യാക്കോവ് ആബൂന
ഇന്ത്യയിലെ മാർത്തോമാ നസ്രാണികളുടെ ഒരു പൗരസ്ത്യ സുറിയാനി മെത്രാപ്പോലീത്ത ആയിരുന്നു മാർ യാക്കോവ് ആവൂനാ അഥവാ യാക്കോബ് ആബൂന (മുൻ പേര് റമ്പാൻ മസൂദ്). കിഴക്കിന്റെ സഭയുടെ കാതോലിക്കോസ് ഏലിയാ അഞ്ചാമൻ 1503ൽ ഇന്ത്യൻ മെത്രാസന പ്രവിശ്യയ്ക്കുവേണ്ടി നിയോഗിച്ച നാല് ബിഷപ്പുമാരിൽ ഒരാളായിരുന്നു ഇദ്ദേഹം.
മാർ യാക്കോവ് ആബൂന | |
---|---|
അഖിലേന്ത്യയുടെ മെത്രാപ്പോലീത്തയും വാതിലും | |
അതിരൂപത | ഇന്ത്യ |
മെത്രാസന പ്രവിശ്യ | ഇന്ത്യ |
ഭദ്രാസനം | കൊടുങ്ങല്ലൂർ |
നിയമനം | 1504 |
ഭരണം അവസാനിച്ചത് | 1553 |
മുൻഗാമി | മാർ യാഹ്ബാലാഹാ |
പിൻഗാമി | മാർ അബ്രാഹം മാർ യൗസേപ്പ് സുലാഖ |
മെത്രാഭിഷേകം | 1504ൽ ഏലിയാ അഞ്ചാമൻ |
പദവി | മെത്രാപ്പോലീത്ത ? |
വ്യക്തി വിവരങ്ങൾ | |
ജനന നാമം | മസൂദ് |
മരണം | 1553 |
കബറിടം | കൊടുങ്ങല്ലൂർ ? |
വിദ്യാകേന്ദ്രം | മാർ ഔഗേൻ ആശ്രമം |
ആദ്യകാല ജീവിതം
തിരുത്തുകതുർ ആബ്ദീനിൽ സ്ഥിതിചെയ്യുന്ന മാർ ഔഗേൻ ആശ്രമത്തിലെ ഒരു സന്യാസിയായിരുന്നു റമ്പാൻ മസൂദ് എന്ന മാർ യാക്കോവ്. പോർട്ടുഗീസ് രേഖകളിൽ ആബൂന എന്നും ഇദ്ദേഹം പരാമർശിച്ചിരിക്കുന്നു.[1]
ഇന്ത്യയിലേക്ക്
തിരുത്തുക1502ൽ കിഴക്കിന്റെ സഭയുടെ കാതോലിക്കോസ് ശിമയോൻ അഞ്ചാമന്റെ മരണത്തേടുർന്ന് മാർ ഏലിയാ അഞ്ചാമൻ കാതോലിക്കോസ് സ്ഥാനത്ത് ആരോഹിതനായി. 1490ൽ ശിമയോൻ അഞ്ചാമൻ ഇന്ത്യയിലേക്ക് നിയമിച്ച അയച്ച രണ്ട് ബിഷപ്പുമാരിൽ ഒരാളായ മാർ തോമായും നസ്രാണി വൈദികനായ യൗസേപ്പും കാതോലിക്കോസിനെ സന്ദർശിക്കുന്നതിന് അസ്സീറിയയിൽ എത്തിയിരുന്നു. 1504ൽ ഏലിയാ അഞ്ചാമൻ മൂന്ന് സന്യാസിമാരെ തിരഞ്ഞെടുത്ത് ബിഷപ്പുമാരായി വാഴിച്ച് ഇന്ത്യയിലേക്കും സാമന്ത ഭദ്രാസനങ്ങളായ ചൈന, ദ്വീപുസമൂഹങ്ങൾ എന്നിവിടങ്ങളിലേക്കും നിയോഗിച്ച് അവരോടൊപ്പം അയച്ചു. മാർ ഔഗേൻ ആശ്രമത്തിലെ റമ്പാന്മാരായിരുന്ന ദാവീദ് അറ്‌റീഖാ, മസൂദ്, ഗീവർഗ്ഗീസ് എന്നിവരായിരുന്നു അവർ. റമ്പാൻ ദാവീദ് മാർ യാഹ്ബാലാഹാ എന്ന പേരിൽ മെത്രാപ്പോലീത്ത ആയും റമ്പാൻ മസൂദ് മാർ യാക്കോവ് എന്ന പേരിലും റമ്പാൻ ഗീവർഗ്ഗീസ് മാർ ദനഹാ എന്ന പേരിലും ആണ് ബിഷപ്പുമാരായി വാഴിക്കപ്പെട്ടത്.[1][2]
