മാപ്പിളത്തെയ്യം

(മാപ്പിള തെയ്യങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ഉത്തര കേരളത്തിൽ[1] പ്രത്യേകിച്ചുംകാസർ‌ഗോഡ് ജില്ലയിലെ കിഴക്കൻ ദേശങ്ങളിൽ ആടുന്ന ചില തെയ്യങ്ങൾ മുസ്ലീം സമുദായവുമായി ബന്ധപ്പെട്ടതാണ്‌, ഇവയാണ്‌ മാപ്പിളത്തെയ്യങ്ങൾ (Mappila theyyam).ഹിന്ദു മുസ്ലീം മതവിശ്വാസികൾ പരസ്പരം സഹകരിച്ചാണ് ഈ കലാരൂപം കെട്ടിയാടിക്കുന്നത്. ഈ തെയ്യങ്ങൾ സാധാരണ മുസ്ലീമിന്റെ പ്രേതക്കോലങ്ങളായിട്ടാണ്‌ കാണുന്നത് [2]. മാവിലൻ സമുദായക്കാരാണ്‌ ഇത് കെട്ടിയാടുന്നത്. വിവിധ പേരുകളിൽ അറിയപ്പെടുന്ന ചാമുണ്ഡിതെയ്യവുമായി ബന്ധപ്പെട്ട കഥയാണ്‌ ഈ തെയ്യങ്ങൾക്കുള്ളത്.

