കേസറിയായിലെ യൂസീബിയസ്

(യൂസേബിയസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആദ്യകാല ക്രൈസ്തവസഭയുടെ പേരുകേട്ട ചരിത്രകാരനും പലസ്തീനയിൽ കേസറിയായിലെ മെത്രാനുമായിരുന്നു യൂസീബിയസ്. അദ്ദേഹത്തിന്റെ ജനന-മരണവർഷങ്ങളെ സംബന്ധിച്ച കൃത്യമായ രേഖകളില്ലെങ്കിലും ക്രി.വ. 260-നടുത്ത് ജനിച്ച് 340-നടുത്ത് വരെ ജീവിച്ചിരുന്നുവെന്നു കരുതപ്പെടുന്നു.

കേസറിയായിലെ യൂസീബിയസ്

ആദ്യകാലജീവിതം

തിരുത്തുക

യൂസീബിയസിന്റെ ജന്മസ്ഥലത്തെക്കുറിച്ചോ മാതാപിതാക്കന്മാരെക്കുറിച്ചോ ഉള്ള വിവരങ്ങൾ ലഭ്യമല്ല.[1] ആദ്യകാലജീവിതം കേസറിയായിൽ ആയിരുന്നു എന്ന് കരുതപ്പെടുന്നു. ചെറുപ്പത്തിലേ തന്നെ യൂസീബിയസ് കേസറിയായിലെ മെത്രാനും അവിടത്തെ ദൈവശാസ്ത്രവിദ്യാലയത്തിന്റെ സ്ഥാപകനും ആയിരുന്ന പാംഫിലിയസിന്റെ ശിഷ്യനും ആരാധകനുമായിത്തീർന്നു. പാംഫിലിയസിനോടുള്ള ആരാധനമൂലം പാംഫിലിയസിന്റെ മകൻ യൂസീബിയസ് (Eusebius Pamphili)എന്ന പേരിൽ അറിയപ്പെടാനാണ് യൂസീബിയസ് ഇഷ്ടപ്പെട്ടിരുന്നത്. മുൻ‌കാല ക്രൈസ്തവചിന്തൻ ഒരിജന്റെ സിദ്ധാന്തങ്ങളെ പിന്തുണച്ചിരുന്ന പാംഫിലിയസ്, അവ വിശദീകരിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും ഏറെ താത്പര്യം കാട്ടി. ഈ ശ്രമങ്ങളിൽ യൂസീബിയസും പങ്കു ചേർന്നു. പാംഫിലിയസിന്റേതായി കേസറിയായിൽ ഉണ്ടായിരുന്ന ഒന്നാംതരം ഗ്രന്ഥശാല യൂസീബിയസിനുണ്ടായിരുന്ന പരന്ന അറിവിന്റെ ഒരു പ്രധാന സ്രോതസ്സായിരുന്നിരിക്കണം.[2]

പീഡനം, പ്രവാസം, മടക്കം

തിരുത്തുക

ഡയക്ലീഷൻ ചക്രവർ‍ത്തിയുടെ ഭരണകാലത്തെ ക്രിസ്തുമതപീഡനത്തിൽ പാംഫിലിയസ് രണ്ടുവർഷം തടവിൽ കിടന്ന ശേഷം ക്രി.വ. 309-ൽ വധിക്കപ്പെട്ടപ്പോൾ യൂസീബിയസ് ആദ്യം ഇന്നത്തെ ലെബനോനിലെ ടൈറിലും പിന്നീട് ഈജിപ്തിലും അഭയം തേടി. റോമൻ ഭരണത്തിൻകീഴെ തന്നെ ആയിരുന്ന ഈജിപ്തിൽ അദ്ദേഹം തടവിലിടപ്പെട്ടെങ്കിലും താമസിയാതെ മോചിതനാവുകയും കേസറിയായിൽ തിരിച്ചെത്തുകയും ചെയ്തു. ക്രി.വ. 315-ൽ അദ്ദേഹം പാംഫിലിയസിനെ പിന്തുടർന്ന് കേസറിയായിലെ മെത്രാനായി നിയമിക്കപ്പെട്ടു.

