ഇന്ത്യാക്കാരൻ യൗസേപ്പ്

(ഇന്ത്യാക്കാരൻ ജോസഫ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മദ്ധ്യകാലകേരളത്തിലെ ഒരു ക്രൈസ്തവപാതിരിയും സഞ്ചാരിയുമായിരുന്നു ഇന്ത്യാക്കാരൻ യൗസേപ്പ് (ഇംഗ്ലീഷ്: Joseph the Indian). കൊടുങ്ങല്ലൂർ സ്വദേശിയായ അദ്ദേഹം, സഭാഭരണസംബന്ധമായ കാര്യങ്ങൾക്കായി 1490-കളിൽ രണ്ടുവട്ടം ബാബിലോണും,1501-ൽ യൂറോപ്പും സന്ദർശിച്ചു. കേരളത്തിൽ നിന്നെത്തിയ സഞ്ചാരിയുടെ വിശേഷങ്ങളിൽ കൗതുകം തോന്നിയ യൂറോപ്പിലെ ആതിഥേയന്മാരിൽ ചിലർ അദ്ദേഹവുമായി സംഭാഷണത്തിൽ ഏർപ്പെടുകയും അതിന്റെ വിവരങ്ങൾ രേഖപ്പെടുത്തി പ്രസിദ്ധീകരിക്കുകയും ചെയ്തതോടെയാണ് ജോസഫ് പ്രസിദ്ധനായത്. "ഇന്ത്യാക്കാരൻ ജോസഫിന്റെ വിവരണങ്ങൾ" (Narratives of Joseph the Indian) എന്ന ഈ രചനയുടെ കർതൃത്വം അജ്ഞാതമാണ്. വിവിധ യൂറോപ്യൻ ഭാഷകളിൽ അനേകം പതിപ്പുകളിലൂടെ ഏറെ പ്രചാരം കിട്ടിയ ഈ കൃതിയിലെ വിവരണങ്ങളിൽ ചിലതിന്റെ വിശ്വസനീയത ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, യൂറോപ്യൻ മേൽക്കോയ്മയുടെ പ്രാരംഭകാലത്തെ കേരളത്തിന്റേയും കേരളക്രിസ്തീയതയുടേയും ചരിത്രത്തിലെ വിലപ്പെട്ട രേഖകളിലൊന്നായി ഇതു പരിഗണിക്കപ്പെട്ടുപോരുന്നു.[1]

ആദ്യയാത്രകൾ

തിരുത്തുക

കേരളത്തിലെ സുറിയാനിസഭ ആഭ്യന്തരകലഹങ്ങൾ മൂലം 40 വർഷക്കാലത്തോളം മെത്രാന്മാരില്ലാതെ കഴിഞ്ഞ അവസ്ഥക്ക് പരിഹാരമുണ്ടാക്കുന്നതിനായി ബാബിലോണിലെ സഭാസ്ഥാനത്തേയ്ക്ക് അയക്കപ്പെട്ട മൂന്നംഗപ്രതിനിധിസംഘത്തിലെ അംഗമായി 1490-ലായിരുന്നു ജോസഫിന്റെ ആദ്യത്തെ വിദേശയാത്ര. അറേബ്യൻ കപ്പലുകളിലെ ഈ യാത്രക്കിടെ സംഘാംഗങ്ങളിൽ ഒരാൾ മരിച്ചു. അവശേഷിച്ച ഗീവർഗീസ് എന്നു പേരുള്ള സഹയാത്രികനും ജോസഫും ബാബിലോണിലെത്തി. പാത്രിയർക്കീസ് മാർ ശിമയോൻ അവരെ സ്വീകരിക്കുകയും അവർക്ക് പുരോഹിതാഭിക്ഷേകം നൽകുകയും ചെയ്തു. അവരുടെ ആവശ്യപ്രകാരം യോഗ്യരായ രണ്ടു സന്യാസവൈദികരെ കണ്ടെത്തി മാർ-തോമാ, മാർ-യോഹന്നാൻ എന്നീ പേരുകളിൽ കേരളത്തിലെ മെത്രാന്മാരായി വാഴിച്ചു. പുരോഹിതാഭിക്ഷേകം കിട്ടിയ ജോസഫും സഹയാത്രികനും ഈ മെത്രാന്മാർക്കൊപ്പം കേരളത്തിലേക്കു മടങ്ങി.

റോമിൽ നിന്നു കേരളത്തിലെത്തിയ രണ്ടു മെത്രാന്മാരിലൊരാളായി മാർ തോമാ 1492-ൽ ബാബിലോണിലേക്ക് ജോസഫ് മടങ്ങി. അദ്ദേഹത്തിനൊപ്പമായിരുന്നു ജോസഫിന്റെ ബാബിലോണിലേക്കുള്ള രണ്ടാം യാത്ര. ബാബിലോണിലെ പാത്രിയർക്കീസിന് ഉപഹാരങ്ങൾ സമർപ്പിക്കുകയായിരുന്നു ഈ യാത്രയുടെ ലക്ഷ്യമെന്നും 1493-ൽ അദ്ദേഹം കേരളത്തിൽ മടങ്ങിയെത്തിയെന്നും പറയപ്പെടുന്നു.

യൂറോപ്യൻ യാത്ര

തിരുത്തുക

യൂറോപ്പിൽ നിന്ന് ദക്ഷിണേന്ത്യയിലേക്കുള്ള കപ്പൽ മാർഗ്ഗം കണ്ടെത്തിയ വാസ്കോഡഗാമായുടെ വരവിനു മൂന്നു വർഷത്തിനു ശേഷം 1501-ലായിരുന്നു ജോസഫിന്റെ പ്രസിദ്ധമായ മൂന്നാം യാത്ര. ഗാമായ്ക്കു ശേഷം കേരളത്തിലെത്തിയ പോർത്തുഗീസ് നാവികസംഘത്തിന്റെ തലവൻ പെദ്രോ അൽവരസ് കാബ്രാളിന്റെ കപ്പലുകളിലൊന്നിലായിരുന്നു ഈ യാത്ര. മത്തിയാസ് എന്നു പേരായ സഹോദരനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ജോസഫിനെപ്പോലെ മത്തിയാസും പുരോഹിതനായിരുന്നു. യാത്രക്കിടെ മത്തിയാസ് പോർച്ചുഗലിൽ മരിച്ചു. ജോസഫ് പോർച്ചുഗലിലെ ലിസ്ബണും ഇറ്റലിയിൽ റോം, വെനീസ് എന്നിവിടങ്ങളും സന്ദർശിച്ചു. 1501 ജൂണിൽ ലിസ്ബണിലെത്തിയെ അദ്ദേഹം അവിടെ ആറുമാസക്കാലം പോർച്ചുഗൽ രാജാവിന്റെ അതിഥിയായി കഴിഞ്ഞതായും റോമിൽ അദ്ദേഹം അലക്സാണ്ടർ ആറാമൻ മാർപ്പാപ്പയെ സന്ദർശിച്ചതായും പറയപ്പെടുന്നു. വെനീസിൽ അവിടത്തെ സിഞ്ഞോരയുടെ അതിഥിയായി കഴിഞ്ഞ അദ്ദേഹം അവരുമായി കേരളത്തിലെ സാമൂഹ്യസാമ്പത്തിക സാഹചര്യങ്ങൾ ചർച്ച ചെയ്തു.[2]

പ്രാധാന്യം

തിരുത്തുക

1507-ൽ പേരറിയാത്ത ഒരെഴുത്തുകാരൻ ഇറ്റാലിയൻ ഭാഷയിൽ ആദ്യം പ്രസിദ്ധീകരിച്ച ഈ കൃതിയുടെ ലത്തീൻ പരിഭാഷ 1508-ൽ വെളിച്ചം കണ്ടു. താമസിയാതെ ഇതിന്റെ ജർമ്മൻ, ഫ്രെഞ്ച്, ഡെച്ച് പരിഭാഷകളും പ്രസിദ്ധീകരിക്കപ്പെട്ടു. 1507-ൽ ഇറ്റാലിയൻ ഭാഷയിലെ ആദ്യപതിപ്പിനെ തുടർന്നുള്ള ഇരുപതുവർഷത്തിനിടെ വിവിധഭാഷകളിൽ ഇതിന്റെ ഇരുപതോളം പതിപ്പുകൾ പ്രസിദ്ധീകരിക്കപ്പെട്ടു.