ഐതിഹ്യം

തിരുത്തുക

കാസറഗോഡ് ജില്ലയിലെ കമ്പല്ലൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന അതിപുരാതന ജന്മി നായർ തറവാടാണ് കമ്പല്ലൂർ കോട്ടയിൽ തറവാട്. ഏകദേശം 700 വർഷം പഴക്കമുള്ള തറവാടിന്റെ അധീനതയിൽ കുടക് മല മുതൽ പെരുമ്പട്ട (ഇന്നത്തെ കാസറഗോഡ് ) വരെ 15000 ഏക്കർ സ്ഥലമായിരുന്നു ഉണ്ടായിരുന്നത്. അക്കാലത്ത് കൃഷിയിൽ നീനും ലഭിക്കുന്ന ധാന്യങ്ങൾ സൂക്ഷിക്കാൻ വേണ്ടി വലിയൊരു ധാന്യപ്പുരയും തറവാടിനോട് ചേർന്നുണ്ടായിരുന്നു. അന്ന് ആ തറവാടായിരുന്നു സമീപ വാസികൾക്ക് ആശ്രയം. അവിടത്തെ പാടങ്ങളിൽ കൃഷിചെയ്തിരുന്ന ജനങ്ങൾ കുടിയാൻമാരായി താമസിച്ചിരുന്നവരാണ് . തറവാടിന്റെ അധീനതയിലുള്ള പ്രദേശം വനനിബിഡമായിരുന്നു.തറവാട്ടുകാർക്കോ സമീപവാസികൾക്കോ അസുഖം വന്നാൽ വൈദ്യസഹായം ലഭിക്കണമെങ്കിൽ ഏകദേശം മൂന്നുമണിക്കൂറോളം പയ്യന്നൂരിലേക്ക് നടന്നുപോകേണ്ട അവസ്ഥയാണുണ്ടായിരുന്നത് . അതുകൊയ്യുതന്നെ ഈ തറവാട്ടിൽ ഔഷധ സസ്യശേഖരണവും അതിനായി ധാന്യപ്പുരയുടെ മുകളിൽ ഒരു പ്രത്യേക മുറിയുണ്ടായിരുന്നു. ആയതുകൊണ്ടുതന്നെ രോഗബാധിതരുടെ ആശ്രയവും ഈ തറവാടായിരുന്നു. അന്ന് സമ്പന്ന തറവാടായതിനാൽ സമീപവാസികൾക്കും അതിന്റെ ഗുണം ലഭിച്ചിരുന്നു. കോട്ടയിൽ തറവാടിന്റേയും പ്രദേശവാസികളുടേയും രക്ഷകയായിട്ട് തറവാടിനു തൊട്ടരികിലായി ശാന്തസ്വരൂപ മൂർത്തിയായ ഭഗവതിയും ഭഗവതിയുടെ കാര്യകർത്താവ് എന്നനിലയിൽ തറവാടിനേയും പ്രദേശവാസികളേയും സംരക്ഷിച്ചിരുന്നത് കരിംഞ്ചാമുണ്ഡിയായിരുന്നു ശാന്ത സ്വരൂപിണിയായ ഭഗവതി അരുൾച്ചെയ്യുന്ന കാര്യങ്ങൾ നിർവഹിച്ചുതരുന്നത് ചാമുണ്ഡിയാണ്. അതുകൊണ്ടുതന്നെ ആപത്തുകാലത്ത് ഭഗവതിയെ ശരണം പ്രാപിക്കും. അത്തരമൊരു സന്ദർഭത്തിലാണ് മുസ്ലീം മതപ്രചാരത്തിനായി സൈനുദ്ദീനും കൂട്ടരും പുളിങ്ങോട്ടെത്തിയത്. ഇവരെ സ്വീകരിച്ചതും വേണ്ട കാര്യങ്ങൾ ചെയ്തു കൊടുത്തതും കമ്പല്ലൂർ തറവാട്ടിലെ ആളുകളായിരുന്നു. കൂടാതെ മതകർമ്മങ്ങളനുഷ്ടിക്കുന്നതിനായി ഒരു പുരയും നിർമിച്ച് നൽകി . മാംസാഹാരികളായ മുസ്ലീം സന്ദർശകർ മത്സ്യ ബന്ധന്നത്തിനായി പുളിങ്ങോട്ട് പുഴ പാട്ടത്തിനെടുത്തു. പിന്നീട് തറവാട്ടുകാർ തന്നെ പുളിങ്ങോട്ട് പള്ളി നിർമിച്ച് കൊടുക്കുകയും ചെയ്തു. അന്ന് പുളിങ്ങോം പള്ളിയിൽ ഉറൂസ് നടത്തുമ്പോൾ പന്തലിടുന്നതും മറ്റെല്ലാ സഹായം ചെയ്തിരുന്നതും കോട്ടയിൽ തറവാടായിരുന്നു. സുപ്രധാനപരമായ ഒരു കാര്യമാണ് ഉറൂസ് ദിനം കുറിക്കുന്നത്. അന്ന് കോട്ടയിൽ തറവാട്ടിൽ പള്ളിയിലെ ഭാരവാഹികൾ വന്ന് ഉറൂസ് ദിനം കുറിക്കുന്നതിനുമുമ്പ് തറവാട്ടു കാരണവരോട് സമ്മതം ചോദിക്കുമ്പോൾ തറവാടിന്റെ പടിഞ്ഞാറ്റയിൽ നിന്ന് കോട്ടയിലമ്മ നാക്കിലയിൽ മഞ്ഞൾ പ്രസാദം കൊണ്ടുവന്ന് പള്ളിയിലെ ഭാരവാഹികൾക്ക് കൊടുക്കും. ആ പ്രസാദം കയ്യേൽക്കുന്നതോടെ ഉറൂസിന്റെ ദിനം കുറിക്കും. നൂറ്റാണ്ടുകൾക്കുമുന്പ് ആരംഭിച്ച ഈ ആചാരം ഇന്നും തുടരുന്നു.പുളിങ്ങോട്ട് പള്ളിയിലെ കളന്ദൻ മുക്രിയുടെ മരണത്തെ തുടർന്ന് മുക്രി കരിഞ്ചാമുണ്ടിയോടൊപ്പം ദൈവ രൂപം പൂണ്ടു എന്നാണ് ഒരു ഐതിഹ്യം. നർക്കിലക്കാട് മൗവ്വേനി കൂലോത്ത് കെട്ടിയാടുന്ന മാപ്പിളത്തെയ്യം മരം മുറിക്കവേ മരണപ്പെട്ട കോയിമമ്മദ് എന്ന വ്യക്തിയുടെ പ്രേതക്കോലമാണ്‌. വള്ളിമലക്കോട്ടയിലെ കിഴക്കൻ കാവിലെ മരം മുറിക്കരുതെന്ന വിലക്ക് ലംഘിച്ച മമ്മദിനെ മല ചാമുണ്ഡി മരം വീഴ്‌ത്തിക്കൊല്ലുന്നു. തുടർന്ന് മമ്മദിനെ ദൈവക്കരുവാക്കി കൂടെക്കൂട്ടി എന്നാണ്‌ മറ്റൊരു ഐതിഹ്യം. മാപ്പിളത്തെയ്യത്തിന്റെ ഉരിയാട്ടത്തിൽ ഈ സൂചന കാണാം. [2].ഇത്തരത്തിൽ പല തെയ്യങ്ങൾക്കും വ്യത്യസ്ത ഉത്ഭവകഥകളും നിലവിലുണ്ട്.പല തെയ്യങ്ങളുടെയും ഐതിഹ്യങ്ങൾക്കും പ്രദേശികമായി പല വക ഭേദങ്ങളുമുണ്ട്