നിഖ്യാ സൂനഹദോസിൽ

തിരുത്തുക

യേശു ദൈവപുത്രന്റെ മനുഷ്യാവതാരമായിരുന്നു എന്ന വിശ്വാസത്തെ കേന്ദ്രീകരിച്ച്, യേശുവും പിതാവായ ദൈവവും തമ്മിലുള്ള ബന്ധത്തെപ്പറ്റി ക്രൈസ്തവസഭയിൽ വലിയ അഭിപ്രായ ഭിന്നത അന്ന് നിലനിന്നിരുന്നു. യേശു പിതാവയ ദൈവത്തിനു സമനായ ത്രീത്വത്തിലെ രണ്ടാമത്തെ ആളാണെന്നു വാദിച്ച അത്തനാസിയൂസിനെപ്പോലുള്ളവരും പിതാവിന് യേശു സമനല്ലെന്നും, പിതാവിന്റെ സൃഷ്ടിയായിരിക്കുകയാൽ, പുത്രൻ ഇല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്നും വാദിച്ച ആരിയൂസെന്നയാളെ പിന്തുടരുന്നവരും തമ്മിലായിരുന്നു പ്രധാന ഭിന്നത. ഇതു പരിഹരിക്കാൻ റോമൻ ചക്രവർത്തിയായിരുന്ന കോൺസ്റ്റന്റൈൻ ക്രി.വ. 325-ൽ വിളിച്ചുകൂട്ടിയ നിഖ്യാ സൂനഹദോസിൽ യൂസീബിയസ് പ്രധാന പങ്കു വഹിച്ചു. മുൻ‌നിരയിൽ ചക്രവർത്തിയുടെ വലംഭാഗത്ത് ഇരിപ്പിടം നൽകപ്പെട്ട അദ്ദേഹമാണ് സൂനഹദോസിലെ പ്രാരംഭപ്രഭാഷണം നടത്താൻ നിയോഗിക്കപ്പെട്ടത്.[3] ചായ്‌വ് ആരിയൻ പക്ഷത്തിന്റെ നിലപാടിനോടായിരുന്നിട്ടും, തർക്കങ്ങളിൽ പൊതുവേ അനുഞ്‌ജകന്റെ പങ്കു വഹിക്കാൻ ഇഷ്ടപ്പെട്ട യൂസീബിയസ്, രൺടുവിഭാഗത്തേയും തൃപ്തിപ്പെടുത്താനുദ്ദേശിച്ച് ഒരു വിശ്വാസപ്രമാണം അംഗീകാരത്തിനായി അവതരിപ്പിച്ചു. എന്നാൽ ആരിയൂസിന്റെ നിലപാടിനെ തള്ളിപ്പറയാത്ത ആ വിശ്വാസപ്രമാണത്തിന് അംഗീകാരം കിട്ടിയില്ല. യേശു പിതാവിനോടു കൂടി ഏകസത്തയാണെന്ന അറിയൂസ് വിരുദ്ധ സമവാക്യത്തിനാണ് അംഗീകാരം കിട്ടിയത്. ഭൂരിപക്ഷത്തിന്റെ ഈ തീരുമാനത്തെ അംഗീകരിച്ചെങ്കിലും കേസറിയായിൽ തന്റെ രൂപതയിലുള്ളവർക്കെഴുതിയ ഒരു കത്തിൽ ഈ തീരുമാനത്തിലുള്ള അതൃപ്തി യൂസീബിയസ് വ്യക്തമാക്കി.

തുടർന്നു വന്ന വർഷങ്ങളിൽ നിഖ്യാ സൂനഹദോസ് സൃഷ്ടിച്ച വിവാദങ്ങളിൽ യൂസീബിയസ് സജീവമയി പങ്കെടുത്തു. ആരിയൂസിനും മറ്റും കല്പിച്ച വിലക്ക് നീക്കിയെടുക്കാൻ അദ്ദേഹം ശ്രമിച്ചു. ഈ ശ്രമങ്ങൾ‍ വിജയം കണ്ടില്ല. ഈ തർക്കത്തിൽ അന്തിമവിജയം, അത്തനാസിയൂസിന്റെ വിട്ടുവീഴചയില്ലാത്ത ആരിയൂസ്-വിരുദ്ധ നിലപാടിനായിരുന്നു.

