്വം കൊടുത്ത പരിശോധനകളിൽ നിന്നെല്ലാം 18 കോടിയോളം വരുമാനം സർക്കാറിനുണ്ടായി. എന്നാൽ ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ അസ്വസ്ഥരായി അഴിമതിക്കാരെ സഹായിക്കുന്ന നിലപാടെടുത്ത സർക്കാരിലെ ഒരു വിഭാഗം ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് പരിധിവെച്ചു. 3000 കോടി വൻകിട മുതലാളിമാരുടെ പിരിഞ്ഞു കിട്ടാനുള്ള കുടിശ്ശിക പിരിച്ചെടുക്കുന്ന നടപടിയിൽ ഇടപെടാൻ ഇദ്ദേഹത്തിന് അവസരം കിട്ടിയില്ല.[24]

ഒടുവിൽ തിരുവനന്തപുരത്തെ മുത്തൂറ്റിൻ്റെ എയർ ലൈൻ കാറ്ററിംഗ് സ്ഥാപനമായ മുത്തൂറ്റ് സ്കൈ ഷെഫ് ഭൂഗർഭ കേബിൾ വഴി വൈദ്യുതി മോഷ്ട്ടിക്കുന്നത് ഇദ്ദേഹം കണ്ടെത്തി. തിരുവരാഹം കെ.എസ്.ഇ.ബി. സെക്ഷനിലാണ് ഈ മുത്തൂറ്റ് സ്ഥാപനം. നിയമ നടപടിയിലേക്ക് കടക്കാൻ വിജിലൻസ് വിഭാഗം തയ്യാറെടുക്കുമ്പോഴേക്കും സിങ്ങിൻറെ വീണ്ടും സ്ഥാന മാറ്റ ഉത്തരവ് ഒപ്പു വെക്കപ്പെട്ടിരുന്നു. പൊതുജനങ്ങളുമായി ബന്ധപ്പെടേണ്ട കാര്യമില്ലാത്ത ആംഡ് ബറ്റാലിയനിലേക്കാണ് പുതിയ മാറ്റം ഉണ്ടായത്.[25][26]

മലയാള ഭാഷാ പഠനം

തിരുത്തുക

പുനലൂർ എ.എസ്.പി ആയിരുന്നപ്പോൾ ഫയർഫോഴ്സ് മുൻ ഡിജിപി സുകുമാരൻ നായർ, 2 വർഷമായി കേരളത്തിലെത്തിയിട്ടും മലയാള ഭാഷ അറിയാതെ ഋഷിരാജ് സിങ്ങ് എങ്ങനെ കേരളത്തിൽ പ്രവർത്തിക്കുമെന്നും പോസ്റ്റിങ് എങ്ങനെ നൽകുമെന്നും ചോദിച്ചു. പോലീസുകാരോടു ഇടപെടുമ്പോൾ മലയാളം മാത്രം പറയണമെന്നും [27] മലയാള സിനിമകൾ തുടർച്ചയായി കാണണമെന്നും ഡ്രൈവറോടോ ഗൺമാനോടോ ചോദിച്ചു കാര്യങ്ങൾ മനസ്സിലാക്കണമെന്നും അദ്ദേഹം ഋഷിരാജ് സിങ്ങിനെ ഉപദേശിച്ചു. അന്നുമുതൽ ഋഷിരാജ് സിങ് ദിവസവും രാത്രി 9ന് ഗൺമാനോടൊപ്പം നഗരത്തിലെ തിയറ്ററിലെത്തി മലയാള സിനിമകൾ കാണാൻ തുടങ്ങി, സംശയങ്ങൾ വരുമ്പോൾ ചോദിച്ച് പതിയെ മലയാളം ഋഷിരാജ് സിങ്ങിനു നന്നായി വശമായി. പാട്ടുകൾ കേട്ടുപഠിച്ചു. പിന്നെ നെടുമങ്ങാട് സി.ഐയായിരുന്ന ഐസക് ഋഷിരാജ് സിങിന് ഒരു മലയാളം ഗുരുനാഥനെ ഏർപ്പാടാക്കി. ആർ.എസ്.ആശാരി എന്ന അദ്ദേഹത്തിന്റെ ശിക്ഷണത്തിലാണ് മലയാളം എഴുതാനും വായിക്കാനുമൊക്കെ ഋഷിരാജ് സിംഗ് പഠിച്ചെടുത്തത്. ഫയലുകളിൽ മലയാളത്തിലെഴുതാൻ ഋഷിരാജ് സിംഗ് തുടങ്ങിയതും മലയാളപത്രങ്ങൾ വായിച്ചു ശീലിച്ചതുമെല്ലാം അതിനുശേഷമാണ്. [28]

