കേരളത്തിലെ കണ്ണൂർ ജില്ലയിലെ മാടായി ഗ്രാമത്തിൽ പഴയങ്ങാടി ടൌണിൽ സ്ഥിതിചെയ്യുന്ന മുസ്‌ലിം പള്ളിയാണ് മാടായി പള്ളി. ചേരമാൻ ജുമാ മസ്ജിദ്, മാലിക് ഇബിൻ ദീനാർ പള്ളി എന്നിവയ്ക്ക് ശേഷം കേരളത്തിൽ പണികഴിപ്പിക്കപ്പെട്ട മൂന്നാമത്തെ മുസ്‌ലിം പള്ളിയാണ് ഇത് എന്ന് കരുതുന്നു. പുരാതനവുമായ ഈ പള്ളി നിർമ്മിച്ചത് മാലിക് ഇബിൻ ദിനാർ ആണെന്നാണ് വിശ്വാസം[1]. ക്രിസ്തുവർഷം 1123-ൽ ആണ് ഈ പള്ളി നിർമ്മിച്ചത് എന്ന് പറയപ്പെടുന്നു[2].

ഈ മോസ്കിലെ ഒരു വെളുത്ത മാർബിൾ പാളി മെക്കയിൽ‍ നിന്നും മാലിക് ഇബിൻ ദിനാർ കൊണ്ടുവന്നത് ആണെന്നാണ് വിശ്വാസം. മുഹമ്മദ് നബിയുടെ ശിഷ്യനായ മാലിക് ഇബിൻ ദിനാർ പ്രവാചകന്റെ വചനം പ്രചരിപ്പിക്കുവാനായി ഇന്ത്യയിൽ എത്തി. ഈ പള്ളി പുനരുദ്ധരിച്ച ഒരു അറബി വിശുദ്ധന്റെ ഖബറും ഈ പള്ളിയോടു ചെർന്നുണ്ട്. കണ്ണൂരിലെ ഒരു പ്രധാന ആകർഷണമാണ് ഈ പള്ളി. കേരളത്തിലെ ഒരു പ്രധാന മുസ്ലീം തീർത്ഥാടന കേന്ദ്രവും കൂടിയാണിത്. പള്ളി പുതുക്കിപ്പണിതുവെങ്കിലും പഴയ പള്ളിയുടെ കല്ലുകൊണ്ടുള്ള മിമ്പർ അടക്കമുള്ള ഭാഗങ്ങൾ പുതുക്കിയ പള്ളിക്കുള്ളിൽ സംരക്ഷിച്ചിട്ടുണ്ട്.

  1. Keralolpatti (The origin of Malabar). Stolz & Reuther. 1868.
  2. കുഞ്ഞൻ പിള്ള, ഇളംകുളം (1963). കേരള ചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകൾ. Sales Department.
"https://ml.wikipedia.org/w/index.php?title=മാടായി_പള്ളി&oldid=3689340" എന്ന താളിൽനിന്ന് ശേഖരിച്ചത്