മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത്
കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിലെ കൂത്തുപറമ്പ് ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത്[1]. ഈ ഗ്രാമപഞ്ചായത്ത് മാങ്ങാട്ടിടം , കണ്ടംകുന്ന് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ ഗ്രാമപഞ്ചായത്ത്, മട്ടന്നൂർ നിയോജക മണ്ഡലത്തിലാണ് ഉൾപ്പെടുന്നത്.
മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
11°51′27″N 75°34′11″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കണ്ണൂർ ജില്ല |
വാർഡുകൾ | കണ്ടേരി, മെരുവമ്പായി, വട്ടിപ്രം, നീർവ്വേലി, ആയിത്തര, കണ്ടംകുന്നു്, കൈതേരി 11-ാം മൈല്‍, രാമപുരം, മമ്പറം, കൈതേരി 12-ാം മൈല്‍, അയ്യപ്പൻതോട്, ആമ്പിലാട്, കരിയിൽ, കുറുമ്പുക്കൽ, മാങ്ങാട്ടിടം, വെള്ളപ്പന്തൽ, കിരാച്ചി, ശങ്കരനെല്ലൂർ, കോയിലോട് |
ജനസംഖ്യ | |
ജനസംഖ്യ | 29,766 (2001) ![]() |
പുരുഷന്മാർ | • 14,492 (2001) ![]() |
സ്ത്രീകൾ | • 15,274 (2001) ![]() |
സാക്ഷരത നിരക്ക് | 92.79 ശതമാനം (2001) ![]() |
കോഡുകൾ | |
തപാൽ | • |
LGD | • 221209 |
LSG | • G130904 |
SEC | • G13059 |
![]() |
ഗ്രാമ പഞ്ചായത്ത് വാർഡുകൾ തിരുത്തുക
സി.പി.ഐ(എം)-ലെ പ്രസീത ആണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിൽ 18 വാർഡുകളാണുള്ളത്. [2]
- വട്ടിപ്രം
- കണ്ടേരി
- മെരുവമ്പായി
- കണ്ടംകുന്ന്
- നീർവേലി
- ആയിത്തറ
- മമ്പറം
- കൈതേരി 12-ആം മൈൽ
- കൈതേരി 11-ആം മൈൽ
- രാമപുരം
- കരിയിൽ
- കുറുമ്പക്കൽ
- അയ്യപ്പൻതോട്
- ആമ്പിലാട്
- മാങ്ങാട്ടിടം
- ശങ്കരനെല്ലൂർ
- കോയിലോട്
- കീരാച്ചി
ഭൂമിശാസ്ത്രം തിരുത്തുക
അതിരുകൾ തിരുത്തുക
- വടക്ക്:മട്ടന്നൂർ,മാലൂർ, വേങ്ങാട്
- പടിഞ്ഞാറ്:വേങ്ങാട്
- തെക്ക്: കൂത്തുപറമ്പ്, കോട്ടയം, ചിറ്റാരിപ്പറമ്പ്,
- കിഴക്ക്: മാലൂർ, ചിറ്റാരിപ്പറമ്പ്,
ഭൂപ്രകൃതി തിരുത്തുക
ഭൂപ്രകൃതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്തിനെ ഉയർന്ന കുന്നിൻ പ്രദേശം, കുന്നിൻ ചരിവുകൾ, താഴ്‌വരയിലെ വയലുകൾ എന്നിങ്ങനെ മൂന്നാക്കി തരം തിരിക്കാവുന്നതാണ്.
ജലപ്രകൃതി തിരുത്തുക
പഞ്ചായത്തിന്റെ വടക്കുഭാഗത്തുകൂടി ഒഴുകുന്ന അഞ്ചരക്കണ്ടി പുഴയും പഞ്ചായത്തിനുള്ളിലൂടെ ഒഴുകുന്ന അയ്യപ്പൻ തോട്, കൈതേരി തോടു എന്നിവയുമാണ് ഈ പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സുകൾ. പഴശ്ശി ജലസേചനപദ്ധതിയുടെ കനാലുകൾ ഈ പഞ്ചായത്തിലൂടെ കടന്നുപോകുന്നു.