പോർട്ടുഗീസുകാരെ കണ്ടുമുട്ടുന്നു
തിരുത്തുകകണ്ണൂരിൽ വന്നിറങ്ങിയ ഇവരെ പോർട്ടുഗീസുകാർ സ്വീകരിച്ചു. പോർട്ടുഗീസുകാരും സുറിയാനി ബിഷപ്പുമാരും തമ്മിലുള്ള കണ്ടുമുട്ടലും ആദ്യകാല ബന്ധവും സൗഹാർദ്ദപരമായിരുന്നു. അവിടെ താമസിച്ചിരുന്ന ഇരുപതോളം പോർട്ടുഗീസുകാരോട് തങ്ങൾ ക്രിസ്ത്യാനികളാണെന്ന് പരിചയപ്പെടുത്തി. പോർട്ടുഗീസുകാർ അവരെ വളരെ സൗഹാർദ്ദപരമായി സ്വീകരിക്കുകയും വസ്ത്രങ്ങളും പണവും നൽകി സഹായിക്കുകയും ചെയ്തു. രണ്ടര മാസത്തോളം അവർ അവിടെ താമസിച്ചു. അവർ പോകുന്നതിനുമുമ്പ്, അവരുടെ പൗരസ്ത്യ സുറിയാനി ആചാരക്രമം അനുസരിച്ച് വിശുദ്ധ കുർബാന അർപ്പിക്കാൻ പോർട്ടുഗീസുകാർ അവരെ ക്ഷണിച്ചു. കുർബാനയ്ക്കായി നൂസർദ്ദേൽ ഞായറാഴ്ച അവർ അനുയോജ്യമായ രീതിയിൽ മനോഹരമായി ബലിപീഠം ഒരുക്കി, പോർട്ടുഗീസ് വൈദികർക്കുശേഷം വിശുദ്ധ ബലിയർപ്പിക്കുകയും ചെയ്തു. അവരുടെ പ്രാർത്ഥനാ അനുഷ്ഠാനരീതികളിൽ പോർട്ടുഗീസ് മിഷനറിമാർക്ക് വളരെ സംതൃപ്തി തോന്നി.[3]
മാർത്തോമാ നസ്രാണികളുടെ ഇടയിൽ
തിരുത്തുകഅവിടെ നിന്നും തെക്കോട്ട് യാത്ര ചെയ്ത് മാർത്തോമാ നസ്രാണികളുടെ അധിവാസ മേഖലയിൽ ഇവർ എത്തിച്ചേർന്നു. 1490ൽ മാർ തോമായോടൊപ്പം വന്ന മാർ യോഹന്നാൻ എന്ന മെത്രാപ്പോലീത്തയെ പുതിയ ബിഷപ്പുമാർ കണ്ടുമുട്ടി. ഇവരെ നസ്രാണികൾ ബഹുമാനാർത്ഥം വിശുദ്ധ പിതാക്കന്മാർ എന്ന അർത്ഥം വരുന്ന മാറാബ്ബാന്മാർ എന്ന് വിളിച്ചു.[2] ഈ ബിഷപ്പുമാർ 1504ൽ ഇന്ത്യയിൽ നിന്ന് കാതോലിക്കോസിന് മലബാറിലെ സഭയുടെ വിവരണം നൽകിക്കൊണ്ട് കത്തെഴുതി. ഇത് മലബാറിലെ മാർത്തോമാ നസ്രാണികളുടെ ചരിത്രത്തെക്കുറിച്ച് പോർട്ടുഗീസുകാരുടേ ഇന്ത്യയിലേക്കുള്ള വരവിനേക്കുറിച്ചും പ്രധാനപ്പെട്ട വിവരണം നൽകുന്നു. അപ്പോഴേക്കും മാർ ഏലിയാ അഞ്ചാമൻ മരിച്ചിരുന്നു. അദ്ദേഹത്തിന്റെ പിൻഗാമിയായ ശിമയോൻ ആറാമനാണ് ഇവരുടെ കത്ത് ലഭിച്ചത്.[1]
മാർ യാഹ്ബാലാഹയെ കുറിച്ച് തുടർന്ന് അധികം വിവരങ്ങൾ ലഭ്യമല്ല. അധികം വൈകാതെ അദ്ദേഹം മരണപ്പെട്ടിരിക്കാനാണ് സാധ്യത. അതേസമയം യാക്കോവ്, ദനഹാ എന്നിവരെക്കുറിച്ച് വിവരങ്ങൾ ലഭ്യമാണ്. മുതിർന്ന ബിഷപ്പായിരുന്ന യാക്കോവ് മെത്രാപ്പോലീത്തയുടെ ചുമതല ഏറ്റെടുത്തു. എന്നാൽ ഇദ്ദേഹം ഔദ്യോഗികമായി മെത്രാപ്പോലീത്തയായി നിയമിക്കപ്പെടുകയോ വാഴിക്കപ്പെടുകയോ ചെയ്യുന്നതിന് സാഹചര്യം ഉണ്ടായിരുന്നില്ല.