അക്കാലത്തെ മത-രാഷ്ട്രീയ സം‌വാദങ്ങളിൽ തിരക്കിട്ടു പങ്കുചേരുന്നതിനിടയിലും വിപുലമായ തന്റെ അറിവും താത്പര്യങ്ങളും ഉപയോഗിച്ച് ക്രൈസ്തവസഭാചരിത്രത്തിലെ അമൂല്യരേഖകളായിത്തീർന്ന അനേകം ഗ്രന്ഥങ്ങൽ ഗ്രീക്ക് ഭാഷയിൽ എഴുതാൻ യൂസീബിയസ് സമയം കണ്ടെത്തി. ഈ രംഗത്തെ സംഭാവനകൾ കണക്കിലെടുത്ത്, പാശ്ചാത്യ ലോകത്തെ ചരിത്രരചനയുടെ തുടക്കക്കാരനായ ഹെറോഡൊട്ടസിനോടു തുലനം ചെയ്ത്, ക്രൈസ്തവ ഹെറോഡോട്ടസ് എന്ന് പോലും അദ്ദേഹം വിളിക്കപ്പെട്ടിട്ടുണ്ട്.

സഭാചരിത്രം

തിരുത്തുക

യൂസീബിയസിന്റെ കൃതികളിൽ ഏറ്റവും പ്രധാനപ്പെട്ടതും അദ്ദേഹത്തിന്റെ യശസിന്റെ മുഖ്യ അധാരവും ക്രൈസ്തവസഭാചരിത്രമാണ് (Historia ecclesiastica).[4] പത്തു വാല്യങ്ങൾ അടങ്ങിയ ഈ കൃതിയുടെ ആദ്യത്തെ ഏഴു വാല്യങ്ങൾ നിഖ്യാ സൂനഹദോസിനു മുൻപാണ് എഴുതപ്പെട്ടത്. അവസാനത്തെ മൂന്നു വാല്യങ്ങൾ യൂസേബിയസിന്റെ ജീവിതകാലത്തെ തന്നെ സഭാചരിത്രമാണ്. അവയുടെ രചന നിഖ്യാ സൂനഹദോസിനു ശേഷമാണ് നടന്നത് എന്നു കരുതപ്പെടുന്നു. തന്റെ കൃതിയിൽ യൂസീബിയസ് കൃത്യമായ ഒരു രചനാക്രമം പിന്തുടരുന്നില്ല. എങ്കിലും പത്ത് വാല്യങ്ങളിൽ ഓരൊന്നിന്റേയും മുഖ്യപ്രമേയങ്ങളിൽ ചിലത് ഇതൊക്കെയാണ്:-[5]

  1. ക്രിസ്തുവിനെക്കുറിച്ച്
  2. അപ്പസ്തോലന്മാരുടെ പ്രവൃത്തികൾ, ജറുസലേമിന്റെ നശീകരണസമയം വരെയുള്ളത്
  3. പ്രേഷിതയാത്രകളും പീഡനങ്ങളും
  4. മെത്രാന്മാർ, ലിഖിതങ്ങൾ, രക്തസാക്ഷിത്ത്വങ്ങൾ
  5. പാഷണ്ഡതകൾ, ചെറുത്തുനില്പ്
  6. ഒരിജൻ, അലക്സാൻഡ്രിയയിലെ പീഡനങ്ങൾ
  7. ഡായോണിഷ്യസ്, ഛിദ്രം
  8. ഡയോക്ലിഷ്യന്റെ ക്രിസ്തുമതപീഠനം
  9. കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ സൈനികവിജയം
  10. കോൺസ്റ്റന്റൈന്റെ കീഴിൽ ക്രിസ്തുമതത്തിനു കിട്ടിയ പരിഗണനകൾ

തന്റെ രചനയുടെ ലക്‌ഷ്യം അതിന്റെ ഒന്നാം വാല്യത്തിന്റെ തുടക്കത്തിൽ അദ്ദേഹം ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു.[6]