സ്ഥിതിവിവരക്കണക്കുകൾ തിരുത്തുക
വിസ്തീർണ്ണം(ച.കി.മി) | വാർഡുകൾ | ആകെ ജനസംഖ്യ | ആകെ പുരുഷന്മാർ | ആകെ സ്ത്രീകൾ | ജനസാന്ദ്രത | സ്ത്രീ പുരുഷ അനുപാതം | ആകെ സാക്ഷരത | സാക്ഷരരായ പുരുഷന്മാർ | സാക്ഷരരായ സ്ത്രീകൾ |
---|---|---|---|---|---|---|---|---|---|
33.31 | 18 | 29766 | 14492 | 15274 | 894 | 1054 | 92.79 | 96.94 | 88.88 |
മുൻ പ്രസിഡന്റുമാർ തിരുത്തുക
ക്രമനമ്പർ | മുൻ പ്രസിഡന്റുമാരുടെ പേര് | കാലാവധി |
---|---|---|
1 | പി.സി.കുഞ്ഞിരാമൻ നമ്പ്യാർ | 1963-79 |
2 | ഓടങ്കിഅച്ചുതൻ | 1979-84 |
3 | ടി.ബാലൻ | 1988-2000 |
4 | എം.കെ.സുധീർ കുമാർ | 2000-05 |
5 | എ.വസന്ത | 2005-10 |
ചരിത്രം തിരുത്തുക
സാമൂഹ്യസാംസ്കാരികചരിത്രം തിരുത്തുക
ബ്രിട്ടീഷ് ഭരണകാലത്ത് പഴയ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാറിലുൾപ്പെട്ട കോട്ടയം നാട്ടുരാജ്യത്തിനകത്തെ ഒരുൾനാടൻ ഗ്രാമമായിരുന്നു മാങ്ങാട്ടിടം. പഴശ്ശിയുടെ പോരാട്ടചരിത്രവുമായി ഈ ഗ്രാമത്തിന്റെ ചരിത്രവും ബന്ധപ്പെട്ടുകിടക്കുന്നു. ആട്ടക്കഥാസാഹിത്യരംഗത്തെ പ്രതിഭയായിരുന്ന കോട്ടയത്തു തമ്പുരാൻ കോട്ടയം രജകുടുംബത്തിലെ അംഗമായിരുന്നു. പഴശ്ശിരാജാവിനെയും സേനാനായകൻമാരിൽ പ്രധാനികളായിരുന്ന എടച്ചേരി കുങ്കനെയും, കൈതേരി അമ്പുവിനെയും അമ്പുവിന്റെ സഹോദരിയും, പഴശ്ശിരാജാവിന്റെ കാമുകിയുമായിരുന്ന കൈതേരി മാക്കത്തെയും കുറിച്ചുള്ള ചരിത്രം പാട്ടുകളുടെ രൂപത്തിൽ പണ്ടുമുതൽതന്നെ ഇവിടെ പ്രചാരത്തിലുണ്ട്. പഴശ്ശിരാജാവ് തന്റെ കാമുകിയായ മാക്കവുമായി കൈതേരിയിൽ ഒളിവിൽ കഴിഞ്ഞതിനെക്കുറിച്ചുള്ള നിറം പിടിപ്പിച്ച വർണ്ണനകൾ സർദാർ കെ.എം.പണിക്കരുടെ പഴശ്ശിരാജാ എന്ന ചരിത്രനോവലിൽ കാണുന്നുണ്ട്. കുറ്റ വിചാരണയും ശിക്ഷാവിധിയും കൈതേരിയിൽ വച്ച് നടന്നിരുന്നുവത്രെ. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുറ്റവാളികളെ കഴുതപ്പുറത്തേറ്റി ഉരുവച്ചാലിൽ കൊണ്ടുവന്നു ശിക്ഷ നടപ്പാക്കിയിരുന്നു. വിധി നടത്തുന്നിടത്ത് എത്തുന്നതിനു മുമ്പ് കുറ്റവാളികൾ ഉരുകിച്ചാകും എന്ന അർത്ഥത്തിൽ വിധി നടത്തപ്പെടുന്ന സ്ഥലത്തിനെ ഉരുകിച്ചാകൽ എന്നു പറഞ്ഞിരുന്നു. ആ ഉരുകിച്ചാകലാണത്രെ പിൽക്കാലത്ത് ഉരുവച്ചാൽ ആയി മാറിയത്. പഴശ്ശിരാജാവിന്റെ കാലശേഷം കോട്ടയം പൂർണ്ണമായും ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ നേരിട്ടുള്ള ഭരണത്തിൻകീഴിലായി. മാങ്ങാട്ടിടം മുൻകാലത്ത് പടുവിലായി അംശ(വില്ലേജ്)ത്തിന്റെ ഒരു ഭാഗമായിരുന്നു. 1930-ൽ റീസർവ്വെ നടന്നപ്പോഴാണ് മാങ്ങാട്ടിടം ഒരു സ്വതന്ത്ര വില്ലേജായി മാറിയത്. മാങ്ങാട്ടിടം വില്ലേജും കണ്ടുംകുന്ന് വില്ലേജും കൂടിചേർന്ന പ്രദേശമാണ് മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത്. ആദ്യകാല ജനതയെ അടിസ്ഥാനപരമായി രണ്ടായി തരം തിരിക്കാം. ജന്മികളായ കുറേ സവർണ്ണ കുടുംബങ്ങളും കാർഷികവൃത്തിയും മറ്റു കൈത്തൊഴിലുകളും ഉപജീവനമായി സ്വീകരിച്ച പിന്നാക്ക വിഭാഗങ്ങളും ചേർന്നതായിരുന്നു ഇവിടുത്തെ ഗ്രാമനിവാസികൾ. നാടൻ കലാരൂപങ്ങളും തെയ്യങ്ങളും കെട്ടിയാടി ഉപജീവനം നടത്തിവന്ന അടിയാളരും സമൂഹത്തിന്റെ ഒരു ഘടകമായിരുന്നു. അങ്ങിങ്ങായി കാണുന്ന ക്ഷേത്രങ്ങളും കാവുകളും സമൂഹത്തിൽ ഐക്യം ഊട്ടിയുറപ്പിക്കുന്നതിൽ നിർണ്ണായക സ്വാധീനം ചെലുത്തിയിരുന്നു. നമ്പൂതിരി ഇല്ലങ്ങൾ ധാരാളമായി നിലനിന്നിരുന്ന ചില പ്രദേശങ്ങൾ പഞ്ചായത്തിലുണ്ടായിരുന്നു. ഈ പഞ്ചായത്തിലെ ഭൂമി മുഴുവൻ പണ്ടുകാലത്ത്, രണ്ടുപുറ തറവാട്, പടുവിലാൻ, ചന്ത്രോത്ത്, തുടങ്ങിയ ഏതാനും ജന്മിതറവാടുകളുടെ അധീനതയിലായിരുന്നു. ജാതിസമ്പ്രദായം മറ്റെവിടെയുമെന്നപോലെ ഈ പഞ്ചായത്തിൽപെട്ട പ്രദേശത്തും അതിന്റെ മുഴുവൻ ഭീകരതയോടും കൂടി നിലനിന്നിരുന്നു. തൊട്ടുകൂടായ്മയുടെയും തീണ്ടിക്കൂടായ്മയുടെയും ഭീതിപ്പെടുത്തുന്ന ഓർമ്മകൾ ഇന്നും ഇവിടുത്തെ പഴമനസ്സുകളിൽ നിന്നും തീർത്തും മാഞ്ഞുപോയിട്ടില്ല. അക്കാലത്ത് കീഴാളസ്ത്രീകൾക്ക് മാറു മറയ്ക്കാനുള്ള സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ടിരുന്നു. 1892-ൽ സ്ഥാപിതമായ മാങ്ങാട്ടിടം എൽ.പി.സ്കൂളാണ് വിദ്യാഭ്യാസരംഗത്ത് പഞ്ചായത്തിലുണ്ടായ ആദ്യത്തെ സംരംഭം. മാങ്ങാട്ടിടം എലിമെന്ററി സ്ക്കൂൾ എന്നായിരുന്നു ഇതിന്റെ ആദ്യത്തെ പേര്. നാടാകെ ദേശീയപ്രസ്ഥാനത്തിന്റെ പ്രക്ഷോഭങ്ങളുടെ ഭാഗമായി ഉരുകിതിളച്ചപ്പോൾ അതിന്റെ അലയൊലികൾ ഈ പ്രദേശത്തും വീശിയടിച്ചു. ഈ പഞ്ചായത്തിൽ നിന്നും സ്വാതന്ത്യ്ര സമരപ്രവർത്തനങ്ങളിൽ പങ്കെടുത്ത നിരവധി പേരുണ്ട്. വി.