മൈലാഞ്ചിയിടൽ
മൈലാഞ്ചിചെടിയുടെ ( ലോസോണിയ ഇനെർമിസ് ) ഇല ഉപയോഗിച്ച് ശരീരത്തിൽ താത്കാലികമായി വിവിധ തരത്തിലുള്ള ഡിസൈനുകൾ വരയ്ക്കുന്ന പ്രക്രീയയാണ് മൈലാഞ്ചിയിടൽ അഥവാ മെഹന്ദി. സാധാരണയായി കൈകളിലോ കാലുകളിലോ ആണ് മൈലാഞ്ചി വരയ്ക്കുന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ രാജ്യങ്ങളായ ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാൻ, മാലിദ്വീപ്, ശ്രീലങ്ക, നേപ്പാൾ തുടങ്ങിയ ദക്ഷിണേഷ്യയിലെ സ്ത്രീകൾക്കിടയിൽ ഇത് വളരെ പ്രചാരത്തിലുള്ള ഒരു ശരീരകലയാണ്. കൂടാതെ വടക്കേ ആഫ്രിക്ക, കിഴക്കൻ ആഫ്രിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ കാണപ്പെടുന്ന സമാനമായ രീതികളോട് ഇതിന് സാമ്യമുണ്ട്. പാശ്ചാത്യ രാജ്യങ്ങളിൽ മൈലാഞ്ചിയിടൽ അറിയപ്പെടുന്നത് " ഹെന്നാ ടാറ്റൂ " എന്നാണ്. ഉത്തരേന്ത്യയിൽ ഇത് മെഹന്ദി എന്നറിയപ്പെടുന്നു.
പുരാതന കാലം മുതൽ ചർമ്മത്തിന് ചായമായി മൈലാഞ്ചി ഉപയോഗിക്കുന്നു.
നിരവധി വ്യത്യസ്തമായ ഡിസൈനുകൾ മൈലാഞ്ചിയിടാനായി ഉപയോഗിക്കുന്നുണ്ട്. സ്ത്രീകൾ സാധാരണയായി അവരുടെ കൈകളിലും കാലുകളിലും മൈലാഞ്ചി ഡിസൈനുകൾ വരയ്ക്കുന്നു. എന്നാൽ ചില അർബുദ രോഗികളും അലോപ്പീസിയ ഉള്ള സ്ത്രീകളും ഇടയ്ക്കിടെ അവരുടെ തലയോട്ടി മൈലാഞ്ചിയുപയോഗിച്ച് അലങ്കരിക്കാറുണ്ട. [1] മൈലാഞ്ചിയുടെ സാധാരണ നിറം ബ്രൗൺ ആണ്, എന്നാൽ മറ്റ് ഡിസൈൻ നിറങ്ങളായ വെള്ള, ചുവപ്പ്, കറുപ്പ്, സ്വർണ്ണം എന്നിവ ചിലപ്പോൾ ഉപയോഗിക്കാറുണ്ട്. [1]
ഇന്ത്യയിൽ സാധാരണയായി ഹൈന്ദവ വിവാഹങ്ങളിലും കർവ ചൗത്ത്, വത് പൂർണിമ, ദീപാവലി, ഭായ് ദൂജ്, നവരാത്രി, ദുർഗ്ഗാ പൂജ, തീജ് തുടങ്ങിയ ഉത്സവങ്ങളിലും ആണ് സാധാരണയായി മൈലാഞ്ചിയിടുന്നത്. ദക്ഷിണേഷ്യയിലെ മുസ്ലീങ്ങൾ മുസ്ലീം വിവാഹങ്ങളിലും ഈദുൽ ഫിത്തർ, ഈദുൽ അദ്ഹ തുടങ്ങിയ ആഘോഷങ്ങളിലും മൈലാഞ്ചിയിടുന്നു.
