1879 ഫെബ്രുവരി മുതൽ ഒക്ടോബർ വരെ അഫ്ഗാനിസ്താന്റെ അമീർ ആയിരുന്നു മുഹമ്മദ് യാക്കൂബ് ഖാൻ (ജീവിതകാലം:1849 - 1923 നവംബർ 15). ഇദ്ദേഹം, അഫ്ഗാനിസ്താൻ അമീറത്തിന്റെ രണ്ടാം അമീർ ആയിരുന്ന ഷേർ അലി ഖാന്റെ പുത്രനായിരുന്നു.

മുഹമ്മദ് യാക്കൂബ് ഖാൻ
അഫ്ഗാനിസ്താനിലെ അമീർ
മുഹമ്മദ് യാക്കൂബ് ഖാൻ
ഭരണകാലംഅഫ്ഗാനിസ്താൻ അമീറത്ത്: 1879 ഫെബ്രുവരി - 1879 ഒക്ടോബർ
മുൻ‌ഗാമിഷേർ അലി ഖാൻ
പിൻ‌ഗാമിഅബ്ദ് അൽ റഹ്മാൻ ഖാൻ
രാജവംശംബാരക്സായ് വംശം
പിതാവ്ഷേർ അലി ഖാൻ

പിതാവിനെതിരെ കലാപങ്ങളുയർത്തിയതിന്റെ പേരിൽ തടവിലായെങ്കിലും രണ്ടാം ആംഗ്ലോ-അഫ്ഗാൻ യുദ്ധത്തിൽ ഷേർ അലിയുടെ മരണശേഷം ബ്രിട്ടീഷ് സഹായത്തോടെ യാക്കൂബ് ഖാൻ അമീർ ആയി സ്ഥാനമേറ്റു. ബ്രിട്ടീഷുകാരുമായി ഗന്ദാമാക് ഉടമ്പടി ഒപ്പുവച്ചതിലൂടെ ഉയർന്ന ജനരോഷത്തിൽ പിടിച്ചുനിൽക്കാനാകാതെ ഇദ്ദേഹം സ്ഥാനമുപേക്ഷിച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്യുകയായിരുന്നു.

ആദ്യകാലം

തിരുത്തുക

അധികാരത്തിൽ നിന്ന് പുറത്തായ ഷേർ അലി ഖാൻ, ബ്രിട്ടീഷുകാരുടെ സഹായത്തോടുകൂടി 1869-ൽ വീണ്ടും അധികാരം പിടിച്ചെടുക്കുന്ന വേളയിൽ, തന്റെ പിതാവിന് മുഹമ്മദ് യാക്കൂബ് ഖാന്റെ ശക്തമായ പിന്തുണയുണ്ടായിരുന്നു. എന്നാൽ പിതാവ് രണ്ടാമതും അധികാരത്തിലെത്തിയതിനു ശേഷം യാക്കൂബ് ഖാനും അദ്ദേഹത്തിന്റെ സഹോദരനായ മുഹമ്മദ് അയൂബ് ഖാനും, 1870-ൽ ഷേർ അലിക്കെതിരെ കലാപമുയർത്തിയിരുന്നു. ഇതിൽ വിജയം കാണാതെ ഇരുവരും ഇറാനിലേക്ക് പലായനം ചെയ്യുകയും ചെയ്തു. തുടർന്ന് മക്കളുമായി അനുരഞ്ജനത്തിലെത്തിയ ഷേർ അലി, മുഹമ്മദ് യാക്കൂബ് ഖാനെ ഹെറാത്തിലെ ഭരണനിർവാഹകനാക്കി.

1874-ൽ അബ്ദ് അള്ളാ ജാൻ എന്ന മറ്റൊരു പുത്രനെ ഷേർ അലി ഖാൻ, തനെ പിൻ‌ഗാമിയായി പ്രഖ്യാപിക്കുകയും യാക്കൂബ് ഖാനെ തടവിലാക്കുകയും ചെയ്തു. തന്റെ സഹോദരനെ രക്ഷിക്കാൻ അയൂബ് ഖാൻ ശ്രമം നടത്തിയെങ്കിലും വിജയം കാണാതെ പേർഷ്യയിലേക്ക് തിരിച്ചുപോകേണ്ടിവന്നു. യാക്കൂബ് ഖാനെ മോചിപ്പിക്കാൻ ബ്രിട്ടീഷുകാരും ഷേർ അലിക്കു മേൽ സമ്മർദ്ദം ചെലുത്തിയെങ്കിലും 1879 വരെ അദ്ദേഹം തടവിലായിരുന്നു.[1]

അധികാരത്തിലേക്ക്

തിരുത്തുക

1878-ലെ രണ്ടാം ആംഗ്ലോ അഫ്ഗാൻ യുദ്ധത്തിൽ അമീർ ഷേർ അലിക്ക് അധികാരം നഷ്ടപ്പെടുകയും കാബൂൾ വിട്ട് പലായനം ചെയ്ത അദ്ദേഹം 1879 ജനുവരിയിൽ മരണമടയുകയും ചെയ്തു. ഇതോടെ ബ്രിട്ടീഷുകാർ യാക്കൂബ് ഖാനെ തടവിൽ നിന്ന് മോചിപ്പിച്ച് കാബൂളിലെ അമീർ ആക്കി.[1]

ഗന്ദാമാക് സന്ധി

തിരുത്തുക
 
ഗന്ദാമാക് ചർച്ചകളോടനുബന്ധിച്ച് 1879 മേയ് മാസം ചിത്രീകരിക്കപ്പെട്ട ഒരു ചിത്രം - ഇടത്തുനിന്നും ബ്രിട്ടീഷ് ഉദ്യോഗസ്ഥരായ ജെങ്കിൻസ്, മേജർ പിയറി ലൂയിസ് കാവനാരി, അമീർ മുഹമ്മദ് യാക്കൂബ് ഖാൻ, ജനറൽ ദാവൂദ് ഷാ, ഹബീബുള്ള മുസ്താഫി എന്നിവർ

യാക്കൂബ് ഖാന്റെ ഭരണകാലത്താണ് 1879 മേയിൽ ബ്രിട്ടീഷുകാരുമായി ഗന്ദാമാക് സന്ധി ഒപ്പുവക്കപ്പെട്ടത്. 1879 മേയ് 26-നാണ് ഈ കരാർ ഒപ്പുവക്കപ്പെട്ടത്. ഈ സന്ധിയിലൂടെ അഫ്ഗാനിസ്താന്റെ വിദേശനയം ബ്രിട്ടീഷ് മേൽക്കോയ്മക്ക് കീഴിലായി. കാബൂളിൽ ഒരു സ്ഥിരം ബ്രിട്ടീഷ് സൈനികത്താവളം സ്ഥാപിക്കുന്നതിനും ഇതിൽ വ്യവസ്ഥയുണ്ടായിരുന്നു. വിദേശാക്രമണങ്ങളിൽ നിന്ന് അഫ്ഗാനിസ്താനെ സംരക്ഷിക്കുന്നതിനുള്ള ഉറപ്പ് തിരിച്ച് അമീറിനും ബ്രിട്ടീഷുകാരിൽ നിന്നും ലഭിച്ചു. ഇതിനു പുറമേ ഇന്ന് പാകിസ്താനിൽ സ്ഥിതി ചെയ്യുന്ന തെക്കുഭാഗത്തെ കുറേ പ്രവിശ്യകൾ അഫ്ഗാനിസ്താന്റെ ഭാഗമായി അംഗീകരിച്ചുകൊണ്ടുതന്നെ ബ്രിട്ടീഷുകാർക്ക് ഭരണത്തിന് വിട്ടുനൽകുകയും ചെയ്തു.[ക][1]

ഗന്ദാമാക് സന്ധിയിലെ വ്യവസ്ഥപ്രകാരം 1879 ജൂലൈ 24-ന് മേജർ ലൂയി കാവനാരി, ബ്രിട്ടീഷ് പ്രതിനിധിയായി കാബൂളിലെത്തി. എന്നാൽ ഗന്ദാമാക് സന്ധിക്കെതിരെയുള്ള ജനങ്ങളുടെ പ്രക്ഷോഭം മൂലം ബ്രിട്ടീഷുകാർക്ക് ഉടൻ തന്നെ തിരിച്ചടി നേരിട്ടു. സെപ്റ്റംബർ 3-ന് കാവനാരിയേയും സംഘത്തേയും ഒരു അഫ്ഗാൻ ജനക്കൂട്ടം കൊലപ്പെടുത്തു.

ഇതിനെത്തുടർന്ന് കർക്കശക്കാരനായിരുന്ന ജനറൽ ഫ്രെഡറിക് റോബർട്ട്സ് കാബൂളിലെത്തുകയും കാബൂളിലെ ഭരണം ബിട്ടീഷുകാർ ഏറ്റെടുക്കുകയും ചെയ്തു. ഇതോടെ യാക്കൂബ് ഖാൻ ഇന്ത്യയിലേക്ക് കടന്നു. കുറച്ചുകാലത്തെ അനിശ്ചിതാവസ്ഥക്ക് ശേഷം മുൻ അമീർ മുഹമ്മദ് അഫ്സൽ ഖാന്റെ പുത്രൻ, അബ്ദ് അൽ റഹ്മാൻ ഖാൻ പുതിയ അമീർ ആയി സ്ഥാനമേറ്റു.

1923-ൽ ഇന്ത്യയിൽ വച്ചാണ് മുഹമ്മദ് യാക്കൂബ് ഖാൻ മരണമടഞ്ഞത്.[1]

കുറിപ്പുകൾ

തിരുത്തുക

ക്വെത്തക്ക് വടക്കുപടിഞ്ഞാറുള്ള പിശിൻ‍, ക്വെത്തക്ക് തെക്കുകിഴക്കുള്ള സിബി, പെഷവാറിന് തെക്കുള്ള കുറാം താഴ്വര എന്നിവയായിരുന്നു ഈ പ്രദേശങ്ങൾ‍. സിബിയും പിശിനും 1887-ൽ ബ്രിട്ടീഷുകാർ ഔദ്യോഗികമായി സ്വന്തമാക്കി.

  1. 1.0 1.1 1.2 1.3 Vogelsang, Willem (2002). "16-War with Britain". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 257–261. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=മുഹമ്മദ്_യാക്കൂബ്_ഖാൻ&oldid=1766150" എന്ന താളിൽനിന്ന് ശേഖരിച്ചത്