യെലേന ഇസിൻബയേവ
റഷ്യൻ വനിതാ പോൾ വാൾട്ട് കായികതാരമാണ് യേലേന ഇസിൻബയേവ (റഷ്യൻ:Елена Исинбаева). രണ്ടു തവണ ഒളിമ്പിക്സ് സ്വർണ്ണമെഡൽ(2004ലും 2008ലും) നേടിയ ഇസിൻബയേവ രണ്ടു തവണ ലോക ചാമ്പ്യനുമായിരുന്നു. പോൾ വാൾട്ടിലെ ലോകറെക്കോർഡ് സ്വന്തം പേരിലുള്ള ഇസിൻബയേവ ലോകം കണ്ട ഏറ്റവും മികച്ച വനിതാ പോൾ വാൾട്ട് താരമായി കണക്കാക്കപ്പെടുന്നു.[1][2]
ഔട്ട്ഡോറിൽ 5.06 മീറ്ററാണ് ഇസിൻബയേവ ആഗസ്ത് 2009ൽ കുറിച്ച ലോകറെക്കോർഡ് ഇൻഡോറിൽൽ 5.01 മീറ്ററും.[3] പോൾ വാൾട്ടിൽ 5 മീറ്റർ എന്ന ഉയരം താണ്ടിയ ഏക വനിതാ കായികതാരമാണ് ഇസിൻബയേവ. തുടർച്ചയായി സ്വന്തം റെക്കോർഡ് തിരുത്തുന്നതു മൂലം ലേഡി ബൂബ്ക എന്ന ഓമനപ്പേരും ഇസിൻബയേവക്കുണ്ട്.
അന്താരാഷ്ട്ര അത്‌ലറ്റിക് ഫെഡറേഷന്റെ അത്‌ലറ്റ് ഓഫ് ദി ഇയർ പുരസ്കാരം 2004,2005,2008 വർഷങ്ങളിൽ ഇസിൻബയേവക്കു ലഭിച്ചു. ലോറിയസ് ലോക കായിക പുരസ്കാരങ്ങളിലെ ലോകത്തെ മികച്ച വനിതാകായിക താരം എന്ന പുരസ്കാരം 2007, 2009 വർഷങ്ങളിൽ ഇസിൻബയേവ നേടി. യൂത്ത്, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ലോക ചാമ്പ്യനായിട്ടുണ്ട് ഇസിൻബയേവ. ലോകത്താകമാനം ആകെ 8 കായിക താരങ്ങൾ മാത്രമേ ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളൂ
കായിക ജീവിതം
തിരുത്തുകആദ്യകാലം
തിരുത്തുകഅഞ്ചു വയസ്സുമുതൽ കായിക ലോകത്ത് സജീവമായിരുന്നു ഇസിൻബയേവ. സ്വന്തം പട്ടണമായ വോൾഗോഗ്രാഡിൽ ജിംനാസ്റ്റ് ആയിട്ടായിരുന്നു തുടക്കം. പതിനഞ്ചു വയസ്സു വരെ ജിംനാസ്റ്റിക്സിൽ ഇസിൻബയേവ പരിശീലിച്ചെങ്കിലും അവർക്ക് ആ കായിക ഇനം വിടേണ്ടി വന്നു. ജിംനാസ്റ്റിക്സിൽ ലോകനിലവാരത്തിലെത്താൻ അവരുടെ ഉയരം അവരെ അനുവദിക്കില്ലെന്നു മനസ്സിലാക്കിയിട്ടായിരുന്നു ഈ പിന്മാറ്റം. അപ്പോഴേക്കും 1.74 മീറ്റർ(5 അടി 8½ ഇഞ്ച്) ഉയരമുണ്ടായിരുന്നു ഇസിൻബയേവക്ക്.
