മഹാനായ അന്ത്യോക്കസ് III
'സെലൂസിദ് വംശത്തിലെ' (ബി.സി. 312-64) പ്രസിദ്ധനായ രാജാവായിരുന്നു അന്ത്യോക്കസ് III (ബി.സി. 242-187) .മഹാനായ അന്ത്യോക്കസ് (ഭ.കാ. 223-187) എന്ന പേരിൽ ഇദ്ദേഹം ചരിത്രത്തിൽ അറിയപ്പെടുന്നു. അന്ത്യോക്കസ് II-ആമന്റെ അനന്തരവനായിരുന്നു ഇദ്ദേഹം. മൊളോൺ (Molon)[1] അക്കേയസ് (Achaeus)[2] എന്നിവരുടെ ആക്രമണങ്ങളെ ഇദ്ദേഹം ചെറുത്തുനിന്നു. എങ്കിലും റാഫിയയിൽവച്ച് ഈജിപ്ഷ്യൻ സൈന്യം ഇദ്ദേഹത്തെ തോല്പിച്ചു (217).
നിരന്തര യുദ്ധം
തിരുത്തുകബി.സി. 212 മുതൽ 205 വരെ അന്ത്യോക്കസ് III പാർത്തിയൻമാർ, ബാക്ട്രിയൻമാർ എന്നിവരുമായി നിരന്തരം യുദ്ധത്തിലേർപ്പെട്ടു. തന്നെ മുൻപ് തോല്പിച്ച (217) ഈജിപ്തുകാരോട് പ്രതികാരം ചെയ്യാൻ അന്ത്യോക്കസ് III തീരുമാനിച്ചു. വമ്പിച്ച സൈന്യവുമായി 198-ൽ അദ്ദേഹം ഈജിപ്ഷ്യൻ സൈന്യത്തോടേറ്റുമുട്ടി; അവരെ തോല്പിച്ചു. പലസ്തീൻ, കൊയിലെ-സിറിയ എന്നീ രാജ്യങ്ങൾ സെലൂസിദ് സാമ്രാജ്യത്തോട് കൂട്ടിച്ചേർത്തു. ഇതോടുകൂടി നഷ്ടപ്പെട്ട സെലൂസിദ് സാമ്രാജ്യഭാഗങ്ങൾ മുഴുവൻ ഇദ്ദേഹം തിരിച്ചുപിടിച്ചു. വിശ്രുതനായിരുന്ന ഹാനിബാൾ (247-183) ഇദ്ദേഹത്തിന്റെ കീഴിൽ അഭയാർഥിയായി കഴിച്ചുകൂട്ടിയിട്ടുണ്ട്. 192-ൽ അന്ത്യോക്കസ് III-ആമൻ വീണ്ടും ആക്രമണം ആരംഭിച്ചു. ഈറ്റോലിയൻ ലീഗി(Aetolian League)ന്റെ[3] ക്ഷണപ്രകാരം ഇദ്ദേഹം ഗ്രീസിൽ കൂടി റോമിന്ന് അഭിമുഖമായി നീങ്ങി. റോമാക്കാർ പിൻവാങ്ങാൻ അഭ്യർഥിച്ചെങ്കിലും അന്ത്യോക്കസ് III-ആമൻ അതു വകവയ്ക്കാതെ മുന്നോട്ടു നീങ്ങി. തത്ഫലമായി റോമൻ സൈന്യം അന്ത്യോക്കസ് III-ആമനെ തെർമോപെലെ യുദ്ധത്തിൽ തോല്പിച്ചു. അടുത്ത വർഷം തന്നെ റോമൻ സൈന്യമേധാവിയായിരുന്ന എൽസിപ്പിയോ ഏഷ്യാമൈനറിലെ മഗ്നീഷ്യയിൽവച്ച് വീണ്ടും അന്ത്യോക്കസിനെ പരാജയപ്പെടുത്തി. ഈ രണ്ടു പരാജയങ്ങളെ തുടർന്ന് അന്ത്യോക്കസ് സന്ധിക്കപേക്ഷിച്ചു. സന്ധിവ്യവസ്ഥപ്രകാരം ഇദ്ദേഹത്തിന് തന്റെ സൈന്യവും ടോറസിന് പടിഞ്ഞാറുള്ള ഭാഗവും നഷ്ടപ്പെട്ടു. റോമാക്കാർക്ക് നഷ്ടപരിഹാരം കൊടുക്കാൻ ഇദ്ദേഹം എലിമെയിസ് ക്ഷേത്രം കൊള്ളയടിച്ചു. ഈ അവസരത്തിൽ (ബി.സി. 187) അന്ത്യോക്കസ് വധിക്കപ്പെട്ടു. സെലൂസിദ് വംശത്തിന്റെ സുവർണകാലവും അധഃപതനത്തിന്റെ ആരംഭവും ഇദ്ദേഹത്തിന്റെ കാലത്തായിരുന്നു.
അവലംബം
തിരുത്തുക- ↑ http://www.molonlabe.com/MLstory.html Archived 2012-06-21 at the Wayback Machine. King Leonidas of Sparta and another Greek city-state agreed to help stop the invading Persians, and marched with 300 hand-picked troops to Thermopylae on the north coast of Greece
- ↑ http://www.mythindex.com/greek-mythology/A/Achaeus.html Archived 2010-07-31 at the Wayback Machine. ACHAEUS
- ↑ http://www.britannica.com/EBchecked/topic/7644/Aetolian-League Aetolian League, federal state or “sympolity” of Aetolia, in ancient Greece.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- http://www.livius.org/am-ao/antiochus/antiochus_iii.html Archived 2011-05-14 at the Wayback Machine.
- http://www.jewishencyclopedia.com/articles/1588-antiochus-iii-the-great
- http://www.infoplease.com/ce6/people/A0804253.html
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അന്ത്യോക്കസ് (അന്റിയോക്കസ്) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |