മുസലപർവ്വം
മഹാഭാരതത്തിലെ 18 പർവ്വങ്ങളിൽ 16 -മത്തെ പർവമാണ് മുസലപർവ്വം. ശ്രീകൃഷ്ണന്റെ സ്വർഗ്ഗാരോഹണവും, യാദവരുടെ നാശവും ദ്വാരകയുടെ തിരോധാനവും ആണ് ഇതിലെ ഉള്ളടക്കം.
യുധിഷ്ഠിരന്റെ ഉൽപ്പാതദർശനം
തിരുത്തുകധൃതരാഷ്ട്രരും ഗാന്ധാരിയും ദാവാഗ്നിയിൽ എരിഞ്ഞിട്ട് 18 കൊല്ലം കഴിഞ്ഞു . യുധിഷ്ഠിരൻ ഭാരതയുദ്ധം കഴിഞ്ഞു ചക്രവർത്തിയായിട്ടു 36 വർഷവും തികഞ്ഞു . ഭാരതയുദ്ധം കഴിഞ്ഞു മുപ്പത്തിയാറാമത്തെ ആണ്ട് വന്നപ്പോൾ പാണ്ഡവജ്യേഷ്ഠനും കുരുരാജാവുമായ യുധിഷ്ഠിരൻ മഹാഭയങ്കരങ്ങളായ ചില ദുർന്നിമിത്തങ്ങൾ ദർശിച്ചു അസ്വസ്ഥനായി . വരണ്ട കാറ്റ് ചരൽ വര്ഷിച്ചുകൊണ്ടു ആഞ്ഞു വീശി . പക്ഷികൾ വലത്തു നിന്ന് ഇടത്തോട്ടു ചുറ്റിപ്പറന്നു . നദികൾ പിന്നോട്ട് പാഞ്ഞു . ചക്രവാളം പുകമൂടി കാണപ്പെട്ടു . ആകാശത്തു നിന്നും ഉല്ക്കകൾ കത്തിക്കരിഞ്ഞു ഭൂമിയിൽ പതിച്ചു . സൂര്യമണ്ഡലം പുകമൂടിയതുപോലെ കാണപ്പെട്ടു . സൂര്യൻ ഉദിക്കുമ്പോൾ ചുറ്റും മേഘശകലങ്ങൾ കബന്ധങ്ങൾ പോലെ ചിതറിക്കിടന്നു . സൂര്യനും ചന്ദ്രനും ഉദിക്കുമ്പോൾ അവയ്ക്കു ചുറ്റും മൂന്നു വർണ്ണങ്ങളിലുള്ള വലയങ്ങൾ കാണപ്പെട്ടു . ആ വലയങ്ങളുടെ ബാഹ്യഭാഗം തീക്കനലിന്റെ ചുവപ്പും പുകയുടെ ചാരനിറവും ഉള്ളതായിരുന്നു . അവ കണ്ടാൽ ആർക്കും ഭയം തോന്നും . ഇത്തരത്തിലുള്ള അന്തരീക്ഷ സംബന്ധികളായും , ഭൗമികമായുമുള്ള ദുർന്നിമിത്തങ്ങൾ ദർശിച്ചു ചകിതനായ യുധിഷ്ഠിരൻ താമസിയാതെ തന്നെ യാദവകുലം നശിച്ച വാർത്തയും രാമകൃഷ്ണന്മാരുടെ പരമഗതിയും അറിഞ്ഞു സമുദ്രം വറ്റിയെന്നു കേട്ടതുപോലെ ഞെട്ടിത്തരിച്ചു . മഹാപുരുഷന്മാരായ അവർക്കു അത് വിശ്വസിക്കാൻ കഴിഞ്ഞില്ല . [ വ്യാസഭാരതം , മൗസലപർവ്വം , അദ്ധ്യായം 1 , ശ്ളോകങ്ങൾ 1 മുതൽ 10 വരെ ].
യദുകുലനാശത്തിനു കാരണം
തിരുത്തുകപ്രധാനമായും രണ്ടു ശാപങ്ങളാണ് യാദവരുടെ നാശത്തിനും രാമകൃഷ്ണന്മാരുടെ പരമഗതിക്കും കാരണമായിത്തീർന്നതു .അവയിലൊന്ന് കൗരവമാതാവായ ഗാന്ധാരിയുടെ ശാപവും മറ്റൊന്ന് മുനിമാരുടെ ശാപവുമായിരുന്നു .
ഗാന്ധാരീ ശാപം
തിരുത്തുക18 ദിവസം നീണ്ടുനിന്ന മഹാഭാരതയുദ്ധം അവസാനിച്ചു .തന്റെ 100 മക്കളും ഭീമനാൽ വധിക്കപ്പെട്ട താപത്താൽ ഗാന്ധാരി വെന്തുരുകി ആർത്തനാദത്തോടെ അവൾ നിലവിളിച്ചു .സർവ്വനാശത്തിനും കാരണക്കാരൻ ശ്രീകൃഷ്ണനാണെന്ന് മനസ്സിലാക്കിയ അവൾ ഭീമനോടും പാണ്ടവരോടും തോന്നിയ ക്രോധം മുഴുവൻ യാദവരോടും കൃഷ്ണനോടും പ്രകടിപ്പിച്ചു .ഗാന്ധാരി ഇങ്ങനെ പറഞ്ഞു ." അല്ലയോ കേശവാ , മഹാവിഷ്ണുവിന്റെ അംശമായ ഭവാൻ എന്തിനും പോന്നവനല്ലേ ? സര്വ്വശക്തനായ നീ വിചാരിച്ചിരുന്നെങ്കിൽ , കുരുക്കളെ ബാധിച്ച ഈ മഹാവിപത്ത് ഒഴിവാക്കാമായിരുന്നില്ലേ ?നീ എന്താണ് അതിനു ശ്രെമിക്കാതിരുന്നത്? തമ്മിൽ തല്ലി മരിച്ച ബന്ധുക്കളെ ഉപേഷിച്ച ഭവാൻ ബന്ധുവധം ചെയ്തവനാണ് .അതിനാൽ അപരാധിയായ നിന്നെ , എന്റെ പാതിവൃത്യശക്തിയാൽ ഞാനിതാ ശപിക്കുന്നു . " ഇന്നേക്ക് മുപ്പത്തിയാറാമത് ആണ്ടു തികയുമ്പോൾ കുരുപാണ്ടാവർ തമ്മിലടിച്ചു നശിച്ചതുപോലെ , നിന്റെ യാദവരും തമ്മിൽതല്ലി നശിക്കുന്നതാണ് .ആ സമയം നീചമായ ഒരു ഉപായത്താൽ നീയും മരിക്കുന്നതാണ് .പുത്രന്മാരും , ഭർത്താക്കന്മാരുമൊക്കെ നഷ്ട്ടപ്പെട്ട വേദനയാൽ കുരുസ്ത്രീകൾ നെഞ്ചത്തടിച്ചു നിലവിളിക്കുന്നതുപോലെ , അന്ന് യാദവസ്ത്രീകളും നിലവിളിക്കുന്നതായിരിക്കും." ഈ ശാപവചസ്സുകൾ കേട്ടിട്ട് ഭഗവാൻ പുഞ്ചിരിയോടെ ഗാന്ധാരിയോടു ഇപ്റകാരം പറഞ്ഞു --" അല്ലയോ മാതാവേ , ഞാൻ ചെയ്യാനുദ്ദേശിച്ച കാര്യങ്ങൾ തന്നെയാണ് ഭവതിയിപ്പോൾ ശാപരൂപത്തിൽ പറഞ്ഞത് . ദൈവം നിമിത്തമേ യാദവർക്കു നാശമുണ്ടാവുകയുള്ളൂ .യാദവന്മാർ മഹാശക്തന്മാരാണ്.ദേവന്മാർക്കോ ദാനവന്മാർക്കോ മനുഷ്യർക്കോ ആർക്കും അവരെ നശിപ്പിക്കാനാകില്ല .വൃഷ്ണിചക്രം മുടിക്കുവാൻ ഞാനല്ലാതെ കരുത്തുള്ള മറ്റാരുമില്ല. അതിനാൽ ഭവതിയുടെ ശാപം ഞാൻ സ്വീകരിക്കുന്നു. ഭവതി പറഞ്ഞതുപോലെ യാദവന്മാർ പരസ്പരം ഏറ്റുമുട്ടി നശിക്കുന്നതാണ് .ഭഗവാന്റെ ഈ വചനങ്ങൾ കേട്ട് പാണ്ഡവർ ഭയന്നു . അവർക്കു ജീവിക്കണമെന്ന ആശ തന്നെയില്ലാതായി .
മുനിശാപം
തിരുത്തുകമുപ്പത്തിയാറ് കൊല്ലം കഴിഞ്ഞപ്പോൾ , യാദവനാശം സൂചിപ്പിക്കുന്നതായ മറ്റൊരു ബ്രഹ്മശാപംകൂടിയുണ്ടായി.അതിങ്ങനെയായിരുന്നു . ഒരിക്കൽ , വിശ്വാമിത്രൻ, കണ്വൻ, നാരദൻ തുടങ്ങിയ മുനിമാർ ദ്വാരക സന്ദർശിക്കാനെത്തി.ഇതറിഞ്ഞ ചെറുപ്പക്കാരായ യാദവന്മാരും , ശ്രീകൃഷ്ണപുത്രനായ സാംബനും മുനിമാരെ ഒന്ന് കളിയാക്കണമെന്ന ഉദ്ദേശത്തോടെ ഒരു പദ്ധതി തയ്യാറാക്കി .അവർ സാംബനെ ഒരു ഗർഭിണിയുടെ വേഷം കെട്ടിച്ചു മുനിമാരുടെ മുന്നിൽ കൊണ്ടുവന്നിട്ടു ചോദിച്ചു ."അല്ലയോ മുനീശ്വരന്മാരെ, ഇവൾ ബഭ്രുവിന്റെ പത്നിയാണ് .ഇവൾ പ്രസവിക്കുന്നത് ആൺകുട്ടിയോ പെണ്കുട്ടിയോ ? . മഹാതപസ്സികളായ മുനിമാർ നിജാവസ്ഥ മനസ്സിലാക്കിയിരുന്നു .അവർ ഇങ്ങനെ പറഞ്ഞു."വാസുദേവന്റെ പുത്രനായ ഈ സാംബൻ പ്രസവിക്കും .എന്നാൽ അതൊരു മുസലമായിരിക്കും .ആ മുസലം കാരണം നിങ്ങളുടെ വംശം നശിക്കുകയും ചെയ്യും .വാസുദേവനും ബലരാമനും ഈ നാശത്തിൽ നിന്നും മോചനം നേടുമെങ്കിലും ബലരാമൻ കടലിലാണ്ടുപോവുകയും കൃഷ്ണൻ വേടന്റെ അമ്പേറ്റു മൃത്യു പൂകുകയും ചെയ്യും". ഈ വിവരം കൃഷ്ണൻ അറിഞ്ഞപ്പോൾ മുനിശാപം സത്യമാകുമെന്നു പറഞ്ഞു . പിറ്റേന്ന് തന്നെ സാംബൻ ഒരു ഇരുംപുലക്കയെ പ്രസവിക്കുന്നു . വിവരങ്ങൾ കേട്ടറിഞ്ഞ ഉഗ്രസേനൻ, ആ ഇരുമ്പുലക്കയെ രാകി സമുദ്രത്തിൽ കലക്കിക്കളയാൻ യദുക്കളെ ഉപദേശിച്ചു . യദുക്കൽ സാംബൻ പ്രസവിച്ച ഉലക്കയെ രാകി പൊടിച്ചു സമുദ്രത്തിൽ കലക്കി .ആപത്തൊഴിഞ്ഞെന്നു കരുതി അവർ ആശ്വസിച്ചു .
മദ്യനിരോധനം
തിരുത്തുകദ്വാരകയിൽ ആപത്തുകളൊന്നും സംഭവിക്കാതിരിക്കാൻ , ഭഗവാൻ മദ്യനിരോധനം ഏർപ്പെടുത്തുന്നു.മദ്യം നിര്മ്മിക്കുന്നവരെ വംശത്തോടെ ശൂലത്തിൽ കോര്ക്കുമെന്നു പ്രഖ്യാപിച്ചു .ഉഗ്രസേനരാജാവിന്റെയും കൃഷ്ണന്റെയും ബാലരാമന്റെയും കല്പ്പനയെ ഭയന്ന് യാദവർ കുറെയൊക്കെ അനുസരിച്ചു .എന്നാലും ഭഗവാന്റെ ഇച്ഛ വേറെയായിരുന്നു .
ഉല്പ്പാത ദർശനം
തിരുത്തുകയാദവകുലത്തിന്റെ സർവ്വനാശത്തിനുള്ള ലക്ഷണങ്ങൾ കണ്ടു തുടങ്ങി .യദുക്കളുടെ ഭവനങ്ങളിൽ ദിനംതോറും കാലൻ വിവിധരൂപങ്ങളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി .അവൻ കരാളനായും , കുള്ളനായും, വികടനായും , കറുത്ത കാലപുരുഷനായും , സ്തൂലനും സൂക്ഷ്മനുമായും നാനാസമയത്തു പ്രത്യക്ഷമായി .അവനെ കാണുമ്പോൾ യാദവന്മാർ ദിവ്യാസ്ത്രങ്ങൾ പ്രയോഗിച്ചെങ്കിലും സര്വ്വഭൂതത്തിനും അന്തകനായ അവന്റെ ശരീരത്തിൽ ഒന്നും ഏറ്റില്ല .നാട്ടിൽ എലികൾ വര്ദ്ധിച്ചു .തെരിവുകളിലൂടെ എലികൾ ഘോഷയാത്ര നടത്തുന്നു .അവ ഉറങ്ങുന്നവരുടെ നഖവും തലമുടിയും കരണ്ട് തുടങ്ങി .കുടങ്ങളും , സ്ഫടിക പാത്രങ്ങളും പൊട്ടി തകര്ന്നു .യാദവ ഗ്രിഹങ്ങളിൽ തത്തകൾ വികൃതമായി കരഞ്ഞു .അരയന്നങ്ങൾ കൂമനെപ്പോലെയും , ആടുകൾ കുറുക്കനെപ്പോലെയും ഓരിയിട്ടു .പശുക്കൾ കഴുതകളെയും , പട്ടികൾ പൂച്ചയെയും , എലികൾ കീരികളെയും പ്രസവിച്ചു .കൂടാതെ ധര്മ്മിഷ്ട്ടരായ യാദവന്മാർ മഹാപാപങ്ങൾ പ്രവര്ത്തിച്ചു തുടങ്ങി .പിതൃക്കൾ , ദേവന്മാർ , ബ്രാഹ്മണർ തുടങ്ങിയവരെ നിന്ദിച്ച അവർ , രാക്ഷസന്മാരോട് ചങ്ങാത്തവും രാക്ഷസവൃത്തികളോട് മമതയും ഉള്ളവരായിത്തീര്ന്നു.ഗുരുജനങ്ങളെയും ആദരണീയരെയും അവർ അവഗണിച്ചു .സ്ത്രീകള്ക്ക് പാതിവൃത്യം നഷ്ട്ടപ്പെട്ടു .ഭക്ഷണങ്ങളിൽ കൃമികൾ കാണപ്പെട്ടു .ഭഗവാൻ പാഞ്ചജന്യം മുഴക്കുമ്പോൾ കഴുതകൾ എതിർസ്വരമുണ്ടാക്കി .ത്രയോദേശിയിലും ചതുര്ദെശിയിലും വാവ് പ്രത്യക്ഷപ്പെട്ടു .വെളുംപല്ല് കാട്ടി ആര്ത്തു ചിരിക്കുന്ന ഒരു ഭയങ്കരി , രാത്റിയിൽ തങ്ങളുടെ ഭവനങ്ങളിൽ കടന്നു കുട്ടികളെ പിടിച്ചുകൊണ്ടു പോകുന്നത് യാദവസ്ത്രീകൽ സ്വപ്നത്തിൽ കണ്ടു .കൂടാതെ അഗ്നിഹോത്രാദി ഗ്രിഹങ്ങളിൽ ഘോരമായ കഴുകന്മാർ കയറി യദുക്കളെ കൊത്തി വലിക്കുന്നതും , തങ്ങളുടെ കൊടിയടയാളങ്ങളും മറ്റും രാക്ഷസര് പിടിച്ചെടുക്കുന്നതും അവർ സ്വപ്നത്തിൽ കണ്ടു ഭയന്നു.ഇതിനെല്ലാം പുറമേ , അഗ്നിദേവൻ കൃഷ്ണന് നല്കിയിരുന്ന ചക്റം, ഭഗവാന്റെ പിടിവിട്ടു വാനിലേക്കുയർന്നു.കൃഷ്ണസാരധിയായ ദാരുകൻ കണ്ടുനില്ക്കെ , ഭഗവാന്റെ രഥം കുതിരകൾ വലിച്ചുകൊണ്ടോടി സമുദ്രത്തിനു മീതെ ഉഴന്നു ചുറ്റി .കൃഷ്ണന്റെയും ബാലരാമാന്റെയും ധ്വജങ്ങളിൽ നിന്നും അവയുടെ ദേവതകളായ ഗരുഡനും വൃക്ഷരാജാവും അന്ധര്ധാനം ചെയ്തു .
യാദവനാശം
തിരുത്തുകഇത്തരം ദുർന്നിമിത്തങ്ങൾ കണ്ടു രാമകൃഷ്ണന്മാരും മറ്റു യാദവരും ആപത്തൊഴിയാൻ ഒരു തീര്ഥയാത്ര നടത്തി .ഉപവാസത്തിനായി അവർ പ്രഭാസം എന്ന പുണ്യപ്രദമായ സമുദ്രതീരത്തെത്തി.ഉപവാസത്തിനായി സമുദ്രതീരത്തെത്തിയ യാദവസംഘം , ശ്രീകൃഷ്ണന്റെയും ബാലരാമന്റെയും മുന്നറിയിപ്പുകൾ വകവയ്ക്കാതെ തീറ്റിയും കുടിയും ആട്ടവും പാട്ടുമായിക്കഴിഞ്ഞു . ശ്രീകൃഷ്ണനറിയാതെ ധാരാളം മദ്യവും അവർ കൊണ്ടുവന്നിരുന്നു . ഈ മദ്യകുംഭങ്ങൾ ഭക്ഷണസമയത്തു അവർ തുറക്കുകയും മദ്യം ധാരാളമായി വിളംബി ആട്ടവും പാട്ടുമായിക്കഴിയുകയും ചെയ്തു . ലോകനാഥനായ ഭഗവാൻ കൃഷ്ണൻ തങ്ങളുടെ സംരക്ഷണത്തിനായി ഉണ്ടെന്ന ധൈര്യത്തിൽ അവർ ആരെയും വകവയ്ക്കാതെ കുടിച്ചു കൂത്താടി മറിഞ്ഞു .കൃഷ്ണന്റെ മുന്നിൽ വച്ച് ബലരാമനും സാത്യകിയും പ്രദ്യുമ്നനും അനിരുദ്ധനുമെല്ലാം മദ്യപിച്ചു . ആ സമയം നേരത്തെ അവർ ഉൽപ്പാതങ്ങളിലൂടെ ദർശിച്ചിരുന്ന കാലൻ അവരെ സമീപിക്കുകയായിരുന്നു .ആ സമയം മദ്യലഹരിയിലായിരുന്ന വീര്യവാനായ സാത്യകി ചീറിക്കൊണ്ട് അടുത്തു മദ്യപിച്ചുകൊണ്ടിരുന്ന കൃതവർമ്മാവിനെ ചൂണ്ടിക്കൊണ്ട് ഇങ്ങനെ പറഞ്ഞു . " യുദ്ധശിബിരത്തിൽ ചത്തതുപോലെ ഉറങ്ങിക്കിടന്ന ധൃഷ്ടദ്യുമ്‌നാദികളെ ദ്രോണപുത്രന്റെ സഹായത്തോടെ രാത്രിയിൽ പോയി വെട്ടിക്കൊന്ന നീചനെക്കുറിച്ചു കേട്ടിട്ടുണ്ടോ ? . നിന്റെ ഈ പ്രവൃത്തി യാദവര് ക്ഷമിക്കില്ല കൃതാവര്മാവേ ". ഈ സമയം പ്രദ്യുമ്നൻ അതിനെ അനുകൂലിച്ചു . ഇത് കേട്ടിട്ട് ചാടിയെഴുന്നേറ്റ കൃതവര്മ്മാവ് സാത്യകിയെ ചൂണ്ടി ഇങ്ങനെ പറഞ്ഞു . " യുദ്ധക്കളത്തിൽ അർജ്ജുനന്റെ ബാണത്താൽ കയ്യറ്റ് പ്രായോപവേശം ചെയ്യാനിരുന്ന ഭൂരിശ്രവസ്സിനെ ചതിയാൽ തലയറുത്തവനാണീ സാത്യകി . നീ അത്ര വലിയ വീരനാണെങ്കിൽ ഭൂരിശ്രവസ്സു നിന്നെ എടുത്തെറിഞ്ഞു തലവെട്ടാൻ വാളെടുത്തപ്പോൾ കൊന്നൂടായിരുന്നോ ?. അർജ്ജുനനല്ലേ ഭൂരിശ്രവസ്സിന്റെ കൈവെട്ടിയിട്ട് നിന്നെ രക്ഷിച്ചത് ?. നിന്റെ വാക്കുകൾ നന്നായിട്ടുണ്ട് ".കൃതവര്മ്മാവ് ഭൂരിശ്രവസ്സിനെ കൊന്ന കാര്യം പറഞ്ഞപ്പോൾ , സത്രാജിത്തിനെ സ്യമന്തക രത്നത്തിന് വേണ്ടി കൃതവര്മ്മാവ് വധിക്കാൻ കൂട്ടുനിന്ന കാര്യം സാത്യകിയും പറഞ്ഞു . ഇത് കേട്ടപ്പോൾ കൃഷ്ണപത്നിയായ സത്യഭാമ കരഞ്ഞുകൊണ്ട് കൃഷ്ണന്റെ മടിയിൽ വീണു അദ്ദേഹത്തെ പ്രകോപിപ്പിച്ചു . കൃഷ്ണൻ രൂക്ഷമായി കൃതവർമ്മാവിനെ നോക്കി . കോപത്താൽ വിറച്ച സാത്യകി, വാളെടുത്തു ഒറ്റവെട്ടിനു കൃതവർമ്മാവിന്റെ തല തെറിപ്പിച്ചു .കൃതവർമ്മാവിന്റെ ആൾക്കാർ ഓടിക്കൂടി സാത്യകിയെ നേരിട്ടു . സാത്യകിയെ സഹായിക്കാൻ പ്രദ്യുമ്നനും രംഗത്തെത്തി . യാദവന്മാർ രണ്ടു ചേരികളായിത്തിരിഞ്ഞു യുദ്ധം തുടങ്ങി . അവർ ആയുധങ്ങളെടുത്തു അന്യോന്ന്യം യുദ്ധം ചെയ്തു . അത്തരത്തിൽ ഘോരമായ സംഘട്ടനം യാദവന്മാർ തമ്മിൽ നടന്നു . ആ സംഘട്ടനത്തിൽ വച്ച് പ്രദ്യുമ്നനും സാത്യകിയും കൊല്ലപ്പെട്ടു . കൃഷ്ണന് ഇത് സഹിക്കാനായില്ല . അദ്ദേഹം അടുത്തു വളർന്നു നിന്നിരുന്ന കുറെ എരകപ്പുല്ലുകൾ പറിച്ചെടുത്തു . അതുകൊണ്ടു അടുത്തു നിന്നിരുന്ന യാദവന്മാരെ തല്ലിക്കൊന്നു . ഇതുകണ്ട് മറ്റ് യാദവരും , ഇരകപ്പുല്ലുകൾ പറിച്ചെടുത്തു തല്ലു തുടങ്ങി . ഈ എരകപ്പുല്ലുകൾ അത്യധികം ശക്തവും ഇരുമ്പുലക്ക പോലെ ദൃഢവും , മർത്ത്യരുടെ മസ്തകഭേദിയുമായിരുന്നു . യാദവന്മാർ അതെടുത്തു പരസ്പരം തല്ലിക്കൊന്നു . ഒടുവിൽ ആ രംഗത്തു കൃഷ്ണനും ബലരാമനും ബാഭ്രുവും കൃഷ്ണസാരഥിയായ ദാരികനും മാത്രം ശേഷിച്ചു .
രാമകൃഷ്ണ പ്രയാണം
തിരുത്തുകഈ സമയം കൃഷ്ണജ്യേഷ്ഠനായ ബലരാമൻ ഒരു വൃക്ഷച്ചുവട്ടിൽ ധ്യാനനിരതനായിരിക്കുകയായിരുന്നു .കൃഷ്ണനും ദാരുകനും ബഭ്രുവും അവിടെയെത്തിചേർന്നു .യാദവനാശം അർജുനനെ ധരിപ്പിക്കുവാൻ കൃഷ്ണൻ ദാരുകനെ ഹസ്ഥിനാപുരിയിലേക്ക് അയച്ചു .തുടർന്ന് സ്ത്രീകളെ ആശ്വസിപ്പിക്കാനായി ഭഗവാൻ ബഭ്രുവിനെ കൊട്ടാരത്തിലേക്കു അയച്ചു . എന്നാൽ വഴിയിൽ വച്ച് വേടകൂടത്തിന്റെ അമ്പേറ്റ് ബഭ്രു മരിക്കുന്നതു കൃഷ്ണൻ കണ്ടു . ശേഷം ഭഗവാൻ തന്നെ സ്വയം കൊട്ടാരത്തിൽ ചെന്ന് സ്ത്രീകളെ ആശ്വസിപ്പിക്കുകയും , അര്ജുനൻ വന്നു അവരെ രക്ഷിക്കുമെന്ന് അറിയിക്കുകയും ചെയ്തു .ഉടനെ തന്നെ കൃഷ്ണൻ വസുദേവനോട് യാത്രചോദിച്ചു ബലരാമസമീപമെത്തുന്നു .ആ സമയം ബലരാമന്റെ വായില്ക്കൂടി ഒരു ശ്വേതനാഗം ഇഴഞ്ഞിറങ്ങി സമുദ്രത്തിലൂടെ പാതാളത്തിലേക്ക് പോകുന്നത് ഭഗവാൻ കണ്ടു .ബലരാമന്റെ ആത്മാവായ അനന്തനാഗം , മറ്റു നാഗരാജാക്കന്മാരുടെ പൂജയേറ്റു , സകല സിദ്ധന്മാരാലും സേവിതനായി അനന്തകലയെന്ന സ്വധാമാത്തിലേക്ക് തിരികെപ്പോയി . ഭഗവാൻ വനത്തിലൂടെ നടന്നു .അദ്ദേഹം യോഗത്തെ അവലംബിച്ച് പാദങ്ങൾ ഉയര്ത്തിപ്പിടിച്ചു നിലത്തു ശയിച്ചു .ആ സമയം , കാലചോദിതനായ ജര: എന്ന വേടൻ അമ്പും വില്ലുമായി മൃഗവേട്ടയ്ക്ക് അവിടെയെത്തിച്ചേർന്നു .അവൻ ദൂരെനിന്നും കൃഷ്ണപാദങ്ങൾ ദർശിച്ചു, ഒരു മാൻ എന്ന് തെറ്റിദ്ധരിച്ചു ഭഗവാന്റെ പാദങ്ങളിലേക്കു അസ്ത്രമയച്ചു .അത് ഭഗവാന്റെ കാൽ വെള്ളയിലെ മര്മ്മസ്ഥാനത്തു പതിച്ചു .ഓടിയെത്തിയ വേടൻ അതി ദുഃഖത്തോടെ കരഞ്ഞു കൊണ്ട് ഭഗവാനോട് ക്ഷമിക്കണേ എന്ന് കെഞ്ചി .ഭഗവാൻ അവനെ ആശ്വസിപ്പിച്ച ശേഷം വിഷ്ണുരൂപത്തിൽ വൈകുണ്ഠത്തിലേക്കു യാത്രയായി . അതോടെ ഭൂമിയിൽ കലിയുഗത്തിന്റെ ആരംഭമായി .
അർജ്ജുനൻ ദ്വാരകയിൽ
തിരുത്തുകശ്രീകൃഷ്ണൻ പറഞ്ഞയച്ച ദാരുകൻ ഹസ്തിനപുരത്തിൽ എത്തി കൃഷ്ണ സന്ദേശം അർജ്ജുനനെ അറിയിച്ചു.കൃഷ്ണന്റെ മരണവും യദുനാശവും പാണ്ഡവർ ആദ്യം വിശ്വസിച്ചില്ല . ഭീമൻ പോലും ഭയന്നുപോയി .തന്റെ പുരിയിലെ ജനങ്ങളെ രക്ഷിക്കണമെന്നും ദ്വാരകയെ ഉടൻ സമുദ്രം വിഴുങ്ങുമെന്നും കൃഷ്ണൻ അര്ജുനനോട് പറയാനായി ദാരുകനെ ഏൽപ്പിച്ചിരുന്നു .അര്ജുനൻ ഉടനെ ദ്വാരകയിലേക്ക് യാത്രയായി .വസുദേവരോട് അടുത്ത നടപടിയെ പറ്റി ആലോചിക്കാൻ എത്തിയ അർജ്ജുനനോട് ദീനനായി വസുദേവൻ വിലപിക്കുകയും കൃഷ്ണമഹിമയെപ്പറ്റി പ്രസ്താവിക്കുകയും ചെയ്തു .നിരാലംബരായി വിലപിക്കുന്ന സ്ത്രീജനങ്ങളെ നോക്കി അർജ്ജുനൻ ഇങ്ങനെ പറഞ്ഞു . " ഞാൻ ശേഷിച്ച വൃഷ്ണി -അന്ധക ജനങ്ങളെക്കൂട്ടി ഇന്ദ്രപ്രസ്ഥത്തിലേക്കു പോകുവാൻ തീരുമാനിച്ചിരിക്കുന്നു . ഇന്ദ്രപ്രസ്ഥത്തിൽ നിങ്ങളുടെ രാജാവ് അനിരുദ്ധപുത്രനായ വജ്രനായിരിക്കും . ഇന്നേക്ക് ഏഴാം നാൾ സൂര്യനുദിക്കുമ്പോൾ ഈ ദ്വാരകയെ സമുദ്രം വിഴുങ്ങുന്നതാണ് . അതിനാൽ എത്രയും വേഗം നമുക്കിവിടെനിന്നും പുറപ്പെടണം ".അന്നുരാത്രി അതീവദുഃഖത്തോടെ അർജ്ജുനൻ അവിടെ കഴിച്ചുകൂട്ടി .അതിനടുത്ത ദിവസം കൃഷ്ണപിതാവായ വസുദേവൻ യോഗബലത്താൽ ദേഹം വെടിഞ്ഞു .വസുദേവരുടെ ദേഹം സംസ്ക്കരിക്കപ്പെട്ടു .വസുദേവരുടെ ദേഹത്തെ പുല്കിക്കൊണ്ടു അദ്ദേഹത്തിൻറെ നാല് പത്നിമാരായ രോഹിണി , മദിര , ഭദ്ര , ദേവകീദേവി എന്നിവർ ചിതയിലെരിഞ്ഞു സ്വർഗ്ഗം പൂകി .അർജ്ജുനനും ദാരുകനും ഏറെ തിരച്ചിലിനോടുവിൽ, ബലരാമന്റെ ഭൌതിക ശരീരം ഒരു വൃക്ഷ ച്ചുവട്ടിൽ കണ്ടെത്തി. വീണ്ടും നടത്തിയ തിരച്ചിലിനൊടുവിൽ കൃഷ്ണ ശരീരവും അർജ്ജുനൻ ദർശിച്ചു. ദുഃഖം ഉള്ളിലടക്കി അർജ്ജുനൻ ആ വിശിഷ്ടദേഹങ്ങൾ ദ്വാരകയിൽ എത്തിച്ചു.തുടർന്ന് അർജ്ജുനൻ പ്രഭാസതീരത്തെത്തി മരണപ്പെട്ട യദുക്കൾക്കു ശേഷക്രിയകൾ നിർവ്വഹിക്കുകയും , രാമകൃഷ്ണന്മാരുടെ ശരീരങ്ങൾ ദഹിപ്പിക്കുകയും ചെയ്തു .ബലരാമപത്നിയായ രേവതീദേവി അദ്ദേഹത്തിൻറെ ചിതയിൽ എരിഞ്ഞമർന്നു ഭർതൃലോകം പുൽകി .കൃഷ്ണന്റെ പ്രധാന പത്നിമാരും , മറ്റു ഭാര്യമാരായ 16000 പേരും അർജ്ജുനനോടൊപ്പം ഇന്ദ്രപ്രസ്ഥത്തിലേക്കു യാത്രയായി . ആയുധധാരികളായ യാദവയോദ്ധാക്കളാർ അകമ്പടി സേവിതരായി ഉത്തമഹയങ്ങളെപ്പൂട്ടിയ തേരുകളിൽ സുന്ദരികളായ യദുവംശമഹിളകൾ അർജ്ജുനനോടൊപ്പം ഇന്ദ്രപ്രസ്ഥത്തിലേക്കു യാത്രചെയ്തു . വൻകടൽ പോലെ വിശാലമായ വൃഷ്ണിജനത്തെ രതിശ്രേഷ്ഠനായ അർജ്ജുനൻ നയിച്ചു . യാദവർ വജ്രനെ മുന്നിലാക്കി , മഹാധനങ്ങൾ നിറഞ്ഞ ഭാണ്ഡങ്ങളുമേന്തി അർജ്ജുനനോടൊപ്പം യാത്രചെയ്തു . അവർ പിന്നിടുന്ന ദ്വാരകയുടെ ഭാഗങ്ങളെല്ലാം സമുദ്രം വിഴുങ്ങിക്കൊണ്ടിരുന്നത് അവരെ അത്ഭുതപ്പെടുത്തി . വൃഷ്ണ്യന്ധകർ അർജ്ജുനനോടൊപ്പം ദ്രുതത്തിൽ വാഹനങ്ങളിൽ പാഞ്ഞു . അങ്ങനെ ആ ജനസമൂഹം വിശാലമായ പഞ്ചനദ പ്രദേശത്തെത്തി . മൃഗങ്ങളെയും മറ്റും സ്വതന്ത്രരാക്കി മഹാധനങ്ങൾ നിറഞ്ഞ ഭാണ്ഡക്കെട്ടുകളെല്ലാം ഇറക്കിവച്ചിട്ടു അവർ സുന്ദരമായ ആ പ്രദേശത്തു വിശ്രമിച്ചു . എന്നാൽ ആ പ്രദേശത്തു താമസിച്ചിരുന്ന നീചന്മാരായ ദസ്യുക്കൽ ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു .ഇടയന്മാരായ അവർ വളരെയേറെ ധനവും സുന്ദരികളായ സ്ത്രീകളുമുള്ള ആ മഹാസംഘത്തെ നയിക്കാൻ അർജ്ജുനൻ മാത്രമേയുള്ളൂവെന്നു കണ്ട് സംഘം ചേർന്ന് ഒരു ഗൂഢാലോചന നടത്തി .അവർ ഒത്തുചേർന്നു മുളവടികളുമായി അർജ്ജുനനും സംഘത്തിനും നേരെ ചാടിവീണു . ആക്രമണത്തിൽ നിന്ന് അവരെ രക്ഷിക്കാൻ ശ്രമിച്ച അർജ്ജുനൻ ഗാണ്ഡീവമെടുത്ത് കുലയേറ്റാൻ തുടങ്ങി .