കവിളിന്റെ സമീപത്തിലുള്ള പരോട്ടിഡ് ഗ്രന്ഥികൾ (parotid glands) എന്നു പേരായ ഉമിനീർ ഗ്രസ്ഥികളെ കൂടുതലായി ബാധിക്കുന്ന ഒരു രോഗമാണ് മുണ്ടിനീര് അല്ലെങ്കിൽ മുണ്ടിവീക്കം (ഇംഗ്ലീഷ്:mumps). ലോകമെമ്പാടും കാണപ്പെടുന്ന ഈ രോഗം ഏപ്രിൽ, മേയ് മാസങ്ങളിലാണ് കേരളത്തിൽ കണ്ടുവരുന്നത്[1]. ഒരു പ്രാവശ്യം ഈ രോഗം ബാധിച്ചാൽ വീണ്ടും ഈ രോഗം വരാനുള്ള സാധ്യതകുറവാണെങ്കിലും ഇതുണ്ടാക്കുന്ന അസ്വസ്ഥതയും പാർശ്വഫലങ്ങളും ഈ രോഗത്തെ ഗൗരവമുള്ളതാക്കുന്നു. പക്ഷേ ഈ രോഗം സാധാരണയായി മരണകാരണമാകാറില്ല. മുണ്ടിനീരിന്റെ കാരണക്കാർ മിക്‌സോ വൈറസ് കുടുംബത്തിൽപ്പെട്ട ഒരു തരം വൈറസുകളാണ്. ഉമിനീർ ഗ്രന്ഥികളെ പ്രത്യേകിച്ച് പരോട്ടിഡ് ഗ്രന്ഥികളെ സാധാരണയായി ബാധിക്കുന്ന മുണ്ടിനീര് അപൂർവ്വമായി നാഡിവ്യൂഹത്തെയും ബാധിക്കുന്നതായി കണ്ടു വരുന്നു. ഉമിനീർ ഗ്രന്ഥികളിൽനിന്ന് വായിലേയ്ക്ക് നീളുന്ന ഗ്രന്ഥിനാളികയിൽനിന്നും തലച്ചോറിനെയും സൂഷുമ്‌നാ നാഡിയെയും പൊതിഞ്ഞിരിക്കുന്ന നേരിയ ദ്രാവകമായ സെറിബ്രോ സ്പൈനൽ ഫ്‌ളൂയിഡിൽ നിന്നും ഈ വൈറസിനെ വേർതിരിച്ചെടുക്കാം. രോഗാബധിതരുടെ രക്തം, മൂത്രം, മുലപ്പാൽ എന്നിവയിലും ഈ വൈറസ് കാണപ്പെടുന്നു

മുണ്ടിനീര്
സ്പെഷ്യാലിറ്റിInfectious diseases, പീഡിയാട്രിക്സ് Edit this on Wikidata

രോഗപകർച്ചയും രോഗലക്ഷണങ്ങളും

തിരുത്തുക

രോഗം അധികവും കണ്ടുവരുന്നത് അഞ്ചുവയസ്സിനും പതിനഞ്ചു വയസ്സിനും ഇടയ്ക്കുള്ള കുട്ടികളിലാണ്. അഞ്ചാംപനി (Measles), ചിക്കൻപോക്സ്, വില്ലൻചുമ (Whooping cough അല്ലെങ്കിൽ pertussis) എന്നീ രോഗങ്ങളെ അപേക്ഷിച്ച് മുണ്ടിനീര് കൂടുതൽപേർക്ക് ബാധിക്കുന്നുണ്ടെങ്കിലും രോഗബാധിതരിൽ മുപ്പതു മുതൽ നാല്പതു ശതമാനം പേരിൽ രോഗലക്ഷണങ്ങൾ കണ്ടെന്നുവരില്ല. പ്രായം ചെന്നവരിൽ കുട്ടികളെക്കാൾ കൂടുതൽ ഗൗരവമായി രോഗലക്ഷണങ്ങളും അതിന്റെ പ്രത്യാഘാതങ്ങളും കാണപ്പെടുന്നു..

മുണ്ടിനീര് മറ്റുള്ളവരിലേക്ക് പകരുന്നത് രോഗലക്ഷണങ്ങൾ കാണുന്നതിന് നാലു മുതൽ ആറുദിവസം മുൻപ് മുതൽ രോഗം മാറി ഒരാഴ്ച വരെയുള്ള സമയപരിധിയിലാണ്. അമ്മയിൽനിന്നും രോഗപ്രതിരോധ വസ്തുക്കൾ (Antibodies) മുലപ്പാലിലൂടെ കുഞ്ഞിന് ലഭിക്കുന്നതുകൊണ്ട് ആറുമാസത്തിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങളിൽ ഈ രോഗം കണ്ടുവരുന്നില്ല. ഉമിനീരിൽ കൂടിയോ നേരിട്ടുള്ള സ്പർശനം (Close Contact) വഴിയോ ഈ രോഗം പകരാവുന്നതാണ്. മുണ്ടിനീരിന്റെ ഇൻകുബേഷൻ പീരീഡ് (രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ച് രോഗലക്ഷണങ്ങൾ കാണുന്നതുവരെയുള്ള കാലഘട്ടം) പതിനെട്ട് ദിവസത്തോളമാണ്. സാധാരണയായി ചെവിവേദനയാണ് ഇതിന്റെ പ്രാഥമിക ലക്ഷണം.

രോഗപ്രതിരോധം

തിരുത്തുക

ഇന്ന് രോഗ പ്രതിരോധത്തിന് ഫലപ്രദമായ വാക്‌സിനുകൾ ലഭ്യമാണ്. ഈ കുത്തിവെപ്പ് അഞ്ചാംപനിക്കും റൂബല്ല എന്ന രോഗത്തിനും എതിരായ കുത്തിവെപ്പിനൊപ്പമാണ് സാധാരണയായി നൽകപ്പെടുന്നത്. എം.എം.ആർ. എന്നറിയപ്പെടുന്ന ഈ കുത്തിവെപ്പ് കുട്ടികൾക്ക് ഒന്നരവയസ്സ് പ്രായമാകുമ്പോഴാണ് കൊടുക്കുന്നത്. പക്ഷേ, ഇതിന്റെ പ്രതിരോധശക്തി എത്രകാലത്തോളം നീണ്ടുനിൽക്കുമെന്ന് കൃത്യമായി പറയാനാവില്ല. ഗർഭിണികൾക്കും കാൻസർ രോഗികൾക്കും ഈ വാക്‌സിൻ കൊടുക്കുന്നത് അഭികാമ്യമല്ല.

  1. mumps.emedtv.com
"https://ml.wikipedia.org/w/index.php?title=മുണ്ടിനീര്&oldid=3968721" എന്ന താളിൽനിന്ന് ശേഖരിച്ചത്