പതിനാറാം നൂറ്റാണ്ടിലെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ രാഷ്ട്രീയസാമൂഹ്യസ്ഥിതികളെക്കുറിച്ചുള്ള പഠനത്തിൽ വിലപ്പെട്ട രേഖയാണ് ഇന്ത്യാക്കാരൻ ജോസഫിന്റെ വിവരണങ്ങൾ. കാബ്രാളിന്റെ സംഘത്തെ മടക്കയാത്രയിൽ അനുഗമിച്ച ജോസഫിന്റെ നിരീക്ഷണങ്ങൾ, ഇന്ത്യയിലേക്കുള്ള പോർത്തുഗീസ് നാവികയാത്രകളെ സംബന്ധിച്ചുള്ള പഠനങ്ങളിലും പ്രധാനമാണ്. കൊടുങ്ങല്ലൂർ, കോഴിക്കോട്, കൊച്ചി, കന്യാകുമാരി, ഗുജറാത്ത്, കാംബേ, നരസിംഗരാജ്യം, ഓർമുസ് ദ്വീപ്, സിലോൺ, സുമാത്ര എന്നീ പ്രദേശങ്ങളെക്കുറിച്ചും അവിടങ്ങളിലെ തുറമുഖങ്ങൾ സസ്യജന്തുജാലങ്ങൾ, വാണിജ്യം, വ്യഞ്ജനങ്ങൾ എന്നിവയെക്കുറിച്ചുമുള്ള വിവരങ്ങൾ ഈ കൃതിയിലുണ്ട്. പോർച്ചുഗീസുകാരുടെ വരവിനുമുൻപുള്ള കേരളത്തിലെ ക്രിസ്തീയതയെക്കുറിച്ചുള്ള അറിവിനുള്ള മുഖ്യരേഖകളിൽ ഒന്നാണിത്. സുറിയാനി ക്രിസ്ത്യാനികൾ അക്കാലത്ത് പിന്തുടർന്നിരുന്ന സഭാഘടന, അവരുടെ വിശ്വാസങ്ങൾ, പാരമ്പര്യങ്ങൾ, കൂദാശാവ്യവസ്ഥ, ആരാധനക്രമം, തിരുനാളുകൾ, ആചാരങ്ങൾ, ആഗോളക്രിസ്തീയതയുമായി അവർക്കുണ്ടായിരുന്ന കെട്ടുപാടുകൾ എന്നിവയിലേക്കും ഈ രചന വെളിച്ചം വീശുന്നു. ഉദാഹരണത്തിന് കേരളത്തിലെ ക്രിസ്ത്യാനികൾ അക്കാലത്ത് വിശുദ്ധകുർബ്ബാനക്ക് വീഞ്ഞ് ലഭ്യമാണെങ്കിൽ വീഞ്ഞും അല്ലാത്തപ്പോൾ ചീനക്കാരായ വ്യാപാരികളിൽ നിന്നു കിട്ടുന്ന ഉണക്കമുന്തിരി ചാലിച്ചെടുത്ത വെള്ളവും ഉപയോഗിച്ചിരുന്നെന്ന് ജോസഫ് പറയുന്നുണ്ട്.[2]

വിമർശനം

തിരുത്തുക

ഏറെക്കാലം ദക്ഷിണേന്ത്യയുടെ ചരിത്രത്തെ സംബന്ധിച്ച സുപ്രധാനരേഖ എന്ന നിലയിൽ യൂറോപ്യൻ ചരിത്രകാരന്മാരെല്ലാം ആശ്രയിച്ചിരുന്ന ഈ കൃതിയിലെ വിവരണങ്ങളിൽ ചിലതിന്റെ വിശ്വസനീയത പിന്നീട് സംശയിക്കപ്പെട്ടു. അതിലെ അവകാശവാദങ്ങളിൽ പലതും നീട്ടിവലിച്ച ഭാവനാവ്യാപാരമാണെന്നും ആരോപിക്കപ്പെട്ടു. എന്നാൽ ഈ വിലയിരുത്തലിൽ പിൽക്കാലചരിത്രം ഇന്ത്യാക്കാരൻ ജോസഫിനോട് അനീതി കാട്ടിയിരിക്കാമെന്നും, ഇറ്റാലിയൻ ഭാഷയിലെ മൂലകൃതിയുടെ ലത്തീൽ ഭാഷ്യത്തിന്റെ കുറവുകളാകാം ഇതിനു കാരണമെന്നും സഭാചരിത്രകാരനും ആംഗ്ലിക്കൻ മിഷനറിയുമായ സ്റ്റീഫൻ നീൽ അഭിപ്രായപ്പെട്ടിട്ടുണ്ട്.[1]

  1. 1.0 1.1 സ്റ്റീഫൻ നീൽ, A History of Christianity in India: the beginnings to AD 1707(പുറങ്ങൾ 193-94)
  2. 2.0 2.1 ആന്റണി വള്ളവന്തറ സി.എം.ഐ, INDIA IN 1500 AD: The Narratives of Joseph the Indian, Introduction(പുറം xix-xxi)