പോൾ വാൾട്ടിലേക്ക് ചുവടുമാറ്റി ആറുമാസം പരിശീലിച്ചപ്പോളേക്കും ആദ്യ വലിയ വിജയം യെലേനയെ തേടിയെത്തി. പതിനാറാം വയസ്സിൽ 1998ൽ മോസ്കോവിൽ നടന്ന ലോക യൂത്ത് ഗെയിംസിൽ 4 മീറ്റർ ഉയരത്തിൽ ചാടിക്കൊണ്ടായിരുന്നു യെലേന സ്വർണ്ണമെഡൽ നേടിയത്. യെലേനയുടെ മൂന്നാമത്തെ മാത്രം അത്‌ലറ്റിക് മത്സരമായിരുന്നു അത്.
ഫ്രാൻസിൽ വെച്ച് നടന്ന 1998 ലോക ജൂനിയർ ചാമ്പ്യൻഷിപ്പിലും 4 മീറ്റർ യെലേന എത്തിപ്പിടിച്ചു. പക്ഷെ അവിടെ ആ ഉയരം വെങ്കല മെഡൽ നേടിയ ഉയരത്തേക്കാളും 10 സെന്റി മീറ്റർ കുറവായിരുന്നു.1999ൽ യെലേന പോളണ്ടിൽ വെച്ച് നടന്ന ലോക യൂത്ത് ചാമ്പ്യൻഷിപ്പിൽ ഈ ഉയരം തിരുത്തി 4.10 മീറ്റർ താണ്ടി രണ്ടാമത്തെ സ്വർണ്ണമെഡൽ നേടി.
2000ത്തിലെ ലോക ജൂനിയർ മീറ്റിലും യെലേന സ്വർണ്ണ മെഡലണിഞ്ഞു. 4.20 മീറ്ററായിരുന്നു അവിടെ പിന്നിട്ട ഉയരം. ജർമ്മൻകാരിയായ അന്നിക ബേക്കർ ആയിരുന്നു വെള്ളി മെഡൽ ജേത്രി. അതേ വർഷം തന്നെ നടന്ന സിഡ്നി ഒളിമ്പിക്സ് മുതൽ വനിതാ പോൾ വാൾട്ട് ഒളിമ്പിക്സ് മത്സര ഇനമാക്കി മാറ്റി. അമേരിക്കയുടെ സ്റ്റേസി ഡ്രാഗ്ലിയക്കായിരുന്നു വനിതാ പോൾ വാൾട്ടിലെ ആദ്യ ഒളിമ്പിക്സ് സ്വർണ്ണം. ഇസിൻബയേവ മത്സരിച്ചിരുന്നെങ്കിലും ക്വാളിഫൈയിങ് റൗണ്ട് താണ്ടാനായില്ല.
2001ൽ വീണ്ടും യെലേന സ്വർണ്ണ മെഡൽ നേടി. യൂറോപ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പിൽ 4.40 മീറ്റർ താണ്ടിയാണ് ഈ നേട്ടം അവർ കൈവരിച്ചത്. യെലേന തുടർച്ചയായി മികച്ചു വരികയായിരുന്നു. 2002ൽ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ 4.55 മീറ്റർ ഉയരം താണ്ടിയ അവർ ആദ്യമായി സീനിയർ ചാമ്പ്യൻഷിപ്പ് മെഡലിനർഹയായി. വെള്ളി മെഡലാണ് യെലേന നേടിയത്. യെലേനയുടെ നാട്ടുകാരിയായ സ്വെറ്റ്ലാന ഫെഫനോവക്കായിരുന്നു സ്വർണ്ണം. 4.60 മീറ്ററാണ് സ്വെറ്റ്ലാന ചാടിയത്.