പക്ഷെ മുൻപെന്നപോലെ ഗാണ്ഡീവം കുലയേറ്റാൻ അർജ്ജുനന് സാധിച്ചില്ല . വളരെയേറെ ആയാസപ്പെട്ട് ഒരുവിധം ഗാണ്ഡീവത്തിൽ ഞാണു കെട്ടിയെങ്കിലും പഴയതുപോലെ ദിവ്യാസ്ത്രങ്ങളൊന്നും അദ്ദേഹത്തിന് ഓർമ്മവന്നില്ല . മഹാസ്ത്രജ്ഞനായ തനിക്കു നിസ്സാരന്മാരായ ദസ്യുക്കളിൽ നിന്നും യദുസ്ത്രീകളെ രക്ഷിക്കാൻ സാധിക്കാത്തതോർത്തു അർജ്ജുനൻ ലജ്ജിച്ചുഴന്നുപോയി . സ്ത്രീകളെയും ധനത്തെയും കവരുന്ന ദസ്യുക്കളെ തുരത്തുവാൻ തേരും ആനയും കുതിരകളുമുള്ള യാദവയോദ്ധാക്കൾക്കും സാധിച്ചില്ല . ആ തസ്‌ക്കരന്മാർ സ്ത്രീകളെ വലിച്ചിഴച്ചു കൊണ്ടുപോകുന്നത് യാദവയോദ്ധാക്കൾ കണ്ടുനിന്നു. അർജ്ജുനൻ തന്നിലെ സകല കഴിവുമുപയോഗിച്ചു സ്ത്രീകളെ രക്ഷിക്കാനായി ഒരു അവസാനശ്രമം നടത്തി . അദ്ദേഹം അത്യധികം കിണഞ്ഞു ഗാണ്ഡീവത്തിൽ നിന്ന് അസ്ത്രങ്ങൾ പായിച്ചു കുറെ ദസ്യുക്കളെ കൊന്നുവീഴ്ത്തി . പക്ഷെ അപ്പോഴേക്കും അദ്ദേഹത്തിൻറെ അമ്പൊഴിയാത്ത ആവനാഴി ശൂന്യമായതായി കാണപ്പെട്ടു . തന്റെ പരാക്രമത്തിന്റെ സർവ്വസ്വവും നഷ്ടപെട്ട അർജ്ജുനൻ നടുങ്ങിയ ഹൃദയത്തോടെ വളരെ പ്രയത്നിച്ചു വില്ലിന്റെ തണ്ടുകൊണ്ടു കുറെ ദസ്യുക്കളെ തല്ലിക്കൊന്നു . എന്നാൽ ദസ്യുക്കൽ അപ്പോഴേക്കും വളരെയേറെ സ്ത്രീകളെ അപഹരിച്ചിരുന്നു . അർജ്ജുനൻ കണ്ടുനിൽക്കേ ആ ഇടയ്ക്കൊള്ളക്കാർ വിലയേറിയ രത്നങ്ങളും , ധനങ്ങളും , സ്ത്രീകളുമായി കടന്നുകളഞ്ഞു .കൃഷ്ണന്റെ പത്നിമാരായ 16000 പേരിൽ ചിലരും അതിലുണ്ടായിരുന്നു . ഇതുകണ്ട് ഇനി താൻ പൊരുതുന്നില്ലെന്നുറച്ചുകൊണ്ട് ശേഷമുള്ള സ്ത്രീകളേയും യാദവന്മാരെയും കൊണ്ട് അർജ്ജുനൻ യാത്ര തുടർന്നു .ഭോജ നാരികളെ മാർത്തികാവതത്തിലാക്കി കൃതവർമ്മാവിന്റെ പുത്രനെ അവിടത്തെ രാജാവാക്കി . അനാഥകളെയും , ബാലകളെയും ,വൃദ്ധകളേയും ഇന്ദ്രപ്രസ്ഥത്തിലാക്കിയിട്ട് വജ്രനെ യാദവരുടെ അടുത്ത രാജാവാക്കി അഭിഷേകം ചെയ്തു . സരസ്വതീതീരത്തിൽ സാത്യകിയുടെ പുത്രന് അധികാരം നൽകി. ആ സമയം രുക്മിണി , ഹൈമവതി ,ഗാനധാരപുത്രി, ശൈബ്യ, ജാംബവതി എന്നീ കൃഷ്ണപത്നിമാർ അഗ്നിയിൽ ശരീരങ്ങൾ ഹോമിച്ചു വൈകുണ്ഠപ്രാപ്തരായി. സത്യഭാമയും മറ്റു രണ്ടു പത്നിമാരും തപസ്സു ചെയ്യാനായി വനത്തിലേക്ക് യാത്രയായി .ശേഷം ദ്വാരകാവാസികളായ യദുക്കളെ വജ്രന്റെ സംരക്ഷണത്തിലാക്കുകയും അവർക്കാവശ്യമായ ധനം നൽകുകയും ചെയ്തിട്ട് വ്യാസനെ കാണുവാനായി അര്ജുനൻ യാത്രയായി . വ്യാസനെ ദർശിച്ച അര്ജുനൻ , ജീവിതത്തിൽ തനിക്കേറ്റ തോല്വിയെക്കുറിച്ച് പറഞ്ഞു കരഞ്ഞു . വ്യാസൻ എല്ലാം ഈശ്വരഹിതമെന്നു പറഞ്ഞു അർജുനനെ ആശ്വസിപിച്ചു .തുടർന്ന് ദുഖിതനും ശക്തിഹീനനുമായ അർജുനൻ ഹസ്തിനപുരിയിലെത്തി പാണ്ടവരോട് എല്ലാം വിശദീകരിച്ചു . എല്ലാം ഈശ്വരഹിതമെന്നോർത്തു അവർ ആശ്വസിച്ചു .
അവലംബം
തിരുത്തുക