[4] മാർ യാക്കോവ് കൊടുങ്ങല്ലൂർ കേന്ദ്രമാക്കിയും മാർ ദനഹ കൊല്ലം കേന്ദ്രമാക്കിയും ആയിരുന്നു പ്രവർത്തിച്ചിരുന്നത്.[5] രണ്ട് ബിഷപ്പുമാരും ഒരുമിച്ച് പ്രവർത്തിച്ചതിന്റെ സാക്ഷ്യങ്ങളും ലഭ്യമാണ്. മുട്ടുചിറ പള്ളിയിലെ ശിലാലിഖിത്തിൽ പള്ളിയിലെ ഒരു കർമ്മവുമായി ബന്ധപ്പെട്ട് ഇരുവരുടെയും ഒരുമിച്ചുള്ള സാന്നിധ്യം പരാമർശിച്ചിരിക്കുന്നു. ഈ കാലഘട്ടത്തിൽ ആണ് പോർട്ടുഗീസുകാർ നസ്രാണികളുടെ സഭാ ഭരണത്തിൽ ഇടപെടാൻ തുടങ്ങിയത്. പോർട്ടുഗീസുകാരുടെ ഈ നീക്കത്തോട് രണ്ടുപേർക്കും വിപരീത സമീപനങ്ങളാണ് ഉണ്ടായിരുന്നത്. മാർ യാക്കോവ് പോർട്ടുഗീസുകാരുമായുള്ള സൗഹൃദം നിലനിർത്താനും കൂടുതൽ അടുക്കാനും പരിശ്രമിച്ചപ്പോൾ മാർ ദനഹാ അവരുടെ അനിയിന്ത്രിതമായ ഇടപെടലുകളെ എതിർത്തുകൊണ്ടിരുന്നു. താമസിയാതെ ഇരുവരും തമ്മിൽ ഭിന്നത രൂപപ്പെട്ടു.[6][7][8][9]
പോർട്ടുഗീസുകാരുമായുള്ള ബന്ധം
തിരുത്തുകമാർ യാക്കോവിനെ പോർട്ടുഗീസുകാരുമായി അടുപ്പിച്ച പ്രധാന കാരണം മുസ്ലിം ആക്രമണങ്ങൾ ആയിരുന്നു. കൊല്ലം, കൊടുങ്ങല്ലൂർ എന്നീ പ്രധാന നസ്രാണി കേന്ദ്രങ്ങൾ വടക്ക് നിന്നുള്ള മുസ്ലിമുങ്ങൾ ആക്രമിക്കുകയും അവിടെയുള്ള പള്ളികളും വീടുകളും അഗ്നിക്കിരയാക്കുകയും ചെയ്തു. ഇതിൽ എടുത്തുപറയേണ്ടതാണ് 1505ൽ മുസ്‌ലിങ്ങൾ കൊല്ലം തരിസാപ്പള്ളിയിൽ നടത്തിയ കൊള്ളിവെയ്പ്.[10] പോർട്ടുഗീസുകാരുടെ സഹായം ലഭിക്കാൻ തുടങ്ങിയതോടെ ഈ മേഖലകളിൽ സുരക്ഷിതത്വം ഉറപ്പാക്കാൻ പ്രദേശത്തെ ക്രിസ്ത്യാനികൾക്ക് കഴിഞ്ഞു. എന്നാൽ ഈ ബന്ധത്തെ പോർട്ടുഗീസുകാർ തങ്ങളുടെ രാജാവിനോടുള്ള നസ്രാണികളുടെ വിധേയത്വമായാണ് മനസ്സിലാക്കിയത്.[11]
ലത്തീൻവത്കരണ ശ്രമങ്ങൾ
തിരുത്തുകആദ്യകാലങ്ങളിൽ നസ്രാണികളും പോർട്ടുഗീസുകാരും തമ്മിലുള്ള ബന്ധം സൗഹാർദ്ദപരമായിരുന്നെങ്കിലും 1510നുശേഷം അതിൽ മാറ്റങ്ങൾ ഉണ്ടായി. പോർട്ടുഗീസുകാരനായ അൽവാറീസ് പെന്റെയാഡോ എന്ന വൈദികന്റെ പ്രവർത്തനങ്ങൾ ആണ് ഇതിൽ നിർണ്ണായകമായത്. നസ്രാണികളുടെ കൽദായ സുറിയാനി ആരാധനാക്രമത്തിൽ നെസ്തോറിയൻ പാഷണ്ഡത ഉണ്ട് എന്ന ആരോപണം ഇദ്ദേഹം