ഹൈന്ദവ ആഘോഷങ്ങളിൽ, സ്ത്രീകൾ പലപ്പോഴും കൈകളിലും കാലുകളിലും ചിലപ്പോൾ തോളിന്റെ പിൻഭാഗത്തും മൈലാഞ്ചി പുരട്ടാറുണ്ട്. നേരെമറിച്ച്, പുരുഷന്മാർ സാധാരണയായി അവരുടെ കൈകൾ, കാലുകൾ, പുറം, നെഞ്ച് എന്നിവയിൽ മൈലാഞ്ചി പുരട്ടുന്നു. സ്ത്രീകളെ സംബന്ധിച്ചിടത്തോളം, ഇത് സാധാരണയായി അവരുടെ കൈപ്പത്തികളിലും കൈകളുടെ പിൻഭാഗത്തും കാലുകളിലും വരയ്ക്കുന്നു. ശരീരത്തിന്റെ ഈ സ്ഥലങ്ങളിൽ മെലാനിൻ എന്ന പിഗ്മെന്റ് കുറവ് അടങ്ങിയിരിക്കുന്നതിനാൽ ഇളം ചർമ്മത്തിൽ മൈലാഞ്ചി ഡിസൈൻ കൂടുതൽ വ്യക്തമായും ഭംഗിയായും കാണാനാവുന്നു.
"ടാറ്റൂ-കറുപ്പ്" കിട്ടുന്നതിനായി ചില ആളുകൾ മൈലാഞ്ചിയിൽസിന്തറ്റിക് ഡൈ പി-ഫെനൈലെൻഡിയാമൈൻ (PPD) ചേർക്കുന്നു. PPD ചർമ്മത്തിൽ ഉപയോഗിച്ചാൽ ചിലപ്പോൾ മിതമായതോ കഠിനമായതോ ആയ അലർജി പ്രതിപ്രവർത്തനങ്ങൾക്ക് കാരണമായേക്കാം. [2]
പദോൽപ്പത്തി തിരുത്തുക
"മെഹന്ദി" യുടെ ഉത്ഭവം സംസ്കൃത പദമായ "മെന്ദിക"യിൽ നിന്നാണ്, ഇത് ചുവന്ന ചായം പുറപ്പെടുവിക്കുന്ന ഒരു ചെടിയെ സൂചിപ്പിക്കുന്നു. [3] ഉറുദു നിഘണ്ടു പ്രകാരം "വധുവിന്റെ കൈകളിലും കാലുകളിലും മൈലാഞ്ചി പുരട്ടുന്ന അവസരം വിവാഹ വിരുന്നിനെ" സൂചിപ്പിക്കുന്നു. [3]
ഉത്ഭവം തിരുത്തുക
ബാബിലോൺ, പുരാതന ഈജിപ്ത് തുടങ്ങിയ നാഗരികതകളിലാണ് മെഹന്ദിയുടെ ഉപയോഗം ആരംഭിച്ചത്. നാലാം നൂറ്റാണ്ടിൽ ഇന്ത്യയിൽ ഇത് പ്രബലമായിരുന്നു, ഇത് ഡെക്കാണിലെ ഗുഹാകലയിൽ നിന്ന് വ്യക്തമാണ്, പ്രത്യേകിച്ച് അജന്ത ഗുഹകളിൽ . [4]
പാരമ്പര്യം തിരുത്തുക
ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ പൊതുവായുള്ള ഒരു ആചാരപരമായ കലാരൂപമാണ് മെഹന്ദി. സിഖ്, മുസ്ലീം, ഹിന്ദു വധുക്കൾ സാധാരണയായി മൈലാഞ്ചിയിടൽ വിവാഹസമയത്താണ് ചെയ്യുന്നത് . രാജസ്ഥാനിൽ, വരന്മാർക്ക് പലപ്പോഴും വധുക്കൾക്കുള്ളത് പോലെ വിപുലമായ ഡിസൈനുകളാണ് നൽകുന്നത്. അസമിൽ, വിവാഹം കൂടാതെ, റോംഗാലി ബിഹു സമയത്ത് അവിവാഹിതരായ സ്ത്രീകൾ ഇത് വ്യാപകമായി ഉപയോഗിക്കുന്നു.
പ്രക്രിയ തിരുത്തുക
മൈലാഞ്ചി അരച്ച് കുഴമ്പുപരുവത്തിലാക്കി ഒരു പ്ലാസ്റ്റിക് കോണിലോ അല്ലെങ്കിൽ ഒരു ബ്രഷ് ഉപയോഗിച്ചോ അല്ലെങ്കിൽ ഒരു വടി ഉപയോഗിച്ചോ ചർമ്മത്തിൽ പുരട്ടുന്നു. ഏകദേശം 15-20 മിനിറ്റിനു ശേഷം ഈ കുഴമ്പ് ഉണങ്ങുകയും പൊട്ടാൻ തുടങ്ങുകയും ചെയ്യും. ഈ സമയത്ത്, മൈലാഞ്ചിയില നീക്കം ചെയ്യുന്നതിനായി മൈലാഞ്ചി നീരും വെളുത്ത പഞ്ചസാരയും കലർന്ന മിശ്രിതം മൈലാഞ്ചിയിൽ പുരട്ടാം. അങ്ങനെ ചെയ്താൽ മൈലാഞ്ചി ഇരുണ്ടതായിരിക്കും. ചായം പൂശിയ ഭാഗം പിന്നീട് ടിഷ്യു, പ്ലാസ്റ്റിക് അല്ലെങ്കിൽ മെഡിക്കൽ ടേപ്പ് ഉപയോഗിച്ച് പൊതിഞ്ഞ് വയ്ക്കുന്നു. ശരീരത്തിലെ ചൂടിൽ മൈലാഞ്ചി ചർമ്മത്തിന് കൂടുതൽ തീവ്രമായ നിറം നൽകുകയും ചെയ്യുന്നു. രണ്ട് മുതൽ ആറ് മണിക്കൂർ വരെ അല്ലെങ്കിൽ ചിലപ്പോൾ രാത്രി മുഴുവനും മൈലാഞ്ചി പൊതിഞ്ഞ് വയ്ക്കുന്നു (ഇത് പരമ്പരാഗത രീതിയല്ല). തുടർന്ന് പൊതിച്ചിലും മൈലാഞ്ചിയുടെ കുഴമ്പും നീക്കം ചെയ്യുന്നു. ആദ്യം നീക്കം ചെയ്യുമ്പോൾ, മൈലാഞ്ചി ഡിസൈൻ ഇളം നിറത്തിൽ ഇരുണ്ട ഓറഞ്ച് നിറമായിരിക്കും. 24 മുതൽ 72 മണിക്കൂർ വരെ ഓക്‌സിഡേഷൻ വഴി ക്രമേണ ഇരുണ്ടതാകുന്നു. അവസാന നിറം ചുവപ്പ് കലർന്ന തവിട്ടുനിറമാണ്. മൈലാഞ്ചി കുഴമ്പിന്റെ ഗുണനിലവാരവും തരവും, ശരീരത്തിൽ പ്രയോഗിച്ച സ്ഥലവും (കട്ടിയുള്ള ചർമ്മം നേർത്ത ചർമ്മത്തേക്കാൾ ഇരുണ്ടതും നീളമുള്ളതുമാണ്) ആശ്രയിച്ച് ഒന്ന് മുതൽ മൂന്ന് ആഴ്ച വരെ ഇത് നിലനിൽക്കും. ഒലിവ്, എള്ള്, തേങ്ങ തുടങ്ങിയ പ്രകൃതിദത്ത എണ്ണകൾ ഉപയോഗിച്ച് മോയ്സ്ചറൈസിംഗ് ചെയ്യുന്നത് കറയുടെ ആയുസ്സ് വർദ്ധിപ്പിക്കാൻ സഹായിക്കും. ശരീര ചർമ്മം പൊളിഞ്ഞുപോകുന്നത് (സ്‌കിൻ എക്സ്ഫോളിയേഷൻ) മൈലാഞ്ചി ടാറ്റൂ മങ്ങുന്നതിന് കാരണമാകുന്നു.
വിവാഹങ്ങളിൽ തിരുത്തുക
വിവാഹ സന്ദർഭങ്ങളിൽ പിൻതുടർന്നുവരുന്ന ആചാരം തിരുത്തുക
മൈലാഞ്ചി ചെടിയിൽ നിന്നും ഉണ്ടാക്കുന്ന മൈലാഞ്ചി കുഴമ്പ് രണ്ട് കത്തുന്ന മെഴുകുതിരികൾ അടങ്ങിയ വെള്ളി ട്രേയിൽ വരന്റെ ബന്ധുക്കൾ വധുവിന്റെ വീട്ടിൽ എത്തിക്കുന്നു. [5] [6] മൈലാഞ്ചിയിടുന്നതിനു മുൻപ് അതിഥികൾ സന്താനോല്പാദനത്തിന്റെ പ്രതീകമായി വധുവിന്റെ തലയിൽ നാണയങ്ങൾ എറിയുന്നു. തുടർന്ന്, വരന്റെ അമ്മ വധുവിന് സമ്മാനമായി ഒരു പട്ടുതുണി കൊടുക്കുന്നു.