വിശുദ്ധ അപ്പസ്തോലന്മാരുടെ പിന്തുടർച്ചയുടെ കഥയും രക്ഷകന്റെ സമയം മുതൽ നമ്മുടെ കാലം വരെയുള്ള മറ്റു കാര്യങ്ങളുമാണ് എന്റെ വിഷയം. പ്രധാനപ്പെട്ട പ്രദേശങ്ങളിൽ കാലാകാലങ്ങളിൽ സഭയെ നയിക്കുകയും തലമുറകളിലൂടെ പ്രസംഗവും എഴുത്തും വഴി ദൈവവചനം പ്രഘോഷിക്കുകയും ചെയ്തവരെപ്പറ്റിയും എനിക്കു പറയാനുണ്ട്. പുതുമകളുടെ പുറകേപോയി വലിയ അബദ്ധങ്ങളിൽ ചെന്നു ചാടുകയും വലിയ അറിവിന് ഉടമകളെന്ന് നടിച്ച് ചെന്ന് ക്രിസ്തുവിന്റെ ആട്ടിൻ പറ്റത്തെ ചെന്നായ്ക്കളെപ്പോലെ ചിതറിക്കുകയും ചെയ്തവരുടെ കാര്യങ്ങളും എന്റെ കഥയിൽ വരും. എന്റെ മറ്റൊരുദ്ദേശം നമ്മുടെ രക്ഷകനെതിരെ ഗൂഢാലോചന നടത്തി ഏറെ താമസിയാതെ തന്നെ യഹൂദവംശത്തിന് വന്നുപെട്ട സർ‌വ്വനാശത്തിന്റെ കഥ പറയുകയെന്നതാണ്. ഒപ്പം, ദൈവവചനത്തെ ആക്രമിച്ച പുറജാതികളെപ്പറ്റിയും ആക്രമണങ്ങളെ മർദ്ദനമേറ്റും രക്തം ചൊരിഞ്ഞും നേരിട്ട ധീരന്മാരെപ്പറ്റിയും അവർക്കു കർത്താവ് കൊടുത്ത രക്ഷയെപ്പറ്റിയും കൂടി എനിക്കു പറയാനുണ്ട്.

ഇവിടെ യൂസീബിയസ് തനെഴുതിയ ചരിത്രത്തിന്റെ രൂപരേഖ അവതരിപ്പിക്കുകയാണ്. അദ്ദേഹത്തിന്റെ കൃതി നിഷ്പക്ഷമായ ചരിത്രരചനയുടെ ശാസ്ത്രീയമാനണ്ഡങ്ങൾ പിന്തുടരുന്നില്ല എന്നു ഈ ഏറ്റുപറച്ചിൽ വ്യക്തമക്കുന്നു. അതേസമയം യൂസീബിയസിന്റെ ഗ്രന്ഥത്തിന്റെ പ്രാധാന്യം പരക്കെ അംഗീകരിക്കപ്പെട്ടുമിരിക്കുന്നു. ആദ്യകാലസഭയെക്കുറിച്ച് മറ്റെങ്ങും ലഭിക്കാത്ത വിവരങ്ങളുടെ വിലമതിക്കാനാവാത്ത ശേഖരം ആണത്. ആദ്യനൂറ്റാണ്ടുകളിലെ സഭാനേതാക്കന്മാരിൽ പലരെക്കുറിച്ചും അറിയാനാകുന്നത് ആ കൃതിയിൽ നിന്നു മാത്രമാണ്. വലിയ ചരിത്രമൂല്യമുള്ള പല രേഖകളും ഇന്നു അനുസ്മരിക്കപ്പെടുന്നതും യൂസീബിയസിന്റെ സഭാചരിത്രത്തിൽ അവ സ്ഥാനം കണ്ടതുകൊണ്ടാണ്.

മറ്റു രചനകൾ

തിരുത്തുക

സഭാചരിത്രത്തിനു പുറമേ മറ്റനേകം കൃതികളും യൂസീബിയസിന്റേതായിട്ടുണ്ട്. പലതും ഇന്ന് നഷ്ടപ്പെട്ടിരിക്കുന്നു. ലഭ്യമായ കൃതികളിൽ ഒന്ന് അദ്ദേഹം എഴുതിയ കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ ജീവചരിത്രമാണ്. ചക്രവർത്തിക്ക് യൂസീബിയസിനോട് വളരെ അടുപ്പമുണ്ടായിരുന്നുവെന്നും അവർ സുഹൃത്തുക്കളായിരുന്നുവെന്നും വരെ പറയുന്നവരുണ്ട്. ഏതായാലും, ഈ കൃതി പൊതുവേ വസ്തുനിഷ്ഠമല്ലാത്ത ഒരു അപദാനവർണ്ണന ആയാണ് പരിഗണിക്കപ്പെടുന്നത്. അതേസമയം, അക്കാലത്തെ വലിയ ചരിത്രസംഭവമായ നിഖ്യാസൂനഹദോസിനെക്കുറിച്ച്, വിലപിടിച്ച വിവരങ്ങൾ അത് നൽകുന്നുമുണ്ട്.