ഉയർത്തി. കൽദായ ആരാധനാക്രമത്തിലെ നെസ്തോറിയൻ അംശങ്ങൾ തിരുത്തണമെന്നും ലത്തീൻ സഭയുടേതിന് അനുരൂപപ്പെടുത്തണമെന്നും പെന്റെയാഡോ നിലപാടെടുത്തു. ഇതിന് മറ്റു മിഷണറിമാരുടെ ഇടയിൽ പരക്കെ പിന്തുണ ലഭിക്കാൻ തുടങ്ങി. നസ്രാണികൾ പുളിപ്പിച്ച അപ്പം ഉപയോഗിച്ച് കുർബാന അർപ്പിക്കുന്നതും വിവാഹിതരായ വൈദികർ ആരാധനാകർമ്മങ്ങൾ അനുഷ്ഠിക്കുന്നതും മിഷനറിമാർ എതിർത്തു. ഇതുകൂടാതെ പേത്തുർത്താ ഞായറിന് പകരം ക്ഷാരബുധനാഴ്ച വലിയ നോമ്പ് ആചരണം തുടങ്ങണമെന്നും നോമ്പുകാലത്ത് മീൻവിഭവങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്നും മിഷനറിമാർ നിർബന്ധിച്ചു.[12] ഇത്തരം നടപടികൾ ആത്യന്തികമായി തങ്ങളെ പരമ്പരാഗതമായ പൗരസ്ത്യ സുറിയാനി സഭയുമായുള്ള ബന്ധത്തിൽ നിന്ന് വേർപെടുത്താൻ ലക്ഷ്യമിട്ടുള്ളവയാണ് എന്ന് മനസ്സിലാക്കിയ നസ്രാണികൾ പോർട്ടുഗീസുകാരോട് അകലം പാലിക്കാൻ തുടങ്ങി. കൊല്ലം, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലെ പുരാതന പള്ളികളുടെ ചുറ്റും പോർട്ടുഗീസുകാർ കോട്ടകൾ കെട്ടിയിരുന്നതിനാൽ നസ്രാണികൾ അവിടങ്ങളിൽ നിന്ന് ഉൾനാടൻ പ്രദേശങ്ങളിലേക്ക് മാറുകയും അവിടെ പുതിയ പള്ളികൾ സ്ഥാപിക്കുകയും ചെയ്തു. ഈ വിഭാഗീയതയുടെ ഇടയിലും പോർട്ടുഗീസുകാരുമായി സഹകരിക്കാൻ മാർ യാക്കോവ് പരിശ്രമിച്ചു.
പോർട്ടുഗീസുകാരുമായുള്ള സാമ്പത്തിക നീക്കുപോക്കുകൾ
തിരുത്തുകപെന്റെയാഡോയുടെ കടുംപിടുത്തവും സ്വതസിദ്ധമായ അമിതകോപവും മറ്റ് മിഷനറിമാരുടെ ഇടയിലും അസ്വസ്ഥത ഉളവാക്കിയിരുന്നു. ജോവാഒ കാറോ, ഫ്രാൻസിസ് സേവ്യർ തുടങ്ങിയ മിഷനറിമാർ മാർ യാക്കോവുമായി സൗഹൃദം തുടർന്നു. നയപരവും ക്രമേണ ഉള്ളതുമായ ലത്തീൻ അനുരൂപണമാണ് അവർ മുന്നോട്ടുവെച്ചത്. ഇതിനായി യാക്കോവ് ആവൂനയ്ക്ക് പോർട്ടുഗീസ് രാജാവിൽ നിന്ന് സാമ്പത്തിക സഹായം ലഭ്യമാക്കാനും അവർ ശ്രദ്ധ ചെലുത്തി. ഇതെല്ലാം മാർ യാക്കോവും മിഷനറിമാരും തമ്മിൽ അടുത്ത ബന്ധം തുടരുന്നതിന് ഇടവരുത്തി. എന്നാൽ പെന്റെയാഡോ പാകിയ നസ്രാണികളോടുള്ള സംശയത്തിന്റെ വിത്തുകൾ അപ്പോഴും നശിക്കുകയല്ല, വളരുകയാണ് ഉണ്ടായത്.[13]