ആദ്യ ലോകറെക്കോഡും ഒളിമ്പിക്സ് മെഡലും
തിരുത്തുക2003ൽ തന്റെ മികവു വർധിപ്പിച്ച യെലേന യൂറോപ്യൻ അണ്ടർ 23 ചാമ്പ്യൻഷിപ്പിൽ 4.65 മീറ്റർ ചാടി സ്വർണ്ണം നേടി. 2003 ജൂലൈ 13ന് തന്റെ ഇരുപത്തൊന്നാം പിറന്നാളിനു ഒരു മാസത്തിനു ശേഷം ഇസിൻബയേവ തന്റെ ആദ്യ ലോക റെക്കോർഡ് സ്ഥാപിച്ചു. ഇംഗ്ലണ്ടിലെ ഗേറ്റ്ഷെഡിൽ നടന്ന മീറ്റിൽ 4.82 മീറ്റർ ചാടിയാണ് യെലേന ഈ നേട്ടം കൈവരിച്ചത്. ഇതോടെ തൊട്ടടുത്ത മാസം നടക്കാനിരിക്കുന്ന ലോക ചാമ്പ്യൻഷിപ്പിലെ സ്വർണ്ണം ഇസിൻബയേവക്കാവുമെന്ന് എല്ലാവരും ഉറപ്പിച്ചു. പക്ഷെ, ഫെഫനോവക്കും, ബെക്കറിനും പിന്നിലായി വെങ്കല മെഡൽ നേടാനേ യെലേനക്കായുള്ളൂ.
ഉക്രൈനിലെ ഡോണെറ്റ്സ്കിൽ വെച്ച് യെലേന 4.83 മീറ്റർ ചാടി ഇൻഡോർ ലോകറെക്കോർഡ് സ്ഥാപിച്ചു. പക്ഷെ ഫെഫനോവ തൊട്ടടുത്ത ആഴ്ച തന്നെ ഈ ഉയരം 2 സെ. മീ. മെച്ചപ്പെടുത്തി ഈ റെക്കോർഡ് സ്വന്തം പേരിലാക്കി. അതിനടുത്ത മാസം നടന്ന ലോക ഇൻഡോർ മീറ്റിൽ യെലേന ഇൻഡോറിലും ഔട്ട്ഡോറിലും ലോകചാമ്പ്യയായി നിൽക്കുന്ന ഫെഫനോവയുടെ ലോക റെക്കോർഡ് 4.86 മീറ്റർ ചാടി സ്വന്തമാക്കി.ഫെഫനോവക്കു വെങ്കലമെഡൽ ലഭിച്ചപ്പോൾ ഒളിമ്പിക് സ്വർണ്ണമെഡൽ ജേത്രി ഡ്രാഗ്ലിയക്കായിരുന്നു വെള്ളി. ലോക അത്‌ലറ്റിക് ഫെഡറേഷൻ ഈ മൂന്നു റെക്കോർഡുകളും പോൾ വാൾട്ടിലെ ആകെ റെക്കോർഡായാണ് കണക്കാക്കിയത്. അതുകൊണ്ട് ഇൻഡോറിലും ഔട്ട്ഡോറിലും ലോകറെക്കോർഡ് 4.86 മീറ്ററായി മാറി.
ആ വർഷം തന്നെ ജൂൺ 27 ന് ഗേറ്റ്ഷെഡ് മീറ്റിൽ യെലേന തന്റെ പേരിലുള്ള ലോകറെക്കോർഡ് 1 സെ.മീ. മെച്ചപ്പെടുത്തി 4.87 മീറ്റർ ആക്കി. പക്ഷെ, ഫെഫനോവ തൊട്ടടുത്ത് ആഴ്ച ഗ്രീസിലെ ഹെറാക്ലിയോണിൽ ഈ റെക്കോർഡ് തകർത്ത് 4.88 മീറ്റർ ചാടി പുതിയ റെക്കോർഡിട്ടു.
ജൂലൈ 25നു ഇംഗ്ലണ്ടിലെ ബർമിങ്ഹാമിൽ നടന്ന മത്സരത്തിൽ ഇസിൻബയേവ ലോകറെക്കോർഡ് തിരിച്ചു പിടിച്ചു. 4.89 മീറ്റർ ചാടിയായിരുന്നു ഇത്. അഞ്ചു ദിവസത്തിനു ശേഷം ലണ്ടനിലെ ക്രിസ്റ്റൽ പ്ലേസിൽ ഈ റെക്കോർഡ് അവർ 4.90 മീറ്ററായി തിരുത്തിക്കുറിക്കുകയും ചെയ്തു.
ആഥൻസിൽ നടന്ന 2004ലെ ഒളിമ്പിക്സിൽ ഇസിൻബയേവ ലോക റെക്കോർഡോടെ സ്വർണ്ണം നേടി. 4.91 മീറ്ററായിരുന്നു യെലേന അവിടെ താണ്ടിയ ഉയരം. അതേ വർഷം തന്നെ ബ്രസ്സൽസിൽ നടന്ന മെമ്മോറിയൽ വാൻ ഡാം മീറ്റിൽ യെലേന ഈ റെക്കോർഡ് തിരുത്തി 4.92 മീറ്ററിന്റെ റെക്കോർഡ് സ്ഥാപിച്ചു. ആ സീസണിലെ അവരുടെ എട്ടാമത്തെ ലോകറെക്കോർഡായിരുന്നു അത്.
ഒളിമ്പിക്സ് മെഡലും ലോക ഇൻഡോർ മീറ്റിലെ വിജയവും 8 തവണ ലോകറെക്കോർഡ് തകർത്തതുമെല്ലാം കണക്കിലെടുത്ത് അന്താരാഷ്ട്ര അത്‌ലറ്റിക് ഫെഡറേഷൻ വേൾഡ് അത്‌ലറ്റ് ഓഫ് ദി ഇയർ പുരസ്കാരം 2004ൽ യെലേന ഇസിൻബയേവക്കു നൽകി.
ലോകചാമ്പ്യൻഷിപ്പും യൂറോപ്യൻ ചാമ്പ്യൻഷിപ്പും
തിരുത്തുകസ്പെയിനിലെ മാഡ്രിഡിൽ നടന്ന യൂറോപ്യൻ ഇൻഡോർ ചാമ്പ്യൻഷിപ്പിൽ യെലേന പുതിയ ഇൻഡോർ ലോകറെക്കോർഡോടെ സ്വർണ്ണം നേടി. 4.90 മീറ്ററായിരുന്നു യെലേന കീഴടക്കിയ ഉയരം.
ജൂലൈ 2005ൽ മൂന്നു വ്യത്യസ്ത മീറ്റുകളിലായി നാലു തവണയാണ് യെലേന ലോക റെക്കോർഡ് തിരുത്തിക്കുറിച്ചത്. സ്വിറ്റ്സർലാന്റിലെ ലൂസനിലായിരുന്നു തുടക്കം. തന്റെ തന്നെ ലോകറെക്കോർഡിൽ ഒരു സെന്റിമീറ്റർ കൂടി ചേർത്ത് 4.93 മീറ്ററാണ് യെലേന ചാടിയത്. ഇസിൻബയേവയുടെ കായികജീവിതത്തിലെ പതിനാലാമത് ലോകറെക്കോർഡ് ആയിരുന്നു അത്. പതിനൊന്നു ദിവസത്തിനു ശേഷം മാഡ്രിഡിൽ 4.95 മീറ്റർ ചാടി പുതിയ ലോക റെക്കോർഡ് സൃഷ്ടിച്ച. പിന്നീട് ജൂലൈ 22ന് ലണ്ടനിലെ ക്രിസ്റ്റൽ പാലസിൽ അതേ റെക്കോർഡ് തിരുത്തി 4.96 മീറ്റർ ചാടി. അതിനു ശേഷമാണ് ഒരിക്കൽ അസാധ്യമെന്നു കരുതിയിരുന്ന 5 മീറ്റർ എന്ന ഉയരത്തിലേക്ക് ഇസിൻബയേവ ബാർ ഉയർത്തി വെക്കാൻ ആവശ്യപ്പെട്ടത്. അങ്ങനെ ആദ്യ ശ്രമത്തിൽ തന്നെ യെലേന ഇസിൻബയേവ വനിതകൾക്ക് പോൾ വാൾട്ടിൽ അസാധ്യം എന്നു അന്നു വരെ കരുതപ്പെട്ടിരുന്ന 5 മീറ്റർ ഉയരം താണ്ടിയ ആദ്യ വനിത എന്ന് ചരിത്രത്തിൽ തന്റെ മഹത്തായ സ്ഥാനമുറപ്പിച്ചു.
അതിനു ശേഷം ഫിൻലന്റിലെ ഹെൽസിങ്കിയിൽ നടന്ന 2005 ലോക ചാമ്പ്യൻഷിപ്പിൽ വീണ്ടും തന്റെ ലോക റെക്കോർഡ് യെലേന തിരുത്തിക്കുറിച്ചു. രണ്ടാമത്തെ ശ്രമത്തിൽ 5.01 മീറ്റർ ചാടിയാണ് അവർ ഈ നേട്ടം കുറിച്ചത്. രണ്ടാം സ്ഥാനക്കാരിയുമായി 41 സെന്റീമീറ്റർ വ്യത്യാസമാണ് യെലേന താണ്ടിയത്. പോൾ വാൾട്ടിൽ ലോക ചാമ്പ്യൻഷിപ്പിലും ഒളിമ്പിക്സിലും രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് എക്കാലത്തേയും വലിയ വിജയമാർജിൻ ആണ് ഇത്.[4]
23 വയസ്സുള്ള യെലേനയുടെ 18ആമത് ലോകറെക്കോർഡ് ആയിരുന്നു ഹെൽസിങ്കിയിലേത്. ആ വർഷത്തെ വേൾഡ് അത്‌ലറ്റ് ഓഫ് ദി ഇയർ പുരസ്കാരവും യെലേനക്കു ലഭിച്ചു.
ഉക്രൈനിലെ ഡോണെറ്റ്സ്കിൽ വച്ച് നടന്ന ഒരു ഇൻഡോർ മീറ്റിൽ ഫെബ്രുവരി 12ന് യെലേന 4.91 മീറ്റർ ചാടി പുതിയ ഇൻഡോർ റെക്കോർഡ് സ്ഥാപിച്ചു. മാർച്ചിൽ മോസ്കോവിൽ വെച്ച് യെലേന ഇൻഡോറിലെ ഒന്നാം സ്ഥാനം നിലനിർത്തുകയും ചെയ്തു.ഗോട്ടൻബർഗിൽ വെച്ച് നടന്ന 2006ലെ യൂറോപ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ യെലേന 4.80 മീറ്റർ ചാടി വീണ്ടും സ്വർണ്ണമണിഞ്ഞു. ഇതായിരുന്നു ഇസിൻബയേവയുടെ ശേഖരത്തിലില്ലാതിരുന്ന ഏക സ്വർണ്ണമെഡൽ. സെപ്റ്റംബറിൽ ആഥൻസിൽ വെച്ച് നടന്ന ലോക കപ്പിൽ റഷ്യയെ പ്രതിനിധീകരിച്ച് യെലേന ഒന്നാം സ്ഥാനം നേടുകയും ചെയ്തു.
2006ലെ ലോറിയസ് സ്പോർട്സ് പേഴ്സൺ ഓഫ് ദി ഇയർ പുരസ്കാരവും യെലേന സ്വന്തമാക്കി.
രണ്ടാം ഒളിമ്പിക്സ് സ്വർണ്ണവും ലോകചാമ്പ്യൻഷിപ്പും
തിരുത്തുക2007 ഫെബ്രുവരി പത്താം തിയതി ഉക്രൈനിലെ ഡോനെറ്റ്സ്കിൽ വെച്ച് യെലേന ലോക ഇൻഡോർ പോൾവാൾട്ട് റെക്കോർഡ് 4.93 മീറ്റർ ചാടിക്കൊണ്ട് വീണ്ടും തകർത്തു. യെലേനയുടെ കായികജീവിതത്തിലെ 20ആമത് ലോകറെക്കോർഡ് ആയിരുന്നു ഇത്.
അവലംബം
തിരുത്തുക- ↑ "Pole-Vaulter Keeps a Low Profile During Her Ambitious Ascent". The New York Times. 2 February 2007. Retrieved 19 June 2011.
- ↑ "Athletics: Pole-vault diva toys with foes and fans". The New York Times. 29 August 2007. Retrieved 19 June 2011.
- ↑ "New world record for Isinbayeva". Eurosport. Yahoo! Sports. 23 January 2012. Retrieved 24 January 2012.
- ↑ Bekele and Isinbayeva win Athletes of the Year titles for second year. iaaf.org (10 September 2005). Retrieved 21 April 2011.