എം.കുഞ്ഞിരാമൻ നമ്പ്യാർ, വയലാളി കുഞ്ഞിരാമൻ, സി.കെ.മമ്മദ്, കല്ലായി കുമാരൻ എന്നിവർ അക്കൂട്ടത്തിൽ പ്രമുഖരാണ്. 1940-കളുടെ ആദ്യ നാളുകളിൽ എ.കെ.ജിയുടെ പ്രവർത്തനങ്ങൾ മാങ്ങാട്ടിടം പ്രദേശത്തെ ജനങ്ങളിൽ പ്രബുദ്ധമായ രാഷ്ട്രീയ ബോധത്തിന്റെ വെളിച്ചം തെളിയിക്കുവാൻ പ്രേരകമായി. എ.കെ.ജിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ ഭാഗമായി തക്ളിയിൽ നൂൽനൂറ്റു കൊണ്ടുള്ള യാത്രയും, വറുതിയുടെ ഭീകരരൂപം വിളിച്ചോതിക്കൊണ്ടുള്ള പട്ടിണി ജാഥയുടെ പ്രചരണപര്യടനവും മാങ്ങാട്ടിടത്തെ ദേശീയപ്രസ്ഥാനത്തിന്റെ ധാരയിലേക്ക് കൊണ്ടുവന്ന സംഭവങ്ങളായിരുന്നു. സുഭാഷ് ചന്ദ്രബോസിനോടൊപ്പം ഐ.എൻ.എ. സേനയിൽ സേവനമനുഷ്ഠിച്ച വ്യക്തിയായിരുന്നു ക്യാപ്റ്റൻ നെല്ലിക്ക അച്ച്യുതൻ. കൂടാതെ സ്വാതന്ത്യ്രസമര പോരാളികളായ ഒ.കരുണാകരൻ നമ്പ്യാർ, കമ്മാരൻ നമ്പ്യാർ എന്നിവരും ഇവിടെ നിന്നുള്ളവരായിരുന്നു. ഹിന്ദി ഭാഷാപഠനവും, ഗ്രന്ഥശാലാ പ്രവർത്തനങ്ങളും വയോജനവിദ്യാഭ്യാസ പ്രവർത്തനങ്ങളും അയിത്തോച്ചാടന പ്രവർത്തനങ്ങളും മദ്യനിരോധനത്തോടനുബന്ധിച്ചുള്ള കള്ളുഷാപ്പ് പിക്കറ്റിങ്ങും ഇവിടെ നടന്നിട്ടുണ്ട്. പഞ്ചായത്തിലെ പല സ്ഥലനാമങ്ങളുടെയും പിന്നിലുള്ള കഥകൾ ചരിത്രപരവും കൌതുകകരവുമാണ്. ശങ്കരനെല്ലൂർ എന്ന സ്ഥലത്തിന് ആ പേരു ലഭിച്ചത്, ശങ്കരന്റെ നല്ല ഊര് (ശിവക്ഷേത്രങ്ങളുള്ള നല്ല സ്ഥലം) ആയതിനാലാണത്രെ. അമ്പലങ്ങളുടെ നാടായിരിക്കാം ആമ്പിലാട് ആയിമാറിയത്. കുഞ്ഞല്ലൂർ അമ്പലം, കണ്ണഞ്ചാൻ അമ്പലം, മുല്ലപ്പളളി അമ്പലം, അമ്പലപ്പറമ്പ് എന്നിവയുടെ സാന്നിധ്യം മേൽപ്പറഞ്ഞ വാദത്തെ സാധൂകരിക്കുന്നു. പൂനത്തിൽ ഇല്ലം, ഏറോത്തില്ലം, കല്ലറ ഇല്ലം, മൊടത്തേടത്തില്ലം മുതലായ ഇല്ലപ്പേരുകൾ ഇവിടെ ഇപ്പോഴുമുണ്ട്. കൃഷ്ണഗാഥാകർത്താവായ ചെറുശ്ശേരിയുമായി ബന്ധപ്പെടുത്തി പറഞ്ഞുകേൾക്കുന്ന പൂനത്തിൽ ഇല്ലം, മുകളിൽ പരാമർശിച്ച പുനത്തിൽ ഇല്ലം തന്നെയാണെന്ന് പറയപ്പെടുന്നു. കഷ്ണം കഷ്ണമായി കുന്നുകൾ കാണപ്പെടുന്നതുകൊണ്ടാണ് കണ്ടംകുന്നിന് ആ പേരു