മലബാറിലെ നസ്രാണികൾ പ്രധാനപ്പെട്ട കർഷകസമൂഹം കൂടി ആയിരുന്നു. കുരുമുളക് കൃഷിയും വിൽപ്പനയും നസ്രാണികൾ വ്യാപകമായി നടത്തിയിരുന്നു. ജോവാഒ കാറോയുടെ നിർദ്ദേശപ്രകാരം 1522ൽ മാർ യാക്കോവ് പോർട്ടുഗീസുകാരുമായി മാത്രം കുരുമുളക് വ്യാപാരം നടത്താൻ നസ്രാണികളോട് ആവശ്യപ്പെട്ടു. ഇതിന് പല പ്രത്യാഘാതങ്ങൾ ഉണ്ടായി. ചിലപ്പോൾ എങ്കിലും നസ്രാണികളുടെ വ്യാപാര താല്പര്യങ്ങൾക്ക് ഇത് പ്രതിബന്ധമായി സാധാരണയായി കുരുമുളക് വാങ്ങിയിരുന്നു മുസ്ലിം വ്യാപാരികളുടെ അമർഷത്തിലേക്കും ഇത് വഴിവെച്ചു 1524ൽ മുസ്ലീമുങ്ങൾ കൊടുങ്ങല്ലൂർ ആക്രമിക്കുകയും ക്രിസ്ത്യൻ പള്ളികളും വീടുകളും അഗ്നിക്കിരയാക്കുകയും ചെയ്തു.[14]
ഫ്രാൻസിസ് സേവ്യറുമായുള്ള ബന്ധം
തിരുത്തുകമാർ യാക്കോവ് ആവൂനയുമായി ഏറ്റവും അടുത്ത് ഇടപഴകുകയും സൗഹൃദം സൂക്ഷിക്കുകയും ചെയ്തിട്ടുള്ളവരിൽ പ്രമുഖനാണ് ഫ്രാൻസിസ് സേവ്യർ എന്ന മിഷനറി വൈദികൻ. മലബാറിലെ മാർത്തോമാ നസ്രാണികളെ റോമൻ കത്തോലിക്കാസഭയിൽ ചേർക്കാൻ എളുപ്പമുള്ള മാർഗം അവരുടെ സഭാ നേതാക്കന്മാരുമായി സഹകരിക്കുക ആണ് എന്ന് അദ്ദേഹം കരുതിയിരുന്നു. ഇതിനായി യാക്കോവ് ആവൂനയ്ക്ക് പോർട്ടുഗീസുകാരുടെ സാമ്പത്തികവും രാഷ്ട്രീയവും ആയ പിന്തുണ നേടിക്കൊടുക്കാൻ അദ്ദേഹം പരിശ്രമിച്ചു. ഈ ഉദ്ദേശം പൂർത്തിയാക്കുന്നതിനായി പോർട്ടുഗീസ് രാജാവുമായി അദ്ദേഹം ബന്ധപ്പെട്ടു.[15]
ഫ്രാൻസിസ് സേവ്യർ 1549 ജനുവരി 26ന് കൊച്ചിയിൽ നിന്ന് പോർട്ടുഗലിലെ ജോൺ മൂന്നാമൻ രാജാവിന് ഒരു കത്ത് എഴുതി. അതിൽ യാക്കോവ് ആവൂനയെക്കുറിച്ച് വിവരിച്ചു:
അർമേനിയയിലെ (മെസപ്പൊട്ടാമിയ) യാക്കോബ് ആവൂന എന്ന ഒരു ബിഷപ്പ് ഈ പ്രദേശങ്ങളിൽ നാൽപ്പത്തിയഞ്ച് വർഷമായി ദൈവത്തെയും അവിടത്തെ തിരുമനസ്സിനെയും സേവിക്കുന്നു. അദ്ദേഹം വളരെ വൃദ്ധനും സദ്ഗുണസമ്പന്നനും വിശുദ്ധിയുള്ള മനുഷ്യനുമാണ്, അതേസമയം, അങ്ങയുടെ തിരുമനസ്സിനാലും ഇന്ത്യയിലെ മിക്കവാറും എല്ലാവരാലും അവഗണിക്കപ്പെട്ട വ്യക്തിയുമാണ്. അവന്റെ ദാസന്മാരെ ആശ്വസിപ്പിക്കാനുള്ള ഒരു ഉപാധിയായി ഞങ്ങളെ ഉപയോഗിക്കാതെ അവനെ അവനേത്തന്നെ സഹായിക്കാൻ ആഗ്രഹിക്കുന്നതിനാൽ, ദൈവം അവന് അവന്റെ പ്രതിഫലം നൽകുകയാണ്. ഇവിടെ അവൻ സഹായിക്കപ്പെന്നത് വിശുദ്ധ ഫ്രാൻസിസിന്റെ വൈദികർ മാത്രമാണ്. അവന് അങ്ങയുടെ തിരുമനസ്സുകൊണ്ട് വളരെ വാത്സല്യപൂർവമായ ഒരു കത്ത് എഴുതണം, അതിലെ ഒരു ഖണ്ഡികയിൽ ഗവർണർമാർക്കും വെഡോർസ് ഡാ ഫാസെൻഡയ്ക്കും കൊച്ചിൻ ക്യാപ്റ്റൻമാർക്കും അവനെ ശുപാർശ ചെയ്യുന്ന ഒരു കൽപ്പന ഉൾപ്പെടുത്തണം, അങ്ങനെ മാർ തോമാ ക്രിസ്ത്യാനികളെ പ്രതിനിധീകരിച്ച് ഒരു അഭ്യർത്ഥനയുമായി വരുമ്പോൾ അദ്ദേഹത്തിന് അർഹമായ ബഹുമാനവും ആദരവും ലഭിക്കട്ടെ. അവിടുത്തെ തിരുമനസ്സുകൊണ്ട് അദ്ദേഹത്തിന് എഴുതുകയും, അങ്ങയുടെ തിരുമനസിന്റെ ഭൗതിക സഹായം അദ്ദേഹത്തിന് ആവശ്യമായതിനേക്കാൾ അങ്ങയുടെ തിരുമനസ്സിന് ഒരു ബിഷപ്പിന്റെ പ്രാർത്ഥനകളുടെ പിന്തുണ കൂടുതൽ ആവശ്യമുള്ളതുകൊണ്ട്, അങ്ങയെ ദൈവത്തിനോട് ശുപാർശ ചെയ്യുന്നതിനുള്ള ചുമതല ഏറ്റെടുക്കാൻ അദ്ദേഹത്തോട് ആത്മാർത്ഥമായി അഭ്യർത്ഥിക്കുകയും ചെയ്യുക. മാർ തോമാ ക്രിസ്ത്യാനികളുമായുള്ള അദ്ദേഹത്തിന്റെ ജോലിയിൽ അദ്ദേഹം വളരെയധികം സഹിച്ചിരിക്കുന്നു.
അന്ത്യം
തിരുത്തുക1541ൽ കൊടുങ്ങല്ലൂരിൽ പോർട്ടുഗീസുകാർ വൈദിക പരിശീലനത്തിനായി ഒരു കോളേജ് തുടങ്ങി. വിൻസെന്റ് ഡെ ലാഗോസ് എന്ന വൈദികനാണ് ഇതിന് നേതൃത്വം കൊടുത്തത്. നസ്രാണി യുവാക്കളെ റോമൻ കത്തോലിക്കാ വിദ്യാഭ്യാസത്തിനും പരിശീലനത്തിനും വിധേയരാക്കി പുതിയ വൈദികരുടെ ഒരു തലമുറ സൃഷ്ടിച്ച് നസ്രാണി സമൂഹത്തിൽ ലത്തീൻ സഭയുമായി ചേർക്കുക എന്നത് ലാഗോസിന്റെ പ്രധാന ലക്ഷ്യമായിരുന്നു.[18] എന്നാൽ കൊടുങ്ങല്ലൂരിലെ കോളേജും മിഷനറിമാരും മാർ യാക്കോവിനെ അവഗണിച്ചു. നസ്രാണികളുടെ ഇടയിൽ മാർ യാക്കോവിന് സ്വാധീനം നഷ്ടമായിരുന്നു. ഇതേത്തുടർന്ന് 1542ൽ കൊച്ചിയിലേക്ക് മാറിയ മാർ യാക്കോവ് ആവൂനാ അവിടത്തെ ഫ്രാൻസിസ്കൻ മിഷണറിമാരുടെ ആശ്രിതനായി കഴിഞ്ഞു.[19]
കൊടുങ്ങല്ലൂരിലെ നസ്രാണികളുടെ അധികാര അവകാശങ്ങൾ അടങ്ങിയ ചെമ്പോലകൾ മാർ യാക്കോവിന്റെ കൈവശം ഉണ്ടായിരുന്നു. ഇത് ക്നായി തോമായ്ക്ക് ലഭിച്ച രാജകീയ ശാസനങ്ങൾ ആയിരുന്നു അത്.[20] മാർ യാക്കോവ് ഈ ചെമ്പോലകൾ ചില വ്യാപാരികളുടെ അടുക്കൽ പണത്തിന് ഈടായി വെച്ചിരിന്നു. ഇത് വീണ്ടെടുക്കാൻ മാർ യാക്കോവ് അതിയായി ആഗ്രഹിച്ചു. മരണത്തിനു മുൻപ് അത് സാധ്യമാക്കാൻ ഇദ്ദേഹം കൊച്ചിയിലെ മിഷനറിമാരുടെ സഹായം തേടി. മിഷണറിമാർ അത് വീണ്ടെടുത്തു.[21] ഇതിനുശേഷം 1552നോടടുത്ത് മാർ യാക്കോവ് മരണപ്പെട്ടു.[22]