അദ്ദേഹത്തിന്റെ മറ്റുകൃതികൾ ക്രൈസ്തവ 'രക്തസാക്ഷികളുടെ' ചരിത്രങ്ങൾ, വേദപുസ്തകവിശകലനങ്ങൾ, വിശ്വാസസംബന്ധമായ തർക്കങ്ങളെ സംബന്ധിച്ചുള്ളവ എന്നീ വിഭാങ്ങളിൽ പെടുന്നവയാണ്.

വിലയിരുത്തൽ

തിരുത്തുക

റൊമാസാമ്രാജ്യത്തിന്റെ തളർച്ചയും തകർച്ചയും (Decline and Fall of the Roman Empire) എന്ന ഗ്രന്ഥമെഴുതിയ എഡ്‌വേഡ് ഗിബ്ബൺ ഉൾപ്പെടെ പലരും യൂസീബിയസിന്റെ അശാസ്ത്രീയമെന്ന് ആരോപിക്കപ്പെടുന്ന ചരിത്രരചനാശൈലിയെ നിശിതമായി വിമർശിച്ചിട്ടുൺട്.[൧] യൂസീബിയസ്, ഒരിജനെയോ അഗസ്റ്റിനെയോ പൊലെ മൗലികചിന്തകനോ, വലിയ ദൈവവിജ്ഞാനിയോ ശൈലീവല്ലഭനോ ഒന്നുമായിരുന്നില്ല. സാഹിത്യമേന്മ തീരെ ഇല്ലാത്തതാണ് സഭാചരിത്രം എന്നും സമ്മതിക്കപ്പെട്ടിട്ടുണ്ട്.


എന്നാൽ ചരിത്രകാരനും എഴുത്തുകാരനുമെന്ന നിലയിലുള്ള യൂസീബിയസിന്റെ കുറവുകൾ നികത്താൻ അദ്ദേഹത്തിന്റെ പരന്ന അറിവും വിഷയത്തോടുള്ള പ്രതിബദ്ധതയും ഉണ്ടായിരുന്നു. ക്രൈസ്തവസഭയുടെയും റോമാസാമ്രാജ്യത്തിന്റേയും ചരിത്രത്തിലെ ഒരു നിർണ്ണായകഘട്ടത്തിലാണ് അദ്ദേഹം ജീവിച്ചത്. റോമാസാമ്രാജ്യത്തിൽ, മുഖ്യധാരയിൽ നിന്ന് അകന്ന്, ഒറ്റപ്പെട്ടും ഭരണവർഗത്താൽ വെറുക്കപ്പെട്ടും ഇരുന്ന ഒരു പ്രസ്ഥാനമെന്ന നിലയിൽ നിന്ന് ആത്മീയ-ഭൗതികരംഗങ്ങളിൽ അധികാരം കയ്യാളുന്ന സ്ഥിതിയിലേക്ക് ക്രിസ്തുമതം മാറിയത് അപ്പോഴായിരുന്നു. ആ ചരിത്രസന്ധിയുടെ പ്രാധാന്യത്തെക്കുറിച്ച് തികച്ചും ബോധവാനായി, അതിനെയും അതുവരെയുള്ള ചരിത്രത്തെയും പിൽക്കാലങ്ങൾക്കുവേണ്ടി രേഖപ്പെടുത്തിവക്കുന്ന ചുമതല സ്വയം ഏറ്റെടുത്ത നിർ‌വഹിച്ച യൂസീബിയസ്, സഭാചരിത്രത്തിന്റെ പിതാവ് എന്ന വിശേഷണം തികച്ചും അർഹിക്കുന്നു.