പുസ്തക രചന

തിരുത്തുക

മലയാളം അറിയാതിരുന്ന ഋഷിരാജ് സിങ് പിന്നീട് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ‘വൈകും മുൻപേ’ എന്നപേരിൽ മലയാളത്തിൽ പുസ്തകവുമെഴുതി. [29] സംസ്ഥാന എക്സൈസ് കമ്മിഷണറായിരിക്കുമ്പോഴാണ് പുസ്തകം എഴുതിയത്. കേരളത്തിലെ ആയിരത്തിൽപരം സ്കൂളുകളും കോളേജുകളും സന്ദർശിച്ച് കുട്ടികളുമായി നേരിട്ട് സംസാരിച്ചും സംവദിച്ചും ആണ് അദ്ദേഹം ആ പുസ്തകം രചിച്ചത്. [30] ലഹരിയിൽപ്പെട്ടുപോയ മക്കളെ രക്ഷപ്പെടുത്തുന്നതെങ്ങനെയെന്ന് ആശങ്കാകുലരായി ചിന്തിച്ചു നിൽക്കുന്ന നൂറുകണക്കിന് രക്ഷിതാക്കളെയാണ് എക്‌സൈസ് കമ്മീഷണറായിരുന്ന കാലയളവിൽ ഋഷിരാജ് സിങ് കണ്ടുമുട്ടിയത്. മൊട്ടിടുന്ന പ്രായത്തിൽത്തന്നെ ലഹരിക്കടിമപ്പെട്ട നിരവധി യുവാക്കളെ ജീവിതത്തിലേക്കു തിരികെയെത്തിക്കുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയ അദ്ദേഹത്തിന്റെ അനുഭവങ്ങളാണ് ‘വൈകും മുൻപേ’ എന്ന പുസ്തകരചനയ്ക്ക് ഋഷിരാജ്‌സിങിനെ പ്രാപ്തനാക്കിയത്. [31]

ഒരു മനുഷ്യന്റെ വ്യക്തിത്വ രൂപീകരണത്തിൽ വിദ്യാഭ്യാസകാലം എന്തുമാത്രം സ്വാധീനം ചെലുത്തുന്നു എന്ന് തിരിച്ചറിഞ്ഞുകൊണ്ടുള്ള കാഴ്ചപ്പാടുകളാണ് ഋഷിരാജ് സിംഗ് അവതരിപ്പിക്കുന്നത്. പുസ്തകത്തിൽ നമ്മുടെ കുട്ടികൾ ലഹരിക്ക് അടിമകളായി തീരുന്നതെങ്ങനെയെന്നും വിവരിക്കുന്നുണ്ട്. കുട്ടികളെ ഭയപ്പെടുത്തുന്ന കാര്യങ്ങൾ, പഠിത്തത്തിനായി ആരോഗ്യകരമല്ലാത്ത മത്സരത്തിന് പ്രേരിപ്പിക്കുന്ന ടീച്ചർമാരും മാതാപിതാക്കളും, കുട്ടികളുടെ ചിന്തകളും മാനസിക പിരിമുറുക്കങ്ങളും, വീട്ടിൽ സ്വസ്ഥതയില്ലാത്ത അന്തരീക്ഷത്തിൽ വളരുന്ന കുട്ടികളുടെ അവസ്ഥ, ആരുമായും ബന്ധമില്ലാതെ ഒറ്റപ്പെട്ടു പോകേണ്ടി വരുന്ന കുട്ടികളുടെ വേദനകൾ എന്നിവയെല്ലാം രക്ഷിതാക്കളും അധ്യാപകരും സമൂഹവും മനസിലാക്കേണ്ടതുണ്ട് എന്ന കാര്യം പുസ്തകം വിശദമായി ചർച്ച ചെയ്യുന്നു. [32] [33] [34]

സ്വകാര്യ ജീവിതം

തിരുത്തുക

ഭാര്യ ദുർഗേശ്വരി സിങ്. മക്കൾ. ചക്രസാൽ സിങ് (അനിമേറ്റർ, കാനഡ), യശോധര (ജയ്പൂരിലെ സ്കൂളിൽ സൈക്കോളജിസ്റ്റ്). മരുമക്കൾ: ദേവിക (കമ്പനി സെക്രട്ടറി, കാനഡ), മേജർ അരവിന്ദ് സിങ് റാത്തോർ (കോംബാറ്റ് എൻജിനീയർ, ഇന്ത്യൻ ഇന്ത്യൻ ആർമി).