ലഭിച്ചത്. ചുറ്റുപാടും താഴ്ന്ന സ്ഥലങ്ങളും മധ്യത്തിൽ വട്ടി കമഴ്ത്തിയതും ഉയർന്നുനിൽക്കുന്നതുമായ സ്ഥലമെന്ന നിലയ്ക്കുമാണ് വട്ടപ്രം (വട്ടിപ്പുറം) എന്ന സ്ഥലപ്പേരുണ്ടായത് എന്ന് വിശ്വസിക്കപ്പെടുന്നു. പഴയ കാലത്ത് ജാതിവ്യവസ്ഥയും അയിത്തവും ഒക്കെയുണ്ടായിരുന്ന ഈ പ്രദേശത്ത്, പിൽക്കാലത്ത് വളർച്ചയുടെ നാളുകളിൽ വിവിധ ജാതി മതസ്ഥരായ ആളുകൾ തമ്മിൽ സാഹോദര്യത്തോടെ കഴിഞ്ഞുവന്നു. മതമൈത്രി എന്നും നിലനിന്നങ്കിലും 1970 കാലത്ത് തലശ്ശേരി കേന്ദ്രമായി പൊട്ടിപ്പുറപ്പെട്ട വർഗ്ഗീയലഹളയിൽ സമാധാനം പുന:സ്ഥാപിക്കാനുള്ള ശ്രമത്തിനിടയിൽ യു.കെ.കുഞ്ഞിരാമന് ജീവത്യാഗം ചെയ്യേണ്ടിവന്നു. ഇവിടെ അംഗൻവാടികളും, പ്രീപ്രൈമറി സ്ഥാപനങ്ങളും ഉൾപ്പെടെ പ്രൈമറി തലം മുതൽ കോളേജുതലം വരെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. മുപ്പതിൽ അധികം വായനശാലകൾ പഞ്ചായത്തിൽ പ്രവർത്തിക്കുന്നുണ്ട്. ലോക്കൽ അതോറിറ്റിയുടെ കീഴിലുള്ള ഓണക്കൻ ഗുരുക്കൾ സ്്മാരകവായനശാല ആന്റ് ഗ്രന്ഥാലയം, സ്വാതന്ത്യ്ര സമരകാലഘട്ടത്തിൽ സ്ഥാപിക്കപ്പെട്ട ദേശബന്ധു വായനശാല, കൈതച്ചാൽ അജയ വായനശാല ആന്റ് ഗ്രന്ഥാലയം, രചന വായനശാല ആന്റ് ഗ്രന്ഥാലയം, മമ്പ്രം ഗ്രാമദീപം വായനശാല, ആയിത്തറ അച്യുതൻ സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയം, കൈതേരി യുവജന വായനശാല എന്നിവ ഈ രംഗത്തെ പ്രധാന സ്ഥാപനങ്ങളാണ്. [4]. 1964-ൽ സ്ഥാപിക്കപ്പെട്ട നിർമ്മലഗിരി കോളേജ് ആണ് പ്രധാന ഉന്നതവിദ്യാഭ്യാസസ്ഥാപനം.
ഗതാഗതം തിരുത്തുക
തലശ്ശേരി-കൂർഗ് റോഡ് ഈ പഞ്ചായത്തിലൂടെയാണ് കടന്നുപോകുന്നത്.
ഇതും കാണുക തിരുത്തുക
അവലംബം തിരുത്തുക
- ↑ "കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത്". മൂലതാളിൽ നിന്നും 2014-12-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-06-12.
- ↑ കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ വാർഡുകൾ
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2015-04-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-06-12.
- ↑ കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിന്റെ ചരിത്രം