നുറുങ്ങുകൾ

തിരുത്തുക
  1. കൊട്ടാരവുമായി അടുപ്പമുണ്ടായിരുന്ന യൂസീബിയസിനോട് ചക്രവർത്തിയുടെ സഹോദരി കോൺസ്റ്റാൻഷ്യാ, യേശുവിന്റെ ഒരു ചിത്രം കിട്ടാൻ ആഗ്രഹം പ്രകടിപ്പിച്ചു. ഒരു ക്രിസ്ത്യാനിക്ക് അത്തരം ഒരു ചിത്രം കയ്യിൽ‍‌വക്കുന്നതോ വരക്കുന്നതോ ചിന്തിക്കാൻ പോലും പറ്റാത്ത കാര്യമാണെന്നായിരുന്നത്രെ യൂസീബിയസിന്റെ മറുപടി. അങ്ങനെ ചെയ്യുന്നത് പത്തു ദൈവപ്രമാണങ്ങളിൽ രണ്ടാമത്തേതിന്റെ ലംഘനമായിർക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.[7]
  2. സഭാചരിത്രത്തിലൊരിടത്ത് യൂസീബിയസ് ഇൻഡ്യയുൾപ്പെടെയുള്ള പൗരസ്ത്യനാടുകളിലെക്ക് സുവിശേഷപ്രചരണത്തിന് അയക്കപ്പെട്ടുവെന്നു വിശ്വസിക്കപ്പെടുന്ന അലക്സാണ്ഡ്രിയയിലെ പന്തേനൂസിനെക്കുറിച്ച് ഇങ്ങനെ എഴുതിയിരിക്കുന്നു. "പന്തേനൂസിന്റെ തീക്ഷ്ണത കണ്ട സഭാനേതൃത്വം അദ്ദേഹത്തെ പൗരസ്ത്യദേശത്തെ സുവിശേഷസം‌വാഹകനായി നിയമിച്ചു. സുവിശേഷതീക്ഷ്ണതയിൽ അപ്പസ്തോലന്മാരെ അനുസ്മരിപ്പിച്ച പന്തേനൂസ്, ഇൻഡ്യയിലും പോയി എന്നു പറയപ്പെടുന്നു. അവിടെ കണ്ടുമുട്ടിയ ക്രിസ്തുവിശ്വാസികളുടെ കയ്യിൽ, തനിക്കുമുൻപേ അവിടെ എത്തിപ്പെട്ട മത്തായിയുടെ സുവിശേഷം അദ്ദേഹം കണ്ടത്രെ. അപ്പസ്തോലന്മാരിൽ ഒരുവനായ ബർത്തലോമിയോ, അവർക്കിടയിൽ സുവിശേഷം പ്രസംഗിക്കുകയും അരമായ ഭാഷയിലുള്ള മത്തായിയുടെ സുവിശേഷം അവർക്കു കൊടുക്കുകയും ചെയ്തിരുന്നു. അത് അവർ ‍അക്കാലം വരെ കാത്തുപോന്നതാണ്." [8]
  1. http://www.ucalgary.ca/~vandersp/Courses/texts/eusebius/eusehe.html
  2. Love to Know Classic Encylopedia - http://www.1911encyclopedia.org/Eusebius_of_Caesarea
  3. കത്തോലിക്കാ വിജ്ഞാനകോശം - http://www.newadvent.org/cathen/05617b.htm
  4. Eusebius, The History of the Church from Christ to Constantaine, ജി.എ. വില്യംസൺന്റെ ഇംഗ്ലീഷ് പരിഭാഷ, Dorset Press, New York
  5. Equip God's People - Eusebius' Ecclesiastical History - http://www.equipgodspeople.com/EcclesiasticalHistory.php[പ്രവർത്തിക്കാത്ത കണ്ണി]
  6. Online Encyclopedia - http://encyclopedia.jrank.org/EUD_FAT/EUSEBIUS_OF_CAESAREA_c_260_c_34.html Archived 2008-02-08 at the Wayback Machine.
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-09-25. Retrieved 2008-02-22.
  8. സഭാചരിത്രം അഞ്ചാം വാല്യം, അദ്ധ്യായം പത്ത്

കുറിപ്പുകൾ

തിരുത്തുക

^ സഭയുടെ മഹത്ത്വത്തിനുതകുന്നതൊക്കെ വിസ്തരിച്ച് രേഖപ്പെടുത്തുകയും അല്ലാത്തതൊക്കെ മറച്ചുവയ്ക്കുകയും ചെയ്യുന്ന രീതിയാണ് തന്റേതെന്ന് പരോക്ഷമായി സമ്മതിക്കുകയാണ് കൃതിയുടെ ലക്‌ഷ്യപ്രസ്താവനയിൽ യൂസീബിയസ് ചെയ്തതെന്നാണ് ഗിബ്ബൺ അഭിപ്രയപ്പെട്ടത്. Decline and Fall of the Roman Empire - അദ്ധ്യായം 26

"https://ml.wikipedia.org/w/index.php?title=കേസറിയായിലെ_യൂസീബിയസ്&oldid=3902963" എന്ന താളിൽനിന്ന് ശേഖരിച്ചത്