രഘുവരൻ

ഇന്ത്യന്‍ ചലച്ചിത്ര അഭിനേതാവ്

രാധാകൃഷ്ണ വേലായുധ രഘുവരൻ അഥവാ ആർ.വി.രഘുവരൻ എന്നറിയപ്പെടുന്ന തെന്നിന്ത്യൻ ചലച്ചിത്ര അഭിനേതാവായിരുന്നു രഘുവരൻ (1958-2008)[2] തെന്നിന്ത്യൻ സിനിമയിലെ അപൂർവ്വമായ താരത്തിളക്കമായിരുന്ന രഘുവരൻ വേറിട്ട ഭാവവും സംഭാഷണ രീതിയും ആകാരഭംഗിയും തൻ്റേതായ മാനറിസങ്ങളും കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച അഭിനേതാവാണ്. വില്ലൻ വേഷങ്ങൾക്ക് തൻ്റെതായൊരു കയ്യൊപ്പ് നൽകി ദക്ഷിണേന്ത്യയിലെ എല്ലാ ഭാഷകളിലും അഭിനയിച്ച് പ്രതിഭ തെളിയിച്ച രഘുവരൻ രൂപഭാവങ്ങൾ കൊണ്ടും ശബ്ദഗാംഭീര്യം കൊണ്ടും വില്ലൻ വേഷങ്ങൾക്ക് പുതുമ പകർന്നു.[3][4]

രഘുവരൻ
രഘുവരൻ
ജനനം
ആർ.വി.രഘുവരൻ

(1958-12-11)ഡിസംബർ 11, 1958[1]
പാലക്കാട് ജില്ല, കൊല്ലങ്കോട് ,കേരളം
മരണംമാർച്ച് 19, 2008
ജീവിതപങ്കാളി(കൾ)രോഹിണി (1996-2004 വിവാഹബന്ധം വേർപ്പെടുത്തി)
കുട്ടികൾസായ് ഋഷി (1998)

ജീവിതരേഖ തിരുത്തുക

പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് താലൂക്കിൽ ചുങ്കമന്ദത്ത് എന്ന ഗ്രാമത്തിൽ വി. വേലായുധൻ നായരുടേയും എസ്.ആർ. കസ്തൂരിയുടേയും മൂത്ത മകനായി 1958 ഡിസംബർ പതിനൊന്നിന് ജനിച്ചു. കോയമ്പത്തൂർ സെൻ്റ് ആൻസ് മെട്രിക് സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യസം നേടിയ രഘുവരൻ കോയമ്പത്തൂരിൽ തന്നെയുള്ള ഗവ.ആർട്ട്സ് കോളേജിൽ ബിരുദ പഠനത്തിന് ചേർന്നെങ്കിലും കോഴ്സ് പൂർത്തിയാക്കിയില്ല.[5]

1979 മുതൽ 1983 വരെ ചെന്നൈ കിങ്സ് എന്ന നാടക സംഘത്തിൽ അംഗമായിരുന്ന രഘുവരൻ ഒരു മനിതനിൻ കഥ എന്ന തമിഴ് സീരിയലിലൂടെയാണ് സിനിമ രംഗത്തെത്തിയത്. സ്വപ്ന തിങ്കൾഗൾ എന്ന കന്നട സിനിമയിലൂടെ വെള്ളിത്തിരയിലെത്തി. പിന്നീട് വിവിധ ഭാഷകളിലായി ചെറുതും വലുതുമായ കഥാപാത്രങ്ങൾ ചെയ്തു.

കക്ക എന്ന സിനിമയാണ് ആദ്യമായി അഭിനയിച്ച ചലച്ചിത്രവും, മലയാളചലച്ചിത്രവും.[6] ഏഴാവതു മനിതൻ ആണ്‌ അഭിനയിച്ച ആദ്യ തമിഴ് ചിത്രം.[7][8] മുകുന്ദന്റെ നോവലിനെ ആസ്പദമാക്കി ലെനിൻ രാജേന്ദ്രൻ സം‌വിധാനം ചെയ്ത ദൈവത്തിന്റെ വികൃതികളിലൂടെ‍ അൽഫോൺസച്ചൻ എന്ന കഥാപാത്രത്തിലൂടെ രഘുവരൻ മലയാളചലച്ചിത്ര രംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടു. ഈ വേഷത്തിലൂടെ മികച്ച നടനുള്ള കേരള സർ‍ക്കാറിന്റെ അവാർഡും ലഭിച്ചു.[7]

ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത ദൈവത്തിൻ്റെ വികൃതികൾ എന്ന സിനിമയിൽ രഘുവരൻ അവതരിപ്പിച്ച ഫാ. അൽഫോൺസ് എന്ന വേഷം പ്രേക്ഷക ശ്രദ്ധ നേടിയവയിൽ ഒന്നാണ്.