കൂടുതൽ വായനയ്ക്ക്

തിരുത്തുക

എന്നേ കെട്ടുകെട്ടിക്കേണ്ടിയിരുന്ന ഋഷിരാജ് സിംഗ്!, അഴിമുഖം ഓൺലൈൻ ന്യൂസ് പോർട്ടൽ Archived 2015-07-12 at the Wayback Machine. വൈകും മുൻപേ പുസ്തകത്തെ പറ്റി, ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ പോർട്ടൽ

  1. "IPS Civil List 2014". dtf.in. Disciplinary & Transparency forum. Retrieved 31 May 2016.
  2. ജനനം,കുട്ടിക്കാലം
  3. ജനനം,കുട്ടിക്കാലം
  4. https://www.mathrubhumi.com/news/kerala/state-jail-chief-rishiraj-singh-to-retire-this-month-1.5856615
  5. ജനനം,കുട്ടിക്കാലം
  6. ജനനം,കുട്ടിക്കാലം
  7. ജനനം,കുട്ടിക്കാലം
  8. ജനനം,കുട്ടിക്കാലം
  9. ജനനം,കുട്ടിക്കാലം
  10. https://www.manoramaonline.com/news/sunday/2021/07/25/rishi-raj-singh-retires.html
  11. https://www.manoramaonline.com/news/sunday/2021/07/25/rishi-raj-singh-retires.html
  12. https://www.manoramaonline.com/news/sunday/2021/07/25/rishi-raj-singh-retires.html
  13. https://www.manoramaonline.com/news/sunday/2021/07/25/rishi-raj-singh-retires.html
  14. https://www.manoramaonline.com/news/latest-news/2018/06/17/isro-spy-case-rishiraj-singh-sen-kumar.html
  15. https://www.manoramaonline.com/news/latest-news/2018/06/17/isro-spy-case-rishiraj-singh-sen-kumar.html
  16. https://www.manoramaonline.com/news/latest-news/2021/06/24/rishiraj-singh-ips-to-retire-on-july-but-not-to-leave-kerala.html
  17. https://www.manoramaonline.com/news/latest-news/2021/06/24/rishiraj-singh-ips-to-retire-on-july-but-not-to-leave-kerala.html
  18. https://www.manoramaonline.com/news/latest-news/2021/06/24/rishiraj-singh-ips-to-retire-on-july-but-not-to-leave-kerala.html
  19. https://www.manoramaonline.com/news/latest-news/2021/06/24/rishiraj-singh-ips-to-retire-on-july-but-not-to-leave-kerala.html
  20. https://www.manoramaonline.com/news/latest-news/2021/06/24/rishiraj-singh-ips-to-retire-on-july-but-not-to-leave-kerala.html
  21. https://www.manoramaonline.com/news/latest-news/2021/06/24/rishiraj-singh-ips-to-retire-on-july-but-not-to-leave-kerala.html
  22. ഐ.ജി ടി.പി. സെൻകുമാറിനെ വിമർശിച്ച കത്ത്
  23. "വൈദ്യുതി മോഷണം തടയാൻ പുതിയ ദൗത്യവുമായി ഋഷിരാജ് സിംഗ്". Archived from the original on 2016-03-05. Retrieved 2015-07-11.
  24. വൈദ്യുതി കുടിശ്ശികയിൽ ഇടപെടാൻ ഋഷിരാജ് സിങ്ങിനു അനുമതിയില്ല
  25. "ഇനി ആർക്കും വൈദ്യുതി മോഷ്ട്ടിക്കാം, മാധ്യമം ദിനപത്രം". Archived from the original on 2015-07-11. Retrieved 2015-07-11.
  26. "ഋഷിരാജ് തെറിച്ചത് മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിനെതിരെ നടപടി ഉറപ്പായപ്പോൾ". Archived from the original on 2015-07-12. Retrieved 2015-07-11.
  27. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-07-26. Retrieved 2021-07-26.
  28. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-07-26. Retrieved 2021-07-26.
  29. [https://www.mathrubhumi.com/books/news/vaikum-munpe-book-written-by-rishiraj-sigh-ips-published-by-mathrubhumi-books-released-chief-minister-pinarayi-vijayan-1.5455787
  30. ഋഷിരാജ് സിങ്ങിന്റെ പുസ്തകപ്രകാശനം
  31. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-07-26. Retrieved 2021-07-26.
  32. https://www.mathrubhumi.com/books/news/vaikum-munpe-book-written-by-rishiraj-sigh-ips-published-by-mathrubhumi-books-released-chief-minister-pinarayi-vijayan-1.5455787
  33. https://www.asianetnews.com/books/book-review-vaikum-mumbe-by-rishiraj-singh-ips-qp8pas
  34. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-07-26. Retrieved 2021-07-26.
"https://ml.wikipedia.org/w/index.php?title=ഋഷിരാജ്_സിങ്&oldid=3928659" എന്ന താളിൽനിന്ന് ശേഖരിച്ചത്