മാപ്പിളത്തെയ്യം ഇന്ന്

തിരുത്തുക

കാസർഗോട് കമ്പല്ലൂർ ഗ്രാമത്തിലെ കമ്പല്ലൂർ തറവാട്ടിൻ മുറ്റത്ത് ഇന്നും വർഷാവർഷം മാപ്പിളത്തെയ്യത്തെ കെട്ടിയാടിക്കാറുണ്ട്. തറവാട്ടിന്റെ കിഴക്ക് ഭാഗത്തു നിന്നും കരിഞ്ചാമുണ്ടി എഴുന്നള്ളുമ്പോൾ എതിർ ദിശയിൽ നിന്നും കളന്ദൻ മുക്രിയുടെ തെയ്യവും വരുന്നു. നടുവൊടിഞ്ഞ രീതിയിലാണ് കരിഞ്ചാമുണ്ടിയുടെ കോലം കെട്ടിയാടിക്കുന്നത്. കളന്ദൻ മുക്രിത്തെയ്യത്തിനു തോറ്റം പാട്ടുകൾ നിലവിലില്ല. പഴയ കാലത്ത് കളവുകൾ കൂടുതലായി നടന്നിരുന്നതിനാൽ ജനങ്ങൾ കളവു പോയതു വീണ്ടു കിട്ടുന്നതിനായി ഇവിടെ നേർച്ചകൾ പറയും. വെള്ളി കൊണ്ടുള്ള കണ്ണ്, ചെവി, ഞരമ്പ് എന്നിവയാണ്. ബാങ്ക് വിളിയും നിസ്ക്കാരവും മാപ്പിളത്തെയ്യത്തിന്റെ പ്രത്യേകതയാണ്.

പ്രധാന മാപ്പിളത്തെയ്യങ്ങൾ

തിരുത്തുക

മുസ്ലീം ബന്ധമുള്ള തെയ്യങ്ങൾ

തിരുത്തുക
  1. Maulavi, Si En Ahmad (1978). Mahattaya Mappila sahitya paranparyam. Ahammad, Muhammad Abdulkarim ; Kolokkot : vitaranakkar, Asad Bukksttal.
  2. 2.0 2.1 തെയ്യത്തിലെ ജാതിവഴക്കം-ഡോ:സഞ്ജീവൻ അഴീക്കോട്
    പ്രസാധകർ: കറന്റ് ബുക്സ്
    ISBN:81-240-1758-1

പുറം കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=മാപ്പിളത്തെയ്യം&oldid=3689324" എന്ന താളിൽനിന്ന് ശേഖരിച്ചത്