സ്വാധീനം
തിരുത്തുകവിഭാഗീയതയും സാംസ്കാരിക സമരവും
തിരുത്തുകമാർ യാക്കോവിന്റെ കാലഘട്ടം നസ്രാണികളുടെ ചരിത്രത്തിലും ഇന്ത്യയിലെ പോർട്ടുഗീസ് അധിനിവേശത്തിന്റെ ചരിത്രത്തിലും നിർണായകമാണ്. നസ്രാണികളും പോർട്ടുഗീസുകാരും തമ്മിൽ പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നിലനിന്നിരുന്ന പരസ്പര ബഹുമാനവും സഹകരണ മനോഭാവവും മാറി അകൽച്ചയും എതിർപ്പും ശക്തമാകുന്നതിന് ഈ കാലഘട്ടം സാക്ഷിയായി. പോർട്ടുഗീസുകാരുടെ ഭാഗത്ത് അധീശത്വമനോഭാവവും നസ്രാണികളുടെ രീതികളോടുള്ള അവജ്ഞയും രൂപപ്പെട്ടപ്പോൾ നസ്രാണികളുടെ ഭാഗത്ത് പോർട്ടുഗീസുകാരോട് വിപ്രതിപത്തിയും ചെറുത്തുനിൽപ്പിന്റെ മനോഭാവവും വ്യാപിച്ചു. മാർ യാക്കോവിന്റെ കാലശേഷം നസ്രാണികളുടെ ആത്മീയ മേലദ്ധ്യക്ഷത കൈപ്പിടിയിലൊതുക്കാം എന്ന് ആഗ്രഹിച്ചിരുന്ന പോർട്ടുഗീസുകാരുടെ പ്രതീക്ഷകൾക്ക് വെല്ലുവിളിയായി പുതിയ രണ്ട് കൽദായ മെത്രാന്മാർ കടുന്നുവന്നു. മാർ അബ്രാഹവും മാർ യൗസേപ്പ് സുലാഖയും ആയിരുന്നു അവർ.[22] പോർട്ടുഗീസുകാരും ഈ കൽദായ മെത്രാന്മാരും തമ്മിലുള്ള സംഘർഷം പതിനാറാം നൂറ്റാണ്ടിന്റെ അവസാന പകുതിയെ പ്രക്ഷുബ്ധമാക്കി. ഉദയംപേരൂർ സൂനഹദോസ് വരെ നീണ്ടു നിന്ന ഒരു സാംസ്കാരിക ശീതസമരത്തിലേക്ക് ഇത് നയിച്ചു.[23] ഇത് പതിനേഴാം നൂറ്റാണ്ടിൽ കൂനൻ കുരിശു സത്യത്തിലും പൂർണമായ ബന്ധം വിച്ഛേദിക്കലിലും പര്യവസാനിച്ചു.[24][25]
ക്നായി തോമ്മൻ ചെപ്പേടുകളുടെ തിരോധാനം
തിരുത്തുകയാക്കോവ് ആബൂനയുടെ കാലത്ത് കൊച്ചിയിലെ ഫ്രാൻസിസ്കൻ മിഷണറിമാരുടെ ആശ്രമത്തിൽ സൂക്ഷിക്കാൻ ഏൽപ്പിച്ച പുരാതനമായ ക്നായി തോമ്മൻ ചെമ്പ് ശാസനങ്ങൾ മിഷനറിമാരുടെ അശ്രദ്ധ മൂലം എന്നന്നേക്കുമായി നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായി. ഇതിനേത്തുടർന്ന് കൊല്ലത്തെ നസ്രാണികൾ തങ്ങളുടെ കൈവശം ഉള്ള തരിസാപ്പള്ളി ചെമ്പ് ശാസനങ്ങൾ നഷ്ടപ്പെടുമോ എന്ന ഭയത്തിൽ മിഷനറിമാരെ അവ ഏൽപ്പിക്കാൻ വിമുഖത കാണിച്ചതായി അലെക്സിസ് മെനസിസിന്റെ ജൊർണാദയിൽ പരാമർശിക്കുന്നു.[26]
അവലംബം
തിരുത്തുകസൂചിക
തിരുത്തുക- ↑ 1.0 1.1 1.2 Mingana (1926), p. 469, 470.