അശോകയാണ് ഏറ്റവുമൊടുവിലഭിനയിച്ച ഹിന്ദി ചിത്രം. ദൈവത്തിൻ്റെ വികൃതികൾ, മനിതൻ, മുത്തു, ശിവാജി, ഭീമ, ബാഷ, അമർക്കളം, ഉല്ലാസം, സൂര്യമാനസം, കവചം, മുതൽവൻ, മജ്നു, റൺ, റെഡ് തുടങ്ങി വിവിധ ഭാഷകളിലായി 300-ലേറെ സിനിമകളിൽ വേഷമിട്ട രഘുവരൻ തുടക്കം എന്ന തമിഴ് സിനിമക്ക് വേണ്ടി മുൻ രാഷ്ട്രപതി ഡോ.എ.പി.ജെ. അബ്ദുൾ കലാമായും വേഷമിട്ടു.[9]

സ്വകാര്യ ജീവിതം

1996-ൽ ചലച്ചിത്ര നടി രോഹിണിയെ വിവാഹം ചെയ്തെങ്കിലും 2004-ൽ ബന്ധം വേർ‍പിരിഞ്ഞു.[6] 1998-ൽ ജനിച്ച സായ് ഋഷിയാണ്‌ ഈ ദമ്പതികളുടെ ഏകമകൻ.

മരണം

അവസാനകാലത്ത് മാരകമായ നിരവധി ആരോഗ്യപ്രശ്നങ്ങളുമായി രഘുവരൻ ബുദ്ധിമുട്ടി. അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിലും ചലച്ചിത്രജീവിതത്തിലും നിരവധി പാളിച്ചകൾ ഇക്കാലത്തുണ്ടായി. രോഹിണിയുമായുള്ള വിവാഹമോചനവും ബന്ധുക്കളിൽ നിന്നുള്ള അകൽച്ചയും അദ്ദേഹത്തെ അമിതമായ മദ്യപാനത്തിലേയ്ക്കും മയക്കുമരുന്ന് ഉപയോഗത്തിലേയ്ക്കും നയിച്ചു. ഇവയാണ് അദ്ദേഹത്തെ രോഗിയാക്കിയത്. അവസാനം 49-മത്തെ വയസിൽ 2008 മാർച്ച് 19-ന്‌ പുലർച്ചെ 6.15 ന്‌ ചെന്നൈയിലെ സ്വവസതിയിൽ വച്ച് അദ്ദേഹം അന്തരിച്ചു.[10] മൃതദേഹം ചെന്നൈയിൽ തന്നെ സംസ്കരിച്ചു. യാരടി നീ മോഹിനിയാണ് അദ്ദേഹം അഭിനയിച്ച് പുറത്തിറങ്ങിയ അവസാന ചിത്രം. മരണസമയത്ത് അദ്ദേഹം അഭിനയിച്ചുകൊണ്ടിരുന്ന കന്തസാമി എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ വേഷം, ആശിഷ് വിദ്യാർത്ഥിയ്ക്ക് മാറ്റിവയ്ക്കുകയുണ്ടായി.

അഭിനയിച്ച മലയാള സിനിമകൾ

 • കക്ക 1982
 • രുഗ്മ 1983
 • നേതാവ് 1984
 • ഊഹക്കച്ചവടം 1988
 • വ്യൂഹം 1990
 • കിഴക്കൻ പത്രോസ് 1992
 • സൂര്യ മാനസം 1992
 • കവചം 1992
 • അദ്ദേഹം എന്ന ഇദ്ദേഹം 1993
 • ദൈവത്തിൻ്റെ വികൃതികൾ 1994
 • പീറ്റർ സ്കോട്ട് 1995
 • മാന്ത്രികം 1995
 • ഉല്ലാസപ്പൂങ്കാറ്റ് 1997
 • ഭസ്മാസുരൻ 2007

അവലംബം തിരുത്തുക

 1. "RajiniKanth.com - Bio-Data". ശേഖരിച്ചത് 2007-04-05.
 2. https://m.timesofindia.com/india/tamil-actor-raghuvaran-passes-away/articleshow/2882346.cms
 3. https://www.hindustantimes.com/entertainment/southern-film-actor-raghuvaran-is-dead/story-ADTyLRwwIcJkIi71qlSmaI.html
 4. https://malayalam.indianexpress.com/entertainment/raghuvaran-birthday-demise-rohini-memories-family-324693/
 5. https://m3db.com/raghuvaran
 6. 6.0 6.1 "മലയാള മനോരമ". മൂലതാളിൽ നിന്നും 2008-03-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-03-19.
 7. 7.0 7.1 "മാതൃഭൂമി". മൂലതാളിൽ നിന്നും 2008-03-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-03-19.
 8. IBNLive
 9. https://www.mathrubhumi.com/mobile/movies-music/news/raghuvaran-rajinikanth-launches-raghuvaran-s-music-album-rohini-1.2573048
 10. https://www.manoramanews.com/news/entertainment/2018/05/25/actress-rohini-recalls-her-bitter-experience-while-raghuvaran-death-day.html


"https://ml.wikipedia.org/w/index.php?title=രഘുവരൻ&oldid=3690523" എന്ന താളിൽനിന്ന് ശേഖരിച്ചത്