ഇത് കഴിഞ്ഞ്, പഴങ്ങളും പരിപ്പുകളും പേസ്ട്രികളും കൊണ്ടുവന്ന് വധുവിനെ കരയിപ്പിക്കുമെന്ന പ്രതീക്ഷയിൽ പാട്ടുകൾ പാടും. വധുവിന്റെ കരച്ചിൽ ഭാഗ്യം കൊണ്ടുവരുമെന്ന് കരുതിയാണ് ഇത് ചെയ്തത്. മണവാട്ടി പിന്നീട് ഒരു തലയണയിൽ ഇരിക്കും, അതേസമയം അമ്മായിയമ്മ അവളുടെ കൈയിൽ ഒരു സ്വർണ്ണ നാണയം ഭാഗ്യത്തിന്റെ മറ്റൊരു അടയാളമായി നൽകും. വധുവിന് സ്വർണനാണയം നൽകിയാൽ മൈലാഞ്ചി ഇടും.
ജനപ്രിയ മെഹന്ദി പാറ്റേണുകൾ തിരുത്തുക
അറബിക് മൈലാഞ്ചി ഡിസൈനുകൾ തിരുത്തുക
ഈ പാറ്റേൺ കയ്യിൽ വരക്കുന്നു. സാധാരണയായി ഇത് കൈത്തണ്ടയുടെ ഒരു മൂലയിൽ നിന്ന് ആരംഭിച്ച് എതിർ കോണിൽ വിരൽത്തുമ്പിൽ അവസാനിക്കുന്നു. മുന്തിരിവള്ളി, ലേസ്, പൂക്കൾ എന്നിവയാണ് ഈ പാറ്റേണിന്റെ പ്രധാന ഘടകങ്ങൾ.
മണ്ഡല മൈലാഞ്ചി ഡിസൈനുകൾ തിരുത്തുക
ഹിന്ദുമതം, ബുദ്ധമതം, ജൈനമതം, ഷിന്റോമതം എന്നിവയുൾപ്പെടെ വിവിധ ആത്മീയ പാരമ്പര്യങ്ങളിൽ ഉപയോഗിക്കുന്ന ജ്യാമിതീയ ചിഹ്നങ്ങളുടെ ജാലികയാണ് മണ്ഡല . ഈ മൈലാഞ്ചി ഡിസൈൻ ഉള്ളംകൈയുടെ മധ്യഭാഗത്ത് മണ്ഡലയുടെ വിവിധ രൂപരേഖകൾ വരയ്ക്കുന്നു.
ഇതും കാണുക തിരുത്തുക
- മൈലാഞ്ചി
- ആൾട്ട
- ശരീര ചിത്രകല
- താൽക്കാലിക ടാറ്റൂ
അവലംബങ്ങൾ തിരുത്തുക
- ↑ 1.0 1.1 "The next big thing on Eid is white mehndi, and I tried it - Style - Images". Images.dawn.com. 24 June 2017. ശേഖരിച്ചത് 2019-04-30.
- ↑ Mukkanna, Krishna Sumanth; Stone, Natalie M; Ingram, John R (2017-01-18). "Para-phenylenediamine allergy: current perspectives on diagnosis and management". Journal of Asthma and Allergy. 10: 9–15. doi:10.2147/JAA.S90265. ISSN 1178-6965. PMC 5261844. PMID 28176912.
- ↑ 3.0 3.1 "A dictionary of Urdu, classical Hindi, and English". archive.ph. 2012-07-09. മൂലതാളിൽ നിന്നും 2012-07-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2022-05-16.
- ↑ International, Aroha (2017-10-01). "History, Origin & Cultural Significance of Henna". Aroha International (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). ശേഖരിച്ചത് 2021-05-27.
- ↑ "The Beautiful and Intricate Application of Bridal Henna". The Spruce. ശേഖരിച്ചത് 19 August 2018.
- ↑ "Henna Party". www.turkishculture.org. ശേഖരിച്ചത് 19 August 2018.