- ↑ 2.0 2.1 Perczel (2018), p. 675-678.
- ↑ Neill (2004), p. 194.
- ↑ Thomas, John (2020-12-02). THE MAR THOMA STORY: The Story of the Apostle: St. Thomas and The Syrian Christians (in ഇംഗ്ലീഷ്). Notion Press. p. 277. ISBN 978-1-64760-817-0.
- ↑ Mundadan (1984), p. 321.
- ↑ de Souza (1998), p. 35–40.
- ↑ Gilman & Klimkeit (2013), p. 194–197.
- ↑ Mundadan (1984), p. 287-347.
- ↑ Nedungatt (2001), p. 63.
- ↑ Mathew, de Souza & Malekandathil (2001), p. 129.
- ↑ Mundadan (1984), p. 311.
- ↑ ഫ്രാൻസിസ്കോ റോസിന്റെ മലബാറിനേക്കുറിച്ചുള്ള വിവരണം (Nedungatt 2001, p. 324–325)
- ↑ Nedungatt (2001), p. 54-55.
- ↑ Gilman & Klimkeit (2013), p. 195–196.
- ↑ Thomas, P. (2022-07-30). Christians and Christianity in India and Pakistan (in ഇംഗ്ലീഷ്). Taylor & Francis. p. 78. ISBN 978-1-000-80798-1.
- ↑ de Souza (1998), p. 31–32.
- ↑ Aiya, V. Nagam (1906). The Travancore State Manual (in ഇംഗ്ലീഷ്). Travancore government Press. p. 157.
- ↑ Neill (2004), p. 196–9.
- ↑ Mathew, de Souza & Malekandathil (2001), p. 136–140.
- ↑ Narayanan, M.G.S (2018). Perumals of Kerala. Cosmo Books. pp. 302–303. ISBN 978-8193368329.
- ↑ Aiya (1906), p. 138–9.
- ↑ 22.0 22.1 Gilman & Klimkeit (2013), p. 197.
- ↑ Perczel (2018), p. 654-5.
- ↑ Perczel (2018), p. 680.
- ↑ Neill (2004), p. 215.
- ↑ Vellian, Jacob (1990). Knanite Community: History and Culture. Vol. 17. Jyothi Book House. p. 11. OCLC 50077436.
ഗ്രന്ഥങ്ങൾ
തിരുത്തുക- de Souza, Teotonio R. (1998). Koschorke, Klaus (ed.). The Indian Christians of St. Thomas and the Portuguese Padroado: Rape after a century-long courtship (1498-1599). "Christen und Gewürze": Konfrontation und Interaktion Kolonialer und Indigener Christentumsvarianten (in ഇംഗ്ലീഷ്). Otto Harrassowitz Verlag. pp. 35–40. ISBN 978-3-525-55960-4.
- Gilman, Ian; Klimkeit, Hans-Joachim (2013). Christians in Asia before 1500 (in ഇംഗ്ലീഷ്). Routledge. pp. 194–197. ISBN 978-1-136-10970-6.
- Gouvea, Antonio de (1601). Malekandathil, Pius (ed.). Jornada of Alexis Menesis (2003 ed.). Coimbra - Kochi.
- Mathew, K. S.; de Souza, Teotonio R.; Malekandathil, Pius (2001). The Portuguese and the Socio-cultural Changes in India, 1500-1800 (in ഇംഗ്ലീഷ്). Institute for Research in Social Sciences and Humanities, MESHAR. pp. 136–140. ISBN 978-81-900166-6-7.
- Neill, Stephen (2004) [1984]. A history of Christianity in India: The beginnings to AD 1707. Cambridge: Cambridge Univ. Press. p. 149. ISBN 978-0-521-54885-4.
- Wilmshurst, David (2000). The ecclesiastical organisation of the Church of the East, 1318-1913. Peeters. pp. 20, 347, 398. ISBN 90-429-0876-9. OCLC 43195236.
- Mingana, Alphonse (1926). The Early Spread of Christianity in India. Bulletin of the John Rylands Library. Vol. 10 (2). pp. 435–514.
- Mundadan, Antony Mathias (1984). History of Christianity in India Vol 1: From the beginning up to the middle of the sixteenth century (up to 1542) (in ഇംഗ്ലീഷ്). pp. 287–347, 304–9.
- Nedungatt, George (2001). The Synod of Diamper Revisited. Rome: Pontificio Instituto Orientale. ISBN 88-7210-331-2.
- Perczel, István (2018). King, Daniel (ed.). Syriac Christianity in India. The Syriac World (in ഇംഗ്ലീഷ്). Gorgias Press. ISBN 9781138899018.